കഥ- ഞണ്ട്
^^^^^^^^^^^^^^
“പ്രണയിക്കട്ടേ?”
“ആരെ?”
“താങ്കളെത്തന്നെ”
ചിരിച്ചു.
“എന്താ ചിരിച്ചത്”
“അതിനു അഖില വിവാഹിതയല്ലേ”
ഇപ്പോള്‍ അഖിലയാണ് ചിരിച്ചത്.
“എന്തേ വിവാഹിതര്‍ക്ക് പ്രണയിക്കാന്‍ പാടില്ലെന്നുണ്ടോ?”
നിശ്ശബ്ദനായി.
പ്രതീക്ഷിച്ചതായിരുന്നില്ല, സന്ദര്‍ശനവും.സന്ദര്‍ഭവും.
അഖിലയുടെ ഭര്‍ത്താവ് കിരണിനെ കാണാന്‍ എത്തിയതായിരുന്നു .
ഞായാറാഴ്ച.
ഒരേ ഓഫീസില്‍ ജോലി ചെയ്യുന്നവരാണ് കിരണും അഖിലയും. അഖില സഹോദരന്റെ ഭാര്യയുടെ കൂട്ടുകാരിയാണ്. അതുകൊണ്ടുതന്നെ പലപ്രാവശ്യവും അടുത്തുസംസാരിച്ചിട്ടുണ്ട്. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.അവളേക്കാള്‍ പ്രായക്കൂടുതലുണ്ടെങ്കിലും കൂട്ടുകാരെപ്പോലെ എടാ,പോടാന്ന് വിളിക്കുന്ന സ്വഭാവം
“അവിവാഹിതനായിക്കഴിയുന്നത് ആണല്ലാത്തതുകൊണ്ടാണോ?”
ഒരിക്കല്‍ അവള്‍ പറഞ്ഞത് കേട്ട് അടക്കാനാകാത്ത ദേഷ്യമുണ്ടായി. ഇടയ്ക്ക് കുറച്ചുകാലം,അവളെ കാണുമ്പോഴൊക്കെ വഴിമാറിനടന്നു..
നാട്ടില്‍ കുറച്ചു ഭൂമി വില്ക്കാനുള്ള കാര്യം കിരണിനോട് പറയാനായിരുന്നു ഞായറാഴ്ചയാത്ര . പക്ഷേ അയാള്‍ കോയമ്പത്തൂരില്‍ പോയിരിക്കുന്നു. റിയല്‍ എസ്റ്റേറ്റിലാണ് അയാള്‍ക്കിപ്പോള്‍ കമ്പം
“മകളെവിടെ”
“ഡാന്‍സ് ക്ലാസില്‍”
‘ഒരുനിമിഷം’ എന്ന ആംഗ്യഭാഷ.അവള്‍ അകത്തേക്ക്. ഷോക്കെയ്സിലെ അവരുടെ കല്യാണഫോട്ടോയില്‍ കണ്ണുടക്കി. സുന്ദരനും സുന്ദരിയും.ഇപ്പോഴും അതിനു മാറ്റമൊന്നും വന്നിട്ടില്ല.
ബ്രൂകോഫിയുടെ മണം.
അവള്‍ ടീപ്പൊയില്‍ രണ്ട്കപ്പ് കോഫിയും ജിലേബിയും വച്ചു.
നല്ല മധുരമായിരുന്നു കോഫിയ്ക്ക്.ഒരു ജിലേബിയെടുത്ത് കടിച്ചു.
“എന്നെ ഷുഗര്‍പേഷ്യന്റാക്കാനുള്ള പുറപ്പാടാണോ?”
“അല്ലെങ്കിലും നീയൊരുപഞ്ചാരയല്ലേ ചേട്ടായീ”
“പെണ്ണേ…..”
കോപം നടിച്ചു
“ചുമ്മാപറഞ്ഞതാടാ ചേട്ടായീ. പാവമാന്നറിയാം.ഒരിക്കല്‍ ഞാന്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കട്ടെ, എന്തേ വിവാഹം വേണ്ടെന്ന് വച്ചത്?”
“പ്രായപൂര്‍ത്തിയായില്ലാ അഖിലാ ”
അവള്‍ പൊട്ടിച്ചിരിച്ചു.ചിരിയ്ക്ക് എന്തഴക്!
അഴക് അടുത്തുവന്നിരുന്നു.
“സുന്ദരാ....”
“കളിയാക്കാതെടോ”
“സത്യമായിട്ടും കളിയാക്കിയതല്ലാ. കിരണിനെക്കാണുന്നതിനു മുന്‍പേ നിന്നെ കൂടുതല്‍ പരിചയപ്പെട്ടിരുന്നെങ്കില്‍!”
“എങ്കില്‍ ?”
“എന്റെ കുഞ്ഞിന്റെ അച്ഛനായേനേ”
“ഞാന്‍ പോയിക്കോട്ടേ ? ജിലേബി വല്ലാതെ മത്തുപിടിപ്പിച്ചു”
“പേടിക്കണ്ടാ... രക്തരക്ഷസ്സൊന്നുമല്ലാ, സത്യം പറയൂ ഞാന്‍ സുന്ദരിയല്ലേ?”
“കള്ളം പറയാനറിയില്ലാ.. സുരസുന്ദരി”
“നിദാനം”
“അംഗപ്രത്യംഗവര്‍ണ്ണന?”
“നോ... കൂടുതല്‍ ഇഷ്ടമായത്”
“ഹസ്തിനി”
“ഓഹോ സാമുദ്രികാലക്ഷണശാസ്ത്രവും പഠിച്ചിട്ടുണ്ടോ?അത്രയ്ക്ക് ഇഷ്ടമായത് എന്റെ സ്തനങ്ങളാണോ, മറയില്ലാതെ നീയത് കണ്ടിട്ടുണ്ടോ?
മറുപടി പറഞ്ഞില്ല. ഞെട്ടലോടെയാണു കണ്ടത്; എനിക്കഭിമുഖമായി അവള്‍. നൈറ്റിയുടെ സിബ്ബ്കീഴോട്ട് വലിച്ചു. അടിവസ്ത്രമില്ലാതെ.തീര്‍ത്തും നഗ്നമായിട്ട് !
പെട്ടെന്ന് കണ്ണുകള്‍ പിന്‍വലിച്ചു.
“എനിക്കും എന്റെ ശരീരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.ഇതാണ് അത് ചേട്ടനും ഇഷ്ടമായെന്നറിഞ്ഞപ്പോള്‍.... ഏയ് സംന്യാസീ നോക്കൂന്നേ.. ഞാനിപ്പോള്‍ ഷട്ടറിടും”
മുത്തുമണികളുടെ കിലുക്കം.
നോക്കി.വ്യക്തമായി. ആദ്യത്തെ അനുഭവം! രൂപഭംഗിയില്‍ തെല്ലിട ലയിച്ചിരുന്നു.
“ആദ്യമായിട്ടാണോ ഇങ്ങനെയൊരു ദര്‍ശനം”
“സത്യം പറഞ്ഞാല്‍ രണ്ടാമത്തേതാണു. ആദ്യത്തത് ഓര്‍മ്മകളിലെവിടെയോ? അമ്മയുടെ മുലപ്പാലിന്റെ ഓര്‍മ്മച്ചൂരു്”
“അതേ, അതാണിതിന്റെ മഹത്ത്വം. സ്ത്രീയുടെ സ്വകാര്യസ്വത്ത്.യാത്രകളില്‍‘അവന്റെ’ നയനങ്ങള്‍ വേട്ടയാടുന്നത് ഇടക്കണ്ണിലൂടെ കാണാറുണ്ട്. ആര്‍ത്തിയാണ് പലര്‍ക്കും. പക്ഷേ; എന്റെ മകളെയൂട്ടിയപ്പോഴായിരുന്നു കൂടുതല്‍ ഉള്‍ക്കുളിരുണ്ടായത്. ”
അവള്‍ കുറച്ചുകൂടെ അടുത്തുവന്നു.
“തൊടുന്നില്ലേ..... ഇരയിമ്മന്‍തമ്പിയുടെ ഈരടി ഓര്‍ക്കുന്നോ”
“ഞാന്‍ പോയ്ക്കോട്ടേ ?”
“എന്റെ ചോദ്യത്തിനു മറുപടികിട്ടിയില്ല”
“പ്രണയം;മാംസനിബദ്ധമല്ലെങ്കില്‍ പ്രശ്നമില്ല”
“മാംസനിബദ്ധമല്ലാത്ത രാഗമുണ്ടോ മനുഷ്യനില്‍”
“ഉണ്ടായിക്കൂടേ?”
“സംശയമാണ്”
വാതിലിനു പുറത്തു കടന്നപ്പോള്‍ മെല്ലെ തിരിഞ്ഞുനിന്നു.
“ഇഷ്ടമാണ് അഖിലയെ.പക്ഷേ; കിരണിനെ ഞാന്‍ നല്ല കൂട്ടുകാരനായി കാണുന്നു”
പിന്നില്‍ വാതില്‍ അടയുന്നത് ശ്രദ്ധിക്കാതെ നടന്നു.
പ്രണയവിവാഹമായിരുന്നു ഇരുവരുടേയും. അത്ര സമ്പന്നരൊന്നുമായിരുന്നില്ല അഖിലയുടെ വീട്ടുകാര്‍.കിരണ്‍ ഒരു പ്രത്യേകരീതിക്കാരനാ. ‘പണം’ അതാണയാളുടെ ലഹരി. സെക്കന്റ്ഹാൻഡ്കാര്‍ വില്പനയില്‍ തുടങ്ങി. റിയലെസ്റ്റേറ്റുവരെയെത്തിനില്ക്കുന്നു. വാടകവീട്ടിലായിരുന്നൂ വിവാഹജീവിതത്തിന്റെ ആദ്യനാളുകള്‍ കഴിച്ചുകൂട്ടിയത്. ഇപ്പോള്‍ നഗരത്തിരക്കില്‍നിന്നു കുറച്ചു മാറി ഒരു വലിയ ബംഗ്ലാവ് പണിതിരിക്കുന്നു. സിംഹക്കൂട്ടത്തിലെ മെമ്പറുമായി .മുന്തിയയിനം കാറുകള്‍ മൂന്നെണ്ണമായി. ഓഫീസില്‍ പോകുമ്പോള്‍ അയാള്‍ അഖിലയെ കൂട്ടാറില്ല...
“പണം ഉണ്ടാക്കിക്കോട്ടേ, പക്ഷേ പണമാണ് എല്ലാമെന്നുള്ള രീതി എനിക്കിഷ്ടപ്പെടുന്നില്ലെടാ ചേട്ടായീ, എന്നെ വിവാഹം കഴിച്ചതുപോലും ഇപ്പോള്‍ അബദ്ധമായീന്നാ പറയുന്നത്.”
ഒരിക്കല്‍, കാറിലേറിയാത്രചെയ്യുമ്പോഴാണവള്‍ പറഞ്ഞത്. ഇപ്പോള്‍ നാലു ചങ്ങാതിമാര്‍ ചേര്‍ന്ന് ഏതോ ഫാക്റ്ററിയുണ്ടാക്കാനുള്ള പുറപ്പാടാ..രാത്രി വീട്ടിലെത്തിയാലും ഫോണ്‍ വിളിയും .ചാറ്റിംഗും,എന്നെ ഒന്നു നേരിട്ട് കണ്ടിട്ടുപോലും നാളുകളായിരിക്കുന്നു”
“സാരമില്ലേടോ,ഒക്കെ മാറും”
“എവിടെ ? മാറാന്‍.എനിക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും.ഞാന്‍ ബിസ്സിനസ്സ് കാര്യങ്ങളില്‍ മുമ്പ് ഇടപെട്ടിരുന്നു അത് പുള്ളിക്ക് ഇഷ്ടമായില്ലാ”
“തന്നോട് എതിര്‍പ്പൊന്നും കാണില്ല. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ആവേശം.... അങ്ങനെ കണ്ടാല്‍ മതി”
വസ്തു ഇടപാടുകള്‍ കിരണ്‍ നടത്തിത്തന്നു. വസ്തു അയാള്‍തന്നെ വാങ്ങിച്ചു. മോഹവില തന്ന്. നഗരത്തിലെ ഏറ്റവും വലിയ ഫ്ലാറ്റിന്റെ പണിയും തുടങ്ങി.
ബാംഗ്ലൂരിലേക്കു പോയത് ആരോടും പറയാതെയാണ്. ഒരു സോഫ്റ്റ് വെയര്‍ കമ്പനി തുടങ്ങി. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ അവസരം കിട്ടിയില്ലാ.കമ്പനി ലാഭത്തിലോടിത്തുടങ്ങിയപ്പോഴാണ് ആശ്വാസമായതും തന്നിലേക്കു തിരിഞ്ഞുനോക്കിയതും. .
പോസ്റ്റ്മാന്‍ കൊണ്ടുവന്ന എഴുത്ത് കൈയിലെടുത്തപ്പൊള്‍ അതിശയപ്പെട്ടു.
നാട്ടില്‍നിന്നാണ് എഴുത്ത്. വാട്ട്സാപ്പും മെസെഞ്ചറും കാലം കീഴടക്കിയപ്പോള്‍ ആളുകൾ മറന്നുപോയ സ്ഥാപനത്തില്‍നിന്ന് ഇതാ വര്‍ഷങ്ങള്‍ക്കുശേഷം!.
പൊട്ടിച്ചുവായിച്ചു.വടിവൊത്ത അക്ഷരത്തില്‍ അഖിലയുടെ എഴുത്ത്.
പൊട്ടിച്ചുവായിച്ചു.വടിവൊത്ത അക്ഷരത്തില്‍ അഖിലയുടെ എഴുത്ത്.
പ്രണയാക്ഷരങ്ങള്‍ക്ക് ഇത്രയും തീവ്രതയുണ്ടോ!
ഓഫീസിലെ മൂന്നാം നിലയിലാണ് കിടപ്പുമുറി. എത്രപ്രാവശ്യം വായിച്ചെന്നറിയില്ലാ.
അഖിലയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. ഉടയാത്തസ്തനഭാരവും!
‘കഞ്ചന്‍ ജംഗയുടെ ഹിമം മൂടിയ ഉത്തുംഗശൃംഗങ്ങളില്‍ ആദ്യമായി കാണപ്പെട്ട കാല്പാടുകള്‍ ഒരു യതിയുടേതായിരുന്നു. മനുഷ്യനെ ഭയക്കുന്ന യതി...!’
എന്തേ യതിയെപ്പറ്റി ഓര്‍മ്മിക്കാന്‍ ? പ്രണയം എന്തെന്നറിയാത്ത, അതിനെ പേടിക്കുന്ന ഞാനും ഒരു യതിയായിരുന്നില്ലേ? മഞ്ഞുഗുഹകളിലായിരുന്നോ താനിതുവരെ തന്റെ മനസ്സിനെ ധ്യാനത്തിനിരുത്തിയത്?
‘തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോര്‍മോണുകളാണ് പ്രണയത്തിനു പ്രേരണയുളവാക്കുന്നവ’
എവിടെയാണിതു വായിച്ചത് ? ഇത്തരം ഹോര്‍മോണുകള്‍ തന്നിലുമില്ലേ? നാല്‍പ്പത്തിയഞ്ച് കഴിഞ്ഞ തനിക്കും പ്രണയിച്ചുകൂടേ? പ്രണയിനി കന്യകയാകണമെന്നുണ്ടോ? അവിവാഹിതയാകണമെന്നുണ്ടോ? മറ്റൊരാളുടെ ഭാര്യയായാല്‍ തെറ്റുണ്ടോ?
ചോദ്യങ്ങള്‍ക്ക് അവധികൊടുത്തു.
എഴുത്തിന്റെ അവസാനത്തില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും. അതു തന്റെ ഫോണില്‍ സേവ് ചെയ്തുവച്ചില്ല. മറുകുറിപ്പെഴുതി
“പ്രണയിക്കുന്നു ഞാന്‍ പെണ്ണേ, പൌര്‍ണ്ണമിരാവിലെ കുളിര്‍നിലാവുപോലെ, ഉള്‍ക്കാടുകളില്‍ ഉറവിട്ടുണരുന്ന നീര്‍ച്ചോലപോലെ, കടുത്തവേനലിൽ നഗ്നനായി നില്‍ക്കുമ്പോള്‍ പെയ്യുന്ന മാരിപോലെ.... കൂടുതലെഴുതാനറിയില്ലാടോ, സാഹിത്യവും വശമില്ലാ എങ്കിലും നാലു വരിക്കവിത...
‘മന്മഥന്റെ തേരോട്ടം മനസ്വിനീ നിന്‍കണ്ണില്‍
മഴവില്ലിൻ ചാഞ്ചാട്ടം മതിമുഖീ നിന്‍കവിളില്‍
കുളിരിട്ടൊന്നിതള്‍ വിടരും അല്ലിത്താര്‍ നിന്‍ വദനം
വിരല്‍ തൊട്ടാല്‍ വിരിയും വീണാവാണീ നിന്‍ സ്വരമധുരം’
ഫോണ്‍ നമ്പര്‍ താഴെ എഴുതുന്നു എങ്കിലും വിളിക്കണ്ടാ... മറുപടി താപാലില്‍ മതി”
നിരന്തരം എഴുത്തുകള്‍. പക്ഷേ;ഒരിക്കൽപ്പോലും സീമകള്‍ ലംഘിച്ചിരുന്നില്ലാ വാക്കുകളില്‍.
കമ്പനിയുടെ ആവശ്യം. ദുബായിയില്‍,അഞ്ചുമാസം. അവസാനത്തെ എഴുത്തില്‍ അതു സൂചിപ്പിച്ചിരുന്നതുകൊണ്ടാകാം എഴുത്തുകള്‍ ഒന്നും ഉണ്ടായിരുന്നില്ലാ മേശപ്പുറത്ത്.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം നിനച്ചിരിക്കാതെ. അവളുടെ ഫോണ്‍സന്ദേശമെത്തി.
“എടാ ചേട്ടായീ, ഞാന്‍ അഖില”
“എന്തേ ഇടയ്ക്കൊന്നു വിളിക്കാത്തത്?എന്റെ കൈയിൽ തന്റെ നമ്പറും ഇല്ലായിരുന്നു”
തിരക്കല്ലേ ശല്യപ്പെടുത്തണ്ടാന്നു കരുതി”
“സുഖംതന്നെയല്ലേ?”
“പരമസുഖം”- അവള്‍ ചിരിച്ചൂ
“എന്തേ ?”
“പോള്‍ എറിലിച്ച്”
“താനെന്താടോ പറയുന്നത്. വ്യക്തമായില്ലാ”
“കേട്ടിട്ടില്ലേ ആ പേര് ?”
“യെസ്,കീമോതെറാപ്പിയുടെ പിതാവായി കരുതുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍”
“ഞാനിപ്പോള്‍ കൊച്ചിയിലാണ്.ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍”
മറുപടി പറയാതെ ഞെട്ടിത്തെറിച്ചുനിന്നു.
നിശ്ശബ്ദതയ്ക്ക് ഭാരം.
“ഞാന്‍ കൊച്ചിയിലേക്കു വരട്ടേ ?"
“ഇപ്പോള്‍ വേണ്ടാ...വിഗ്ഗ് മാറ്റണം. ഇപ്പോഴെന്നെ കണ്ടാല്‍ നിനക്ക് എന്നിലുള്ള പ്രണയം........ഡീം... ഞാന്‍ വീട്ടിലെത്തിയിട്ട് വിളിക്കാം. തിരക്കില്ലെങ്കില്‍ അപ്പോള്‍ വന്നാല്‍മതി”
തിരക്കിട്ടോടുന്ന രഥചക്രങ്ങളുടെ ചലനത്തില്‍ ദിനദർശികത്താളുകള്‍ പലതവണ മറിഞ്ഞു.
ആറുമാസം കഴിഞ്ഞാണ് പിന്നെ നാട്ടിലെത്താന്‍ സാധിച്ചത്. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും അഖിലയെ ഫോണില്‍ കിട്ടിയില്ലാ. മറന്നുപോയി എന്നു പറയുന്നത് ശരിയല്ലാ. മൂന്നുപ്രാവശ്യം വിളിച്ചിരുന്നു, പക്ഷേ മറുതലയ്ക്കല്‍ മറുപടിയുണ്ടായില്ലാ.
അഖില വീട്ടിലുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ സുന്ദരിയായിരിക്കുന്നു.
കിരണ്‍ പുതിയൊരു ഫ്ലാറ്റ് പണിയുന്നതിന്റെ തിരക്കില്‍. മകള്‍ സ്മേര കോളേജില്‍
പരസ്പരം നോക്കിയിരുന്നു. കുറേ നേരം,
അഖില എഴുന്നേറ്റൂ.
“ഞാന്‍ ഇപ്പോള്‍ ചായകുടിച്ചതേയുള്ളൂ”
“ഒരു മിനിറ്റ്”
തിരികെ വന്നത് ഒരു കെട്ട് പോസ്റ്റ്കവറുകളുമായിട്ടായിരുന്നു
“മനഃപൂര്‍വ്വം; ഞാന്‍ അയച്ചില്ലാ. എങ്കിലും എല്ലാ ദിവസവും എഴുതി. സമയംകിട്ടുമ്പോള്‍ വായിച്ചാല്‍ മതി.ചിലതൊക്കെ തീര്‍ത്തും പൈങ്കിളിയായോ എന്നൊരു സംശയം”
“നമ്മള്‍ ഇരുവരും എഴുത്തുകാരല്ലല്ലോ? ”
അവള്‍ മുന്നില്‍ വന്നുനിന്നു.
“എട്ടായീ... എനിക്ക് നിന്നോട് മുഴുത്ത പ്രണയമാടാ... മറക്കാന്‍ ശ്രമിക്കുമ്പോഴും ഈ മുഖം തെളിഞ്ഞുവരുന്നു. വേണ്ടാ എന്നു കരുതുന്നതാണ് എപ്പോഴും മനോമുകുരത്തിലെത്തുക അല്ലേ?”
“പ്രണയിക്കരുതെന്ന് ഞാന്‍ പറഞ്ഞോ അഖിലാ?”
“ഇല്ലാ...എങ്കിലും നിനക്ക് താത്പര്യക്കുറവുള്ളതുപോലെ തോന്നി”
“ഒരിക്കലുമില്ലാ”
“എന്റെ സ്തനങ്ങള്‍ കാണണ്ടേ ? , എന്റെ ശരീരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ?”
നിശ്ശബ്ദനായി.
അവള്‍ അര്‍ദ്ധനഗ്നയായി”
“അഖിലാ.........................!!!!”
തീപ്പൊള്ളലേതേറ്റതുപോലെ ചാടിയെണീറ്റു”
“ഒറ്റമുലച്ചി എന്നാ ഇപ്പോള്‍ കിരണ്‍ വിളിക്കുന്നത്, അങ്ങനെ വിളിക്കാന്‍ തോന്നുന്നുണ്ടോ നിനക്കും”
“എന്റെ കുഞ്ഞേ........!!!”
എണിറ്റു.കരവലയത്തിലാക്കി, അവളെ.നിറുകയില്‍ ചുംബിച്ചു. പിന്നെ നെറ്റിയിലും കവിളുകളിലും. കണ്ണീരിന്റെ ഉപ്പുരസം. ഇരുകൈത്തലത്തിലും അവളുടെ മുഖം ചേര്‍ത്തുപിടിച്ചു. നിറഞ്ഞൊഴുകുന്ന മിഴികള്‍.
“തളര്‍ന്നുപോയെടാ”
“തളരരുത്. ആശാ ജി വക്കം എന്നൊരു പ്രൊഫസ്സറുടെ ആത്മകഥയായ ‘അനാമിക‘ നീ വായിച്ചിട്ടില്ലേ?വായിക്കണം. ഞാന്‍ തരാം. മനഃശക്തികൊണ്ടാണു അവര്‍ ഞണ്ടിനെ കൊന്നത്. ഇന്നും ജീവിച്ചിരിപ്പുണ്ട് അവര്‍. ഇത്തരം രോഗികള്‍ക്കുള്ള കൌണ്‍സിലിങ്ങുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പുണ്യവതി”
വിതുമ്പുന്ന ചുണ്ടുകളില്‍ അമര്‍ത്തിച്ചുംബിച്ചു. ഇണകളിലൊന്നു നഷ്ട്മായ സ്തനത്തില്‍ അവള്‍ കൈപിടിച്ചു വച്ചു
“ഒരുപക്ഷേ ഇതും നഷ്ടമായെന്നിരിക്കും. നീ ആശിച്ചതല്ലേ,അമര്‍ത്തിത്തഴുകൂ”
അനുസരിച്ചു. ഒരു കുട്ടിയെപ്പോലെ.
“മുഴയോ,തടിപ്പോ എന്തെങ്കിലും നിനക്ക് അനുഭവപ്പെടുന്നോ?”
“ഇല്ലാ”
ഒരു പക്ഷേ കിരണ്‍ ഇങ്ങനെ പരിലാളിച്ചിരുന്നെങ്കില്‍ നേരത്തേ കണ്ടുപിടിക്കാമായിരുന്നിരിക്കും അല്ലേ”
അഖില കരയുകയായിരുന്നു. എന്തൊക്കെയോ അവള്‍ക്ക് പറയാനുണ്ടായിരുന്നെന്നു തോന്നി.കരച്ചിലൊതുങ്ങുന്നതുവരെ കാത്തുനിന്നു. എത്രനേരം കെട്ടിപ്പിടിച്ചുനിന്നെന്നറിയില്ലാ.
“ഇനി ചേട്ടായിയെ കാണാനാകുമോ എനിക്ക് ?”
പടിയിറങ്ങുമ്പോഴായിരുന്നു അവളുടെ ചോദ്യം
“എന്തേ അങ്ങനെ ചോദിക്കാന്‍ ?”
“നാടോടിനടക്കുകയല്ലേ”
“ഞാന്‍ വരും എന്റെ പ്രണയിനിയെ കാണാന്‍”
“കാത്തിരിക്കാം”
പ്രണയലേഖനങ്ങള്‍ വായിച്ചുതീര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നു. നീണ്ടകാര്‍ യാത്രയുടെ ക്ഷീണത്തെ അവഗണിച്ചുകൊണ്ടുള്ള വായന.സത്യത്തില്‍ പ്രണയം ഇത്ര തീവ്രമാണോ? അവള്‍ക്ക് ഇത്രയും ഭംഗിയായി എഴുതാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലാ.
'നെഞ്ചില്‍ വിലങ്ങനെ പെട്ടെന്നുണ്ടാകുന്ന വേദന ശക്‌തിയാര്‍ജിച്ച് ഇരുകരങ്ങളിലേക്കും പടരുന്നതായി പരാതിപ്പെടുന്നൊരാളെ കണ്ടുമുട്ടിയാല്‍ അയാളോടു പറയുക: "മരണം ഇതാ അടുത്തെത്തിയിരിക്കുന്നു.'' ബി. സി.3600-ാംമാണ്ടില്‍ പുരാതന ഈജിപ്‌തിലുണ്ടായിരുന്ന ഒരു ഭിഷഗ്വരശ്രേഷ്‌ഠന്‍ എഴുതിവെച്ച വാക്കുകളാണിവ. എവിടെ വായിച്ചതാണെന്നോര്‍മ്മയില്ലാ.
ഹൃദയാഘാതത്തിന് പ്രത്യേക കാരണം ഒന്നും വേണ്ടാ. പാരമ്പര്യമാകാം, അല്ലെങ്കില്‍ അശ്രദ്ധയാകാം. ഒരു തിങ്കളാഴ്ച വേദനയോടെയാണുണര്‍ന്നത്. നെഞ്ച് വെട്ടിപ്പിളരുന്നതുപോലുള്ള വേദന. ഹോട്ടല്‍ഭക്ഷണമായിരുന്നല്ലോ. ഗ്യാസ്ഡ്രബിള്‍ എന്നാണ് പ്രത്യക്ഷ്യത്തില്‍ തോന്നിയത്. എങ്കിലും കൂട്ടൂകാരനായ ഡോക്ക്ടര്‍ അജിത്തിനെ വിളിച്ചു. ബാംഗ്ലൂരില്‍ അറിയപ്പെടുന്ന മലയാളിയായ കാര്‍ഡിയോളജിസ്റ്റ്.
“കുറച്ചുകൂടെ താമസ്സിച്ചുവരാമായിരുന്നല്ലോ, ആമ്പുലന്‍സില്‍ തിരിച്ചുപോകാമായിരുന്നല്ലോ”
ഡോക്ക്ടര്‍ അജിത്ത് ആകെ ദേഷ്യത്തിലായിരുന്നു.
“ഹാര്‍ട്ടറ്റാക്കിനെക്കുറിച്ച് രസകരമായ ഒരു നിരീക്ഷണമുണ്ട്. ഹാര്‍ട്ട്‌അറ്റാക്കിന് ഏറ്റവും ഇഷ്‌ടപ്പെട്ട സമയം തിങ്കളാഴ്‌ച രാവിലെയും അതുകഴിഞ്ഞാല്‍ ശനിയാഴ്‌ച രാവിലെയുമാണ്. ഹാര്‍ട്ട് അറ്റാക്കിലേക്ക് നയിക്കുന്ന രക്തക്കട്ടയുണ്ടാക്കുന്നതിന് ഉദ്ദീപനഘടകമാകുന്ന ശ്വേതരക്താണുക്കളുടെ സംയോജനക്ഷമത രാവിലെ ഏറിനില്‍ക്കുന്നതാണ് ഇതിനുപിന്നിലെ പ്രധാന കാരണം. വെള്ളിയാഴ്ചയുടെ അവസാനമായതിനാല്‍ അവധിദിവസത്തിന്റെ ആലസ്യവും, തിങ്കളാഴ്‌ച ജോലിക്കു പോകേണ്ടതിന്റെ സമ്മര്‍ദവുമാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്.. ഇതിന് ശാസ്ത്രീയവശമൊന്നുമില്ലാ. ചുമ്മാ ഞങ്ങള്‍ ‘ഹൃദയന്മാര്‍’ പറഞ്ഞുനടക്കുന്ന തമാശ.”
ആശുപത്രിയിലെത്തി, നാലാം നാളാണ് അജിത്ത് അതു പറഞ്ഞത്”
“ഇപ്പോള്‍ പേടിക്കാനൊന്നുമില്ലാ.രണ്ട് ബ്ലോക്കുണ്ടായിരുന്നു. സ്റ്റെന്‍റ്റിട്ടിട്ടുണ്ട്. യാത്രകള്‍ വളരെ കുറയ്ക്കുക.”
ആറുമാസം ഓഫീസില്‍ത്തന്നെ കഴിച്ചുകൂട്ടി. അറ്റെന്റര്‍ യാസീമും. പി.എ.ശാലിനിയും പരിചരിച്ചു. ബന്ധുക്കളാരുമില്ലല്ലോ അന്വേഷിച്ചെത്താന്‍ ! ആകെയുള്ള സഹോദരന്‍ പിണക്കത്തിലും.
കമ്പനിക്കാര്യങ്ങളെല്ലാം സുഹൃത്തുക്കള്‍ നോക്കി. നല്ല സുഹൃത്തുക്കള്‍ നല്ല കൂടപ്പിറപ്പുകളാണെന്ന് പാഠം.
അഖിലയോടുമാത്രം തന്റെ ഹൃദയത്തിന്റെ താളംതെറ്റിയതിനെക്കുറിച്ച് പറയണമെന്നുണ്ടായിരുന്നു. തന്റെ ഹൃദയതാളം മനസ്സിലാക്കിയ ഒരേയൊരു വ്യക്തി അവളായിരുന്നല്ലോ.
യാദൃച്ഛികമാണ് ജീവിതത്തെ നയിക്കുന്നത്. ജനനംമുതല്‍ മരണവരെ.
മൊബൈല്‍ ശബ്ദിച്ചൂ. നമ്പര്‍ പരിചിതമല്ലാ എങ്കിലും എടുത്തു.
“അങ്കിള്‍, ഞാന്‍ സ്മേര അഖിലയുടെ മകള്‍”
“എന്താ കുഞ്ഞേ?”
“അമ്മയ്ക്ക് അങ്കിളിനെ കാണണം എന്നു പറഞ്ഞു അതാ വിളിച്ചത്”
“മോളിപ്പോള്‍ എവിടെയാ ?”
“അമ്മയുടെ അടുത്തുതന്നെ. തിരുവനന്തപുരം എസ്.യു.റ്റി ആശുപത്രിയില്‍”
“വരാം മോളേ,നാളത്തെ ഫ്ലൈറ്റില്‍”
പേവാര്‍ഡിലെ റൂമിലെത്തുമ്പോള്‍ അഖില മയക്കത്തിലായിരുന്നു. മകള്‍ സ്മേര അടുത്തുതന്നെ നില്ക്കുന്നു.
വേദനകൊണ്ട് മൂളുകയാണു അഖില. ഇടയ്ക്കെപ്പോഴോ കണ്ണു തുറന്നു.
“ വന്നുവല്ലേ, എവിടെയയിരുന്നു. വരാം എന്നു പറഞ്ഞിട്ടുപോയതല്ലേ?”
“ഹൃദയം പണിമുടക്കി”
“ങ്ങേ.... എന്താ അറിയിക്കാഞ്ഞത്?”
“എല്ലാ വേദനയും തനിക്ക് താങ്ങാനാവില്ലാ”
അഖില സ്മേരയെ നോക്കി. മനസ്സിലായിട്ടാണെന്നു തോന്നുന്നു മോള്‍ പുറത്തേയ്ക്കിറങ്ങി. കതകടഞ്ഞു.
വേദന കടിച്ചമര്‍ത്തി, അഖില എഴുന്നേറ്റിരുന്നു.
തലയിലും ശരിരത്തിലും ചുറ്റിയിരുന്ന പുതപ്പ് അവള്‍ എടുത്തുമാറ്റി.
ഇപ്പോള്‍ ഞെട്ടിയില്ലാ. മരവിച്ചുനിന്നു.
തലയിലും പുരികത്തിലും ഒരു രോമംപോലുമില്ല.
രണ്ടാമത്തെ സ്തനവും അപ്രത്യക്ഷമായിരിക്കുന്നു.
“എനിക്കും ചേട്ടായിക്കും ഇഷ്ടമായത് പോയി, ഇനി ?
"അഖിലാ“
“സങ്കടമൊന്നുമില്ല ചേട്ടായീ. ഒരു മരവിപ്പുമാത്രം, മനസ്സില്‍, പക്ഷേ ഫാനിന്റെ കാറ്റ് തട്ടിയാല്‍പ്പോലും എന്റെ ശരീരം വേദനിക്കുന്നെടാ, കൂടുതല്‍ വേദനിക്കുമ്പോള്‍ മയക്കുമരുന്ന് കുത്തിവയ്ക്കും അധികനാളില്ലാന്നറിയാം. അവസാനമായി എനിക്ക് നിന്നെ കാണണം എന്നു തോന്നി അതുകൊണ്ടാ മോളെക്കൊണ്ട് വിളിപ്പിച്ചത്”
അവളുടെ അടുത്ത് കട്ടിലിനുചാരെ ഇരുന്നു. തല അവളുടെ മടിയില്‍ വച്ചു. അടക്കാനായില്ല. പൊട്ടിക്കരയുന്ന എന്നെ അവള്‍ തഴുകുകയായിരുന്നു.തലയില്‍
“ഇന്നുതന്നെ പോകുന്നുണ്ടോ ? പോകണ്ടാ എന്നു പറഞ്ഞാല്‍ നീ അനുസരിക്കുമോ? എനിക്ക് ഉറക്കം വരുന്നു. നാളെ വരുമോ നീ..?കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്”
“വരാം”
തലയിണയ്ക്കടിയില്‍നിന്ന് അവള്‍ ഒരു ഡയറിയെടുത്ത് നീട്ടി.വാങ്ങി.
അവളുടെ കവിളിലൊരുമ്മ കൊടുത്തു. നില്ക്കാനായില്ലാ... ഒന്നും പറയാതെ വാതിലിനു പുറത്തേക്കിറങ്ങി”
പുറത്ത് സ്മേര നില്പുണ്ട്.
“അങ്കിള്‍ പോകുകയാണോ ?”
“ഇപ്പോള്‍ പോകുന്നു മോളേ നാളെ വരാം”
ഹോട്ടല്‍മുറിയിലെ ഏ സി യ്ക്ക് തണുപ്പു കുറവാണെന്നു തോന്നി. മനസ്സിനെ പിടിച്ചുനിറുത്താൻ സാധിക്കുന്നില്ല. പതിവില്ലാത്തതാണ്. വോഡ്കായ്ക്ക് ഓഡര്‍ കൊടുത്തു.
അമിതമായി കഴിച്ചതുകൊണ്ടാകാം ഉണര്‍ന്നപ്പോള്‍ പന്ത്രണ്ടുമണി കഴിഞ്ഞു.
കുളിച്ചു, തിരക്കിട്ട് വസ്ത്രം മാറി, ആശുപത്രിയിലെത്തി
മുറിയില്‍ ആരുമില്ലാ.റിസപ്ഷനില്‍ തിരക്കി.
“അവര്‍ പോയീ”
കാറില്‍ ചാഞ്ഞുകിടക്കുമ്പോള്‍ സങ്കടത്തിനുമപ്പുറമുള്ള എന്തോ ഒരു വികാരം. ‘എന്താവും അഖില പറയാന്‍ ബാക്കിവച്ചിരുന്നത്?’
രമ്യഹര്‍മ്മ്യത്തിന്റെ നടുത്തളത്തില്‍, നീളമുള്ള വാഴയിലയില്‍, പട്ടും കച്ചയും ചുറ്റി അഖില കിടക്കുന്നു. തലയില്‍ മനോഹരമായ വിഗ്ഗ്, വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്. ചുണ്ടുകള്‍ക്ക് പതിവില്ലാത്ത ചെമപ്പ്. തലയ്ക്കലും കാല്‍ക്കലും കത്തിച്ചുവച്ച നിലവിളക്കുകളുടെ ശോഭയില്‍ മാലാഖയെപ്പോലെ. ചാരത്ത് സ്മേര - അഖിലയുടെ പ്രതിരൂപം. കവിളുകളില്‍ നീര്‍ച്ചാലുകള്‍. അവള്‍ തലയുയര്‍ത്തിനോക്കി.
വിങ്ങിപ്പോകും എന്ന അറിവ് പുറത്തേക്കു നടത്തിച്ചു.
തൂണുംചാരിനില്ക്കുന്ന കിരണ്‍. ചുവന്നുകലങ്ങിയ കണ്ണുകള്‍.മെല്ലെ തോളില്‍ത്തട്ടി.അയാള്‍ എന്നിലേക്കു ചാഞ്ഞു.
“വിഷമിക്കരുത്”
അതുമാത്രമേ പറയാനായുള്ളൂ .അടുത്തിരുന്ന കസേരയില്‍ കിരണിനെയിരുത്തി. ആള്‍ക്കൂട്ടത്തിനിടയിലൂടെ പുറത്തേക്കു നടക്കുമ്പോള്‍ മനസ്സില്‍ അഖിലയുടെ രൂപംമാത്രം!
പകലൊടുങ്ങുന്നതുവരെ ഡയറി വായിച്ചുകിടന്നു. പ്രണയാക്ഷരങ്ങള്‍ കരളില്‍ തീ കോരിയിട്ടു.
രാത്രിയില്‍ മൊബൈല്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പര്‍. ആദ്യമൊന്നു സംശയിച്ചു.
“ഞാന്‍ കിരണ്‍.... ജയനിപ്പോൾ ഏതു ഹോട്ടലിലാ ?”
ഹോട്ടലിന്റെ പേരു പറഞ്ഞു: റൂം നമ്പറും
അമിതമായി മദ്യപിച്ചാണ്കിരണ്‍ എത്തിയത്.
കട്ടിലില്‍ തളർന്നുവീഴുകയായിരുന്നു.
കരയുകയായിരുന്നു അയാള്‍. കൊച്ചുകുട്ടിയെപ്പോലെ. കരച്ചിലടങ്ങിയ ഇടവേള
“ഞാനവളെ കൊന്നു, ഇഞ്ചിഞ്ചായി... താങ്കള്‍ക്കും തോന്നിക്കാണും ഞാനൊരു ഹൃദയമില്ലാത്ത മനുഷ്യനാണെന്ന്. അല്ല സഹോദരാ. എനിക്കവളെ ഇഷ്ടമായിരുന്നു, പ്രകടിപ്പിച്ചില്ല. പ്രണയിച്ചിരുന്നു. വിവാഹത്തിനുമുന്‍പേ. പക്ഷേ വിവാഹത്തോടെ പ്രണയം നഷ്ടമായീന്ന് അവള്‍ക്ക് തോന്നിയത് അവളുടെ കുറ്റമല്ലാ. വെട്ടിപ്പിടിക്കാനുള്ള ആവേശത്തിലായിരുന്നു ഞാന്‍. മറന്നുപോയീ അവളെ സ്നേഹിക്കാന്‍. പക്ഷേ ഞാന്‍ ഉണ്ടാക്കിയതെല്ലാം അവള്‍ക്കുവേണ്ടിയായിരുന്നു. ഒരു രാജകുമാരിയെപ്പോലെ വാഴിക്കാന്‍.അവളെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം കുടുംബത്തില്‍നിന്നു ഞാന്‍ ഒറ്റപ്പെട്ടൂ. വാശിയായിരുന്നൂ സോദരാ...പക്ഷേ എല്ലാം ഇട്ടെറിഞ്ഞ് അവള്‍ പോയീ.....”
സമാശ്വസിപ്പിക്കാന്‍ വാക്കുകള്‍ക്ക് പരതി.
“ എനിക്കു കുറച്ച് മദ്യം തരുമോ”
“ഇപ്പോഴേ താങ്കള്‍ ഓവറാണ് ഇനിയും?”
“വേണം”
ഓഡര്‍ കൊടുത്തു.
വളരെ വേഗത്തിലാലാണ് അയാള്‍ ഗ്ലാസ് കാലിയാക്കുന്നത്. സംസാരത്തിലുടനീളം അഖിലയായിരുന്നു. എന്നോടുള്ള ഇഷ്ടത്തെക്കുറിച്ചും അവള്‍ അവസാനനാളുകളില്‍ കിരണിനോട് പറഞ്ഞിരുന്നു. ‘എനിക്ക് കിട്ടിയ ഏറ്റവും നല്ല കൂട്ടുകാരനാണ് ജയനെന്ന്’!.
കിരണ്‍ മുറിവിട്ടുപോയപ്പോഴും അഖിലയും അയാളുമായുള്ള, നഷ്ടപ്പെട്ടുപോയ, സ്നേഹത്തിന്റെ പൊരുള്‍ തേടുകയായിരുന്നു. ദാമ്പത്യബന്ധത്തിലെ പാളിച്ചകള്‍ക്ക് ഉത്തരവാദി ആരാണ് ? പണം പ്രശ്നക്കാരനാണോ?
നേരം വെളുക്കാറായപ്പോള്‍ വീണ്ടും മൊബൈല്‍ ശബ്ദിച്ചു.
ഒരു അജ്ഞാതന്റെ സന്ദേശം.
മെഡിക്കല്‍ കോളേജിലെത്തി. ആളെ തിരിച്ചറിഞ്ഞു.
ലോറിയുമായി കൂട്ടിയിടിച്ചതാ .ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും മരിച്ചിരുന്നു.ഫോണില്‍ അവസാനമായി വിളിച്ച നമ്പര്‍ കണ്ടിട്ടാണു വിളിച്ചത്.
നിനച്ചിരിക്കാതെ ഒരുമിന്നലും ഇടിയും വരുമ്പോള്‍ വലുതായൊന്ന് ഞെട്ടും. പിന്നെ തുടരെ മിന്നലൊളിയും ഇടിനാദവും ഉണ്ടാകുമ്പോള്‍ ഒരു തരം നിസ്സംഗതതയാണ്. ആര്‍ത്തലച്ചുപെയ്ത പേമാരിയും നിലച്ചു.
അഖിലയുടെ കുഴിമാടത്തിനരികിലായി കിരണിനും ചിതയൊരുക്കി.
വര്‍ഷമൊന്ന് കടന്നുപോയിരിക്കുന്നു.
സ്മേര വിളിച്ചു.
“അങ്കിള്‍.... നാളെയാണ് അമ്മയുടേയും അച്ഛന്റെയും ആണ്ട്, വര്‍ക്കല പാപനാശിനിയില്‍ അസ്ഥികള്‍ ഒഴുക്കണം എന്നുണ്ട്. കൂടെയാരുമില്ലാ. വരുമോ ?”
സംന്യാസി പറഞ്ഞു.
‘പിതൃലോകത്ത് വസു, രുദ്ര, ആദിത്യ എന്നീ മൂന്നുതരം ദേവതകളുണ്ട്. ഇവർ നിങ്ങള്‍ ചെയ്യുന്ന തർപ്പണം സ്വീകരിച്ച് അത് അതത് പിതൃക്കൾക്കെത്തിക്കുന്നു. അതു സ്വർഗ്ഗത്തിലേക്കുള്ള യാത്രയ്ക്കിടയിൽ അവർക്ക് പാഥേയമായി ഭവിക്കുന്നു. തർപ്പണമാണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം. വീണ്ടും മനുഷ്യരായിത്തന്നെ പുനര്‍ജ്ജനിക്കാനുള്ള പ്രാര്‍ത്ഥനയാണ് തര്‍പ്പണം’
കിരണിനുവേണ്ടി ബലിയിട്ടത് സ്മേരയായിരുന്നു. അവളുടെ നിര്‍ബ്ബന്ധത്താല്‍ അഖിലയ്ക്കുവേണ്ടി താനും.
ഒക്കെക്കഴിഞ്ഞ് പൂഴിമണ്ണിലിരുന്നപ്പോള്‍ ദുഃഖം അടക്കാനായില്ലാ, കരഞ്ഞു. ആരുംകാണാതിരിക്കാന്‍ മുഖം കാല്‍മുട്ടുകളിലൊളിപ്പിച്ചു.
“അച്ഛാ.................”
തോളില്‍ സ്പര്‍ശനം. തലയുയര്‍ത്തി. സ്മേര. അവളും കരയുകയായിരുന്നു,
“ഞാന്‍ അങ്ങനെ വിളിച്ചോട്ടേ അങ്കിള്‍”
കൈപിടിച്ച്തന്നിലേക്കടുപ്പിച്ചിരുത്തി.
“ആ വിളിയ്ക്കൊരു സുഖമുണ്ട് .അനാഥനല്ലാ എന്ന തോന്നല്‍.”
“ഞാനും അനാഥയല്ലേ ? ”
“അല്ലാ,സനാഥയാണ്. മോള്‍ക്ക് എന്റെ കൂടെ വരാം. ഈ അച്ഛന്റെ കമ്പനി ഇനി മോള്‍ക്ക് നോക്കിനടത്താം, വിശ്രമിക്കാന്‍ സമയമായി ഈ അച്ഛന്”
“ഒരു സംശയം ചോദിച്ചോട്ടേ ? മനുഷ്യര്‍ക്കു പുനര്‍ജ്ജന്മമുണ്ടോ ? എന്റെ അച്ഛനും അമ്മയും പാവങ്ങളായിരുന്നു. ജീവിക്കാന്‍ മറന്നുപോയവര്‍. മരണത്തില്‍ ഒരുമിച്ചവര്‍. ഇനിയും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരായി പുനര്‍ജ്ജനിക്കുമോ അച്ഛാ ?”
“അറിയില്ല മോളേ...ഞാനും അങ്ങനെ പ്രാര്‍ത്ഥിക്കാം.”
കാറിന്റെ പിന്‍സീറ്റിലാണിപ്പോള്‍. ബാംഗ്ലൂരിലേയ്ക്കുള്ള യാത്ര. മടിയില്‍ തലവച്ച് കിടന്നുറങ്ങുകയാണ് അഖിലയുടെ മോള്‍. അല്ല എന്റെ മോള്‍ !
അശരീരിയാണോ?
കാതുകളില്‍ അഖിലയുടെ ശബ്ദത്തിന്റെ മാറ്റൊലി.
“സത്യമായിട്ടും കളിയാക്കിയതല്ലാ. കിരണിനെക്കാണുന്നതിനു മുന്‍പേ നിന്നെ ‘കൂടുതല്‍‘ പരിചയപ്പെട്ടിരുന്നെങ്കില്‍ എന്റെ കുഞ്ഞിന്റെ അച്ഛനായേനേ !”
വശത്തെ ഗ്ലാസിലൂടെ പുറത്തേക്കു നോക്കി. പുതിയതാണെന്നു തോന്നുന്നു. രണ്ടു നക്ഷത്രങ്ങള്‍, നീലാംബരത്തില്‍ കണ്ണുകള്‍ ചിമ്മി.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണു്
( ചന്തുനായര്‍)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണു്
( ചന്തുനായര്‍)
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക