നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദാവീദിന്റെ രാത്രികൾ .....(കഥ)


രചന .... ശ്രീധർ. ആർ.എൻ
സ്ഫടിക ചിത്രങ്ങളാൽ മായാപ്രപഞ്ചം സൃഷ്ടിക്കുന്ന നിലാവിന്റെ സർഗ്ഗാത്മകതയോടായിരുന്നു അവനേറെപ്രിയം. രാത്രിയുടെ സൗന്ദര്യവും വശ്യതയും അവന്റെ സിരകളിൽ ചാരംപിടിച്ച ഓർമ്മകളെചൂടുപിടിപ്പിക്കും .ചിന്തകളുടെ വേലിയേറ്റങ്ങൾ തീരത്തുചൊരിഞ്ഞ നീർമണിപ്പൂക്കളെ ഇടംകാല്കൊണ്ട് അലസമായി തട്ടിയകറ്റി ദിശാബോധമില്ലാതെ നടക്കുന്ന അവന്റെ വലത്തേകൈത്തണ്ടയിൽപതിഞ്ഞ നനുത്തകരസ്പർശം ....!
അവന്റെ കൈകളിൽ പിടിച്ച് മണൽത്തിട്ടയിൽ കുഴഞ്ഞു വീഴാൻ തുടങ്ങിയ പെൺകുട്ടിയെ ബലിഷ്ഠമായ കരങ്ങളാൽ താങ്ങിനിർത്തുമ്പോൾ പരന്നൊഴുകിയചന്ദ്രിക ഒന്നുകൂടി സമൃദ്ധമായി ...
അലസമായ അവളുടെ മുടിയിഴകൾ ഓടിത്തളർന്ന മുഖത്തെ പാതിയും മൂടിയിരുന്നു ... തിരിഞ്ഞു നിൽക്കവേ അവൾ അവന്റെ പുറകിലേക്ക് മറഞ്ഞുനിന്നു ... അവളുടെ പുറകേ ഓടി വന്നവർ അവന്റെ തീക്ഷണ നയനങ്ങളെ എതിരിടാനാവാതെ പിരിഞ്ഞു പോയി .
"നീയേതാ ... ?"
അവന്റെ ശബ്ദത്തിന്റെ തീവ്രത അവിടെയാക്കെ അലയൊളി തീർത്തു ..
"എന്നെ രക്ഷിക്കണം ... അവർ എന്നെ .. "
രക്ഷ ...! രാത്രി അവനെ ഇതുവരെ പഠിപ്പിക്കാത്ത പാഠം..
ആറാം വയസ്സിലായിരുന്നു,
നിശീഥിനി ആദ്യമായി അവന്റെ മുന്നിൽ പാഠപുസ്തകം തുറന്നത് .. അമ്മച്ചിയെ തോളത്തിട്ട്, ഉത്തരത്തിൽ കെട്ടിയ കയറിന്റെ മറ്റേഅറ്റം അമ്മച്ചിയുടെ കഴുത്തിൽ മുറുക്കുന്ന അപ്പന്റെ ചിത്രം,പൊട്ടിപ്പൊളിഞ്ഞ ചുമരിൽ അവ്യക്തമായിക്കണ്ട പാതിമയങ്ങിയ കുഞ്ഞു കണ്ണുകളിൽ
അന്ന് വിരിഞ്ഞ വികാരം എന്തായിരുന്നെന്ന് അവനോർത്തു .
"ഈ നേരംകെട്ട നേരത്ത് തെണ്ടിത്തിരിഞ്ഞ് നടന്നിട്ടല്ലേ ..?"
"ഞാൻ ഒരാളെ അന്വേഷിച്ച് ...!"
"അധികം അന്വേഷിച്ചാ ..നിന്നെ നാളെ വീട്ടുകാര് അന്വേഷിക്കും .. എവിടാ പോണ്ടേ ..?"
"കോൺവെന്റിലാ."
"വാ നടക്ക്..."
അവൾ അനുസരണയോടെ അവന്റെ കാലടികളെ പിൻതുടർന്നു .. ചീറിപ്പാഞ്ഞു വന്ന ഒരു പഴഞ്ചൻബൈക്ക് അവരുടെ അടുത്തു വന്നുനിന്നു ... അവൾ ഭയന്ന് വീണ്ടും അവന്റെ പുറകിൽ അഭയം തേടി .
"ആശാനേ എങ്ങോട്ടാ .. ഇതാരാ ..?"
"ഡാ ആന്റോ .. നീയാണോ ?.. ഇവളെ ഒന്ന് കോൺവെന്റിൽ ആക്കിയേ .."
"അയ്യോ ആശാനേ വേണ്ട ... എനിക്ക് പേടിയാ ..പോലീസിന് എന്നെ അത്രയ്ക്കും ഇഷ്ടാ .. പ്രത്യേകിച്ച് രാത്രിയിൽ ആശാനാവുമ്പോ പിന്നെ .., ദാ വണ്ടി .. "
"നീയാരെ തേടിയാ വന്നേ ...? " കിക്കറടിക്കുന്നതിനിടെ അവൻ ചോദിച്ചു ..
"ഒരു ഡേവിഡ് ..... ഡേവിഡ് ജോൺ ...!"
"ഡേവിഡ് ജോൺ .... " .അവൻ മന്ത്രിച്ചു ..
ആ പേര് ആദ്യമായി കേട്ട രാത്രി ....
അവന്റെ മനസ്സിൽ വീണ്ടും പുസ്തകത്താളുകൾ മറഞ്ഞു ...
ഏകാന്തതയുടേയും ഒറ്റപ്പെടലിന്റെയുംനൊമ്പരം വല്ല്യമ്മച്ചിയുടെ മടിയിൽ കരഞ്ഞു തീർത്ത ഒരുരാത്രിയിൽ, പതിവിന് വിപരീതമായി പ്രസന്നമുഖഭാവത്തോടെ കയറിവന്ന അപ്പൻ അവനിൽ തീർത്ത വിസ്മയത്തിന് അൽപ്പായുസ്സായിരുന്നു. അപ്പന്റെ പുറകിലായി ഒരാൾ, ... അമ്മച്ചിയെപ്പോലെ ...! വല്യമ്മച്ചി ഒന്നും പറയാതെ ചായ്പ്പിലേക്ക് നടക്കുമ്പോൾ അവന്റെ കൈയ്യിൽ മുറുകേപ്പിടിച്ചിരുന്നു ..
"എന്താ മോന്റെ പേര് ...? "
"ദാവീദ് ... " അവൻ പതിയേ പറഞ്ഞു ..
"അതവന്റെ കെട്ടിത്തൂങ്ങിച്ചത്ത തള്ള വിളിക്കുന്നതാ .... ശരിക്കും പേര് ഡേവിഡ്ജോൺ എന്നാ ..." അപ്പന്റെ മറുപടി അവന് പുതിയ അറിവായിരുന്നു ..
ചിന്തകളുടെ നനുത്ത കാറ്റ് അവനെ പൊതിഞ്ഞു ... ബൈക്ക് അപ്പോഴേക്കും കോൺവെന്റ് ഗേറ്റ് കടന്നു ..
"ഞങ്ങൾ പേടിച്ചു .. നീ ഹോസ്പിറ്റലിൽ നിന്നും പോന്നിട്ട് കുറേ നേരമായല്ലോ ...? "
മദർ അവളെ തന്നിലേക്ക് ചേർത്തു ..
ദാവീദ് അപ്പോഴേക്കും മടങ്ങിയിരുന്നു ...
കടലിന്റെ സാന്ത്വനക്കാറ്റുകൾ അവന്റെ മനസ്സിനെ അന്നെന്തോ കുളിരണിയിച്ചില്ല. മണൽത്തിട്ടയിൽ മലർന്നു കിടക്കുമ്പോൾ 'ഡേവിഡ് ജോൺ ' അവന്റെ ചിന്തകളെ അലട്ടാൻ തുടങ്ങി ..
അന്തർമുഖനായി സ്ക്കൂളിന്റെ വരാന്തകളിലും ക്ലാസ് റൂമിലും തള്ളിനീക്കിയ ബാല്യം.... കുഞ്ഞനുജത്തി പിറന്നതോടെ വീട്ടിലും അവൻ പാടെഅവഗണിക്കപ്പെട്ടു.. മരണക്കിടക്കയിലായ വല്യമ്മച്ചിയുടെ നിർബന്ധത്താൽ പതിമൂന്നാംവയസ്സിൽ വീട് വിട്ടിറങ്ങിയ രാത്രിയിലെ കുഞ്ഞു കാൽത്തളക്കിലുക്കത്തിന്റെ പിൻവിളി അവനെ വീണ്ടും അസ്വസ്ഥനാക്കി .
"ആശാനെ ആ പീറ്റർ പിന്നേം പണിതുടങ്ങീന്നാ തോന്നുന്നേ ... "
"ന്താ ഡാ ആന്റോ..?" ദാവീദ് എഴുന്നേറ്റു .
"മേയറുടെ മകനുമായിട്ടാ ഇപ്പോകൂട്ട് .. ഇന്ന് കോളനിയിൽ വന്ന് നമ്മൾ ഒഴിയുന്നതാ നല്ലത് എന്നൊക്കെ പറയുന്നത് കേട്ടു. .. "
"അവനോട് പോവാൻ പറ ... നമ്മളെവീടേം പോണില്ല .. " ദാവീദിന്റെ ശബ്ദം ദൃഢമായിരുന്നു ...
വീട് വിട്ട അവൻ കയറിച്ചെന്ന ആ കോളനി അവനേറെ പ്രിയപ്പെട്ടതായിരുന്നു. ... അവിടെയുള്ളവർ അവന്റെ എല്ലാമായിരുന്നു.. കോളനി ഒഴിപ്പിക്കാൻ ബുൾഡോസറുമായി വന്ന പോർട്ട് സിഐയുടെ തല തല്ലിപ്പൊളിച്ച രാത്രിയിൽ അവൻ കോളനിക്കാരുടെ രക്ഷകനായി ... ഇന്ന് ആ കടൽത്തീരത്തെ മണൽത്തരികൾ പോലും അവന്റെ ആജ്ഞാശക്തിയെ ഭയപ്പെടും ...
അന്നത്തെ പകൽ അവന്റെ മനസ്സിൽമുഴുവനും തലേന്ന്കണ്ട പെൺകുട്ടിയായിരുന്നു ... അവൾ എന്തിനാവും തന്നെ അന്വേഷിക്കുന്നത് ...?
ഇനി അവൾ ...?
അസ്തമയത്തിന്റെ സൗന്ദര്യത്തിനു പോലും അവന്റെ മനസ്സിനെ ആർദ്രമാക്കാനായില്ല.
"ആശാനേ ദേ ഇന്നലത്തെ ആ പെങ്കൊച്ച് "
ആന്റോ ചൂണ്ടിയ ദിക്കിലേക്ക് അവന്റെ പാദങ്ങൾ യാന്ത്രികമായി ചലിച്ചു.
"നീയെന്തിനാ ഡേവിഡിനെ തിരക്കുന്നേ ..?"
"അറിയാമോ ഡേവിഡിനെ ... പ്ലീസ് " അവളുടെ മുഖത്ത് ആശ്വാസ കിരണങ്ങൾ തെളിഞ്ഞു .
"അറിയാം .. "
അവന്റെ ഉള്ളൊന്നു പിടഞ്ഞു.
"സിറ്റി ഹോസ്പിറ്റലിൽ ഒന്നു കൊണ്ടുവരാമോ .... ഒറ്റത്തവണ മതി ... പ്ലീസ് ..പെട്ടന്ന് തന്നെ വേണം ".
"നീ കാര്യം പറ കൊച്ചേ ...ചുമ്മാ ആളോട് എന്തിനാ ഹോസ്പിറ്റലിൽ വരാൻ പറയുന്നേ ...? "
കാറ്റാടിമരങ്ങൾ അസ്തമയസൂര്യന്റെ കിരണങ്ങൾ ആവാഹിക്കുന്ന ആ മനോഹര സന്ധ്യയിൽ അവൾ പറഞ്ഞകഥ കേൾക്കവേ അവന്റെ മുഖത്തെ ഞരമ്പുകൾ വലിഞ്ഞുമുറുകാൻ തുടങ്ങി ...
"അപ്പൻ മരിച്ചതോടെ മകളെ കോൺവെന്റിലാക്കി പുതിയ മേച്ചിൽപുറങ്ങൾ തേടിയ അമ്മച്ചി ... അവൾക്കൊരു ചേട്ടൻ ഉണ്ടെന്നും കടൽത്തീരത്തെ ഏതോ കോളനിയിൽ ആണെന്നുമറിഞ്ഞ അവൾ , അയാളെ തേടിയിറങ്ങി ... രാത്രിയുടെ നീചക്കൂട്ടങ്ങൾ പിച്ചിച്ചീന്തിയ അവൾ മരണത്തെ മുഖാമുഖം കണ്ട് ഹോസ്പ്പിറ്റലിൽ കിടക്കുന്നു .. അവളുടെ അവസാനത്തെ ആഗ്രഹം ... അവളുടെ ചേട്ടൻ ....
കൊണ്ടു വരാമോ ...? "
ദാവീദിന്റെ മനസ്സിൽ കടലിരമ്പി ...
"നിന്നെ എന്തിനാ ഇന്നലെ അവൻമാര് ഓടിച്ചേ ...? "
അവൾ ഭയത്തോടെ ചുറ്റും നോക്കി
"അവരെന്റെ ചുറ്റും കൂടി ... കൂട്ടുകാരിയോട് കേസ് പിൻവലിക്കാനും ആരേം അറിയില്ലാന്നും പറയണമെന്നുമൊക്കെ പറഞ്ഞു ... പറ്റില്ലാന്ന് പറഞ്ഞതിനാ അവരെന്നെ ... "
"ഡാ ആന്റോ ...പീറ്ററാ ... വിടരുതവനെ.. ഇന്നലെ എന്നെ കണ്ടപ്പോൾ വിട്ടതാ ... ഞാൻ വന്നിട്ടു നോക്കാം ... നീ നമ്മുടെ പിള്ളാരെ റെഡിയാക്കിക്കോ ..."
"വാ ..."
അവളെ പുറകിൽ കയറ്റി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു ...
"നിങ്ങൾ, ..... നിങ്ങളാരാ...?"
"ദാവീദ് ..... അല്ല .. ! ഡേവിഡ് ജോൺ ... "
അവളുടെ മനസ്സിൽ സന്തോഷം അലയടിച്ചു ... ഒടുവിൽ തന്റെ നാൻസി വിജയിച്ചിരിക്കുന്നു.....
അവൾ ദാവീദിനോട് ചേർന്നിരുന്നു. ...
പക്ഷെ ദാവീദ് ...
രാത്രിയുടെ പുസ്തകത്താളുകളിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കുകയായിരുന്നു ...
തന്റെ അനിയത്തി ....
കുഞ്ഞു കാൽത്തളകളുടെ മണിക്കിലുക്കം ദാവീദിന്റെ മനസ്സിൽ തിരയിളക്കം സൃഷ്ടിച്ചു .. ആ പ്രകമ്പനം ബൈക്കിന്റെ വേഗതയിലാവാഹിച്ച് അവർ കുതിച്ചു ...
ഐ സി യു വിന്റെ തണുപ്പിലും അവന് വിയർക്കുന്നുണ്ടായിരുന്നു... മനസ്സിന്റെ ഏതോ കോണിൽ പൊടിപിടിച്ച ഓർമ്മകൾ അവന്റെ മിഴികളെ ഈറനണിയിച്ചു.
''മോളേ ...." അവന്റെ ശബ്ദം ഇടറിയിരുന്നു ...
അവൾ കണ്ണുകൾ പതിയെ തുറന്നു ...
"നാൻസി നോക്ക് ...നിന്റെ ചേട്ടായി ... ഡേവിഡ് ... ഞാൻ കണ്ടുപിടിച്ചു ... നോക്ക് .. " കൂട്ടുകാരിയുടെ മുഖത്തെ സന്തോഷം ദാവീദ് ശ്രദ്ധിച്ചു ...
കുഞ്ഞു പെങ്ങളുടെ കണ്ണുകളിലെ തിളക്കം അവനറിഞ്ഞു ... ആ കൈകൾ ഉള്ളം കൈയ്യിലെടുത്തപ്പോൾ ദാവീദിന്റെ ഉള്ളം തുടിച്ചു ... അവളുടെ മിഴിനീർ അവൻ ഒപ്പിയെടുത്തു ... സംസാരിക്കാനുള്ള അവളുടെ ശ്രമം പക്ഷെ അവളുടെ നില സങ്കീർണ്ണമാക്കി .... കൈയ്യിലെ ചൂട് കുറയുന്ന പോലെ .... പതിയെ പതിയെ അതിന്റെ ശക്തി ക്ഷയിച്ചു ...
കാണാനേറെ കൊതിച്ച ചേട്ടായിയുടെ കൈയ്യിൽ പിടിച്ച് അവന്റെ കുഞ്ഞുപെങ്ങൾ നാൻസി വിടവാങ്ങി.....!
ദാവീദിന് സകല നിയന്ത്രണവും നഷ്ടമായിരുന്നു ...
നിശീഥിനി അതിന്റെ പാഠപുസ്തകത്തിന്റെ താളുകൾ അതിശീഘ്രം മറിച്ചു.....
ചുവന്ന അക്ഷരക്കൂട്ടങ്ങളാൽ എഴുതിയ അദ്ധ്യായത്തിൽ അത് നിശ്ചലമായി ..
പ്രതികാരം ....!
ആ കടൽത്തീരം ഇന്നോളം കാണാത്ത ദാവീന്റെ പടയോട്ടമായിരുന്നു പീന്നീടവിടെ നടന്നത് ... അരിഞ്ഞുതള്ളിയ പൗരുഷങ്ങൾ മണൽത്തരികളെ അരുണ വർണ്ണമണിയിച്ചു .. പീറ്ററും കൂട്ടരും ചേർന്ന് മേയറുടെ പുത്രന് സമ്മാനിച്ച തന്റെ കുഞ്ഞുപെങ്ങളുടെ മാനത്തിന്റെയും ജീവന്റെയും വില .... അവളുടെ ഒരോ തുള്ളികണ്ണീരിന്റെയും കണക്കുകൾ അടങ്ങാത്ത വാശിയോടെ ദാവീദ് അവരിൽതീർത്തു...
ദുഷ്ടശക്തികൾക്കു മേതെ വിജയം വരിച്ച ദാവീദ് രാത്രിയുടെ അനന്തതയിൽ അവന്റെ പടച്ചട്ടകൾ അഴിച്ചു .... അവന്റെ മിഴിനീരിന്റെ ഉപ്പുരസം കടൽ ഏറ്റുവാങ്ങി ...
നിശീഥിനി തന്റെ പുസ്തകത്താളുകളിൽ അവനായി പുതിയ അദ്ധ്യായങ്ങൾ തുന്നിച്ചേർക്കാൻ തുടങ്ങി ...
അവസാനിച്ചു.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot