നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

... വായില്ലാക്കുന്നിലപ്പനും പാങ്ങിലെ മമ്മദും ...

... വായില്ലാക്കുന്നിലപ്പനും പാങ്ങിലെ മമ്മദും ...
................................
പാടവരമ്പിലൂടെ മുനീറ വരുന്നത് കണ്ടപ്പോൾ ഉടുത്തിരുന്ന തോർത്തുമുണ്ട് ശരിക്കുടുത്ത് വീട്ടുകാരിൽ നിന്ന് കുറച്ചു ദൂരേക്ക് മാറി നിന്നു.
മുനീറ അടുത്തെത്തുമ്പോൾ അവളുടെ തട്ടത്തിനുള്ളിലൂടെ ഒരു നോട്ടമുണ്ട് ആ ഒരു നിമിഷം പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ് പ്രണയത്തിന് .
അവൾ അടുത്തെത്തുമ്പോൾ ഹൃദയത്തിനുള്ളിൽ കുളിർക്കാറ്റു വീശും പ്രണയ സുഗണ്ഡമുള്ള കാറ്റ് .

പെടുന്നനെ
മമ്മദ് വരുന്നുണ്ടേ ..... കൂയ്യ് ... പാങ്ങിലെ മമ്മദ് വരുന്നുണ്ടേ .....
പാടത്ത് കളിച്ചുക്കൊണ്ടിരിക്കുന്ന കുട്ടികളുടെ ആർപ്പുവിളികളായിരുന്നു അത് .
പച്ചക്കറിക്കണ്ടത്തിൽ വീട്ടുകാരോടൊപ്പം വെള്ളം തേവി നനക്കുന്ന എന്റെ കാതുകളിലേക്ക് ഒരു ആഹ്ലാദാരവത്തോടെയാണ് ആ ആർപ്പുവിളികൾ വന്നുകൊണ്ടിരുന്നത് .
പത്താം ക്ലാസ്സിന്റെ അവസാന നാളുകൾ .കൃസൃതിയുടെ അവസാനവും പ്രണയത്തിന്റെ ആരംഭവും തുടങ്ങുന്ന പ്രായം .
വിശാലമായ പാടശേഖരത്തിലെ ആറ് കണ്ടത്തിൽ രണ്ട് കണ്ടത്തിൽ മാത്രം പച്ചക്കറി ഉണ്ടാക്കും ബാക്കി നെല്ലും ,
ആർപ്പുവിളികൾ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു പാടവരമ്പിലൂടെ കുട്ടികൾ നാല് ദിക്കിൽ നിന്നും പറമ്പിലിക്കോടുകയാണ് .
തോർത്തുമുണ്ട് ഉടുത്ത് പച്ചക്കറി തൈയ്യുകൾ നനച്ചു കൊണ്ടിരിക്കേ കൈയ്യിലുള്ള ബക്കറ്റും വലിച്ചെറിഞ്ഞ് ഞാനും പറമ്പിലേക്കു കുതിച്ചു.
പാങ്ങിലെ മമ്മദ് ....
മാനസികമായി പ്രശ്നമുള്ള മമ്മദ് . പാങ്ങ് വീട്ടുപേരാണ് .ആഴ്ചയിൽ ഒരു ദിവസം അയാൾ വീട്ടിൽ നിന്നിറങ്ങിയോടും കണ്ണിൽക്കണ്ടതെല്ലാം പെറുക്കി ഒരു മുണ്ടിൽ മാറാപ്പുക്കെട്ടി മിക്കവീടുകളിലേക്കും മുണ്ട് പൊക്കിക്കാണിക്കുന്ന മൊട്ടത്തലയൻ അമ്പത് വയസ്സുകാരൻ .
നാട്ടിലെ ചെറിയ കുട്ടികളുടെ പേടി സ്വപ്നവും മുതിർന്നവരുടെ ഹാസ്യ കഥാപാത്രവും ..
പറമ്പിന്റെ വടക്കുഭാഗത്ത് വയലിനോട് ചേർന്നുള്ള വീട്ടുമുറ്റത്തേക്കയാൾ ഓടിക്കയറി .വയലിനോട് ചേർന്നൊഴുകുന്ന തോടും .
തോടിനോട് ചേർന്നുള്ള ആനക്കല്ല് എന്നറിയപ്പെടുന്ന ആനാകൃതിയിലുള്ള പാറക്കല്ലിൽ ഞാനും കയറി നിന്നു . കുട്ടികൾ കൂവിയാർത്ത് മമ്മദിന്റെ പുറകേയാണ് .
മമ്മദ് ഓടി വരുന്നത് ആഹ്ലാദത്തോടെ ആർപ്പുവിളിയോടെ കണ്ട് ഞാനും കൂവിവിളിച്ചു ...
" പാങ്ങിലെ മമ്മദേ.....മൊട്ടത്തലയാ ....

പാടത്തിനക്കരെവരെയുള്ള തോടും തോടിനരിക് ചെങ്കല്ല് കൊണ്ട് കെട്ടിയ അഞ്ചടി വീതിയിലുള്ള നടപ്പാതയും ചെന്നവസാനിക്കുന്നത് അക്കരെ റെയിൽപാളത്തിനടുത്താണ്,
നോക്കെത്താ ദൂരത്തോളം കാണുന്ന മനോഹര പച്ച പരവതാനി വിരിച്ച വയൽ .
വയലിനിരുവശവും തെങ്ങുകളും കവുങ്ങുകളുമായി നിബിഢമനോഹരം .
മമ്മദ് ഓടി വരുന്നത് ഞാൻ നിൽക്കുന്ന പാറക്കല്ലിനടത്തേക്കാണെന്നറിഞ്ഞ നിമിഷം വയറ്റിലെരു ഭയത്തിന്റെ തീ ആളിക്കത്തി .
തോർമുണ്ട് ഒന്ന് മുറുക്കിയുടുത്തു...

മമ്മദിന് പുറകെ കൂടിയ കുട്ടികളും കൗമാരപ്രായമുള്ള ആൺ പെൺ ചെറുസംഘങ്ങളും മുനിറയും എന്നെ നോക്കുകയാണ് .
കുതിച്ചു വരുന്ന മമ്മദ് ... പുറകേ കൂവി വിളിച്ച് വരുന്ന കുട്ടികൾ . ആരോ വിളിച്ചു പറഞ്ഞു ...
മമ്മദ് എറിയും സൂക്ഷിച്ചോ ...!
മമ്മദിന്റെ കയ്യിൽ നിന്നും ഉന്നം തെറ്റാതെയുള്ള ഒരു ഏറ് ഉറപ്പായും കിട്ടും എന്ന പ്രതീക്ഷയിൽ വിറച്ചു നിന്നു. മമ്മദ് അടുത്തെത്തിയപ്പോൾ പേടിയോടെ തലയിലൂടെ രണ്ട് കൈകളും വച്ച് പാറയുടെ മുകളിൽ കുനിഞ്ഞു നിന്നു..
അരയിൽ നിന്നും എന്തോ ഒന്ന് വലിഞ്ഞുമുറുകി അടർന്നു പോയതുപ്പോലെ ....
വയലിൽ നിന്നും വന്ന തണുത്തൊരു കാറ്റ് എന്റെ അരയിൽ വട്ടംചുറ്റിയപ്പോൾ നിവർന്ന് നിന്ന് തലയുയർത്തി മമ്മദിനെ നോക്കി ..
തോട്ടുവരമ്പിലൂടെ ഞാനുടുത്ത തോർത്തുമുണ്ടും തലയിൽ ചുറ്റി മമ്മദ് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി മണിക്കാള ഓടിപ്പോകുന്നത് പോലെ ഓടിപ്പോകുന്നു ... പുറകെ കുപ്പായമിടാത്ത ഇത്തിരി പീക്കിരി പിള്ളേരും .
ഒരു നിമിഷം ചിന്തകൾ ഒന്നു റിവേഴ്സ് പോയി.
പാറയുടെ മുകളിൽ അബാലവൃദ്ധം ജനങ്ങളുടെ മുമ്പിൽ പ്രതിമ പോലെ അർദ്ധനഗ്നനായ് ഞാൻ . മഞ്ഞയിൽ കറുപ്പ് പുള്ളികളുള്ള എന്റെ ഷഡ്ജത്തിലേക്ക് ഒന്നേ നോക്കിയുള്ളു .പിന്നെ കൂട്ടം കൂടി നിന്ന് ആർപ്പുവിളിക്കുന്നവരെയും .
ചായക്കടക്കാരൻ ഹംസക്കോയ അപ്പോൾ ഇങ്ങനെ പാടി ...
പുള്ളിമാനല്ല മൈലല്ല മധുരക്കരിമ്പല്ല മാരിവില്ലൊത്ത ചേലാണ്...
ആ പാടിനെ ഭേദിച്ചു കൊണ്ട് ,
വായില്ലാക്കുന്നിലപ്പാ ....
എന്നാരോ വിളിച്ചു പറഞ്ഞു.
കറുത്ത പാറയുടെ മുകളിൽ കരിങ്കൽ പ്രതിമ പോലെ ...
മമ്മദ് കൊണ്ടുപോയ എന്റെ മാനത്തെയോർത്തു ഒരു നിമിഷം കരയണോ ചിരിക്കണോ ആ പാറയിൽ തലത്തല്ലി മരിക്കണോ എന്ന ചിന്തയിൽ വിളറി നിന്നു. .
വായില്ലാക്കുന്നിലപ്പാ ...
ചുറ്റിൽ നിന്നും കാതിലേക്ക് ശരം പോലെ വരുന്ന വിളികൾ ..
നാണം മറക്കാനൊരു ശ്രമം തിരിഞ്ഞും മറിഞ്ഞും നിന്നു പാറയുടെ മുകളിൽ . ആർത്തു ചിരിക്കുന്നവരുടെ കൂട്ടത്തിൽ മുനീറയും ... എന്റെ പ്രണയത്തിനു മേൽ കരിനിഴൽ വീണ നിമിഷം .
പാറയുടെ പുറകുവശത്തെ മുട്ടോളം ഉയർന്ന് വളർന്ന നെൽക്കണ്ടത്തിലേക്ക് കണ്ണുകൾ ബുദ്ധിപരമായി നീങ്ങി പിന്നെ മരത്തവള ചാടും പോലെ ചാടി മറിഞ്ഞു കണ്ടത്തിനു നടുവിലേക്ക് ഇഴഞ്ഞു തുഴഞ്ഞു നീങ്ങി .. ചുറ്റും ആർപ്പുവിളികളുമായി ആൾക്കാരും .
സൂക്ഷിച്ചോ കണ്ടത്തിലേക്ക് ചേരപ്പാമ്പിറങ്ങിയെന്നാരോ പറഞ്ഞു .
പ്രാണൻ കൈയ്യിൽപ്പിടിച്ചു കൂടി നിന്നവരോട് ഒരു മുണ്ടിനായ് കേണപേക്ഷിച്ചു. എല്ലാവരും ചിരിക്കുകയായിരുന്നു. .
മുനീറയെ ദയനിയമായി ഒന്നു നോക്കി .
അവൾ ചിരി നിറുത്തി തലയിലെ കറുത്ത തട്ടം എനിക്കു നേരെ എറിഞ്ഞു തന്നിട്ട് നടന്നു പോയി .
വീട്ടിലെത്തിയപ്പോൾ വീട്ടിലുള്ളവരും ചിരിയോട് ചിരി .
നെഞ്ചിൽ ആയിരം മുള്ളുകൾ തറച്ചിറങ്ങുന വേദനയായിരുന്നു.
" നീ ചെറിയ കുട്ടിയല്ലേ എന്തിരിക്കുന്നു ഇത്ര നാണിക്കാൻ .
അമ്മ ചിരിച്ചുക്കൊണ്ടാണത് പറഞ്ഞ് .
പിന്നീട് പുറത്തിറക്കാത്ത നാളുകളായിരുന്നു കുറച്ചു ദിനങ്ങൾ ..ചില വൈകുന്നേരങ്ങളിൽ മുനീറയെ മറഞ്ഞു നിന്നു നോക്കും .പച്ചക്കറിക്കണ്ടത്തിലവൾ എന്നെ തിരയുന്നത് കാണാം .
ഭ്രാന്തൻ മമ്മദിനോട് പകയായിരുന്നു മനസ്സുനിറയെ ആ നശിച്ച നിമിഷത്തേയോർത്ത് ..
വർഷം ഒന്ന് കഴിഞ്ഞു നാടും നാട്ടുകാരും എല്ലാം മറന്നു നാണക്കേടും മാറി .എന്നിട്ടും വായില്ലാക്കുന്നിലപ്പൻ എന്ന് വിളിക്കാൻ ആരും മറന്നില്ല .
ഒരു ദിവസം അമ്മയാണ് ചായക്കുടിച്ചിരിക്കുമ്പോൾ പറഞ്ഞത് .മുനീറയും അവളുടെ വാപ്പയും വന്നിരുന്നു അവളുടെ കല്യാണമാണ് അടുത്താഴ്ച.
ഒന്നു മൂളിക്കൊണ്ട് മുറിയിലേക്ക് നടക്കുമ്പോൾ ഹൃദയത്തിൽ ഒരു പോറലേറ്റ് നീറും പോലെ .പറയാതെ പോയ പ്രണയത്തിന്റെ നീറ്റൽ .
......................
വർണ്ണത്തോരണങ്ങൾ കെട്ടിയ പന്തലുകൾ പാട്ടും ചിരികളും നിറഞ്ഞ രാവ് . കുട്ടികൾ പന്തലിലൂടെ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്നു മുനീറയുടെ മൈലാഞ്ചി കല്യാണ രാവ് ... അവൾക്ക് മൈലാഞ്ചിയിടാൻ സുന്ദരികളായ പെണ്ണുങ്ങളുടെ തിരക്കുകൾ കേൾക്കാം .പന്തലിന്റെ ഒരു വശത്ത് ഗാനമേളയും . മറുവശത്ത് ബിരിയാണി ചെമ്പുകൾ കൂട്ടിമുട്ടുന്ന ഒച്ചപ്പാടുകളും നാട്ടുവർത്തമാനങ്ങും .
കൂട്ടുകാരിലൊരാൾ നിർബദ്ധിച്ചു വലിച്ചുകൊണ്ടു പോയി ഒരു പാട്ടു പാടാൻ ..
എന്ത് പാടും ??ഏത് പാടും ?ശൂന്യമായ മനസ്സോടെ നിൽക്കുമ്പോൾ ആൾക്കുട്ടത്തിനിടയിൽ അവളെ കണ്ടു ...തട്ടം പാതി മറഞ്ഞ മുഖത്ത് വിടർന്ന കണ്ണുകളുമായ് മുനീറ അവൾ മെല്ലെ ഒന്നു ചിരിച്ചു .
ഈ ഒരു രാവ് പുലരും വരെ മാത്രം അവളെന്റെ പ്രണയിനിയാണ് ...
പാടാതെ ഇറങ്ങി പോന്ന എന്നെ അമ്മ വിളിച്ചു ..
" ഡാ നിന്നെ മുനീറ വിളിക്കുന്നു.
മുല്ലപ്പൂവിന്റെയും പേർഷ്യൻ അത്തറിന്റെയും സുഗന്ധം നിറഞ്ഞ മുറിയിൽ ഒരുപാട് തോഴിമാരികൾക്കിടയിൽ മുനീറ ,
വാതിൽപ്പടിയിൽ എന്റെ തല വെട്ടം കണ്ടപ്പോൾ മാടി വിളിച്ചു. പിന്നെ വലത് കൈവെള്ള എനിക്കു നേരെ നീട്ടി ... ഒന്നും പറയാതെ തല കുനിച്ചുരുന്നു. ചുവന്ന മൈലാഞ്ചി ചിത്രങ്ങൾ നിറഞ്ഞ കൈവെള്ളയിൽ നോക്കി ഞാനല്പനേരമിരുന്നു ...
അവൾ പതിയെ പറഞ്ഞു .
" വായില്ലാക്കുന്നിലപ്പാ ഈ മോതിരവിരലിൽ ഒന്നു മൈലാഞ്ചി ഇട്ടുത്തരാമോ ?
ആ ശബ്ദം ഇടറിയിരുന്നു
പിന്നെ നിശബ്ദമായിരുന്ന അവളുടെ മുൻപിൽ മറുവാക്കിനായി പരതി മൗനമായ് ഞാനുമിരുന്നു.
വിരലിൽ പിടിക്കുമ്പോൾ ഇരുഹൃദയങ്ങളിൽ നിന്നും കിതയ്ക്കുന്ന പ്രണയനിശ്വാസങ്ങൾ .
" ഈ മൈലാഞ്ചി ചോപ്പ് എത്ര നാൾ വരെ മായാതെ നിൽക്കും ?
എന്റെ ചോദ്യത്തിനു മറുപടി പറഞ്ഞത് അവളുടെ സുറുമ എഴുതിയ നിറഞ്ഞ കണ്ണുകളായിരുന്നു.
രാവു പുലർന്നു .ആളും ആരവങ്ങളും ഒഴിയും നേരം കൂടിയവരിൽ അരോ പറയുന്നത് കേട്ടു .
ആ ഭ്രാന്തൻ ...പാങ്ങിലെ മമ്മദ് മയ്യത്തായി ...
...................
പാങ്ങിലെ മമ്മദിന്റെ വീടിന് മുൻപിൽ നിൽക്കുമ്പോൾ അസ്വസ്ഥമായിരുന്നു മനസ്സ് ഓർമ്മകളുടെ പ്രളയം .
മമ്മദിനെ കുളിപ്പിച്ച് മയ്യത്ത് കട്ടിൽ കിടത്തുമ്പോൾ നെഞ്ചത്തടിച്ചു കരയാൻ ആരുമില്ലാതെ ഒരു കോമാളിയുടെ ജഢമായി. വെള്ളപ്പുതച്ച് നിശ്ചലമായി കിടക്കുന്ന ഒരു ജനതയുടെ കോമാളി .
ഭ്രാന്തുള്ളവർ ശരിക്കും കോമാളികളാണ് നമ്മുക്ക് മുന്നിലെ വെറും കോമാളികൾ.
കൺകോണിൽ നിറഞ്ഞ മിഴിനീർത്തുള്ളികൾ തുടച്ചു തിരികേ നടക്കുമ്പോൾ മനസ്സിൽ ഓർമ്മകൾ ആർപ്പുവിളിക്കുകയായിരുന്നു.
പാറമേലിരിക്കുമ്പോൾ അസ്തമയ സൂര്യന്റെ വെയിലേറ്റ് നെൽക്കതിരുകൾക്ക് സ്വർണ്ണ നിറമായിരുന്നു. ദുരെ വയലിനക്കരെ പുക തുപ്പിക്കരഞ്ഞുപ്പായുന്ന തീവണ്ടി .
ഓർമ്മകളുമായ് ഒരു കാറ്റ് എന്നെയും കടന്നു പോയി . മൗനമായി പാറയുടെ മുകളിൽ വായില്ലാക്കുന്നിലപ്പനെ പോലെ ഇരുട്ടുവീഴും വരെ തനിച്ചിരുന്നു...
(അനുഭവമല്ല)
... മുരളിലാസിക...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot