നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൾ

മൂന്നാങ്ങളമാരുമുള്ള പെണ്ണിനെ പ്രേമിച്ചു പോയതായിരുന്നു ഞാൻ ചെയ്ത ആദ്യത്തെ തെറ്റ്..
ആ തെറ്റിന് ഓളുടെ ആങ്ങളമാർ വന്നെന്റെ നെഞ്ചുറപ്പ് ആവോളം പരീക്ഷിച്ചിട്ടുണ്ട്...
പല ഭീഷണികളും അവർ മുഴക്കിയിട്ടുണ്ട്..
എന്നിട്ടും ഞാനവളെ കാണാൻ ശ്രമിച്ചിട്ടുണ്ട് കൂടെ നടന്നിട്ടുമുണ്ട്..
ഭീഷണികളുടെ ഫലമായി
ഓളെ ഞാൻ തന്നെ കെട്ടും എന്ന് പറഞ്ഞതാണ് ഞാൻ ചെയ്ത രണ്ടാമത്തെ തെറ്റ്..
ഒടുക്കം അവളുടെ ആങ്ങളമാർ എന്നെ ചുരുട്ടി മടക്കി പെട്ടിയിലാക്കുമെന്ന അവസ്ഥയിലായി കാര്യങ്ങൾ..
എനിക്കറിയാം അവളുടെ ആങ്ങളമാർക്ക് അവളോടുള്ള ഇഷ്ടവും എന്നോടുള്ള ദേഷ്യവും..
പലചരക്ക് കടയിലിരിക്കുന്ന അച്ഛൻ ഈ കഥയെല്ലാം എങ്ങനെയോ അറിഞ്ഞു..
അന്നു മുതൽ വീട്ടിലിരിക്കപ്പൊറുതി തന്നിട്ടില്ല അച്ഛൻ..
രണ്ടക്ഷരം പഠിക്കാൻ വിട്ടപ്പോൾ മരം കയറി നടന്ന കഥ മുതൽ കൂടെ പഠിച്ചവർ ഡോക്ടറായ കഥ വരെ അച്ഛൻ വീണ്ടും വീണ്ടും പറഞ്ഞു..
എന്റെ മോൻ കൈ വിട്ടു പോയല്ലോ എന്നും പറഞ്ഞ് അമ്മ നെഞ്ചത്തടിച്ചു കരഞ്ഞതു വേറെ..
അവൾ കണ്ണും കയ്യും കാട്ടി എന്റെ മോനെ മയക്കിയതാവും എന്നും പറഞ്ഞ് അമ്മ വീണ്ടും നെഞ്ചത്തടിച്ചതു ഏറെ..
ചേട്ടനാളു ജഗജില്ലിയാണല്ലോ എന്നും പറഞ്ഞ് ഇളയവളുടെ കളിയാക്കൽ വേറെ..
അയലത്തെ പെൺപടകളെല്ലാം വേലിക്കപ്പുറം നിന്ന് ഈ പുകിലൊക്കെ കൊക്ക് തല പൊക്കുന്നത് പോലെ തല പൊക്കി ആസ്വദിക്കുന്നത് കണ്ടപ്പോൾ എനിക്ക് കലി കയറിയത് വേറെ..
ഏതായാലും ആകെ നാറി ഇനി അവൾ മതി എന്റെ മക്കളെ പെറ്റുക്കൂട്ടാനെന്ന് ഞാനും തീരുമാനിച്ചു..
എന്റെ തീരുമാനങ്ങൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. അതൊക്കെ നടന്നു കിട്ടാനാണ് പാടേറെ എന്നൊക്കെ അറിയാം..
വീട്ടിൽ അമ്മയുടെ അനുഗ്രഹമെല്ലാം ഞാൻ തരത്തിൽ വാങ്ങി..
നിന്റെ ഇഷ്ടമതാണേൽ നടക്കട്ടെ എന്നും പറഞ്ഞമ്മ പാതി മനസ്സുമായി സമ്മതിച്ചു..
എന്റെ ഒരുങ്ങിക്കെട്ടൽ കണ്ടപ്പോൾ
അച്ഛനു കാര്യങ്ങൾ ഏറെ ക്കുറെ മനസ്സിലായി..
ചേട്ടൻമാരെ കണ്ടാൽ കിടു കിട വിറക്കണ പെണ്ണിനെയെങ്ങനെയാണ് ഒന്നു ഇറക്കി കൊണ്ട് വരുക എന്നായി പിന്നെത്തെ ആലോചന..
'' ഒളിച്ചോടാനൊന്നും എന്നെ കിട്ടില്ല വേണേൽ വീട്ടിൽ വന്നു ചോദിക്ക് '' എന്ന് പറഞ്ഞെന്നെ കൊലക്കു കൊടുക്കാനിരിക്കുന്നവളെ റജിസ്റ്റർ കല്യാണം കഴിക്കാം എന്നൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നായി എന്റെ ചിന്ത..
രണ്ടും കൽപ്പിച്ച് ഞാൻ അവളുടെ വീട്ടുകാർ അറിയാതെ ഒരു തരത്തിൽ അവളെ വിളിച്ചിറക്കി..
വീടിന്റെ പടി കടക്കുമ്പോഴേക്കും അവളുടെ ആങ്ങള വന്നെന്റെ കഴുത്തിനു കുത്തി നിർത്തി..
അന്നാണവൾ വിഷക്കുപ്പി കാണിച്ച് ഏട്ടൻമാരെ വിരട്ടിയത്..
അന്നാണ് ഞാനില്ലേൽ ചാവുമെന്നവൾ ഭീഷണി മുഴക്കിയത്..
അന്നാണവളുടെ ഏട്ടൻമാർ പ്രണയത്തിന് മുന്നിൽ പതറിയത്..
അവൾക്ക് ഞാൻ ജീവനാണെന്ന് അറിഞ്ഞതും അതെല്ലാം ഞാൻ നേരിൽ കണ്ടതും അന്നാണ്..
അന്നവൾക്ക് ഏട്ടൻമാരുടെ കയ്യിൽ നിന്നും കണക്കിനു കിട്ടി..
കിട്ടിയ തല്ലിലൊന്നും അവളുടെ മനസ്സിന് എള്ളോളം ചാഞ്ചാട്ടം വന്നില്ല..
കൊന്നാലും വേറെ കല്യാണത്തിന് സമ്മതിക്കില്ലെന്നവൾ പറഞ്ഞപ്പോൾ അവളുടെ ഏട്ടൻമാർ അവളെ മുറിയിലിട്ട് പൂട്ടി നോക്കി. പട്ടിണിക്കിട്ടു നോക്കി
എന്നിട്ടും അവൾ ഹൃദയത്തിൽ നിന്നെന്നെ പുറത്താക്കിയില്ല..
എന്നെ തന്നെ മതി എന്ന് പറഞ്ഞവൾ കൈയിലെ ഞരമ്പ് മുറിച്ചപ്പോഴാണ് അവളുടെ വീടും മൂകമായത്..
അവളുടെ ചിരി കളികൾ മാഞ്ഞപ്പോഴാണ് അവളുടെ വീടുറങ്ങിയത്..
അവൾ എന്നും വിതുമ്പി കരഞ്ഞപ്പോഴാണ് അവളുടെ വീട്ടിലൊരു കാർമേഘം പരന്നത്..
അങ്ങനെയാണ് മനസ്സില്ലാ മനസ്സോടെ അവളുടെ കെട്ടു നടത്താനുറച്ചത്..
അവളുടെ ആങ്ങളമാർ എന്നെ തന്നെ മണവാളനായി കണ്ടത്..
കെട്ടിനു മുന്നേ അവരുടെ അനുഗ്രഹം കാലിൽ വീണവൾ വാങ്ങിയിരുന്നു..
ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പവൾ പറഞ്ഞിരുന്നു..
മണ്ഡപത്തിലേക്ക് അവളുടെ ആങ്ങളമാർ തന്നെ അവളെ ആനയിച്ചു കൊണ്ട് വന്നിരുത്തിയിരുന്നു
അതു കണ്ട് ഞാൻ സന്തോഷിച്ചിരുന്നു..
കെട്ടു കഴിഞ്ഞ് പടിയിറങ്ങുമ്പോൾ അവളുടെ ഏട്ടൻമാരുടെ കണ്ണുകൾ നനഞ്ഞത് ഞാനും കണ്ടിരുന്നു..
അങ്ങനെ എന്റെ നെഞ്ചിനു കുത്തിപ്പിടിച്ചവർ ഇപ്പൊ എനിക്ക് അളിയൻമാരായി..
എന്റെ രണ്ട് കുട്ടികളെയവൾ പെറ്റു.
പണ്ട് എനിക്കിട്ട് തന്നതിനൊക്കെ
അളിയൻമാർക്കിട്ട് ഇടി കൊടുക്കണത് ഇപ്പൊ എന്റെ നാലു വയസ്സുള്ള മോളാണ്..
അമ്മക്ക് കിട്ടിയ തല്ലിനൊക്കെ പ്രതികാരമായി അളിയൻമാരെ കടിച്ചു പൊളിക്കണത് എന്റെ ഇളയ മോനാണ്..
"ക്ഷ " വരപ്പിച്ച ഓളെ ഏട്ടൻമാരെയൊക്കെ ഞങ്ങളുടെ കൊച്ചുങ്ങൾ ഇപ്പൊ " ഋ "വരപ്പിക്കണത് കാണുമ്പോൾ കഴിഞ്ഞതെല്ലാം ലവലേശം മനസ്സിൽ വെക്കാതെ ഞങ്ങളും മായ്ച്ചു തുടങ്ങിയിരുന്നു..
പുതിയൊരു പുലരിയിലേക്ക് ഞാൻ എത്തി നോക്കുമ്പോൾ അടുക്കള ഭാഗത്ത് നിന്ന് അവൾ ഛർദ്ദിക്കുന്നത് ഞാൻ കേട്ടിരുന്നു..
അടുത്ത കൊച്ചിന്റെ ലക്ഷണമാണോടീ എന്ന് ഞാൻ ചോദിച്ചതും അവൾ പറഞ്ഞു "" നാമൊന്ന് നമുക്ക് രണ്ടെന്ന്..."
അതു കേട്ട് ഞാൻ ചിരിക്കുമ്പോൾ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..
എ കെ സി അലി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot