Slider

അവളും ഞാനും (ചെറുകഥ )

0
Image may contain: 1 person, beard
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
'എഴുന്നേൽക്കൂ....
കുറേ നേരായില്ലേ ഒരേ കിടപ്പ്. ഇനി കുറച്ചു നേരം എണീറ്റിരിക്കാം.'
അയാൾ അവളുടെ കണ്ണുകളിലേക്ക് ആർദ്രമായി നോക്കി മിഴികൾ തിരിച്ചുകിടന്നു.
അതെ. അവളുടെ കണ്ണുകളിൽ ഇപ്പോഴും ഒരു പ്രതീക്ഷകാണുന്നു. എത്ര തവണ പറഞ്ഞതാണ്, ഇനിയും തനിക്കുവേണ്ടി കാത്തിരിക്കേണ്ടെന്ന്. തനിക്കുവേണ്ടി വെറുതെ ഒരു ജന്മം പാഴാക്കേണ്ടെന്ന്.
വിവാഹം കഴിഞ്ഞ് നാലുവർഷമേ ആകുന്നുള്ളു. അതിനിടയിൽ ഇങ്ങനെ ഒരസുഖം തന്നെ തളർത്തി കിടത്തുമെന്ന് കരുതിയില്ല. പക്ഷേ പാവം കിങ്ങിണി. അവൾക്ക് മൂന്നു വയസ്സല്ലേ ഉള്ളൂ. അപ്പോഴേക്കും അച്ഛനില്ലാത്ത കുട്ടിയായി വളരേണ്ട സ്ഥിതിവന്നു.
താനില്ലാതെ, ഒരു പുരുഷന്റെ തണലില്ലാതെ വെറും 24 വയസ്സുള്ള ശിവപ്രിയക്ക് എങ്ങനെ മുന്നോട്ടുള്ള ജീവിതം നയിക്കുവാനാവും.
തന്റെ പാട്ടുകളായിരുന്നു ശിവയെ തന്നിലേക്കെത്തിച്ചത്. നിറഞ്ഞ സദസ്സിനു മുന്നിലായി തന്റെ പാട്ടുകഴിഞ്ഞ് സ്വയംമറന്ന് കൈയ്യടിക്കുന്ന അവളെ താനും അറിയാതെ നോക്കിനിന്നു. സ്വന്തം രക്ഷിതാക്കളെ ഉപേക്ഷിച്ച് തന്നോടൊത്തു ജീവിക്കുവാൻ അവൾ തയ്യാറായി വന്നപ്പോൾ മറുത്തൊന്നും പറയുവാൻ ഉണ്ടായിരുന്നില്ല.
പിന്നീടുള്ള തന്റെ ഓരോ പാട്ടുകളും അവൾക്ക് വേണ്ടിയായിരുന്നു. നാലുവർഷത്തിനുള്ളിൽതന്നെ താനൊരു അറിയപ്പെടുന്ന ഗായകനായതിനുപിന്നിൽ അവൾ മാത്രമായിരുന്നു... ശിവ...അവളുടെ സ്നേഹം. ..കരുതൽ... വിമർശനം... എല്ലാം തന്നെ സഹായിച്ചു.
പക്ഷേ ഇപ്പോൾ...
ആറുമാസമായി ഈ ആശുപത്രി കിടക്കയിൽ മരണംകാത്ത് താൻ കിടക്കുന്നു. വേദികളിൽനിന്ന് വേദികളിലേക്കായി വിശ്രമമില്ലാത്ത പ്രോഗ്രാമുകളും പ്രാക്ടീസും തന്റെ തൊണ്ടയെ കാർന്നു തിന്നുന്നത് താൻ അറിയാതെപോയി.
വിധി!
അല്ലാതെന്തു പറയുവാൻ. ഇത്രവേഗം തിരിച്ചെടുക്കുവാനാവാം തന്നെ ഇത്രയധികം സ്നേഹിക്കുന്ന ഒരു ഭാര്യയെ ഈശ്വരൻ തന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു തന്നത്.
എത്ര തവണ പറഞ്ഞു. തിരിച്ചു പോകുവാൻ... മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുവാൻ. തന്റെ കാര്യങ്ങൾ അമ്മ ശ്രദ്ധിച്ചുകൊള്ളുമെന്ന്. പക്ഷേ അവളുടെ മറുപടി തന്നെ വല്ലാതെ ഉലച്ചു...
'എനിക്കായിരുന്നു ഈ അസുഖം വന്നതെങ്കിൽ വരുൺ എന്നെ വേണ്ടെന്നുവെച്ച് വേറെ വിവാഹം ചെയ്യുമായിരുന്നോ...?'
ഉത്തരമില്ലായിരുന്നു തനിക്ക്. തന്റെ നെഞ്ചിൽ തലചായ്ച്ചു തന്റെ കവിളിൽ മുത്തമിട്ടുകിടന്ന്... പാവം... ഒരുപാട് കണ്ണുനീരൊഴുക്കി. ആശ്വസിപ്പിക്കുവാൻ വാക്കുകൾക്കായി താൻ പലവട്ടം ശ്രമിച്ചിട്ടും തന്റെ കണ്ഠനാളത്തിലൂടെ ശബ്ദങ്ങളൊന്നും പുറത്തുവന്നില്ല... വലിയ ഒരു തേങ്ങലല്ലാതെ.
ഭൂമിയിൽ ഒരു സ്ത്രീയും ഇത്രയേറെ തന്റെ ഭർത്താവിനെ സ്നേഹംകൊണ്ട് തോല്പിച്ചിരിക്കാനിടയില്ല. ഒരു ജന്മം കൊണ്ട് അനുഭവിക്കേണ്ടി അത്രയും സ്നേഹം ഈ ചുരുങ്ങിയ കാലയളവിൽ അവളെനിക്കു നൽകിക്കഴിഞ്ഞു. താൻ പിശുക്കനാണെന്നാണ് ശിവ എപ്പോഴും പറയുക. മനസ്സിലുള്ള സ്നേഹം പുറമെ പ്രകടിപ്പിക്കാത്ത പിശുക്കൻ....
'വരുൺ...
ഒന്ന് എണീറ്റേ... ഞാൻ പിടിക്കാം... വാ...'
ശിവ തനിക്കെതിരായി തിരിഞ്ഞു കിടക്കുന്ന വരുണിനെ തന്നിലേക്കു ചേർത്തുപിടിച്ച് മെല്ലെ എഴുന്നേൽപ്പിച്ചു.
വരുൺ അപ്പോഴും അവളുടെ നീലമിഴികളിലേക്ക് നോക്കി... അതെ.. ആ മിഴികളിലെ തിളക്കം പ്രത്യാശയുടേതാണ്. അവൾ ഒരുപാട് ആഗ്രഹിക്കുന്നു തന്റെ തിരിച്ചു വരവ്...
ആ തിരിച്ചറിവ് അയാളിൽ അതുവരെ ഇല്ലാതിരുന്ന മറ്റൊരു തീരുമാനത്തിലേക്ക് അയാളുടെ മനസ്സിന് പ്രചോദനമായി. അയാൾ പറഞ്ഞു....
'എനിക്ക് ജീവിക്കണം...
നിന്നെ വിട്ടുപോകാൻ എനിക്ക് വയ്യ...'
ഒരു കൊച്ചു കുഞ്ഞിനേപ്പോലെ കരഞ്ഞുകൊണ്ട് അയാൾ ശിവയുടെ മാറിലേക്ക് ചാഞ്ഞു. അവൾ കൂടുതൽ വിടർന്ന ചിരിയോടെ തന്റെ പ്രാണനെ ചേർത്തുപിടിച്ചു.
***മണികണ്ഠൻ അണക്കത്തിൽ***
Copyright protected
22/10/2018.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo