നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ല്യൂക്രാറ്റിസ്

Image may contain: 1 person, beard and closeup

സുഹൃത്തിന്റെ നിർദേശപ്രകാരമാണ് നഗരത്തിലെ പ്രശസ്തയായ സൈക്ക്യാട്രിസ്റ്റിനെ കാണാൻ കുട്ടപ്പൻ പോയത്. ആദ്യം ഒരു വേവലാതി ഉണ്ടായിരുന്നു - ഒരു ലേഡിയോട് എങ്ങിനെയാ ഇതൊക്കെ പറയുക?
"ഇരിക്കൂ ...എന്താ പ്രശ്‌നം?"
"ഡോക്ടർ ...എനിക്ക് ഇരിക്കാൻ പറ്റുന്നില്ല ! "
"പൈൽസ്, ഭഗന്ദരം, കോർണിക്കോസ, ല്യൂക്രാറ്റിസ് എന്തെങ്കിലും ?"
"ഡോക്ടർ ...അതൊന്നുമില്ല... എനിക്ക് വെറുതെ ഇരിക്കാൻ പറ്റുന്നില്ല "
"രാവിലെ എന്താണ് കഴിച്ചത് ?"
"ഒരു പ്ളേറ്റ് വേവിച്ച കണ്ണീർക്കവിത, കാൽ ചെമ്പ് കടുകിട്ട കുട്ടിപ്പാട്ട്"
"ഉച്ചക്ക് ?"
"ഒരു കിലോ വറുത്ത ചെറു കഥ, ഒരു ചട്ടി നുറുക്കിയ നീണ്ട കഥ
" എഴുത്തുകാരനാണ് അല്ലെ ? എത്ര കാലമായി തുടങ്ങിയിട്ട് ?"
".ഡോക്ടർ... ഒരു വർഷമാവുന്നു "
"രോഗം മൂർച്ഛിക്കുമ്പോൾ ആക്രമണ സ്വഭാവം കാണിക്കുമോ ? "
"ഉറക്കത്ത് പല പെൺകുട്ടികളുടെയും പേരുകൾ വിളിച്ചു പറയും...ഭാര്യയെ പിച്ചും, ഇടിക്കും..
ഡോക്ടർ ..കൈവിടരുത്”
"അക്കാര്യം ഞാനേറ്റു..കൈ ഇങ്ങോട്ട് നീട്ടിയേ...ബി.പി നോക്കട്ടെ "
"താങ്കളുടെ കവിത ഒന്ന് ചൊല്ലാമോ ? നീല സമുദ്രത്തിന്റെ നിഗൂഢത ഓളം വെട്ടുന്ന താങ്കളുടെ കണ്ണുകൾക്ക് എന്ത് വശ്യതയാണ് ! നിലാവ് പൊഴിയുന്ന നെറ്റിത്തടം.. ഹെമിങ്‌വേയുടെ ആകാരം, റ്റെഡ് ഹ്യൂഗ്സിന്റെ താടിയെല്ലുകൾ, ചേതൻ ഭഗത്തിന്റെ ചിരി..."
"ഡോക്ടർ ...അയ്യേ ...നിങ്ങൾ എഴുതുമോ? നിങ്ങൾക്കെന്താ പെട്ടെന്ന് പറ്റിയത് ?"
"താങ്കൾ വരൂ...നമുക്ക് അൽപനേരം നെരൂദയുടെ പ്രണയ കവിതകൾ ആലപിക്കാം...സിൽവിയ പ്ലാത്തിനെ സ്വപ്നം കാണാം.. ആ പഴയ വോൾഗയുടെ തീരത്ത് പുഷ്കിന്റെ പാതകൾ തേടിപ്പോകാം..."
"എന്റെ കൈ വിടാനാ പറഞ്ഞത് ? " കുട്ടപ്പൻ ഡോക്ടറെ ആഞ്ഞൊന്നു തള്ളി. ….ധും.. ധും
"യ്യോ ..അമ്മേ.....കാലമാടാ... എന്നെ ഉറക്കത്തിൽ തള്ളിയിടാനും നോക്കുന്നോ ?” - സ്വപ്‍നം കണ്ട കുട്ടപ്പന്റെ ഇടി-തള്ള് കൊണ്ട് ഭാര്യ ശോഭ ചാടി എഴുന്നേറ്റു...
"ഓ..എടീ നീയായിരുന്നോ ?!...ഞാനൊരു സ്വപ്നം കണ്ടു..സോറി "
പാതിരാക്ക് ഇടിച്ചിട്ട് ഇയാളുടെ ഒരു സോറി ! .ഇയാൾ കാണുന്ന സ്വപ്നം മുൻകൂട്ടി അറിയാൻ കഴിയുന്ന വല്ല യന്ത്രവും ഉണ്ടാവുമോ? ശരീരം തന്റേതാണ്..
ശോഭ തറ ടിക്കറ്റിലേക്ക് തന്റെ ദേഹത്തെ ആവാഹിച്ചു.. ഈ പ്രാന്തനെ ആണല്ലോ തനിക്ക് വിധിച്ചത് ! അപ്പോഴാണ് അവൾ വെറുതെ മേലേടത്ത് കണ്ണനെ ഓർത്തുപോയത്. എത്ര വട്ടം അയാൾ കണ്ണും കയ്യും കാണിച്ചതാണ്!
കവയത്രി അല്ലാത്ത, , സ്വന്തമായൊരു ആകാശം വരെ കൂടെയില്ലാത്ത പാവം ശോഭയുടെ മുൻപിൻ അയാൾ വന്നതിങ്ങനെയാണ് :
കുരുത്തോല പോലെ മുടിയുള്ള കണ്ണൻ !
ഇന്ത്യൻ കോഫി ഹൌസിലെ ചുരുട്ടിയ ചപ്പാത്തി പോലെ രണ്ടു ചെവികളുള്ള കണ്ണൻ !
നാടുകാണി ചുരം പോലെ ഒരു മൂക്കുള്ള കണ്ണൻ !
അന്നൊരു സന്ധ്യക്ക് ചക്കപ്പുഴുക്ക് തനിക്കായി വിളമ്പിത്തന്ന കണ്ണൻ !
അപ്പോൾ കുട്ടപ്പൻ പാതി ഉറക്കത്തിൽ ചിന്തിക്കുകയായിരുന്നു..
ഡോക്ടർ സുന്ദരിയാണ്...മധുര നാരങ്ങ അല്ലികൾ മുറിച്ചു വെച്ചതുപോലുള്ള വിരലുകൾ..അതിൽ നിന്ന് ഒഴുകിപ്പോവുന്ന നീല അരുവികൾ..കവിത കുറുകുന്ന കണ്ണുകൾ.. ശൊ.. കാവ്യ ഭാവനകൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ പോത്തിനെയാണല്ലോ തനിക്ക് കിട്ടിയത്.
ഉറക്കം വരാതെ ഞെരിപിരി കൊള്ളുന്ന ശോഭയുടെ സങ്കടം കണ്ടു തലയിണ തേങ്ങിക്കരയാൻ തുടങ്ങി. കരഞ്ഞു കണ്ണീരിൽ കുതിർന്നുപോയ, ഒരു മാസമായി വിരി മാറ്റിയിട്ടില്ലാത്ത തലയിണ അവളുടെ മാറോടു ചേർന്ന് കിടന്നു.
തന്റെ മാറിൽ തളർന്നുറങ്ങിപ്പോയ ഗാലക്‌സി S9 മൊബൈൽ ഫോണിനെ മൃദുവായി ചുംബിച്ചു ചെരിച്ചു കിടത്തി കുട്ടപ്പനും മെല്ലെ അടുത്ത കഥയുടെ കൂർക്കം വലിയിലേക്ക് വഴുതി വീണു.
അപ്പോൾ ലേഡി ഡോക്ടറും ഒരു സ്വപ്നം കാണുകയായിരുന്നു... തന്നെ ഇറുകെപ്പുണർന്ന് , തന്റെ എഴുത്തിനെക്കുറിച്ച് വാചാലനാവുന്ന, അതിനിടയിൽ കണ്ണിൽ ഉമ്മ വെക്കുന്ന ഒരു ഭർത്താവ്! ഈ അരോചക മൂരാച്ചിയെയാണല്ലോ കൂടെക്കഴിയാൻ കിട്ടിയത് ! ഒന്നിച്ചു പഠിച്ച യുവ കവി സജു എത്ര പുറകിൽ നടന്നതാണ് ! ആറടി പൊക്കമുള്ള, ആനയുടെ നിറമുള്ള, ആരും കാണാതെ ദിനേശ് ബീഡി വലിക്കുന്ന സജു !
ഡോക്ടറുടെ ഭർത്താവും ഒരു ആലോചനയിലായിരുന്നു:
ഇവൾക്ക് വൈകുന്നേരം വരെ ക്ലിനിക്ക്., രാത്രി എഴുത്ത്. ഭാര്യയുടെ കൈപ്പുണ്യം എന്നൊക്കെ എവിടെയോ കേട്ട ഓർമ മാത്രം. ഇവളെ ആരാണ് ചികിൽസിക്കുക? പാൽക്കാരി പാറുവിനെ കെട്ടാൻ അമ്മയോട് എത്ര കെഞ്ചിച്ചോദിച്ചതാണ്. കാച്ചിയ എണ്ണ മുട്ടോളമെത്തുന്ന മുടിയിൽ തേച്ചു കിണറ്റിൻ കരയിൽ ഇരിക്കുന്ന പാറു...കടിച്ചു പകുതിയാക്കിയ പച്ചമാങ്ങ തനിക്കായി തന്ന പാറു.... ഈ സ്വപ്നജീവിയാണല്ലോ തന്റെ തലയിൽ വന്നു വീണത് !
******
" മുത്തശ്ശീ....മുത്തശ്ശിക്ക് സുക്കർബർഗിനെ അറിയോ ? " മുത്തശ്ശിയോട് പേരമോൾ.
"റബ്ബർമൂട്ടിൽ സക്കറിയ ല്ലേ മോളെ ?"
"ഹഹ...മുത്തശ്ശാ....മുത്തശ്ശന് എമ്മാ സ്റ്റോണിനെ അറിയോ ?" മുത്തശ്ശനോട് പേരമോൻ
"പോടാ...പിള്ളേരെ..അങ്ങാട്ടേല് പോയി കളിച്ചാട്ടെ..പോ .പോ.."
പിള്ളേരൊക്കെ ഓടി അടുത്ത വീട്ടിൽ പോയപ്പോൾ മുത്തശ്ശൻ:
“ജാനൂ....നിനക്കെത്ര വയസ്സായി ?”
“അല്ലപ്പാ...നിങ്ങൾക്കെന്തിന്റെ കേടാ...അറുപതു കഴിഞ്ഞിട്ടിണ്ടാവും..നാശം പിടിച്ചൊരു മഴ..”
“എടോ ...മഴയെപ്പറയരുത്...എന്ത് രസാ ഈ ചെറിയ മഴ പെയ്യ്യുന്നത് കാണാൻ. അല്ലേലും നിനക്ക് മഴ ഇഷ്ടല്ല, കോട ഇഷ്ടല്ല,,മരം ഇഷ്ടല്ല. നായേയും പൂച്ചയേയും ഇഷ്ടല്ല...”
"ഒന്ന് പോടാപ്പാ...നിങ്ങൾക്ക് കൊള്ളിക്കിഴങ്ങ് ഇഷ്ടല്ല, എത്ര നല്ല സാമ്പാർ വെച്ചാലും ഇഷ്ടല്ല, ഞാൻ നേര്യത് ഉടുക്കുന്നതും ഇഷ്ടല്ല....”
“ന്നാലും ...എടോ .. നമ്മളെ പോലെ ആരാ ഈ കരയിൽ ഇത്ര സ്നേഹത്തോടെ കഴിയുന്നത്....നിന്റെ കവിള് ഒട്ടിയെങ്കിലും മുത്തം തരുമ്പോൾ എന്താ ഒരു കുളിർമ”
"നിങ്ങ ഒന്ന് പോ മനുഷ്യ...ഇരുപത് വയസ്സാന്നാ കിളവന് വിചാരം പിള്ളേരൊക്കെ ഇപ്പൊ വരും"
"അതാടോ പറഞ്ഞെ...നീ വാ...നമുക്ക് കിഴക്കേ മുറിയിൽ വെറുതെ അങ്ങിനെ മഴയും നോക്കി ഇരിക്കാലോ..."
അൽപ സമയത്തിനകം കിഴക്കേ മുറിയിൽ അറുപതുകളുടെ ആർദ്രമായ പ്രണയത്തിന്റെ ആരവം ഉയർന്നപ്പോൾ മഴ നാണിച്ചു കുട ചൂടി ജനാലപ്പഴുതിലൂടെ ഇടയ്ക്കിടെ അവരെ ഒളിഞ്ഞു നോക്കാൻ തുടങ്ങി..
(Haris)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot