നേരം പുലർന്നു വരുന്നതേയുള്ളു, എന്നോ ഓൺ ചെയ്തു വെച്ച അലാറം അഞ്ച് മണിക്ക് അടിച്ചു തുടങ്ങി. എന്നുമോർക്കും ഇതൊന്നു ഓഫ് ചെയ്തു വെയ്ക്കണമെന്ന്, അതെങ്ങനാ ചെയ്യാൻ പറ്റുമോ, ഒന്ന് താമസിച്ചാൽ മൊത്തം കാര്യവും തെറ്റി പോകും.
രാവിലെ ഏഴര ആകുമ്പോൾ മോന്റെയും മോളുടെയും സ്കൂൾ ബസ് വരും, അവരെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് കഴിപ്പിച്ചു യൂണിഫോം ഇടീപ്പിച്ചു ബാഗും ടിഫിനും എടുത്തു കൊടുത്തു ബസിൽ കേറ്റി വിടണം. പിന്നെ വീണ്ടും അടുക്കളയിലേക്ക്... എല്ലാമൊന്ന് ഒതുക്കി അമ്മയ്ക്കും അച്ഛനും ആഹാരവും റെഡിയാക്കി മേശപ്പുറത്തു വെച്ചിട്ട് കുളിക്കാൻ ഒരോട്ടം ആണ്, പിന്നെ വന്നു കഴിഞ്ഞാൽ തുണിയെല്ലാം വാരി മെഷീനിൽ ഇട്ടിട്ടു ഉള്ള പാത്രമൊക്കെ കഴുകി വെയ്ക്കും, അത് കഴിഞ്ഞു അലക്കിയ തുണി എല്ലാം അയയിൽ വിരിച്ചിട്ടു വരുമ്പോൾ സമയം ഒൻപതര. രാവിലത്തേതു ഉച്ചയ്ക്കത്തേക്കിന് എന്നിങ്ങനെ പാത്രത്തിലാക്കി, എടുത്തോ പിടിച്ചോന്നും പറഞ്ഞു സാരി ഉടുത്തു ഒരുങ്ങി, വണ്ടീൽ കേറി ഓട്ടപാച്ചിലാണു സ്കൂളിലേക്ക്.
അവിടേതാണ്ട് ജോലിക്കുറവുണ്ടോ, പിള്ളേരെ പഠിപ്പിക്കണം, മേയ്ക്കണം, പേപ്പർ വർക്സ് ചെയ്യണം, നിവൃത്തിയുണ്ടേൽ ക്ലാസ്സ് ടെസ്റ്റ് നടത്തില്ല, പിന്നെ അതൂടെ നോക്കേണ്ടേ, വയ്യ. ഉച്ച കഴിഞ്ഞാൽ ഒരു സമാധാനമുണ്ട്, പെട്ടെന്ന് സമയം പോകും. വൈകിട്ടത്തെ ആ ബെല്ല് കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണെന്നോ, പുറത്തു കാണിക്കാൻ പറ്റുമോ, ഇങ്ങനെ നിൽക്കും.
സ്കൂൾ വിട്ടു കഴിഞ്ഞാൽ കുറച്ചു നേരം അവിടിരുന്നു കത്തി വെയ്ക്കുന്ന ടീച്ചേഴ്സും ഉണ്ട്, ആ കൂട്ടത്തിൽ കൂടാൻ ഇനിയും വർഷം കുറേയെടുക്കും, പിള്ളേരൊക്കെ വലുതാവണ്ടേ.
സ്കൂൾ വിട്ടു കഴിഞ്ഞാൽ കുറച്ചു നേരം അവിടിരുന്നു കത്തി വെയ്ക്കുന്ന ടീച്ചേഴ്സും ഉണ്ട്, ആ കൂട്ടത്തിൽ കൂടാൻ ഇനിയും വർഷം കുറേയെടുക്കും, പിള്ളേരൊക്കെ വലുതാവണ്ടേ.
കഴിവതും ഒന്നും വീട്ടിലേക്കു കൊണ്ട് വരാതിരിക്കാൻ നോക്കും, എന്നാലും പേപ്പർ വർക്ക് എന്തേലും കാണും എന്നും. വീട്ടിൽ വന്നാൽ ചായ ഇടലായി, കൊടുക്കലായി, വീട് വൃത്തിയാക്കലായി, ഉണങ്ങിയതൊക്കെ എടുത്തു തരം തിരിച്ചു വെയ്ക്കലായി. ഒരു വിധം സന്ധ്യ ആയാൽ കുളിച്ചിട്ടൊരു നാമം ചൊല്ലലുണ്ട്, സത്യം പറഞ്ഞാൽ അപ്പോഴാ ഒന്ന് ഫ്രീയാകുന്നെ. കണ്ണടച്ച് കുറെ നേരം ഒന്ന് മയങ്ങും. ആരേലും വന്നു അതുമങ്ങു കുളമാക്കും. വീണ്ടും സ്വന്തം സാമ്രാജ്യത്തിലേക്കു. അവിടെ അരങ്ങു വാണ് കഴിയുമ്പോൾ എല്ലാർക്കും കഴിക്കാനും ഉറങ്ങാനുമുള്ള സമയം ആകും. അതും ഒരുക്കിക്കഴിഞ്ഞാൽ 10 മുതൽ 12 മണി വരെ രണ്ടു മണിക്കൂർ, എന്റേതായൊരു ലോകമാണ്, കെട്ടിയോനോടുള്ള സല്ലാപം, ചിരി, സ്വപ്‌നങ്ങൾ പങ്കു വെയ്ക്കൽ. പിന്നെ നാളത്തേക്കുള്ള പ്രെപറേഷൻസ്.
അതിങ്ങനെ തന്നെ എന്നും, ഒരേപോലെ, ഒരേ വഴിയിലൂടെ മാത്രം ഓടുന്നു. പരാതിയൊന്നുമില്ല. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയോ തുല്യതയ്ക്കു വേണ്ടിയോ ഇറങ്ങി തിരിക്കാനും വയ്യ,അതിനൊട്ടു സമയവുമില്ല. വീട് നടത്താൻ ഞാൻ ഓടുന്ന പോലെ, വേറൊരു നാട്ടിലിരുന്നു എന്റെ കെട്ടിയോനും ഓടുന്നുണ്ടേ, അതൊക്കെ കണ്ടില്ലന്നു വെയ്ക്കാൻ പറ്റുമോ.
Soumya
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക