നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിശ്വസിച്ചാലും ഇല്ലെങ്കിലും....

വിശ്വസിച്ചാലും ഇല്ലെങ്കിലും....
എഴുതണോ വേണ്ടയോ എന്ന് പല വട്ടം ചിന്തിച്ചു.. എഴുതാൻ പോകുന്ന കാര്യം.... എഴുതിയ പലർക്കും സമാന അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായതായി പറയപ്പെടിട്ടുണ്ട് .. അങ്ങനെയുള്ള ഒരനുഭവം എന്നെ തേടി വന്നാൽ അതിനെ അതിജീവിക്കാനുള്ള മനക്കരുത്തില്ലായെന്ന് അറിയാമെങ്കിലും ഇൗ കഥ ആരും അറിയാതെ പോകരുത് എന്നുള്ള മോഹം കൊണ്ട് മാത്രമാണ് വിറക്കുന്ന കൈകളാൽ ഇതെഴുതാൻ തുടങ്ങുന്നത്...
സ്കൂളിന് നേരെ എതിരെയായി പടിപ്പുരയും കുളവും ഒക്കെയുള്ള ഇരുനിലയുള്ള ഓടിട്ട വീട്... എനിക്കെന്നും അത്ഭുതമായിരുന്നു ... നഗരമധ്യത്തിൽ ആ വീട് കാട് പിടിച്ച് കിടക്കുന്നത് കണ്ട്.. ഇരുമുറി വീട്ടിൽ താമസക്കാരിയായ എന്റെ കുഞ്ഞുമനം വേദനിച്ചു... എട്ടാം ക്ലാസ്സിലെ ആദ്യദിനത്തിൽ മൂന്നാം നിലയിലെ ക്ലാസ് മുറിയിൽ ജനാലക്കരുകിൽ എത്തിയ ഞാൻ സന്തോഷം കൊണ്ട് തുള്ളച്ചാടി... ആ ക്ലാസിലിരുന്നാൽ ആ വീട്ടിലെ പറമ്പ് മുഴുവൻ കാണാം... ഒരിക്കലെങ്കിലും ആരെയെങ്കിലും കണ്ടിരുന്നു എങ്കിൽ...എന്റെ കണ്ണുകൾ ആ വീടിന്റെ രണ്ടാം നിലയിലെ തുറന്ന് കിടന്ന ജനൽപാളികളിൽ ചൂഴ്ന്നു നോക്കിക്കൊണ്ടിരുന്നു... അകാരണമായ നിശബ്ദ്ത ആ വീടിനെ മൂടിയ പോലെ...
മുറ്റത്ത് നിന്നിരുന്ന പടുകൂറ്റൻ മാവിന്റെ ചില്ലകൾ വീടിന്റെ മുറ്റത്ത് ചവറുകൂമ്പാരം തീർത്തിരുന്നു..
"ഇൗ വീട്ടിൽ ആരുമെന്താ താമസിക്കാത്ത ത്? "
എപ്പോഴോ ഉള്ള എന്റെ ചോദ്യത്തിന് ഒരിക്കൽ ഒരു കൂട്ടുകാരി മറുപടി തന്നു..
"ആർക്കോ അപമൃത്വു സംഭവിച്ചിട്ടുണ്ടെന്ന് ആ വീട്ടിൽ....."
ജീവിച്ച് കൊതി തീരാത്ത ഒരാത്മാവ് വസിക്കുന്ന വീട്.... ഇരുള് മൂടിയ നിലയിൽ നഗരമധ്യത്തിൽ....
ഞാനീ കഥ എഴുതിതുടങ്ങാൻ ഒരുങ്ങിയ പ്പോഴൊക്കെ അസാധാരണമായ പലതും എനിക്ക് ചുറ്റും സംഭവിക്കുന്നതായി അനുഭവപ്പെട്ടു.. ഞാൻ ഇരുന്നിരുന്ന കസേര ചലിക്കുന്ന പോലെ..മുറിയിലെ ലൈറ്റ് പല തവണ മിന്നി തെളിഞ്ഞു.. മുറിയിലെ വാതിൽ പല തവണ കൊട്ടി അടക്കപ്പെട്ടു... ശക്തമായ കാറ്റിൽ അടഞ്ഞതാവാം എന്ന് സ്വയം ആശ്വസിപ്പിച്ച് ഓരോ തവണയും ശക്തി നേടാൻ ശ്രമിച്ചു...
സ്കൂൾ ജീവിതം അവസാനിപ്പിച്ച് പോരുമ്പോൾ ഒരിക്കലും കരുതിയില്ല വീണ്ടും ആ വീട് എന്റെ ജീവിതത്തിൽ ഇത്രയും സ്വാധീനം ചെലുത്തുമെന്ന്..
കോളജിലെ ഹോസ്റ്റലിൽ നിന്നും ചാടി കൂട്ടുകാർ ഒരുമിച്ച് ഒരു വീടെടുത്തത് വീണ്ടും അതേ വീടിന്റെ തൊട്ടുള്ള ഒരു വീടിന്റെ രണ്ടാം നില...
പാതിരാ വരെ നീളുന്ന കൂട്ടുകാരികളുടെ ചിരിയും ബഹളവും നടക്കുമ്പോഴും എന്റെ കണ്ണുകൾ പലപ്പോഴും ആ വീടിന്റെ പറമ്പിൽ എന്തോ പരതികൊണ്ടിരുന്നൂ.. നേരം കിട്ടുമ്പോഴൊക്കെ ആ വീടിന് നേരെ തുറക്കുന്ന ജനാലക്കൽ ഞാൻ പഠിക്കാൻ എന്ന പോലെ ഇരുന്നു..
അങ്ങനെയുള്ള ഏതോ ഒരു രാത്രിയിൽ ആ മുറ്റത്ത് ഞാനൊരു വെട്ടം കണ്ടു... വാതിൽക്കൽ തൂക്കിയിട്ട വിളക്കിൽ ഒരു തിരി വെട്ടം.... മുണ്ടും നേരിയതും ധരിച്ച ഒരു തടിച്ച. സ്ത്രീ ആ വീട്ടു മുറ്റത്ത്...മാവിന്റെ ചുവട്ടിൽ ഞങ്ങളുടെ ജനാലയിലേക്ക്‌ നോക്കിനിൽക്കുന്നു...
ഭയം കൊണ്ട് എന്റെ ശരീരം വിറച്ചു.. കൂട്ടുകാരികളെ വിളിക്കാൻ പോലും നാവ് ചലിപ്പിക്കാൻ ആവാതെ ജനാലക്ക്‌ നേരെ കൈകൾ ചൂണ്ടി ....
ഞാൻ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് അവരും നോക്കി.. ഒരു തിരി വെട്ടമല്ലാതെ അവരൊന്നും കണ്ടില്ല.. തലേന്ന് ഞാൻ വായിച്ച ബ്രംം സ്റ്റോക്കറുടെ ഡ്രാക്കുളയെ അവർ പഴി ചാരി കൊണ്ടിരുന്നു...
ഞാൻ പിന്നെയും പിന്നെയും കണ്ടു... ആ തടിച്ച സ്ത്രീയെ.. ഇരുളുമ്പോൾ മാത്രം ആ മുറ്റത്ത് പ്രത്ക്ഷപെടുന്ന സ്ത്രീ... വെളുക്കും വരെ ആ തിരി കെടാതെ ആ വീട്ടിൽ കത്തി കൊണ്ടിരുന്നു..
ഏതോ പരീക്ഷയുടെ തലേന്ന് ...പാതിരാവിൽ എപ്പോഴോ തുറന്ന് കിടന്ന ജനാല കാറ്റിൽ ശക്തമായി അടിച്ചു കൊണ്ടിരുന്നു.. ജനാലയുടെ കൊളുത്ത് ഇടാൻ നേരം.. കണ്ട കാഴ്ച... കൊളുത്തിയിട്ട വിളക്കിൽ നിന്നും ഒരഗ്നി ദണ്ഡ് പറന്നുയരുന്നു... അത് ഞങ്ങളുടെ ജനാലക്ക്‌ നേരെ ചീറിപ്പാഞ്ഞു വന്ന് ജനൽ കമ്പിക്ക് അപ്പുറം വായുവിൽ ചലിച്ചുകൊണ്ടു നിന്നു...... അപ്പോഴും ആ വീടിന്റെ വാതിൽക്കൽ ആ സ്ത്രീ നിൽപ്പുണ്ടായിരുന്നു ... അവർ ഞങ്ങളുടെ ജ നാലയിലേക്ക് ഉറ്റു നോക്കി കൊണ്ട് നിന്നു..കണ്ണുകളിൽ ജ്വലിക്കുന്ന അഗ്നി...
എന്റെ നിലവിളി കേട്ട് വന്നവർ ആരും ഒന്നും കണ്ടില്ല.. തീ.. തീ... ചുണ്ടുകൾ വിറച്ചു ഞാൻ പുലമ്പി കൊണ്ട് നിന്നു...പിന്നെ ഭയം കൊണ്ട് ബോധരഹിതയായി പിന്നോട്ട് മറിഞ്ഞ് വീണു
ദിവസങ്ങൾക്കുള്ളിൽ ..കൂട്ടുകാരികളുടെ ഇടയിൽ ഞാനൊരു നാഗവല്ലിയായി മുദ്ര ചാർത്തപ്പെട്ടു..
ഭയന്ന് വിറച്ച് പനി പിടിച്ച എന്റെ തലയിൽ കൈവെച്ച് വൈദികന്റെ പ്രാർഥന ഉയർന്നു.."എല്ലാം പെങ്കൊച്ചിന്റെ തോന്നലാണ്.. "അമ്മൂമ്മ ചെവിയിൽ പറഞ്ഞു.. കഴുത്തിൽ കൊന്ത ധരിപ്പിച്ച് വീണ്ടും പഴയ തട്ടകത്തിലേക്ക് പറഞ്ഞയച്ചു...
വീണ്ടും ആ ജനാല തുറക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല.. എല്ലാം എന്റെ മനസ്സിന്റെ വെറും വിഭ്രാന്തി...സ്വയം ആശ്വസിക്കാൻ ശ്രമിച്ചു...എന്നിട്ടും മുണ്ടും നേരിയതും ധരിച്ച ആ സ്ത്രീ എന്നെ തന്നെ ഉറ്റ് നോക്കുന്ന പോലെ എന്റെ കൺമുന്നിൽ പലപ്പോഴും തെളിഞ്ഞ് വന്നു...ഉയർന്നു താഴുന്ന അഗ്നി ദണ്ഡ് പലപ്പോഴും ജനാൽക്കൽ വന്ന് പറക്കും തളിക പോലെ ചലിച്ചു കൊണ്ട് നിന്നു.....ഭയം കൊണ്ട് കണ്ണുകൾ ഇറുക്കി ഞാൻ കിടന്നു..
ഒരു വേനൽ അവധി കഴിഞ്ഞ് ഞങ്ങൾ വീണ്ടും മുറിയിൽ എത്തി.. അടഞ്ഞ് കിടന്ന മുറിയിലെ രൂക്ഷ ഗന്ധം ... പോകാൻ ജനാലകൾ തുറന്ന.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ദിവസങ്ങൾക്കുള്ളിൽ ..കാട് മുഴുവൻ വെട്ടി ഒതുക്കി ..അവിടമാകെ മാറി പോയിരിക്കുന്നൂ......ആരൊക്കെയോ അവിടെയുണ്ട്..
ആന്റിക് ഉരുപ്പടികൾ വിൽക്കുന്ന സ്ഥാപനമായി അത് രൂപമാറ്റം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു...
പകലുകളിൽ ആളുകൾ വന്ന്നും പോയികൊണ്ടിരുന്നു..മുറ്റത്ത് നിന്നിരുന്ന മാവ് ...പതിവില്ലാതെ ഇല കൂടുതൽ പൊഴിച്ച് തുടങ്ങി...പകൽ പോലും ഞാൻ ഒരിക്കലും ആ മാവിൽ ഒരു കിളിയെ പോലും കണ്ടില്ല ...
ഒരു പക്ഷെ ആ മാവിഞ്ചുവട് അവരുടെ അതിരുകളില്ലാത്ത കളിക്കൂട്ടത്തിന്റെ വേദി ഒരുങ്ങിയ ബാല്യത്തിന്റെയൊ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച കൗമാര കാലത്തെ പകലുകടെ ശേഷിപ്പോ .. നൊന്ത് പെറ്റ മക്കൾക്കായി കെട്ടിയൊരുക്കപെട്ട കളിയൂഞ്ഞാലിന്റെ ചരടുകൾ ബന്ധിക്കപ്പെട്ടതോ.. ആയിരിക്കാം ..എന്റെ. ചിന്തകള് പലപ്പോഴും അവരെ കുറിച്ചായിരുന്നു..
എന്റെ ഭയം മാറ്റാൻ കൂട്ടുകാരികൾ നിർബന്ധിച്ച് അവിടെ കൊണ്ടുപോയി..
തുരുമ്പ് പിടിച്ച കൂറ്റൻ ഗേറ്റിനേ നിറം പൂശി യെങ്കിലും അഴികൾ ഓരോന്നും കടന്ന് പോയ കാലത്തിന്റെ ദുരൂഹതയെ മറച്ച് വെക്കുന്ന കോലുകളുമായി എനിക്ക് തോന്നി.. ആ വലിയ വീട്ടിൽ കാലെടുത്ത് വെച്ചപ്പോ മുതൽ പിന്തുടരുന്ന രണ്ട് കണ്ണുകൾ ഞങ്ങൾക്ക് പിന്നാലെ നീങ്ങുന്ന പോലെ..
രണ്ടാം നിലയിലേക്ക് ഉള്ള മര ഗോവണി ചവിട്ടി കേറും തോറും എന്നോടൊപ്പം ചുവട് വെക്കുന്ന മറ്റൊരു കാലടി സ്വരം ..ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു...
ഒരു നിമിഷം പിന്തിരിഞ്ഞ് നോക്കുന്ന നേരം കൊണ്ട് കൂടെയുള്ള കൂട്ടുകാർ എങ്ങോ വഴി തെറ്റി പോയിരുന്നു.. ഒപ്പം ഉണ്ടായ കാലടികൾ ഇപ്പൊൾ കൂടുതൽ അടുത്തു വരുന്ന പോലെ... പിന്നെ ഞാൻ നടക്കുകയല്ലായിരുന്നു ...ഓടി കൊണ്ടിരുന്നു..എങ്ങോട്ട് എന്നറിയാതെ.. ഇടക്ക് എവിടെയൊക്കെയോ തട്ടി വീണു മുട്ടുകൾ പൊട്ടി...
ഒരുവിധം വീടിന് പുറത്തേക്ക് എത്തിയതും മാവിന്റെ ചില്ല ഒരെണ്ണം മുന്നിൽ വന്ന് വീണതും ഒരുമിച്ച്...
"ആരോ എന്റെ പുറകെ ഉണ്ടായിരുന്നു.."
അണച്ച് കൊണ്ട് ഞാൻ പറഞ്ഞ വാക്കുകൾക്ക് മറുപടിയായി അവർ പൊട്ടിച്ചിരിച്ചു.
"വട്ടത്തി...."
ആരും ഇപ്പോഴും ഒന്നും വിശ്വസിക്കുന്നില്ല .പിടക്കുന്ന നെഞ്ചും കൊണ്ട് ഞാൻ ഉടൻ അവിടം വിട്ടു....പക്ഷേ അന്ന് രാത്രി ആ വീട്ടിൽ ഉണ്ടായിരുന്ന ആന്റിക്‌ സാധങ്ങൾ എല്ലാം കത്തി നശിച്ചു...
ഷോർട്ട് സർക്യൂട്ട് പോലും...
ആരൊക്കെയോ പഴയ കഥകൾ പുതിയ ഉടമസ്ഥനെ അറിയിച്ചു കാണണം..
അഗ്നിയിൽ ദഹിച്ച ഒരു ആത്മാവിന്റെ കഥ...ഒരു രാത്രിയിൽ അവിടെ പൂജയും കർമങ്ങൾക്കുമായി കളം ഒരുങ്ങി.. മന്ത്രധ്വനികൾ വായുവിൽ അലയടിച്ചു ഉയർന്നു....എല്ലാം കണ്ടും കേട്ടും ഞാൻ ജ നാലക്കൽ നിന്നു...
പെട്ടെന്ന് വിളക്കിലെ തിരിയില് നിന്നും വീണ്ടും അഗ്നി ദണ്ഡ് ഉയർന്നു പൊങ്ങി.. മന്ത്രങ്ങൾക്കൊപ്പം വീടിന്റെ വെളിയിലേക്ക് ആ സ്ത്രീ രൂപം എടുത്ത് ഏറിയപെട്ടു..ദയനീയമായി അവർ എന്നെ ഒന്ന് നോക്കി...പിന്നെ അലറി കരഞ്ഞ് കൊണ്ട് നിലത്തു മലന്നടിച്ച് വീണു... ഉയർന്നു പൊങ്ങിയ അഗ്നി ദണ്ഡ് അവരുടെ ശരീരത്തിൽ തറച്ച്‌ നിന്നു.. ഒപ്പം ഉണങ്ങി നിന്ന മാവ് ഒരു അഗ്നിപ്രളയമായി ജ്വലിച്ച് അവരുടെ ശരീരത്തിലേക്ക് വീണു...
ഒരു നിമിഷം..
പിന്നെ എല്ലാം ശാന്തം...
കണ്ണുകൾ തുറന്നപ്പോ ചുറ്റിനും കൂട്ടുകാരികൾ ഉണ്ട്...
എന്തൊക്കെയോ ഞാൻ പിറുപിറുത്തു കൊണ്ടിരുന്നു.. ആരൊക്കെയോ എന്നെ ആശ്വസിപ്പിക്കാൻ പലതും പറഞ്ഞു...
അവരെ വകഞ്ഞ് മാറ്റി ഞാൻ വീണ്ടും ജനാ ലക്കൽ എത്തി..
എല്ലാത്തിനും ഒരേ ഒരു സാക്ഷിയായി മാവ് അപ്പോഴും എരിഞ്ഞു കൊണ്ട് മുറ്റത്ത് കിടപ്പുണ്ടായിരുന്നു...
കൂടുതൽ ഒന്നും പറയാതെ ഞാൻ അതിന്റെ നേരെ വിരൽ ചൂണ്ടി...
ഞാൻ പറഞ്ഞ കഥകൾ അവർ വിശ്വസിച്ചു കാണുമോ അറിയില്ല.. പക്ഷേ കാരണം ഇല്ലാതെ ഒരു മരം മറിഞ്ഞു വീണു കത്തിയത്... ഒരു ചോദ്യ ചിഹ്നം പോലെ അവരിൽ അവശേഷിപ്പിച്ചു കാണണം...
കഥ ഇവിടെ തീരുകയാണ്....
എനിക്ക് മാത്രം ദൃഷ്ടിഗോചരമായ കഥാവികാസങ്ങൾ...
കഥക്ക് പിന്നിലെന്ത് എന്ന് എനിക്കറിയില്ല..
ഇൗ കഥക്ക് ശേഷം പിന്നെന്ത് എന്നും അറിയില്ല..
ദിവസങ്ങൾക്കുള്ളിൽ ഞാൻ അവിടം വിട്ടിരുന്നു... പിന്നെ ഒരിക്കലും ആ വീടിനെ പറ്റി ആരോടും തിരക്കിയില്ല...പക്ഷേ ദിവസങ്ങൾക്കുള്ളിൽ ഒരു റിയൽ എസ്റ്റേറ്റ് സൈറ്റിൽ ഒരു പരസ്യം കണ്ടു...
നഗര മധ്യത്തിൽ വീട് വിൽപനക്ക്....

Shabna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot