Showing posts with label NafiyaNafi. Show all posts
Showing posts with label NafiyaNafi. Show all posts

നിർവൃതി



അനുവാദമില്ലാതെ ഫോണിൽ തൊടരുതെന്ന് നിന്നോട് പലയാവർത്തി ഞാൻ പറഞ്ഞതാണ് അനൂ ..
കയ്യിലിക്കുന്ന മോനെ പോലും വകവെക്കാതെ എന്നെ ഏട്ടൻ കട്ടിലിലേക്ക് തള്ളുമ്പോൾ എനിക്കതിൽ ഒരു സങ്കടവും തോന്നിയിരുന്നില്ല ..അതെനിക്ക് പുതുമയുള്ള ഒന്നല്ലായിരുന്നു..അല്ലെങ്കിലും ചോദിച്ചു വാങ്ങിയ വിധിയിൽ എന്ത് പഴിക്കാൻ ..
നീണ്ട രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം അച്ഛനെന്നെ ഹരിയേട്ടന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ സ്വപ്നം കണ്ട ജീവിതം കൈക്കുള്ളിൽ ലഭിച്ച സന്തോഷമാണ് എനിക്ക് കിട്ടിയതെങ്കിൽ മകളെ സുരക്ഷിതമായ കൈകളിൽ ഏല്പിച്ച നിർവൃതിയായിരുന്നു അച്ഛനുണ്ടായിരുന്നത് ..
അമ്മയും ഞാനും ചേച്ചിയുo അച്ഛനുമുള്ള കൊച്ചുലോകത്ത് പലപ്പോഴും ഒരു സഹോദരന്റെ കുറവ് ഞാനറിഞ്ഞത് ചേച്ചിയുടെ വിവാഹത്തോടെയാണ് ..
വീട്ടിൽനിന്നും കുറച്ചകലെയായിരുന്ന ചേച്ചിയുടെ വീട്ടിലേക്ക് അവളെ ഒന്ന് കാണാനും വീട്ടിലേക്ക് കൊണ്ട് വരാനും പ്രായവും ആരോഗ്യപ്രശ്നങ്ങളും വകവെക്കാതെയുള്ള അച്ഛന്റെ യാത്രയും ബുദ്ധിമുട്ടും കണ്ട് ഞാൻ ഉറപ്പിച്ചതായിരുന്നു അച്ഛന്റെയും അമ്മയുടെയും വിളിപ്പാടകലെ ഞാൻ എങ്ങും പോകില്ലെന്നും അവർക്ക് മോനായുള്ള ഒരാളെ മാത്രേ ഞാൻ വിവാഹം കഴിക്കൂ എന്നും..
ഇതിനിടെ മാട്രിമോണിയലിൽ ഫോട്ടോയും വിവരങ്ങളും കണ്ട് ഹരിയേട്ടന്റെ ആലോചന വീട്ടിൽ വരുമ്പോൾ ഇഷ്ടപെട്ടിട്ടും ഞാൻ നിരസിച്ചത് വിവാഹത്തോടെ താമസം ഏട്ടന്റെയും കുടുംബത്തോടും കൂടെ ബാംഗ്ലൂർ ആയിരിക്കും എന്നൊരു കാരണം കൊണ്ട് മാത്രമാണ് .
അന്നെന്റെ പിറന്നാളിന് സമ്മാനമായിട്ട് അച്ഛൻ വാങ്ങിച്ചു തന്ന മൊബൈലാണ് പിന്നീട് മറ്റൊരു തുടക്കത്തിന് കാരണമായത്..ഇടയ്ക്കിടെ പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന മെസ്സേജുകൾ ആദ്യം ഞാൻ മുഖവുരക്കെടുത്തില്ലെങ്കിലും പിന്നീട് ആരാണെന്നും എന്താണെന്നും അറിയാൻ വേണ്ടിയുള്ള മെസ്സേജിന്റെ മറുപടിയിലൂടെയാണ് എനിക്ക് മനസ്സിലായത് ഹരിയേട്ടനാണ് മറുപുറത്തെന്ന് ..
സമ്മാനമായി നൽകിയിട്ടുള്ള ഫോണിൽ അച്ഛൻ ഉപയോഗിച്ച നമ്പർ ആയിരുന്നെന്നും മാര്യേജ് ബ്യൂറോയിലും മറ്റും അച്ഛൻ കൊടുത്ത നമ്പർ ഇതാണെന്ന് പിന്നീട് ഏട്ടൻ പറഞ്ഞപ്പോഴാണ് ഓർമയിൽ തെളിഞ്ഞത് .
ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞും പറഞ്ഞും സൗഹൃദത്തിനപ്പുറം ആ ബന്ധം വളരുകയും പര്യവസാനമെന്നോണം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹത്തിൽ എത്തിപെട്ടപ്പോൾ അച്ഛനും അമ്മയും ഒറ്റക്കാകുന്നതിനെ കുറിച്ചോ ദൂരത്തെയോ ദേശത്തെയോ കുറിച്ചോ എന്റെ ചിന്തയിൽ വന്നില്ല ..
വിവാഹശേഷം നാട്ടിൽ നിന്നും മാറുമ്പോൾ ഒന്നിനും സങ്കടം തോന്നാതിരുന്നത് മകളെ പോലെ കൂടെനിൽക്കുന്ന ഏട്ടന്റെ അച്ഛനും അമ്മയും ജീവനുതുല്യം സ്നേഹിക്കുന്ന ഏട്ടനും കൂടെയുള്ളത് കൊണ്ടാകാം ..
പക്ഷെ !
എല്ലാത്തിനും അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് തിരിച്ചറിയാൻ അധികo കാലതാമസം വേണ്ടി വന്നില്ല .ഭർത്താവിന്റെ നൂറു ഓൺലൈൻ കാമുകിമാരിൽ ഒരാൾ മാത്രമാണെന്ന തിരിച്ചറിവ് എനിക്കുണ്ടായപ്പോഴേക്കും എന്റെ ഉള്ളിൽ മറ്റൊരു ജീവന്റെ തുടിപ്പ് രൂപപെട്ടിരുന്നു.
ഒളിഞ്ഞും തെളിഞ്ഞും അർദ്ധരാത്രി വരെയുള്ള ഫോൺസംഭാഷണങ്ങൾ ,അശ്ലീല മെസ്സേജുകൾ,വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകളോടൊപ്പം രാത്രി വൈകിയുള്ള യാത്രകൾ പലപ്പോഴും മനംമടുപ്പിച്ചുവെങ്കിലും കാരണങ്ങൾ കണ്ടെത്തി ഞാൻ മുന്നോട്ടു നീങ്ങി ...
വിവാഹത്തോടെ മകന്റെ സ്വഭാവത്തിൽ മാറ്റം പ്രതീക്ഷിച്ച അച്ഛന്റെയും അമ്മയുടെയും ഒരു മകളോടെന്ന പോലെയുള്ള സ്നേഹവും ,എന്റെ മകന് അച്ഛനില്ലാത്തവൻ എന്ന വിളിപേര് സമൂഹം ചാർത്തി കൊടുക്കുമെന്ന പേടിക്കും പുറമെ തോൽവി ഏറ്റു വാങ്ങി പരിഹാസം നേരിട്ട് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങാഞ്ഞത് എന്റെ കുടുംബത്തെ ഓർത്തും മാത്രമല്ലായിരുന്നു ..കുഞ്ഞിന്റെ ജനനത്തോടെ ഏട്ടനിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ കൂടിയായിരുന്നു അതിനു കാരണം.
പക്ഷെ അവിടെയും പിഴച്ചു ..സ്വന്തം മോനെക്കാളും മൊബൈലിനെ സ്നേഹിക്കുന്ന അവനെ ഒന്ന് നോക്കാൻ പോലും സമയമില്ലാത്ത ഏട്ടനോട് പലപ്പോഴും സഹതാപമായിരുന്നു എനിക്ക് ..അമിത മദ്യപാനവും മറ്റു ദുശീലങ്ങളും ജോലി നഷ്ടപെടുന്നതിലെത്തിയപ്പോൾ പണം കണ്ടെത്താൻ പിന്നീട് കണ്ട വഴി എന്റെ സ്വർണമായിരുന്നു ..
സ്നേഹം പ്രകടിപ്പിച്ചുo പീഡിപ്പിച്ചും എനിക്കുള്ളത് നഷ്ടപ്പെടുത്തി കാമുകിയെ സന്തോഷിപ്പിച്ച്‌ അവൾക്ക് വേണ്ടി മതം മാറാൻ വരെ തയ്യാറായപ്പോൾ അവർക്ക് പ്രണയം പണത്തിനോട് മാത്രമാണെന്ന് മനസ്സിലാക്കാൻ പിന്നീട് അധികനാളൊന്നും വേണ്ടി വന്നില്ല .
പിറന്നാൾ സമ്മാനമായി വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും കിട്ടാത്തതിൽ അമർഷം തോന്നി കാമുകി അസഭ്യം വിളിച്ചു പറഞ്ഞപ്പോൾ ,
ജോലിനഷ്ടപ്പെട്ട് പണകൊഴുപ്പ് ഇല്ലാതായതോടെ സ്വന്തo ജീവിതത്തിനപ്പുറം സ്നേഹിച്ച മൊബൈൽ വരെ വിൽക്കേണ്ടി വന്നപ്പോൾ പിന്നീട് ഉണ്ടായ ദിവസങ്ങൾ തിരിച്ചറിവിന്റെതായിരുന്നു..
നിലക്കാതെയുള്ള ഫോൺ വിളികളിൽ കുറവ് വന്നു തുടങ്ങി,അർദ്ധ രാത്രിയിലും മുഖത്ത് ചിരി വിടർത്തി തുടരുന്ന ചാറ്റിംഗ് ഇല്ലാതായപ്പോൾ വണ്ടിയുമായി വീട്ടിലേക്കു തേടി വരുന്നവരുടെ എണ്ണവും കുറഞ്ഞു വന്നു..
വീട്ടിലെ പൂജ മുറിക്കപ്പുറം നിസ്കാരപായ വിരിച്ചു ഉച്ചത്തിൽ ഏട്ടൻ ഖുർആൻ ഓതുംമ്പോൾ നിറഞ്ഞ കണ്ണുകളും ,മോനോടുള്ള സമീപനത്തിൽ പതിയെ ഉണ്ടായ മാറ്റങ്ങളും എന്റെ പ്രാർത്ഥനക്കുള്ള ഉത്തരങ്ങളായിരുന്നു.
എന്നെമാത്രം സ്നേഹിക്കുന്ന ഏട്ടനെ സ്വപ്നം കണ്ടുകൊണ്ട് കരഞ്ഞുതളർന്നുറങ്ങിയ രാത്രികളെ മറവിക്ക് വിട്ടു കൊടുത്തുo ക്ഷമ ദൈവികമെന്ന വാക്ക് വിശ്വസിച്ചുo ഇന്ന് ഞാൻ മറ്റൊരു തുടക്കത്തിനൊരുങ്ങുകയാണ് .. ഇനിയെനിക്ക് വിലക്കുകളില്ല..
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഭാഷ സ്നേഹത്തിന്റെത് മാത്രമായിരിക്കും..
എനിക്ക് ജീവിക്കണം ...
സ്വപ്നം കണ്ട ജീവിതം തന്നെ ജീവിച്ചു തീർക്കണം..!
---------------------
# nafy

ഞാനും അവനും



"എന്റെ മോന് അച്ഛനെ മാത്രമേ നഷ്ടപെട്ടിട്ടുള്ളൂ
അമ്മയെ കൂടി നഷ്ട്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല "
ഇത്തവണ അച്ഛൻ ആലോചനയുമായി വന്നപ്പോൾ ശബ്ദം ഇത്തിരി കനപ്പിച്ചായിരുന്നു മറുപടി പറഞ്ഞത്.
ജീവിതം ജീവിച്ചു തുടങ്ങുന്നതിനു മുൻപ് തന്നെ ദൈവമെനിക്ക് വിധവപട്ടം ചാർത്തി തന്നപ്പോൾ ഞാനൊരിക്കലും ദൈവത്തെയോ വിധിയെയോ പഴിച്ചിട്ടില്ല.ഒരായുഷ്കാലം മുഴുവൻ ഓർക്കാൻ ഏട്ടൻ പകർന്ന സ്നേഹത്തിനു പുറമെ നന്ദു മോനെ കൂടി സമ്മാനിച്ചു കൊണ്ട് എന്നെ വിട്ടു പോകുമ്പോൾ എനിക്ക് വയസ്സ് ഇരുപത്തിരണ്ടായിരുന്നു..
ഞാനിന്നുമോർക്കുന്നു ..
ഇനി ജീവിതത്തിലേക്ക് തിരിച്ചു വരവില്ലെന്ന് പറഞ്ഞ് ഏട്ടനു കാൻസറെന്ന് ഡോക്ടർ വിധിയെഴുതിയ ആ ദിവസവും... വേദനയും ഒറ്റപ്പെടലും അധികനാൾ അനുഭവിക്കാതെ കണ്ണിമ ചിമ്മാതെ കൂട്ടിരുന്ന കൂടെപ്പിറപ്പുകളെയും ആത്മബന്ധങ്ങളെയും ഓർമ്മകളെയും വഴിയിൽ ഉപേക്ഷിച്ചു മരണത്തിനു കീഴടങ്ങിയ ആ കറുത്ത പകലിനെയും ..
നെറ്റിയിലെ സിന്ദൂരചുവപ്പ് മായ്ക്കപെട്ട ദിവസം !
നന്ദുവിനു അച്ഛനും അമ്മയും ഞാനായ ദിവസം !
തങ്ങൾ ജീവിച്ചിരിക്കെ മകന് ബലിചോറ് കൊടുക്കാൻ വിധിക്കപ്പെട്ടവരെന്ന് അച്ഛനും അമ്മയ്ക്കും പേര് ചാർത്തി കൊടുത്ത ദിവസo...
ആകെ ശൂന്യതയായിരുന്നു എനിക്ക്..
ഉള്ളിലെ ഭയത്തിന്റെ നിറം എന്റെ കണ്ണിൽ കണ്ടത് കൊണ്ടായിരിക്കണം
"എനിക്ക് ശേഷം
നിനക്ക് പേടിയില്ലേ പെണ്ണെ...
എന്ന ചോദ്യം പലപ്പോഴായി ഏട്ടൻ എന്നോട് ചോദിച്ചിരുന്നത്..
അന്ന് ചിരിച്ചു തളളിയ ചോദ്യത്തിന് ഉത്തരം ഞാനിപ്പോൾ അറിയുന്നുണ്ട്.
ചുറ്റും മത്സരിച്ചു സ്നേഹിക്കാൻ ആളുണ്ടായിട്ടും ഒറ്റപ്പെടലിന്റെ തീവ്രത കുറഞ്ഞതായി തോന്നിയില്ല.
. ഏട്ടനില്ലാത്ത ലോകം എത്രത്തോളം ചെറുതാണെന്ന് എനിക്ക് മുമ്പിൽ ദൃശ്യമായപ്പോൾ ജീവച്ചവമായി കിടന്നാലും താലി കെട്ടിയ പുരുഷന്റെ വില അത് നിഷേധിക്കപ്പെട്ടപ്പോഴാണ് മനസ്സിലായി തുടങ്ങിയത്.
താങ്ങും തണലുമായി മാറിയ ഉറ്റവരും സുഹൃത്ബന്ധങ്ങളും ഞാനൊരിക്കലും ഒറ്റക്കല്ല എന്നെന്നെ ബോധ്യപെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു..
സത്യം ഉൾക്കൊണ്ട്‌ യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ മനസ്സ് പാകപ്പെട്ടത് പിന്നീട് നന്ദുവിനെ ഓർത്തായിരുന്നു..എന്നാൽ അവന്റെ മേൽ എനിക്കുള്ള വേവലാതി പോലെ തന്നെ ഒട്ടും കുറയാതെ തന്നെയുണ്ടായിരുന്നു അമ്മയ്ക്കും അച്ഛനും എന്റെ ഭാവിയെ ഓർത്തുളള ആധിയും..
എല്ലാത്തിനും ഒരു മാർഗമെന്നോണം അവർ മുന്നോട്ടു വെച്ച വഴിയായിരുന്നു എല്ലാം മറന്നൊരു പുനർവിവാഹം എന്നുള്ളത്.പക്ഷെ അതിനും ഞാൻ തടസ്സം നിന്നത് ഒരു മുത്തച്ഛനോ വല്യച്ചനോ അല്ലെങ്കിൽ വല്യമ്മക്കോ മുത്തശ്ശിക്കോ ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും പകരക്കാരാകാൻ കഴിയില്ലെന്ന സത്യം എനിക്കറിയാവുന്നത് കൊണ്ടായിരുന്നു..
അതേ സമയം പെണ്മക്കളില്ലാത്ത ഏട്ടന്റെ വീട്ടിൽ ഒരു മകളായും അനിയൻമാർക്ക് ഏട്ടത്തി അമ്മയായും ജീവിച്ചപ്പോൾ ഞാനും നന്ദുവും അവർക്കൊരു ബുദ്ധിമുട്ടായി തോന്നി തുടങ്ങിയത് അനിയന്മാരും കുടുംബമായി കഴിഞ്ഞപ്പോഴായിരുന്നു.
എല്ലാം മനസ്സിലാക്കി നന്ദുവിനു അവകാശപെട്ടതെന്ന് പറഞ്ഞ് അച്ഛൻ പതിച്ചു തന്ന ഭൂമിയിൽ വീട് വെച്ച് ഏട്ടനുറങ്ങുന്ന മണ്ണിൽ നിന്നും അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞിറമ്പോൾ കുറെ നല്ല ഓർമ്മകളും ചുമരിൽ ഹാരമണിച്ചിരുന്ന ഏട്ടന്റെ ചിത്രവും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ഞാനും അവനും മാത്രമുള്ള ഒരു ലോകമായി പിന്നീട് മാറിയപ്പോൾ ചെറുപ്രായത്തിൽ എനിക്ക് വന്ന വിധിയെ ഓർത്തു സഹതപിച്ചു ചിലർ.. മറ്റു ചിലരാകട്ടെ കാമ വെറിയുള്ള കഴുകൻ കണ്ണുകളുമായിട്ടായിരുന്നു എന്നെ സമീപിച്ചത്.
അർദ്ധരാത്രി മുറ്റത്ത്‌ കേൾക്കുന്ന ചൂളം വിളികൾക്കും നിർത്താതെയുള്ള വണ്ടി ശബ്ദങ്ങൾക്കും പുറത്തിറങ്ങിയാലുള്ള അർത്ഥം വെച്ചുള്ള നോട്ടത്തിനും സംസാരങ്ങൾക്കും ഒത്ത നടുവിൽ ഭീതിയോടെ ജീവിച്ചപ്പോൾ ഒരു പെണ്ണായി പിറന്നതിൽ ഞാൻ എന്നെ തന്നെ പഴിച്ചെങ്കിലും ആ ഒറ്റപെടലായിരുന്നു എനിക്ക് കൂടുതൽ ശക്തി തന്നത്.. എന്നെ കരുത്തയാക്കിയത് .
ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്ന തീരുമാനം പിന്നീട് അടുത്ത വീട്ടിലെ എച്ചിൽ പാത്രം കഴുകാനും വിഴുപ്പ് അലക്കാനും പോകുന്നതിൽ വരെ എത്തിനിൽക്കുംമ്പോഴായിരുന്നു അയൽവാസിയുടെ സഹായത്തോടെ തൊട്ടടുത്തുളള സ്കൂളിലെ കഞ്ഞി പുരയിലേക്ക് വെച്ച് വിളമ്പാൻ ഒരു ജോലി തരപ്പെട്ടത്..
വേലക്കാരിയെന്നും തൂപ്പ്കാരിയെന്നും വെപ്പ്കാരിയെന്നും എനിക്ക് ഓമനപേരുകൾ വീണപ്പോൾ അതിലൊന്നും ഒരു അപമാനവും തോന്നിയില്ലെന്ന് മാത്രമല്ല . .
എതിർത്തവരുടെയും അവഗണിച്ചവരുടെയും ഒറ്റപ്പെടുത്തി പരിഹസിച്ചവരുടെയും മുമ്പിൽ
എനിക്ക് ജീവിക്കണമായിരുന്നു.. തോൽപ്പിച്ച ജീവിതത്തിനു മുമ്പിൽ മുട്ടു മടക്കാതെ തന്നെ...
നന്ദു സുരക്ഷിതമായൊരിടെത്തെത്തും വരെ ഞാൻ രണാങ്കണത്തിലാണെന്ന് തിരിച്ചറിഞ്ഞു പോരാടാനുറച്ച മനസ്സുമായി ഞാൻ മുന്നോട്ടു തന്നെ..
എനിക്ക് തോൽക്കണ്ട..
അതിനു ഞാൻ ഒരുക്കവുമല്ല.
.......ശുഭം.....
# nafy

ഈ ഒമ്പതാo മാസവും വയറും വീർപ്പിച്ചു നീ എങ്ങോട്ടാ കൊച്ചേ



"ഈ ഒമ്പതാo മാസവും വയറും വീർപ്പിച്ചു നീ എങ്ങോട്ടാ കൊച്ചേ "
രാവിലെ ക്ലാസ്സിലേക്ക് പോകാനിറങ്ങിയ എന്നെ നോക്കി പരിഹാസചിരിയോടെയുള്ള അയല്പക്കത്തെ രാധേച്ചിയുടെ ചോദ്യത്തിന് എന്റെ ഉത്തരം ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.
കൂലിപണിക്കാരനായ അച്ഛന്റെയും അമ്മയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളായി ജനനവും ഇല്ലായ്മയിലുളള വളർച്ചക്കും പുറമെ ഒരാൺതരിയെ ദൈവം തന്നില്ലെന്ന് പറഞ്ഞു സഹതപിക്കുന്ന അമ്മയുടെ വാക്കുകളുമായിരുന്നു ഒരു നല്ല ജോലിയെന്ന ദൃഢമായൊരു ലക്ഷ്യത്തിലേക്ക് എന്നെ എത്തിച്ചത്..
കുട്ടികൾക്ക് സുഹൃത്തും കടമകൾ നിർവഹിക്കുന്ന രക്ഷിതാവും ആയിട്ടുളള സ്കൂളിലെ നാരായണൻ മാഷിന്റെ പ്രവർത്തികൾ മാതൃകയായി കണ്ടപ്പോൾ അദ്ദേഹത്തോട് തോന്നിയ ബഹുമാനവും അറിവ് പകരുന്നതിലും മഹത്തായ മറ്റൊന്നും ഇല്ലെന്ന എന്റെ തിരിച്ചറിവും ആയിരുന്നു അധ്യാപികയാവുക എന്ന ആഗ്രഹം എന്റെയുളളിൽ പിറവിയെടുക്കാൻ കാരണമായത്.
അമ്മ എന്നെയോർത്ത് അഭിമാനിക്കുന്ന നിമിഷം മുന്നിൽ കണ്ട് ഞാൻ പഠിച്ചപ്പോൾ എല്ലായിടത്തും ഒന്നാം സ്ഥാനക്കാരി എന്ന അംഗീകാരവും എന്നെ തേടി വന്നു...
എന്നാൽ, ബാല്യവും കൗമാരവും കഴിഞ്ഞ് യൗവനത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴാണ് അമ്മ വിവാഹമെന്ന വേവലാതി മുന്നോട്ടു വെച്ചത്. കൂടെയുളളവരെയെല്ലാം കെട്ടിച്ചയച്ചെന്നും വിവാഹപ്രായം കഴിഞ്ഞാൽ വീട്ടിലിരിക്കേണ്ടി വരുമെന്ന് പറഞ്ഞ അമ്മയോട് പട്ടിണി കിടന്നും ദേഷ്യം കാണിച്ചും തീരുമാനം മാറ്റാൻ ശ്രമിച്ചെങ്കിലും നിനക്ക് താഴെ അനിയത്തി ഉണ്ടെന്നു പറഞ്ഞ് എന്റെ വാ അടപ്പിക്കുകയായിരുന്നു.
വിവാഹശേഷവും പഠനത്തിന് മുടക്കം വരില്ലെന്ന് പറഞ്ഞ് അമ്മാവൻ സുമേഷേട്ടന്റെ ആലോചന കൊണ്ട് വന്നതും പാതിസമ്മതത്തോടെ താലികെട്ട് കഴിഞ്ഞ് പടിയിറങ്ങുമ്പോൾ സമ്മാനപൊതികൾ വണ്ടിയിലേക്ക് അടുക്കി വെക്കുന്ന അനിയത്തിയോട് എന്റെ പുസ്തകങ്ങൾ കൂടി എടുത്തു വെക്കാൻ ഏട്ടൻ പറഞ്ഞത് കേട്ടപ്പോഴായിരുന്നു എന്റെ മനസ്സ് നിറഞ്ഞത്.
പുതുമോടിയും സൽക്കാരങ്ങളും കഴിഞ്ഞ് വീണ്ടും ക്ലാസ്സിലേക്ക് പോകാനൊരുങ്ങുമ്പോൾ എന്റെ സ്വപ്നം നിറവേറുന്ന വരെ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ഏട്ടൻ പിന്തുണച്ച്‌ എനിക്ക് സന്തോഷo തന്നപ്പോൾ കല്യാണം കഴിഞ്ഞു നാളിതുവരെ ആയിട്ടും വിശേഷമായില്ലേ എന്ന ബന്ധുക്കളുടെയും അയല്പക്കക്കാരുടെയും അടക്കം പറച്ചിൽ അമ്മയിൽ എപ്പോഴോ എന്നോട് വെറുപ്പുണ്ടാക്കി..
ഇല്ലാത്ത അസുഖം അഭിനയിച്ചും "നീ പഠിച്ചു ജോലി നേടിയിട്ട് വേണ്ട ഈ വീട്ടിലെ അടുപ്പ് പുകയാൻ തുടങ്ങിയ കുത്തുവാക്കുകൾ പറഞ്ഞും എന്റെ വഴിയിൽ തടസ്സം നിന്നപ്പോൾ പലതവണ മനസ്സിടറിയെങ്കിലും ഏട്ടന്റെ പിന്തുണയായിരുന്നു കാലിടറാതെ മുന്നേറാൻ കൂടുതൽ ശക്തി തന്നത്...
പക്ഷെ ഏറെ വൈകാതെ ഞങ്ങൾക്കിടയിലേക്ക് പുതിയ ഒരതിഥി കൂടി വരുന്നുണ്ടെന്ന് തലകറങ്ങി വീണ് ഹോസ്പിറ്റലിൽ ചെന്ന അന്ന് ഡോക്ടർ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം മനസ്സിൽ തോന്നിയെങ്കിലും അത് മറ്റൊരു വെല്ലുവിളി ആവുകയായിരുന്നു..
സൂക്ഷിക്കേണ്ട സമയമാണെന്നും വയറും വീർപ്പിച്ചു ബാഗും തൂക്കി പോകാതെ വീട്ടിലിരിക്കാൻ അമ്മ കർശനമായി താക്കീത് തന്നപ്പോൾ സ്വപ്‌നങ്ങൾ കുഴിവെട്ടി മൂടാൻ ഒരുങ്ങിയ എന്നോട് ഗർഭം ഒരു രോഗാവസ്ഥ അല്ലെന്നും വായനയും നടത്തവും എനിക്ക് മാത്രമല്ല കുഞ്ഞിനും ഗുണം ചെയ്യുമെന്ന് പറഞ്ഞ് വീണ്ടും ഏട്ടൻ കൂടെ നിൽക്കുമ്പോൾ സ്വപ്‌നങ്ങൾക്ക് ചിറകുകൾ മുളക്കുകയായിരുന്നു.
വീട്ടിലെ വെക്കലും വിളമ്പലും തൂക്കലും തുടക്കലും കഴിഞ്ഞ് ഒരു ക്ഷീണവും കൂടാതെ ക്ലാസ്സിൽ പോയിരുന്ന എന്നെ നോക്കി പരിഹാസവും പുച്ഛവും ഏറെയുണ്ടായെങ്കിലും എന്റെയുള്ളിൽ സത്യമായൊരു ആഗ്രഹം ഉള്ളത് കൊണ്ടാകണo എന്റെ കാലുകൾ ഇടറാഞ്ഞത്.
പക്ഷെ ഒൻപതു മാസത്തെ കാലയളവ് കഴിഞ്ഞ് പ്രസവ ഡേറ്റ് ഡോക്ടർ കുറിച്ച് തന്നത് ലക്ഷ്യത്തിലേക്കുളള അവസാന പരീക്ഷ സമയത്തായിരുന്നു... പരീക്ഷണങ്ങൾ വിട്ടൊഴിയാതെ പിന്നാലെ ഉണ്ടായിരുന്നുവെങ്കിലും ഞാൻ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല..
മുന്പേ പഠിച്ചവരുടെ പാഠപുസ്തകം അല്ല എന്റേതെന്ന് മനസ്സിലാക്കി മറ്റുള്ളവരുടെ അഭിപ്രായം ആരായാതെ പ്രസവം കഴിഞ്ഞ് ഇരുപതാംനാൾ പരീക്ഷ എഴുതാൻ ഇറങ്ങുമ്പോൾ ആദ്യമായി എന്റെ മനസ്സൊന്നിടറി..എന്റെ ചൂടും ചൂരും പറ്റി എന്നോട് ചേർത്തി കിടത്തേണ്ട മോനെ കുറച്ച് സമയത്തേക്കെങ്കിലും അടർത്തി മാറ്റാൻ ഞാൻ തയ്യാറായപ്പോൾ ഞാൻ എന്നെ തന്നെ പഴിച്ചു..
തോൽക്കരുതെന്നും നിന്റെ ഇത്രയും നാളത്തെ കഷ്ടപ്പാടുകൾ വെറുതെ കളയാൻ ഉള്ളതല്ലെന്ന് പറഞ്ഞ് ഏട്ടൻ ആശ്വസിപ്പിച്ചെങ്കിലും കണ്ണ് കലങ്ങാതെ മോനെ അമ്മയെ ഏല്പിക്കാൻ കഴിഞ്ഞിരുന്നില്ല..
അവസാന പരീക്ഷയും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പാല് നിറഞ്ഞ് മാറിടം കനത്തതും മോനോട് മനസ്സുരുകി മാപ്പപേക്ഷിച്ചു കൊണ്ട് കയ്യിലെ തൂവാലയിലേക്ക് ആരും കാണാതെ ചുരത്തികളഞ്ഞ് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങുമ്പോൾ ചുമലിൽ തട്ടിയുളള കൂട്ടുകാരുടെയും അധ്യാപകരുടെയും അഭിനന്ദനങ്ങൾക്ക് പോലും ചെവി കൊളളാതെ ഞാൻ ഓടുകയായിരുന്നു..
പിന്നീട് ദിവസങ്ങൾ എണ്ണിയുളള കാത്തിരിപ്പായിരുന്നു. പഠിപ്പിന്റെയും പത്രാസിന്റെയും പേര് പറഞ്ഞ് ചോര കുഞ്ഞിനെ ഇട്ടേച്ചു പോയ നിനക്ക് വിജയം ഉണ്ടാകില്ലടീ എന്ന കുത്തുവാക്ക് പറഞ്ഞ അമ്മയുടെ മുൻപിലേക്ക് ഒന്നാം റാങ്ക്കാരിയായി ഞാൻ ജയിച്ചുവെന്ന വാർത്ത ഏട്ടനും ഞാനും പറയാനൊരുങ്ങി വീട്ടിലേക്ക് വരുമ്പോൾ കണ്ടത് വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന അമ്മ ബന്ധുക്കൾക്കൾക്കും അയല്പക്കക്കാർക്കും മധുരം വിളമ്പി കൊണ്ട് എന്നെ നോക്കി ഉറക്കെ പറയുന്നുണ്ടായിരുന്നു
"അറിഞ്ഞോ എന്റെ മോൾ ഒന്നാം റാങ്കോടെ ജയിച്ചു വന്നിരിക്കുന്നു എന്ന്...

By: Nafiya Nafi

നാഫി

"'അറിഞ്ഞോ..നാഫി ഗർഫിണിയാ.."
ക്ലാസ്സിലേക്ക് കയറി വന്ന എന്നെ നോക്കി ബിനു അങ്ങനെ കളിയാക്കി പറയുമ്പോൾ ക്ലാസ്സ്‌ ടീച്ചർ അടക്കമുളളവർ കളളചിരിയോടെ നോക്കിയത് എന്റെ വയറിലേക്കായിരുന്നു
കല്യാണം കഴിഞ്ഞ് വൈകാതെ പണി പറ്റിച്ചല്ലോടീ വായാടീ എന്ന് പറഞ്ഞ് പലരും കളിയാക്കി ചിരിച്ചപ്പോൾ
"'എന്റെ വാവയിങ്ങു വരട്ടെടീ നിന്റെ പല്ലിടിച്ചു തെറിപ്പിക്കും എന്ന മറുപടി കൊടുത്തായിരുന്നു ഞാൻ വാ അടപ്പിച്ചത്. .
മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതിനാൽ പതിവായി ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ ഗർഭിണി വരുന്നേ എന്ന് പറഞ്ഞു എനിക്ക് വഴിയൊരുക്കിയ ക്ലാസ്സിലെ ആൺസുഹൃത്തുക്കൾ എന്നോട് കാണിച്ചിരുന്നത് സഹോദരസ്നേഹത്തിനും അപ്പുറമായിരുന്നു..
എന്തിഷ്ടവും സാധിച്ചു തരാൻ മത്സരിച്ച സുഹൃത്തുക്കളും ഉറ്റവരും.. ചെറിയ അസ്വസ്ഥതകളിൽ പോലും താങ്ങായി നിന്നിരുന്ന ഇക്ക.. വിഭവങ്ങൾ മാറി മാറി ഉണ്ടാക്കി ഊട്ടിയിരുന്ന ഉമ്മമാർ.. ദിവസവും വയറിന്റെ അളവ് നോക്കി കുറിക്കുന്ന കൂടപ്പിറപ്പുകൾ..
.
എന്തുകൊണ്ടും ഗർഭകാലം മനോഹരമായി ആസ്വദിക്കുമ്പോൾ മാറ്റങ്ങൾ മനസ്സിന് മാത്രമല്ല ശരീരത്തിലുംപതിയെ വന്ന് തുടങ്ങിയിരുന്നു..മെലിഞ്ഞ എന്റെ ശരീരം തടിച്ചു ആകാരവടിവും ശരീരഭംഗിയും നഷ്ടപ്പെടാൻ തുടങ്ങി.. ഒട്ടിയ എന്റെ വയർ വീർക്കുന്നതോടൊപ്പം മുഖത്തും കഴുത്തിലും കറുത്ത പാടുകൾ വന്ന് തുടങ്ങി.. ഇഷ്ടങ്ങൾ പലതും അനിഷ്ടങ്ങളായി ..നീര് വന്ന് വീർത്ത കാലുകളും തലമുതൽ കാലിലെ പെരുവിരൽ വരെയുളള വേദനകൾ പലതും അലട്ടി തുടങ്ങുമ്പോഴും വേദന സംഹാരിയും ശക്തിയും ഊർജ്ജവും ആയി മാറിയത് ഉളളിലെ ജീവന്റെ തുടിപ്പായിരുന്നു..
വീർത്ത വയറിൽ പിടിച്ചു ഉപ്പ ചുംബിച്ചപ്പോഴും ഉളളതും ഇല്ലാത്തതുമായ പേരിട്ടു വാവയെ വിളിക്കുമ്പോഴും കുഞ്ഞ് അനക്കങ്ങൾ അറിയാൻ അനിയൻമാർ മാറി മാറി മത്സരിച്ചപ്പോഴും സ്വപ്‌നങ്ങളായിരുന്നു മനസ്സ് നിറയെ... ആസ്വദിക്കുകയായിരുന്നു ഞാനോരോ നിമിഷവും...
ഡോക്ടർ കുറിച്ച് തന്ന ഡേറ്റിനു കാത്തുനില്കാതെ അന്ന് ഞാൻ ഹോസ്പിറ്റലിൽ ചെന്നത് അടിവയറിൽ സൂചി തറക്കുന്ന വേദന അനുഭവപെട്ടത് കൊണ്ടായിരുന്നു .. വേദന കൂടിയും കുറഞ്ഞുമിരുന്നപ്പോൾ കിടക്കാനോ ഇരിക്കാനോ നടക്കാനോ കഴിയുമായിരുന്നില്ല... ഇടക്കെപ്പോഴോ ബോധം മറിഞ്ഞു ഉപ്പയുടെ ചുമലിൽ കിടന്നത് ഓർമയിൽ തെളിയുംമ്പോൾ പിന്നീട് കണ്ണ് തുറക്കുന്നത് ലേബർ റൂമിലെ ആർപ്പുവിളികൾ കേട്ടായിരുന്നു..
അടിക്കടി കൂടിയും കുറഞ്ഞും ഉണ്ടായിരുന്ന വേദന പൊടുന്നനെ ഇല്ലാതായപ്പോൾ
"'ഇത് വരെ അനുഭവിച്ചത് ചെറിയ വേദനയല്ലേ മോളേ .
എന്ന മറുപടിയാണ് ഡോക്ടർ പറഞ്ഞത്..
ഇനി അധികം കാത്തിരിക്കേണ്ടി വരില്ല സ്വപ്‌നങ്ങളിൽ മാത്രം കണ്ടിരുന്ന ആ മുഖമൊന്നു കാണാൻ എന്നാലോചിച്ചപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു .
പ്രസവത്തെ കുറിച്ച് കേട്ടറിവും പറഞ്ഞറിവും മാത്രമുളള ഞാൻ ലേബർ റൂമിലെ ആ ആർപ്പുവിളികൾക്കും അസഹ്യമായ ശബ്ദങ്ങൾക്കുമിടയിൽ ഭീതിയോടെയാണ് കിടന്നതെങ്കിലും വല്ലുമ്മച്ചി ഉരുവിട്ടു തന്ന സൂക്തങ്ങളും ദിക്ർകളും എനിക്ക് വല്ലാത്ത ശക്തി തന്നു..
"എനിക്കൊരു വേദനയും തോന്നുന്നില്ല ഡോക്ടർ"
എന്ന എന്റെ പറച്ചിൽ കേട്ടായിരുന്നു കുറച്ച് നേരം എന്നോട് നടക്കാൻ ആവശ്യപെട്ടത്...
കൈകൾ രണ്ടും വീശി നീണ്ട ആ ആശുപത്രി വരാന്തയിലൂടെ ഒരു പകൽ മുഴുവൻ ഞാൻ നടന്നപ്പോൾ നിഴലായി കൂടെ ഉണ്ടായിരുന്നത് എന്റെ ഇക്കയായിരുന്നു.
വണ്ണം വെച്ച എന്റെ വീർത്ത കാലുകൾ തലോടി തന്നും .. അലക്ഷ്യമായി കിടക്കുന്ന എന്റെ മുടിയിഴകൾ ഒതുക്കി കെട്ടിതന്നും .. നിറവയറിൽ തലോടി ഇടയ്ക്കിടെ "വേദനയുണ്ടോടീ പെണ്ണെ എന്ന് ചോദിച്ചുo.. ഭക്ഷണം അടുത്തിരുത്തി ഊട്ടി തന്നുo എന്നെ പരിചരിച്ചപ്പോൾ വിണ്ടു കീറിയ തുടയും കാൽപാദങ്ങളും വക വെക്കാതെ എനിക്ക് നടക്കാൻ കൂടുതൽ ശക്തി ലഭിക്കുകയായിരുന്നു .. വേദനയുടെ ആക്കം കുറക്കുകയായിരുന്നു .
"'ഇനി എന്റെ മോൾക്ക്‌ വയ്യ ഡോക്ടർ "
കലങ്ങിയ കണ്ണുമായി ഉപ്പ അങ്ങനെ പറയുംമ്പോൾ
"'എനിക്കൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് വീണ്ടും സിസ്റ്ററുടെ കൈ പിടിച്ച് ലേബർ റൂമിൽ കയറിയപ്പോൾ മുഖത്തെ ചിരി മായാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു...
വേദനക്കുളള ഇൻജെക്ഷൻ വെച്ച് അധികം വൈകിയില്ല.. പതിയെ മുഖത്തെ ചിരി മായാൻ തുടങ്ങി.. വേദന കണ്ണീരിന്റെ രൂപത്തിൽ പുറത്ത് വന്നപ്പോൾ തല പിളരുന്ന പോലെ തോന്നി തുടങ്ങി... കിടന്നുരുളാൻ വീതി കൂടിയ കട്ടിൽ മതിയാകാതെ വന്നു.. പല്ല് കൊണ്ട് സ്വയം ചുണ്ടിൽ അമർത്തി കടിച്ചപ്പോഴും മുടി കുത്തിപിടിച്ചപ്പോഴും ഒരു വേദനയും അനുഭവപെട്ടില്ല.. ഇരുമ്പ് നിർമിതമായ കട്ടിലിന്റെ കാലുകളിൽ ഞാൻ കൈകൾ അമർത്തിയപ്പോൾ തല കറങ്ങുന്ന പോലെയായിരുന്നു.. തൊണ്ടകുഴിയിൽ വെളളം ഇല്ലാതായി.. കൈകാലുകളിട്ട് അടിക്കുമ്പോൾ ശ്വാസം നിലക്കുന്ന പോലെ തോന്നിതുടങ്ങി ..
ക്ഷമയുടെ അതിര് കവിഞ്ഞു ഒരാർപ്പുവിളിയോടെ ഞാൻ ഉമ്മയെ വിളിച്ചു കരഞ്ഞത് ദൈവത്തിന്റെ മുഖമെന്നോണം എന്റെ മനസ്സിലപ്പോൾ തെളിഞ്ഞത് ഉമ്മയുടെ മുഖമായത് കൊണ്ടായിരിന്നു. .
പരിശോധനകൾക്കൊടുവിൽ 80ശതമാനം വേദന സഹിച്ചിട്ടും ഗർഭപാത്രം പൂർണമായും വികസിച്ചിട്ടും പ്രസവം നടക്കാതെ വന്നപ്പോൾ അവസാന പ്രതീക്ഷയെന്നോണം മുന്നിലുണ്ടായിരുന്നത് വയറിൽ കത്തിവെക്കുക എന്ന മാർഗമായിരുന്നു.
ഉളളിൽ കുഞ്ഞിന് അനക്കം കുറവാണെന്ന വേവലാതി പറഞ്ഞപ്പോഴായിരുന്നു ഡോക്ടർ അവസാന സ്കാൻ ചെയ്തത്. മിനിറ്റുകൾക്കുളളിൽ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ രണ്ടാലൊരാളെ മാത്രമേ രക്ഷിക്കാനാവൂ എന്ന് പറയുമ്പോൾ ഒരാലോചനക്ക് ഇടവരുത്താതെ സമ്മതപത്രത്തിൽ ഇക്ക ഒപ്പിടാൻ തയ്യാറായപ്പോൾ കണ്ണീരോടെ എന്നെ നോക്കുന്നുണ്ടായിരുന്നു..
വെളള വസ്ത്രമിട്ട മാലാഖമാർ എന്റെ മുടി പിന്നിയിട്ട് ഉടുപ്പ് അണിയിച്ചു എന്നെ സ്‌ട്രെച്ചറിൽ കിടത്തിയപ്പോൾ ഡോക്ടറുടെ കൈ പിടിച്ച് ഞാൻ പറഞ്ഞത് "എന്റെ കുഞ്ഞിന് ഒന്നും വരുത്തരുതെന്ന അപേക്ഷയായിരുന്നു ..
ഇക്കയുടെ കൈകൾ മുറുകെ പിടിച്ച് എന്നെ ഓപ്പറേഷൻ തിയേറ്ററിലേക്ക് ആനയിച്ചപ്പോൾ പ്രാർത്ഥനയോടെ ആശുപത്രി വരാന്തയിൽ എനിക്കും കുഞ്ഞിനും വേണ്ടി കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടപ്പോഴായിരുന്നു എന്റുളളം പിടഞ്ഞത്.
രണ്ട് ദിവസം വേദന അനുഭവിച്ച്‌ മൂന്നാം നാൾ വയറ് കീറാൻ ഒരുങ്ങുന്നവെന്നറിഞ്ഞ ഉമ്മയും ഉപ്പയും എന്നെ കണ്ട് മാറി നിന്നത് അവരുടെ കലങ്ങിയ കണ്ണുകൾ എന്നെ തളർത്തുമെന്ന് അവർക്കറിയാവുന്നതു കൊണ്ടായിരുന്നു.
തൊട്ടതിനും പിടിച്ചതിനും വഴക്കിടുന്ന അനിയത്തികുട്ടി എന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചപ്പോൾ
"'എടീ എന്നെ കൊല്ലാൻ കൊണ്ട് പോകുന്നതല്ല എന്ന മറുപടി കൊടുത്ത് ഞാനവളെ മാറ്റി നിർത്തി..
സഹോദരങ്ങളായി കൂടെ നിന്ന സൗഹൃദങ്ങളെ അവിടെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു..
ദിവസവും ആരും കാണാതെ ഇഷ്ട പലഹാരങ്ങൾ കൊണ്ട് തന്നിരുന്ന അനിയൻ എന്റെ കൈകൾ മുറുകെ പിടിച്ചപ്പോൾ അവന്റെ മറുകയ്യിൽ സന്തോഷവാർത്ത അറിഞ്ഞു കഴിഞ്ഞാൽ വിതരണം ചെയ്യാനുളള മധുരമായിരുന്നു..
പുറത്തു വരാനുളള തിടുക്കത്തിൽ വാവ ഉളളിൽ കിടന്നു ആഞ്ഞു തൊഴിക്കുമ്പോൾ എന്റുളളിലെ പേടി മുഖത്തു നിഴലിക്കാതെ ശ്രദ്ധിച്ചു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും ചെറുചിരി സമ്മാനിച്ച കൂട്ടത്തിൽ ഊരും പേരും അറിയാതെ എനിക്ക് രക്തം തരാൻ തയ്യാറായവരെ നോക്കി നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിക്കാനും ഞാൻ മറന്നില്ലായിരുന്നു ..
നീലവസ്ത്രമണിഞ്ഞു കൊണ്ട് മുഖം മൂടികെട്ടിയ ഡോക്ടറെയും അനുയായികളെയും വലുപ്പം കൂടിയ ആ കട്ടിലിനു ചുറ്റും നിൽക്കുന്നതു കണ്ടിട്ടാകണം എന്റെ നെഞ്ചിന്റെ ഭാരവും ഹൃദയ മിടിപ്പിന്റെ വേഗതയും കൂടിയത്..
പൂർണ്ണ ആരോഗ്യമുളള ഒരു കുഞ്ഞു വാവയെ പ്രിയപ്പെട്ടവർക്ക് എനിക്ക് സമ്മാനിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയോടെ കണ്ണടച്ചപ്പോൾ ചുറ്റുoനിന്നവർ എന്നെ "റ " ഷേപ്പിൽ ചരിച്ചു കിടത്തി നട്ടെല്ലിന് സൂചിയടിക്കുന്നുണ്ടായിരുന്നു..
ഉറുമ്പരിക്കുന്ന വേദനയേ തോന്നിയുള്ളൂ നിമിഷങ്ങൾക്കുള്ളിൽ അരക്കു താഴെ മരവിച്ചപ്പോൾ എന്റെ കണ്ണുകൾ കറുത്ത തുണി കൊണ്ടവർ മൂടികെട്ടിയിരുന്നു..
പൂർണ്ണ ബോധത്തോടെ ഞാനവർക്ക് മുന്പിൽ മലർന്നു കിടന്നപ്പോൾ ആരൊക്കെയോ ചേർന്നെന്റെ തുണി അഴിക്കുന്നുണ്ടായിരുന്നു.. ആദ്യമായി മറ്റൊരു പുരുഷന്റെ മുന്പിൽ നഗ്നയായി കിടന്നപ്പോൾ എനിക്കൊരു മാനഹാനിയും തോന്നിയില്ല....
ഡോക്ടർ വയറ് കീറിയ സമയത്താകണം ഈർക്കിൽ കൊണ്ട് തൊടുന്ന പോലെ എനിക്കനുഭവപ്പെട്ടത്.. ശക്തമായി ആരോ നെഞ്ചിനു താഴെ അമർത്തിയ സമയം ശരീരത്തിൽ നിന്നെന്തോ അടർന്നു മാറുന്ന പോലെ തോന്നി...
കൈകൾ ഉയർത്തി ഞാൻ വയറിൽ തൊടാൻ ശ്രമിച്ചപ്പോഴായിരുന്നു ഡോക്ടർ ചുമലിൽ തട്ടി അത് പറഞ്ഞത്..
"നാഫി...നീയൊരു പെൺകുഞ്ഞിന്റെ അമ്മയായിരിക്കുന്നു "..
അധികം വൈകാതെ മോളുടെ ശബ്ദം കരച്ചിലിന്റെ രൂപത്തിൽ എന്റെ ചെവിയിൽ പതിച്ചപ്പോൾ ആയിരം പെരുമ്പറകൾ ഒരുമിച്ച് മുഴങ്ങുന്ന പോലെയായിരുന്നു..
മനസ്സ് നിറഞ്ഞ് ഞാൻ കരഞ്ഞപ്പോൾ "ദേ..സന്തോഷ കണ്ണീര് കണ്ടോ എന്ന് പറഞ്ഞ് ഡോക്ടർ കളിയാക്കുന്നുണ്ടായിരുന്നു...
ഒന്ന് കാണാനുളള വ്യഗ്രതയിൽ കണ്ണിലെ കറുത്ത തുണി അഴിക്കാൻ ഞാൻ പാട് പെട്ട് ശ്രമിക്കുമ്പോൾ വലിഞ്ഞു മുറുക്കി അവരെന്റെ ശരീരം തുന്നികെട്ടുന്നുണ്ടായിരുന്നു..
കാത്തിരിപ്പിനൊടുവിൽ എന്റെ നനഞ്ഞ കണ്ണുകൾ തുറക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ വിടർന്ന കണ്ണുകളുമായി അവളെന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു..
വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളെ വാങ്ങാൻ കഴിയാതെ സന്തോഷം കൊണ്ട് ഞാൻ കൺകൾ പൊത്തി കരയുന്നത് കണ്ടിട്ടാകണം ഡോക്ടർ അവളെയെന്റെ നെഞ്ചിലേക്ക് വെച്ച് തന്നത്...
മുഖത്തു നിന്നും കണ്ണെടുക്കാതെ നെറ്റിയിലും കണ്ണിലും മാറി മാറി ചുംബിച്ചു കൊണ്ട് അവളെ ഞാൻ എന്റെ മാറോട് ചേർത്തു ഒരായിരം തവണ ദൈവത്തെ സ്തുതിച്ചപ്പോൾ പുറത്തു മധുരം വിളമ്പിയും സമ്മാനങ്ങൾ വാങ്ങി കൂട്ടിയും എന്റെ പ്രിയപ്പെട്ടവർ ഞങ്ങളെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
****************-**************

Nafiya

അച്ഛൻ

"അച്ഛൻ ഇനി എന്നെ കാണാൻ വരേണ്ട "'
അമ്മ പറഞ്ഞു പഠിപ്പിച്ച മറുപടി അച്ഛന്റെ മുഖത്ത് നോക്കി പറയുമ്പോൾ ഒരു വിജയിയെ പോലെ അമ്മ ചിരിക്കുന്നുണ്ടായിരുന്നു...
നീണ്ട ആറു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു അച്ഛൻ നാട്ടിൽ കൂടിയത് മുതൽ തുടങ്ങിയതായിരുന്നു അമ്മയ്ക്കു അച്ഛനോടുളള ദേഷ്യവും അവഗണനയും
. വിദേശത്ത്‌ പുതിയ ഭരണ പരിഷ്കാരങ്ങൾ വന്നതോടെ അച്ഛന്റെ ജോലി നഷ്ടമായതും എല്ലാം ഉപേക്ഷിച്ചു നാട്ടിൽ കൂടിയപ്പോൾ ആർഭാട ജീവിതത്തിനു കോട്ടം വന്നല്ലോ എന്ന ഭയമായിരുന്നു അമ്മക്കത്രയും.
കൂലിവേല എടുത്തായാലും ഉളളത് കൊണ്ട് ഓണം പോലെ കുടുംബത്തോടൊപ്പം കഴിയാമല്ലോ എന്ന സന്തോഷം അച്ഛൻ പങ്കു വെച്ചപ്പോൾ
"ഒരു കൂലിപ്പണിക്കാരന്റെ ഭാര്യയായി കഴിയാനല്ല എന്റെ അച്ഛൻ ഇങ്ങോട്ട് പറഞ്ഞയച്ചതെന്നും നിങ്ങൾ എനിക്ക് അപമാനം വരുത്തി വെക്കുമോ മനുഷ്യാ "എന്ന അമ്മയുടെ മറുപടി കേട്ടപ്പോൾ അച്ഛനിലുണ്ടായ ഞെട്ടൽ ചെറുതൊന്നുമല്ലായിരുന്നു.
മിട്ടായി പൊതിയും പലഹാരങ്ങളുമായി ജോലി കഴിഞ്ഞു വരുന്ന അച്ഛനെ ശകാരവർഷം കൊണ്ട് അമ്മ സ്വീകരിക്കുമ്പോൾ വിഷമം കൊണ്ട് പറയുന്നതാണെന്ന് പറഞ്ഞ് അച്ഛൻ സ്വയം ആശ്വാസം കണ്ടെത്തുമായിരുന്നു.
നല്ലൊരു ജോലിയും ശമ്പളവും കിട്ടുന്ന വരെ എന്നെ പബ്ലിക് സ്കൂളിൽ നിന്നും തൊട്ടടുത്തുളള ഗവണ്മെന്റ് സ്കൂളിലേക്ക് മാറ്റി ചേർക്കാം എന്ന അച്ഛന്റെ തീരുമാനം അമ്മയെ ചൊടിപ്പിച്ചതും എന്റെ മോളുടെ ഭാവി കൂടി തുലയ്ക്കാൻ ഞാൻ തയ്യാറല്ലെന്ന് പറഞ്ഞ് അമ്മ എന്റെ കൈപിടിച്ച് ആ പടിയിറങ്ങുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാകാം അന്ന് ആദ്യമായി അച്ഛന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടത് .
മനസ്സ്മാറി എപ്പോഴെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ വിലക്ക് കല്പിച്ചിട്ടും പലയാവർത്തി അച്ഛൻ ഞങ്ങളെ തിരക്കി വന്നപ്പോൾ ഒന്ന് മുഖം കാണിക്കാൻ പോലും തയ്യാറാകാതെ എന്നെ അകത്തേക്ക് വലിച്ചു കൊണ്ട് പോകുന്ന അമ്മയോട് ഭർത്താവിന്റെ ഉയർച്ചയിൽ മാത്രമല്ല വീഴ്ചയിലും കൂടെ നിൽക്കുന്നവളാകാണo ഭാര്യ എന്ന് ഉപദേശിക്കുന്ന മുത്തശ്ശിയെ നോക്കി "ഞാനും മോളും ഇവിടെ താമസിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് പറയാം " എന്ന മറുപടി കൊണ്ട് അമ്മ വാ അടപ്പിക്കുമായിരുന്നു.
ഒളിഞ്ഞും തെളിഞ്ഞും അച്ഛൻ ഞാൻ പോകുന്ന വഴിയിൽ എന്നെ കാണാൻ വരുമ്പോൾ പലപ്പോഴും മുഖം തിരിച്ചു നടന്നത് അമ്മാവന്റെ മക്കൾ അമ്മയുടെ കാതിൽ വിവരമെത്തിക്കുമെന്നുളള ഭയം കൊണ്ടായിരുന്നു.
വല്ലപ്പോഴും മാത്രം അമ്മവീട്ടിൽ അതിഥിയായി വരുന്ന ഞാൻ അവിടെ സ്ഥിരമായപ്പോൾ ആദ്യം അതന്നെ സന്തോഷിപ്പിച്ചുവെങ്കിലും പിന്നീട് അതൊരു വീർപ്പുമുട്ടലായി തോന്നാൻ അധികം കാലതാമസം വേണ്ടി വന്നില്ല..
മുത്തശ്ശിയുടെ മരണത്തോടെ അരങ്ങിൽ നിന്നും അമ്മാവൻ അമ്മയെ അടുക്കളക്കാരി ആക്കുമ്പോഴും ഞാനും അമ്മയും അവിടെയൊരു അധികപറ്റാണെന്ന് അമ്മായി പറയുമ്പോഴും ഇതൊന്നും അച്ഛനെ അറിയിക്കരുതെന്ന് അമ്മ എന്നെ പഠിപ്പിച്ചിരുന്നു...
ഒരാഘോഷം വന്നാൽ എനിക്കൊരു ഉടുപ്പ് വാങ്ങാൻ വേണ്ടി അമ്മാവനു മുന്പിൽ അമ്മ കൈനീട്ടുംമ്പോഴും ഞാൻ കാണാതെ അമ്മായി പലഹാരവും മിട്ടായിയും മക്കളെ മുറിയിൽ കൊണ്ട് പോയി ഊട്ടുന്നത് കാണുമ്പോഴും അമ്മയുടെ കണ്ണിൽ ഞാൻ കണ്ട കണ്ണുനീരത്രയും തിരിച്ചറിവിന്റേതായിരുന്നു.
പണകൊഴുപ്പ് കൊണ്ടും അഹങ്കാരം കൊണ്ടും ഒരു കാലത്ത് കണ്ണ് മഞ്ഞളിച്ചു ജീവിച്ച അമ്മ .. അച്ഛന്റെ വാക്കുകൾക്കും നോട്ടത്തിനും മറുപടി കൊടുക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച അമ്മ... തൊട്ടടുത്ത ഹാജിയാരുടെ വീട്ടിൽ എന്നെ അറിയിക്കാതെ ജോലിക്ക് പോയി തുടങ്ങിയത് കഴിക്കുന്ന ഭക്ഷണത്തിനു വരെ അമ്മാവൻ കണക്ക് പറയാൻ തുടങ്ങിയപ്പോഴായിരുന്നു...
എന്നാൽ ഹാജിയാരും അച്ഛനും സുഹൃത്തുക്കൾ ആണെന്നും അവരുടെ മകളും ഞാനും ഒരേ സ്കൂളിൽ ആണ് പഠിക്കുന്നത് എന്നും അമ്മ അറിഞ്ഞത് എന്നെയും കൂട്ടി അച്ഛൻ അന്ന് വൈകുന്നേരം ഹാജിയാരുടെ വീട്ടിൽ ചെന്നപ്പോഴായിരുന്നു...
അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരിക്കുന്ന അമ്മയെ വലിച്ചു കൊണ്ട് മുഖത്ത് ആഞ്ഞു വീശി
"താലി കെട്ടിയവൻ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുമ്പോൾ ആര് പറഞ്ഞിട്ടാടീ നീ മറ്റൊരാളുടെ എച്ചിൽ പത്രം കഴുകാൻ പോയേ "
എന്ന് ചോദിച്ച് അമ്മയെയുംകൊണ്ട് അച്ഛൻ ആ പടിയിറങ്ങുംമ്പോൾ അമ്മയുടെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ തുളളികൾ ഓരോന്നും അച്ഛനോട് മാപ്പപേക്ഷിക്കുന്നുണ്ടായിരുന്നു.. .. ....
# nafy

"'എനിക്ക് മരിക്കേണ്ട ആമീ....

"'എനിക്ക് മരിക്കേണ്ട ആമീ....
അച്ഛനെയും അമ്മയെയും പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ ഞാൻ...
മരിക്കാനെനിക്ക് പേടിയാ..
..
പാതി വെന്ത ശരീരവുമായി ആശുപത്രി കിടക്കയിൽ വെച്ചവളെന്റെ കൈ പിടിച്ചങ്ങനെ പറഞ്ഞപ്പോൾ അത് കാണാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു നിൽക്കുകയായിരുന്നു..
എന്റെ വിരലുകൾ അവളുടെ കൈക്കുള്ളിൽ നിന്നും വലിക്കുമ്പോൾ ഞാനാ മുഖത്തേക്കൊന്നെത്തി നോക്കി...
അല്ല.. അതെന്റെ ദേവുവല്ല... കണ്ണുകൾ രണ്ടും പുറത്തേക്കുന്തിയ ഒരു കറുത്തരൂപം..
നാവ് ചലനമറ്റത് പോലെ... കൈകാലുകൾക്ക് തളർച്ച... കണ്ടു നിൽക്കാൻ കഴിയാതെ ഞാനാ ആശുപത്രി വരാന്തയിൽ ബോധരഹിതയായപ്പോൾ
ഒരു സ്വപ്നമെന്നോണം ഞാൻ പോയത് വർഷങ്ങൾ പിന്നോട്ടായിരുന്നു
**************************
പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിന്‌ കിട്ടിയ കോളേജ് അല്പം ദൂരെയായിരുന്നുവെങ്കിലും കൂട്ടിനു ദേവു കൂടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഉമ്മിക്കുള്ളപോലെ എനിക്കുമതൊരു ആശ്വാസമായിരുന്നു... ഒരേ നാട്ടുകാർ... അതിലുപരി സുഖത്തിലും ദുഖത്തിലും എന്റെ കൂടെ നിൽക്കുന്ന സഹോദര തുല്യയായ കൂട്ടുകാരി..
ഒറ്റക്ക് ബസ് കയറാൻ പോലും പേടിയുള്ള എനിക്ക് അവളെപോലാരു തന്റേടിയുടെ കൂട്ട് അന്നും ഇന്നും എന്നും കരുത്ത്‌ തന്നെയായിരുന്നു..
വീട്ടിലെ ഒറ്റമകളായി ഞാൻ ജനിച്ചപ്പോൾ അവൾ വീട്ടിലെ മൂന്നു മക്കളിൽ മൂത്തവൾ ആയിരുന്നു.. പേരുകേട്ട തറവാട്ടിലാണ് ജനനമെങ്കിലും അച്ഛൻ നാരായണേട്ടൻ കുറഞ്ഞതോതിൽ മാനസിക വൈകല്യമുള്ള ഒരാളായിരുന്നു .
ആരെയും ബുദ്ധിമുട്ടിക്കാതെ ചെറിയ ജോലിക്ക് പോയിരുന്നുവെങ്കിലും വീട്ടിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അമ്മാവൻമാരും മറ്റുമായിയിരുന്നു.
വീട്ടിലെ ആൺകുട്ടി ആയിരുന്ന അവൾ നാട്ടിലും കോളേജിലും തന്റേടിയും പഠനത്തിലാകട്ടെ മറ്റെന്തു പ്രവർത്തനങ്ങളിലും അവളുടെതായ സ്ഥാനം കണ്ടെത്താൻ മറന്നില്ല..എന്തിലും ഉറച്ച തീരുമാനം... എവിടെയും തിളങ്ങി നിന്ന അവളെന്ന കൂട്ടുകാരി എനിക്കെന്നും അഭിമാനമായിരുന്നു.
അവളുടെ അമ്മ എന്റേതും എന്റെ ഉമ്മി അവളുടെതും ആയപ്പോഴാണ് ഞങ്ങളുടെ ആത്മബന്ധം കൂടുതൽ മനോഹരമായത്..
അന്ന് വെക്കേഷൻ കഴിഞ്ഞ് കോളേജ് തുറക്കുന്ന ദിവസമായിരുന്നു.. എനിക്ക് മുന്പേ അവൾ പോയെന്നു അമ്മ പറഞ്ഞപ്പോൾ അത്യാവശ്യമെന്തെങ്കിലും ഉണ്ടാകുമെന്നാണ് ഞാൻ വിചാരിച്ചത്..
എന്നാൽ അടിക്കടിയുള്ള അവളുടെ അവധിയും എന്നെ കാണാതെയുള്ള ഫോൺ വിളികളും മറ്റും എന്നിൽ സംശയമുണ്ടാക്കി എന്ന് മാത്രമല്ല എന്തോ മറച്ചു വെക്കുന്നതിലൂടെ അവൾക്കെന്നിലുള്ള വിശ്വാസം നഷ്ടപെട്ടു എന്ന് പോലും ഞാൻ ഭയന്നു.
എന്തും വരട്ടെ മനസ്സിലുള്ള സംശയം പിറ്റേന്ന് രാവിലെ അവളോട്‌ ചോദിക്കാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അവളുടെ മെസ്സേജ്
""നാളെ നേരത്തെ ഇറങ്ങണം. ഒരാളെ കാണാനുണ്ട് .. നീ പുഴക്കരയിൽ വന്ന് നിന്നാൽ മതി "'
അന്നേ വരെ മുഖവുരകൾ കൂടാതെ സംസാരിച്ചിരുന്ന അവളങ്ങനെ പറഞ്ഞപ്പോൾ കാര്യം അല്പം ഗുരുതരമാണെന്ന് മനസ്സിലായി.
പിറ്റേന്ന് നേരത്തെ തന്നെ ഉമ്മയോട് യാത്ര പറഞ്ഞ് പുഴക്കരയിൽ ചെന്നപ്പോൾ എനിക്ക് മുന്പേ അവളെത്തിയിരുന്നു.. അവൾ മാത്രമല്ല കൂടെ അരുണും...ഒരേ നാട്ടുകാരനായ അവൻ സ്കൂളിൽ പഠിക്കുന്നത് മുതൽ ദേവൂനെ നോട്ടമിട്ടിരുന്നു.. ഒട്ടുംപ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ മിണ്ടാതെ നിന്ന എന്റെ നേർക്കൊരു ചോദ്യം
"'നിന്റെയീ കൂട്ടുകാരിയെ എനിക്ക് തരാവോ ആമീ..."'
ഒന്നും മനസ്സിലാവാതെയുള്ള എന്റെ നോട്ടം കണ്ടിട്ടാകണം ദേവു ഒരു വിശദീകരണത്തിനു തയ്യാറായത്...
"'ആമീ...നിനക്കറിയാവുന്നതല്ലേ അവനെന്നോടുള്ള താല്പര്യത്തെ കുറിച്ച്... ഇതുവരെ ഞാനത് കണ്ടില്ലാന്ന് നടിക്കുകയായിരുന്നു.. എന്നാൽ ഇത്രയും കാലമൊന്നും ആഗ്രഹിക്കാതെ അവനെന്നെ സ്നേഹിക്കുന്നുവെന്നറിഞ്ഞപ്പോൾ അവന്റെ പണമോ ജോലിയോ ജാതിയോ ഒന്നും നോക്കിയില്ല...
നീ പേടിക്കേണ്ട ആമീ... ഇനി പ്രണയം മത്തു പിടിപ്പിച്ചു അവന്റെ കൂടെ ഒളിച്ചോടിയൊന്നും ഞാൻ തയ്യാറാവില്ല... വീട്ടുകാരുടെയും ബന്ധുക്കളുടെയും പൂർണ്ണ സമ്മതവും അനുഗ്രഹവുമില്ലാതെ ഒരെടുത്തു ചാട്ടവും നടത്തില്ല... ഇനി ഇതിന്റെ പേരിൽ പിരിയേണ്ടി വന്നാൽ അവനെന്നെ തേപ്പുകാരിയെന്നും ഞാനവനെ വഞ്ചകനെന്നും ഓമനപേര് വിളിക്കില്ല..
പരസ്പരം ഒരുമിച്ചു ജീവിക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ പ്രണയം...""
അതും പറഞ്ഞവൾ എന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ എപ്പോഴത്തെപോലെയും ആ തീരുമാനത്തെയും ഞാൻ ബഹുമാനിച്ചു.
ഞങ്ങൾ രണ്ടുപേരുമുള്ള ലോകത്തേക്ക് അരുൺ കൂടി വന്നപ്പോൾ ദേവൂന് അരുൺ ജീവൻ പകുത്തു നൽകുന്ന കാമുകനായി ...എന്നാലെനിക്ക് സ്നേഹ വാത്സല്യo നൽകുന്ന ഒരു സഹോദരനെ കൂടി ലഭിക്കുകയായിരുന്നു..
അവരുടെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും കൂടികാഴ്ചകൾക്കും ഞാൻ സാക്ഷിയായപ്പോൾ ഇത്തിരി കേട്ടാൽ ഒത്തിരി പറയുന്ന നാടും നാട്ടുകാരും വിവരം ബന്ധുക്കളുടെ ചെവിയിലെത്തിക്കാൻ അധികം കാലതാമസം വേണ്ടി വന്നില്ല.
പിന്നെ വിചാരണയായിരുന്നു..ആ വലിയ തറവാട്ടിലെ നടുമുറ്റത്ത്‌ കാരണവന്മാർക്ക് ഒത്തനടുവിൽ അവളെ നിർത്തി ചോദ്യങ്ങൾ ആരാഞ്ഞപ്പോൾ എപ്പോഴത്തെ പോലെയും അപ്പോഴും ഞാൻ സാക്ഷി..
അവനാരാ..?ഏതാ?.ജാതി ?മതം??അങ്ങനെ തുടങ്ങി നൂറു ചോദ്യങ്ങൾ ഒരേ സമയം അവളോട്‌ ചോദിക്കുമ്പോൾ മറ്റുചിലർ ചുറ്റും നിന്ന് അടക്കം പറയാനും മറന്നില്ല..
"പെങ്ങളുടെ കുട്ടിയാണ്.. തന്തയ്ക്ക് സുഖമില്ലാത്തതാണ് എന്നും പറഞ്ഞ് സകല സുഖ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു.. "'..
പരിഹാസത്തിനും കുറ്റപ്പെടുത്തലിനും ഒത്തനടുവിൽ മൗനം പാലിച്ചു നിൽക്കുന്ന തന്റേടിയും എന്തിലും ഉറച്ച തീരുമാനവും എടുക്കുന്ന ദേവൂന്റെ തലകുമ്പിട്ടുള്ള നിർത്തo കണ്ടപ്പോൾ അത്ഭുതമായിരുന്നു എനിക്ക്..
പ്രതീക്ഷിച്ച മറുപടി കിട്ടാതെ വന്നപ്പോൾ ചോദ്യങ്ങൾ പിന്നെ മർദ്ദനത്തിന്റെ രൂപത്തിലായി.. തൊഴിച്ചുo മുടി കുത്തിപിടിച്ചും വേദന നൽകുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞിട്ടില്ലായിരുന്നു..
നിസ്സഹായയായി കണ്ണീർ പൊഴിക്കുന്ന ദേവൂന്റെ അമ്മയും എന്റെ മോളെ തല്ലല്ലേയെന്ന് പറഞ്ഞ് കരയുന്ന നാരായണേട്ടനും എനിക്ക് മുൻപിൽ ഹൃദയംനുറുങ്ങുന്ന വേദനയിൽ നിൽക്കുന്നതു കണ്ടപ്പോഴാണ് അവരുടെ ചോദ്യങ്ങൾക്ക് മറുപടി ഞാൻ പറയാമെന്ന് സമ്മതിച്ചത്..
അരുണിനെ കുറിച്ചുള്ള അവരുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ ഉത്തരം നൽകിയപ്പോൾ ദേവു പറയുന്നുണ്ടായിരുന്നു.
""നിങ്ങളുടെ സമ്മതവും അനുഗ്രഹവുമില്ലാതെ ഞാനൊരിക്കലും അവന്റെ കൂടെ പോകില്ല..
പറഞ്ഞ് മുഴുവനാകുന്നതിനു മുൻപ് അമ്മാവന്റെ കൈ അവളുടെ മുഖത്ത് വീണിരുന്നു..
"'ഞങ്ങളുടെ സമ്മതം കിട്ടിയിട്ടായിരുന്നോടീ നീ അവനെ പ്രേമിക്കാൻ പോയേന്ന് ചോദിച്ച് അവളെ വലിചിഴച്ചു കൊണ്ട് ആ ഇരുണ്ട മുറിക്കുള്ളിലേക്ക് തള്ളുമ്പോൾ കാണാൻ കഴിയാതെ ഞാനവിടെ നിന്നും ഓടിപോരുകയായിരുന്നു..
പിന്നീട് ഞാൻ അനുഭവിച്ചത് ഒറ്റപ്പെടലിന്റെ വേദനയായിരുന്നു.. പലരും അവളെകുറിച്ച് ചോദിക്കുമ്പോഴും അരുണിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ മാത്രമാണ് ഞാൻ പതറിയിരുന്നത് ..
ഭീഷണിയും മർദ്ദനവും തന്റെ നേരേ വന്നിട്ടും തന്റെ പ്രണയത്തിൽ നിന്നും പിന്മാറാൻ കൂട്ടാക്കാതെ അരുൺ നിന്നപ്പോൾ പട്ടിണിക്കിട്ടും പഠനം മുടക്കിയും അവർ അവളെ ശിക്ഷിച്ചു.. അവളിൽ ദേഷ്യവും വാശിയും ഉണ്ടാക്കി... എന്ത് വന്നാലും ഇനി അരുൺ മാത്രമായിരിക്കും തന്റെ കഴുത്തിൽ താലികെട്ടുക എന്നായി പിന്നെ ..
പക്ഷെ അവളുടെ അറിവും സമ്മതവും കൂടാതെ വിവാഹാലോചന നടക്കുന്നുണ്ടെന്ന് ബാപ്പച്ചി പറഞ്ഞപ്പോൾ അരുണിനുള്ളത് പോലെ എനിക്കുമതൊരു ഞെട്ടലായിരുന്നു.
എല്ലാമറിഞ്ഞു കൊണ്ട് അരുൺ അന്നാ വീട്ടിലേക്ക് കയറി ചെന്നത് അവളെ വിളിച്ചിറക്കി കൊണ്ട് വരാനല്ലായിരുന്നു..
മറിച്ച്‌ എല്ലാം ഉപേക്ഷിക്കാൻ അവൻ തയ്യാറാണെന്നും അവളുടെ പഠനം മുടക്കരുതെന്ന് പറയാനുമായിരുന്നു..
പക്ഷെ ഒരു പുഴുത്ത പട്ടിയെ ആട്ടിയിറക്കും പോലെ അവനെ ഓടിക്കുകയാണുണ്ടായത്.
പിന്നീട് എന്റെ ഊഴമായിരുന്നു..
അവളുടെ സ്വപ്നങ്ങൾ താലിചരടിൽ ബന്ധിക്കപ്പെടാൻ പോകുന്നവെന്ന് അറിഞ്ഞപ്പോൾ അതിലേറ്റവും കൂടുതൽ വിഷമം തോന്നിയത് മറ്റൊന്നും കൊണ്ടല്ല... അതവൾ പങ്കുവെച്ചതെന്നോട് മാത്രമായിരുന്നു...
എനിക്ക് വിലക്ക് കല്പിച്ച വീട്ടിലേക്ക് ആത്മവിശ്വാസത്തോടെ ഞാൻ ബാപ്പച്ചിയോടൊപ്പം കയറി ചെന്നപ്പോൾ എന്റെ തീക്ഷണമായ നോട്ടം കണ്ടിട്ടാകണം വീടിന്റെ കാവലാളായ അമ്മാവൻ തടയാതിരുന്നത്..
ദേവൂ.. എന്നുള്ള എന്റെ വിളി കേട്ടിട്ടാണ് അവളാ മുറിയിൽ നിന്നുമിറങ്ങി വന്നത്.. നിശബ്ദതകൾക്കൊടുവിൽ അവളെന്നെ പിടിച്ചു കരഞ്ഞപ്പോൾ ഒരാശ്വാസ വാക്കു പോലും പറയാൻ കഴിയാതെ എനിക്കും കരയാൻ മാത്രമേ സാധിച്ചുള്ളൂ...
അവളെ പറഞ്ഞ് മനസ്സിലാക്കാനും വിവാഹത്തിനു സമ്മതിക്കാനും അല്ലാത്ത പക്ഷം ആത്മഹത്യയാണ് വഴിയെന്ന് അമ്മ എന്നോട് പറഞ്ഞപ്പോൾ അവളമ്മയുടെ കാലുപിടിക്കുന്നുണ്ടായിരുന്നു..
പഠനം മുടക്കരുതെന്നും അരുണിന്റെ ഓർമ്മകൾ പോലും മായ്ച്ചു കളഞ്ഞോളാമെന്ന് പറഞ്ഞ് കരഞ്ഞപ്പോൾ പുറംകാൽ കൊണ്ട് അവളെ തട്ടി മാറ്റി
"'അസത്ത് എന്റെ വയറ്റിൽ കുരുത്തല്ലോ എന്ന മറുപടിയാണ് അമ്മ പറഞ്ഞത്..
കണ്ട്‌ നിൽക്കാൻ കഴിയാതെ ഞാനാ വീട്ടിൽ നിന്നും യാത്ര പോലും പറയാതെ ഇറങ്ങുമ്പോൾ ബാപ്പച്ചി എന്തോ തീരുമാനിച്ചുറപ്പിച്ചിരുന്നു...പുറത്തിരിക്കുന്ന നാരായണേട്ടന്റെ കൈ പിടിച്ച് ഞങ്ങൾ നേരേ കയറി ചെന്നത് അരുണിന്റെ വീട്ടിലേക്ക് ആയിരുന്നു...
പണവും സമ്പത്തും വർഗവും നോക്കി ആളെ അളക്കുന്നവരുടെ പിടിയിൽ നിന്നും ദേവൂനെ രക്ഷിക്കണമെന്നും... അതിന്റെ പേരിൽ എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെയുണ്ടാകുമെന്ന ഉറപ്പും അരുണിനും വീട്ടുകാർക്കും നൽകി വിവാഹം ഉറപ്പിച്ചപ്പോൾ ഒരച്ഛന്റെ കടമ നിർവഹിച്ച പ്രതീതിയായിരുന്നു ബാപ്പച്ചിയുടെ കണ്ണിൽ... തൊഴുകയ്യോടെ നിൽക്കുന്ന നാരായണേട്ടനെ വാരി പുണർന്നു കൊണ്ട് അരുൺ സമാധാനിപ്പിച്ചപ്പോൾ അതിലും മനോഹരമയൊരു കാഴ്ച വേറെയില്ലായിരുന്നു..
സന്തോഷവാർത്ത അവളെ അറിയിക്കാൻ ഞാനും കൂടെ പോയത് എപ്പോഴത്തെ പോലെയും എനിക്കതിനുo സാക്ഷിയാകണമായിരുന്നു..
ആവേശത്തോടെ ഞാനാ വീട്ടിൽ കയറി ചെല്ലുമ്പോൾ കണ്ട കാഴ്ച വീടിനു ചുറ്റും ആർത്തു കരഞ്ഞു കൊണ്ട് ഒരു തീഗോളം ഓടുന്നതായിരുന്നു...
ആളിപടരുന്ന തീയിനുള്ളിൽ നിന്നും..
ആമീ.....എന്നുള്ള വിളികേട്ടാണ് ഞാനാ ഉറക്കിൽ നിന്നും എണീറ്റത്...
തലയ്ക്കു മീതെ കണ്ണീരോടെ ഖുർആൻ ഓതുന്ന ഉമ്മിയെ നോക്കിയപ്പോൾ എന്റെ കണ്ണിലുള്ള ചോദ്യങ്ങൾ കണ്ടിട്ടാകണം..
"'ദേവൂനെ നിനക്ക് അവസാനമായിയൊന്നു കാണേണ്ടേ ആമീ..എന്ന് ചോദിച്ചത്...
കാതുകൾക്ക് വിശ്വാസo വരാതെ പാതി മരിച്ചു നിലവിളിക്കുന്ന എന്നെ താങ്ങിപിടിച്ച് ബാപ്പച്ചി ആ വീട്ടിലേക്ക് കൊണ്ട് പോയപ്പോൾ വെള്ളയുടുപ്പിട്ട് ദേവു എന്നെ സ്വീകരിക്കുന്നുണ്ടായിരുന്നു... ജീവനറ്റ അവളുടെ ശരീരം കാണാൻ കഴിയാതെ മകളുടെ ചിരിക്കുന്ന ഫോട്ടോ കെട്ടിപിടിച്ചു കരയുന്ന നാരായണേട്ടന്റെ മടിയിൽ ഞാൻ തല ചായ്ച്ചപ്പോൾ ഉടുതുണി പോലുമില്ലാതെ നിലവിളിച്ചു വരുന്ന അരുണിനെ താങ്ങി പിടിച്ച് കൊണ്ട് വന്നത് അന്ന് ആട്ടിയിറക്കി വിട്ട അമ്മാവൻമാർ തന്നെയായിരുന്നു.
കരഞ്ഞു തളർന്നവൻ അവളുടെ മാറിൽ വീണ് കരയുമ്പോൾ അവളെന്നോട് പങ്കു വെച്ച സ്വപ്നമാണ് എനിക്കോർമ്മ വന്നത്..
"',ചുവന്ന റോസാപൂക്കൾ വിരിച്ച മെത്തയിൽ വെള്ളയുടുപ്പിട്ട് അവനെ നെഞ്ചോടു ചേർത്ത് എനിക്കുറങ്ങണം "'...അവളുടെ ശബ്ദമെന്റെ ചെവിയിൽ വന്ന് പതിക്കുന്നുണ്ടായിരുന്നു...
സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലായിരുന്നു അവൾ...
"'എനിക്ക് തന്നൂടായിരുന്നോ ഞാൻ നോക്കുമായിരുന്നില്ലേ പൊന്നു പോലെ എന്നുള്ള അവന്റെ ചോദ്യത്തിനു കരയാനല്ലാതെ ചുറ്റുമുള്ളവർക്ക് ഒരുത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല... ..
യാത്ര ചോദിക്കാനും പറയാനും നിൽക്കാതെ
ആയിരങ്ങൾ സാക്ഷിയായി അവളാ തീയിൽ ഇല്ലാതായപ്പോൾ കൂടെ മറ്റു പല ജീവിതങ്ങൾ കൂടിയാണ് ഭസ്മമായത്...
മകളുടെ വിയോഗത്തിൽ പൂർണ്ണമായും മനോനില തെറ്റിയ നാരായണേട്ടൻ അധികം വൈകാതെ മരണത്തിനു കീഴടങ്ങിയപ്പോൾ ആ അമ്മയ്ക്ക് വിധവ എന്നൊരു പേരും കൂടെ കാലം സമ്മാനിച്ചു...
ഇരുമെയ്യും ഒരു മനസ്സുമായി കഴിഞ്ഞ എന്നെ തനിച്ചാക്കിയവൾ വിധിയുടെ കാണാപുറങ്ങളിൽ ഇല്ലാതായപ്പോൾ അതിൽ നിന്നും വിമുക്തയാവാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ല..
തന്നെ സ്നേഹിച്ചു എന്നുള്ള കാരണത്താൽ ജീവൻ കളഞ്ഞ ദേവൂനെ ഓർത്ത് വളർത്തി വലുതാക്കിയവരെ പോലും മറന്ന് ഒളിച്ചോട്ടം നടത്തിയ അരുണിനെ ബാപ്പച്ചിയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ കണ്ട്‌ പിടിച്ചപ്പോൾ തിരിച്ചറിയാൻ കഴിയാത്ത വിധം അവൻ മാറിയിരുന്നു...
എല്ലാ സത്യങ്ങളും ഉൾക്കൊണ്ട്‌ അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനെനിക്ക് സാധിച്ചത് അവളന്ന് പകർന്നു തന്ന ഊർജം തന്നെയായിരുന്നു..
നാളത്തേക്ക് വർഷം പത്തു തികയുന്നു...കർമങ്ങൾ നടത്താൻ അരുൺ മുമ്പിൽ നിന്നത് പഴയ കാമുകൻ ആയിട്ട് മാത്രമല്ലായിരുന്നു.. കടമകൾ നിർവഹിക്കുന്ന ഒരച്ഛന്റെ സ്ഥാനവും ആ കണ്ണിൽ ഞാൻ കണ്ടിരുന്നു...
ഇന്നാ അമ്മയുടെ മൂത്ത മകനായി ദേവൂന്റെ കൂടെപിറപ്പുകൾക്ക് ഒരു ജേഷ്ഠനായി ആ തറവാടിന്റെ കാരണവരായി അരുൺ കഴിയുമ്പോൾ ജീവിച്ചു കൊതി തീരാതെ മടങ്ങിയ അവളുടെ സ്നേഹവും കരുതലുമാകും അവനുണർവേകുന്നത്...
*ശുഭം *.
.........................
നാഫി

അനു... നീ എന്റെ ഭാഗ്യമാണ്.

"അനു... നീ എന്റെ ഭാഗ്യമാണ്. "
അവന്റെ വാക്കുകൾ എന്റെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു..
മുഖപുസ്തകത്തിൽ എനിക്കുളള ചുരുങ്ങിയ സൗഹൃദങ്ങളിൽ ഒന്നായിരുന്നു വിഷ്ണു.
തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന അച്ഛനും അമ്മയും എന്റെ കുഞ്ഞു സന്തോഷവും പരിഭവങ്ങളും വരെ കേൾക്കാൻ സമയം കണ്ടെത്താതെ വന്നപ്പോൾ ആ വലിയ വീട്ടിൽ എനിക്കുളള ഒറ്റപ്പെടലിൽ നിന്നെല്ലാം ഒരാശ്വാസമായിരുന്നു അവന്റെ കൂട്ട്..
ചുറ്റും ഒത്തിരിപേരുണ്ടായിട്ടും ഞാൻ തനിച്ചായപ്പോൾ അനാഥത്വം കൊണ്ട് ഒറ്റപെട്ടവനായിരുന്നു അവൻ..
നേർവഴികാണിക്കുന്ന ഒരു സുഹൃത്തായും സ്നേഹിച്ചും ശാസിച്ചുo ഒപ്പം നിൽക്കുന്ന സഹോദരനായും അവൻ എന്നോട് അടുത്തപ്പോൾ പിരിയാൻ പറ്റാത്ത വിധം ഞാനവനെ പ്രണയിക്കുകയായിരുന്നു .
കുറഞ്ഞ സമയം മാത്രം മൊബൈലിലും മുഖപുസ്തകത്തിലും ചിലവഴിച്ചിരുന്ന ഞാൻ മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ മൊബൈലിൽ നോക്കി ചിരിക്കാൻ സമയം കണ്ടെത്തി..
ഒരകന്ന ബന്ധുവായ ചേച്ചിയോടൊപ്പമാണ് ഞാൻ താമസിക്കുന്നതെന്ന് പറഞ്ഞ് സുകന്യ ചേച്ചിയെ എനിക്ക് ഫോണിൽ പരിചയപെടുത്തിയപ്പോഴും അവരുമായുളള ഫോട്ടോസ് എനിക്ക് അയച്ച് തരുമ്പോഴും ഞാൻ അവരിൽ ഒരാളായി മാറുകയായിരുന്നു..
അച്ഛനായും അമ്മയായും എനിക്ക് ചേച്ചി മാത്രമേയുള്ളൂ എന്നവൻ പറയുമ്പോൾ ഇനിമുതൽ ഞാനുമുണ്ടാകും എന്നൊരു ഉറപ്പ് നൽകി ഞാനെന്റെ പ്രണയം പറയാതെ പറഞ്ഞു..
അന്ന് ഉച്ചതിരിഞ്ഞിട്ടും അവനെ ഓൺലൈനിൽ കാണാത്തപ്പോഴാണ് ഞാനങ്ങോട്ട് വിളിച്ചത് ..ചേച്ചിക്ക് ചെറിയൊരു അപകടം പറ്റിയെന്നുo ഒരു ഓപ്പറേഷൻ വേണ്ടിയുളള തുകയ്ക്ക് ഓടുകയാണെന്ന് അവൻ പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു...
ഞാനുളളപ്പോൾ ഒരാളുടെയും മുമ്പിൽ കൈനീട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അവൻ തന്ന അകൗണ്ട് നമ്പറിലേക്ക് തുക അയക്കുമ്പോൾ ചേച്ചിക്ക് ഒരാപത്തും വരുത്തല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ..
ചേച്ചി അപകടനില തരണം ചെയ്തെന്ന പറഞ്ഞ് വിളിച്ച രാത്രി എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. നേരം പുലരുവോളം അവൻ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ ഞാൻ സ്വയം മറന്നു.. അവന്റെ ഇഷ്ടത്തിന് അനുസരിച്ച്‌ എന്റെ നഗ്നത വരെ അവനു മുന്നിൽ ഞാൻ തുറന്ന് കാണിച്ചത് അവനോടുളള അകമഴിഞ്ഞ വിശ്വാസം കൊണ്ടായിരുന്നു.
ചാറ്റും വീഡിയോകാളും തുടങ്ങി പലപ്പോഴായി ചെറുതും വലുതുമായ തുക ഞാൻ അയക്കുമ്പോൾ വീട്ടിൽ അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു..തിരക്കിനിടയിൽ എന്നെ ശ്രദ്ധിക്കാനും സ്നേഹിക്കാനും അമ്മയും അച്ഛനുംമറന്നെങ്കിലും എന്റെ അകൗണ്ടിൽ പണം നിക്ഷേപിക്കാൻ അവർ മറക്കാറില്ല.
അന്ന് ചേച്ചിയുമായി ഹോസ്പിറ്റലിൽ പോകേണ്ട ദിവസമായിരുന്നു.. പണത്തിനായി ആരുടെ വാതിലും മുട്ടേണ്ടന്ന് ഞാനായിരുന്നു അവനോടു പറഞ്ഞത്.
ബാങ്കിൽ ചെന്നതും അച്ഛന്റെ സുഹൃത്തായ ബാങ്ക് മാനേജർ എന്നെ കാണാൻ ഇടവരികയും പലപ്പോഴായി പണം പിൻവലിക്കുന്നതിനെ കുറിച്ച് ചോദിക്കുകയും ചെയ്തപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കാതെ കളളം പറഞ്ഞ് ഞാൻ രക്ഷപെടുംമ്പോൾ വാക്ക് പാലിക്കാൻ പറ്റാത്ത സങ്കടമായിരുന്നു എനിക്ക്..
കാര്യങ്ങൾ പറഞ്ഞ് ഞാനവനെ വിളിക്കുന്നതിന് മുൻപ് അവന്റെ കാൾ വന്നതും എല്ലാം പറഞ്ഞ് തീരുന്നത് കാത്തുനിൽക്കാതെ അവൻ ഫോൺ വെച്ചപ്പോൾ അവനിലുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു . ..
രണ്ടു ദിവസം എന്റെ ഫോൺ കാളിനും മെസ്സേജുകൾക്കും മറുപടി ഇല്ലാതായപ്പോൾ മൂന്നാം നാൾ തെല്ലു ഭയത്തോടെയാണ് അവൻ അയച്ച മെസ്സേജ് നോക്കുന്നത്.
"ആവശ്യപ്പെട്ട തുക പറഞ്ഞ ദിവസത്തിനുളളിൽ അകൗണ്ടിൽ വീണില്ലെങ്കിൽ എനിക്ക് എന്റേതായ വഴി സ്വീകരിക്കേണ്ടി വരുമെന്നവൻ പറയുമ്പോൾ നീ പണത്തിനു വേണ്ടിയാണോ ഈ നാടകം കളിച്ചതെന്ന എന്റെ ചോദ്യം അവനെ നന്നായി ചൊടിപ്പിച്ചിരുന്നു..
പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നാളത്തെ പുലരി നിന്റെ നഗ്നത കണ്ടായിരിക്കും അമ്മയും അച്ഛനും ഉണരുക എന്നവന്റെ ഭീഷണിയിൽ ഞാൻ പതറാതെ നിന്നത് അവനും ചേച്ചിയുമായുളള ചിത്രങ്ങൾ എന്റെ കയ്യിലും ഉളളത് കൊണ്ടായിരുന്നു..
പക്ഷെ അവന്റെ നിമിഷസുഖത്തിനു വേണ്ടി സമീപിക്കുന്ന ഒത്തിരി പേരിൽ ഒരാളായിരുന്നു സുകന്യചേച്ചിയും എന്നറിഞ്ഞപ്പോഴായിരുന്നു ഞാൻ തിരിച്ചു കയറാൻ പറ്റാത്ത വിധം ചുഴിയിൽ അകപ്പെട്ടെന്ന് മനസ്സിലാക്കുന്നത്.
കയ്യിലും കഴുത്തിലുമുളള സ്വർണം വിറ്റ് പണം അവന്റെ അകൗണ്ടിൽ നിക്ഷേപിച്ച് ഇനി എന്നെ ശല്ല്യം ചെയ്യരുതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞപേക്ഷിച്ചപ്പോൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഫോൺ വെക്കുകയായിരുന്നു...
എല്ലാത്തിൽ നിന്നുമുളള ഒളിച്ചോട്ടമെന്നോണം ഇന്റർനെറ്റ്‌ ലോകവും മൊബൈലും ഒഴിവാക്കി സ്വയം ആശ്വാസം കണ്ടെത്തിയപ്പോൾ അത് താത്കാലിക ആശ്വാസമായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് എന്നെ തിരഞ്ഞവൻ കോളേജിൽ വന്നപ്പോഴായിരുന്നു..
അന്നാദ്യമായി അവനെ നേരിൽ കണ്ടപ്പോൾ എന്റെയുളളിൽ അവനോടുളള സ്നേഹം അവശേഷിക്കുന്നത് കൊണ്ടാണോ അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഭയം ഉള്ളിലൊതുക്കി എന്റെ കയ്യിൽ നിനക്ക് തരാൻ ഒന്നുമില്ലെന്നു പറയുമ്പോൾ മറുപടി എന്നോണം അവൻ പറഞ്ഞത് ടൗണിലെ പ്രശസ്ത ഹോട്ടലിന്റെ പേരും റൂം നമ്പറുമായിരുന്നു...
എന്റെ അറിവില്ലായ്മക്ക് പകരമായി വേണ്ടതൊക്കെ നിനക്ക് തന്ന് കഴിഞ്ഞെന്നും ഇനി ഒന്നിനും ഒരുക്കമല്ലെന്ന് പറയുമ്പോൾ എന്റെ മുന്നിൽ പലപ്പോഴായി തുണിയുരിഞ്ഞപ്പോൾ നീ ശീലാവതി ചമഞ്ഞത് കണ്ടില്ലല്ലോ മോളെ എന്നവന്റെ മറുപടിക്ക് എനിക്ക് ഉത്തരമില്ലായിരുന്നു..
പക്ഷെ !തോൽവി സമ്മതിച്ചു അടിയറവ് പറയുന്നതിലും നല്ലത് ആത്മഹത്യയാണെന്നും അവന്റെ പ്രണയനാടകത്തിനു മുന്പിൽ ഇനിയൊരു ഇരകൂടി ബലിയാടാകാൻ അവസരം കൊടുക്കരുതെന്ന തിരിച്ചറിവ് മാത്രമല്ല വെറുമൊരു പച്ചലൈറ്റിന്റെ മറവിൽ എന്നെക്കാൾ അവനെ വിശ്വസിക്കുകയും അവന്റെ മുന്നിൽ തുണിയുരിയുമ്പോഴും ആവശ്യപെട്ടത് നൽകി പ്രീതിപെടുത്തുംമ്പോഴും തോന്നാത്ത ഭയം മാനഹാനി വിചാരിച്ചു അത് തുറന്നു പറയാനുംതോന്നേണ്ടയാവശ്യമില്ല എന്ന ചിന്തയുമായിരുന്നു എന്നെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
വിലകൂടിയ മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും ഒരുക്കി കൊടുത്ത് മകളെ സന്തോഷിപ്പിച്ചപ്പോൾ അതിന്റെ നല്ലതും ചീത്തയുമായിട്ടുളള വശങ്ങൾ പറഞ്ഞു കൊടുക്കാനെങ്കിലും സമയം കണ്ടെത്തണമായിരുന്നു എന്നും പറഞ്ഞു എന്നെ അച്ഛനെ ഏല്പിക്കുമ്പോൾ.. ടൗണിലെ ഹോട്ടലിൽ ശീതീകരിച്ച മുറിയിൽ എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന വിഷ്ണുവിനെ ലക്ഷ്യം വെച്ച് പോലീസ് നീങ്ങിയിരുന്നു.
*********
Nafy

ഞാൻ തയ്യാറാണ് വിനു "

ഞാൻ തയ്യാറാണ് വിനു "
തെല്ലും പതറാതെയുള്ള എന്റെ സംസാരം കേട്ടിട്ടാകാണo ജിത്തു ഞെട്ടിയത്..
എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ഞാനത് കേൾക്കാൻ കൂടി മുഖം കൊടുത്തില്ല..
അഞ്ചു വർഷം മുൻപ് നാട്ടിലെ പേരുകേട്ട പ്രമാണിയുടെ ഏക മകൾ ഒരു താഴ്ന്നജാതിക്കാരൻ അനാഥ ചെക്കന്റെ കൂടെ ഇറങ്ങിയപ്പോൾ എവിടെയും സ്ഥാനം ഉണ്ടായിരുന്നില്ല ഒരാളും കൂട്ടിനും ഉണ്ടായിരുന്നില്ല വിനു ഒഴിക..
ജിത്തുവിന്റെ നല്ല സുഹൃത്ത്‌.. വിവാഹിതൻ..ഞങ്ങൾക്ക് വേണ്ട സകല സഹായവും നൽകി ഉടമസ്ഥതയിലുള്ള വീടും താമസിക്കാൻ പതിച്ചു തന്നപ്പോൾ വിനു ഞങ്ങൾക്ക് ഒരു സുഹൃത് എന്നതിലുപരി സഹോദരതുല്യൻ ആവുകയായിരുന്നു.. .
ഒരു ബിസിനസ്‌ തുടങ്ങുന്നതിനു ആവശ്യമായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു തന്നു സുഖത്തിലും ദുഖത്തിലും കൂടെ ഒരേട്ടനായി നിന്നപ്പോൾ തിരിച്ചു നൽകാൻ ഞങ്ങൾക്ക് ഉണ്ടായിരുന്നത് നിറഞ്ഞ സ്നേഹവും അകമഴിഞ്ഞ വിശ്വാസവും മാത്രം ആയിരുന്നു.
ഞാനുണ്ടാക്കുന്ന ഏത് ഭക്ഷണമാവട്ടെ അതിൽ ഒരു പങ്ക് വിനുവിന് ആയിരുന്നു.. ഏതു രാത്രിയിലും വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യം.. അങ്ങനെ എല്ലാം കൊണ്ടും അയാൾ ഞങ്ങളിൽ ഒരാളായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു..
അന്നാദ്യമായിട്ടാണ് ഞാൻ ജിത്തുവിനെ ആ അവസ്ഥയിൽ കാണുന്നത്.. മദ്യപിച്ചു ബോധം വരെ പോയി വീട്ടിലേക്കു വന്ന ജിത്തു ഉമ്മറത്ത്‌ വീണു കിടന്നപ്പോൾ അന്നും ഒരു കൈ സഹായത്തിനു വിനു മാത്രമാണ് ഉണ്ടായിരുന്നത്.
ബിസിനസിൽ ഉണ്ടായ തകർച്ചയും സാമ്പത്തിക നഷ്ടവും ഏട്ടനെ കൊണ്ടെത്തിച്ചത് ഒരു മുഴു മദ്യപാനിയിലേക്ക് ആയിരുന്നു.. പലയാവർത്തത്തി തടയാൻ ശ്രമിച്ചു എങ്കിലും എല്ലാം വിഫലം..
രൂപത്തിലും ഭാവത്തിലും ജിത്തുവിന് മാത്രം ആയിരുന്നില്ല മാറ്റം ഉണ്ടായത്... അടിക്കടിയുള്ള വിനുവിന്റെ വീട്ടിലേക്കു ഉള്ള വരവും അർത്ഥം വെച്ചുള്ള നോട്ടവും മേലുരുമ്മി മനപ്പൂർവം ഉള്ള നടത്തവും മറ്റൊരു മാറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു...
പലപ്പോഴും എല്ലാം എന്നെ അലോസരപെടുത്തി... അസഹ്യമായി തോന്നി.. ജിത്തുവിനോട് പറയാതെ ആദ്യം മിണ്ടാതിരുന്നത് എല്ലാം എന്റെ തോന്നലുകൾ ആകാം എന്നുള്ളത് കൊണ്ടും അവരു തമ്മിലുള്ള സൗഹൃദം ഞാൻ കാരണം ഇല്ലാതാവരുത് എന്നുള്ള ആഗ്രഹം കൊണ്ടുമായിരുന്നു...
പക്ഷെ അന്ന് വിനു എന്നെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ എന്റെ സകല നിയന്ത്രണവും വിട്ടു.. രണ്ടും കൽപിച്ചു ജിത്തുവിനെ വിവരം ധരിപ്പിച്ചപ്പോൾ കളിയാക്കി കൊണ്ട് പറഞ്ഞു..
"'നീയും മറ്റുള്ള പെണ്ണുങ്ങളെ പോലെ ആവുകയാണോ !?ആകെയുള്ളത് വിനുവിന്റെ സഹായം മാത്രമാണ്.. ഞങ്ങളെ തമ്മിൽ തെറ്റിക്കുമോ നീ... നിന്റെ ഓരോ തോന്നൽ "'
എന്നും പറഞ്ഞ് അത് മുഖവുരക്കു എടുക്കാതെയിരുന്നപ്പോൾ ഞാൻ ആലോചിച്ചത് ഏട്ടനു അവനിൽ ഉള്ള വിശ്വാസത്തെ കുറിച്ചാണ്.. അത് നേടിയെടുക്കാൻ ഉള്ള ശ്രമമായിരുന്നു ഇത്രയും നാളത്തെ സഹായങ്ങൾ....
ദിവസം കഴിയുംതോറും കടം പെരുകി.. വീട്ടിലും പുറത്തിറങ്ങി നടക്കാനും പറ്റാത്ത സാഹചര്യം.. മദ്യത്തിനു അല്ലാതെ എന്റെ ഒരാശ്വാസ വാക്കിനും ഏട്ടനെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല..
പക്ഷെ എല്ലാത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം എന്നോണം വിശ്വസിച്ചു ഇറങ്ങി വന്ന എന്നെ വരെ ഓർക്കാതെ രണ്ട് തുള്ളി വിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ നോക്കിയ ജിത്തുവിനെ വിധി പരീക്ഷിച്ചത് മറ്റൊരു രൂപത്തിൽ ആയിരുന്നു..
കൈ കാലുകൾ തളർത്തി.. സംസാര ശേഷി മാത്രമുള്ള ഒരു ജീവച്ഛവമായി മാറ്റി.. എന്നിട്ടും ഞാനെന്റെ വിധിയെ പഴിച്ചില്ല.. ദൈവത്തെയും കുറ്റം പറഞ്ഞില്ല.. തുടർച്ചയായിട്ടുള്ള ചികിത്സയിലൂടെ ജിത്തുവിനെ ജീവിതത്തിലേക്ക് കൊണ്ട് വരാമെന്നുo അതിനു മുന്നോടിയായി ഒരു ഓപറേഷൻ വേണമെന്നും പറഞ്ഞപ്പോൾ പിന്നീട് അതിനുള്ള നെട്ടോട്ടം ആയിരുന്നു..
മുട്ടാത്ത വാതിലുകൾ ഇല്ല.. സകല വീട്ടിലെ എച്ചിൽ പത്രങ്ങളും കഴുകി പണം സ്വരൂപിച്ചു എങ്കിലും അതെല്ലാം മരുന്ന് പോലും വാങ്ങിക്കാൻ തികയുമായിരുന്നില്ല.. ഇതെല്ലാം സഹിക്കാമായിരുന്നു..
ഒന്നനങ്ങാൻ പോലും കഴിയാതെ ജിത്തുവിന്റെ കരച്ചിൽ കാണുമ്പോൾ മാത്രമാണ് എന്റെ നെഞ്ച് പിടഞ്ഞിരുന്നത്..
ആരോഗ്യ നില കൂടുതൽ വഷളാവാൻ തുടങ്ങിയെന്നും ഉടനെ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആകെ പകച്ചു... പക്ഷെ അവിടെയും വിനു സഹായത്തിന്റെ ഹസ്തദാനമായി എന്നെ നോക്കി.. പക്ഷെ ആ നോട്ടo കാമവെറിയുള്ള കഴുകന്റെത് ആയിരുന്നു.
ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ എല്ലാം നൽകി ജിത്തുവിനെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരാൻ കൂടെ നിൽകാമെന്ന വാഗ്ദാനം തന്നപ്പോൾ പ്രതിഫലമായി വിനു ചോദിച്ചത് എന്നോടൊപ്പമുള്ള ഒരു രാത്രി ആയിരുന്നു..
തെല്ലും പകച്ചു നില്കാതെ ഞാൻ കേണപേക്ഷിച്ചു സഹായിക്കാൻ.. പണം ഞാൻ എങ്ങനെയെങ്കിലും തിരിച്ചു നൽകുമെന്നു പറഞ്ഞപ്പോൾ അതിനു ഒരു ഇളവ് എന്നോണം വിനു നൽകിയത് ഒരു രാത്രി എന്നുള്ളത് കുറച്ച് മണിക്കൂർ ആക്കി എന്നതാണ്...
വിനുവിന്റെ ഭാര്യയെക്കാൾ കൂടുതൽ ആയി എനിക്ക് ഒന്നും ഇല്ലെന്നും അവൾ തരുന്നതിൽ കൂടുതൽ സുഖം എനിക്ക് തരാൻ കഴിയില്ല എന്നും പറഞ്ഞ് ഒഴിയാൻ നോക്കിയപ്പോൾ വിനു പറഞ്ഞ മറുപടി
"അവളൊരു പഴഞ്ചൻ ആണെന്ന് ആയിരുന്നു "..
സ്വന്തം ഭാര്യയിലെ കുറ്റം അയാൾ കണ്ടെത്തിയപ്പോൾ അതിലൂടെ വിരൽ ചൂണ്ടി യത് എന്നിലെ ഭാര്യയെ ആയിരുന്നു..
സുഖവും പണവും പ്രതാപവും നോക്കുന്ന ഒരുവളാണ് ഞാനെങ്കിൽ അനാഥനായ ജിത്തു എന്നെ നോക്കാൻ പോലും അർഹനല്ല.. ഭർത്താവിന്റെ നല്ല കാലത്തിൽ കൂടെ നിൽക്കുകയും ഒരാപത്തു വന്നപ്പോൾ തള്ളി കളഞ്ഞ് സ്വന്തം സുഖം തേടി പോകുന്ന ഒരു പെണ്ണാവേണ്ട എനിക്ക്..എനിക്ക് തോൽക്കേണ്ടായിരുന്നു... ജയിക്കണം... അതിനു ഏതറ്റം വരെ പോകാനും എന്റെ മനസ്സിനെ ഞാൻ തിട്ടപ്പെടുത്തി..
ആവശ്യം വിനു ഉന്നയിച്ചു എങ്കിലും മറുപടി ഒന്നും ഞാൻ പറഞ്ഞില്ലായിരുന്നു... പിറ്റേന്ന് ഡോക്ടർ പറയുകയുണ്ടായി ഇനി ഓപറേഷൻ വൈകിയാൽ നമുക്ക് ജിത്തുവിനെ പൂർവ്വ സ്ഥിതിയിൽ ആക്കാൻ കഴിയില്ല എന്ന് .. പിന്നെ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല..
ഈ ഒരായുസ്സ് കൊണ്ട് എനിക്ക് സ്വരൂപിക്കാൻ കഴിയാത്ത പണം കുറച്ച് മണിക്കൂറുകൾ കൊണ്ട് എന്റെ കയ്യിൽ എത്തുമെന്ന് കരുതിയപ്പോൾ.. ജിത്തു മടങ്ങി വരുമെന്ന് ആലോചിച്ചപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല.. അയാൾക്ക്‌ മുൻപിൽ എന്റെ മടിക്കുത്ത്‌ അഴിക്കാൻ ഞാൻ തയ്യാറായി..
ഒരു മറുപടിക്ക് എന്നോണം വിനു വിളിച്ചപ്പോൾ ഞാൻ ഒരുക്കമാണെന്ന് പറയുകയും ചെയ്തു...
ഒരു പുതുമണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങാൻ ആവശ്യപെട്ടു അയാൾ... അതിനും തയ്യാറായി.. അണിഞ്ഞൊരുങ്ങിയ എന്നെ ഞാൻ കണ്ണാടിയിൽ കണ്ടപ്പോൾ സ്വയം വിളിച്ചു
"അഭിസാരിക "'
നേരെ ജിത്തുവിന്റെ അടുത്ത് ചെന്ന് ആ നെഞ്ചിൽ ചേർന്ന് കിടന്നപ്പോൾ ഒന്ന് തലോടാൻ പോലും കഴിയാതെ എന്നോട് ചോദിച്ചു..
""ഇപ്പോ തോന്നുന്നില്ലേ നിനക്ക് ഒന്നും വേണ്ടിയിരുന്നില്ല എന്ന് "'
നിനക്കിനിയും സമയം ഉണ്ട്..യവ്വനം നശിച്ചിട്ടില്ല...
മുഴുവനാക്കുന്നതിന് മുൻപ് ഞാൻ വാ പൊത്തി കൊണ്ട് പറഞ്ഞു..
""ഇന്ന് രാത്രി കൊണ്ട് തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ ""
ഒന്നും മനസ്സിലാവാതെ എന്നെ നോക്കിയപ്പോൾ എനിക്ക് എല്ലാം പറയേണ്ടി വന്നു.
"നിസ്സഹായതയും ദേഷ്യവും സങ്കടവും ചേർന്ന് ജിത്തു എന്നെ നോക്കി പറഞ്ഞു
!
!"'അന്ന് കഴിച്ച വിഷകുപ്പിയിൽ ഇനിയും ബാക്കിയുണ്ട്... നമുക്ക് ഒന്നിച്ചു മരിക്കാം... അതിനു ആരെയും സമ്മതം വേണ്ട.. !
എനിക്ക് വേണ്ടി നീ വീട്ടുകാരുടെ മുൻപിൽ നീ വഞ്ചകിയായി...എച്ചിൽ പാത്രം കഴുകുന്ന വേലക്കാരി ആയി...ഇനി വയ്യ പെണ്ണെ.. അഭിസാരിക എന്നൊരു പേരും കൂടി നിനക്കു ചാർത്തി തരാൻ... "'
മൗനം പാലിച്ച എന്നോട് ജിത്തു കയർക്കുന്നുണ്ടായിരുന്നു...കണ്ണടച്ചാൽ ഇരുട്ടിനെ ഭയക്കുന്ന എനിക്ക് മരിക്കാൻ ഭയമാണ്.. പക്ഷെ സ്വന്തം ഭർത്താവ് ജീവനോടെ ഇരിക്കുമ്പോൾ അതെ മേൽക്കൂരയ്ക്ക് താഴെ മറ്റൊരാൾക്ക്‌ മുൻപിൽ ഉടുതുണി അഴിക്കുന്ന എന്നെ ഞാൻ ഒന്ന് ആലോചിച്ചപ്പോൾ മരണം ആണ് അതിലും ബേധം എന്ന് തോന്നി..
ഒടുവിൽ ജീവിതത്തിനു മുൻപിൽ തോൽക്കാൻ തയ്യാറായി എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഒന്ന് മനസ്സിൽ വിചാരിച്ചു എന്റെ ശരീരം ആഗ്രഹിച്ചു വരുന്ന വിനു കാണേണ്ടത് ജീവനറ്റ എന്റെ ശവം ആയിരിക്കണം എന്ന്.
ഗ്ലാസിലെ വെള്ളത്തിൽ വിഷം ചേർത്ത് കുടിക്കാൻ ഒരുങ്ങിയപ്പോൾ അവസാന ആഗ്രഹം എന്നോണം മനസ്സിൽ തോന്നിയത് ജന്മം തന്ന അമ്മയുടെ ശബ്ദം ഒന്ന് കേൾക്കാൻ ആയിരുന്നു.. ആഗ്രഹം ജിത്തുവിനെ അറിയിച്ചപ്പോൾ എതിർത്തില്ല.
ഫോൺ എടുത്ത് ചെവിയിൽ വെച്ചുവെങ്കിലും ഒരു വാക്കിനു വേണ്ടി ഞാൻ പരതുന്നുണ്ടായിരുന്നു.. വർഷങ്ങൾക്കിപ്പുറം അമ്മയുടെ ശബ്ദം ചെവിയിൽ പതിഞ്ഞപ്പോൾ ഒന്നും ഉരിയാടാൻ കഴിയാതെ ഞാൻ നിന്ന് കരഞ്ഞു... പെയ്തു തോരുന്ന മഴ പോലെ എല്ലാം അമ്മയോട് ഏറ്റു പറഞ്ഞ് മാപ്പ് പറഞ്ഞ് വെച്ചപ്പോൾ മറുപടി എന്നോണം ഒരു തേങ്ങൽ മാത്രമാണ് കേട്ടത്.. ആ നെഞ്ച് പിടയുന്നതു ഞാൻ അറിഞ്ഞിരുന്നു.
ഒരു ഭാരം ഇറക്കി വെച്ച പ്രതീതി ആയിരുന്നു..ജീവിതത്തിൽ സുന്ദരമായ നിമിഷങ്ങൾ പരസ്പരം പറഞ്ഞ് ഇനി വരുന്ന ജന്മത്തിലും ജിത്തു എന്റെ നല്ല പാതിയായിരിക്കണേ എന്ന പ്രാർത്ഥനയിൽ മുഴുകി കയ്യിലെ വിഷം കുടിക്കാൻ ഒരുങ്ങിയതും വാതിലിൽ ആരോ മുട്ടുന്നു..
വിനു ആയിരിക്കും.. വാതിൽ തുറക്കാൻ മടിച്ച എന്നെ നിർബന്ധിച്ചു പറഞ്ഞയച്ചപ്പോൾ കയ്യിൽ ഗ്ലാസ്‌ എടുക്കാൻ ഞാൻ മറന്നില്ല..അവന്റെ മുന്നിൽ നിന്ന് കൊണ്ട് എല്ലാം അവസാനിപ്പിക്കാം എന്ന് കരുതി വാതിൽ തുറന്ന ഞാൻ കണ്ടത് മുന്നിൽ മറ്റൊരാളെ ആയിരുന്നു
ജന്മം നൽകിയ കർമം കൊണ്ട് പൂവണിഞ്ഞ അച്ഛൻ "
കണ്ണുകൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.കയ്യിലുള്ള ഗ്ലാസ്‌ നിലത്തു വീണതും ഞാൻ അച്ഛന്റെ മാറിൽ ചാഞ്ഞതും ഒരുമിച്ചായിരുന്നു.. കരഞ്ഞ തളർന്ന എന്നെ അച്ഛൻ ആശ്വസിപ്പിച്ചപ്പോൾ ജിത്തുവിന്റെ കൈ മുറുകെ പിടിക്കാനും മറന്നില്ലായിരുന്നു.
ഒരു ഏറ്റു പറച്ചിലിലും ചിരിയിലും തീരാവുന്നതെയുള്ളൂ മാതാപിതാക്കൾക്ക് മക്കളോട് ഉള്ള മൗനത്തിന്റെ ആഴം എന്ന് മനസ്സിലാക്കി ഞങ്ങൾ ആ വീടിന്റെ പടിയിറങ്ങിയപ്പോൾ ചെയ്തു തന്ന ഉപകാരങ്ങൾക്ക് പ്രതിഫലമായി പലിശയടക്കം വിനുവിനുള്ളതു ഒരു ചെക്ക് ലീഫിന്റെ രൂപത്തിൽ അവിടെ വെക്കാൻ അച്ഛൻ മറന്നില്ല.
ഒരു സഹോദരൻ ആയി നിന്ന് കൊണ്ട് ചെയ്തു തന്നതിനെല്ലാം ഞാൻ വിനുവിനെ നന്ദിയോടെ സ്മരിച്ചു എങ്കിലും വിനുവിലെ അവസരവാദിയോട് എന്നിലെ സ്ത്രീക്ക് പൊറുക്കുവാൻ കഴിയുമായിരുന്നില്ല.
ഞാനുമായിട്ടുള്ള ഒരു രാത്രി സ്വപ്നം കണ്ടു വരുന്ന വിനു ഒരിക്കലും വിചാരിച്ചു കാണില്ല ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ഒരു മണവാട്ടിയെ പോലെ ആ മുറിയിൽ ഒരു സമ്മാനം എന്നോണം ഞാൻ അയാൾക്ക്‌ വേണ്ടി ഒരുക്കിയത് എനിക്ക് പകരം സ്വന്തo ഭാര്യയെ ആണെന്ന്.
**************************
ശുഭം
നാഫി

ഇന്നെന്റെ വിവാഹ ദിവസമാണ്

ഇന്നെന്റെ വിവാഹ ദിവസമാണ്.ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ചെക്കന് വേണ്ടി കാത്തു നിൽകുമ്പോഴും എന്റെ കണ്ണുകൾ തിരയുന്നത് മറ്റൊരാൾക്ക്‌ വേണ്ടിയാണ്.
അഥിതികൾ ഓരോരുത്തർ വന്നും പോയി ഇരുന്നു...
ഇടക്ക് പുറത്തേക്കു നോക്കിയപ്പോഴാണ് സമപ്രായക്കാരായ രണ്ടു പെൺകുട്ടികളെ കണ്ടത്...
കളിച്ചും ചിരിച്ചുമുള്ള അവരുടെ സംസാരം അതെന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ട് പോയി.
----------------------------------------------------------------=
.രവി സാറിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് വന്ന അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയിഴകളും വശ്യമായ പുഞ്ചിരിയുമുള്ള അവൾ സുമേയാ.
പ്രായത്തിൽ കവിഞ്ഞ പക്വതയും ,മിതമായ സംസാരം രീതിയും പഠനത്തിലും പഠനേതര വിഷയങ്ങളിലും അവൾ കാണിച്ച മികവും അവളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി.
സ്കൂളിന് അടുത്തുള്ള വാടക വീട്ടിൽ ഉമ്മയും ഉപ്പയും അവളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.എന്റെ തൊട്ടടുത്തിരുന്ന് ഞങ്ങൾ ഉറ്റസുഹൃത്തുക്കളായി മാറിയിട്ട് കൂടി അവളുടെ നാടും വീടും ആത്മാവും എനിക്ക് അറിയില്ലായിരുന്നു.ഞാൻ ചോദിച്ചിട്ടും ഒഴിഞ്ഞു മാറ്റം മാത്രം ആയിരുന്നു മറുപടി.അറിയും തോറും അവളെനിക്ക് കൗതുകമായിരുന്നു ..
പലതവണ ഞാൻ വീട്ടിലേക്കു ക്ഷണിച്ചു എങ്കിലും അതും നിരസിച്ചു.കണ്ടില്ലെങ്കിലും അവളെന്റെ വീട്ടിൽ പരിചിതയായിരുന്നു..ഉച്ചയൂണിനു പതിവായി വീട്ടിൽ പോകാറുള്ള അവളോട്‌ കുടുംബത്തെ കാണാനുള്ള ആഗ്രഹം കൊണ്ട് പലയാവർത്തി വീട്ടിലേക്കു പോന്നോട്ടെ എന്നുള്ള എന്റെ ചോദ്യത്തിന് പുഞ്ചിരിച്ചു കൊണ്ട് പിന്നീടാകാം എന്ന് മാത്രമാണ് മറുപടി ഉണ്ടായിരുന്നത്..
പരീക്ഷയെല്ലാം കഴിഞ്ഞു സ്കൂൾ പൂട്ടുന്ന ദിവസമായിരുന്നു അന്ന്..കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്ന എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു "'നീ വരുന്നോ എന്റെ കൂടെ "'..കേട്ടപാതി കേൾക്കാത്ത പാതി ചോറ്റുപാത്രം അടച്ചു വെച്ച് ഞാൻ അവളുടെ കൂടെ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ എന്റെ ചോറ്റുപാത്രം കൂടി എടുക്കാൻ അവൾ ആവശ്യപെട്ടു.
വിഭവങ്ങൾ ഒരുക്കി മകളെ കാത്തിരിക്കുന്ന ഒരു ഉമ്മയെയാണ് ഞാൻ അവിടെ പ്രതീക്ഷിച്ചത്..എന്നാൽ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുന്നു.ജനലഴിക്കുള്ളിലൂടെ താക്കോൽ എടുത്ത് വാതിലും തുറന്ന് വീട്ടിലേക്കു സലാം ചൊല്ലി പ്രവേശിച്ചപ്പോൾ തിരിച്ച് മറുപടി ഒന്നും കേട്ടതും ഇല്ല. ഒരു മുറിയും ഒരടുക്കളയും അടങ്ങുന്ന ഒരു കുഞ്ഞു വീട്..ഉമ്മയെ കാണാത്തപ്പോൾ ഞാനാ മുറിയിലേക്ക് ഒന്ന് എത്തി നോക്കി..ഒരു പ്രാവശ്യം മാത്രമേ നോക്കിയുള്ളൂ...
തലകറങ്ങി ഞാനാ കസേരയിൽ ഇരുന്നു. എന്റെ പരിഭ്രാന്തി കണ്ടിട്ടാകാണo അവളെനിക്ക് വെള്ളം നീട്ടിയത്..
"'ഉമ്മിയാണ് കുറച്ചു വർഷങ്ങൾ ആയി സുഖമില്ല "എന്നവൾ എന്നോട് പറഞ്ഞപ്പോൾ മറുപടി എന്നോണം ഉപ്പയെ ആയിരുന്നു ഞാൻ ചോദിച്ചത്..
എല്ലാം ഞാൻ പറയാം എന്നും പറഞ്ഞ് തീൻമേശയിലേക്ക് വിളിച്ചപ്പോൾ അവിടെ സമൃദ്ധമായ സദ്യക്ക് പകരം പഴംകഞ്ഞി ആയിരുന്നു..ഞാൻ കഴിച്ചത് എന്റെ ചോറ്റു പാത്രത്തിലെ ചോറും..രുചിയോടെ അവളതു കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് കൗതുകം ആയിരുന്നു.
അവളുടെ വസ്ത്രങ്ങളും പുസ്തകങ്ങളും ഓരോന്നായി കാണിച്ചു തന്നപ്പോൾ ഞാൻ ചിന്തിച്ചത് ഇഷ്ട വിഭവം ഇല്ലെന്നു പറഞ്ഞ് വഴക്കിടുന്ന..ഡ്രെസ്സിലെ പൂവിന്റെ നിറം മങ്ങിയെന്നു പറഞ്ഞ് അതൊഴിവാക്കുന്ന എന്നെ കുറിച്ചാണ്.
ഉമ്മിയുടെ വായിലേക്ക് കഞ്ഞി ഒഴിച്ചു കൊടുക്കുന്നതിനു ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു..
മലപ്പുറത്തെ ഒരു നാട്ടിൻപുറത്ത് സമൂഹം കള്ളനെന്നു ഓമനപേരിട്ടു വിളിച്ച ഒരുപ്പയുടെ മകളായി ജനനം..സ്നേഹനിധിയായ ഉമ്മാക്ക് മുഖവും ശരീരവും വികൃതമായി മാറുന്ന മാറാവ്യാധി പിടിപെട്ടപ്പോൾ ജനിപ്പിച്ച അച്ഛൻ ഉപേക്ഷിച്ചു പോയി.
നാട്ടുകാരുടെ സഹായത്തോടെ ആയിരുന്നു പിന്നീട് ജീവിതം.പഠിക്കാൻ മിടുക്കി.. ആ ഇടക്ക് ക്ലാസ്സിലെ ഒരു സുഹൃത്ത്‌ ഉമ്മയെ കാണാൻ വീട്ടിൽ വരികയും ക്ലാസ്സിൽ ചെന്ന് മറ്റുള്ളവരുടെ മുൻപിൽ വെച്ച് "'അവളുടെ ഉമ്മയുടെ മുഖം ഒരു മൃഗത്തെ പോലെയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോൾ ഉണ്ടായ വേദന കൊണ്ടെത്തിച്ചത് പഠനം നിർത്തുന്നതിലേക്ക് ആയിരുന്നു.
പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു എന്നറിഞ്ഞ അയൽവാസിയായ രവി സാർ എന്നെയും കുടുംബത്തെയും പിന്നീട് ഇങ്ങോട്ട് കൊണ്ട് വരികയായിരുന്നു.. എന്നെ ദത്തു പുത്രിയാക്കിയതോടൊപ്പം എന്റെ ഉമ്മയുടെ ചികിത്സ ചിലവും കൂടി അദ്ദേഹം ഏറ്റെടുത്തപ്പോൾ അദ്ദേഹം എനിക്ക് ദൈവതുല്യനായ ഗുരുവായി..
ചുരുങ്ങിയ വരിയിൽ അവളുടെ വലിയ ജീവിതം എനിക്ക് മുൻപിൽ പറഞ്ഞപ്പോൾ അവളിലൂടെ ഞാൻ മറ്റൊരു ലോകത്തെത്തി.
ഉമ്മയോട് സലാം ചൊല്ലി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിന്തകൾ പലതും ആയിരുന്നു.. കർക്കഷക്കാരനായ രവി സാർ അവൾക്കു ദൈവ തുല്യൻ ആയപ്പോൾ
ഞാൻ ഉൾക്കൊണ്ട പാഠം ഒരദ്യാപകൻ ആണ് ഒരു വിദ്യാർത്ഥിയുടെ ആദ്യ പാഠപുസ്തകം ആകേണ്ടതു എന്നായിരുന്നു..
ദിവസം കഴിയും തോറും അവളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി.. എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും...വർഷങ്ങൾ പലതും കഴിഞ്ഞു.. ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴവും കൂടി..എന്റെ വീട്ടിലെ ഒരംഗമായി അവളും മാറി..ഞാൻ കഴിക്കുന്ന മിട്ടായിയുടെ പാതി അവകാശി അവൾ ആയിരുന്നു..എനിക്ക് പുതുതായി എന്തെടുത്താലും കൂടെ അവൾക്കും എടുക്കാൻ ഉപ്പ മറന്നില്ല..
എനിക്കവൾ സഹോദരിയും ഉമ്മക്കും ഉപ്പക്കും അവൾ മകളുമായി മാറിയപ്പോൾ ഇക്കാക്കയുടെ മനസ്സിൽ അവളെ നല്ലപാതി ആക്കാനുള്ള ആഗ്രഹവും ഉടലെടുത്തു.
എന്റെ പിന്തുണയോടെ ഇക്ക പല തവണ ആവശ്യം പറഞ്ഞെങ്കിലും നിരാശ മാത്രം ആയിരുന്നു ഫലം.ഉമ്മയെ തനിച്ചാക്കി ഞാൻ മറ്റൊരു ജീവിതവും സുഖവും തേടിപോകില്ല എന്നായിരുന്നു അവളുടെ പക്ഷം..
പക്ഷെ ഉമ്മാക്ക് വേണ്ടിയുള്ള അവളുടെ ജീവിതം അധികം നീണ്ടു നിന്നില്ല..അസുഖം കൂടി അവർ മരണത്തിനു കീഴടങ്ങിയപ്പോൾ അനാഥ എന്നൊരു വിളിപ്പേര് കൂടി അവൾക്കു സ്വന്തമായി.
ചെറുപ്രായത്തിൽ പിതാവിനാൽ ഉപേക്ഷിക്കപെട്ടവൾ..കള്ളന്റെ മകളെന്ന് പരിഹസിക്കപെട്ടവൾ. സഹതാപത്തിന്റെയും ദാരിദ്രത്തിന്റെയും രുചിയറിഞ്ഞു വളർന്നവൾ ഒടുവിൽ ഒറ്റപ്പെടലിന്റെയും അനാഥതത്തിന്റെയും വേദന കൂടി അറിഞ്ഞപ്പോൾ വിഷാദ രോഗതിന് അടിമപെടുമെന്നു ഭയന്ന് ഞാനാണ് ഇക്കാക്ക് അവളോടുള്ള താല്പര്യം വീട്ടിൽ അറിയിച്ചത്.
പക്ഷെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ സ്വാർത്ഥർ ആകുമെന്ന് ഇവടെയും സത്യമായി..ഒരനാഥ പെണ്ണിനെ മരുമകൾ ആക്കാൻ അവർ ഒരുക്കമല്ലായിരുന്നു.. കൈ നിറയെ സ്ത്രീധനം കൊണ്ട് വരുന്ന മരുമകളെയാണ് അവർക്കും വേണ്ടിയിരുന്നതു.
എന്നാൽ സ്നേഹിച്ച പെണ്ണിനെ കൈ ഒഴിയാൻ ഇക്കാക്കയും കൂട്ടുകാരിയെ അറിഞ്ഞു കൊണ്ട് ഉപേക്ഷിക്കാൻ ഞാനും തയ്യാറായില്ല. എല്ലാം നഷ്ടപ്പെട്ട് സ്വബോധം പോലും ഇല്ലാത്ത സമയത്താണ് ഇക്കാക്ക അവൾക്കു മഹർ ചാർത്തിയത് ..മാതാപിതാക്കളുടെ സ്ഥാനത്ത്‌ രവി സാറും കൂടെപിറപ്പായ എന്റെയും സാനിധ്യം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ..
പ്രതീക്ഷച്ചത് പോലെ വീട്ടിൽ അവൾക്കു സ്ഥാനം ഇല്ലായിരുന്നു.അവളുടെ കയ്യും പിടിച്ച് അന്നിറങ്ങിയതാണ് ഇക്കാക്ക..
പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.. വർഷങ്ങൾ മാറി വന്നു ഉമ്മയുടെയും ഉപ്പയുടെയും മനസ്സ് മാറി തുടങ്ങി.. അവരെ കണ്ടു പിടിക്കാനുള്ള ഓട്ടമായിരുന്നു പിന്നീട്..
അന്വേഷണം പല വഴിക്കും തിരിഞ്ഞു.എന്റെ കല്യാണം ഉറപ്പിച്ച അന്ന് മുതൽ എനിക്ക് പിന്തുണ നൽകി എന്റെ ഭർത്താവും ഏറെ സഹായിച്ചു.. രവി സാറിനെ അന്വേഷിചിറങ്ങിയപ്പോൾ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു..പക്ഷെ അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു യാത്രയിൽ ആണെന്ന് മാത്രം അറിഞ്ഞു..
ഇന്നിതാ കല്യാണദിവസം വന്നെത്തി..ആളും ബഹളവും കേമമായി കല്യാണം നടക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷയോടെ എന്റെ കണ്ണുകൾ തിരയുന്നത് അനിയത്തിയുടെ ജീവിതത്തിലെ മനോഹരമായ നിമിഷത്തിന് സാക്ഷിയാവാൻ എന്റെ ഇക്കാക്ക സുമിയുടെ കയ്യും പിടിച്ച് വരുന്നതാണ്.
പക്ഷെ പ്രതീക്ഷ അസ്തമിച്ചു നിറകണ്ണുകളോടെ മഹർ ചാർത്താൻ ഞാൻ കഴുത്ത് നീട്ടാൻ ഒരുങ്ങിയതും എന്റെ ചുമലിൽ കൈ വെച്ചാരോ പറഞ്ഞു
"'മോളെ ബിസ്മി ചൊല്ലാൻ മറക്കല്ലേ "'
എന്റെ ചെവിയിൽ പ്രകമ്പനo കൊള്ളിച്ച ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും കയ്യിൽ ഒരു കുഞ്ഞു മാലാഖയുമായി ഇക്കാക്കയുo കൈ നിറയെ സമ്മാനങ്ങളുമായി സുമിയുo രവി സാറും. എന്റെ മുൻപിൽ .
"എങ്ങനെയുണ്ട് എന്റെ വിവാഹസമ്മാനം" എന്ന് ചോദിച്ചു എന്റെ ഭർത്താവ് എന്നെ ചേർത്ത് പിടിച്ചപ്പോൾ എന്റെ മുൻപിൽ ഒരായിരം ചോദ്യങ്ങൾ ആയിരുന്നു.
വിവരങ്ങൾ ഞാൻ പറഞ്ഞ അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു എന്നും മാഷിന്റെ സഹായത്തോടെ ഇക്കയെ കണ്ടു പിടിച്ചു അവിടെ എത്തിയപ്പോൾ സുമിയാണ് നിന്നെ ഒന്നും അറിയിക്കരുത് എന്ന് പറഞ്ഞതും..
നനഞ്ഞ കണ്ണുകൾ കൊണ്ട് ഭർത്താവിനു നന്ദി അറിയിച്ചു സുമിയെ വാരിപുണർന്നപ്പോൾ എല്ലാം കണ്ടും കേട്ടും നിന്ന ഉപ്പയും ഉമ്മയും ഇക്കയുടെ മാലാഖകുഞ്ഞിനെ കോരിയെടുത്തു ഉമ്മ വെക്കുന്ന തിരക്കിൽ ആയിരുന്നു
**************************
*ശുഭം *
---------
# nafy

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo