നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പോള്‍ തരകന്‍ ഐ.പി. എസ്


“അലന്‍ മാത്യു എന്ന പത്തു വയസ്സുള്ള കുട്ടിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.‍ നമ്മുടെ പ്രതിനിധി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിജയന്‍നായര്‍ക്കൊപ്പമുണ്ട്. പറയൂ സര്‍ ,എന്താണ് പോലീസിന്റെ നിഗമനം ?”ചാനല്‍ അവതാരക പറയുന്നത് കേട്ട് പോള്‍ തരകന്‍ തന്റെ നരച്ച കണ്‍പുരികങ്ങള്‍ ചുളിച്ചുകൊണ്ട് ടി.വിയിലേക്ക് സൂക്ഷിച്ചുനോക്കി. ഓള്‍ഡ്‌ ഏജ് ഹോമിനു തൊട്ടടുത്തായിരുന്നു ആ മരണം നടന്നത്.
“ഇതൊരു ആത്മഹത്യ തന്നെയാണ്.കുട്ടിയുടെ വീട്ടുകാരും ക്ലാസിലെ മറ്റു കുട്ടികളുമായി ഞങ്ങള്‍ സംസാരിക്കുന്നുണ്ട്..”പോള്‍ തരകന്‍ ടി.വി സ്ക്രീനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാക്കുകളും ആ മുഖവും പരിശോധിച്ചു.ഓഫിസറുടെ കണ്ണുകള്‍ ചോദ്യകര്‍ത്താവില്‍നിന്ന് തെന്നിമാറുന്നു.ഒരു കൈ പാന്റിന്റെ ഇടത്തെ പോക്കറ്റില്‍ താഴ്ന്നിരിക്കുന്നു..മറുകൈ കൊണ്ട് ഇടക്കിടക്ക് ചെവിയുടെ പുറകില്‍ ചൊറിയുന്നുണ്ട്.കൊമ്പന്‍മീശയില്‍ തലോടി പോള്‍തരകന്‍ പിറുപിറുത്തു.
“റെസ്റ്റ്ലെസ്.ഈ ഓഫീസര്‍ക്ക് ആ മരണത്തിന്റെ കാര്യത്തില്‍ സംശയമുണ്ട്.”
ഇത് പോലൊരു മരണം പണ്ട് സര്‍വീസിലിരുന്നപ്പോള്‍ അന്വേഷിച്ചതാണ്.പള്ളിപരിസരത്തോ മറ്റോ ആത്മഹത്യ ചെയ്ത കുട്ടി.പക്ഷെ കാറ്റില്‍ പറക്കുന്ന മൂടല്‍മഞ്ഞു പോലെ ഓര്‍മ്മകള്‍ പിടിതരാതെ ഓടിമാറുന്നു.ആ മരണവും ഇതും തമ്മില്‍ നല്ല സമാനത തോന്നുന്നുണ്ട്.പക്ഷേ വിശദാംശങ്ങള്‍ ഓര്‍മ്മിക്കുവാന്‍ കഴിയുന്നില്ല.അദ്ദേഹം അവതാരികയെ ശ്രദ്ധിച്ചു.ചുവന്ന സാരിയും വലിയ വളയം പോലെയുള്ള ഇയര്‍ റിംഗ്സുമാണ് അവള്‍ ധരിച്ചിരിക്കുന്നത്‌.ഇന്നലെ അവള്‍ ധരിച്ചത് എന്തായിരുന്നു?.പച്ച ചുരിദാറും തീരെ വലിപ്പം കുറഞ്ഞ നെക്ക്ലെസും.?ഇത്തരം ദുരന്തവാര്‍ത്തകള്‍ അവതരിപ്പിക്കുമ്പോള്‍ അവള്‍ ചുവന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നുണ്ടാവുമോ ?ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന ഓര്‍മ്മകളെ കുറച്ചു നിയന്ത്രിക്കുവാനാണ് ഇത്തരം കാര്യങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കുന്നത്.പിന്നെ അദ്ദേഹം ടി.വിയില്‍ കാണുന്ന പോലീസ് സ്റ്റേഷന്റെ പരിസരത്തിലേക്ക് കണ്ണോടിച്ചു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ഡി.വൈ.എസ്.പിയായിരുന്നപ്പോള്‍ തന്റെ സബ്ഡിവിഷന്റെ കീഴിലായിരുന്ന ആ സ്റ്റേഷന്‍ തന്നെയാണോ ഇത് ?ആ സ്റ്റേഷന്റെ മുന്‍പില്‍ ഒരു വാക നില്‍പ്പുണ്ടായിരുന്നു.അതിന്റെ ചുവട്ടില്‍വച്ച്...
പൊടുന്നനെ ക്യാമറ പോലീസ് സ്റ്റേഷന്റെ പരിസരം ഒന്ന് കൂടി പാന്‍ ചെയ്തപ്പോള്‍ ആ വാക കണ്ടു.തന്റെ ഓര്‍മ്മ ശരിയായതില്‍ അയാള്‍ സന്തോഷിച്ചു.ആ വാകയുടെ ചുവട്ടില്‍വച്ച് പണ്ടൊരു സ്ത്രീയെ ചോദ്യംചെയ്തതാണ്. നഗരത്തിലെ ഒരു ലോഡ്ജില്‍ വച്ച് സ്ഥലത്തെ ഒരു പ്രധാനദിവ്യനുമൊന്നിച്ചു അവളെ അനാശാസ്യത്തിനു പിടികൂടിയിരുന്നു.കൂസലില്ലാതെ അവള്‍ പറഞ്ഞു.
“ഞങ്ങള്‍ രണ്ടു കൂട്ടരും തെറ്റ് ചെയ്തിട്ടില്ല സാറേ.മാത്തചേട്ടന്‍ എന്റെ ഒരു ബോയ്‌ഫ്രണ്ടാ..”
അതോര്‍ത്തപ്പോള്‍ പോള്‍ തരകന്റെ ചുണ്ടില്‍ ഒരു ചിരിപൊട്ടി..അയാള്‍ തനിയെചിരിക്കുന്നത് കണ്ടു ഓള്‍ഡ്‌ ഏജ് ഹോമിലെ രണ്ടു നഴ്സുമാര്‍ പരസ്പരം നോക്കി ചിരിച്ചുകൊണ്ട് ഹാളിലൂടെ നടന്നുപോയി.പോള്‍ തരകന്‍ അവരെ കണ്ണിറുക്കി കാണിച്ചു.
“ഹോ,പ്രായമിത്രേമായിട്ടും കിളവന് ഇളക്കത്തിനു ഒരു കുറവുമില്ല.”
“പഴേ ഐ.പി.എസാടി.”
അവര്‍ പറയുന്നത് കേട്ടുകൊണ്ടാണ് ആനി ഹാളിലേക്ക് വന്നത്. ഓള്‍ഡ്‌ ഏജ് ഹോമില്‍ തരകനു അധികം സുഹൃത്തുക്കളില്ല.അയാളെ സഹിക്കാന്‍ പാടാണ് എന്നാണ് മറ്റുള്ള വൃദ്ധരുടെ അഭിപ്രായം.ആകെയുള്ള രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണ് എഴുപതു വയസ്സ് കഴിഞ്ഞ അധ്യാപികയായി വിരമിച്ച ആനി.മറ്റെയാള്‍ വക്കീല്‍ ഭാസ്ക്കരമേനോന്‍.ആസ്തമ കാരണം സന്ധ്യയായാല്‍ വക്കീല്‍ മുറിക്ക് പുറത്തു വരില്ല.കുളിച്ചു ഫ്രെഷായാണ് ആനി വന്നത്. സന്തോഷം നിറഞ ഭൂതകാലത്തിന്റെ കര്‍ട്ടന്‍പോലെയാണ് ആനിയുടെ മുഖം എന്നാണ് പോള്‍തരകന് അവരെ കാണുമ്പോള്‍ തോന്നാറ്.
“ എന്താ തരകാ,പുതിയ വല്ല കുസൃതിയും ഒപ്പിച്ചോ.?” ഹാളിലെ ചൂരല്‍ക്കസേരകളിലൊന്നു അയാള്‍ക്കരികില്‍ നീക്കിയിട്ട്‌ ഇരുന്നതിനുശേഷം ആനി ചോദിച്ചു.
“ഓ ചുമ്മാ,ഇടയ്ക്കിടെ ബള്‍ബ് കത്തുന്ന പോലെ തലച്ചോറില്‍ ഓരോന്ന് തെളിയും.” തരകന്‍ പറഞ്ഞു.ഹാളിന്റെ വാതില്‍ക്കല്‍ മറ്റൊരു കാല്‍പ്പെരുമാറ്റം കേട്ട് അവര്‍ തിരിഞ്ഞുനോക്കി.
അത് ഗ്രേസി ജോണായിരുന്നു.ഹാളില്‍ തരകനും ആനിയും ഇരിക്കുന്നത് കണ്ടു അവര്‍ വെട്ടിത്തിരിഞ്ഞു നടന്നുപോയി.അത് കണ്ടു ആനി തലകുനിച്ചു ചിരിച്ചു.
“ഞാനിരിക്കുന്നത് കൊണ്ടാവും.എനിക്കറിയിയത്തില്ല ആ പെണ്ണുംമ്പിള്ളക്ക് എന്നോടിത്ര ദേഷ്യം എന്താന്നു ? തല കുടഞ്ഞു കൊണ്ട് പോള്‍ തരകന്‍ ആനിയോടു പറഞ്ഞു.
“അത് വിട് തരകാ,അവര്‍ക്ക് നിങ്ങളോട് ദേഷ്യം തോന്നേണ്ട കാര്യമൊന്നുമില്ലല്ലോ.”
ഡോക്ടര്‍ ഗ്രേസി ജോണ്‍. അവരെ കാണുമ്പോഴാണ് എണ്‍പത് വയസ്സാകാറായ ആ റിട്ടയേഡ് പോലീസ് ഓഫീസര്‍ക്ക് താളുകള്‍ അറ്റ് പോകുന്ന ഓര്‍മ്മപുസ്തകത്തിനോട് വെറുപ്പ് തോന്നുന്നത്.ഗ്രേസി ഏറെക്കാലം ഗവ. ഫോറന്‍സിക്ക് സര്‍ജനായിരുന്നു.പത്തു മുപ്പതു കൊല്ലം മുന്‍പ് ചില കേസുകള്‍ക്ക് വേണ്ടി താനും അവരും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ വിശദാംശങ്ങള്‍ പോള്‍ത്തരകന് ഓര്‍മ്മയില്ല.ഗ്രേസി ജോണിന് തന്നോട് എന്തെങ്കിലും വിരോധമുണ്ടോ ?വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും അവരും എന്തെങ്കിലും കാര്യത്തിനു പിണങ്ങിയിട്ടുണ്ടോ?അവരെ കാണുമ്പോഴെല്ലാം പോള്‍തരകന് ഓലപ്പുല്ലിന്റെ ഓര്‍മ്മയാണ് വരുന്നത്.നനുത്ത ,മഞ്ഞുപുരണ്ട ഓലപ്പുല്‍ത്തുമ്പ്‌.
സമ്പന്നരും സമൂഹത്തിലെ ഉന്നതരുമായ വൃദ്ധര്‍ മാത്രം താമസിക്കുന്ന ആ ആഡംബര ഓള്‍ഡ്‌ ഏജ് ഹോമില്‍ പോള്‍ തരകന്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷം ആവുന്നതേയുള്ളൂ.അതിനു മുന്‍പ് അയാള്‍ കോട്ടയം നഗരത്തിനടുത്തുള്ള സ്വന്തം വില്ലയില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത്. പകല്‍ ഏറെനേരവും ഉറങ്ങിയതിനുശേഷം വൈകുന്നേരം നാല്മണിക്ക് നഗരത്തിനു നടുവിലുള്ള പത്താം പിയൂസ് പാപ്പയുടെ പള്ളിയിലേക്ക് അയാള്‍ ഒരു കിലോമീറ്റര്‍ നടക്കും. കടുത്ത മറവി ദു:ഖത്തിന്റെ അറകള്‍ ഓരോന്നായി അടച്ചുകൊണ്ടിരുന്നതിനാല്‍ അയാള്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നില്ല.എങ്കിലും അള്‍ത്താരയിലെ ചുവന്ന അങ്കി ധരിച്ചു കുരിശില്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്തുരാജാവിന്റെ രൂപത്തില്‍ ഏറെനേരം നോക്കിയിരുന്നു അയാള്‍ പള്ളിയിലെ നിശബ്ദത ആസ്വദിക്കും.അതിനുശേഷം ഒരു കൊന്ത ചൊല്ലും.അത് പൂര്‍ത്തിയാകുമ്പോള്‍ പള്ളിഭിത്തിയിലെ ക്ലോക്കില്‍ അഞ്ചുമണിയാകും.അപ്പോള്‍ അയാള്‍ പള്ളിയില്‍ നിന്നിറങ്ങി ബേക്കര്‍ ജംഗ്ഷനു സമീപമുള്ള ജോയിസ് ബാറിലേക്ക് നടക്കും. ശീതികരിച്ച എക്സിക്യൂട്ടിവ് ബാറിന്റെ ഇരുണ്ട മൂലയിലിരുന്നു അയാള്‍ പച്ചമുളക് കീറിയിട്ട മൂന്നു പെഗു സ്മിര്‍നോഫ് വോഡ്‌ക നാരങാനീര് ചേര്‍ത്തു കഴിക്കും.ആ സമയം ബാറിലെ ടിവിയില്‍ സൂര്യ ചാനലില്‍ സിനിമ തുടങ്ങും.പൈനാപ്പിളിന്റെയും ആപ്പിളിന്റെയും കഷണങ്ങള്‍ കൊറിച്ചു കൊണ്ട് ,മദ്യം മെല്ലെ സിപ്പ് ചെയ്തു പോള്‍ തരകന്‍ സിനിമ ആസ്വദിക്കും.പഴയകാല സിനിമകളായിരുന്നു അയാള്‍ ഇഷ്ടപ്പെട്ടിരുന്നത്. അത്തരം സിനിമകളിലെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള റോഡുകളും വീടുകളും ,ഒരിക്കലും തിരികെ വരില്ലാത്ത വഴിയോരത്തെ മരത്തണലുകളും അയാളില്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു ആതുരത സൃഷ്ടിച്ചിരുന്നു.ബാല്യത്തില്‍ കണ്ടുമറന്ന പ്രിയങ്കരമായ ഒരു സ്വപ്നത്തിന്റെ ഓര്‍മ്മപോലെ.നഗരം ഇരുട്ടില്‍ മുങ്ങാന്‍ തുടങ്ങുമ്പോള്‍ അയാള്‍ മെല്ലെ തിരികെ നടക്കും.മനോരമയുടെ മുന്‍പിലെ തട്ട് കടയില്‍ നിന്ന് ഒരു ലെമണ്‍ ടീയും രണ്ടു ചൂട് ദോശയും ചമ്മന്തിയും കഴിക്കും.തല കുനിച്ചു പതിയെ നടന്നുപോകുന്ന ആ വൃദ്ധനെ കണ്ടാല്‍ ഒരിക്കല്‍ ആ ജില്ലയുടെ പോലീസ് ചീഫായിരുന്നു എന്നാര്‍ക്കും ഊഹിക്കാന്‍ കഴിയില്ല.വഴിയില്‍ കാണുന്ന ഓരോ മുഖവും കാഴ്ചകളും സൂക്ഷിച്ച് വീക്ഷിച്ചു കൊണ്ട് നടക്കുന്ന ആ നടപ്പില്‍ തന്റെ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അപകടത്തില്‍പ്പെട്ടു മരിച്ചു പോയ കാര്യം ഒരിക്കലും പോള്‍ത്തരകന്‍ ഓര്‍ക്കില്ല.എങ്കിലും ഒരിക്കല്‍ ബാറില്‍ വച്ച് കണ്ട ഏതോ സിനിമയില്‍ അപ്രതീക്ഷിതമായി കാര്‍ അപകത്തില്‍പ്പെട്ടു മരിക്കുന്ന ഒരു അമ്മയുടെയും കുട്ടിയുടെയും സീന്‍ പോള്‍ തരകനെ തകര്‍ത്തു..എല്ലാ ഓര്‍മ്മകളുടെയും അണക്കെട്ട് ഒരുമിച്ചു തുറക്കപ്പെട്ട ആ നിമിഷത്തില്‍ താന്‍ വല്ലാതെ ഒറ്റക്കായതുപോലെ അയാള്‍ക്ക് തോന്നി.ബാറിലിരുന്നു പൊട്ടിക്കരഞ്ഞ വൃദ്ധനെ അവര്‍ ഒരു വാഹനത്തില്‍ വീട്ടില്‍ എത്തിച്ചു.അതിനു ശേഷമാണ് അയാള്‍ ലക്ഷങ്ങള്‍ മുടക്കി ഈ ഓള്‍ഡ്‌ ഏജ് ഹോമില്‍ ചേര്‍ന്നത്‌.
നഗരത്തിനകലെ ഒരു ഗ്രാമപ്രദേശത്തെ കൃഷിയിടങ്ങള്‍ക്കിടയില്‍ ,ഫലവൃക്ഷങ്ങള്‍ തിങ്ങിനില്‍ക്കുന്ന തോട്ടത്തിനുനടുവില്‍ ,ഒരു റിസോര്‍ട്ട് പോലെയുള്ള ഓള്‍ഡ്‌ ഏജ് ഹോം.കന്യാസ്ത്രീകള്‍ നടത്തുന്ന ഓള്‍ഡ്‌ ഏജ് ഹോമില്‍ മാനേജര്‍ പ്രാദേശിക പള്ളി ഇടവകയിലെ വികാരിയച്ചനാണ്.സിസ്റ്റര്‍ പ്രിസ്റ്റില്ല എന്ന സൗമ്യയും സ്നേഹസമ്പന്നയുമായ കന്യാസ്ത്രീയാണ് അതിന്റെ ഡയറക്ടര്‍ .പല തരത്തില്‍ ഒറ്റപ്പെട്ടു പോയ ,ഒരുകാലത്ത് സമൂഹത്തെ നിയന്ത്രിച്ചുകൊണ്ടിരുന്ന വ്യക്തികളുടെ കൂട്ടം.പെട്ടെന്ന് ദേഷ്യപെടുന്നവര്‍,കരയുന്നവര്‍ ,പിടിവാശിക്കാര്‍ അങ്ങിനെ പല തരത്തിലുള്ള സ്വഭാവക്കാരായ വ്യക്തികളെ സിസ്റ്റര്‍ പ്രിസ്റ്റില്ല തന്റെ പുഞ്ചിരി കൊണ്ട് നിയന്തിക്കുന്നത് പോള്‍ തരകന് ഒരു അത്ഭുതമായിരുന്നു.ഓള്‍ഡ്‌ ഏജ് ഹോമിലെ ആ വിശ്രമ ദിവസങ്ങളില്‍ പോള്‍ തരകന്‍ പോയ കാലത്തെ കുറിച്ച് ഓര്‍ത്തതേയില്ല.എങ്കിലും കാട്ടുപയര്‍ തിങ്ങിവളര്‍ന്ന റബ്ബര്‍തോട്ടത്തിലെ ഇടവഴിയിലൂടെ നടക്കുമ്പോള്‍ അവിടവിടെ ഉറങ്ങിക്കിടക്കുന്ന കറുത്ത ആട്ടിന്‍കുട്ടികളെ പോലെയുള്ള പാറക്കൂട്ടങ്ങള്‍ കാണുമ്പോള്‍ അയാള്‍ ഒരുനിമിഷം അറിയാതെ നില്‍ക്കും.അത് മുണ്ടക്കയത്തെ തന്റെ റബ്ബര്‍ തോട്ടമാണെന്നും,ഇറച്ചിക്കറിയില്‍ ചേര്‍ക്കാന്‍ സര്‍വസുഗന്ധിയുടെ ഇലകള്‍ തേടി വന്ന തന്റെ ഭാര്യ ആ പാറക്കൂട്ടങ്ങളുടെ അപ്പുറത്ത് നില്‍പ്പുണ്ടെന്നും ഒരു മിന്നല്‍പോലെ അയാള്‍ക്ക് തോന്നും.അത്തരം ഓര്‍മ്മകള്‍ പഴയ ഒരു ആല്‍ബത്തില്‍നിന്ന് ചാടിവരുന്ന ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍പോലെ ഇടയ്ക്കിടെ തെളിയുന്നതൊഴിച്ചാല്‍ ഓള്‍ഡ്‌ ഏജ് ഹോമിലെ തരകന്റെ ജീവിതം ശാന്തമായിരുന്നു.ഗ്രേസി ജോണ്‍ വരുന്നതുവരെ.
തുടക്കം മുതലേ ഗ്രേസിക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ എന്തോ അകല്‍ച്ച അയാള്‍ ശ്രദ്ധിച്ചു.വെളുത്തു മെലിഞ്ഞ ശരീരം.അവര്‍ മിക്കപ്പോഴും വെളുത്ത സാരിയാണ് ധരിച്ചിരുന്നത്.അവരെ ആദ്യം കണ്ടപ്പോള്‍ എവിടെയോവച്ച് കണ്ടു നല്ല പരിചയമുണ്ടെന്ന് പോള്‍ത്തരകന് തോന്നിയെങ്കിലും എവിടെവച്ചെന്നു ഓര്‍മ്മവന്നില്ല.ആകെ ഓര്‍മ്മവരുന്നത് ഒരു ഓലപ്പുല്‍ത്തുമ്പ്‌ മാത്രം.പിന്നെ പരിചയപ്പെട്ടപ്പോഴാണ് അവര്‍ ഫോറന്‍സിക്ക് വിഭാഗത്തിലെ ഡോക്ടര്‍ ആയിരുന്നുവെന്നും ചില കേസുകള്‍ വേണ്ടി പണ്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു അയാള്‍ ഓര്‍മ്മിച്ചത്.കല്ലിച്ച മുഖഭാവമുള്ള ഗ്രേസി പൊതുവേ നിശബ്ദയായിരുന്നു.പോള്‍ തരകനെ കാണുമ്പോള്‍ അവര്‍ നോട്ടം മാറ്റും. അത് അവരുടെ സ്വഭാവത്തിന്റെ ഭാഗമായിരിക്കും എന്ന് അയാള്‍ സമാധാനിച്ചു.പക്ഷെ ഓള്‍ഡ്‌ ഏജ് ഹോമില്‍ മറ്റൊരു വൃദ്ധന്‍ വന്നതോടെ ഗ്രേസിജോണിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തില്‍ ‍ പോള്‍ത്തരകന് വീണ്ടും കല്ല്‌കടിച്ചു.
“അയാള്‍ ,അയാളെ എനിക്ക് നന്നായി അറിയാം.പക്ഷെ അവര്‍ തമ്മില്‍ എന്താണ് ബന്ധം..” അയാള്‍ പിറുപിറുത്തു.
“ആനി,ഒന്ന് ചൂസ് ചെയ്തെ..ഗണ്‍ ഒരു റോസസ് ?” വാര്‍ത്ത കാണുകയായിരുന്ന ആനിയോട് അയാള്‍ പെട്ടെന്ന് ചോദിച്ചു.
“എന്തിനാ ?”
“ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ച കാര്യം ശരിയാണോ ,എന്നറിയാനാ..?”
“ഓക്കെ..ഗണ്‍.”
പോള്‍ത്തരകന്‍ ആവേശത്തോടെ കൈ ചുരുട്ടി ഹാളിലെ ടീപ്പോയിയില്‍ ഇടിച്ചു.
“കണ്ടോ എന്റെ ഊഹം ശരിയായിരുന്നു.ഇത്ര നാളും,എന്റെ മനസ്സിന്റെ തോന്നലുകള്‍ എന്നെ ചതിച്ചിട്ടില്ല.”
“എന്താ തരകന്‍ ഉദ്ദേശിച്ചേ ?”
“അയാള്‍ ..ഹീ വാസ് എ ക്രിമിനല്‍..ഐ നോ ഇറ്റ്‌ ...ആദ്യം കണ്ടപ്പോഴേ എനിക്ക് ഉറപ്പായിരുന്നു..”
“ആരുടെ കാര്യമാ തരകന്‍ പറയുന്നത് ?” ആനി ചോദിച്ചു.
പെട്ടെന്ന് ഹാളിലേക്ക് മറ്റൊരു വൃദ്ധന്‍ കയറിവന്നു.വെളുത്ത ലുങ്കിയും ടീഷര്‍ട്ടും ധരിച്ച ഇരുണ്ട മുഖമുള്ള മനുഷ്യന്‍.പ്രായത്തിന്റെ ചുളിവുകള്‍ വീണു വലിയുന്ന കറുത്ത മുഖപേശികള്‍ ആ മുഖത്തിന്‌ വിജനമായ ഒരു പാറക്കെട്ടിന്റെ ഓര്‍മ്മ ജനിപ്പിക്കുന്നു.അയാളെ കണ്ടതും പോള്‍ത്തരകന്‍ നിശബ്ദനായി.
“ചെറിയാച്ചാ ,വലിവ് കുറവുണ്ടോ ?” ആനി അയാളോട് ചോദിച്ചു.
“തണുപ്പ് കൂടിയാല്‍ പ്രശ്നമാ ആനിടീച്ചറെ ,എന്നാലും ഇപ്പൊ കുറവുണ്ട്.”ചൂരല്‍ കസേരയിലിരുന്നുകൊണ്ട് വൃദ്ധന്‍ പറഞ്ഞു.എന്നിട്ട് അയാള്‍ തരകനോട് ചോദിച്ചു.
“പോള്‍ സാറെ ,ഇന്ന് വൈകിട്ട് നടക്കാന്‍ പോയില്ലേ ?”
“ചെറുപ്പത്തില്‍ കെട്ടിയോള്‍ടെ കൂടെയോ കാമുകിടെകൂടെയോ ഒക്കെ നടക്കാനാരുന്നേല്‍ ഒരു രസമുണ്ടാരുന്നു.ഈ ഓള്‍ഡ്‌ ഏജ് ഹോമിലോക്കെ വന്നിട്ട് എന്ത് നടക്കാനാ..”മുനവച്ച രീതിയില്‍ ഈര്‍ഷ്യയോടെ തരകന്‍ പറഞ്ഞു.ചെറിയാന്‍ ഒരു ചമ്മിയ ചിരി ചിരിച്ചെങ്കിലും അയാളുടെ മുഖം ഇരുളുന്നത് തരകന്റെ പോലീസ് കണ്ണുകള്‍ ശ്രദ്ധിച്ചു.അപ്പോഴേക്കും വാതില്‍ക്കല്‍ വീണ്ടും ഗ്രേസി ജോണ്‍ വന്നു.അതോടെ ചെറിയാന്‍ എഴുന്നേറ്റു അവരുടെ അടുത്തേക്ക് പോയി.
“എന്റെ പൊന്നു പോലീസേ ,ആ ചെറിയാനും ഗ്രേസിയും നടക്കുവോ ഓടുകോ ചെയ്യട്ടെ ,അതിനു നിങ്ങള്‍ക്കെന്താ..? ആനി ചോദിച്ചു.
“ആനി,ഞാന്‍ മുന്‍പ് പറഞ്ഞില്ലേ ..ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് ഇയാളുടെ കാര്യമാ .ഓര്‍മ്മ കിട്ടുന്നില്ല.അയാളെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്.എവിടെയോ വച്ച്.അയാള്‍ എന്റെ കയ്യില്‍ നിന്ന് എപ്പോഴോ രക്ഷപെട്ടുപോയ ഒരു പ്രതിയാണ്.എനിക്ക് നല്ല സംശയമുണ്ട്.അയാളുടെ നോട്ടം,നടപ്പ്..എവരിതിംഗ് ഈസ് സൊ ഫെമിലിയര്‍..”
“എന്നാ ഞാനൊരു സത്യം പറയാം.ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചത് ഗണ്‍ അല്ല റോസസ് ആരുന്നു..”ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.ആനി കൊന്ത ചൊല്ലാന്‍ ചാപ്പലിലെക്ക് പോയപ്പോള്‍ പോള്‍ത്തരകന്‍ വീണ്ടും ചിന്തയില്‍ മുങ്ങി.
ചെറിയാന്‍ വര്‍ഗീസ്‌.അയാള്‍ വന്നതിനുശേഷമാണ് ഗ്രേസിയില്‍ മാറ്റമുണ്ടായത്.അവര്‍ ചിരിക്കാന്‍ തുടങ്ങി.നിറമുള്ള സാരികള്‍ അണിയാന്‍ തുടങ്ങി.രണ്ടുപേരും പകല്‍ സമയം മിക്കവാറും ഒന്നിച്ചായിരിക്കും.ഭക്ഷണം കഴിക്കുന്നതും ,നടക്കാന്‍ പോകുന്നതും ,പ്രാര്‍ത്ഥനാ ഹാളിലേക്ക് വരുന്നതും ,ടി.വി കാണുന്നതും..അവര്‍ തമ്മില്‍ രണ്ടു സാധാരണ വൃദ്ധര്‍ തമ്മിലുള്ളതിനെക്കാള്‍ കൂടുതല്‍ എന്തോ ഒരു അടുപ്പമുള്ളത് പോലെ പോള്‍തരകന് ഫീല്‍ ചെയ്യുന്നുണ്ട്.തനിക്ക് ചെറിയാനെ അറിയാം.ചെറിയാന്‍ ഒരു ക്രിമിനലായിരുന്നുവെന്നു അയാള്‍ടെ മനസ്സു പറയുന്നു.പണ്ട് എപ്പോഴെങ്കിലും താന്‍ അയാളെ പിടിച്ചിട്ടുണ്ടാവണം?അതോ തന്റെ കീഴിലെ ഏതെങ്കിലും സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി?ഭാസ്ക്കരന്‍വക്കീലും അയാളെ എവിടെയോവച്ച് കണ്ടിട്ടുള്ളത്പോലെ തോന്നുന്നുവെന്ന് പറയുന്നു.എവിടെ വച്ച് എന്ന് ഓര്‍മ്മയില്ല.മുറിഞ്ഞുപോകുന്ന ഓര്‍മ്മകള്‍ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്ക് ദേഷ്യം വന്നു.സര്‍വീസിലിരിക്കുമ്പോള്‍ ഒരു ഡയറി സൂക്ഷിക്കെണ്ടതായിരുന്നു.പക്ഷേ തന്റെ സീനിയറായിരുന്ന ഐ.ജി അരവിന്ദാക്ഷന്‍നായര്‍ സാര്‍ നിരുത്സാഹപ്പെടുത്തി. എങ്കിലും ഐ.ജിയോട് അയാള്‍ക്ക് ദേഷ്യമില്ല.ഡയറിക്ക് പകരം എന്തോ വിലയേറിയ സമ്മാനം സര്‍ എപ്പോഴോ തനിക്കു തന്നിട്ടുണ്ട്.പക്ഷേ അത് എന്താണ് എന്നും അയാള്‍ക്ക് ഇപ്പൊ ഓര്‍മ്മയില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐ.ജി മരിച്ചു പോയി.ചിന്തകള്‍ ഭാരപ്പെടുത്തിയപ്പോള്‍ അയാള്‍ തന്റെ റൂമിലേക്ക് പോയി.അലമാരയില്‍ രഹസ്യമായി സൂക്ഷിച്ച വോഡ്കയുടെ ഒരു മുപ്പത് മില്ലി അകത്താക്കിയപ്പോള്‍ ആശ്വാസം തോന്നി.മനസ്സിന്റെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ അയാള്‍ കടലാസില്‍ ടി.വിയില്‍ കണ്ട വിവരങ്ങള്‍ ‍ കുറിച്ചു.
“അലന്‍ മാത്യു .ആ ഒന്‍പതു വയസ്സുകാരന്‍ ആത്മഹത്യ ചെയ്തതാണോ?അമ്മ മരിച്ചതിനു ശേഷം അവന്റെ അപ്പന്‍ ഒരു രണ്ടാംവിവാഹത്തിനു തീരുമാനിച്ചിരുന്നു..അവന്‍ ക്ലാസില്‍ ഒരു മൗനിയായിരുന്നു.അമ്മ മരിച്ചതിനു ശേഷമുള്ള ദു:ഖവും അപ്പന്റെ രണ്ടാംവിവാഹവും ഒക്കെ ചേര്‍ന്നാണോ അവനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് ?പക്ഷെ അത്ര ചെറിയ പ്രായത്തിലുള്ള കുട്ടി ആത്മഹത്യ ചെയ്യുമോ ?ഇനി അഥവാ കൊന്നതാണെങ്കില്‍..ആര്‍ക്കാണ് അത് കൊണ്ട് പ്രയോജനം ?”
ഓള്‍ഡ്‌ ഏജ് ഹോമില്‍ ലൈറ്റുകള്‍ അണയാന്‍ അയാള്‍ കാത്തിരുന്നു.ജീവിതത്തില്‍ ഒറ്റപ്പെട്ടൂപോയ തന്റെ സഹ അന്തേവാസികള്‍ക്ക് രാത്രിയില്‍ ഉറക്കം കുറവായിരിക്കും എന്നറിയാവുന്നത് കൊണ്ട് അയാള്‍ സൂക്ഷിച്ചാണ് പുറത്തിറങ്ങിയത്.മഫ്ലര്‍ തലവഴിമൂടി ഒരു ചെറിയ ടോര്‍ച്ചും കൈയില്‍പിടിച്ചു നിലാവ് ഒളിച്ചുകളിക്കുന്ന റബ്ബര്‍തോട്ടത്തിലേക്ക് അയാള്‍ മെല്ലെനടന്നു.ഏകദേശം ഒരുകിലോമീറ്റര്‍ അകലെ തന്റെ മമ്മിയെ അടക്കിയ പള്ളി സെമിത്തേരിക്ക് പുറകിലെ നാരക മരത്തിലാണ് അലന്‍മാത്യു തൂങ്ങിമരിച്ചത്.
പള്ളിസെമിത്തേരിവരെ സര്‍വീസ് കാലത്തിലെ ഏതോ കേസിന്റെ തുമ്പ് കണ്ടുപിടിക്കാന്‍ പോകുന്നത് പോലെയായിരുന്നു അയാള്‍ നടന്നത്.അതിനിടയില്‍ താന്‍ വന്ന കാര്യം പോള്‍ തരകന്‍ മറന്നുപോയി.നിലാവില്‍ മുങ്ങിയ സെമിത്തേരി കണ്ടപ്പോള്‍ അയാള്‍ക്ക് വീണ്ടും ഭാര്യയെയും മകനെയും ഓര്‍മ്മവന്നു.ഇടിഞ്ഞുപൊളിഞ്ഞ സെമിത്തേരി മതിലിനു മുകളില്‍നിന്ന നാരകമരം കടുത്ത വിഹ്വലത ഉണര്‍ത്തിയെങ്കിലും നിമിഷവും തെന്നികളിക്കുന്ന ഓര്‍മ്മ പോള്‍ തരകനെ വിഷമിപ്പിച്ചു.മെല്ലെ അയാള്‍ സെമിത്തേരിയുടെ തുറന്നുകിടക്കുന്ന ഗേറ്റിന്റെ അരികിലെത്തി.നിലാവ് പൊതിഞ്ഞ ശവക്കല്ലറകള്‍ക്കിടയില്‍ രണ്ടു വെളുത്ത രൂപങ്ങള്‍ ഇരിക്കുന്നത് കണ്ടു അയാള്‍ ഞെട്ടിയില്ല.കാരണം പോള്‍ തരകന്‍ എന്ന പോലീസ് ഓഫീസര്‍ക്ക് പ്രേതങ്ങളെ ഒരുകാലത്തും ഭയമുണ്ടായിരിന്നില്ല.മതിലിനു പുറകില്‍ മറഞ്ഞുനിന്ന് അയാള്‍ അവരെ ശ്രദ്ധിച്ചു.
അത് ഗ്രേസി ജോണും ചെറിയാന്‍ വര്‍ഗീസുമായിരുന്നു.തണുത്തകാറ്റില്‍ പാറിപറക്കുന്ന അവരുടെ നരച്ച മുടിയിഴകള്‍ നിലാവില്‍ കൂടുതല്‍ വെളുത്തു. ആകാശത്തുനിന്ന് വഴിതെറ്റി വന്ന ഗന്ധര്‍വ ദമ്പതികളെപ്പോലെ അവര്‍ കിന്നരിക്കുന്നത് കണ്ടു അയാള്‍ക്ക് ദേഷ്യവും അമ്പരപ്പും തോന്നി.അപ്പോഴാണ്‌ സെമിത്തേരിയിലേക്ക് തലനീട്ടി നില്‍ക്കുന്ന നാരകമരത്തിന്റെ ശിഖരങ്ങള്‍ പോള്‍ തരകന്‍ ശ്രദ്ധിച്ചത്.”അമ്മയുടെ അടുത്തേക്ക് പോകാന്‍ വെമ്പിയ അലന്‍മാത്യു “ എന്ന ടി.വി ചാനലില്‍ വന്ന വാചകം അയാള്‍ ഓര്‍ത്തു.അവിടെനിന്ന് മെല്ലെയിറങ്ങി അയാള്‍ നാരകമരത്തിന്റെ ചുവട്ടിലേക്ക് പോയി..പറക്കാന്‍ വെമ്പുന്ന പക്ഷിക്കുഞ്ഞുങ്ങളെപോലെ നാരകത്തിന്റെ ഇലകള്‍ കാറ്റില്‍ ചലിച്ചു‍ .കടല്‍ പോലെ പരന്ന നിലാവിന്റെ വെളുത്ത നിശബ്ദതയില്‍‍ നാരകത്തിന്റെ വലിയ നിഴല്‍ ഒരു സാന്ത്വനം പോലെ അയാളെ മൂടി.കാരണമൊന്നുമില്ലാതെ അയാള്‍ക്ക് കരച്ചില്‍ വന്നു.പരിശോധന മതിയാക്കി അയാള്‍ തിരികെനടന്നു.
“ഒന്നവിടെ നില്‍ക്കണം .”ആ ശബ്ദം കേട്ട് അയാള്‍ ഞെട്ടി.
അത് വികാരിയച്ചനായിരുന്നു.ആരോ പള്ളിമുറ്റത്തു കൂടി നടക്കുന്ന ശബ്ദം കേട്ട് അച്ചന്‍ ഇറങ്ങിവന്നതാണ്.നിലാവില്‍ തിളങ്ങുന്ന വെളുത്ത ളോഹയില്‍ അച്ചനും ആകാശത്തുനിന്ന് ഇറങ്ങിവന്നത് പോലെ തരകന് തോന്നി. അപ്പോഴാണ്‌ അയാള്‍ സെമിത്തേരിയില്‍ കിന്നരിക്കുന്ന ഗ്രെസിയുടെയും ചെറിയാന്റെയും കാര്യം ഓര്‍ത്തത്.അത് പറഞ്ഞപ്പോള്‍ അച്ചന്റെ ശബ്ദം ഉയര്‍ന്നു.
“സെമിത്തേരിയില്‍ ആരുമില്ല.ഞാന്‍ നിങ്ങളുടെ തൊട്ടു പുറകിലുണ്ടായിരുന്നു..നിങ്ങള്‍ക്ക് ഓര്‍മ്മക്കുറവുണ്ടെന്നു എനിക്കറിയാം.പക്ഷെ രാത്രിയില്‍ ഇറങ്ങിനടക്കുന്നത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്.ഇനി ഇതാവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് ഓള്‍ഡ്‌ ഏജ് ഹോമില്‍ നിന്ന് മാറേണ്ടിവരും.”
വൃദ്ധന്റെ തല കുനിഞ്ഞു. കള്ളം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ മുഖഭാവത്തോടെ അയാള്‍ ഓള്‍ഡ്‌ ഏജ് ഹോമിലേക്ക് നടന്നു.
പിടിവിട്ടുപോവുകയാണ് തന്റെ തലച്ചോറ്.പക്ഷേ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ ഒരു പോലീസ് ഓഫീസര്‍ക്ക് ശക്തിയുണ്ട് എന്ന് ഐ.ജി അരവിന്ദാക്ഷന്‍ സര്‍ പറഞ്ഞിട്ടുണ്ട്.തന്റെ കഴിവ് കണ്ടാണ്‌ ആ മേലുദ്യോഗസ്ഥന്‍ തനിക്ക് ഐ.പി.എസ് സെലക്ഷന് ശുപാര്‍ശ ചെയ്തത്.എപ്പോഴും ധൈര്യം പകരാന്‍ ഒരു വസ്തു സര്‍ തനിക്ക് സമ്മാനം തന്നു.എന്താണ് ആ വസ്തു?.എപ്പോഴാണ് സര്‍ ആ സമ്മാനം തന്നത്?താന്‍ എസ്.പിയായപ്പോഴോ?അതോ സര്‍ റിട്ടയര്‍ ചെയ്തപ്പോഴോ?ഒന്നും ഓര്‍മ്മയില്ല.ആത്മാവിന്റെ പുല്‍മേട്ടില്‍നിന്ന് തന്റെ ഓര്‍മ്മയുടെ വെളുത്തകൂടാരങ്ങള്‍ ഒരു കാറ്റിലെന്ന പോലെ കാലം ഓരോനിമിഷവും ശൂന്യമാകുകയാണ്.ആ സെമിത്തേരിയില്‍ വച്ച് താന്‍ കണ്ടത് ഗ്രേസിയെയും ചെറിയാനെയുമല്ല.ഒക്കെ തോന്നലുകളാണ്‌.എല്ലാം മായക്കാഴ്ചകളാണ്.
പിറ്റേന്ന് രാവിലെ പത്രത്തില്‍ അലന്‍മാത്യുവിന്റെ മരണം ആത്മഹത്യയായി സ്ഥിരീകരിച്ച പത്രവാര്‍ത്ത പോള്‍ത്തരകന്‍ വായിച്ചു.അയാളുടെ കയ്യില്‍നിന്ന് പത്രം വാങ്ങിവായിച്ച ഭാസ്ക്കരന്‍വക്കീലിന്റെ മുഖം വിളറി.
“എനിക്ക് ചെറിയാനെ എവിടെവച്ചാ കണ്ടതെന്ന് മനസ്സിലായി.ഇതേ പോലൊരു കേസായിരുന്നു അതും.ഓര്‍ക്കുന്നിലെ തിരുവല്ലയില്‍ വച്ച് റോസി എന്ന കുട്ടി മരിച്ചത്.!” ഓര്‍മ്മയുടെ പിടിവള്ളി പെട്ടെന്ന് കിട്ടിയ സന്തോഷത്തില്‍ വക്കീല്‍ ആ കേസ് വിശദീകരിച്ചു. തന്റെ തലച്ചോറിലേക്ക് ആരോ ഒരു കുട്ട കനല്‍ വാരിയിട്ടതു പോലെ പോള്‍ത്തരകന്‍ ഞെട്ടി.ഇപ്പോള്‍ എല്ലാം വ്യക്തമാകുന്നു.
ഏകദേശം മുപ്പതുകൊല്ലം മുന്‍പ് തിരുവല്ലയില്‍ വച്ച് ഒരു ഞായറാഴ്ച ദിവസം റോസി എന്ന പതിനാലു വയസ്സുകാരി ആത്മഹത്യ ചെയ്തു. വേദപഠനക്ലാസ് കഴിഞ്ഞു എല്ലാവരും തിരികെ പോയതിനുശേഷം പള്ളി വക റബ്ബര്‍തോട്ടത്തിലാണ് റോസി തൂങ്ങി മരിച്ചത്. അവള്‍ എന്തിനു ആത്മഹത്യ ചെയ്തു എന്ന് ആര്‍ക്കും മനസ്സിലായില്ല.ഒരുപക്ഷെ അവള്‍ക്ക് എന്തെങ്കിലും പ്രണയബന്ധമുണ്ടായിരുന്നിരിക്കണം എന്നൊക്കെ ആളുകള്‍ പറഞ്ഞു.
അന്ന് സണ്ടേസ്കൂള്‍ അധ്യാപകനായിരുന്ന ചെറിയാന്‍ വര്‍ഗീസിനെയും ചോദ്യം ചെയ്തിരുന്നു.അയാള്‍ പക്ഷെ സംശയത്തിന്റെ നിഴലിലായിരുന്നില്ല..കാരണം മരിച്ച റോസി അയാളുടെ അനിയത്തിയായിരുന്നു.ആ മരണം ആത്മഹത്യയല്ലെന്നു തനിക്കു അന്ന് തോന്നിയിരുന്നു.എന്തുകൊണ്ടാണ് അന്നങ്ങിനെ തോന്നിയത് ?പക്ഷേ എന്ത് കൊണ്ടാണ് ആ കേസ് ആത്മഹത്യയായി എഴുതിത്തള്ളിയത് ?ഒന്നും ഓര്‍മ്മയില്ല.
ഭാസ്ക്കരന്‍വക്കീലിനോട് അതെക്കുറിച്ച് ചോദിച്ചിട്ട് അയാള്‍ക്ക് വേറെ ഒരു കാര്യവും ഓര്‍മ്മയില്ല.വക്കീല്‍ ചരമക്കോളത്തിലെ മറ്റു വൃദ്ധരുടെ ചിത്രങ്ങള്‍ നോക്കി പരിചയമുള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കുകയാണ്.
ഒരു ഡയറി സൂക്ഷിച്ചിരുന്നെങ്കില്‍..പോള്‍ തരകന് വീണ്ടും അരവിന്ദാക്ഷന്‍ സാറിനോട് ദേഷ്യം തോന്നി.അത് വീണ്ടും സര്‍ തന്ന സമ്മാനം എന്തെന്ന് ആലോചനയിലെത്തി..ഒരു ബൈബിളല്ലേ അത്?പണ്ട് താന്‍ ഇടയ്ക്കിടെ ആ ബൈബിള്‍ തുറന്നുനോക്കുമായിരുന്നു?അല്ല.ബൈബിള്‍ അല്ല.
ചിന്തിക്കുന്നതിനിടയില്‍ ഗാര്‍ഡനില്‍ റോസ് ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന ഗ്രേസിയെയും ചെറിയാനെയും കണ്ടു..ഇവരില്‍ ഒരാളുടെ മുറിയില്‍ കയറി ഒന്ന് പരിശോധിച്ചാലോ ?ആരുടെ മുറിയില്‍ കയറണം?
“എന്താ വലിയ ആലോചന,പോലീസേ ?രാത്രിയില്‍ കറങ്ങാന്‍ പോകുന്ന വിവരമൊക്കെ എല്ലാവരും അറിഞ്ഞു കേട്ടോ .എന്നിട്ട് പ്രതിയെ കിട്ടിയോ ?” അയാള്‍ മുഖമുയര്‍ത്തി നോക്കി.ആനി ടീച്ചറാണ്.
“ആനി,ഗണ്‍ ഓര്‍ റോസസ് ?”
“റോസസ്”.ആനി ചിരിച്ചുകൊണ്ട് പറഞ്ഞു.
പോള്‍ തരകന്റെ മുഖം തെളിഞ്ഞു.ചെറിയാന്റെ മുറിയില്‍ കയറാം.വൈകുന്നേരം ഗ്രേസിയും ചെറിയാനും നടക്കാന്‍ പോയ സമയംനോക്കി ആരും കാണാതെ അയാള്‍ ആ മുറിയില്‍ കയറി.വാതില്‍ ചാരിയതിനു ശേഷം അയാള്‍ ചുറ്റും നോക്കി.ചെറിയാന്റെ വലിഞ്ഞുമുറുകിയ മുഖംപോലെ മുറിയുടെ അകവും.അടച്ചുപൂട്ടിയ ഷെല്‍ഫുകള്‍.ഒരു കടലാസ് കഷണം പോലുമില്ലാതെ എല്ലാം അടുക്കി വൃത്തിയാക്കിവച്ചിരിക്കുന്നു.ഇവിടെ നിന്ന് ഒന്നും തനിക്ക് ലഭിക്കാനില്ല.ഒരു ചുളിവുപോലുമില്ലാതെ വിരിച്ചിരിക്കുന്ന വെളുപ്പില്‍ ചുവന്ന കളങ്ങളുള്ള മെത്തവിരി കണ്ടപ്പോള്‍ അയാള്‍ ഭാര്യയെ ഓര്‍മ്മിച്ചു.കിടക്കുന്നതിനുമുന്‍പ് എത്രയും ദയയുള്ള മാതാവേ എന്ന ജപം ചൊല്ലുന്ന ഭാര്യ..അവള്‍ ആ കട്ടിലില്‍ ഇരിക്കുന്നത് പോലെ..തന്റെയൊപ്പമിരിക്കാന്‍ അവള്‍ വിളിക്കുന്നത്‌ പോലെ.മെല്ലെ അയാള്‍ ആ മെത്തയിലേക്ക് ചാഞ്ഞു.അപ്പോള്‍ കുഴമ്പിന്റെ ഗന്ധം തങ്ങിനില്‍ക്കുന്ന തലയിണകള്‍ക്കിടയില്‍ എന്തോ തടഞ്ഞു.അയാള്‍ ശിരസ്സുയര്‍ത്തി തലയിണ പരിശോധിച്ചു.അടിയിലെ തലയിണ കവറിനുള്ളില്‍നിന്ന് ഒരു ഡയറിയും മരിച്ചവര്‍ക്ക് വേണ്ടിയുള്ള വണക്കമാസപ്പുസ്തകവും അയാള്‍ക്ക് കിട്ടി.അപ്പോള്‍ ജനാലയഴികള്‍കിടയിലെ ചുവന്ന സന്ധ്യാകാശത്തിന്റെ കീഴില്‍ യുവമിഥുനങ്ങളെപ്പോലെ നടന്നുവരുന്ന ഗ്രേസിയെയും ചെറിയാനെയും പോള്‍ തരകന്‍ കണ്ടു.
പ്രാര്‍ത്ഥനാപുസ്തകം തിരികെവച്ചതിനുശേഷം ഡയറിയുമായി അയാള്‍ വേഗം മുറിയില്‍നിന്ന് പുറത്തിറങ്ങി.മുറിയിലെത്തിയതിനുശേഷം അയാള്‍ ആ ഡയറി തുറന്നു.തീരെ ചെറിയ അക്ഷരത്തില്‍ എഴുതിയ വരികള്‍ വായിക്കാന്‍ കണ്ണാടി തിരഞ്ഞിട്ടു അത് കാണുന്നുമില്ല.വളരെ ആയാസപ്പെട്ട് പോള്‍ തരകന്‍ ആ ഡയറിവായിക്കാന്‍ തുടങ്ങി.പല പേജുകളില്‍ ചിതറിക്കിടക്കുന്ന വരികളില്‍ ചിലത് കണ്ണ്നീര്‍ വീണു നനഞ്ഞത് പോലെ മങ്ങി കാണപ്പെട്ടു.
>>മുപ്പതു കൊല്ലം ഞാന്‍ ഗ്രേസിക്ക് വേണ്ടി കാത്തിരുന്നു.അവള്‍ എനിക്ക് വേണ്ടിയും.ഇന്ന് ഈ വൃദ്ധസദനത്തില്‍ ഞങ്ങള്‍ വീണ്ടും ഒന്നായിരിക്കുന്നു.ഗ്രേസി എന്റെ അപ്പന്റെ ചേട്ടന്റെ മകളാണെന്ന കാര്യം ഇവിടെയും ആര്‍ക്കുമറിയില്ല.ആരും അറിയാതിരിക്കട്ടെ.
>>റോസിയുടെ മരണം അന്വേഷിച്ച പോള്‍ തരകനെ ഇന്ന് കണ്ടു.അയാള്‍ക്ക് നമ്മളെ ഓര്‍മ്മയില്ല എന്ന് ഗ്രേസി പറഞ്ഞു.റോസിയുടെ മുടിയില്‍ കുടുങ്ങിയ ഓലപ്പുല്‍ത്തുമ്പ്‌ ജഡം കിടന്ന സ്ഥലത്തുള്ളതല്ല എന്ന് അയാളാണല്ലോ കണ്ടുപിടിച്ചത്.അതിന്റെ പേരില്‍ ആ മരണം ആത്മഹത്യയല്ല എന്നയാള്‍ ഗ്രേസിയുമായി തര്‍ക്കിച്ചു..(വരികള്‍ അവ്യക്തം)..ഗ്രേസിയുടെ കഴിവ് കൊണ്ട് ജയിലഴികളില്‍നിന്ന് ഞാന്‍‍..(വരികള്‍ അവ്യക്തം )
>>ഇന്ന് തോട്ടത്തിലൂടെ നടക്കുമ്പോള്‍,ആ കറുത്ത പാറക്കൂട്ടങ്ങള്‍ കണ്ടപ്പോള്‍ വീണ്ടും ഞാന്‍ റോസിയെ ഓര്‍ത്തു. അന്ന് ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ ..സ്വന്തം പെങ്ങളെ പ്രേമിക്കുന്ന ചേട്ടായി ഒരു മൃഗമാണ്‌..എന്റെ അനിയത്തി റോസിയെ .എന്റെ കൈ കൊണ്ട് ഞാന്‍.. (പിന്നെയുള്ള വരികള്‍ അവ്യക്തമാണ് )......ഞങ്ങള്‍ മാപ്പ് അര്‍ഹിക്കുന്നില്ല.ഈ ജന്മം മുഴുവന്‍ അവള്‍ടെ ആത്മാവിനു വേണ്ടി നൊവേന ചൊല്ലിയാലും....(വരികള്‍ അവ്യക്തം)..
>>അന്ന് റോസി ‍ പറഞ്ഞ് അപ്പന്‍ ഞങളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ ..അപ്പന്റെ കൈകൊണ്ടു ഞങ്ങളും ..ആങ്ങളയും പെങ്ങളും തമ്മില്‍ പ്രേമിക്കാന്‍ പാടില്ല.അച്ചനും കന്യാസ്ത്രീയും ഇഷ്ടപെടാന്‍ പാടില്ല.സമൂഹത്തിനു മുന്‍പില്‍....(വരികള്‍ അവ്യക്തം)..എങ്കിലും എല്ലാം ആവര്‍ത്തിക്കുന്നത് പോലെ..ഒരു ശിക്ഷയെന്ന പോലെയാണ് ഞങ്ങള്‍ ആ കാഴ്ച കണ്ടത്..
കാഴ്ച വല്ലാതെ മങ്ങിയത് കൊണ്ട് ബാക്കി വരികള്‍ അയാള്‍ക്ക് വായിക്കാന്‍ കഴിഞ്ഞില്ല.എങ്കിലും വികാരിയച്ചന്റെയും സിസ്റ്റര്‍ പ്രിസ്റ്റില്ലയുടെയും ,അലന്‍മാത്യുവിന്റെയും പേരുകള്‍ അയാള്‍ കണ്ടു.പെട്ടെന്ന് വാതിലില്‍ മുട്ട് കേട്ടൂ. ആധി പടര്‍ന്ന മുഖവുമായി ആനി വാതില്‍ക്കല്‍ നിന്നു,
“തരകന്‍ ,ചെറിയാന്റെ മുറിയില്‍ കയറിയോ ?നിങ്ങളുടെ കണ്ണാടി അയാള്‍ടെ മുറിയിലിരുന്നു കിട്ടി.നിങ്ങളെ ഓള്‍ഡ്‌ ഏജ് ഹോമില്‍ നിന്ന് പുറത്താക്കണം എന്ന് പറഞ്ഞു ഗ്രേസിയും ചെറിയാനും ബഹളമാണ്.വികാരിയച്ചനും സിസ്റ്ററും ഇപ്പോള്‍ ആ മുറിയിലുണ്ട്.അങ്ങോട്ട്‌ വേഗം ചെല്ലാന്‍ പറഞ്ഞു.”
അയാള്‍ ആ ഡയറി ആനിയുടെ കയ്യില്‍കൊടുത്തതിനുശേഷം വാതിലടച്ചു.ഒരു ഗ്ലാസ് വോഡ്‌കയുമായി പോള്‍ തരകന്‍ തന്റെ പോലീസ് ബുദ്ധി ഊര്‍ന്നുപോകുന്ന ഓര്‍മ്മകള്‍ക്കുമേല്‍ സര്‍വശക്തിയും പ്രയോഗിച്ചു കേന്ദ്രീകരിച്ചു. ആ നിമിഷത്തില്‍ “റിട്ടയര്‍ ചെയ്ത പോലീസ് ഓഫീസര്‍ എപ്പോഴും സൂക്ഷിക്കണ്ടത് ഡയറിയല്ല” എന്ന് പറഞ്ഞു അരവിന്ദാക്ഷന്‍ സര്‍ തനിക്കു തന്ന സമ്മാനം പോള്‍ത്തരകന്‍ ഒടുവില്‍ ഓര്‍മ്മിച്ചു. ഏറെ തിരഞ്ഞതിനുശേഷം താന്‍ കൊണ്ടുവന്ന പെട്ടിയിലെ ഏറ്റവും അടിയിലെ അറയില്‍നിന്ന് ആ ചുവന്ന ബൈബിള്‍ അയാള്‍ കണ്ടെത്തി.അത് നിവര്‍ത്തി അതില്‍നിന്ന് ഉള്ളം കയ്യില്‍ ഒതുക്കാവുന്ന ,ആറു തവണ നിറയൊഴിക്കാവുന്ന ‘ബെറെറ്റ ലറാമി’എന്ന ജര്‍മന്‍ റിവോള്‍വര്‍ പുറത്തെടുത്തു. ബുളറ്റുകള്‍ ലോഡ് ചെയ്തതെന്നു ഉറപ്പാക്കി ,തോക്ക് പാന്റിന്റെ പോക്കറ്റില്‍ ഒതുക്കി അയാള്‍ പുറത്തുവന്നു.ആ ഡയറി വായിച്ചു വിളറിനില്‍ക്കുന്ന ആനിയോടു പോള്‍ത്തരകന്‍ ഒരിക്കല്‍കൂടി ചോദിച്ചു.
“ഗണ്‍ ഓര്‍ റോസസ്?”
“ഗണ്‍ ഡഫനിറ്റ്ലി.”ഉറച്ച ശബ്ദത്തില്‍ ആനി പറഞ്ഞു.
അയാള്‍ തന്നെ കാത്തിരിക്കുന്നവരുടെ അരികിലേക്ക് നടന്നുപോകുന്നത് ആനി നോക്കിനിന്നു.വളരെ ആയാസപ്പെട്ടാണ് ‍ നടക്കുന്നതെങ്കിലും അയാളുടെ നിഴലിന്റെ ചുവടുവയ്പ്പുകള്‍ ഉറച്ചതായിരുന്നു. ആ നിഴല്‍ മുപ്പതു കൊല്ലം മുന്‍പ് റിട്ടയര്‍ ചെയ്ത പോള്‍ തരകന്‍ എന്ന ഐ.പി.എസ് ഓഫീസറുടെതായിരുന്നു.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot