Slider

പ്രഭാകരൻ ടൈലറുടെ ജീവിതം

0
Image may contain: 1 person, closeup

മിനിക്കഥ
ഇന്നു പണിയൊന്നും വന്നിട്ടില്ല. മുക്കിനു മുക്കിനു റെഡിമൈഡ് ഷോപ്പുകൾ മുളച്ചു പൊന്തിയത് കൊണ്ട് കഷ്ടത്തിലായത് എന്നെ പോലുള്ള ടൈലർമാരാണ്. ബ്ലൗസിന്റ പണി മാത്രമേ കാര്യമായി നടക്കുന്നുള്ളൂ. അതും വല്ലപ്പോഴും. തയ്ച്ചു കഴിഞ്ഞത് തന്നെ ഇവിടെ കെട്ടിക്കിടക്കുന്നു. കൊണ്ടുപോയാൽ മാത്രമേ പച്ചരി വാങ്ങാൻ കഴിയുള്ളു. ഇന്ന് മിക്ക തയ്യൽക്കാരും തൊഴിൽ ഉപേക്ഷിച്ചു മറ്റ് ജീവന മാർഗ്ഗങ്ങൾ തേടിക്കഴിഞ്ഞു. പക്ഷെ ഈ പ്രഭാകരൻ മാത്രം ഇന്നും പഴയ മെഷീൻ നോക്കിയിരിക്കുന്നു.
എന്റെ അച്ഛൻ തയ്യൽക്കാരനായിരുന്നു.അച്ഛനെ സഹായിച്ചു സഹായിച്ചു എന്റെ ജീവിതം ഈ ചക്രത്തിന്മേൽ ഉരുളുകയായി. തയ്യൽക്കാരന്റെ മകൻ തയ്യൽക്കാരനായും ഡോക്ടറുടെ മകൻ ഡോക്ടറെയും മാറുന്ന കാലം.
പോക്കറ്റിൽ തപ്പി നോക്കി. നൂറു രൂപ കഷ്ടിച്ചുണ്ടു. ഇതിന് അരി വാങ്ങണം കറി വെക്കാൻ വാങ്ങണം.കുടുംബം ജന്മി വർഗ്ഗത്തിൽ പെട്ടതായത് കൊണ്ട് റേഷൻ കാർഡ് ഇന്നും ഉപരിവർഗ്ഗത്തിന്റേതാണ്. രണ്ടു രൂപക്കും ഒരു രൂപക്കും സർക്കാർ നൽകുന്ന അരി ഈ ദരിദ്രവാസിക്ക് നഷ്ടമായി. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന പലരും റേഷൻ കടയിൽ നിന്നും അരിവാങ്ങി കൊണ്ടു പോകുന്നത് കാണുമ്പോൾ ദേഷ്യം വരും. പക്ഷെ എന്തു ചെയ്യാൻ ?അധികാര കേന്ദ്രങ്ങളിലും രാഷ്ട്രീയത്തിലും പിടിപാടില്ലാത്തത് കൊണ്ട് അവഗണന മാത്രം. ഇതിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല. ഇനി ചിന്തിച്ചിട്ട് കാര്യമില്ല. ദാക്ഷായണി വെള്ളം അടുപ്പത്തു വെച്ചു കാത്തിരിക്കുന്നുണ്ടാകും. കടയിലേക്ക് നടന്നു.
ഒരു കിലോ അരി
കടയുടമയോട് പറഞ്ഞു.
ഏതാ.. കുറുവ വേണോ പൊന്നി വേണോ.. ?
അയാൾ ചോദിച്ചു.
ബെല കൊറഞ്ഞത് മതി.
അയാൾ ഒന്നു നോക്കി എന്നിട്ടു ചാക്ക് കെട്ടുകൾക്കിടയിൽ നിന്നും പൊടി നിറഞ്ഞ അരിതൂക്കി തന്നു.
നാൽപ്പത് ...
അയാൾ പറഞ്ഞു.
നാൽപ്പത് ഉറുപ്പിയോ ?
സാധനത്തിനെല്ലാം വില കൂടി. ഒറ്റയടിക്ക് മൂന്ന് ഉറുപ്യ കൂടി. ഡീസലിന് വില കൂടിയില്ലേ..
കാശു കൊടുത്ത ശേഷം മീൻ മാർക്കറ്റിൽ ചുറ്റിപറ്റി കളിച്ചു. അയക്കൂറ സ്രാവ് തുടങ്ങി വില കൂടിയ മത്സ്യങ്ങൾ നിരത്തി വെച്ചിരിക്കിന്നു. മത്തിയും പരലും ഉണ്ട്. ഏതായാലും മത്തി വാങ്ങാം.
അരക്കിലോ മത്തി.
മീൻകാരൻ അരക്കിലോ തൂക്കി പ്ലാസ്റ്റിക് കവറിൽ ഇടുമ്പോൾ പറഞ്ഞു.
ചത്തു പോകുന്ന തടിയാണ്. അയക്കൂറ ഒക്കെ വാങ്ങി കൂട്ടു
എത്ര ?
അറുപത്
ഭയങ്കരം കാശാല്ലോ..
വേണമെങ്കിൽ വാങ്ങിയാൽ മതി. കടപ്പുറം മീനില്ല. മംഗലാപുരത്തെ ചരക്കാ
വാങ്ങാതെ നിവർത്തിയില്ല. പരിപ്പ് കൂട്ടി മടുത്തു.
വീട്ടിലേക്കു നടക്കാൻ തുനിയുമ്പോൾ ഓർത്തു മുളകില്ല. പോക്കറ്റിൽ തപ്പി നോക്കി. ചില്ലറ മാത്രം.
ദാക്ഷായണി എവിടുന്നെങ്കിലും ഒപ്പിക്കട്ടെ മുളക്പൊടി.
അരിശം വന്നു ആരോട് പരാതിപ്പെടാൻ ?
പാർട്ടി ആഫിസിന് മുന്നിലെത്തിയപ്പോൾ യുവാക്കൾ കാരംബോർഡ് കളിക്കുന്ന തിരക്ക്.
എന്താ പ്രഭയേട്ടാ കറിക്ക് അയക്കൂറയാ കിട്ടിയത്?
ഒരു യുവാവ് ചോദിച്ചു. അതിൽ പരിഹാസം കലർന്നതായി തോന്നി.
അല്ല സ്രാവ്.
വേറൊരു പാർട്ടി ആഫിസിനു മുന്നിലെത്തിയപ്പോൾ യുവാക്കൾ മൊബൈൽ കുത്തികളിക്കുന്നതായ് കണ്ടു.
വീട്ടിലെത്തിയപ്പോൾ അടുപ്പിൽ നിന്നും പുക ഉയരുന്നത് കണ്ടില്ല.
അവൾ കുത്തിയിരുന്നു ടി വി കാണുന്നു.
എടീ നീ ചോറിന് വെള്ളം വെച്ചില്ലേ ?
ഒന്ന് അടങ്ങിയിരി മനുഷ്യാ....
ശരണഘോഷയാത്ര നോക്കിയേ..... എത്രപ്പാടു ജനങ്ങള്...
അപ്പോ ചോറ് വേണ്ടേ ?
അതൊന്നുമല്ല പ്രശ്‍നം. ആദ്യംവിശ്വാസം പിന്നെ ചോറ്.
കഷ്ടം.
കയ്യിൽ നിന്നും അരിയും മത്തിയും അറിയാതെ നിലത്തു വീണു.
Ceevi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo