Slider

വിശ്വാസങ്ങൾ"

0
Image may contain: 2 people, including Riju Kamachi, people smiling, selfie and closeup
"ഡാ നാളെ ഞായാറാഴ്ചയല്ലേ പറശ്ശിനിക്കടവിലേക്ക് വിട്ടാലോ"...വൈകിട്ട് രണ്ടെണ്ണം അടിച്ചോണ്ടിരിക്കുമ്പോ സനീഷ് ആണ് 'സജഷൻ' വെച്ചത്‌..
പറശ്ശിനിക്കടവ് ന്ന് കേൾക്കുമ്പോൾ നിങ്ങളോർക്കും മുത്തപ്പനെ തൊഴാൻ പോവാണെന്ന്....ഏയ് ഇത് അതൊന്നും അല്ല.ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഇപ്പോ കുറച്ചു നാളായി തുടങ്ങിയ ഒരു പരിപാടിയാ....പറശ്ശിനിക്കടവിലേക്കെന്നും പറഞ്ഞു രാവിലെ ഒരു എട്ട് മണിക്ക് പുറപെടും.നേരെ നണിശ്ശേരി ഷാപ്പിലേക്ക്.നണിശ്ശേരി ഷാപ്പും മുത്തപ്പൻ മടപ്പുരയും തമ്മിൽ വലിയ ദൂരമൊന്നും ഇല്ലല്ലോ..മാത്രമല്ല മുത്തപ്പന്റെ പ്രസാദമല്ലേ കള്ള്.അപ്പൊ കാണുന്നവർക്ക് മൊത്തത്തിൽ ഒരു ഭക്തി ടച്ചും തോന്നും.
അങ്ങനെ അടുത്ത ദിവസം രാവിലെ തന്നെ ഷാപ്പിലെത്തിയ സ്ഥിരം കസ്റ്റമേഴ്‌സ് ആയ ഞങ്ങൾക്ക് വേണ്ടി സപ്ലയർ കണാരേട്ടൻ സ്പെഷ്യലായി മാറ്റിവെച്ച 'സൊയമ്പൻ' സാധനവും 'ചാക്കണ'യും വലിച്ചു കേറ്റിയപ്പോ എല്ലാ തവണയും ഉള്ളതുപോലെത്തന്ന കൂട്ടത്തിൽ ആർക്കോ ഒരു ബുദ്ധി തോന്നി....
"എടാ ഞായറാഴ്ചയായത് കൊണ്ട് പറശ്ശിനി അമ്പലത്തിൽ ഇഷ്ടം പോലെ 'കിളികൾ' വരാൻ സാധ്യതയുണ്ട് ...തിരക്കിനിടയിൽ തൊട്ടും ഉരുമ്മിയും.....ഹോ....അതൊരു സുഖം തന്നെയായിരിക്കും....."
അങ്ങനെ അവന്റെ അഭിപ്രായം ഉൾപ്പുളകത്തോടെ ശിരസാ വഹിച്ച് പാർക്കിങ് ൽ വണ്ടിയും വെച്ച് ഞങ്ങൾ മുത്തപ്പ സന്നിധിയിലേക്കുള്ള പടവുകൾ ഇറങ്ങാൻ തുടങ്ങി. മുത്തപ്പ ദർശനത്തിനായി പോകുന്നവരുടെയും കഴിഞ്ഞു മടങ്ങുന്നവരുടെയും തിരക്കിനിടയിലൂടെ ഏകദേശം പകുതിയോളം പടികൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ എതിർവശത്ത് നിന്നും ഞങ്ങളുടെ നാട്ടുകാരിയായ നാണിയമ്മ കഷ്ടപ്പെട്ട് പടികൾ കയറി വരുന്നത്‌ കണ്ടു.
"ഈ വയസ്സുകാലത്ത് വയ്യാത്ത കാലും വച്ച് ഇങ്ങോട്ടെഴുന്നള്ളേണ്ടുന്ന വല്ല കാരൃ വും ഉണ്ടായിരുന്നോ തള്ളേ..."
കള്ളിന്റെ മത്തിൽ ചുവന്ന കണ്ണും കുഴയുന്ന നാവുമായി ഞങ്ങളുടെ കൂട്ടത്തിലുളള സാബുവാണ്‌ അത്‌ ചോദിച്ചത്.
"മുത്തപ്പനെ തൊഴാൻ വന്നതാ മക്കളേ.എന്റെ സങ്കടം കാണാൻ എന്നും വേറെ ആരാ കൂടെയുള്ളത്‌".
ഇതും പറഞ്ഞു നാണിയമ്മ ഞങ്ങളെ കടന്ന് നടന്നു നീങ്ങി.
സാബു വിടാൻ തയ്യാറില്ലായിരുന്നു.
"നാണിയമ്മ പറഞ്ഞത് കേട്ടോഡാ....കെട്ടിയോൻ പണ്ടേ ചത്തു പണ്ടാരമടങ്ങി.ആകെയുള്ള മോനും തളളയെ ഉപേക്ഷിച്ച് പ്രേമിച്ച പെണ്ണിന്റെ കൂടെ പോയി.എന്നിട്ടും തള്ള പറയുന്നു കല്ല് കൊണ്ടുണ്ടാക്കിയ ആ ദൈവം കൂടെയുണ്ടെന്ന്‌.വല്ലാത്ത ജന്മങ്ങള് തന്നെ.തള്ളക്ക് വട്ടാ...കൂയ്....."
സാബുവിന്റെ പഞ്ച് ഡയലോഗ് കേട്ട് അവിടെ കൂട്ടച്ചിരിയുയർന്നു.
നാണിയമ്മ തിരിഞ്ഞു ഞങ്ങളുടെ അരികിലേക്ക് വന്ന് ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.
"മക്കളേ...നിങ്ങൾ പറഞ്ഞത് ശരി തന്നെയാ....ഒൻപത് മാസം ചുമന്ന് നൊന്തു പ്രസവിച്ച മകന്റെ മനസ്സ് എന്റെ കണ്ണീരിന് മുന്നിൽ അലിഞ്ഞിട്ടില്ല... പിന്നെയാണോ അമ്പലങ്ങളിലെ കൽ വിഗ്രഹങ്ങൾ...അതെനിക്കും നന്നായറിയാം.എങ്കിലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ആ നടയിൽ ചെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു, ആവലാതികൾ പങ്ക് വെക്കുമ്പോൾ കിട്ടുന്ന ഒരാശ്വാസമുണ്ട്.അത് നിങ്ങൾക്ക് മനസ്സിലാവണമെന്നില്ല.ഞാൻ മാത്രമല്ല എന്നെപ്പോലെ ആരോരുമില്ലാത്ത പലരും അങ്ങിനെ തന്നെ.ദൈവം നേരിട്ട് ഇറങ്ങിവന്നു രക്ഷിക്കുകയോ സങ്കടം കേൾക്കുകയോ ഇല്ല എന്ന നല്ല നിശ്ചയത്തോടെത്തന്നെയാണ് മിക്കവരും ഇവിടെ വന്ന് പ്രാർത്ഥിക്കുന്നത്.എന്നാലും ആ പ്രാർത്ഥനയിലും വിശ്വാസത്തിലുമെല്ലാം മനസ്സിന് ആശ്വാസം പകരുന്ന എന്തോ ഒരു ശക്തി കിട്ടാറുണ്ട്.അത് നിങ്ങൾ വിശ്വസിക്കണമെന്ന് ആരും നിർബന്ധിക്കാറില്ലല്ലോ...എങ്കിലും വിശ്വസിക്കുന്നവരെ നിന്ദിക്കാതിരിക്കാനുള്ള മനസ്സ് മക്കൾ കാണിക്കണം.കാരണം ആ വിശ്വാസമാണ് എന്നെപ്പോലുള്ള ആയിരങ്ങൾക്ക് ജീവിക്കാൻ പ്രേരണ നൽകുന്നത്.നിങ്ങൾക്ക് നല്ലത് വരട്ടെ......"
ആ വൃദ്ധയുടെ വാക്കുകൾ ഞങ്ങളുടെ നെഞ്ചിൽ തറച്ചു...വല്ലാത്ത കുറ്റബോധത്തോടെ കുനിഞ്ഞ ശിരസ്സുമായി ഞങ്ങൾ മുത്തപ്പ സന്നിധിയിലേക്ക് പടിയിറങ്ങി......
ഇതിലെ "ഞങ്ങളും" "നാണിയമ്മ"മാരും ഒരുപോലെ ജീവിക്കുന്ന പുണ്യഭൂമിയാണ് നമ്മുടേത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ വന്ദിക്കുന്നില്ലെങ്കിലും നിന്ദിക്കാതിരിക്കാം നമുക്ക്.നമ്മുടെ ദൈവ-മത-രാഷ്ട്രീയ പരമായ വിശ്വാസങ്ങൾ ചില ഗൂഢ ലക്ഷ്യക്കാരാൽ ചൂഷണം ചെയ്യപ്പെടാതിരിക്കട്ടേ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo