നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പക്കാ പക്കാ ഹുസ്സൈൻ


പക്കാ പക്കാ ഹുസ്സൈൻ എന്ന ആക്രി കച്ചവടക്കാരൻ
എ.കെ എസ്തപ്പാൻ എന്ന ആത്മസുഹൃത്തിനയിച്ച ഒരു ഈ മെയിൽ ആണ് ഇപ്പോൾ നമ്മുടെ മുൻപിൽ.
പക്കാ ഹുസൈനിന്റെ ശെരിക്കുള്ള പേര് സഫാസ് ഹുസ്സൈൻ എന്നാണ് . ആള് വീട്ടിൽ പ്രശ്നക്കാരനൊക്കെയാണെങ്കിലും പുറത്തുള്ളവരുമായി ഇടപെടുബോൾ എല്ലാ കാര്യത്തിലും പക്കാ ഡീസന്റാ . അതുകൊണ്ട് ആക്രിക്കട അസോസിയേഷനിലുള്ളവർ വിളിച്ചുതുടങ്ങിയ പേരാ പക്കാ ഹുസ്സൈൻ. നാട്ടുകാർ അത് പരിഷ്‌കരിച്ചു ഹുസൈനെ അങ്ങു വെട്ടി പക്കാ പക്കാ എന്നാക്കി. ഇനിയിപ്പോൾ പത്തുപേരറിയണമെങ്കിൽ പക്കാ പക്കാ എന്നുതന്നെ വിളിക്കണം. ഇനി കത്തൊന്നു തുറക്കാം.
എടാ എസ്തപ്പാനേ ...
നിനക്ക് ജമീലയുടെ പല കാര്യങ്ങളും അറിയാമെങ്കിലും വളെരെ കോൺഫിഡൻഷ്യലായി ഞാൻ നിന്നോട് പല രഹസ്യങ്ങളും പറയാൻ ഉദ്ദേശിക്കുന്നു . ഒരിക്കലും നിന്റെ ഭാര്യ സാറാപോലും ഇതൊന്നുമറിയരുത് എന്നുകൂടി പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
ജമീലക്ക് എന്നോടുള്ള സ്ഥായിയായ ഭാവം സ്നേഹമാണെങ്കിലും ഞാൻ കോപിക്കുബോൾ സാധാരണ അവൾ ഒന്നും ഉരിയാടാറില്ല .
പ്രണയം ഉള്ളിലെവിടെയോ ഒളിപ്പുച്ചു ചിലപ്പോൾ ഒന്നും മിണ്ടാതെ നടക്കുന്നതാവാം . അങ്ങനെയാണ് അവൾ എന്നോട് പ്രധിഷേധിക്കുന്നതും പ്രതികരിക്കുന്നതും.
അവളുടെ ആ മൗനങ്ങളിലെ കുസൃതി കലർന്ന നോട്ടങ്ങൾ കൊച്ചു കൊച്ചു മിണ്ടലുകൾ എല്ലാം ഞാൻ അവളറിയാതെ വേണ്ടുവോളം ആസ്വദിച്ചിരുന്നു എന്നുമാത്രം അവൾ അറിഞ്ഞിരുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിയുന്നത് നമ്മൾ ആണുങ്ങളുടെ അന്തസ്സിനു ചേർന്നതാണോ. ഇപ്പോൾത്തന്നെ നീ എന്നെ ഒരു സാഡിസ്റ് എന്ന് മുദ്രകുത്തിയിട്ടുണ്ടതാകും എന്നെനിക്കുറപ്പുണ്ട് . എഞ്ചിനീയർ എന്ന അഹങ്കാരത്തിൽ അവൾ അഹന്തയും പുരുഷമേധാവിത്വവും തലക്കുപിടിച്ച എന്നെ കുറേനാളായി സഹിക്കുന്നുവെന്ന് അടുത്ത കൂട്ടുകാരോടൊക്കെ പറയാറുണ്ടായിരുന്നു എന്ന വിവരവും എനിക്കു കിട്ടിയിട്ടുണ്ട്.
കുറേനാൾ അങ്ങനെ എല്ലാം സഹിച്ചെങ്കിലും അളമുട്ടിയാൽ പാബ് മാത്രമല്ല പെണ്ണും കടിക്കുമെന്നിപ്പോൾ മനസ്സിലായി . ഞാൻ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം ഒന്നും പറയാതെ അവൾ പെട്ടിയുമെടുത്തു പടിയിറങ്ങിപോയി. അവളുടെ വീട്ടിലേക്കായിരിക്കുമെന്നു ഞാൻ ഊഹിച്ചു. കാരണം അവളുടെ ഏതു പോക്രിത്തരത്തിനും ഫുൾ സപ്പോർട്ട് കൊടുക്കുന്നത് അവളുടെ ബാപ്പയും മൂത്ത കമ്മ്യുണിസ്റ്കാരനുമായ മമ്മൂക്ക എന്ന മുഹമ്മദുകുട്ടിയാണ് . അയാളുടെ കാർ വീടിന്റെ മുറ്റത്തു കിടക്കുന്നത് തട്ടയല്പക്കത്തുള്ള പൂത്തുമ്പിപെണ്ണു കണ്ടു എന്നും പറഞ്ഞു. അവളോടു മാത്രം ഞാനില്ലാത്തപ്പോൾ അങ്ങോട്ടൊരു കണ്ണുവേണമെന്നു ഞാൻ പറഞ്ഞിരുന്നു. അതുകൊണ്ട് ഇനിയിപ്പം അവളുടെ പിറകെപോയിട്ട് ഒരുകാര്യവുമില്ലന്നറിയാം . എന്നിട്ടും ഞാൻ തരംകിട്ടുബോഴൊക്കെ ഫോണിൽകൂടെ അവളെ അഹങ്കാരി അധികപ്രസംഗി എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തികൊണ്ടിരുന്നു . ഒരു ദിവസം അവൾ ഫോൺ നമ്പറും മാറ്റി വാട്ട്സാപ്പും ബ്ലോക്ക് ചെയിതു. ഫേസ്ബുക്കിൽനിന്നുപോലും എന്നെ തൂത്തുവാരി എറിഞ്ഞു . സർക്കാർ എഞ്ചിനീയർ ആണെന്നും പറഞ്ഞു പെണ്ണുങ്ങൾക്ക് അത്രക്ക് ഹുങ്കു പാടില്ലല്ലോ. ഞാൻ ഒന്നുവല്ലെങ്കിലും ടൗണിൽ ആരറിയപ്പെടുന്ന ആക്രിക്കച്ചവടക്കാരനല്ലേ. അവൾക്കും അവളുടെ അപ്പനും ഈ ആക്രി എന്നുകേൾക്കുബോഴേ കലിയിളകും. അതുകൊണ്ടുതന്നെ എനിക്കറിയാം അതയാൾ പറഞ്ഞിട്ടാ ആ മുഹമ്മദ്കുട്ടി. അയാൾക്കെന്നെ പണ്ടേ ഇഷ്ടമല്ല. ദേഷ്യംവന്നപ്പോൾ ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. വായിതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു . ആ വാക്ക്‌പയറ്റുകളൊക്കെ അങ്ങനെ കഴിഞ്ഞെങ്കിലും ഞാനിപ്പോൾ ഏതാണ്ടൊക്കെ നഷ്ടമായ അണ്ണാനെപ്പോലെയായി . മനസിലുള്ളതൊക്കെ പായാതെ അതൊന്നും മനസ്സിലാക്കാനുള്ള ബോധമൊന്നും ഈ ഈ പെൺ വർഗ്ഗത്തിനില്ലേ . അത് ഒരിക്കൽ നിന്നോടു ഞാൻ സൂചിപ്പിച്ചതാണ് അപ്പോൾ നീ എന്നെ കണ്ടമാനം ഇൻസൽട്ട് ചെയിതു
"അല്ലെങ്കിലും നിനക്കു ജമീലയെ കാണുബോൾമാത്രം
വെട്ടാൻ വരുന്ന പോത്തിന്റെ പ്രകൃതമല്ലേ. എടാ പോത്തേ നിന്റെ ഉളിലുള്ളതൊക്കെ ഒന്നു തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു ഇതൊക്കെ " എന്റെ ഇൻഫീരിയോരിറ്റി കോപ്ലെക്സ് അതാണ് എല്ലാത്തിനും കാരണംഎന്നല്ലേ അന്നു നീ പറഞ്ഞത്.
"എന്തുവന്നാലും നിന്നെപ്പോലെ പെൺകോന്തനായി ഭാര്യമാരു പറയുന്നതുകേട്ടു തുള്ളാൻ എന്നെ കിട്ടുകേല"
എന്നാലും അവൾ പോയിക്കഴിഞ്ഞപ്പോൾ ശരിക്കും പണികിട്ടി . ഇങ്ങനെ തട്ടുകടേലെ ദോശയും തിന്ന് എത്രനാൾ കഴിയൂയും. പൂത്തുമ്പിപോലും ഇപ്പോൾ എന്നെ കാണുബോൾ ഒരുമാതിരി ആക്കിയുള്ള ചിരിയാ . ഇനി നീതന്നെ ഇതിനെന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകണം. ഇല്ലെങ്കിൽ നമ്മുടെ സാംസ്കാരിക കേരളത്തിലെ ആത്‌മഹത്യകളുടെ എണ്ണത്തിൽ ചെറിയ ഒരു മാറ്റം വരും.
എന്ന് സ്നേഹപൂർവ്വം
സഫാസ് ഹുസ്സൈൻ ( പക്കാ പക്കാ )
കത്ത് കണ്ടതിന്റെ പിറ്റേദിവസം രാത്രിയിൽ എസ്തപ്പാൻ രണ്ടെണ്ണം വീശിയിട്ട് പക്കാ പാക്കായെ വിളിച്ചിട്ടു ഒരാമുഖവുമില്ലാതെ ഇഗ്ളീഷിലെ എഫ് എന്ന അക്ഷരംകൂടെ കൂട്ടി പച്ചക്കു തെറി വിളിച്ചു . അമേരിക്കയിൽ പഠിക്കാൻ പോയതിന്റെ ഷോ ഓഫാ ഈ എഫ് കൂട്ടിയുള്ള തെറി. അസൽ അമേരിക്കൻ മലയാളി തന്നെ. എല്ലാം അവനെ പെൺകോന്തൻ എന്ന് വിളിച്ചത്തിന്റെ പ്രതികരണമാണെന്നൊന്നും അന്നേരം കത്തിയില്ല. അതുകൊണ്ട് പക്കാ പാക്കായും വിട്ടുകൊടുത്തില്ല. അവന്റെ തന്തപടിക്കുവരെ വിളിച്ചിട്ട് അങ്ങനെ അടിച്ചു പിരിഞ്ഞു . അമേരിക്കൻ റിട്ടേൺ ആയതിൽപ്പിന്നെ അവനങ്ങനെയാ ദേഷ്യം വന്നാൽ രണ്ടെണ്ണം വിട്ടിട്ടു രാത്രിയിൽ വിളിച്ചു പുലഭ്യം പറയും. പിന്നെ ഒത്തുതീർപ്പാക്കാൻ ഇത്തിരി സമയമെടുക്കും . അതുകൊണ്ടു ഒന്നുരണ്ടു ദിവസത്തേക്ക് അവനെ വിളിച്ചതേയില്ല.
പക്ഷെ പ്രശനം അതൊന്നുമല്ല ഈ പക്കാ പാക്കായായ
സഫാസ് ഹുസൈന്റെ ഏകാന്ത വാസമാണ്.
ഒരു ചായപോലും നേരെചൊവേ ഉണ്ടാക്കാൻ അറിയാത്ത അയാളുടെ ജീവിതം ദുർഘടഘട്ടത്തിൽഎത്തിയപ്പോഴാണ് ഉമ്മയോട് അടിയന്തിരമായി വരണമേന്നു അപേക്ഷിച്ചത് അപ്പോഴൊക്കെയും തട്ടമിടാത്ത ജമീലയുടെ നടപ്പും സർക്കാർ എഞ്ചിനീയർ ആയതിന്റെ അഹങ്കാരത്തെപ്പറ്റിയുമാണ് അധികവും അമ്മയോടു പറഞ്ഞത്.
“ഞാനന്നേ പറഞ്ഞതല്ലേ ആ കമ്മ്യുണിസ്റ്കാരന്റെ പുന്നാരമോളെ വേണ്ടെന്നു . അപ്പോഴേക്കും അവളുടെ കള്ളനോട്ടവും മട്ടും കണ്ടു നീയും വീണു. എന്തായാലും പിള്ളേരൊന്നും ഉണ്ടായില്ലല്ലോ. അള്ളാഹുവിന്റെ കൃപ "
മൂത്ത പെങ്ങൾക്ക് ആദ്യത്തെ കുട്ടി ജനിച്ചപ്പോഴും ഉമ്മാ അതുതന്നെ പറഞ്ഞു അല്ലാഹുവിന്റെ കൃപ. വന്നുവന്നിപ്പം എല്ലാത്തിനും അല്ലാഹുവിനെ കൂട്ടുപിടിച്ചാ എല്ലാവരും രക്ഷപ്പെടുന്നത്.
എന്തായാലും ഉമ്മ എല്ലാം തീരുമാനിച്ച ലക്ഷണമാണ് . അതുമനസ്സിലാക്കി പക്കാ പക്കാ തൽക്കാലം മൗനം അവലംബിച്ചു.
അവളുടെ നിരീശ്വരവാദിയായ ബാപ്പാ പറഞ്ഞിട്ടാണ് തട്ടം വേണ്ടന്നുവെച്ചത് എന്നൊന്നും അമ്മയോടു ആ അപകടഘട്ടത്തിൽ പറഞ്ഞതുമില്ല. പറഞ്ഞതൊക്കെ തെറ്റാണെങ്കിലും ശരിയാണെങ്കിലും മരുമകളുടെ കുറ്റമായതുകൊണ്ട് ആ അമ്മായിഅമ്മ അതൊക്കെ സന്തോഷപ്പൂർവം സ്വീകരിച്ചു. അവളോടുള്ള ദേഷ്യംകൊണ്ടുംകൂടിയാണ് പുന്നാരിച്ചു വളർത്തിയ ഏക മകനോടൊപ്പം താമസവും തുടങ്ങിയത് . ഏതമ്മക്കും തൻകുഞ്ഞു പൊൻകുഞ് എന്നല്ലേ. സഫാസ് ഹുസൈന് അന്നുമുതൽ ആലപ്പസ്വൽപ്പം വിരഹദുഃഖമൊക്കെയുണ്ടെങ്കിലും അതൊക്കെ ആരൊടുംപറയാതെ അവളുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിച്ചു പറയുന്ന ഉമ്മായുടെ സീമന്തപുത്രനായി ജീവിച്ചുവരികെയായിരുന്നു. അപ്പോഴാണ് എസ്തപ്പാനെ കണ്ട് ഒന്നു മനസ്സുതുറക്കണമെന്നു തോന്നിയത്. ഉമ്മയോട് ആക്രിക്കടയിൽ കണക്കു നോക്കാനാണന്നു കള്ളം പറഞ്ഞിട്ടു ഒരു ശെനിയാഴ്ച്ച ദിവസം പക്കാ പക്കാ ഒറ്റക്ക് അവന്റെ നാടായ ചക്കരക്കാവിലേക്കു ഡ്രൈവ് ചെയ്യുകയായിരുന്നു . വൈകുന്നേരം നേരിട്ട് കണ്ടു ഒന്ന് കൂടിക്കഴിഞ്ഞാൽ അവൻ പുഷ്പംപോലെ മറുകണ്ടം ചാടുമെന്നു പക്കാ പാക്കയിക്കു നല്ലതുപോലെ അറിയാമായിരുന്നു.
അപ്പോഴാണ് ആരോ പാടിയ ഒരു പാട്ട് എഫ് എം റേഡിയോയോയിലൂടെ ഒഴുകിയെത്തിയത്
' പറയൂ നിനക്കിഷ്ടമാണെന്നൊന്നു പറയൂ പതുക്കെയെൻ കാതിൽ
പറയാതെ അറിയുന്ന കാര്യവും നേരിൽനീ
പറയുന്നതു കേൾക്കുവാനെന്തുസുഖം."
പറയൂ പതുക്കെയെൻ കാതിൽ ......
സത്യത്തിൽ അയാൾക്ക് അവളോടിഷ്ട്ടമായിരുന്നു.
പക്ഷെ എങ്ങനെ പറയും എപ്പോൾ പറയും.പതുക്കെയാണെങ്കിലും ഉറക്കെയാണങ്കിലും
അന്തസ്സ് കളഞ്ഞിട്ടുള്ള ഒരു പരിപാടിക്കും പാക്കായെ കിട്ടുകേല. എന്നാൽ പ്രശനം ഗുരുതരമായത്
അതുകൊണ്ടൊന്നുമായിരുന്നില്ല . തൊട്ടയൽപക്കത്തുള്ള പൂതുമ്പി എന്ന പെൺകുട്ടിയോട് അറിയാതെ ഫോണിൽകൂടി “ഐ ലവ് യു റ്റൂ “എന്നൊന്നു പറഞ്ഞുപോയി . പൂത്തുമ്പി എന്നത് അവളുടെ ഓമനപ്പേരാ . ശെരിക്കുള്ള പേരു പാത്തുമ്മാ ബീവി എന്നാ . കളിയായിട്ടാണങ്കിലും ലവ് യു റ്റൂ എന്നൊക്കെ പറഞ്ഞത് ഇത്തിരി കടന്ന കൈയ്യായിരുന്നെന്ന് എനിക്കും തോന്നിയതാ. ജമീല "ഞാനൊന്നുമറിഞ്ഞീല" എന്ന മട്ടിൽ അയാളുടെ ഫോൺവിളികൾ ശ്രെദ്ധിക്കുന്നുണ്ടെന്ന കാര്യപോലും അയാൾക്കറിയില്ലായിരുന്നു. അയല്പക്കത്തു കളിച്ചുവളർന്ന അവളോട് പക്കാ പക്കാ അതും അതിനപ്പുറവും പറയാറുള്ളതാ . അതൊക്കെ ജമീലക്കറിയുകയും ചെയ്യാം.
എന്നിട്ടും അവൾ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു
" പൂത്തുമ്പി ഇപ്പോൾ കൊച്ചുപെണ്ണൊന്നുമല്ല. കോളേജിൽ മൂന്നാം വർഷമാ ,അതും സെന്റ് തെരേസാസ് കോളേജിൽ . കോളേജിന്റെ പേരിൽ മാത്രമേയുള്ളു ഈ മദർ തെരേസാ . ഒക്കെ വിളഞ്ഞ വിത്തുകളാ . അതികം സ്നേഹവും കളിയും ചിരിയുമൊന്നും വേണ്ട "
എന്നൊരിക്കൽ അവൾ പറഞ്ഞിട്ടുമുണ്ട് .അതോർത്തപ്പോൾ ജമീലയുടെ കാതിൽ പതുക്കെപോലും ഐ ലൗ യൂ എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ എന്ന ഒരു കുറ്റബോധവും തോന്നി. എഫ് എം റേഡിയോയിലെ കേട്ട ആ ഗാനം വീണ്ടും മനസിലൂടെ ഊളിയിട്ടു പറന്നു..
"പറയാതെ അറിയുന്ന കാര്യവും നേരിൽ നീ
പറയുന്നതുകേൾക്കാൻ എന്തു സുഖം "
സാമാന്യം കുഴപ്പമൊന്നുമില്ലാത്ത ഒരു ജോലിയുള്ളതുകൊണ്ട് അവൾ രണ്ടും കല്പിച്ചുള്ള പുറപ്പാടാണെന്നാ തോന്നുന്നത് . ഉമ്മപറഞ്ഞതുപോലെ ആ കമ്മ്യുണിസ്റ്റ് കാരന്റെ മകളല്ലേ ഇതും ഇതിലപ്പുറവും സംഭവിക്കാം. എന്നൊക്കെയുള്ള സംശയങ്ങൾകൊണ്ടാണെന്നാണ് എസ്തപ്പാനോട് കാര്യങ്ങൾ ഒക്കെ ഒന്നു നേരിട്ടു സംസാരിക്കാൻ തീരുമാനിച്ചത്. അവൻ കള്ളടിച്ചാൽ ആളിത്തിരി തരികയിടെയാണങ്കിലും എന്തെങ്കിലും ഒരു പരിഹാരം കാണാതിരിക്കില്ല. റേഡിയോ ഓൺ ചെയിതപ്പോൾ. ഏതോ പെൺകുട്ടിയുടെ കിന്നാര വർത്തമാനമായിരുന്നു. അത് ഓഫ് ചെയിതിട്ടു നേരെ ചക്കരക്കടവിലേക്കുതന്നെ ഡ്രൈവ് ചെയിതു . അപ്പോഴും പാക്കാ പാക്കായുടെ കാതിൽ ആ ഗാനാം അലയടിച്ചുകൊണ്ടിരുന്നു.
" പറയൂ നിനക്കെന്നെ ഇഷ്ടമാണെന്നൊന്നു പറയൂ
പതുക്കെയെൻ കാതിൽ
പറയാതെ അറിയുന്ന കാര്യവും നേരിൽനീ
പറയുന്നതുകേൾക്കാൻ എന്തു സുഖം ...

Thampy Anthony

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot