നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അരുന്ധതി

Image may contain: 1 person, smiling
.....................
അരുന്ധതി അമ്മയുടെ മടിയിൽ തല വച്ചു കിടന്നു.... തെളിഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി.... വീണ്ടും എനിക്കും നക്ഷത്രങ്ങളെ കാണാൻ പറ്റുന്നു... ഞാൻ മരിച്ചില്ല... അത്ഭുതം...
അമ്മ ആകാശത്തിലേക്കു വിരൽ ചൂണ്ടി പറഞ്ഞു... മോളെ നോക്ക്... അരുന്ധതി നക്ഷത്രം.... അമ്മയുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം.... അമ്മയുടെ വിരൽ തുമ്പിലൂടെ ഞാൻ നോക്കി... കാണുന്നുണ്ടോ.... പരസ്പരം തൊട്ടുരുമ്മി നിൽക്കുന്ന ആ രണ്ടു നക്ഷത്രങ്ങളിൽ ഒന്നിനെ .എന്റെ പേരുള്ള നക്ഷത്രം. ഇല്ല... എനിക്കു കാണാനാവുന്നില്ല.... അരുന്ധതി നക്ഷത്രത്തെ കണ്ടാൽ ആയുസ്സ് കൂടും.... അമ്മ പറയും...ഞാൻ കാണാറുണ്ടായിരുന്നു.... ഇന്ന്... ഇന്നെന്തോ ഞാൻ കണ്ടില്ല.... എന്റെ കണ്ണുകളിൽ നിന്നും അപ്രത്യക്ഷമാകുന്ന ആ നക്ഷത്രം.... എന്നെ എന്തോ ഓർമിപ്പിച്ചു....
ഞാൻ അമ്മയോട് നുണ പറഞ്ഞു.... ഞാൻ കാണുന്നു....
അമ്മയെ നോക്കി... അമ്മയുടെ ചുണ്ടുകൾ എന്തോ ഉരുവിടുന്നു...അമ്മ പ്രാർത്ഥിക്കുകയാണ്.... എന്റെ മോൾക്ക്‌ ആയുസ്സ് കൊടുക്കണേ..... കുറെ വർഷങ്ങളായി അമ്മ പ്രാർത്ഥിക്കുന്നത് അതു മാത്രമാണ്.... എന്നിൽ നിന്നും വേറിടാൻ കാത്തു നിൽക്കുന്ന ആയുസ്സിനെ എന്നിലേക്ക്‌ വിളക്കി ചേർക്കാൻ പ്രാർത്ഥിക്കുന്ന അമ്മ...
ആകാശത്തിന്റെ വിരിഞ്ഞ മാറിലൂടെ ഒഴുകി നീങ്ങുന്ന നക്ഷത്രങ്ങൾ.... നക്ഷത്രങ്ങൾ മരിക്കുന്നില്ല.... സൂര്യൻ.... ചന്ദ്രൻ.... ഭൂമി... ആകാശം...... ഒന്നും മരിക്കുന്നില്ല.....
മനുഷ്യൻ.... മരിക്കുന്നു.... പ്രാണനെ ആവാഹിച്ചു തളർന്ന ജീവന് മരണം നിശ്ചയം....മരണത്തിനു മതമില്ല... ഭാഷയില്ല... സത്യം.... ഞാനിതാ മരണത്തിന്റെ മൊഴി കേൾക്കുന്നു....
അമ്മേ...... ഞാൻ അമ്മയെ വിളിച്ചു.... അമ്മ കേട്ടുവോ? അമ്മ നക്ഷത്രത്തെ നോക്കിയിരുന്നു.... അടുത്ത ജന്മം അമ്മ എനിക്കു മകളായി പിറക്കണം... ഒരു ജന്മത്തിന്റെ കടം തീർക്കണം.... പാലൂട്ടണം.... കൈ പിടിച്ചു നടത്തണം.... പിന്നെ പിന്നെ....
അമ്മയെന്ന പുണ്യം പേറണം....
അമ്മ കേട്ടില്ല... അരുന്ധതി ഒന്നുകൂടി അമ്മ മടിയിൽ ചുരുണ്ടു കൂടി.... തണുക്കുന്നു.... മേലെ പുതപ്പു കൊണ്ടു മൂടി.... ഡോക്ടർ തന്ന പുതപ്പാണ്... പച്ചമരുന്നിന്റെ മണം....
കഴിഞ്ഞു പോയ ജന്മദിനം എനിക്ക് ഇരുപത്തിഅഞ്ചു വയസ്സായി എന്നു ഓർമിപ്പിച്ചു.... അന്ന് ബോധം ഉണ്ടായിരുന്നില്ല... മരണത്തിനും ജീവിതത്തിനും ഇടയിലൂടെ.... ഒരു നേർത്ത ചരടിന്റെ നിഴൽ..... അതിൽ കൊരുത്ത ജീവൻ.....
പത്താമത്തെ വയസ്സിലാണ് എന്നെ തേടി ജുവനൈൽ ഡയബറ്റിക് എന്ന രോഗം വരുന്നത്... ഒരു നിഴലായി.... ശാപമായി.... അതെന്നെ വരിഞ്ഞു മുറുക്കി.... ഇനി ഒരിക്കലും വിട്ടു പോകില്ലെന്ന് ശപഥം ചെയ്തു എന്നിൽ കുടിയിരുന്നു. ആ പ്രായത്തിൽ അതെന്നെ കൊല്ലാതെ കൊന്നു കൊണ്ടിരുന്നു..... ശരീരം ചുട്ടു പൊള്ളും പോലെ.... ഛർദി.... തല നേരെ നിവർത്തി നിൽക്കാൻ പറ്റാത്ത അവസ്ഥ....തല പിളരുന്ന വേദന... അസ്വസ്ഥ..... തനിക്കു പ്രിയപ്പെട്ട ഭക്ഷണങ്ങൾ വിലക്കപ്പെട്ടു.... മധുരം കഴിക്കാൻ പറ്റാതെയായി... ഇൻസുലിൻ എന്റെ കൂട്ടു തേടിയെത്തി....അതു പിന്നെ ജീവിതത്തിന്റെ ഭാഗമായി..... പിന്നെ പിന്നെ..... അസുഖങ്ങൾ എന്നെ തേടി എത്തികൊണ്ടിരുന്നു.... ഹോസ്‌പിറ്റൽ ജീവിതം..... ജീവിതത്തിന്റെ താളം മാറുന്നു. അമ്മയുടെ ഉറക്കം നഷ്ടപ്പെട്ടു.... എനിക്കായി അമ്മ ഉണർന്നിരുന്നു.... എന്റെ ബാല്യം, കൗമാരം,യൗവ്വനം എല്ലാം അസുഖങ്ങൾക്കിടയിലൂടെ പൊയ്ക്കൊണ്ടിരുന്നു... അങ്ങനെ എല്ലാവർക്കും
ഇടയിൽ എനിക്കൊരു പേര് വീണു... "സുഖല്ല്യാത്ത കുട്ടി "..
ജീവിതത്തിനോട് എനിക്കു വല്ലാത്ത ആവേശമായിരുന്നു.... ശരീരം തളർത്താൻ നോക്കിയിട്ടും മനസ്സ് തളർന്നില്ല.... പഠിത്തം പൂർത്തിയാക്കി... ഇതിനിടയിൽ കാഴ്ച കുറഞ്ഞു വന്നു... കണ്ണിനു അതിയായ വേദന.... പുറത്തേക്കു നോക്കാൻ പറ്റില്ല.... തല വേദന.... കുറെ നാൾ ഹോസ്പിറ്റലിൽ കിടന്നു... കണ്ണിനു ഓപ്പറേഷൻ വേണ്ടി വന്നു... കാഴ്ച തിരിച്ചു കിട്ടി ...
എനിക്കു തോന്നാറുണ്ട്... അമ്മ എന്ന ഒരു വാക്കിലാണ് എന്റെ ജീവിതം തൂങ്ങിയാടുന്നത്... ആ കൈകൾ എന്നെ വീഴാതെ താങ്ങി നിർത്തി.....
ഇൻസുലിന്റെ ഉപയോഗവും, മരുന്നുകളും എന്റെ ആരോഗ്യം നശിപ്പിച്ചു കൊണ്ടിരുന്നു .... അങ്ങനെ എന്റെ കിഡ്‌നിയുടെ പ്രവർത്തനവും നിലച്ചു..... കിഡ്നി മാറ്റി വയ്ക്കാൻ ആവില്ലെന്ന് ഡോക്ടർ പറഞ്ഞു... എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിനങ്ങൾ....
മരണം എന്റെ അടുത്തേക്ക് നടന്നടുക്കുന്നവോ? ഞാൻ ദുഃസ്വപ്നങ്ങൾ കാണാൻ തുടങ്ങി.... കറുത്ത രൂപങ്ങൾ.... എന്നെ വലിച്ചിഴച്ചു കൊണ്ടു പോകുന്നു.... കറുത്ത പൂഴി മണ്ണിൽ മുഖം താഴ്ന്നു പോകുന്നു.... പ്രാണൻ കിട്ടാതെ ഞാൻ പിടഞ്ഞു.... രാത്രിയിൽ ഉറക്കത്തിൽ ഞാൻ പാതി മരണത്തിലേക്ക് വഴുതി വീണു കൊണ്ടിരുന്നു.... അമ്മ ഉറങ്ങാതെ.... കണ്ണടക്കാതെ.... എന്റെ ഹൃദയമിടിപ്പിന് കാവലിരുന്നു.....
ആഴ്ചയിൽ മൂന്നു ഡയാലിസിസ്.... കഴുത്തിൽ കുത്തിയിറക്കിയ നീളമുള്ള സൂചി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു.... എന്റെ രൂപം.... മുടി കൊഴിഞ്ഞു പോയിരുന്നു.... പ്രാണൻ മാത്രം അവശേഷിപ്പിച്ച മൃതതുല്യമായ ദേഹം.... എന്റെ മുഖം എന്നെ കൊന്നു കളഞ്ഞു... വികൃതമായി..... കറുത്ത കുരുക്കൾ നിറഞ്ഞ തൊലി.....
മരണത്തിലേക്ക് എത്തി നോക്കി കൊണ്ടിരുന്ന ചില മുഖങ്ങളും സഹതാപസ്വരങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു.... ഞാൻ ആരെയും കാണാൻ ആഗ്രഹിച്ചില്ല... എന്റെ ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ ഞാൻ മരണത്തെ കാത്തു കിടന്നു... ശവംനാറി പൂക്കൾ ഇരുട്ടിൽ എനിക്കു വേണ്ടി വിടരുന്നത് സങ്കൽപ്പിച്ചു.... എന്റെ ജീവിതം....
ഇതു മനുഷ്യജന്മം തന്നെയോ? ഞാൻ കരഞ്ഞാലും കണ്ണുനീർ വരാറില്ല... വേദന കൊണ്ടു ശരീരവും മനസ്സും പുളഞ്ഞാലും എനിക്കു കണ്ണുനീർ അന്യമായിരുന്നു...
അങ്ങനെ ഒരിക്കൽ... എന്റെ മുറിയുടെ ഇരുട്ടിൽ ചുരുണ്ടു കൂടി കിടക്കവേ ഞാൻ ആരുടെയോ കാലൊച്ച കേട്ടു.... വേനലിൽ മഴ പെയ്തു... പുതുമണ്ണിന്റെ ഗന്ധം... ആരുടെയോ കരസ്പർശം... എനിക്കു പരിചയമില്ലാത്ത സുഗന്ധം.... എന്റെ ജീവിതത്തിലേക്ക് എന്നെ തേടി വന്ന ഒരാൾ.... ഋഷി ഡോക്ടർ...
മണ്ണിൽ അലിഞ്ഞു പോകുമായിരുന്ന ഒരു വിത്ത് ഉണർന്നു.... പ്രാണന്റെ തുടിപ്പ്... അതു മെല്ലെ തല പൊക്കി പുറത്തു വന്നു... ആകാശം നോക്കി... സുര്യനെ നോക്കി.... ഞാനും വരുന്നു... പച്ചനാമ്പുകൾ പുറത്തു കാട്ടി ചിരിച്ചു.. രണ്ടാം ജന്മം....
ആരോ പറഞ്ഞറിഞ്ഞു എന്നെ തേടി വന്ന ആൾ... സൂര്യ തേജസ്സ് നിറഞ്ഞ മുഖം... നീണ്ട താടിയും.... വെളുത്ത വസ്ത്രവും.... എനിക്കു ചിത്രങ്ങളിലെ മാലാഖയെ ഓർമ വന്നു... അയാൾ എന്നെ കൈ പിടിച്ചു നടത്തി... അരുന്ധതി മരണം കാത്തിരിക്കുകയല്ലേ.... ഇനിയുള്ള കുറച്ചു ദിവസങ്ങൾ എനിക്ക്.... ഞാൻ പറയുന്നത് പോലെ ജീവിക്കാമോ? അയാൾ ചോദിച്ചു... ഞാൻ തലയാട്ടി... എന്റെ വിറയ്ക്കുന്ന ദേഹത്തെ അയാൾ താങ്ങി.... ഇന്നു മുതൽ അരുന്ധതി രോഗിയല്ല... ശരിയല്ലേ? തലയാട്ടി.. ദൈവമാണ് മുന്നിൽ... അങ്ങനെ തോന്നി പോയി... എന്തോ വല്ലാത്ത ആശ്വാസം.... ഡോക്ടർ എന്റെ കൈകളിൽ അമർത്തി ഉഴിഞ്ഞു... നെറ്റിയിൽ... തലയിൽ..... എന്നിലേക്ക്‌ അരിച്ചു കയറുന്ന പ്രാണന്റെ ശക്തി.... എന്തായിരുന്നു അതു?
ഒരു മിന്നൽ പ്രവാഹം.....
അതുവരെ ഞാൻ കഴിച്ചിരുന്ന മരുന്നുകൾ എല്ലാം അയാൾ പുറത്തേക്കു വലിച്ചെറിഞ്ഞു... ഇതൊന്നും വേണ്ട.... പ്രകൃതിചികിത്സ.... യോഗ... അതായിരുന്നു ചികിത്സാരീതി....ഞാൻ എന്നു വേണ്ട എന്നു പറയുന്നുവോ അതു വരെ... ഞാൻ പറയുന്ന മരുന്നുകൾ എല്ലാം കഴിക്കണം....ഡോക്ടർ അതു കൂടെ കൂടെ പറയും. ദിവസവും യോഗ ചെയ്യണം...
ഡോക്ടർ പറഞ്ഞതെല്ലാം അനുസരിച്ചു....
രണ്ടാം ജന്മത്തിന്റെ തുടക്കം... ഡോക്ടർ അമ്മക്ക് എന്തൊക്കെ ചെയ്യണം എന്നു പറഞ്ഞു കൊടുത്തു....
എനിക്ക് പ്രകൃതിയെ കാട്ടി തന്നു... ഓരോ പുൽനാമ്പുകൾ.... പച്ചിലകൾ... പൂക്കൾ... വേരുകൾ.... എന്നിലേക്ക്‌ ഒഴുകി വരുന്ന പ്രാണന്റെ നേർത്ത ശ്വാസം....
കുവളം... തുളസി.... ആര്യവേപ്പ്... ചിറ്റമൃത്.... അങ്ങനെ എനിക്കു മുന്നിലുള്ള ഇലകൾ പലതും എന്നിൽ പ്രാണന്റെ ഉറവയായി....
പ്രകൃതി അതിന്റെ മുലപ്പാൽ എന്നിലേക്ക് ചുരന്നു.... ഞാൻ വായ തുറന്നു... കണ്ണു തുറന്നു... അതെന്നിൽ അമൃതവർഷമായി പെയ്തു കൊണ്ടിരുന്നു....
പഞ്ചലോഹം ഇട്ടു തിളപ്പിച്ച്‌ ആറ്റിയ ജലം... അതെനിക്ക് വല്ലാത്ത ശക്തി തന്നിരുന്നു...
ഡോക്ടർ പറഞ്ഞത് പോലെ എല്ലാം ചെയ്തു. ഞാൻ ജീവിതത്തിലേക്ക് മെല്ലെ മെല്ലെ തിരിച്ചു വന്നു..എന്നിൽ മാറ്റങ്ങൾ വന്നു തുടങ്ങി.
അവസാനിച്ചു എന്നു കരുതിയ കുത്തിൽ നിന്നും വീണ്ടും പുനർജ്ജന്മം...
അമ്മയുടെ തെളിഞ്ഞ മുഖം.... അമ്മ ഒരു തപസ്സു
പോലെ എല്ലാം ചെയ്തിരുന്നത്... മോളുടെ ആയുസ്സ്... അതിനപ്പുറം ഒരു ചിന്തയും അമ്മയുടെ മനസ്സിൽ വരാറില്ല .
ഇനി കാണാൻ കഴിയില്ലെന്ന് കരുതിയതെല്ലാം വീണ്ടും കണ്ടു.... മരങ്ങൾ... പൂക്കൾ... കിളികൾ... അമ്പലത്തിൽ പോയി....പാടത്തു ചെറിയ വരമ്പിലൂടെ നടന്നു... വിളയാത്ത നെൽ കതിര് പറിച്ചെടുത്തു.... ഉള്ളിലെ പാൽ പോലെ മധുരമുള്ള നെല്ല് മണികൾ..എനിക്കു അത് കഴിക്കാൻ ഇഷ്ടമായിരുന്നു.
കണ്ണാടിയിൽ നോക്കി കണ്ണെഴുതി.... പൊട്ടു തൊട്ടു....മുഖത്തെ കുരുക്കൾ എല്ലാം മാഞ്ഞു തുടങ്ങി.....തലയിൽ മുടി വന്നു തുടങ്ങിയിരിക്കുന്നു..... എനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കഴിഞ്ഞു.... എന്റെ ലോകം ഒരു സാധാരണ പെൺകുട്ടിയെ പോലെ ആവുന്നു....സ്വപ്നമാണോ ഇത്?
ഡോക്ടർ വിളിക്കുമായിരുന്നു.... എനിക്കറിയാത്ത എന്തോ ഒരു അടുപ്പം.... വല്ലാത്ത സംരക്ഷണം ആയിരുന്നു.... ജീവന്റെ.... പ്രാണന്റെ.... ദൈവത്തിന്റെ കൈകൾ..... മനുഷ്യശരീരത്തെ പറ്റി.... പ്രകൃതിയെ പറ്റി.... പച്ചമരുന്നുകളെ പറ്റിയെല്ലാം ഡോക്ടർ പറഞ്ഞു തന്നിരുന്നു....
നാളുകൾ കഴിയുന്തോറും എന്റെ ആരോഗ്യം മെച്ചപ്പെട്ടു...തനിയെ എല്ലാം ചെയ്യാം.... മനസ്സ് സന്തോഷം കൊണ്ടു പറന്നു....
ചിട്ടയായ മരുന്നുകളും യോഗയുമായി മാസങ്ങൾ കടന്നു പോയി.
അങ്ങനെ ഞാൻ ഒരു സാധാരണ ജീവിതത്തിലേക്ക് വരികയായിരുന്നു...ബന്ധു വീടുകളിൽ പോയി തുടങ്ങി... കല്യാണങ്ങൾ കണ്ടു... മനസ്സ് വല്ലാത്ത ആഘോഷത്തിമിർപ്പിലായിരുന്നു.
അതിനിടയിൽ അമ്മക്ക് സുഖമില്ലാത്ത അവസ്ഥ വന്നു. അതെന്നെ വല്ലാതെ ബാധിച്ചു. അമ്മ കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു... ചിട്ടകൾ തെറ്റി...അറിയാതെ എന്നിൽ ഭയം കടന്നു വരുന്നു.
എനിക്കു മരുന്ന് കഴിക്കാൻ മടിയായി തുടങ്ങി... ഇടയിൽ എവിടെയോ പിഴച്ചു.... വാക്ക് തെറ്റിച്ചു..... ഒരു ദിവസം വിളിച്ചു സംസാരിച്ചപ്പോൾ ഡോക്ടർക്കു മനസ്സിലായിരുന്നു..എന്നെ ചീത്ത പറഞ്ഞു .."ഇനി എന്നെ വിളിക്കരുത്... ഞാൻ ട്രീറ്റ്മെന്റ് നിർത്താണ്".... ദേഷ്യം നിറഞ്ഞ സ്വരം. അദ്ദേഹം പറഞ്ഞ ഒന്നു രണ്ടു കാര്യങ്ങൾ ഞാൻ ചെയ്തിരുന്നില്ല...എന്തു സംഭവിച്ചാലും മരുന്ന് നിർത്തരുതെന്നുള്ള ഡോക്ടറുടെ വാക്കാണ് തെറ്റിച്ചത്.
അദ്ദേഹം ഫോൺ വച്ചു.... ദിവസങ്ങൾ... ആഴ്ചകൾ... ഡോക്ടർ വിളിച്ചില്ല....
എന്റെ ഹൃദയം വല്ലാതെ പിടഞ്ഞു.... എന്നിൽ നിന്നും എന്തോ നഷ്ടപെട്ടത് പോലെ... പേടിയായിരുന്നു എനിക്ക്... പിന്നെയും.... ഞാൻ ആ നശിച്ച ലോകത്തേക്ക് തിരിച്ചു പോകുമോ? ഞാൻ വിളിച്ചിട്ട് ഡോക്ടർ ഫോൺ എടുത്തില്ല .. എന്നെ കാണാൻ വന്നില്ല...
ഞാൻ ശരിക്കും തകർന്നു... മരണത്തിൽ നിന്നും പ്രാണൻ തിരികെ തന്നിട്ട്... പിടിച്ചു പറിക്കും പോലെ... ശരീരം തളർന്നു.. മനസ്സ് തളർന്നു.... മരുന്നുകൾ ശരീരത്തെ അവഗണിച്ചു....
പിന്നെയും ദുഃസ്വപ്നങ്ങൾ എന്നെ തേടിയെത്തി... കറുത്ത രൂപങ്ങൾ.... എന്നിലേക്ക്‌ ഇഴഞ്ഞു കയറിയ കറുത്ത പാമ്പിന്റെ കണ്ണുകളിലെ പക ഞാൻ കണ്ടു.... ഉറക്കെ നിലവിളിച്ചു കരഞ്ഞു......
ഷുഗർ ലെവൽ താഴ്ന്നു രാത്രിയിൽ പലപ്പോഴും അബോധാവസ്ഥയിൽ ആയി.... ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല.... മരണത്തിലേക്ക് വഴുതി കൊണ്ടിരിക്കുന്നു.... ഇടയ്ക്കു പിടച്ചിൽ... ആരുടെയൊക്കെയോ അവ്യക്തമായ കരച്ചിൽ.... പാതി മയക്കത്തിൽ... പാതി മരണത്തിൽ... ഞാൻ അറിയാതെ .. എന്നെ ആരോ വലിക്കുന്നു... എപ്പോഴോ ഞാൻ ഉണർന്നപ്പോൾ ഹോസ്പിറ്റലിന്റെ മടുപ്പിക്കുന്ന ഗന്ധം.... ഞാൻ മരിച്ചോ? ഒന്നും അറിയുന്നില്ല.... കണ്ണുകൾ തുറക്കാൻ പറ്റുന്നില്ല....
പിന്നെയും ഉറക്കത്തിലേക്കു...
ഇടയിൽ എനിക്കു ബോധം വന്നപ്പോൾ ഞാൻ അറിഞ്ഞു..........
ഡോക്ടർ വന്നിരിക്കുന്നു....
എനിക്കു പരിചിതമായ ഗന്ധം... എന്റെ കൈകളിൽ ഡോക്ടർ മുറുകെ പിടിച്ചിരുന്നു... തലയിൽ അമർത്തി ഉഴിഞ്ഞു.... വായിൽ എന്തോ ഒഴിച്ചു തന്നു.... കണ്ണുകൾ തുറന്നപ്പോൾ ഞാൻ ആ മുഖം കണ്ടു... ദൈവത്തിന്റെ കണ്ണുകൾ.... ഡോക്ടർ എന്നെ ചാരിയിരുത്തി.... എന്നിൽ പ്രാണൻ വീണ്ടും ഉണർന്നു.... പക്ഷേ ആ മുഖം പ്രസന്നമല്ല ..... കണ്ണുകളിൽ അലിവ്.... ഞാൻ സംസാരിക്കാൻ ശ്രമിച്ചു.... ശബ്ദം അടഞ്ഞിരുന്നു... എത്ര ദിവസമായി എന്റെ ശബ്ദം പുറത്തു വന്നിട്ടു... ഡോക്ടർ എന്തേ എന്നെ വിളിക്കാഞ്ഞേ.... കാണാൻ വരാതിരുന്നേ.... ഞാൻ ചോദിച്ചു... ഡോക്ടർ അമ്മയോട് കുറച്ചു നേരം മാറി നില്കാൻ പറഞ്ഞു.... ഡോക്ടർ എന്റെ തലയിൽ കൈ വച്ചു... കണ്ണടച്ചു പ്രാർത്ഥിച്ചു...ഡോക്ടർ പറയുന്നത് ഞാൻ കേട്ടു. മരണം വഴി മാറാൻ പറഞ്ഞു.... മരണത്തിനു പോംവഴികളില്ല... മറുമൊഴികൾ ഇല്ല... പ്രാണന്റെ പ്രയാണം.... മരണത്തിന്റെ മുനപിലേക്കു.... സത്യം..... അരുന്ധതി ഞാൻ നിസ്സഹായൻ ആണ്.... മരണം എന്ന കർമഫലം അനുഭവിക്കണം......നിന്റെ വിധി. എനിക്കു നുണ പറയാൻ അറിയുന്നില്ല..... ഡോക്ടറുടെ സ്വരം ഇടറി...... എന്റെ ചുണ്ടിൽ നേരിയ ചിരി... തണുപ്പ് തോന്നി... ഡോക്ടർ എന്നെ ഒരു പുതപ്പ് കൊണ്ടു മൂടി.... എന്റെ കൈകളിലെ പിടി അഴിഞ്ഞു.... കണ്ണുകളിൽ എന്തോ വന്നു മൂടുന്നു.... മങ്ങിയ വെളിച്ചത്തിൽ ഞാൻ ആ മുഖം ഒന്നു കൂടി കണ്ടു..... ഋഷി... എന്റെ ആരോ ആയിരുന്നു....
കുറെ ദിവസത്തെ ഹോസ്പിറ്റൽ വാസത്തിനു ശേഷം ആരോഗ്യനില മോശമായപ്പോൾ അമ്മ ഡോക്ടറെ വിളിക്കുകയായിരുന്നു.... ഒടുവിൽ വന്നു..... ഞാൻ കണ്ണു തുറന്നു....ഡോക്ടറെ കണ്ടു..... പറഞ്ഞ കാര്യങ്ങൾ ഓർമ വരുന്നുണ്ട്... എന്നെ അത് എന്തോ വേദനിപ്പിച്ചില്ല. തിരികെ വീട്ടിൽ വന്നു....ഡോക്ടർ തന്ന ആ പുതപ്പു പുതച്ചു ഇപ്പോൾ ദാ അമ്മയുടെ മടിയിൽ ഇങ്ങനെ കിടക്കുന്നു....നക്ഷത്രങ്ങളെ നോക്കി.... കാണാത്ത അരുന്ധതി നക്ഷത്രത്തെ കണ്ടുവെന്ന് പറഞ്ഞ്....
മനസ്സിനും ശരീരത്തിനും ആശ്വാസം.... സന്തോഷം... ഡോക്ടർ എന്നെ കാണാൻ വന്നു..".മോൾക്ക് കഞ്ഞി തരട്ടെ "
അമ്മ ചോദിച്ചു... ഞാൻ തലയാട്ടി... അമ്മ സ്പൂണിൽ കഞ്ഞി കോരി വായിൽ തന്നു.... നല്ല വിശപ്പ്‌....
കഞ്ഞി കുടിച്ചു അമ്മയുടെ തോളോട് ചാരി കട്ടിലിൽ ഇരുന്നു... ജനലിലൂടെ എനിക്കു നിലാവ് കാണാം... മുറ്റത്തു വീണു കിടക്കുന്ന പവിഴമല്ലി പൂക്കൾ...
കൂവളം മിഴി പൂട്ടി ഉറങ്ങുന്നു.... അമ്മ എന്നെ ചേർത്തു പിടിച്ചു... നെറ്റിയിൽ ഉമ്മ വച്ചു.."മോൾക്ക്‌ വയ്യായ ഇല്ലാലോ?" അമ്മ ചോദിച്ചു.... ഇല്ല.. "അമ്മ ഉറങ്ങിക്കോ. ഞാൻ അമ്മേടെ മേൽ ചാരി കിടക്കട്ടെ
എനിക്കു ഉറക്കം വരുന്നു."ഞാൻ പറഞ്ഞു...എന്റെ കണ്ണുകൾ ഇന്നു നിറഞ്ഞു..... ഒരു വേർപാടിന്റെ ധ്വനി......
കണ്ണുകൾ അടഞ്ഞു....ശരീരം തളരുന്നു.......പുതപ്പു ഒന്നൂടെ ചേർത്തു പിടിച്ചു... തണുപ്പ്...... ഹൃദയമിടിപ്പ് മെല്ലെ മെല്ലെ കുറയുന്നു..... എന്നിൽ നിന്നും അകന്നു പോകുന്ന പ്രാണന്റെ കാലൊച്ച.... ആരോ അടുത്തിരുന്നു... ഞാൻ പിടിക്കാം... എന്റെ കൂടെ വരൂ... നനുത്ത ശബ്ദം.... എനിക്കു ഭയം തോന്നിയില്ല... ഞാൻ അമ്മയുടെ തോളിൽ നിന്നും മരണത്തിന്റെ തോളിലേക്ക് തല ചായ്ച്ചു.... അതെന്നെ ചേർത്തു പിടിച്ചു.... അമ്മയെ നോക്കി.. അമ്മ ഉറങ്ങുന്നു... പാവം... അമ്മക്കിനി ഒരിക്കലും എനിക്കു കാവൽ ഇരിക്കണ്ട... ഉറങ്ങട്ടെ.... ഋഷിയുടെ മുഖം.... അതും മാഞ്ഞു.....
പതിയെ പതിയെ ഞാൻ ആ ലോകത്തേക്ക്....
preetha sudhir

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot