Slider

ഒടുവിലെ യാത്രക്കായി

0
ഒടുവിലെ യാത്രക്കായി
"എന്റെടി.... ഞാൻ ഇറാഖിലോ അമേരിക്കയിലോ ഒന്നും അല്ല പോകുന്നെ.. ബാംഗ്ലൂർ ആണ്.."
അഞ്ജു മുഖം വാടി നിൽക്കുന്ന കണ്ട് അക്ഷയ് പറഞ്ഞു.
"അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. "
"നീ ഒന്നും പറയാതെ നിൽക്കുന്നകൊണ്ട പറഞ്ഞേ "
"മ്മം.... ചെന്നുകഴിഞ്ഞു എന്നെ എന്നും വിളിക്കണം ".
"നിന്നെ വിളിക്കാതെ ഞാൻ ആരെ വിളിക്കാൻ.... വന്നു വണ്ടിയിൽ കേറിക്കെ ഞാൻ സ്റ്റാൻഡിൽ കൊണ്ട് വിടാം ".
അവൾ ഒന്നും മിണ്ടാതെ കേറിയിരുന്നു. സ്റ്റാൻഡ് എത്തുന്ന വരെ അവൾ നിശബ്ദയായിരുന്നു. നല്ല വിഷമം ഉണ്ടെന്ന് അവനു അറിയാം. പക്ഷെ തനിക്ക് പോകാതിരിക്കാൻ ആവില്ലല്ലോ....
"ന്നാ ശരിയെടി ഞാൻ വിളിക്കാം. കുറച്ചു പായ്ക്ക് ചെയ്യാനുണ്ട്. പോട്ടെ ".
അവൾ തലയാട്ടി.
അവൻ വണ്ടി തിരിച്ചു പോകുന്നതും നോക്കി അവൾ നിന്നു.
അക്ഷയ് വീടിന്റെ മുറ്റത്തു വണ്ടി കേറ്റിനിർത്തി ഇറങ്ങാൻ തുടങ്ങിയതും ഫോൺ അടിച്ചു. അഞ്ജു ആണ്.
"എന്താടി മോളെ ".
"അക്ഷയ് ഒന്ന് തിരിച്ചു വരുമോ എനിക്ക് ഒന്ന് കാണണം".
അവളുടെ ശബ്ദത്തിലെ വിങ്ങൽ അവനു അറിയാൻ കഴിയുന്നുണ്ടാരുന്നു. അവൻ വണ്ടി തിരിച്ചതും പുറകിൽ നിന്ന്
"ടാ "... ന്നൊരു വിളികേട്ടു.
അമ്മയാണ്.
"ഇപ്പൊ ഇങ്ങോട്ട് വന്നതല്ലേയുള്ളൂ.
അകത്തുപോലും കേറാതെ എങ്ങോട്ടാ... "
"ഇപ്പൊ വരാം അമ്മേ... "
"ഇനിയെങ്ങും പോണ്ട മോനെ അകത്തു കേറിക്കെ.. നാളെ പോവണ്ടേ അല്ലെ ".
"ഞാനിപ്പോ ഇങ്ങെത്തും അമ്മേ ".
പറഞ്ഞതും അവൻ വണ്ടി തിരിച്ചുപോയി.
നോക്കി നിന്നിട്ടും അവനെ കാണാതെ വന്നപ്പോൾ അഞ്ജു ബസിൽ കേറി. വീടിന്റെ അടുത്തുകൂടി ഉള്ള ലാസ്റ്റ് ബസ് ആണ്. ഇനിയും വൈകിയാൽ ശരിയാവില്ല. അതിനു കേറിയില്ലേൽ അക്ഷയും വഴക്ക് പറയും. ഇടവഴിയിലേക്ക് ഒരിക്കൽ കൂടി അവൾ നോക്കി. കണ്ടില്ല.
ബസ് എടുത്തതും അവൻ ഇടവഴി കേറിവരുന്നത് അവൾ കണ്ടു.
അക്ഷയ് വണ്ടി മെയിൻറോഡിലേക്ക് കയറ്റിയതും എതിരെ വന്നൊരു കാർ വന്നു അവന്റെ ബൈക്കിൽ ഇടിച്ചതും ഒരുമിച്ച് ആരുന്നു. അവൻ തെറിച്ചു റോഡിലേക്ക് വീണു. എതിരെ വന്ന ബസ് അവന്റെ ദേഹത്തുകൂടിയാണ് കയറിയിറങ്ങിയത്. അതേ ബസിന്റെ സൈഡ് സീറ്റിൽ ആരുന്നു അഞ്ജു ഇരുന്നതും.
"അക്ഷയ്...." ന്നൊരു നിലവിളി അവളുടെ ഉള്ളിൽ തന്നെ കുടുങ്ങി. കണ്ണിൽ ഇരുട്ട് കയറി ചുറ്റും ഉള്ളത് ഒന്നും പിന്നീട് അവൾ കണ്ടില്ല.
അപ്പോഴേക്കും അവന്റെ ചുറ്റും ആളുകൾ കൂടിയിരുന്നു.
ബഹളം കേട്ടാണ് ജേക്കബ് കടയിൽ നിന്നിറങ്ങി നോക്കിയത്.
"എന്താ ഗോപി എന്താ പറ്റിയെ ".
"ഒരു പയ്യനെ വണ്ടി ഇടിച്ചതാ.. ആശുപത്രിയിൽ കൊണ്ട് പോയി. മരിച്ചുന്നാ കേട്ടെ. ഞാൻ കണ്ടില്ല ".
"അതിന്റെ വിധി അല്ലാതെ എന്താ ".
തിരിഞ്ഞു കടയിൽ കേറുമ്പോഴും വിലപിച്ചതു സ്വന്തം മകനെ ഓർത്തെന്ന് ആ മനുഷ്യൻ അറിഞ്ഞിരുന്നില്ല.
അഞ്ജു കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിൽ ആരുന്നു. അപ്പോഴേക്കും അക്ഷയ്ടെ അടക്കം കഴിഞ്ഞിരുന്നു. എല്ലാം കേട്ടിട്ടും അവളുടെ മുഖത്ത് ഒരു നിർജീവഭാവം ആയിരുന്നു. മനസ് മരവിച്ച ഒരു ശിലകണക്കെ അവൾ ഇരുന്നു. എല്ലാ സ്വപ്‌നങ്ങളും മണ്ണിൽ മൂടി എന്ന് അവൾ തിരിച്ചറിയുകയായിരുന്നു.
"അമ്മേ.... " മകളുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് ആലിസ് ഓർമകളിൽ നിന്നും ഉണർന്നത്. അക്ഷയ് മരിച്ചിട്ട് ഇന്ന് രണ്ടു മാസം . ഇതിനിടയിൽ ഇന്നാണ് ആ വിട്ടിൽ ഉച്ചത്തിൽ ഒരു ശബ്ദം കേൾക്കുന്നത്. അതാ വീടിന്റെ നാലു ചുവരിലും ഇടിമുഴക്കം പോലെ പ്രതിധ്വനിക്കുന്നുണ്ടെന്ന് അവർക്ക് തോന്നി.
ആലിസ് മകന്റെ മുറിയിൽ നിന്നെഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് ചെന്നു. ആൻസി ജേക്കബിന്റെ തല മടിയിൽ വച്ചു കുലുക്കി വിളിക്കുകയാണ്. ആലിസ് ഓടി അരികിലേക്ക് ചെന്നു.
"എന്താ മോളെ എന്താ പറ്റിയെ ".
ആലിസ് വെപ്രാളപെട്ടു.
"അറിയില്ല അമ്മേ ഞാൻ വരുമ്പോൾ പപ്പാ ഇവിടെ നിലത്തു കിടക്കുവാ. അമ്മ ഇവിടെ ഇരിക്ക് ഞാൻ വണ്ടി വിളിച്ചിട്ട് വരാം".
ICU വിന്റെ മുന്നിൽ ഒരു ജീവച്ഛവം കണക്കെ ആലിസ് ഇരുന്നു.
ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നതും ആൻസി അരികിൽ ചെന്നു.
"മകൻ മരിച്ച സ്‌ട്രെയിൻ ആവാം. കാർഡിയാക്ക് അറസ്റ്റ് ആണ്. കുറച്ചു ദിവസം ഈ കിടപ്പ് തുടരും. പേടിക്കണ്ട. ശ്രദ്ധിച്ചാൽ മതി ".
ആൻസി അമ്മയുടെ മുഖത്തേക്ക് നോക്കി. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു. ഇനി കരയില്ല എന്ന ഉറപ്പോടെ.
അവൾ അമ്മയുടെ അരികിൽ ചെന്നിരുന്നു അമ്മയെ തന്നോട് ചേർത്തു പിടിച്ചു. ആലിസ് ഒരമ്മയിൽ നിന്നും മാറി മകളുടെ നെഞ്ചിലെക്ക് ചായുമ്പോൾ മകളിലെ അമ്മയെ അവരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
( യഥാർത്ഥസംഭവുമായി ബന്ധം ഉള്ളത് കൊണ്ട് ഒരുപാട് ഭാവനാന്മകാമായി എഴുതിയിട്ടില്ല. വ്യക്തതക്കുറവ് ഉണ്ടെങ്കിൽ ക്ഷമിക്കണം )

Beema
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo