Slider

പൊൻവസന്തമായി.......

0

Image may contain: 2 people, people smiling
"മീരേ,വാതിൽ തുറക്ക്,അമ്മയാ വിളിക്കുന്നെ എന്റെ പൊന്നു മോൾ വാതിൽ തുറക്ക്". ജാനുവേട്ടത്തി രാവിലെ തുടങ്ങിയ വിളിയാ, പക്ഷെ മുറിയിൽ ഒരു അനക്കവുമില്ല.മീര ഇപ്പൊ ഇങ്ങനെയാണ്.എന്താണ് പറ്റിയതെന്ന് ആർക്കും അറിയില്ല.ഒന്നിനും ഉരിയാട്ടമില്ല,മുഖത്ത് പുഞ്ചിരിയില്ല.അവൾ ഇരുട്ടിനെ സ്നേഹിക്കുന്ന പോലെ.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിൻ ഒടുവിലാണ് ജാനുവേട്ടത്തിയുടെയും വാസുവേട്ടന്ടെയും ജീവിതത്തിൽ പൊൻവസന്തമായി കുഞ്ഞ് എത്തുന്നത്.ഒരു സുന്ദരികുട്ടി,അവർ അവളെ വിളിച്ചു "മീര".ആ കുഞ്ഞികുരുന്നിന്ടെ ചിരിയും, കളിയും, കുസൃതികളും, അവരുടെ വീടിന്ടെ ആഘോഷമായി.
അവൾ മിടുമിടുക്കിയായി വളർന്നു.കല,സാഹിത്യം,പഠനം എല്ലാത്തിലും മുൻ പന്തിയിൽ.സ്കൂളിലെയും നാട്ടിലെയും ആഘോഷ പരിപാടികളിലും,മത്സരങ്ങളിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി.
അത്യുൽസാഹത്തോടെ എല്ലാതിനും മുൻ നിരയിൽ ഉണ്ടാവുന്ന ആൾ.
അവളെ അറിയാത്തവരായി ആ നാട്ടിൽ ആരുമില്ല.എല്ലാ പ്രായക്കാരുടെയും കൂട്ടുകാരി.കൊച്ചു കുട്ടികളുടെ കൂടെ കളിക്കാനും,പ്രായമായവരെ ശുശ്രൂഷിക്കാനും ഒരേ പോലെ ഉത്സാഹമായിരുന്നു അവൾക്ക്.
കാലങ്ങൾ കടന്നു പോയി.അവൾ വലിയ കുട്ടിയായി.പക്ഷെ അതോടൊപ്പം അവൾക്ക് മീശ വളർന്നു,മുഖത്ത് ആണുങ്ങളുടേത് പോലെ രോമങ്ങൾ വന്നു.ചെറിയ രീതിയിൽ അല്ല ആർക്കും പെട്ടന്നു ഒറ്റ നോട്ടത്തിൽ മനസ്സിലാവും പോലെ. ആ മാറ്റം അവളെ വല്ലാതെ വേദനിപ്പിച്ചു.എങ്കിലും അവൾ അതൊന്നും കാര്യമാക്കാതെ ഉത്സാഹത്തോടെ പഠിച്ചു.അവൾക്ക് എന്നും ആശ്വാസമായും പ്രോത്സാഹനമായും വീട്ടുകാരും,കൂട്ടുകാരും ഉണ്ടായിരുന്നു.
പ്ലസ്ടു നല്ല മാർക്കോടെ പാസായി,തുടർന്നു പഠിക്കാൻ ആ നാട്ടിൻപുറത്ത് കോളേജുകൾ ഒന്നുമില്ല.തന്ടെ സ്വപ്നങ്ങൾ നേടാൻ പട്ടണത്തിലെ കോളേജിൽ ചേർന്നു.ഹോസ്റ്റലിൽ നിന്നാലെ പറ്റൂ,വീട്ടിൽ നിന്ന് നല്ല ദൂരം ഉണ്ട്.താങ്ങാൻ പറ്റാത്ത വേദനയോടെ അവളെ ആ നാട് യാത്രയാക്കി.
കഷ്ടിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ കോളേജിൽ നിന്ന് വിളിച്ചു പറഞ്ഞു,"മീരയ്ക്ക് തീരെ സുഖമില്ല ഒന്നു ഇവിടെ വരെ വരണം".വീട്ടിൽ നിന്ന് ആദ്യമായി വിട്ടു നിക്കുകയല്ലേ, അതായിരിക്കും എന്നെ വിചാരിച്ചുള്ളൂ,കുറച്ച് ദിവസം വീട്ടിൽ നിന്നാൽ ശരിയാവും.
വീട്ടിൽ എത്തിയിട്ടും മാറ്റങ്ങൾ ഒന്നും കണ്ടില്ല.അവൾ അന്ന് മുതൽ മുറി അടച്ച് ഇരിപ്പായി.ഒരു മിനിറ്റ് പോലും വീട്ടിൽ അടങ്ങിയിരിക്കാത്ത കുട്ടി,എപ്പോഴും സംസാരിച്ചോണ്ട് ഇരിക്കുന്നയാൾ,അവളുടെ മാറ്റതെ ഉൾകൊള്ളാൻ ആർക്കും കഴിഞ്ഞില്ല.അതിന്ടെ കാരണം മനസിലാവാതെ എല്ലാവരും വിഷമിച്ചു.ആരോടും സംസാരമില്ല,ചിരിയും,കളിയും ഇല്ല.ഭക്ഷണം കഴിക്കാതെയും,കുളിക്കാതെയും ഇരുട്ടിൽ കഴിച്ച് കൂട്ടാൻ തുടങ്ങി.അവളുടെ ലോകം ആ അടച്ചിട്ട മുറി മാത്രമായി.
"കുട്ടി, എന്തോ കണ്ടുപേടിച്ചതായിരിക്കും" എന്ന്‌ ആരൊക്കെയോ അഭിപ്രായം പറഞ്ഞപ്പോൾ,അത് മറ്റാനായി വീട്ടിൽ പൂജയും മന്ത്രവും ഒക്കെ നടത്തി, ഒന്നും ഫലം കണ്ടില്ല.പിന്നീട് ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ അവർ തീരുമാനിച്ചു.
പക്ഷെ അതിന് പോകും മുമ്പ് ഒരു ദിവസം ജാനുവേടത്തി കുളത്തിൽ കുളിക്കാൻ പോയ സമയം നോക്കി അവൾ ആ കടുംകൈ ചെയ്തു.അടുക്കളയിൽ നിന്നു ആർത്തുവിളിയും തീയും ഉയർന്നു,അടുത്ത വീട്ടുകാർ ഓടി കൂടി. അപ്പോഴേക്കും മീര
ആകെ കത്തികരിഞ്ഞു. അവളെ രക്ഷിക്കാനുള്ള പ്രയത്നം വെറുതെയായി.
അവൾ ഡയറിയിൽ ഇങ്ങനെ കുറിച്ചിരുന്നു" അവർ എന്നെ മീശയുടെയും എന്റെ അമിത രോമ വളർച്ചയുടെയും പേരിൽ ഒരുപാട് കളിയാക്കി.ആണാണോ പെണ്ണാണോ ന് സംശയം പറഞ്ഞു കുത്തി നോവിച്ചു.അത് ചെക്ക് ചെയ്യാൻ ആണെന്ന് പറഞ്ഞു എല്ലാരും കൂടി റൂമിൽ ഇട്ട് പൂട്ടി.ആ പരിഹാസത്തിന് റാഗിങ് എന്നൊരു ഓമനപ്പേരും ഇട്ടു.
ഇനിയും ഈ അപമാനം സഹിക്കാൻ എനിക്ക് കഴിയില്ല. ജീവിതം എനിക്ക് മടുത്തു.എല്ലാർക്കും പരിഹസിക്കാൻ മാത്രമായി ഞാൻ എന്തിനാ ഈ ലോകത്ത്?അമ്മയെയും അച്ഛനെയും ഓർത്ത് മാത്രമാണ് ഞാൻ പിടിച്ചു നിക്കാൻ ശ്രമിച്ചത്.പക്ഷെ ഞാൻ തോറ്റുപോയി.എന്നോട് അവർ ക്ഷമിക്കട്ടെ,സ്നേഹിക്കാൻ മാത്രം അറിയുന്നവരാ അവർ,അവർക്ക് എന്നെ മനസിലാവും.ഈ പരിഹാസങ്ങൾ ഇല്ലെങ്കിൽ ഞാനും ജീവിക്കുമായിരുന്നില്ലേ? എന്റെ സ്വപ്നങ്ങൾ നേടുമായിരുന്നില്ലേ?".
നമ്മൾ അറിഞ്ഞോ അറിയാതെയോ പരിഹാസ രൂപേണ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ ഏതു തരത്തിൽ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ചിലർ എല്ലാം തമാശ ആയി എടുക്കും ,മറ്റുചിലരെ അതു വല്ലാതെ മുറിവേല്പിക്കും.അതിനാൽ എന്ത് സംസാരിക്കുമ്പോഴും അതിന്ടെ എല്ലാ വശങ്ങളും ചിന്തിച്ച് സംസാരിക്കാൻ ശ്രമിക്കുക.നമ്മുടെ സംസാരം ആരെയും വേദനിപ്പിക്കുന്നത് ആവാതിരികട്ടെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo