നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീർവലയങ്ങൾ. ( ചെറുകഥ )

Image may contain: 1 person, smiling, eyeglasses and outdoor

.............................
ആറ് മുപ്പതിന്റെ ബസും പോയിക്കഴിഞ്ഞപ്പോഴാണ്, രാമൻ നായർ എന്ന രാമേട്ടന്റെ മനസ്സിലേക്ക് ആധി കയറാൻ തുടങ്ങിയത്.
അതുവരെയും പ്രതീക്ഷയായിരുന്നു. ഈ ബസ്സിൽ എന്തായാലും അവള് വരും.
അതോർത്തുകൊണ്ട് തന്നെയാണ് അതുവരെ അവിടെ കൂടിയിരുന്ന നാട്ടുകാരോടും സുഹൃത്തുക്കളോടും സന്തോഷപൂർവ്വം പല പല നാട്ടു വിശേഷങ്ങൾ പറഞ്ഞോണ്ടിരുന്നതും.
ഇടയ്ക്ക് ലാസർ തന്റെ പഴയ കാമുകിയെയും ഭർത്താവിനെയും കണ്ട കഥ പറഞ്ഞപ്പോൾ ഒരുമിച്ചു പഠിച്ചവരായ സുകുമാരനും മത്തായിയും ലാസറെ കളിയാക്കാൻ കൂടിയ കൂട്ടത്തിൽ രാമേട്ടനും കൂടിയത്.
മത്തായി പറയുകയും ചെയ്തു.
"അവളെ സമ്മതിക്കണം. കെട്ട്യോനോട് പോലും അവൾ ലാസറെ കുറിച്ച് പറഞ്ഞിരിക്കുന്നു".
അതല്ലേ ലാസറെ കണ്ടപ്പോ,
നിങ്ങൾക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ഞാൻ മാറിത്തരാം, എന്നവൾടെ കെട്ട്യോൻ പറഞ്ഞത്.
ഈ പൊട്ടൻ നിന്ന് പരുങ്ങിയതല്ലാതെ, ഇവൻ മിണ്ടുവോ?
മത്തായീടെ ചോദ്യത്തിന് സുകുമാരനാണ് മറുപടി പറഞ്ഞത്.
മത്തായി ആണേൽ പണ്ട് ചോദിച്ച ആ ഉമ്മ ഇപ്പൊ തരുവോന്നു ചോദിച്ചേനെ അല്ലേ?
എല്ലാവരുടേം പൊട്ടിച്ചിരിയില് മത്തായീടെ ഡയലോഗും മോശല്ലാർന്നു.
"ആർക്കു വേണം ആ കെളവീടെ ഉമ്മ".
ഇവൻ ഇപ്പോഴും ആ പതിനാറുകാരനല്ലേ. തലയില് മുടിയും ഇല്ല. വായിൽ പല്ലും ഇല്ല.
ലാസറും ഒട്ടും കുറച്ചില്ല.
അത് കുറച്ചു നേരത്തേക്ക് ഒരു കൂട്ടച്ചിരിക്ക് വകയായിരുന്നു.
അതിനൊപ്പം അതിനോട് ചേർന്നുള്ള കുറെ മധുരസ്മരണകളും.!
ഒരു കുടിയേറ്റക്കാരനാണെന്ന് രാമേട്ടന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. അതാണീ നാടിൻറെ നന്മയെന്ന് ഇവിടെ വന്ന കാലം മുതൽ രാമേട്ടന് അറിയുകയും ചെയ്യാം.
............................................................
ഇപ്പോൾ എല്ലാവരും പോയിരിക്കുന്നു. ആറരയുടെ ബസ്സും. രാമേട്ടന് ചെറുതായി വെപ്രാളം തോന്നി തുടങ്ങി. "ദാഹം, പരവേശം, അസ്വസ്ഥകൾ."
അവിടെയുള്ള കല്ലത്താണിയിൽ ചാരി കുറച്ചു നേരം നിന്നു. അടുത്ത ബസ് ഇനി അര മണിക്കൂർ കഴിഞ്ഞാണ്.
ആ അര മണിക്കൂറും കല്ലത്താണിയിൽ ചാരി ബസ്സ് വരുന്നതും നോക്കി തന്നെ നിന്നു രാമേട്ടൻ. സമയം ഏഴു മണി കഴിഞ്ഞിരിക്കുന്നു. ഏഴുമണിയുടെ ബസ്സും ഇതുവരെയും എത്തിയിട്ടില്ല. എന്തുപറ്റിയോ ആവോ.? അല്ലെങ്കിലും അവസാന ബസ്സ് ആയതോണ്ട് ചിലപ്പോ വൈകാറുണ്ട്. എങ്കിലും ഒരു സമാധാനവും കിട്ടുന്നില്ല. ബസ്സ് സ്റ്റോപ്പ് വിജനമായി തുടങ്ങി. പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ ആ ബസ്റ്റോപ്പിൽ രാമേട്ടൻ മാത്രമായി.
നിന്നു നിന്നു ശ്വാസം മുട്ടി തുടങ്ങിയപ്പോൾ, അവിടെയുള്ള സിമന്റ് ബെഞ്ചിലേക്കിരുന്നു. വീട്ടിൽ പോയി തിരിച്ചു വരാനുള്ള ധൈര്യവും ഇല്ലായിരുന്നു. അല്ലെങ്കിൽ തന്നെ അവളെ കൂടെ ആധി പിടിപ്പിച്ചിട്ടെന്തു കാര്യം. പോയ സമയത്തെങ്ങാനും ബസ്സ് വന്നെങ്കിലോ.?
എന്നിങ്ങനെ വിവിധ ചിന്തകളോടെ രാമേട്ടൻ അവിടെത്തന്നെയിരുന്നു.
"ആ കുഞ്ഞിക്കൈ വിടാതെ എപ്പോഴും ചേർത്തു പിടിച്ചു നടന്നൊരു പൂരപ്പറമ്പായിരുന്നു രാമേട്ടന്റെ മനസ്സിലപ്പോൾ. കുപ്പിവളകളും, പാദസര കിലുക്കവും നിറഞ്ഞു നിന്നൊരു കുഞ്ഞു വീടും, വലിയ ലോകവും. അതായിരുന്നു രാമേട്ടന്റെ ഏറ്റവും വല്യ സന്തോഷവും."
......................................
പ്ലസ് ടു കഴിഞ്ഞ് ഇവിടത്തെ ഏതേലും കോളേജിൽ പഠിച്ചാൽ മതീന്ന് ആവത് പറഞ്ഞതായിരുന്നു. അപ്പോ അവൾക്കു സിറ്റിയിലെ കോളേജിൽ തന്നെ പഠിക്കണം. മോളെ കുറ്റം പറയാനും പറ്റില്ല. അത്രക്കും മാർക്ക് ഉണ്ടായിരുന്നു. സ്കൂൾ ഫസ്റ്റ്.
പഠിപ്പിച്ച സാറന്മാരും പറഞ്ഞത് അത് തന്നെയല്ലേ. അവസരങ്ങൾ ഒരിക്കലേ വരൂ. നിങ്ങളൊന്നും വളർന്ന കാലവും ചുറ്റുപാടും അല്ല ഇന്നുള്ളത്. കുട്ടികൾ സ്വയം പ്രാപ്തവരാവട്ടെ. അവരുടെ ലക്ഷ്യങ്ങൾ അവർ തന്നെ നേടിയെടുക്കട്ടെ.
സാറമ്മാരും കൂടി പറഞ്ഞപ്പോൾ രാമേട്ടനും മേരിക്കുട്ടിയും സമ്മതിക്കുകയായിരുന്നു.
ഇഷ്ടമില്ലെങ്കിലും!
"രണ്ടു മാസം മുൻപായിരുന്നു, കോളേജിൽ ഒരു അടിപിടി ഉണ്ടായതും ഒരു കുട്ടിയെ കുത്തിക്കൊന്നതും." .
പെങ്കുട്ട്യോളുള്ള അച്ഛനുമമ്മക്കും ആശ്വസിക്കാനൊരു വകയും ഇല്ലാത്തതാണ് എന്നും പത്രങ്ങളിൽ കാണുന്നതും. കൊച്ചു കുഞ്ഞിനെ മുതൽ, വയസ്സായവർക്കു വരെ സമാധാനായിട്ടു ജീവിക്കാൻ പറ്റാത്ത കാലം.
വല്ലാത്തൊരു കാലം തന്നെ.
ആലോചിക്കും തോറും മനസ്സിൽ ചീത്ത വിചാരങ്ങൾ കൂടിക്കൂടി വന്നു. നല്ലതൊന്നും മനസ്സിൽ വരുന്നില്ല.
ഇതിനിടയിൽ രണ്ടു പ്രാവശ്യം മേരിക്കുട്ടിയുടെ വിളി വന്നു.
പണിയെടുത്ത് പണിയെടുത്ത് തേഞ്ഞ കാലുകളും വലിച്ചു വെച്ച് എത്ര വയ്യെങ്കിലും എല്ലായിടത്തും എത്തും.
ഇനി ആധി കയറി അവള് വല്ല അസുഖവും വരുത്തിവെക്കാതിരുന്നാൽ മതി.
മേരിക്കുട്ടിയുടെ ഓരോ വിളി കഴിഞ്ഞപ്പോഴും മോളെ മൊബൈലിൽ വിളിച്ചതാണ്. ഫോൺ സ്വിച്ച് ഓഫ്.
അത് അവളോട് പറയാൻ പറ്റില്ലല്ലോ.
ആധി കയറിയ മനസ്സുമായി ഇരുന്ന രാമേട്ടനെ ആരോ തട്ടി വിളിച്ചപ്പോഴാണ് ചിന്തകളിൽ നിന്നു രാമേട്ടൻ പെട്ടെന്നുണർന്നത്‌.
...............................................................
"സക്കറിയ"!
" ഉറ്റ സ്നേഹിതൻ."
കറിയാച്ചാ .... നീയിവിടെങ്ങനെ.?
ആ ... ഞാനെത്തി.
അല്ല. നീയെന്താ ഇങ്ങനെ കൂനിപ്പിടിച്ചിരിക്കുന്നത്‌ രാമാ ? എന്തുപറ്റി.
മോളിതുവരെ എത്തിയില്ല ഡാ.
അത് പറയുമ്പോൾ രാമേട്ടന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീരിറ്റു വീണു.
ആര്? കീർത്തിമോളോ?
അതേടാ. ഇടറിയിരുന്നു രാമേട്ടന്റെ സ്വരം.
അതിനാണോ നീയിങ്ങനെ വിഷമിക്കുന്നത്.
അവളിപ്പോ ഇങ്ങോട്ടെത്തില്ലേ? ചിലപ്പോ വല്ല സ്പെഷ്യൽ ക്ലാസും ഉണ്ടായിരുന്നിരിക്കും.
അത് കഴിഞ്ഞു വന്നപ്പോ ബസ്സും പോയിക്കാണും.
അടുത്ത ബസ്സിൽ അവളിങ്ങോട്ടു വരുമെന്നേ. ബസ്സിന്റെ കാര്യമല്ലേ?
എന്തേലും കാരണം ഉണ്ടായാലും വൈകാമല്ലോ.
നീയിങ്ങനെ സങ്കടപ്പെടല്ലേ രാമാ.
ഒരാശ്വാസത്തിനായി രാമേട്ടൻ കറിയാച്ചന്റെ കയ്യിൽ മുറുകെ പിടിച്ചു.
ആ തോളിലേക്ക് ചാരി കണ്ണുകളടച്ചു.
"അല്ല ഞാൻ ആലോചിക്കുവാരുന്നു."
"നിനക്കിതെന്താ പറ്റിയത്. ഇത്രേം ചങ്കുറപ്പുള്ള നീയാണോ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ."
വിപ്ലവം സൃഷ്ടിച്ചു നടന്ന നീയാണോ ന്റെ രാമാ ഇങ്ങനെ ....
നിനക്ക് ജീവിതത്തിൽ കഷ്ടപ്പാട് മാത്രേ ഉണ്ടായിരുന്നുള്ളൂന്നെനിക്കറിയാം.
"ഒക്കെ ഓരോ വിധിയായിരിക്കും"
കറിയാച്ചൻ പതുക്കെ രാമേട്ടന്റെ ചുമലിൽ തലോടി കൊണ്ടിരിന്നു.
ആ തോളിലേക്കമർന്ന് രാമേട്ടൻ ഒന്ന് മയങ്ങി.
..................................................
മേരിക്കുട്ടിയുമായുള്ള ഒളിച്ചോട്ടവും, കല്യാണവുമൊക്കെ ഇന്നലെയെന്ന പോലെ രാമേട്ടന്റെ മനസ്സിലേക്കോടിയെത്തി. എല്ലാവരും കയ്യൊഴിഞ്ഞ തങ്ങളെ രക്ഷിക്കാൻ കറിയാച്ചൻ മാത്രേ ഉണ്ടായുള്ളൂ. അന്നവൻ കല്യാണം കഴിച്ചിട്ടില്ല. വാടകക്കൊരു കൊച്ചു വീടെടുത്തു തന്നതും, അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ ഒപ്പിച്ചു തന്നതും കറിയാച്ചനായിരുന്നു.
നാട്ടിലെ പേരുകേട്ട തറവാടും, കുടുംബക്കാരുമായിരുന്നെങ്കിലും, അപ്പന്റെ കള്ളുകുടിയും സ്ത്രീ വിഷയത്തിലുള്ള താല്പര്യവും കാരണം സ്വത്തൊക്കെ മിടുക്കന്മാരുടെയും മിടുക്കത്തികളുടെയും കയ്യിലായിട്ടുണ്ടായിരുന്നു. ഒരുപക്ഷെ അന്ന് കറിയാച്ചനെ കണ്ടില്ലായിരുന്നെങ്കിൽ, ഈ ജീവിതം തന്നെ അവസാനിച്ചു പോയേനെ.
രണ്ട് അച്ചന്മാരും, സഹോദര കുടുംബങ്ങളിലായി മൂന്നു കന്യാസ്ത്രീകളും ഉള്ള പാരമ്പര്യ മഹിമയുള്ള ഒരു കുടുംബത്തിൽ നിന്നും വീട്ടുകാരെ ധിക്കരിച്ചു ഒരു നായർ ചെക്കന്റെ കൂടെ ഇറങ്ങി വന്ന മേരിക്കുട്ടിയെ, കൊല്ലാൻ വരെ ആളെ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നെന്നറിഞ്ഞത് പിന്നീടാണ്.
മട്ടാഞ്ചേരിയിൽ നിന്നും മേരിക്കുട്ടിയുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം. ആരും കാണാത്ത ആരെയും അറിയാത്ത ഏതെങ്കിലും നാട്ടിൽ പോയി ജീവിക്കണമെന്ന്.
എത്രത്തോളം ദൂരേക്ക്‌ പോകാമോ അത്രത്തോളം ദൂരേക്ക്‌ പോണം എന്ന് തന്നെയായിരുന്നു വിചാരിച്ചിരുന്നത്.
നാട്ടിലെ ഏറ്റവും അടുത്ത കൂട്ടുകാരൻ തന്ന, അവന്റെ കൂട്ടുകാരന്റെ അഡ്രസ്സും അന്വേഷിച്ചാണ് കോഴിമലയിലേക്കെത്തിയത്. ആളെ കാണാഞ്ഞ് അടുത്ത വീട്ടിൽ അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അവര് രണ്ടാഴ്ചയായി അവരുടെ അമ്മ വീട്ടിൽ പോയിരിക്കുകയാണെന്ന്.
വിവരങ്ങൾ പറഞ്ഞപ്പോൾ ഒരു വീട് ശരിയാവും വരെ അവരുടെ വീട്ടിൽ താമസിക്കാൻ അവര് സമ്മതിച്ചു.
ഒരുപക്ഷെ അന്നങ്ങിനെ ഒന്ന് സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ഭീതിയോടെ രാമേട്ടൻ ഇപ്പോഴും ഓർക്കാറുണ്ട്.
പൊതുവെ ഒരു മുരടനായിരുന്ന സക്കറിയ എന്തുകൊണ്ടോ രാമേട്ടനോട് വല്യ സ്നേഹമായിരുന്നു.
ഒരുപക്ഷെ വളർന്ന സാഹചര്യം ആവാം അവനെ അങ്ങനെ ആക്കിയതെന്ന് രാമേട്ടൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് . അതുകൊണ്ടു തന്നെ രാമേട്ടൻ കറിയാച്ചനെ മനസ്സറിഞ്ഞു സ്നേഹിച്ചു.
അന്ന് തുടങ്ങിയ ആ സ്നേഹബന്ധമാണ് കറിയാച്ചനോടുള്ളത്.
"ഒരു കൂടപ്പിറപ്പിനോടുള്ളതിനേക്കാളും സ്നേഹം".
ഒന്നുമില്ലായ്മയിൽ ഒരു കൈസഹായമല്ല രണ്ടുകയ്യും സഹായമായി തന്ന ആത്മാർത്ഥ സ്നേഹിതൻ.
ഓരോരോ ഓർമ്മകളിൽ രാമേട്ടൻ വീണ്ടും പെയ്തു!.
മരം കോച്ചുന്ന തണുപ്പിനെയും, കാട്ടാനകളുടെ ആക്രമണത്തെയും നേരിട്ട്,
എത്രമാത്രം കഷ്ടപ്പെട്ടും കൊത്തികിളച്ചുമുണ്ടാക്കിയ ജീവിതമാടാ നമ്മുടെയൊക്കെ.
എന്നിട്ടും.................
രാമേട്ടൻ അർധോക്ത്തിയിൽ നിർത്തി.
പത്തിരുപത്തഞ്ചു കൊല്ലത്തെ കഷ്ടപ്പാടുകൾക്കൊടുവിൽ ഒരുവിധം ജീവിതം പച്ചപിടിച്ചു വന്നപ്പോഴായിരുന്നു ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടത്.
പാൽമണം മാറാത്ത കൊച്ചുകുഞ്ഞിനെയും തന്നിട്ട് മോനും ഭാര്യയും ........
അന്നുമുതൽ കീർത്തിമോൾക്ക് ഞാനും മേരിക്കുട്ടിയും അച്ഛനും അമ്മയുമല്ലേടാ.
രാമേട്ടന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും വീഴാൻ കറിയാച്ചൻ സമ്മതിച്ചില്ല.
നീയിത് എത്രവട്ടം പറഞ്ഞതാ രാമാ.
ഇനി നിർത്ത്.
ഇല്ലെങ്കിൽ മേരിക്കുട്ടിയെ ഒളിച്ച്‌ വാറ്റടിക്കാൻ പോയ കഥ ഞാൻ അവളോട് പറഞ്ഞു കൊടുക്കുമേ.
ഓരോവട്ടവും, കറിയാച്ചൻ അത് പറയില്ല എന്ന് സത്യം ചെയ്യിപ്പിച്ചിട്ടായിരുന്നു രണ്ടാളുടെയും യാത്രകൾ.
രാമേട്ടന്റെ ചുണ്ടിൽ ഒരു ചെറുചിരി വിടർന്നു.
സ്നേഹത്തിന്റെയും നന്മയുടെയും പുഞ്ചിരി.
..........................................................
നീട്ടിയുള്ള ഹോണടി കേട്ടാണ് രാമേട്ടൻ മയക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റത്‌. നേരം നന്നേ ഇരുട്ടിയിരിക്കുന്നു. വെപ്രാളപ്പെട്ട് രാമേട്ടൻ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം എട്ടു മണി കഴിഞ്ഞിരിക്കുന്നു. സ്റ്റോപ്പിൽ വന്നു ബസ്സ് നിന്നപ്പോൾ രാമേട്ടൻ ഓടുകയായിരുന്നു വാതിലിനടുത്തേക്ക്. മോള് ഇറങ്ങി വരുന്നത് കണ്ടപ്പോൾ രാമേട്ടൻ സകലദൈവങ്ങളെയും വിളിച്ചു നെഞ്ചിൽ കൈ വെച്ചു. അവളും ഒരു പൊട്ടിക്കരച്ചിലോടെ ഓടി വന്നു അച്ഛനെ കെട്ടിപിടിച്ചൊരുമ്മ കൊടുത്തു.
ബസ്സ് ഒരിത്തിരി നേരം അവിടെ നിർത്തി. എല്ലാവരും തല പുറത്തേക്കിട്ട് ആ കാഴ്ച കാണുകയായിരുന്നു.
കണ്ടക്ടറാണ് രാമേട്ടനോട് പറഞ്ഞത്,
സ്പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നുവെന്നും, സ്റ്റാൻഡിൽ വന്നപ്പോൾ ആറരയുടെ ബസ്സ് പോയി എന്നും, ഈ ബസ്സ് വഴിയിൽ ബ്രേക്ക് ഡൌൺ ആയി, അത് ശരിയാക്കിയിട്ടാണ് വരുന്നതെന്നും.
മോളും ബസ്സിലിരുന്ന് കരച്ചിലായിരുന്നുവെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഞങ്ങൾ കുട്ടിയെ ആശ്വസിപ്പിക്കുകയായിരുന്നു. അച്ഛൻ ബസ്സ് സ്റ്റോപ്പിൽ കാത്തിരിക്കുന്നുണ്ടാകുംന്ന് പറഞ്ഞ്.
ഇപ്പൊ സന്തോഷായോ? അയാൾ മോളോട് ചോദിച്ചു.
ഉവ്വെന്ന്‌ അവൾ സന്തോഷത്തോടെയും സ്നേഹത്തോടെയും തലയാട്ടി.
ബസ്സും ബസ്സിലുള്ളവരും യാത്ര പറഞ്ഞു പോയി.
കട്ട പിടിച്ച ഇരുട്ടിൽ,
പെട്ടെന്നൊരോർമ്മയിൽ,
അപ്പോഴാണ് രാമേട്ടൻ കറിയാച്ചനെ അന്വേഷിച്ചത്.
ആ കണ്ണുകൾ ചുറ്റും തിരഞ്ഞു.
കറിയാച്ചനെവിടെ?
കറിയാച്ചാച്ഛനോ?
കറിയാച്ചാച്ഛൻ വന്നിരുന്നോ?
അതെങ്ങനെ? ................ !!
കീർത്തിയും ആശ്ചര്യപ്പെട്ടു!!
"അപ്പോൾ മാത്രമാണ്"
മോളുടെ പുറകിലായി ആ വെള്ളി വെളിച്ചം ഒരു പൊട്ടു പോലെ അകലേക്കകലേക്ക്‌ അകന്നകന്ന് പോവുന്നത് രാമേട്ടൻ കണ്ടത്.
വിറയാർന്ന കൈകളോടെ മോളെ ചേർത്തു പിടിച്ചു രാമേട്ടൻ നിറകണ്ണുകളോടെ പറഞ്ഞു.
ഒന്നൂല്ല മോളെ. അച്ഛൻ വെറുതെ!.
വാ നമുക്ക് പോകാം.

By Resmi Moothedath

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot