Slider

അനു... നീ എന്റെ ഭാഗ്യമാണ്.

0
"അനു... നീ എന്റെ ഭാഗ്യമാണ്. "
അവന്റെ വാക്കുകൾ എന്റെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു..
മുഖപുസ്തകത്തിൽ എനിക്കുളള ചുരുങ്ങിയ സൗഹൃദങ്ങളിൽ ഒന്നായിരുന്നു വിഷ്ണു.
തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുന്ന അച്ഛനും അമ്മയും എന്റെ കുഞ്ഞു സന്തോഷവും പരിഭവങ്ങളും വരെ കേൾക്കാൻ സമയം കണ്ടെത്താതെ വന്നപ്പോൾ ആ വലിയ വീട്ടിൽ എനിക്കുളള ഒറ്റപ്പെടലിൽ നിന്നെല്ലാം ഒരാശ്വാസമായിരുന്നു അവന്റെ കൂട്ട്..
ചുറ്റും ഒത്തിരിപേരുണ്ടായിട്ടും ഞാൻ തനിച്ചായപ്പോൾ അനാഥത്വം കൊണ്ട് ഒറ്റപെട്ടവനായിരുന്നു അവൻ..
നേർവഴികാണിക്കുന്ന ഒരു സുഹൃത്തായും സ്നേഹിച്ചും ശാസിച്ചുo ഒപ്പം നിൽക്കുന്ന സഹോദരനായും അവൻ എന്നോട് അടുത്തപ്പോൾ പിരിയാൻ പറ്റാത്ത വിധം ഞാനവനെ പ്രണയിക്കുകയായിരുന്നു .
കുറഞ്ഞ സമയം മാത്രം മൊബൈലിലും മുഖപുസ്തകത്തിലും ചിലവഴിച്ചിരുന്ന ഞാൻ മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ മൊബൈലിൽ നോക്കി ചിരിക്കാൻ സമയം കണ്ടെത്തി..
ഒരകന്ന ബന്ധുവായ ചേച്ചിയോടൊപ്പമാണ് ഞാൻ താമസിക്കുന്നതെന്ന് പറഞ്ഞ് സുകന്യ ചേച്ചിയെ എനിക്ക് ഫോണിൽ പരിചയപെടുത്തിയപ്പോഴും അവരുമായുളള ഫോട്ടോസ് എനിക്ക് അയച്ച് തരുമ്പോഴും ഞാൻ അവരിൽ ഒരാളായി മാറുകയായിരുന്നു..
അച്ഛനായും അമ്മയായും എനിക്ക് ചേച്ചി മാത്രമേയുള്ളൂ എന്നവൻ പറയുമ്പോൾ ഇനിമുതൽ ഞാനുമുണ്ടാകും എന്നൊരു ഉറപ്പ് നൽകി ഞാനെന്റെ പ്രണയം പറയാതെ പറഞ്ഞു..
അന്ന് ഉച്ചതിരിഞ്ഞിട്ടും അവനെ ഓൺലൈനിൽ കാണാത്തപ്പോഴാണ് ഞാനങ്ങോട്ട് വിളിച്ചത് ..ചേച്ചിക്ക് ചെറിയൊരു അപകടം പറ്റിയെന്നുo ഒരു ഓപ്പറേഷൻ വേണ്ടിയുളള തുകയ്ക്ക് ഓടുകയാണെന്ന് അവൻ പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു...
ഞാനുളളപ്പോൾ ഒരാളുടെയും മുമ്പിൽ കൈനീട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അവൻ തന്ന അകൗണ്ട് നമ്പറിലേക്ക് തുക അയക്കുമ്പോൾ ചേച്ചിക്ക് ഒരാപത്തും വരുത്തല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ..
ചേച്ചി അപകടനില തരണം ചെയ്തെന്ന പറഞ്ഞ് വിളിച്ച രാത്രി എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. നേരം പുലരുവോളം അവൻ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ ഞാൻ സ്വയം മറന്നു.. അവന്റെ ഇഷ്ടത്തിന് അനുസരിച്ച്‌ എന്റെ നഗ്നത വരെ അവനു മുന്നിൽ ഞാൻ തുറന്ന് കാണിച്ചത് അവനോടുളള അകമഴിഞ്ഞ വിശ്വാസം കൊണ്ടായിരുന്നു.
ചാറ്റും വീഡിയോകാളും തുടങ്ങി പലപ്പോഴായി ചെറുതും വലുതുമായ തുക ഞാൻ അയക്കുമ്പോൾ വീട്ടിൽ അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു..തിരക്കിനിടയിൽ എന്നെ ശ്രദ്ധിക്കാനും സ്നേഹിക്കാനും അമ്മയും അച്ഛനുംമറന്നെങ്കിലും എന്റെ അകൗണ്ടിൽ പണം നിക്ഷേപിക്കാൻ അവർ മറക്കാറില്ല.
അന്ന് ചേച്ചിയുമായി ഹോസ്പിറ്റലിൽ പോകേണ്ട ദിവസമായിരുന്നു.. പണത്തിനായി ആരുടെ വാതിലും മുട്ടേണ്ടന്ന് ഞാനായിരുന്നു അവനോടു പറഞ്ഞത്.
ബാങ്കിൽ ചെന്നതും അച്ഛന്റെ സുഹൃത്തായ ബാങ്ക് മാനേജർ എന്നെ കാണാൻ ഇടവരികയും പലപ്പോഴായി പണം പിൻവലിക്കുന്നതിനെ കുറിച്ച് ചോദിക്കുകയും ചെയ്തപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കാതെ കളളം പറഞ്ഞ് ഞാൻ രക്ഷപെടുംമ്പോൾ വാക്ക് പാലിക്കാൻ പറ്റാത്ത സങ്കടമായിരുന്നു എനിക്ക്..
കാര്യങ്ങൾ പറഞ്ഞ് ഞാനവനെ വിളിക്കുന്നതിന് മുൻപ് അവന്റെ കാൾ വന്നതും എല്ലാം പറഞ്ഞ് തീരുന്നത് കാത്തുനിൽക്കാതെ അവൻ ഫോൺ വെച്ചപ്പോൾ അവനിലുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു . ..
രണ്ടു ദിവസം എന്റെ ഫോൺ കാളിനും മെസ്സേജുകൾക്കും മറുപടി ഇല്ലാതായപ്പോൾ മൂന്നാം നാൾ തെല്ലു ഭയത്തോടെയാണ് അവൻ അയച്ച മെസ്സേജ് നോക്കുന്നത്.
"ആവശ്യപ്പെട്ട തുക പറഞ്ഞ ദിവസത്തിനുളളിൽ അകൗണ്ടിൽ വീണില്ലെങ്കിൽ എനിക്ക് എന്റേതായ വഴി സ്വീകരിക്കേണ്ടി വരുമെന്നവൻ പറയുമ്പോൾ നീ പണത്തിനു വേണ്ടിയാണോ ഈ നാടകം കളിച്ചതെന്ന എന്റെ ചോദ്യം അവനെ നന്നായി ചൊടിപ്പിച്ചിരുന്നു..
പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നാളത്തെ പുലരി നിന്റെ നഗ്നത കണ്ടായിരിക്കും അമ്മയും അച്ഛനും ഉണരുക എന്നവന്റെ ഭീഷണിയിൽ ഞാൻ പതറാതെ നിന്നത് അവനും ചേച്ചിയുമായുളള ചിത്രങ്ങൾ എന്റെ കയ്യിലും ഉളളത് കൊണ്ടായിരുന്നു..
പക്ഷെ അവന്റെ നിമിഷസുഖത്തിനു വേണ്ടി സമീപിക്കുന്ന ഒത്തിരി പേരിൽ ഒരാളായിരുന്നു സുകന്യചേച്ചിയും എന്നറിഞ്ഞപ്പോഴായിരുന്നു ഞാൻ തിരിച്ചു കയറാൻ പറ്റാത്ത വിധം ചുഴിയിൽ അകപ്പെട്ടെന്ന് മനസ്സിലാക്കുന്നത്.
കയ്യിലും കഴുത്തിലുമുളള സ്വർണം വിറ്റ് പണം അവന്റെ അകൗണ്ടിൽ നിക്ഷേപിച്ച് ഇനി എന്നെ ശല്ല്യം ചെയ്യരുതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞപേക്ഷിച്ചപ്പോൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഫോൺ വെക്കുകയായിരുന്നു...
എല്ലാത്തിൽ നിന്നുമുളള ഒളിച്ചോട്ടമെന്നോണം ഇന്റർനെറ്റ്‌ ലോകവും മൊബൈലും ഒഴിവാക്കി സ്വയം ആശ്വാസം കണ്ടെത്തിയപ്പോൾ അത് താത്കാലിക ആശ്വാസമായിരുന്നുവെന്ന് എനിക്ക് മനസ്സിലായത് എന്നെ തിരഞ്ഞവൻ കോളേജിൽ വന്നപ്പോഴായിരുന്നു..
അന്നാദ്യമായി അവനെ നേരിൽ കണ്ടപ്പോൾ എന്റെയുളളിൽ അവനോടുളള സ്നേഹം അവശേഷിക്കുന്നത് കൊണ്ടാണോ അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഭയം ഉള്ളിലൊതുക്കി എന്റെ കയ്യിൽ നിനക്ക് തരാൻ ഒന്നുമില്ലെന്നു പറയുമ്പോൾ മറുപടി എന്നോണം അവൻ പറഞ്ഞത് ടൗണിലെ പ്രശസ്ത ഹോട്ടലിന്റെ പേരും റൂം നമ്പറുമായിരുന്നു...
എന്റെ അറിവില്ലായ്മക്ക് പകരമായി വേണ്ടതൊക്കെ നിനക്ക് തന്ന് കഴിഞ്ഞെന്നും ഇനി ഒന്നിനും ഒരുക്കമല്ലെന്ന് പറയുമ്പോൾ എന്റെ മുന്നിൽ പലപ്പോഴായി തുണിയുരിഞ്ഞപ്പോൾ നീ ശീലാവതി ചമഞ്ഞത് കണ്ടില്ലല്ലോ മോളെ എന്നവന്റെ മറുപടിക്ക് എനിക്ക് ഉത്തരമില്ലായിരുന്നു..
പക്ഷെ !തോൽവി സമ്മതിച്ചു അടിയറവ് പറയുന്നതിലും നല്ലത് ആത്മഹത്യയാണെന്നും അവന്റെ പ്രണയനാടകത്തിനു മുന്പിൽ ഇനിയൊരു ഇരകൂടി ബലിയാടാകാൻ അവസരം കൊടുക്കരുതെന്ന തിരിച്ചറിവ് മാത്രമല്ല വെറുമൊരു പച്ചലൈറ്റിന്റെ മറവിൽ എന്നെക്കാൾ അവനെ വിശ്വസിക്കുകയും അവന്റെ മുന്നിൽ തുണിയുരിയുമ്പോഴും ആവശ്യപെട്ടത് നൽകി പ്രീതിപെടുത്തുംമ്പോഴും തോന്നാത്ത ഭയം മാനഹാനി വിചാരിച്ചു അത് തുറന്നു പറയാനുംതോന്നേണ്ടയാവശ്യമില്ല എന്ന ചിന്തയുമായിരുന്നു എന്നെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
വിലകൂടിയ മൊബൈൽ ഫോണും ഇന്റർനെറ്റ് സൗകര്യവും ഒരുക്കി കൊടുത്ത് മകളെ സന്തോഷിപ്പിച്ചപ്പോൾ അതിന്റെ നല്ലതും ചീത്തയുമായിട്ടുളള വശങ്ങൾ പറഞ്ഞു കൊടുക്കാനെങ്കിലും സമയം കണ്ടെത്തണമായിരുന്നു എന്നും പറഞ്ഞു എന്നെ അച്ഛനെ ഏല്പിക്കുമ്പോൾ.. ടൗണിലെ ഹോട്ടലിൽ ശീതീകരിച്ച മുറിയിൽ എന്നെയും പ്രതീക്ഷിച്ചിരിക്കുന്ന വിഷ്ണുവിനെ ലക്ഷ്യം വെച്ച് പോലീസ് നീങ്ങിയിരുന്നു.
*********
Nafy
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo