
"മാഡം ബെഡ് നമ്പർ നാലിലെ കുട്ടിക്ക് ബീറ്റ്‌സ് നല്ലോം കുറഞ്ഞിട്ടുണ്ട് .."
വലിയ കോലാഹലങ്ങളിൽ നിന്നും അവൾ കണ്ണ് തുറന്നത് വളരെ ശാന്തമായൊരു പ്രദേശത്തെ കണ്ടു കൊണ്ടായിരുന്നു . ചെറു തണുപ്പ് വിരിച്ച അന്തരീക്ഷത്തിൽ തണൽവിരിച്ച വഴികളിലൂടെ പതുക്കെ അവൾ നടന്നു . വേണ്ടപ്പെട്ടവർ ആരെയും കാണാനില്ലെങ്കിലും മുൻപ് ഉണ്ടായിരുന്നതിനേക്കാൾ സുരക്ഷിതമായ ഒരു സ്ഥലത്തു എത്തിപ്പെട്ട പ്രതീതിയായിരുന്നു അവൾക്ക് .
ഒരുപാട് നാളായി ഒന്നും കഴിക്കാത്ത വിധം വിശപ്പ് അസഹനീയമായിരുന്നു .
ചുറ്റിലും പാറുന്ന വെളുത്ത ശലഭങ്ങളെ വകഞ്ഞു മാറ്റിയ നടത്തത്തിനൊടുവിൽ ഒരു കുടിലു പോലെ തോന്നിക്കുന്ന ഒരിടത്തേക്ക് അവൾ ചെന്നു .
ചുറ്റിലും പാറുന്ന വെളുത്ത ശലഭങ്ങളെ വകഞ്ഞു മാറ്റിയ നടത്തത്തിനൊടുവിൽ ഒരു കുടിലു പോലെ തോന്നിക്കുന്ന ഒരിടത്തേക്ക് അവൾ ചെന്നു .
"എന്തെങ്കിലും കഴിക്കാൻ കിട്ടുമോ ?"
നരച്ച താടിരോമങ്ങളും ഉൾവലിഞ്ഞു പോയ കണ്ണുകളുമായി ഒരു വൃദ്ധൻ പുറത്തേക്ക് വന്നു .
"ആരാ ?"
"ഞാൻ ...ഞാൻ ആരാന്നു എനിക്കറിയില്ല "
ആ മറുപടി അയാളിൽ ഒരു കൊച്ചുകുഞ്ഞിനെപോലെ പുഞ്ചിരി നിറച്ചു
"സാരമില്ല , പേരെങ്കിലും ഓർമ്മയുണ്ടോ ..?"
"പേര് .....ആ.. പേര് ബെഡ് നമ്പർ നാല് "
"ഹ ഹ ഹ ഇപ്പൊ വന്നിറങ്ങിയേ ഉള്ളു ലെ .."
"അതെ ....എനിക്ക് വിശക്കുന്നു .അവരെനിക്ക് ഒന്നും തന്നിരുന്നില്ല "
" കയറിയിരിക്ക് , എന്താ പ്പോ കഴിക്കാൻ വേണ്ടത് "
"എനിക്ക് മസാലദോശ "
:ഹ ഹ ഹ നീ കൊള്ളാലോ . ഇവിടെയതൊന്നുമില്ല "
"ഇതെവിടെയാണ് ?"
"ഇത് ഇതൊരുപാടാളുകൾ പാർക്കുന്ന ഒരു ലോകമാണ് . "
"ഞാൻ ദോശ കഴിച്ചിരിക്കായിരുന്നു അപ്പോഴാണ് വേദന വന്നത് "
" വിഷമിക്കണ്ട . ആശുപത്രിയിൽ നിന്നും നേരെ ഇങ്ങോട്ടു പോന്നു അല്ലെ . നിറവയറു കണ്ടപ്പോ മനസ്സിലായി ദോശക്കൊതിയുടെ കാരണം "
"പൂർണ്ണമായും ഒന്നും ഓർമ്മയില്ല ...ഇപ്പൊ വേദനയില്ല . പക്ഷെ വിശപ്പ് "
"വിശപ്പുണ്ടാകും സത്യത്തിൽ വിശപ്പ് മാത്രമാണല്ലോ എല്ലാ ജീവജാലങ്ങളിലും ഒരുപോലെയുള്ളത്,അതിനു മരിച്ചവർ എന്നോ ജീവിച്ചിരിക്കുന്നവർ എന്നോ വേർതിരിവില്ല "
"മരിച്ചവരോ ... അപ്പൊ ഞാൻ മരിച്ചിരിക്കുന്നോ ?"
"ഇവിടെ വന്നാൽ ആ ലോകത്തുള്ളവർ ആണോ ഇവിടെ ഉള്ളവരാണോ ശരിക്കും
ജീവിച്ചിരിക്കുന്നവർ എന്ന് തിരിച്ചറിയില്ല "
ജീവിച്ചിരിക്കുന്നവർ എന്ന് തിരിച്ചറിയില്ല "
"എനിക്കെന്തെങ്കിലും തരു "
"അൽപ്പം തേൻ വിളമ്പാം ഞാൻ . ഇങ്ങോട്ടു നടന്നു വരുന്ന വഴിക്ക് കൂടെയുണ്ടായിരുന്ന ശലഭങ്ങളില്ലേ അവർ കൊണ്ട് തരുന്നതാണ് "
" തേനിന്റെ രുചി ശരിക്കും ഇതായിരുന്നോ ?"
കയ്യിലേക്കൊഴിച്ച തേൻകുടിച്ചവൾ ചോദിച്ചു
"ഇവിടെ എല്ലാറ്റിനും രുചി കൂടുതലാണ് . മായങ്ങളൊന്നുമില്ല ലോ "
'ആരോടാടോ നായരേ താൻ കുശലം പറയുന്നത് ?'
പരിചിതമായൊരു മുഖം കണ്ടവൾ അങ്ങോട്ട് വന്ന മറ്റൊരു വൃദ്ധനെ നോക്കി നിന്നു
"പുതിയ ആളാടോ ..ദോശയൊക്കെ ചോദിക്കുന്നു ...തനിക്ക് കാണാൻ പറ്റുന്നില്ലേ ?"
"ഇല്ലല്ലോടോ , ബന്ധുക്കളായിരിക്കും. അതാ എനിക്ക് കാണാൻ കഴിയാത്തത് , താനാ കുട്ടിയോട് ചോദിക്ക് എന്നെ അറിയാമോ ന്ന് .
"നിനക്കിയാളെ അറിയോ ?"
"ഞാൻ അമ്മാമ്മയുടെ പെട്ടിയിൽ ഫോട്ടോ കണ്ടിട്ടുണ്ട് മുത്തച്ഛനാണ് " മുത്തച്ഛന് എന്നെ എന്താ കാണാൻ കഴിയാത്തത് ?"
"മരണം പൂർണ്ണമാകാത്തിടത്തോളം തന്റെ പ്രിയപ്പെട്ടവരെ കാണാൻ മരിച്ചു പോയവർക്ക് സാധിക്കില്ല , നീയിപ്പോൾ നിൽക്കുന്ന മരണത്തിനും ജീവിതത്തിനും മദ്ധ്യേയുള്ള അവസഥയിലുള്ളവരും നേരത്തെ മരണപ്പെട്ടവരും തമ്മിൽ കാണുന്നത് മരണം എന്ന പ്രകൃതി സത്യത്തിന് എതിരായിമാറും..
"ഡോ തന്റെ കൊച്ചുമോളാണെന്ന് , നിറവയറും കൊണ്ടാ വന്നേക്കുന്നത് .. ".
"കാണാൻ ആഗ്രഹിക്കാൻ കഴിയില്ല ലോ ...കാണണ്ട തിരിച്ചു പൊക്കോട്ടെ ..വയറ്റിൽ ഉള്ളതിനെ ഓർത്ത അല്ലേൽ ഇവിടെ നമ്മുടെ കൂടെ നിർത്തായിരുന്നു അല്ലെടോ നായരെ "
തേൻ വയറ്റിലേക്ക് എത്തിയപ്പഴേക്കും അവൾക്ക് അടിവയറ്റിൽ നിന്നും എന്തോ വിമ്മിഷ്ടം തുടങ്ങിയിരുന്നു .
"അതേയ് എനിക്ക് വീണ്ടും വേദന വരുന്നുണ്ട് ."
"പേടിക്കണ്ട ....മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഉപബോധ മനസ്സിന്റെ നൂലിൽ കൂടെ നീയൊരു യാത്ര ചെയ്തുന്നു കരുതിയ മതി ."
"മുത്തച്ഛൻ ..?"
"അയാളോട് ഞാൻ പറഞ്ഞോളാം ...കുറേകാലം കഴിഞ്ഞിങ്ങോട്ടു വരുമ്പോ കാണാലോ ,ഇവിടെയുള്ളവർക്കിനി വേറൊരു ലോകമില്ല "
"ഞാൻ ...ഞാൻ .....തിരിച്ചു പോവാ...."
വാക്കുകൾ പൂർണ്ണമാക്കും മുൻപേ തണൽ വിരിച്ച വഴികളിലൂടെ അവൾ തിരിച്ചു നടത്തപ്പെട്ടിരുന്നു ....
ആശുപത്രിക്കിടക്കയിൽ നെഞ്ചിൽ ശക്തിയോടെ വന്നടിച്ച ഡെഫിബ്രിലേറ്ററിന്റെ ഷോക്കിൽ ശ്വാസം തിരിച്ചു നോർമൽ ബീറ്റ്‌സ് കൗണ്ടിലേക്ക് എത്തിയപ്പോഴേക്കും സിസേറിയനിലൂടെ അവളൊരു കുഞ്ഞിന് ജന്മം കൊടുത്തിരുന്നു . മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ചു തിരിച്ചു വന്നവൾ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയപ്പോ അമ്മാമയുടെ പെട്ടിയിൽ കണ്ട ഫോട്ടോയിലെ അതെ ചൈതന്യം ആ കുഞ്ഞിന്റെ മുഖത്തുമുണ്ടായിരുന്നു ......
* Defibrillator -an electronic device that applies an electric shock to restore the rhythm of a fibrillating heart .
അൻവർ മൂക്കുതല
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക