നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

::ചെമ്പൻക്കുന്നിലെ യക്ഷി:: ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ഭാഗം 1


::ചെമ്പൻക്കുന്നിലെ യക്ഷി::
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
ഭാഗം 1
അങ്ങനെയൊരവധിക്കാലം പിന്നെയുമെത്തി. ചെമ്പൻക്കുന്ന് പഞ്ചായത്തിൽ സ്റ്റേജുയർന്നു. ചുവപ്പും നീലയും നിറത്തിലുള്ള പ്ലാസ്റ്റിക് കസേരകൾ മുറ്റത്ത് നിരന്നു. തോരണം കെട്ടലും ബാനറുകെട്ടലുമായി ആകെയൊരു ബഹളം. ഇതിനിടയിൽ കുട്ടിപ്പട്ടാളങ്ങൾക്കും ഒരു കുറവുമില്ല.
"എന്റെ പൊന്നുക്കുട്ടികളെ അങ്ങോട്ട് മാറി നിന്ന് കളി. ഇതിനെയൊക്കെ കൊണ്ട് മനുഷ്യൻ കൈയും കാലും തട്ടി വീഴുമല്ലോ.''
കുമാർ കസേര മേൽ നിന്നു കളിച്ച ഒരു പട്ടാളത്തെ പൊക്കി താഴെ നിർത്തി.
" ഡാ ഡാ ആ പിള്ളാരോട് വഴക്കിന് നിൽക്കാതെ നീയാ സ്റേറജിനുള്ളിൽ കസേരയും ടെസ്കുമൊക്കെ പിടിച്ചിട്. ഒരു പണിയും ചെയ്യാതെ നടക്കുവാ. അവന്റെ ഈയലുപ്പോലെയുള്ള പറക്കൽ കണ്ടത്തോന്നും അവനാ ഈ ജോലി മൊത്തം ചെയ്യുന്നതെന്ന്. ഒരില കിടന്നാൽ അതൊന്ന് മാറ്റിയിട്ടില്ല. പോടാ പോ പറഞ്ഞ ജോലി ചെയ്യ്."
"അല്ല വർഗ്ഗീസേട്ടാ ഈ ടെസ്ക് എവിടെ കിടക്കുവാ?"
" ഇങ്ങ് വാടാ ഞാൻ കാണിച്ചു തരാം."
ബാനറുകെട്ടൻ മതിലിൻ മേൽ കയറിയ രവിയാണ് ഇത്തവണ കുമാറിന് മറുപടി കൊടുത്തത്. മറുപടി കേൾക്കേണ്ട താമസം കുമാർ തലയും ചൊറിഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയി.
"ഇങ്ങനെയും ഓരോ ജന്മങ്ങൾ." ബാനർ വലിച്ചു കെട്ടുന്നതിനിടയിൽ രവി പിറുപിറുത്തു.
എന്നത്തേയും ഓർമ്മയിൽ പഞ്ചായത്തിനുള്ളിലേക്ക് ബൈക്ക് ഓടിച്ചു കയറാൻ വന്ന പ്രകാശൻ പഞ്ചായത്തിനു മുന്നിൽ ബ്രേക്ക് പിടിച്ചു.
" എന്തുവാടേയ് ഇത് വണ്ടിയൊന്നും ഉള്ളിലേക്ക് പോകത്തില്ല അവിടെയെങ്ങാനും ഒതുക്ക് "
" എന്നാലും അച്ചായാ നിങ്ങളു വല്ലാത്ത ചതിയാ ഈ കാണിച്ചേ. എന്റെ വണ്ടി വയ്ക്കാൻ ഇത്തിരി സ്ഥലം നിങ്ങളു തന്നില്ലല്ലോ."
"ഒന്നു പോടാ ചെറുക്കാ ഞങ്ങടെ വണ്ടിയും വെളിയിലിരിക്കുവാ. കണ്ണ് തുറന്ന് നോക്ക് നീ."
"അല്ല നിങ്ങളിവിടെ ബാനറുകെട്ടുവാരുന്നോ ഞാനത് ഇപ്പോഴാ കണ്ടേ.''
"അല്ലടാ പ്രകാശാ ഞങ്ങളിവിടെ നിന്റെ.."
"അയ്യോ എന്റെ പൊന്നു രവിയേട്ടാ വേണ്ട. നിങ്ങളത് പറഞ്ഞു മുഴുപ്പിയ്ക്കേണ്ട. നിങ്ങളെക്കൊണ്ടേ ഇത്ര നന്നായി സംസാരിക്കാൻ കഴിയൂ."
വർഗ്ഗീസച്ചായനൊന്ന് ഇളകി ചിരിച്ചു. ബൈക്ക് സ്റ്റാൻഡിൽ നിർത്തി ഒരു കാലു പൊക്കി ബൈക്കിൽ മടക്കി വച്ചിരുന്നു കൊണ്ട് പ്രകാശൻ ബാനർ വായിച്ചു.
"അക്ഷരങ്ങളുടെ അനന്തമായ ലോകത്തിൽ വിജയക്കൊടി പാറിച്ച സഹപ്രവർത്തകന് അഭിനന്ദനങ്ങൾ. ആഹ്ഹാ എന്ത് അതി മനോഹരമായിരിക്കുന്നു. പക്ഷേ ഫോട്ടോയ്ക്ക് ഇത്തിരി ഗ്ലാമർ കുറഞ്ഞു പോയി അല്ലിയോ. ഇത്തിരിക്കൂടി നല്ല ഫോട്ടോ കൊടുക്കേണ്ടതായിരുന്നു."
"എടാ ഓന്ത് കുത്തിയവനേ നിന്റെ ഈ ഓഞ്ഞ മൊന്തയ്ക്ക് ഇത്രേയും ഗ്ലാമറേ കിട്ടുള്ളടാ. ഓ.. അവന് ഗ്ലാമർ കുറഞ്ഞ് പോയെന്ന്."
" അച്ചായാ നിങ്ങളെന്നെ ഇങ്ങനെ അധിക്ഷേപിക്കരുത്. ഈ ഫോട്ടോയിലും ഞാൻ ഗ്ലാമറല്ലേ."
"ആണല്ലോ സമ്മതിച്ചേ എങ്കി മക്കളുപോയി വണ്ടി വെച്ചിട്ട് വാ.''
"അല്ല ആരിത് കഥാനായകനോ. നീയാലിയോടാ കൊച്ചേ ഇതിലെ പ്രധാന അതിഥി, എന്നിട്ട് നീ നേരുത്തേയിങ്ങ് പോരുന്നോ? "
ഫോട്ടോസ്റ്റാറ്റ് കടയിലെ സുന്ദരേട്ടൻ കുശലം ചോദിച്ചരുകിൽ എത്തി.
"എന്ത് അതിഥിയാ സുന്ദരേട്ടാ നമ്മളില്ലാത്തെ ഈ പഞ്ചായത്തിലൊരു ബാനർ ഉയർന്നിട്ടുണ്ടോ. ഇതിപ്പോ നമ്മുടെ കൂട്ടുകാർ നമ്മുക്ക് തരുന്നോരു സമ്മാനം. അപ്പോ തിരിച്ച് നമ്മളും എന്തെല്ലും സഹായങ്ങളൊക്കെ ചെയ്യ്ത് കൊടുക്കേണ്ടയോ ''
"ഉവ്വ് ഉവ്വേ ''
"രവിയേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം നിങ്ങടെ ഈ ഉവ്വ് ഉവ്വേ നിർത്തിയില്ലെങ്കിലുണ്ടല്ലോ. എന്തോ പറഞ്ഞാലും ഒരു ഉവ്വ് ഉവ്വേ. "
"അവൻ ആകെ പഠിച്ച രണ്ടക്ഷരമാടാ കുഞ്ഞേ അത്. അതെയുള്ളു വൃത്തിയായി അവന്റെ വായിന് കേൾക്കാൻ ഉള്ളത്. അവൻ പറയട്ടേ. "
" സുന്ദരോ മോനേ ഈ രവി നല്ല വർത്താനം പറയണോ?"
" അയ്യോ വേണ്ടയേ നിന്റെ ആ പുളിച്ച വായിലേ വളിച്ച വർത്തമാനം അല്ലേ. അത് നമ്മുക്ക് ചേരില്ലേ. നമ്മുള് പോകുവാണേയ്."
"പോ പോ അതാ നല്ലത് "
"എടാ രവിയെ ആ മനുഷ്യന്റെ പ്രായത്തെ എങ്കിലും ഒന്നു ബഹുമാനിച്ച് കളയടാ ''
"ഉവ്വ് ഉവ്വേ "
"ദേണ്ടേ പിന്നെയും. രവിയേട്ടാ ഇനി നിങ്ങളിത് പറഞ്ഞാ നിങ്ങൾക്ക് ഞാൻ പണിത്തരും."
"എനിക്കോ, എനിക്ക് പണിയാൻ വേണ്ടി നീ വളർന്നോടാ പ്രകാശാ."
"വളർന്നെന്ന് കൂട്ടിയ്ക്കോ. ചെവിയിങ്ങ് കൊണ്ട് വാ പണി എന്താന്ന് ഞാൻ പറഞ്ഞു തരാം."
രവി ചാടി താഴെയിറങ്ങി ചെവി ചരിച്ച് പ്രകാശന്റെ അടുത്തേക്ക് ചെന്നു.
" പറയേടാ പറ പറ."
പ്രകാശൻ പതുക്കെ രവിയുടെ ചെവിയിൽ പറഞ്ഞു.
" 7-)o വാർഡിന്റെ മാലതി മെമ്പറുടെ കാര്യം രാധേച്ചിയോട് ഞാൻ പറയും "
"എന്റെ പൊന്നു മോനേ ചതിയ്ക്കല്ലെടാ. സമാധാനത്തോടെ ജീവിച്ചൊടേടാ."
" നീ അനുഭവിക്കുന്നത്രയും സമാധാനം ഞങ്ങളാരും അനുഭവിക്കുന്നില്ലേ. വീട്ടിലൊരെണ്ണം ഓഫീസിലൊരെണ്ണം നാട്ടിലോട്ടിറങ്ങിയാ പിന്നെ പറയേം വേണ്ട. അമ്പടാ പൊന്നോ. "
" അപ്പോ അച്ചായനു കാര്യം പിടികിട്ടിയല്ലിയോ?"
" എന്ത് പറഞ്ഞാലും പതിനായിരം മറുപടിയുള്ള രവിയുടെ നാവടയ്ക്കാൻ മാലതി മെമ്പറിനെ കഴിയൂന്ന് നമ്മുക്കറിഞ്ഞൂടേടാ "
"അയ്യേ അച്ചായാ എന്താ ഇത് സ്റ്റേജിൽ വിശിഷ്ട വ്യക്തികൾക്കിരിക്കാൻ പ്ലാസ്റ്റിക് കസേരയോ? പഞ്ചായത്തിന് ഇത്രേം ദാരിദ്ര്യം എന്ന പിടിച്ചേ?"
"ഹോ അതാ കുമാറിന്റെ വേലയാ അവനെ ഒരു പണിയേൽപ്പിച്ചാൽ ഇങ്ങനെയിരിക്കും."
" അവൻ കുമാറാല്ല അച്ചായാ കുണാർ. കുണാർ.പി.കെ.പിള്ള. ഒരു അവതാരപ്പിറവി തന്നെയാന്നേയ്..."
"ടാ പ്രകാശ നീ പോയി മീറ്റിംഗ് റൂമിന് 5 കസേര എടുത്തോണ്ടു വാ."
" 5 ആരൊക്കെയാ അച്ചായാ?"
" മെമ്പർ, പ്രസിഡന്റ്, സെക്രട്ടറി, പിന്നെ എന്റെ മരുമോൻ, പിന്നെയാ ബാലജനസഖ്യത്തിന്റെ പ്രസിഡന്റ് കൊച്ചിനും."
"അപ്പോ എനിക്ക് വേണ്ടേ?"
"നിനക്ക് താഴെയൊരു പായ വിരിച്ച് തരാം അതിലിരുന്ന മതി."
" അത് നിങ്ങടെയപ്പൻ കറിയാച്ചൻ മാപ്പിളയ്ക്ക് ഇട്ട് കൊട്. "
" അങ്ങേരു മണ്ണുംക്കീഴിൽ ഉള്ളി കച്ചവടത്തിന് പോയിട്ട് നാളു കുറേയായി ഇനി പറഞ്ഞിട്ട് കാര്യമില്ലടാ മോനെ "
ബഹളങ്ങളും തമാശകളും ആരവങ്ങളും മുഴങ്ങികൊണ്ടേയിരുന്നു. സ്റ്റേജും അങ്കണവും പരിപ്പാടിയ്ക്കായി ഒരുങ്ങി കഴിഞ്ഞു. ഇനി അച്ചായന്റെ മരുമോൻ SI ജോസഫ് ചാക്കോ വിളയിൽ കൂടി എത്തിയാൽ പ്രോഗ്രം തുടങ്ങാം.
" അല്ല പ്രകാശാ നമ്മുടെ കഥാ കവിത മത്സരത്തിന്റെ വിജയികളെയൊക്കെ തെരഞ്ഞെടുത്താരുന്നല്ലോ അവർക്കുള്ള കാശ് അവാർഡും ഫലകവുമെല്ലാം റെഡിയാണല്ലോ അല്ലേ." മെമ്പർ പതിഞ്ഞ സ്വരത്തിൽ പ്രകാശനോട് തിരകി.
" മെമ്പറേ നിങ്ങളാണ് മെമ്പർ, ഇലയിട്ടിടെങ്കിലും ചോറുണ്ടോന്ന് തിരക്കിയല്ലോ വലിയ ഉപകാരം. എല്ലാം റെഡിയാണേയ്."
മെമ്പറൊന്നടകി ചിരിച്ചു.
കാത്തിരിപ്പിനെടുവിൽ SI എത്തി. തൊട്ടുപിറകേ പ്രകാശന്റെ ഭാര്യ മായയും മോളും സുജലയും കയറി വന്നു. മായയ്ക്കൊരു സീറ്റ് ഒപ്പിച്ചു കൊടുക്കാൻ രവിയെ ഏർപ്പാടാക്കി പ്രകാശാൻ സ്റ്റേജിലേക്ക് കയറി.
വിളക്ക് കൊളുത്തൽ കഴിഞ്ഞു. ഓരോരുത്തരായി മൈക്കു കൈയേൽക്കാൻ തുടങ്ങി. പ്രകാശന്റെ രചനയിൽ തുടങ്ങി ചെമ്പൻക്കുന്നിന്റെ വികസനത്തിലൂടെ അടുത്ത തവണയും തന്നെ ജയിപ്പിച്ചാൽ ചെമ്പൻക്കുന്നിനെ വികസനത്തിന്റെ നെറുകയിൽ എത്തിക്കാം എന്ന മട്ടിലേക്ക് മെമ്പറിന്റെ പ്രസംഗം കാട് കയറിത്തുടങ്ങി. ഇതിനിടയിൽ പ്രകാശന്റെ കണ്ണുകൾ മായയെ തിരിയുകയായിരുന്നു.
പഞ്ചയാത്ത് ഗ്രൗണ്ടിന്റെ മുക്കാൽ ഭാഗവും കണ്ണുകളാൽ വലം വെച്ചിട്ട് അവസാനം തന്റെ തൊട്ട് മുന്നിലുള്ള സീറ്റുകളിലേക്ക് നോക്കിയപ്പോൾ പ്രകാശനെ തന്നെ നോക്കി മായ ഇരിപ്പുണ്ടായിരുന്നു.പ്രകാശൻ തന്നെ കണ്ടു എന്നറിഞ്ഞപ്പോൾ മായ ഒന്നു കുനിഞ്ഞിട്ട് പ്രകാശനെ നോക്കി ചിരിച്ചു.പ്രകാശൻ തിരിച്ചു രണ്ടു കണ്ണുകളുമിറുക്കി അടച്ച് കാണിച്ചു. പെട്ടെന്നായിരുന്നു സദസ്സിലാക്കെ ഒരു കയ്യടി ഉയർന്നത്.പ്രകാശനും മായയും ഒരു പോലെ ഞെട്ടി. വേദിയിൽ നടന്നതൊന്നും അവർ അറിഞ്ഞതേയില്ല. പ്രസിഡന്റ് പ്രസംഗം തുടർന്നു.
"നമ്മുടെ പ്രകാശന്റെ 'രക്തദാഹിയായ ചെമ്പൻക്കുന്ന്' എന്ന പുസ്തകത്തിന്റെ വിൽപ്പന 1000 എണ്ണം കവിഞ്ഞതിന്റെ ആഘോഷവും തുടർന്ന് പ്രകാശന്റെ രണ്ടാമത്തെ പുസ്തകമായ 'കിളികൾ ചില്ലക്കാറില് ' എന്നതിന്റെ പ്രകാശന കർമ്മവുമാണിവിടെ നടക്കുന്നത്. ആദ്യമായി തന്നെ ഈ ആഘോഷത്തിന്റെ ഭാഗമായി നമ്മൾ നടത്തിയ കഥാ കവിത മത്സര വിജയികൾക്കുള്ള അവാർഡുദാനം നിർവ്വഹിക്കാം. കഥാരചനയ്ക്കും കവിതാ രചനയ്ക്കും സമ്മാനാർഹയായിരിക്കുന്നത് ഒരാൾ തന്നെയായത് കൊണ്ട് പ്രത്യേകമായി വിളിക്കുന്നില്ല. സമ്മാനത്തിഹയായ വേണിയെ വേദിയിലേക്ക് ക്ഷണിക്കുന്നു."
മായയുടെ അടുത്ത് നിന്നും വെള്ളാരം കണ്ണുള്ള ഒരു പെൺക്കുട്ടി പ്രകാശന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുക്കൊണ്ട് വേദിയിലേക്ക് കയറി വന്നു. ആ വെള്ളാരം കണ്ണുകൾ പ്രകാശന്റെ ഹൃദയത്തിലുടക്കി. ശരീരത്തിലെ രോമങ്ങളെല്ലാം ഉണർന്നെണീറ്റു. സമ്മാനം വാങ്ങി രണ്ടു വാക്കു പറയാൻ പറഞ്ഞപ്പോൾ സംസാരിക്കാൻ വയ്യ വേണേൽ കവിത ചൊല്ലമെന്നു പറഞ്ഞു മൈക്കു കൈകളിലേക്ക് വാങ്ങി അവൾ കവിതച്ചൊല്ലി. പ്രകാശന്റെ ചിന്തകൾ തന്റെ കലാലയ ജീവിതത്തിലേക്ക് ഊള്ളിയിടിറങ്ങി.
ദാവണി ചുറ്റിയ തന്റെ വെള്ളാരം കണ്ണുള്ള മാലാഖ. അവളെ ആദ്യമായി ഞാൻ കാണുന്നത് കലാലയ കവിയരങ്ങ് അവൾ കവിത ചെല്ലുമ്പോളായിരുന്നു. അവളുടെ കവിതയെക്കാളും ആ വെണ്ണാരം കണ്ണുകൾ മനസ്സു കവർന്നു.
ആദരിക്കലും പുസ്തക പ്രകാശനവുമെല്ലാം വഴിയ്ക്ക് നടന്നു. പ്രകാശൻ തന്റെ വെള്ളാരം കണ്ണു ക്കാരിയുടെ ഓർമ്മകളിൽ ഉടക്കി നിന്നു.
പരിപ്പാടി കഴിഞ്ഞ് മായയെയും കുഞ്ഞിനെയും സുജലയ്ക്ക് ഒപ്പം തന്നെ പറഞ്ഞു വിട്ടിട് സ്റ്റേജഴിക്കലും അടുക്കലുമൊക്കെയായി പ്രകാശൻ അവരൊടൊപ്പം തന്നെ കൂടി. ഇതിനിടയിൽ ശ്രീക്കുട്ടനും രംഗപ്രവേശം ചെയ്തിരുന്നു.
കസേര അടുക്കുന്നതിന്റെ ഇടയ്ക്ക് ശ്രീക്കുട്ടൻ രഹസ്യമായി തിരക്കി.
''പ്രോഗ്രാമിനിടയ്ക്ക് കിളി പോയി ഇരിക്കുന്നത് കണ്ടല്ലോ എന്ത്പറ്റി. "
"ഹേയ് ഒന്നുമില്ലടാ.''
"ഒന്നുമില്ലാതിരുന്നാൽ കൊള്ളാം."
"പ്രകാശാ''
പിന്നിൽ നിന്നൊരു വിളികേട്ട് പ്രകാശനും ശ്രീക്കുട്ടനും തിരിഞ്ഞു നോക്കി. 'രാഘവേട്ടൻ'.
"എന്താ രാഘവേട്ടാ എന്തുപറ്റി?''
"ഏയ് ഒന്നുമില്ല ഇവൾക്ക് നിന്നോട് സംസാരിക്കണമെന്ന് ഒറ്റവാശി. അതാ കൂട്ടി കൊണ്ട് വന്നേ."
ഈ ഇവളാരാണെന്ന് പ്രകാശൻ നോക്കി. അതേ ആ വെള്ളാരം കണ്ണുക്കാരി.
" ഈ കുട്ടി?"
പ്രകാശൻ സംശയത്തോടെ രാഘവനേ നോക്കി.
"എന്റെ കൊച്ചു മോള് രേണുകയുടെ മകൾ. നീ മറന്നോ ഇവളെ?" മറക്കാൻ വഴിയില്ലല്ലോ അല്ലേ.''
പ്രകാശന്റെ ഉള്ളിൽ ഒരായിരം വെള്ളിടികൾ ഒരുമിച്ച് വെട്ടി. ശരീരമാകെ തണുത്തു വിറച്ചു.
"അമ്മ പറയാറുണ്ട് അങ്കിളിനെപ്പറ്റി ഈ സമ്മാനം അങ്കിളിന്റെ കൈയീന്ന് വാങ്ങാനാ ഞാൻ ആഗ്രഹിച്ചേ. സാരമില്ല. സമ്മാനം കിട്ടിയല്ലോ അത് മതി."
ഇത്രേം പറഞ്ഞവൾ പ്രകാശന്റെ കാലുകളിൽ തൊട്ട് വന്ദിച്ചു.
"പോട്ടെ മോനേ "
രാഘവേട്ടൻ വേണിയെയും കൊണ്ട് പടിയിറങ്ങി.
എന്റെ രേണുവിന്റെ മകൾ. അവളുടെ ഉദരത്തിൽ തുടിച്ച് തുടങ്ങിയ ഈ ജീവനെ ഇല്ലാതാക്കാൻ ശ്രമിച്ചവനാണ് ഞാൻ. ഇന്ന് ആ ജീവൻ തന്റെ കാലുകൾ തൊട്ടു വന്ദിച്ചു കടന്നു പോയി.
പ്രകാശന്റെ ശരീരമാകെ വിറങ്ങലിച്ചു. കാലുകൾ കുഴയുന്ന പോലെ. ഒരായിരം വെള്ളാരം കണ്ണുകൾ അവന് ചുറ്റും ചിറകുകൾ വച്ച് പാറി പറന്നു. മസ്തിഷ്കത്തിലേക്ക് ഒരാണി ആഞ്ഞു തറച്ച വേദനയിൽ അവൻ പുളഞ്ഞു.
(തുടരും)

Sumitha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot