നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#മൂക്കള #പുരാണം *******************


തോമസിനും മനോജ് ബേബിക്കുമൊപ്പം ഒരു രസത്തിന് കൊട്ടാരക്കര മർത്തോമ്മാ പള്ളിയിൽ VBS ന് (വെക്കേഷൻ ബൈബിൾ സ്കൂൾ) പോയപ്പോൾ മുതലാണ് ഒരു ക്രിസ്ത്യാനി പെൺകുട്ടിയെത്തന്നെ മിന്നുകെട്ടി ജീവിത സഖിയാക്കണമെന്ന മോഹം മനസ്സിന്റെ അൾത്താരയിൽ മെഴുകുതിരിയായി കത്തിജ്വലിച്ചത്.
ബീഫ് കരുമുളകിട്ട് വരട്ടിയതും, പോർക്ക് കൂർക്കയിട്ട് വച്ചതും, സുന്ദരൻ ചിക്കൻ ഫ്രൈയും, മുളകിട്ട അടിപൊളി മീൻ കറിയും, നല്ല പുളിശ്ശേരിയും, സൂപ്പർ കട്ലെറ്റും ഒക്കെക്കൂട്ടിയുള്ള കല്ലാണ സദ്യയും - കേക്കും, വൈനും - കുന്തിരിക്കത്തിന്റെ മണവും ഈ ചിന്തയുടെ ബാക്ഗ്രൗണ്ട് സ്കോറായി. രാജാവിന്റെ മകനിലേയും നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലേയും ലാലേട്ടന്റെ തകർപ്പൻ പെർഫോമൻസു കൂടി കണ്ടപ്പൊ ഉളളിലെ മെഴുകുതിരികൾ ഒന്നു കൂടി ആളിക്കത്തി.
കോട്ടൊക്കെയിട്ട് കോട്ടുവാ അടക്കിപ്പിടിച്ച് അൾത്താരയ്ക്ക് മുമ്പിൽ മിന്നുകെട്ടാൻ നിൽക്കുന്ന എന്റെ സങ്കൽപ്പങ്ങൾക്ക്, വിൻസന്റ് ഗോമസിന്റെ ചീയേഴ്സ്, മോറൽ സപ്പോർട്ടായി മാറി.
സ്ത്രീധനമായി കിട്ടിയ മുന്തിരിത്തോപ്പിലൂടെ, ആ ശൂലേം കന്യകയുടെ കൈയ്യും പിടിച്ച്, കൈലിയും പുതച്ച്, പാട്ടും പാടിനടന്നപ്പൊ സ്വപ്നത്തിലെ ശാരിച്ചേച്ചിയുടെ പൂച്ചക്കണ്ണുകൾക്ക്‌ തിളക്കം ഏറെക്കുറെ1000 വാട്ട്സ് ആയിരുന്നു.
ബസ് സ്റ്റാന്റ് - നാൽക്കവല - പള്ളിമുറ്റം - അമ്പലപ്പറമ്പ് - ട്യൂട്ടോറിയൽ കോളേജ് - പ്രൈവറ്റ് ബസ് തുടങ്ങിയ മുന്തിരിത്തോട്ടങ്ങളിൽ ജാക്കിയായും, സോളമനായും, വിൻസന്റ് ഗോമസായും ഞാൻ അങ്ങനെ തിരുവവതാരമെടുത്തു.
വായിൽ വീഞ്ഞും ഒലിപ്പിച്ച്, അങ്കവാലുമായി അങ്ങോട്ടുമിങ്ങോട്ടും ചെരുപ്പുമുരച്ച്, തേരാപ്പാരാ നടക്കുമെങ്കിലും, ലേഡീസിനടുത്തെത്തുമ്പൊ റഫ്രിജറേറ്റർ ആവുന്ന സ്വഭാവമുള്ള എനിക്ക് ആ മുന്തിരിത്തോപ്പുകളിൽ ഒരു പൂ പോലും വിരിയിക്കാനായില്ല.!! ചെരുപ്പ് തേഞ്ഞ് തേഞ്ഞ് തീർന്നിട്ടും കാലിന് ഒരു പെരുപ്പല്ലാതെ മറ്റൊന്നും സംഭവിച്ചുമില്ല.!!
റഫ്രിജറ്റേർ ഒരു സ്ഥിരം വില്ലനായപ്പോൾ, വിറയലും കുളിരും മാറാൻ, ഗണപതി നടയിൽ ഒരു മതസൗഹാർദ്ദ തേങ്ങയടിയും കുരിശടിയിൽ ചില്ലറയും പതിവാക്കി. അങ്ങനെ 'പാദമുദ്ര'യിലെ മാതുപ്പണ്ടാരത്തെപ്പോലെ കാലങ്ങൾ കഴിഞ്ഞു വരവെ കോളേജ് ഇലക്ഷൻ വന്നെത്തി.
ഇലക്ഷൻ കാമ്പയിന്റെ ഭാഗമായി സ്ഥാനാർത്ഥിക്കൊപ്പം ജൂനിയേഴ്സിനെ കാണാൻ കയറിയപ്പോഴാണ് പൂച്ചക്കണ്ണുള്ള ഒരു സുന്ദരി, പേടിച്ചരണ്ട മാൻപേടയേപ്പോലെ, ഫസ്റ്റ് ഗ്രൂപ്പ് ക്ലാസിന്റെ ഒരു മൂലയിൽ കൊന്തയും ജപിച്ച് ഇരിക്കുന്നത് കണ്ടത്. "മുള്ളുകളുടെ ഇടയിൽ താമര പോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു'' എന്ന ഉത്തമ ഗീതത്തിലെ വാക്യം അപ്പോൾത്തന്നെ ചുവന്ന നിറത്തിൽ ഒരു സ്ക്രോൾ ആയി മനസ്സിൽ തെളിഞ്ഞു.
"കാട്ടുമരങ്ങൾക്കിടയിൽ ഒരു നാരകം പോലെ'' നിൽക്കാൻ ഞാൻ ശ്രമിച്ചെങ്കിലും അവളുടെ ഇടയ്ക്കിടെയുള്ള നോട്ടത്തിൽ ഫ്രീസറിൽ നിന്നെടുത്ത ചിക്കൻ പോലെ മരവിച്ച് കൊള്ളിയായി. ഇനിയും അവിടെ തുടർന്നാൽ ചിക്കൻ, കൊത്തു പൊറോട്ടാ ആവുമെന്ന് തോന്നിയതിനാൽ സ്വന്തം നിലയ്ക്ക് ചില തീരുമാനങ്ങൾ എടുക്കാൻ ക്ലാസിലേക്ക് അന്തർധാനം ചെയ്തു.
അന്നത്തെ സ്വപ്നങ്ങളിൽ മുഴുവൻ അവളും, ഞാനും, ഒരു ലോറിയും,മുന്തിരിത്തോപ്പും, ആ മറ്റേ കൈലിമുണ്ടും മാറി മാറി വന്നു. "ഗ്രേസ്" എന്നാണവളുടെ പേരെന്നും വാളകത്താണ് വീടെന്നും തോമസിൽ നിന്നും അറിഞ്ഞ ഞാൻ, എന്തുവന്നാലും പിറ്റേന്നവളെ മുട്ടാൻ തീരുമാനിച്ചു.
"ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക;പണി ആരംഭിക്കുക. പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. കാരണം . . . യഹോവ നിന്‍റെകൂടെയുണ്ട്.” എന്ന ബൈബിൾ വാക്യം മനസ്സിലിട്ട് ചൂടാക്കി ഉള്ളിലെ ഫ്രീസറിൽ നിറച്ചു. കുരിശിന്റെ വഴി തിരഞ്ഞെടുത്ത എനിക്ക് തോമസും മനോജും ഫുൾ സപ്പോർട്ട് പ്രഖ്യാപിച്ചു.
"ഇലക്ഷൻ കാമ്പൈയിനിംഗ്" എന്നും പറഞ്ഞ് ഞാനുമെന്റെ ചങ്കുകളും പിറ്റേന്ന് രാവിലെ തന്നെ അവളുടെ ക്ലാസിലെത്തി. ഇങ്ങോട്ടുള്ള ഒറ്റനോട്ടത്തിൽ ഫ്രീസറായെങ്കിലും, റഫ്രിജറേറ്റർ സ്വിച്ച് ഓഫ് ചെയ്ത്, കുറച്ച് സമയമെടുത്ത് ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. പക്ഷെ ആ ചിരി 'ഇസ്കീമിക് സ്ട്രോക്ക് ' ബാധിച്ചവരെപ്പോലെ ഒരു സൈഡ് കോടിയാണ് വന്നത്.
"ദേടാ അവള് ചിരിക്കുന്നുണ്ട് ചെല്ല് ചെല്ല് ഞങ്ങളൂടെ വരാം''
സ്ഥാനാർത്ഥി ദിലീപും പൂർണ്ണ പിന്തുണ തന്നു. ശ്വാസമൊന്ന് കയറ്റിപ്പിടിച്ച് പുഞ്ചിരിക്കുന്ന സോഫിയയുടെ നേർക്ക് തോള് അൽപ്പം ചെരിച്ച് ആ സോളമൻ നടന്നു.
''എന്താ പേര്?" നോട്ട് ബുക്കിൽ ചിത്രം വരയ്ക്കുകയായിരുന്ന അവളോട് ദിലീപ് ചോദിച്ചു.
ഒരു ലൗവിനുള്ളിൽ കൊക്കുരുമ്മിയിരിക്കുന്ന രണ്ടിണപ്രാവുകളുടെ മനോഹരമായ ആ പെൻസിൽ ഡ്രോയിംഗ് കണ്ടതും - ''മുന്തിരിത്തോട്ടത്തിലിരുന്ന് ചിത്രം വരക്കുന്ന സോഫിയയെ കെട്ടിപ്പിടിച്ച്, ആ മറ്റേ കൈലിയും പുതച്ച് നിൽക്കുന്ന സോളമന്റെ പടം എട്ടുക്ക് ആറ് വീതിയുള്ള ഒരു ഫ്ലക്സായി എന്റെ ബാക്ഗ്രൗണ്ടിൽ തെളിഞ്ഞു വന്നു".
"ഗ്രേസ്"
ബുക്കിൽ നിന്ന് മുഖമുയർത്തി അവൾ മൊഴിഞ്ഞു.
അതുവരെ എയറു പിടിച്ച് മേജർ മഹാദേവൻ സ്റ്റൈലിൽ നിന്ന ഞാൻ സംഭവത്തിന് ഒരു കോമഡി ഫ്ലേവർ കൊടുക്കാൻ "ഗ്രേസ് മാർക്കെത്രയാരുന്നു?" എന്ന ചോദ്യവുമായി ഡെസ്കിൽ കൈവച്ച് ഒന്നു കുനിഞ്ഞു.......
അതാ....! നല്ല മുഴുപ്പിൽ പച്ചമുന്തിരി നിറത്തിൽ ഒരു കഷണം മൂക്കള അവളുടെ ബുക്കിലെ പ്രാവുകൾക്കിടയിൽ വീണ് ഒന്ന് ചാഞ്ചാടി നേരേ ഞങ്ങളേ നോക്കി നിന്നു - ഒരു പ്രേമ സ്മാരകം പോലെ.....! ആ ചിത്രത്തിലെ പ്രാവുകൾ എന്റെ ഹൃദയത്തിൽ നിന്ന് ഒരു മൂക്കളത്തുണ്ട് കൊത്തിയെടുത്ത പോലെ അത്യന്തം ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അത്.....!
"ഇവൻ നശിപ്പിച്ച് - കളഞ്ഞിട്ട് വാടേ'' എന്ന് മുകേഷ് മട്ടിൽ പറഞ്ഞ് ലവൻമാർ വലിഞ്ഞു.
"ശ്ശെ"എന്നൊരാട്ടായിരുന്നു ആ ശൂലേം കന്യകയുടെ വായിൽ നിന്ന് വന്നത്!.
"അവൻ തന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.” എന്നും പ്രതീക്ഷിച്ചു നിന്ന എന്റെ ബൈബിൾ അങ്ങനെ എന്നന്നേക്കുമായി അവൾ അടച്ചു. പൂച്ചക്കണ്ണു കൊണ്ട് ദേഷ്യത്തിലൊന്നു നോക്കി, അവളെ നോക്കി തൊഴുതു നിന്ന മൂക്കളത്തുണ്ടിനെ പാടേ അവഗണിച്ച്, ആ പേജ് കീറി - അരികുകൾ ശ്രദ്ധിച്ച് മടക്കി -എനിക്ക് നേരേ ആ മൂക്കളപ്പൊതി നീട്ടി അവൾ എന്തോ പിറുപിറുത്തു.
രാജാവിന്റെ മകന്റെ തന്തയ്ക്ക് വിളിച്ചതാണെന്ന് മനസ്സിലാക്കി ഞാൻ ആ പൊതിയുമായി മടങ്ങി. "അണ്ണന് ഒരു അബദ്ധം പറ്റിയതാ കൊച്ചേ ...ഒന്ന് ക്ഷമിച്ചൂടെ നിനക്കുമില്ലേടീ ഇതൊക്കെ" എന്ന് പേപ്പറിലെ പച്ച മുന്തിരിക്കഷണം കരഞ്ഞ് പറയുന്നുണ്ടായിരുന്നു അപ്പോഴും !
വാളകം ഏരിയയിൽ മുന്തിരിവള്ളികൾ തളിർക്കില്ല എന്ന നഗ്ന സത്യം തിരിച്ചറിഞ്ഞ സോളമൻ പ്രീഡിഗ്രീ തീരുവോളം അവളേ ശ്രദ്ധിച്ചതേയില്ല. എന്നെ കാണുമ്പോളുള്ള അവളുടെയും കൂട്ടുകാരികളുടേയും പൊട്ടിച്ചിരികൾ മൂക്കള പിഴിഞ്ഞ് കളയും പോലെ ഞാൻ അവഗണിച്ചെറിഞ്ഞു.
ആ വൈരാഗ്യത്തിൽ അറഞ്ഞ് പഠിച്ച് തേഡ് ക്ലാസ്സോടെ പ്രീഡിഗ്രിയിൽ ഉന്നത വിജയം നേടിയെങ്കിലും അക്കൊല്ലത്തെ വി.ബി.എസിന് മനപൂർവ്വം പോയില്ല.
ഇന്ന് ഞാൻ കയറിയ പ്രൈവറ്റ് ബസ്സിൽ "നാം എത്രതന്നെ ശ്രമിച്ചാലും ചിലർ നമ്മിൽ ആകൃഷ്ടരായെന്നു വരില്ല. ആത്മാർഥ സ്‌നേഹം പിടിച്ചുവാങ്ങാൻ പറ്റുന്നതല്ല.(ഉത്തമഗീതം 8:4)" എന്ന വാക്യം കണ്ടപ്പൊ പഴയതെല്ലാം ഒന്നൂടെ ഓർത്തു.
തൊട്ടു മുന്നിലെ സീറ്റിലിരുന്ന്
അമ്മയുടെ കഴുത്തിനിടയിലൂടെ എന്നെ നോക്കി ചിരിച്ച ആ പൂച്ചക്കണ്ണി തക്കുടുമോൾക്ക് 'അവളുടെ' ഛായയുണ്ടോ? അറിയില്ല....പക്ഷെ ആ കുഞ്ഞു മൂക്കിൽ ഇടക്കിടെ വലുതായും ചെറുതായും തെളിഞ്ഞ് കത്തിയ മഞ്ഞ LED ബൾബുകൾ അവളുടെ അമ്മയ്ക്ക് ഒരിക്കലും ഒരു പ്രശ്നമാവില്ല... തീർച്ച!!
- ഗണേശ് -
25-3-2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot