നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*മഴനൂൽക്കനവുകൾ*

*മഴനൂൽക്കനവുകൾ*
യാമിനി വർമ്മയുടെ ഗേറ്റിനരികിൽ ബൈക്ക് നിർത്തിയപ്പോഴേക്കും തകർത്തു പെയ്യാൻ തുടങ്ങി, ഇടവപ്പാതി...
ശുഭലക്ഷണം.. സിദ്ധാർഥ് മനസ്സിൽ കരുതി. ജീവിതത്തിൽ ഒരിക്കലും മടുപ്പിക്കാത്ത എന്തെങ്കിലു മൊന്നുണ്ടെങ്കിൽ അതീ മഴയാണ്..
അമ്മയുടെ സ്നേഹം പോലെ.....
എത്ര പെയ്തു നിറഞ്ഞാലും എത്ര നനഞ്ഞു കുളിർന്നാലും മഴയിങ്ങനെ മോഹിപ്പിച്ചുകൊണ്ടേയിരിക്കും.
അമ്മയുടെ കണ്ണു വെട്ടിച്ചും അമ്മയോടൊപ്പം ചേർന്നും നനഞ്ഞു തീർത്ത എത്രയോ മഴക്കഥകൾ പറയാനുണ്ടാവും ഓരോ പെരുമഴക്കാലത്തിനും. !!
"അപ്പൂ..... മതി മഴ നനഞ്ഞത് കേറിപ്പോ അകത്തു"
അമ്മയാണോ വിളിച്ചു പറഞ്ഞത്...
സിദ്ധാർഥ്, നനഞ്ഞ ഹെൽമെറ്റും ഓവർ കോട്ടും ബൈക്കിൽ വച്ചു ബൈക്ക് കാർപോർച്ചിലേയ്ക്കു കയറ്റി വച്ചു.
കാളിംഗ് ബെല്ലടിച്ചപ്പോൾ പ്രായമായ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.
"യാമിനി മാഡത്തിനെ കാണാനാണ്. അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു."
" കയറിയിരിയ്ക്കൂ, ഞാൻ വിളിക്കാം."
കൊടൈക്കനാലിലെ കോട്ടേജുകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള വീടും പൂന്തോട്ടവും.... സിദ്ധാർത്ഥിന്റെ മനസ്സിലും ഒരു തണുപ്പ് വീണു.
യാമിനി വർമ്മയെക്കുറിച്ചു കേട്ടിട്ടുള്ള കാര്യങ്ങളൊന്നും അത്ര സുഖകരങ്ങളായിരുന്നില്ല. മുൻകോപി, തന്നിഷ്ടക്കാരി, ആരെയും വക വയ്ക്കാത്തവൾ എന്നൊക്കെയുള്ള കേട്ടറിവുകൾ ആദ്യം പകർന്നു തന്നത് സീനിയർ റിപ്പോർട്ടർ നാരായണേട്ടനാണ്.
കേരളസാഹിത്യ അക്കാദമി അവാർഡ്‌ ജേ താവും അദ്ധ്യാപികയുമായ എഴുത്തുകാരിയെ ഇന്റർവ്യൂ ചെയ്യാൻ നിയോഗിക്കപ്പെട്ടപ്പോൾ നാരായണേട്ടൻ അവരെക്കുറിച്ചു ഒരു വ്യക്തമായ ചിത്രം തന്നു ; ഒപ്പം ഒരു ചോദ്യവും.
"സിദ്ധാർഥ് തന്നെ പോകണോ?"
"പോകണം നാരാണേട്ടാ.... ഒരുപാട് നാളായുള്ള ആഗ്രഹമാ അവരെയൊന്നു നേരിൽ കാണണമെന്നത്..."
തീരുമാനിച്ചുറച്ച പോലെയുള്ള ആ മറുപടി കേട്ടപ്പോൾ നാരായണേട്ടൻ മറുത്തൊന്നും പറഞ്ഞില്ല.
സിദ്ധാർത്ഥിന് ഉറപ്പായിരുന്നു, ഇവരാരും പറയുന്നത് പോലുള്ള ഒരാളായിരിക്കില്ല ഒരിക്കലും യാമിനി വർമ്മ... അത്രമേൽ ആർദ്രമാണ് അവരുടെ അക്ഷരങ്ങൾ.
മനസ്സിൽ അൽപ്പമെങ്കിലും നന്മ സൂക്ഷിക്കാത്ത ഒരാളിനു ഒരിക്കലും ഇതുപോലെ വായനക്കാരുടെ കണ്ണുകളിൽ ഈറൻ പടർത്താൻ കഴിയുകയില്ല.
അമ്മയ്ക്കു മുന്നിൽ ചെന്നു നിന്ന് നാരായണേട്ടൻ ചോദിച്ച ചോദ്യം സിദ്ധാർഥ് ആവർത്തിച്ചു.
"എന്റെ മോനു കഴിഞ്ഞില്ലെങ്കിൽ പിന്നാർക്കാ കഴിയുക?"
ആ പുഞ്ചിരിയ്ക്കു മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ടാണ് ഇറങ്ങിയത്.
അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു..
അമ്മയുടെ പുഞ്ചിരിയും 'നിനക്കേ കഴിയൂ' എന്ന ഓർമ്മപ്പെടുത്തലും..
സിദ്ധാർത്ഥിനു ജീവിതത്തിൽ ഒരുപാട് പടവുകൾ അനായാസം ചവിട്ടിക്കയറാൻ സഹായകമായിട്ടുണ്ട്.
ബൈക്കിൽ, ഇങ്ങോളമെത്തുന്ന ദൂരമത്രയും അമ്മ മാത്രമായിരുന്നു സിദ്ധാർത്ഥിന്റെ മനസ്സിൽ.
നല്ല കഥകൾ എഴുതുന്നവരെല്ലാം അടിസ്ഥാനപരമായി നല്ലവരായിരിക്കുമെന്ന അമ്മയുടെ കണ്ടെത്തൽ സത്യം തന്നെയായിരിക്കുമെന്നു വിശ്വസിക്കാനാണ് സിദ്ധാർത്ഥിന് എപ്പോഴുമിഷ്ടം.
വലിയ വായനക്കാരിയൊന്നുമല്ല അമ്മ. പക്ഷേ യാമിനി വർമ്മയുടെ പുസ്തകങ്ങളെല്ലാം വിടാതെ വായിയ്ക്കുമായിരുന്നു. അവരിലെ സ്ത്രീ പക്ഷ ചിന്താഗതിയാണോ അമ്മയെ ആകർഷിച്ചത് ? അതോ കണ്ണീരിന്റെ നനവുള്ള ആ ഹൃദയഭാഷയോ ?
അവാർഡ് വിവരവും അമ്മയാണ് ആദ്യം തന്നെ അറിയിച്ചത്. സന്തോഷം കൊണ്ടു വിടർന്ന ആ മുഖം...
യാമിനി വർമ്മയ്ക്ക് അവാർഡ് ലഭിച്ചതല്ല, അമ്മയിങ്ങനെ ചിരിച്ചു കണ്ടതാണ് തന്നെ കൂടുതൽ സന്തോഷിപ്പിച്ചത്....
"കുട്ടി ഇരുന്നില്ല്യാലോ"നേരത്തെ വാതിൽ തുറന്നു കൊടുത്ത ആയമ്മ വീണ്ടും വന്നു.
"ഇരിയ്ക്കൂ ട്ട്വോ, യാമിനി ഇപ്പൊ വരും. കുടിക്കാൻ എന്താ വേണ്ടേ ?"
ഒരാനയെ തിന്നാനുള്ള വിശപ്പുണ്ടായിരുന്നു, എങ്കിലും പറഞ്ഞു.
"ഒന്നും വേണ്ട."
പക്ഷേ അവർ അകത്തു പോയി ഒരു കപ്പ് ചൂടു ചായയുമായി വന്നു. ; പുറകെ യാമിനി വർമ്മയും.
സിദ്ധാർത്ഥിന്റെ കണ്ണുകളിൽ അത്ഭുതം നിഴലിച്ചു.
അതുവരെ പുസ്തകപ്പുറംചട്ടയിൽ കണ്ടു പഴകിയ ഒരു ചിത്രമേ ആയിരുന്നില്ല അത്.
എം.ടിയുടെ കഥകളിൽ എപ്പോഴാ വായിച്ചു മറന്ന ഓപ്പോളിനെ അനുസ്മരിപ്പിയ്ക്കുന്ന രൂപം.
മുണ്ടും നേര്യതും, കുളിപ്പിന്നു കെട്ടിയ നീണ്ട തലമുടിയും നെറ്റിയിലെ ഭസ്മക്കുറിയും..
രൂപത്തിലും ശരീരഭാഷയിലും ആ ചിരിയിൽ പോലുമുണ്ടായിരുന്നു ഒരു കുലീനത്വം.
"ഇരിയ്ക്കൂ"
കസേരയിലേക്ക് കൈ ചൂണ്ടി അവർ പറഞ്ഞു.
"ആദ്യം ആ ചായ കുടിയ്ക്കൂ, എന്നിട്ടാവാം ചോദ്യങ്ങൾ."
ഭാഗ്യം. പറഞ്ഞു കേട്ടതു പോലെയൊന്നുമല്ലെന്നു തോന്നുന്നു ആൾ.
ചായ കുടിച്ചു തീർന്നപ്പോൾ യാമിനി പറഞ്ഞു.
"ഇനി ചോദിയ്ക്കൂ.. എന്താണ് അറിയേണ്ടത് ?"
അങ്ങനെയൊരു ചോദ്യം സിദ്ധാർഥ് പ്രതീക്ഷിച്ചിരുന്നില്ല. മനസ്സിൽ കരുതിക്കൊണ്ടു വന്നതെല്ലാം അവരുടെ ആ ഒറ്റച്ചോദ്യത്തിന്റെ ശക്തിയിൽ കാറ്റു പറത്തും പോലെ പറന്നു പോയി.
പിന്നീടവൻ ചോദ്യങ്ങൾക്കായി പരതി.
ആ ധർമ്മസങ്കടം മനസ്സിലാക്കിയിട്ടെന്നോണം യാമിനി പറഞ്ഞു.
"അല്ലെങ്കിൽ വേണ്ട, ചോദ്യങ്ങളൊന്നും ചോദിക്കണ്ട. ഞാൻ ഉത്തരങ്ങൾ പറയാം. ഒരു ജേർണലിസ്റ്റിനു സാധാരണ ചോദിയ്ക്കാനുണ്ടാവുന്ന ക്ലീഷേ ചോദ്യങ്ങളെല്ലാം എനിക്കറിയാം."
"അല്ല മാം, ഇതങ്ങനെയല്ല. "
സിദ്ധാർഥ് പെട്ടന്ന് പറഞ്ഞു.
"സത്യത്തിൽ ഒരഭിമുഖത്തിനല്ല ഞാൻ വന്നത്. മാമിനെ വ്യക്തിപരമായി ഒന്നു പരിചയപ്പെടാൻ..... "
"എന്നെയോ.. എന്തിനു ?"
"ചുമ്മാ..... കുട്ടിക്കാലം മുതൽ കേട്ടു പരിചയിച്ച പേരാണ് യാമിനി വർമ്മ എന്നത്. യാമിനി ടീച്ചർ എന്നാണ് എന്റെ അമ്മ പറയുക. അമ്മ കൂടുതൽ വായിക്കാറുള്ളത് ടീച്ചറുടെ കഥകളാണ്. മുതിർന്നപ്പോൾ ഞാനും. ഞങ്ങൾ അതേക്കുറിച്ചൊക്കെ ചർച്ച ചെയ്യാറുണ്ട്. ഇപ്പൊ ഈ അവാർഡ്‌ കിട്ടിയപ്പോ...... "
യാമിനി ചിരിച്ചു.
"ഞാൻ അദ്ധ്യാപനമൊക്കെ ഉപേക്ഷിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞു. എന്നാലും ടീച്ചർ എന്നു തന്നെ വിളിച്ചോളൂ., ശരി കഥകളെക്കുറിച്ചു എന്താണ് ചോദിക്കാനുള്ളത് ?"
സിദ്ധാർഥ് ഉത്സാഹഭരിതനായി.
"ഒരു സ്ത്രീ പക്ഷചായ്വുണ്ട് എല്ലാ കഥകളിലും... പിന്നെ ഒരു മുറിഞ്ഞ മനസ്സിന്റെ നോവും... "
"യാമിനി സിദ്ധാർത്ഥിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു.
"സ്ത്രീ പക്ഷം ഞാനൊരു സ്ത്രീയായതു കൊണ്ടാവും. നോവ്...... "
ആ വാചകം പൂർത്തിയായില്ല.
അൽപനേരം മൗനമായിരുന്നിട്ട് അവർ ചോദിച്ചു : "നമുക്കൊന്നു നടക്കാം"
മഴ പെയ്തു തോർന്ന വഴിയിലൂടെ, അരളിപ്പൂക്കൾ അതിരിട്ട ഒറ്റയടിപ്പാതയിലൂടെ അവർ നടന്നു...മഴമരങ്ങൾ ചിലപ്പോൾ ആരുടെയോ സങ്കടം പോലെ അവരുടെ ദേഹത്തേക്ക് നീർത്തുള്ളികൾ ചിതറിച്ചു.
സിദ്ധാർഥ്, യാമിനി വർമ്മയെ കേൾക്കുകയായിരുന്നു അപ്പോൾ. അമ്മയെ കേൾക്കും പോലെ....
അവരുടെ കുട്ടിക്കാലം, അമ്മയില്ലാതെ വളർന്ന ബാല്യം.... വിദ്യാഭ്യാസം, ജോലി...
നിറമുള്ള ചിത്രങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല ആ ഭൂതകാലപ്പെയ്ത്തിൽ. കിതച്ചും തളർന്നും അവർ പിന്നിട്ട വഴികളിലെല്ലാം ഒറ്റപ്പെടലിന്റെ ഒരു മഹാ ശൂന്യതയുണ്ടായിരുന്നുവെന്ന് സിദ്ധാർഥ് വ്യക്തമായി തിരിച്ചറിഞ്ഞു.
അതിനിടയിലൊന്നും ഒരു പ്രണയം കടന്നുവന്നില്ലെന്നതും അവൻ പ്രത്യേകം ശ്രദ്ധിച്ചു.
കഥ കേൾക്കാൻ ഇഷ്ടമുള്ള അവനിലെ കുസൃതിപ്പയ്യൻ പാതി കളിയായും പാതി കാര്യമായും ചോദിച്ചു....
"ടീച്ചർ എന്താണ് വിവാഹം കഴിക്കാതിരുന്നത്.... അതോ ഒരു നഷ്ടപ്രണയം സൂക്ഷിയ്ക്കുന്നുണ്ടോ മനസ്സിൽ ?"
നേരത്തേ പെയ്തു തോർന്ന മഴയുടെ ബാക്കി അവരുടെ മിഴികളിൽ ഒളിഞ്ഞു കിടന്നിരുന്നുവെന്നു തോന്നി...
"ഞാൻ വിവാഹിതയല്ലെന്ന് കുട്ടിയോട് ആരാണു പറഞ്ഞത് ?"
വേദനിച്ചു വിതുമ്പുന്ന വാക്കുകൾ ചേർത്തു വച്ചു അവർ മറ്റൊരു
നിറമില്ലാച്ചിത്രം വരച്ചു.
"വിവാഹജീവിതം തികച്ചും പരാജയമായിരുന്നു ; ഭർത്താവിനു മറ്റൊരിഷ്ടം..... വർഷങ്ങളായുള്ള പ്രണയമായിരുന്നുവത്രേ. എന്നെ വരിച്ചതു വീട്ടുകാരുടെ നിർബന്ധം മൂലം...... കോമാളിയാക്കപ്പെട്ടതു എത്രയോ തവണ. !! ഞാനൊരുപാടു ശ്രമിച്ചു നോക്കി. പക്ഷേ ഒരു പുരുഷനു സ്നേഹം തോന്നാൻ മാത്രം എന്നിൽ ഒന്നുമില്ലെന്ന് ആരും എനിക്കു പറഞ്ഞു തന്നിരുന്നില്ല.....
അദ്ദേഹം പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.
"എനിക്ക് രാധികയുടെ സ്വന്തമായിരിക്കാനാണ് ഇഷ്ടം. ഞാൻ അവളുടേതാണ്..... "
അങ്ങനെയൊരാളിന്റെ ജീവിതത്തിൽ എന്തിനാണ് ഒരു ഇത്തിൾകണ്ണിയാവുന്നതെന്നു ഞാൻ എന്നോടു തന്നെ വെറുതേ ചോദിക്കാറുണ്ട്.
വെറും രണ്ടു മാസം. അദേഹത്തിനെന്നെ ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ഒരേറ്റു പറച്ചിലിനൊടുവിൽ.... ഞങ്ങൾ രണ്ടു വഴികളിലെ അപരിചിതരായ യാത്രക്കാരായി.
അദ്ദേഹം പഴയ പ്രണയിനിയെ വിവാഹം കഴിച്ചു സുഖമായി ജീവിയ്ക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴും നിർവ്വികാരത മാത്രമായിരുന്നു എനിക്ക്.
പക്ഷേ....
ഏകാന്തത ഒരു വലിയ ശാപമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അപ്പോഴാണ്. അച്ഛന്റെ വേർപാട് മറ്റൊരു ആഘാതമായി.
ശരിയ്ക്കും ഒറ്റപ്പെട്ടു പോയ ദിവസങ്ങൾ.
ആരോടും ഒന്നും മിണ്ടാനില്ലാതെ,വീടിന്റെ ഇരുണ്ട നിശ്ശബ്ദതയിൽ ഞാൻ എന്നെത്തന്നെ കൊല്ലാൻ ശ്രമിച്ചു കൊണ്ടിരുന്നു....
നീരജയായിരുന്നു അപ്പോഴൊക്കെ ഏക ആശ്വാസം. ഞങ്ങൾ ഒരേ സ്ക്കൂളിലെ അദ്ധ്യാപകരായിരുന്നു. എന്റെ ഒരേയൊരു സുഹൃത്തും. പൊരുതി ജയിക്കണം എന്നൊരു വാശി എന്നിൽ നിറച്ചത് അവളാണ്. അവൾ തന്ന ഉൾക്കരുത്താണ് പിന്നീടുള്ള എന്റെ ജീവിതത്തിന്റെ മൂലധനം. എൻ്റെ അക്ഷരങ്ങളെ ആദ്യം തിരിച്ചറിഞ്ഞത്, അവയെ വെളിച്ചത്തു കൊണ്ടു വന്നത്
പുസ്തകമെഴുതാൻ എന്നെ നിർബന്ധിച്ചത് എല്ലാം അവളാണ്..... എന്റെ എല്ലാ വിജയങ്ങളുടെയും പിന്നിലെ ശക്തി....
ഇന്നും അവൾക്കു വായിക്കാൻ വേണ്ടിയാണ് ഞാനെഴുതുന്നതു. "
മഴവില്ലിന്റെ ചാരുതയുള്ള ഒരു സൗഹൃദം. യാമിനിയുടെ വാക്കുകളിലുടനീളം ആ ബന്ധത്തിന്റെ ഇഴയടുപ്പം സിദ്ധാർത്ഥിനു കാണാമായിരുന്നു.
എത്ര പെട്ടന്നാണ് ജീവിതത്തിൽ ചിലർ ഒറ്റക്കായിപ്പോവുന്നതു... ചിലർ ജീവിതം തിരിച്ചു പിടിയ്ക്കുന്നതും.
അല്പം സങ്കോചത്തോടെ സിദ്ധാർഥ് ചോദിച്ചു.
"മാം വീണ്ടും ഒരു വിവാഹം..... ?"
"ഇല്ല, അതിനു ശ്രമിച്ചില്ല. രണ്ടാമത്തെയാളും തിരസ്കരിയ്ക്കുമോ എന്ന ഭയം കൊണ്ടൊന്നുമല്ല... ജീവിതം അപ്പോഴേക്കും ചില വലിയ പാഠങ്ങൾ എന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു...."
നേർത്ത ഒരു ചിരിയോടെ യാമിനി വർമ്മ പറഞ്ഞു.
"നോക്കി നോക്കിയിരിക്കേ ഇല്ലാതെയാവുന്ന ഒന്നാണ് നമ്മുടെയൊക്കെ ജീവിതം. അതിന്റെ നൈമിഷികതയെക്കുറിച്ചു എഴുതാൻ എന്റെ പേനത്തുമ്പിലെ വാക്കുകളൊന്നും തന്നെ മതിയാവുമായിരുന്നില്ല.......
ചിലപ്പോൾ അതു നമ്മളോടൊക്കെ വല്ലാത്ത ക്രൂരത കാണിച്ചു കളയും കുട്ടീ. പൊരുതി നിൽക്കാൻ കഴിയാതെ നിസ്സഹായരായിപ്പോവും നമ്മൾ....
അവരെന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായില്ല സിദ്ധാർത്ഥിന്.
"എന്റെ ഭർത്താവിന്റെ ജീവിതം തന്നെ വലിയ ഉദാഹരണമായി എന്റെ മുന്നിലുണ്ട്.
പ്രണയിനിയെ വിവാഹം കഴിച്ചുവെങ്കിലും ആ ദാമ്പത്യവും അധികനാൾ നീണ്ടു നിന്നില്ല..... വിവാഹത്തിന്റെ അഞ്ചാം വർഷം ഒരു കാറപകടത്തിൽ ഭാര്യയെയും മകനെയും തനിച്ചാക്കി....
യാമിനിയ്ക്കു വാക്കുകൾ കിട്ടാതെയായി പലപ്പോഴും...
പക്ഷേ വല്ലാത്തൊരു നടുക്കത്തോടെയാണ് അവരുടെ അടുത്ത ചോദ്യം സിദ്ധാർഥ് കേട്ടത്.
"അല്ലേ.... ? അച്ഛൻ മരിയ്ക്കുമ്പോൾ സിദ്ധുവിനു നാലു വയസ്സല്ലെ?"
തരിച്ചു നിന്നു പോയി സിദ്ധാർഥ്.
യാമിനിയിൽ നിന്നും കനൽച്ചൂടുള്ള വാക്കുകൾ അടർന്നു വീണു സിദ്ധാർത്ഥിനെ പൊള്ളിച്ചു കൊണ്ടേയിരുന്നു.
"നീയാണ് ആ മകൻ. നിന്റെ അമ്മയാണ് ആ പ്രണയിനി...."
"അമ്മയോ..... ?"
"അതേ കുഞ്ഞേ, നിന്റെ അമ്മയ്ക്കു വേണ്ടിയാണ് അദ്ദേഹം എന്നെ ഉപേക്ഷിച്ചത്. അകാലത്തിൽ ഉണ്ടായ ആ അപകടം പോലും എന്റെ ശാപമാണെന്ന് പലരും പറഞ്ഞു. പക്ഷേ ഞാനൊരിക്കലും അദ്ദേഹത്തെ ശപിച്ചിട്ടില്ല കുട്ടീ......
മനസ്സിൽ ഒരുപാട് നന്മകൾ സൂക്ഷിച്ചിട്ടുള്ള ഒരാളായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ മൂല്യം ശരിയ്ക്കും അറിയാവുന്ന ഒരാൾ. അതുകൊണ്ടല്ലേ നിന്റെ അമ്മയെ കൈവിട്ടു കളയാൻ അദ്ദേഹം തയ്യാറാകാതിരുന്നത്.... അദ്ദേഹത്തോടു എനിക്കെന്നും ബഹുമാനമേയുള്ളൂ... മനസ്സിൽ മറ്റൊരാളെ കുടിയിരുത്തിക്കൊണ്ട് ഒരിക്കലും എന്നെ അശുദ്ധയാക്കിയില്ലല്ലോ......
ദുഃഖഭാരം കൊണ്ടു,
തലയുയർത്താനാവാതെ സിദ്ധാർഥ് നിന്നു.
യാമിനി പക്ഷേ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു..... വേദനയുടെ ഉപ്പുരസം കലർന്ന വാക്കുകൾ ഹൃദയത്തിൽ അടുക്കി വച്ചു അവർക്കു മടുത്തു കാണണം....
"അദ്ദേഹം മരിച്ചുവെന്നറിഞ്ഞപ്പോൾ ഞാനവിടെ പോയിരുന്നു. മനസ്സു കൊണ്ടെങ്കിലും ആ കാലിൽ ഒന്നു തൊട്ടു തൊഴാൻ.... മറ്റൊരാളിനെയും സ്വീകരിക്കാൻ എന്റെ മനസ്സ് ഒരുക്കമല്ലാത്തിടത്തോളം അദ്ദേഹം തന്നെ എന്റെ ജീവിതത്തിലെ ഒരേയൊരു പുരുഷൻ....
രാധികയെ ഞാനും പരിചയപ്പെട്ടു.
പരിചയം പിന്നീടെപ്പോഴോ പിരിയാൻ വയ്യാത്ത സ്നേഹമായി...
പരസ്പരം കൈ മാറുന്ന വേദനയിലൂടെ, കണ്ണീർ പുരണ്ട സാന്ത്വനങ്ങളിലൂടെ നിസ്സഹായതയുടെ സാംറാജ്യത്തിൽ ഞങ്ങളൊരു കൊച്ചു സൗഹൃദക്കൂടാരം പണിയുകയായിരുന്നു.... നീരജയെപ്പോലെ ഒരുപക്ഷേ നീരജയെക്കാൾ പ്രിയപ്പെട്ടവളായി നിന്റെ അമ്മ എനിയ്ക്കും.
പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്.
അദ്ദേഹം എങ്ങനെ ഇവരെ സ്നേഹിക്കാതിരിയ്ക്കും.....
എങ്ങനെ ഇവരെ ഉപേക്ഷിക്കാൻ സാധിയ്ക്കും....?
എന്റെ ഒരുപാടു ചോദ്യങ്ങൾക്കുള്ള ഒരേയൊരു ഉത്തരമായിരുന്നു നിന്റെ അമ്മ.
നിന്നോട് ഈ കഥകളൊന്നും രാധിക പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. മകന്റെ മനസ്സിലുള്ള അച്ഛന്റെ ചിത്രം മോശമാവാതിരിക്കാൻ അവളെടുത്ത മുൻകരുതലായി അതിനെ കണ്ടാൽ മതി.
ഇന്നു നീ ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ടെന്നും അവൾ വിളിച്ചു പറഞ്ഞിരുന്നു.
രാധികയുടെ മകൻ വരുന്നുവെന്നറിഞ്ഞപ്പോൾ ഈശ്വരൻ വീണ്ടും എന്റെ മുന്നിൽ കരുണയുടെ വാതിൽ തുറക്കുന്നതായി എനിയ്ക്കു തോന്നി.
ഒരു മറുപടിയും പറയാനുണ്ടായിരുന്നില്ല സിദ്ധാർത്ഥിന്.....
ഇതിനെയാണോ വിധിയെന്നു പറയുന്നത് ?
യാമിനി വർമ്മയെ അറിയാമെന്നു ഒരിക്കൽ പോലും അമ്മ പറഞ്ഞിട്ടില്ല....
എങ്ങനെ അറിയുമെന്ന് ചോദിച്ചാൽ മറ്റു പലതിന്റെയും ചുരുളഴിക്കേണ്ടി വരുമെന്നതിനാലാവാം...
യാമിനി സിദ്ധാർത്ഥിന്റെ സമൃദ്ധമായ മുടിയിഴകളിൽ വിരലോടിച്ചു കൊണ്ടു പറഞ്ഞു.
"എന്റെ മനസ്സിപ്പോൾ ശാന്തമാണ് മകനേ... അക്ഷരങ്ങൾ കൊണ്ട് വരയ്ക്കാൻ കഴിയാതിരുന്ന അദൃശ്യമായ ഒരു വാത്സല്യമായിരുന്നു ഇക്കാലമത്രയും എന്റെ മനസ്സിൽ നീ. പക്ഷെ ഇപ്പോൾ, ഏതു മഹാദുരന്തത്തിലേക്കാണ് എന്റെ ഏകാന്തയാത്രയെന്ന ചോദ്യത്തിനു ഉത്തരമായി നീ നിൽക്കുമ്പോൾ, എൻ്റെയീ കണ്ണീർമറയ്ക്കപ്പുറത്തു പുത്രസ്നേഹത്തിന്റെ ഒരു വലിയലോകമുണ്ടെന്നു ഞാൻ തിരിച്ചറിയുന്നു............"
സിദ്ധാർഥ്, നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു യാമിനിയെ ചേർത്തുനിർത്തി.
***** **** ***** ***** ***** ***** ******
മകന്റെ യാത്രാ വിശേഷങ്ങളറിയാൻ ആകാംക്ഷയോടെ വാതിൽ തുറന്ന രാധിക അവനോടൊപ്പം വന്ന ആളിനെ കണ്ടു അമ്പരന്നു നിന്നു.
സ്വപ്നത്തിലെന്ന പോലെയാണ് മകന്റെ ശബ്ദം അവർ കേട്ടത്.
"ഓർമ്മവയ്ക്കും മുമ്പേ അച്ഛനെ തിരികെ വിളിച്ച ഈശ്വരനോട്‌ വെറുപ്പായിരുന്നു ഇതു വരെ. പക്ഷേ ഇപ്പോൾ, അതിനു പകരം കാത്തു വച്ചിരുന്നത് എന്തായിരുന്നെന്നറിയുമ്പോൾ....... ഏതു മകനാണ് ഒരേ ജന്മത്തിൽ രണ്ടമ്മമാരെ കിട്ടാനുള്ള ഭാഗ്യമുണ്ടാവുക ?"
രാധിക യാമിനിയെ അണച്ചു പിടിച്ചു തേങ്ങി.....
പുറത്തപ്പോഴും ശാന്തമായി പെയ്തു നിറയുന്ന മഴയുടെ പേര് സിദ്ധാർഥ് മനസ്സിൽ കുറിച്ചിട്ടു.... വാത്സല്യമഴ. !!

Sajna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot