നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹൃദയത്തിൽ ഗർഭംപേറുന്നവർ



By Aisha Jaice
"മീരേ, ദേ ഉണ്ണി ചവിട്ട്ണ്ട്!!
മീരേ ദേ ഉണ്ണി ഉറങ്ങാനുള്ള തയാറെടുപ്പാണ്!
ഇന്ന് ഉണ്ണി എണീറ്റില്ലല്ലോ,കുഞ്ഞാവേ എണീച്ചേ "
സുനിതേച്ചിയുടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ മനസ്സ് നിറയും.തൻ്റെ നിറവയറിൽ കൈകൾ വച്ചുകൊണ്ട് കുഞ്ഞിന്റെ ഓരോ ചലനവും ആസ്വദിക്കുകയാണ് ചേച്ചി.
ചേച്ചിയുടെ ശബ്ദം കേൾക്കുന്നത് കുഞ്ഞിന് വല്ല്യ സന്തോഷമാണെന്നു തനിക്ക് തോന്നാറുണ്ട്. ഒരുപക്ഷെ തൻ്റെ സ്വരം കേൾക്കുന്നതിനേക്കാളേറെ.
വിവാഹം കഴിഞ്ഞ് നാലു വർഷങ്ങൾക്കു ശേഷം വിസ ശരിയാക്കി തന്നെയും കൊണ്ട് ഗൾഫിലേക്ക് വന്നതാണ് ഏട്ടൻ. വന്നു രണ്ടു മാസത്തിനുള്ളിൽ വിശേഷമായെന്നു അറിഞ്ഞപ്പോൾ എല്ലാവരും സന്തോഷിച്ചു.
പിന്നെയാണ് ആ വില്ലൻ കടന്നു വന്നത്. ഛർദി. ഛർദിയോട് ഛർദി. കുറച്ചൂടെ ആഞ്ഞു ഓക്കാനിച്ചാൽ ചിലപ്പോൾ കുഞ്ഞു വായയിൽക്കൂടി വെളിയിൽ വരും!
തനിക്ക് നാട്ടിലേക്കു പോകാനും വയ്യ, അവടന്നു ആരും ഗൾഫിലേക്ക് കൊണ്ട് വരാനുമില്ല. ഏട്ടൻ പരമാവധി ആവുന്നപോലെയൊക്കെ തന്നെ ശുശ്രൂഷിച്ചു. എങ്കിലും ഇടയ്ക്കിടെ തലകറക്കം വരുന്നത് കൊണ്ട് തന്നെ ഒറ്റയ്ക്ക് വീട്ടിലാക്കി ജോലിക്ക് പോകാനും ഏട്ടന് പേടിയായിരുന്നു.
ആ സമയത്താണ് ഏട്ടന്റെ സുഹൃത്തായ വിജയേട്ടനും ഭാര്യ സുനിതേച്ചിയും തന്നെ കാണാൻ വീട്ടിലേക്കു വന്നത്.
"കരുണാ, നീ വിഷമിക്കണ്ട. സുനിത ഇവിടെ കുറച്ചു നാൾ നിന്നോട്ടെ. ഞാൻ ഇടയ്ക്കൊക്കെ വരാമിങ്ങോട്ടു." വിജയേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞു. വലിയ ആശ്വാസമായിരുന്നു ഏട്ടന്.
പിന്നീടങ്ങോട്ട് തൻ്റെ എല്ലാ കാര്യങ്ങളും ചേച്ചിയാണ് നോക്കാറ്. രാത്രി ചേച്ചിയാണ് തൻ്റെ കൂടെ കിടക്കുക. ഒന്ന് തിരിഞ്ഞു കിടന്നാൽപോലും "ന്താ മീരേ ന്തേലും വേണോ"ന്നു ചോദിച്ചു കൊണ്ട് ആ പാവം എഴുന്നേൽക്കും.
"മീര, കുഞ്ഞു ചവുട്ടുമ്പോൾ വേദന തോന്നുമോ?" ചേച്ചി നിഷ്കളങ്ക ഭാവത്തോടെ ചോദിക്കും. അവർക്ക് കുഞ്ഞുങ്ങളില്ല. വിവാഹം കഴിഞ്ഞു പന്ത്രണ്ടു കൊല്ലമായി.
"കുഞ്ഞിന് പേരുകൾ വല്ലതും കണ്ടു വച്ചിട്ടുണ്ടോ മീര?"
"പെണ്കുഞ്ഞാണെങ്കിൽ ആശ എന്നിട്ടാലോ, ആണ്കുഞ്ഞാണെങ്കിൽ അനന്തു."
"ചേച്ചിക്ക് ഇഷ്ടമുള്ളത് വിളിക്കാലോ", താൻ പറഞ്ഞത് കേട്ട് ചേച്ചി പതുക്കെ തൻ്റെ അടുത്തു വന്നു വയറിൽ മുഖം ചേർത്ത് പറഞ്ഞു..
"കുഞ്ഞാവേ, നീ വല്യമ്മേടെ ആശമോളാണോ, അതോ അനന്തുവാണോ!!"
തന്നിലെ ഓരോ ചെറിയ മാറ്റങ്ങളും, പുതിയ അനുഭവങ്ങളും വളരെ സന്തോഷത്തോടെ താൻ ചേച്ചിയോട് പങ്കുവയ്ക്കും. അവർ അതു കൗതുകത്തോടെ കേട്ടിരിക്കും. അങ്ങനെ ഹൃദയത്തിൽ ഗർഭം പേറുന്ന ചേച്ചിയും, ദ്വിഹൃദയിനിയായ താനും ഒരുപോലെ ഗർഭനാളുകൾ ആസ്വദിച്ചു.
നാട്ടിൽ നിന്നും അമ്മായിയുടെ കത്ത് വന്ന ദിവസം. ധാന്വന്തരം തൈലമിട്ടു കുളി കഴിഞ്ഞു ഇരിക്കുകയായിരുന്നു താൻ. ചേച്ചി അടുത്തിരുന്നു എനിക്ക് ജ്യൂസ്‌ ഉണ്ടാക്കാനുള്ള ഓറഞ്ച് തൊലി കളയുകയായിരുന്നു.
ഒരു രസത്തിനു വേണ്ടി ഞാൻ ഉറക്കെ കത്ത് വായിച്ചു.
"പ്രിയപ്പെട്ട മീരയ്ക്ക്,
സുഖം തന്നെയല്ലേ. ചർദ്ധിക്കു കുറവുണ്ടോ മോളെ. മലർ കഞ്ഞി കുടിക്കൂട്ടോ. രാവിലെയും വൈകുന്നേരവും ഗർഭസംരക്ഷിണി കഴിക്കുന്നുണ്ടല്ലോ.
ഒരു പ്രധാനപ്പെട്ട കാര്യം പറയട്ടെ. അവിടെ ഇപ്പൊ സഹായിക്കുന്നത് വിജയന്റെ ഭാര്യയാണെന്ന് അറിഞ്ഞു. എന്തു വിവരക്കേടാണ് നിങ്ങൾ കാണിക്കുന്നത്, അവൾ മച്ചി..."പെട്ടെന്ന് താൻ വായന നിർത്തി. വല്ലാത്ത അസ്വസ്ഥത നിറഞ്ഞ നിമിഷങ്ങൾ.. ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല.
"അയ്യോ, തുണി കഴുകാൻ വെള്ളത്തിൽ ഇട്ടു വച്ച കാര്യം മറന്നു..ചേച്ചിയുടെ ശബ്ദം പതറിയിരുന്നു" അവർ എഴുന്നേറ്റു ബാത്‌റൂമിൽ പോയി വാതിലടച്ചു.
എന്തു ചെയ്യണമെന്നറിയാതെ താൻ കട്ടിലിൽ തന്നെയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചേച്ചി മുറിയിലേക്ക് വന്നു.
"മോളേ, വിജയേട്ടൻ വരുമ്പോൾ ചേച്ചി പോവാണ്. ഞാൻ കാരണം കുഞ്ഞിനൊരാപത്തും"..ചേച്ചി പറഞ്ഞു തീർക്കും മുൻപേ ഞാൻ അവരുടെ വായ പൊത്തി.
"ദേ, കുഞ്ഞാവ പിണങ്ങും ട്ടോ, വല്യമ്മ പോയാല്. കുഞ്ഞാവക്കു അമ്മേക്കാൾ ഇഷ്ടം വല്യമ്മയോടാ. ലെ വാവേ..."
ഞാൻ ചേച്ചിയുടെ കൈകൾ പതുക്കെയെടുത്തു ന്റെ വയറിന്റെ മേലെ വച്ചു. കുഞ്ഞാവ അപ്പോൾ ആഞ്ഞു ചവുട്ടികളിക്കാൻ തുടങ്ങി.
ചേച്ചിയന്നേരം പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ അതൊരു പാഴ്ശ്രമമായി. പൊട്ടിക്കരയുന്ന ചേച്ചിയെ ചേർത്ത് പിടിച്ച് അന്ന് താനും ഒത്തിരി കരഞ്ഞു. എന്തോ ഓർത്തിട്ടെന്ന പോലെ അവർ പാട് പെട്ട് കരച്ചിൽ നിർത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
"മീര, കരയല്ലേ. ഗർഭിണികൾ കരയുന്നത് കുഞ്ഞിനു നല്ലതല്ല ട്ടോ."
*****************************************
പെൺകുഞ്ഞാണ് !! മലയാളി ഡോക്ടർ തന്നോട് പറയുന്നത് പാതിമയക്കത്തിലെന്നപോലെ താൻ കേട്ടു.
പിന്നീട് കണ്ണുതുറക്കുമ്പോൾ ചേച്ചി ദൂരെ മാറി നിൽക്കുന്നതാണ് കണ്ടത്. ആ മുഖത്ത് ന്തോ ഒരു ഭയവും സങ്കടവും കലർന്ന പ്രത്യേക ഭാവംപോലെ...ഞാൻ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ചേച്ചി വേഗം അടുത്തു വന്നു സഹായിച്ചു. കിടക്കയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ വാരിയെടുത്ത് ഞാൻ ആ കൈകളിൽ ഏൽപ്പിച്ചു.
"ചേച്ചീടേം കൂടി മോളല്ലേ ഇവൾ. ന്റെ ചേച്ചി തൊട്ടാലോ എടുത്താലോ ഇവൾക്കൊന്നും വരില്ല. ബാക്കിയുള്ളവർ എന്തും പറഞ്ഞോട്ടെ. എനിക്കും ഏട്ടനും ഒരു പേടിയുമില്ല"
ചേച്ചി പൊട്ടിക്കരഞ്ഞു കൊണ്ട് മോളേ തുര തുരാന്നു കുറേ ഉമ്മ വച്ചു. കണ്ണുകൾ തുറന്ന അവളെ നോക്കി, വല്യമ്മേടെ ആശ മോളേന്നു ചേച്ചി സ്നേഹത്തോടെ വിളിച്ചപ്പോൾ അവൾ പകരം കൊടുത്തത് ഉണ്ണിമൂത്രം പുണ്യാഹമായിരുന്നു.
ഞങ്ങൾ രണ്ടാളും ചിരിച്ചു.
കുഞ്ഞാവ അന്നേരം മോണകാട്ടി കോട്ടുവായിട്ട് വീണ്ടും കണ്ണുകൾ അടച്ചു.
******************************************
വർഷങ്ങൾക്കു ശേഷം..
*************************
"ആശേ, വാവ ചവിട്ടുമ്പോൾ വേദനിക്കുണ്ടോ.നമുക്ക് വയറിൽ കൈവച്ചാൽ അറിയാൻ കഴിയുമോ.?"
അപ്പുറത്തെ ഫ്ളാറ്റിലെ രമ്യയാണ്.
"പിന്നെന്താ, ദേ ഇവിടെ കൈവച്ചു നോക്ക്യേ",ആശ പറഞ്ഞു.
"ആാാ, ദേ ചവുട്ടീലോ.. എനിക്ക് കിട്ടി.. വാവേ ഒന്നൂടെ ചവിട്ടിയെ"
രമ്യ ഒരുപാട് സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറച്ചു കഴിഞ്ഞ് രമ്യ പോയപ്പോൾ, അടിച്ചു വാരിക്കൊണ്ടിരുന്ന രാധേച്ചി ആശയോട് പറഞ്ഞു.
"മോളേ,പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. രമ്യയെ അധികമിങ്ങോട്ട്.... അവൾക്കു കുട്ടികൾ ഇല്ലാത്തതല്ലേ.."
"രാധേ മതി.. അടിച്ചു വാരി തീർന്നാൽ പൊയ്ക്കോളൂ."
അടുക്കളയിൽ നിന്നും മീരയുടെ ശബ്ദമുയർന്നു.
"ആ പിന്നെ ഒന്നൂടെ, നിങ്ങളും ഒരു സ്ത്രീയല്ലേ. മറ്റൊരു സ്ത്രീയെക്കുറിച്ചു ന്തിന് ഇങ്ങനെയൊക്കെ പറയുന്നു.
അങ്ങനെ കുഞ്ഞുങ്ങൾ ഇല്ലാത്തവർ തൊട്ടാൽ ഗർഭിണിക്കും കുഞ്ഞിനും ആപത്താണെങ്കിൽ ദേ ഈ ഇരിക്കുന്ന ആശ, ഇന്നുണ്ടാവുമായിരുന്നില്ല. സ്ത്രീകൾ തന്നെ സ്ത്രീകളെക്കുറിച്ചു എന്തിനാ ഇങ്ങനെ അന്ധവിശ്വാസം പറഞ്ഞു പരത്തുന്നത്."
രാധ ഒന്നും മിണ്ടാതെ അടിച്ചുവാരാൻ തുടങ്ങി.
അപ്പോഴാണ് ഫോൺ അടിച്ചത്.
"അമ്മാമ്മേടെ കുഞ്ഞാവക്കു സുഖാണോ...വാവയോടു പറയു ട്ടോ ആശ, വാവ പുറത്ത് വരുമ്പോൾ സുനിയമ്മമ്മ അവിടെ ഉണ്ടാവുംന്ന്."
സുനിയമ്മാമ്മ വന്നില്ലെങ്കിൽ കുഞ്ഞാവയും ദേ വല്യമ്മേടെ ആശയും പിണങ്ങും ട്ടോ... !!!!!!
"ദേ, വല്യമ്മേ, കുഞ്ഞാവ എന്നെ ചവിട്ടി കൂട്ട്ണ്ട് !" ആശ പറഞ്ഞത് കേട്ട് മറുവശത്തു സുനിത പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
"പണ്ട് നീ മീരയുടെ വയറ്റിനുള്ളിലായിരുന്നപ്പോൾ ന്തായിരുന്നു കഥ. ന്റെ ശബ്ദം കേട്ടാൽ അപ്പൊ തുടങ്ങും കിടന്ന് ചവുട്ടി മറിഞ്ഞു കളിക്കാൻ!!!"
"എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു."
ദൈവമേ, എല്ലാർക്കും നല്ലത് വരുത്തണെ !!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot