നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു പെണ്ണുകാണൽ കഥ

ഒരു പെണ്ണുകാണൽ കഥ
***********************
"പയ്യന് ഗൾഫിലാ ജോലി . ഫാമില്യേ പെട്ടെന്ന് കൊണ്ടു പോവ്വാൻ പറ്റില്ല്യാന്നാ പറഞ്ഞേ"
അമ്മാമൻ വന്നിട്ടുണ്ട്. എനിക്കു വേണ്ടി ഒരാലോചന കൊണ്ട് വന്നിരിക്കുകയാണ്.
"ഡിഗ്രി കഴിഞ്ഞട്ട് മതീന്നാ അവള് പറയണേ. " അമ്മ പറഞ്ഞു.
"ഓപ്പൾക്ക് എന്തിന്റെ കേടാ, എട്ടും പൊട്ടും തിരിയാത്ത പ്രായാ. നല്ല ബന്ധം വന്നാൽ പെട്ടെന്ന് കെട്ടിച്ച് വിടണം, അല്ലാണ്ടെ അവളുടെ സമ്മതോം കാത്തുനിന്ന് വന്ന ബന്ധം തട്ടിക്കളയല്ല വേണ്ടേ. .."
അമ്മാമനും വിടാനുള്ള ഭാവമില്ല.
:... ന്നാലും ന്റെ കൃഷ്ണാ, പഠിച്ച കുട്ട്യല്ലേ അവള്. അവൾക്കൂണ്ടാവില്ല്യേ മോഹങ്ങള്. "
"ഓപ്പളേ, അവൾടെ നന്മക്കല്ലേ നമ്മളിതൊക്കെ ചെയ്യണേ. ഓപ്പള് കണ്ടതല്ലേ ആ നാണുവേട്ടന്റെ മോൻ ഒരു കീഴ്ജാതിക്കാരീനേ വിളിച്ചിറക്കി കൊണ്ടുവന്നത്. വെറുതെ എന്തിനാ നമ്മളായിട്ട് ഒരു വഴീണ്ടാക്കിക്കൊടുക്കണേ. ഞാൻ പറയുന്നത് ഓപ്പൾക്ക് മനസ്സിലാവുണുണ്ടോ?"
അമ്മാമൻ അമ്മയുടെ മർമ്മസ്ഥാനത്താണ് അക്രമിച്ചിരിക്കുന്നത്.
''ഓരോന്ന് പറഞ്ഞെന്നെ പേടിപ്പിക്കാണ്ടിരിക്ക്യോ ന്റെ കൃഷ്ണാ. ന്റെ കുട്ടി അങ്ങനൊന്നും കാട്ടില്ല്യാ. നീയ്യെന്തായാലും ജാതകം ഒന്ന് വാങ്ങിക്ക്യാ, ഒത്തു നോക്കാലോ "
"നാൾ പ്പൊരുത്തം നല്ലോണണ്ട് ഓപ്പളേ, ജാതകൊക്കെ നമ്മ്ക് ചേർക്കാല്ലോ."
"കൃഷ്ണാ , ജാതകം നല്ലോണം നോക്കീട്ട് മതീ. ഒരു ധൃതീം ഇല്ല്യ. നീ കാട്ടിക്കൂട്ടി ഒന്നും ചെയ്യണ്ട ട്ടോ. ന്റെ കുട്ടിക്ക് ഒരു ദോഷോംണ്ടാവരുത്."
"ഓപ്പൾക്ക് തോന്നുണുണ്ടോ ഞാൻ അങ്ങിനെ ചെയ്യുംന്ന്. അവള്ന്റെ മരുമോളല്ലേ .അവള്ക്ക് ദോഷം വരുന്ന എന്തെങ്കിലും ഞാൻ ചെയ്യോ. പയ്യനെ ഞാൻ കണ്ടിട്ടുണ്ട്. ദേവസേനേടെ ഭർത്താവിന്റ പോലെ ഇരിക്കും, അത്ര ഭംഗ്യാ കാണാൻ"
''എത്? നമ്മടെ മഠത്തിൽ സ്വാമീടേ മോളോ, അതിന് ആ കുട്ടീടേ കല്യാണം എപ്ളാ കഴിഞ്ഞേ?"
"എന്റെ ഓപ്പളെ, അതല്ലാ അന്ന് ഒരു പുത്യേ പടം നമ്മൾ ടീവീല് കണ്ടില്ല്യേ. അതിലത്തെ ദേവസേന''
" നിന്നെക്കൊണ്ട് തോറ്റു ന്റെ കൃഷ്ണാ. അത് ബാഹുബലി അല്ലേ. അയാള്ടെപോലെ ഇരിക്വോ കാണാൻ ... നിനക്ക് ഇഷ്ടായീച്ചാൽ ആലോചിക്കാം"
അങ്ങിനെ വന്ന ദൌത്യം ഭംഗിയായിക്കഴിച്ച് വിജയശ്രീലാളിതനായി അമ്മാമൻ തിരിച്ചു പോയി. അമ്മ പറഞ്ഞതിൽ അപ്പുറമൊന്നും അച്ഛനില്ല എന്ന് അമ്മാമന് നല്ലപോലെ അറിയാം.
അമ്മാമൻ പടിയിറങ്ങി പോകുന്നതും നോക്കി അമ്മ പൂമുഖപ്പടിയിൽ ഇരുന്നു. അമ്മയുടെ അടുത്തുപോയി താഴെ പടിയിൽ ഞാനും ഇരുന്നു.
പാകത്തിന് കിട്ടിയ തക്കം നോക്കി അമ്മ എന്റെ തലയിൽ പേൻ നോക്കാൻ തുടങ്ങി.
"തലേലൊക്കെ ജട പിടിച്ചേക്ക്ണു . നീയ്യെന്താ എണ്ണ തേക്കാറില്ലേ , ഇങ്ങ് നെ ഷാമ്പൂ ഇട്ട് എന്തിനാ വെറുതെ ഉള്ള മുടി കളയണേ. ആ നീരോലിടെ എല പൊട്ടിച്ച് താളീണ്ടാക്കി തേച്ചൂടെ നിനക്ക്. "
"പിന്നെ... തലേല് എണ്ണയിട്ട് മെഴുക്കുപുരട്ടിയാക്കി കോളേജിൽ പോകാൻ പ്രാന്തുണ്ടോ എനിക്ക്."
അപ്പോഴെക്കും ഫോണിൻ ഒരു മെസ്സേജ് വന്നു. അമ്മയെന്തോ പറഞ്ഞു ഫോണിൽ ശ്രദ്ധിച്ചിരുന്നതിനാൽ ഞാനത് കേട്ടില്ല. അമ്മക്കത് ഇഷ്ടമായില്ല.
"നിനക്ക് കുറച്ച് നേരം ആ ഫോൺ ഒന്ന് മാറ്റിവച്ചൂടെ തങ്കം, കുറച്ചുകൂടി ഉത്തരവാദിത്വം ഒക്കെ ആവാം ട്ടോ ഇനി. നിനക്ക്‌ കല്യാണപ്രായായി. മറക്കണ്ട "
" ഇന്ന് കാലത്ത് അമ്മാമൻ വന്ന് പോയേന് ശേഷം ആണല്ലേ എനിക്ക് ഉത്തരവാദിത്വം വേണംന്ന് തോന്നീത് .... അമ്മാമൻ പറയണതൊക്കെ ഞാൻ കേട്ടു ''
"നല്ല ബന്ധാന്നാ അവൻ പറയണേ. കാണാനും നല്ല ഭംഗീണ്ടത്രേ. യോഗം എവിട്യാണെന്ന് അറിയില്ല്യല്ലോ"
" ന്നാലും നാട്ടില്ളള ആൾക്കാര് പോരെ അമ്മേ?"
" ഒന്നും കാണാണ്ടെ കൃഷ്ണൻ ഇത്രേം ഉത്സാഹം കാണിക്കില്ല്യ. അവർ വന്ന് കാണട്ടെയാദ്യം."
എന്റെ തല മുഴുവൻ ഉഴുത് മറിച്ചിട്ട് വിത്തിറക്കാൻ പാകത്തിലാക്കിയപ്പോൾ അമ്മയ്ക്ക് സമാധാനമായി. അമ്മ അടുക്കളയിലേക്ക് പോയി.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു, ജാതകം നോക്കലും പെണ്ണ് കാണാൻ വരവിന് ദിവസം നിശ്ചയിച്ചതും ഒക്കെ. അയാൾ നാട്ടിൽ വന്നിട്ടുള്ള സമയമായതിനാൽ ഫോട്ടോ കൈമാറ്റം ഒന്നുമുണ്ടായില്ല. അമ്മാമൻ കണ്ടിട്ടുള്ളതുമല്ലേ.
ഓടിപ്പോയി സരളയോട് പറയണം എന്ന് തോന്നി പിന്നെ വേണ്ടെന്ന് വച്ചു. അവളെങ്ങാനും കണ്ണിട്ടാലോ, കൂട്ടുകാരേപ്പൊലും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത കാലാണ്.
അങ്ങിനെ പണ്ട് പുതിയ ബാലരമ വരാൻ കാത്തിരിക്കാറുള്ളപോലെ ആ ദിവസം വരാൻ കാത്തിരുന്നു.
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ സാധാരണത്തെപ്പോലെ അങ്ങിനെ ആ സുദിനം വന്നെത്തി. ഇന്നലെ അയൽപക്കത്ത് വർഗീസേട്ടന്റെ വീട്ടിൽ വിരുന്നുകാർ വന്നപ്പോൾ ആ വീട്ടിലെ കോഴി ജീവത്യാഗം ചെയ്ത് സ്വർഗ്ഗസ്ഥനായ കാരണം കാലത്തെ കൂകൽ ഉണ്ടായില്ല. കൂടാതെ അമ്പലത്തിലെ ലൌഡ് സ്പീക്കർ കേടായ കാരണം സുബ്ബലക്ഷ്മി അമ്മാളും സുപ്രഭാതം പാടിയില്ല.
ആളെക്കാണാൻ ധൃതിയായി. കാലത്ത് ഏകദേശം പത്തു മണിയായപ്പോൾ പയ്യനും കൂട്ടരും വന്നു.. ഒരു കറുപ്പും മഞ്ഞയും നിറവുള്ള അമ്പാസഡർ കാറിൽ, കണ്ടിട്ട് അമ്പാസഡറിന്റെ ഇന്ത്യയിലെ ആദ്യത്തെ കാറാണെന്ന് തോന്നി. അൽപ്പം പ്രായം ചെന്ന ഡ്രൈവർ സ്റ്റിയറിംങ്ങ് വീൽ ആരെങ്കിലും ഊരിക്കൊണ്ടു പോയാലോ എന്ന് പേടിക്കും പോലെ സ്റ്റിയറിംങ്ങ് വീൽ സർവ്വശക്തിയും എടുത്ത് പിടിച്ചിരിക്കുന്നു. അൽപ്പനിമിഷങ്ങൾക്ക് ശേഷം രാഗം തിയറ്ററിൽ കർട്ടൻ പൊന്തുന്ന പോലെ മുൻവശത്തെ വാതിലിന്റെ ചില്ല് പതുക്കെ പതുക്കെ താഴോട്ട് വന്നു. അതിലൂടെ ബലിഷ്ടമായ ഒരു കൈ പുറത്ത് വന്ന് പുറത്ത് നിന്നും കാറിന്റെ വാതിൽ തുറന്നു.
അടുക്കളയുടെ ജനാലയിലൂടെ ഞാൻ ഒന്ന് എത്തി നോക്കി. ആദ്യം വയസ്സായ ഒരാൾ ഇറങ്ങി, പിന്നെ മധ്യവയസ്കയായ ഒരു സ്ത്രീയും ഇറങ്ങി.
അത് കഴിഞ്ഞ് ഒരു യുവാവ് ഇറങ്ങി വന്നു. ചുകപ്പ് കോളറുള്ള മഞ്ഞ ഷർട്ടിട്ട്, ഓറഞ്ച് കളർ ബെൽബോട്ടം പാന്റ്. മുഖത്തിനെക്കാൾ വലിയ കറുത്ത കൂളിങ്ങ് ഗ്ലാസ്, സ്റ്റെപ്പ് കട്ട് ചെയ്ത് നീട്ടിവളർത്തിയ മുടി, ബോബനും മോളിയും കാർട്ടൂണിലെ അപ്പിഹിപ്പിയെപ്പോലെ ഒരു ജന്തു. ഛെ.. കണ്ടപ്പോൾ തന്നെ പുച്ഛം തോന്നി. ഈ മരങ്ങോടനാണോ ദൈവമേ എന്നെ പെണ്ണ് കാണാൻ വന്നത്!
ഈ ഈനാംപേച്ചിയെ കണ്ടിട്ട് ഏത് വശത്ത് നിന്നാണാവോ അമ്മാമന് ബാഹുബലിയായി തോന്നിയത്. മിക്കവാറും അമ്മാമൻ സിനിമ കാണാതെ ഉറങ്ങിക്കാണും
എന്തായാലും പറയാനുള്ള ഉത്തരം കിട്ടി. ഇനി ഒരു ചടങ്ങ് മാത്രം.
അമ്മ അടുക്കളയിൽ ചായയുണ്ടാക്കുന്നു. പലഹാരങ്ങളൊക്കെ തീൻ മേശമേൽ നിരത്താൻ തുടങ്ങിയിരുന്നു.
പുറത്ത് അമ്മാമനും അച്ഛനും വന്ന ചെക്കന്റെ വീട്ടുകാരും എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. വന്ന റോഡിലെ കുണ്ടും കുഴികളും, തുറിച്ചു നോട്ടവും, നോട്ടസാധുവാക്കലും ഒക്കെ സംസാരിച്ച് കല്യാണം എന്ന് നടത്താം എന്ന് വരെ ചിന്തിക്കാൻ തുടങ്ങി.
ഇവർക്കൊക്കെ എന്തു പറ്റി. ശ്വാസകോശം സ്പോഞ്ച് പോലെ എന്ന പരസ്യത്തിൽ സ്പോഞ്ച് പിഴിയുന്ന പോലെ അയാളുടെ കൊപ്രപോലുള്ള മുഖം പിഴിഞ്ഞെടുക്കാൻ തോന്നി, എനിക്കത്രക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. അയാൾക്ക് കൊടുക്കാനുള്ള ചായയിൽ അൽപം വിം കലക്കിയാലോ എന്നുവരെ ചിന്തിച്ചു.... ദുഷ്ടൻ പൂവ്വമ്പഴം പോലത്തെ എന്നെ കാണാൻ വന്നിരിക്കുന്നു, അണ്ണാൻ ചപ്പിയ അടയ്ക്ക പോലത്തെ മുഖവും വെച്ച് ലേശം പോലും നാണമില്ലാതെ.
"നീയ്യെന്താ ആലോചിച്ചോണ്ട് നിൽക്കണേ. പോയി സാരി ചുറ്റ്. അച്ഛൻ ഇപ്പോൾ വിളിക്കും."
"അതേയ്, എന്നെ ഇങ്ങിനെ കണ്ട് ഇഷ്ടപ്പെട്ടുച്ചാൽ മാത്രം മതി.. ങും.. " അതും പറഞ്ഞ് ഞാൻ അമർത്തിച്ചവിട്ടി വടക്കേ ഇറയത്തേക്ക് പോയി.
വീട്ടിലെ അടിച്ചു തളിക്കാരി കാർത്ത്യായനിചേച്ചി പിൻവശത്ത് തൊഴുത്ത് കഴുകുന്നുണ്ടായിരുന്നു. ഇവരെ വിടാമായിരുന്നു ആ കോന്തന് പെണ്ണ് കാണാൻ എന്ന് മനസ്സിൽ വിചാരിച്ചു. കയ്യിൽ പറ്റിയ ചാണകം മുണ്ടിൽ തുടച്ച് കാർത്ത്യായനിചേച്ചി കയ്യിൽ ചായയുമായി ആ കോമാളിയുടെ മുൻപിൽ ചെല്ലുന്നത് ഓർത്ത് ചിരി വന്നു.
"അതേയ്, തങ്കത്തിനെ വിളിക്കൂട്ടോ " പുറത്തു നിന്നും അച്ഛന്റെ ശബ്ദം കേട്ടു . ആ ശബ്ദം പിന്നെ അമ്മയുടെ ശരീരത്തിൽ ബാധയായി കയറി അമ്മയുടെ രൂപത്തിൽ എന്റെ അടുത്തെത്തി. അടുക്കളയിൽ ചെന്നു ട്രേയിൽ നിരത്തി വച്ച ചായക്കപ്പുകളും കൊണ്ട് തളത്തിലെ തീൻമേശയുടെ അടുത്തേക്ക് പോയി. ആരെയും നോക്കാതെ ഞാൻ ട്രേ മേശയുടെ മുകളിൽ വച്ച് അൽപം മാറി നിന്നു..
ഓട്ടക്കണ്ണിട്ട് ആ കോന്തനെ ഒന്ന് നോക്കി, മേശയുടെ മുകളിലെ നിരത്തി വച്ചിട്ടുള്ള തീറ്റ സാധനങ്ങൾ ഒക്കെ ഒറ്റയടിക്ക് തിന്നുതീർക്കാൻ കൊട്ടേഷൻ എടുത്ത പോലെയാണ് ഒരു ലഡ്ഡു കയ്യിലെടുത്ത് പിടിച്ച് കക്ഷിയുടെ ഇരുപ്പ്. എന്തായാലും അച്ഛന്റെ പത്തിരുന്നൂറ് രൂപ ഗോവിന്ദാ... മനസ്സിൽ വിചാരിച്ച് ഊറിച്ചിരിച്ചു.
"നല്ലോണം നോക്കിക്കോളുട്ടോ. പിന്നെ കണ്ടില്ല എന്ന് പറയരുത്. " അമ്മാമൻ രണ്ടു പേരോടുമായി പറഞ്ഞു.
ങും... ഈ രൂപം രണ്ടാമത് കാണണ്ട യാതൊരു ആവശ്യവും ഇല്ല. ഈ ജന്മത്തിൽ ഇനി അൽഷിമേഴ്സ് വന്നാപ്പോലും മറക്കില്ല. മനസ്സിൽ വിചാരിച്ചു.
"അവർക്കെന്തെങ്കിലും പറയാൻ കാണും .. " പയ്യന്റെ കൂടെ വന്നയാൾ പറഞ്ഞു.
സംസാരിക്കാൻ പറ്റിയ ആളും. പറ്റുമെങ്കിൽ ആളുടെ മുഖം നോക്കി നാല് തെറി പറയണമെന്നാണ് തോന്നിയത്.
അമ്മ എന്നോട് അകത്ത് മുറിയിലേക്ക് പോകാൻ കഥകളി മുദ്രകൾ കാണിച്ചു .
ഞാൻ അകത്ത് പോയി അവിടെ കാത്തു നിന്നു. പിന്നിൽ അയാൾ അകത്തു വരുന്ന കാലടി ശബ്ദം കേട്ടു .
"ഹലോ തങ്കം. ചായ വെയ്ക്കുമ്പോൾ താൻ എന്നെ ഒന്ന് നോക്കിയതു കൂടി ഇല്ല, "
ഞാൻ നോക്കിയിരുന്നുവെടോ താൻ തീറ്റയിൽ ആയിരുന്നല്ലോ ശ്രദ്ധിച്ചിരുന്നത് എന്ന് പറയാനാണ് തോന്നിയത്.
ഇത്രയും നല്ല ശബ്ദമുള്ളയാൾ വെറുതെ എന്തിനാ ഇങ്ങിനെ കോമാളിയായി ജീവിക്കുന്നത്. പോയി തൂങ്ങിച്ചത്തു കൂടെ ആവോ, പെണ്ണുകാണാൻ വന്നിരിക്കുന്നു.
"ഒന്ന് തിരിഞ്ഞ് നോക്കടോ ..."
അയാളുടെ ഒടുക്കത്തെ ഒരാശ എന്ന് വിചാരിച്ച് ഞാൻ മുഖത്തെ വെറുപ്പ് പുറത്തുകാണിക്കാതെ മെല്ലെ തിരിഞ്ഞു നോക്കി. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
വെളുത്ത് സുന്ദരനായ ഒരു ചെറുപ്പക്കാരൻ, നല്ല കട്ടിയുള്ള മീശ, ചീക്കിയൊതുക്കി വെച്ച മുടി. ഞാൻ സ്വപ്നങ്ങളിൽ കണ്ട എന്റെ ഭർത്താവിന്റെ അതേ മുഖം... അപ്പോ ആ ജന്തു?
"താൻ എന്താടോ ഇങ്ങിനെ നോക്കുന്നേ. എന്നെ ഇഷ്ടായില്ലാന്നുണ്ടോ?"
"സോറി, അതല്ല, ഞാൻ... എനിക്കൊരു അബദ്ധം പറ്റി. "
"എന്തു പറ്റി, ?"
"ഞാനാ മറ്റാളേക്കണ്ട് തെറ്റിദ്ധരിച്ചു, ആ മുടി നീട്ടി വളർത്തിയ ബെൽബോട്ടത്തെ കണ്ട്."
"ഹ ഹ '' ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.
"അതൊക്കെ പറയാം, അതൊരു കഥയാണ്. തനിക്ക് എന്നെ ഇഷ്ടായോന്ന് പറയൂ ആദ്യം?"
ഞാൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് താഴെ നോക്കി നിന്നു..
"തനിക്ക് എന്നെ ഇഷ്ടായീച്ചാൽ നമുക്ക് നാളെ ടൌണിൽ എവിടെയെങ്കിലും ഇരുന്ന് ഒന്നു സംസാരിക്കാം. എന്റെ പേര് ഹരി. തന്നെ ഞാൻ അമ്പലത്തിൽ വെച്ച് കണ്ടിരുന്നു. ആദ്യം കണ്ടപ്പോഴെ എനിക്ക് തന്നെ ഇഷ്ടായി. എനിക്ക് ഇതൊരു ചടങ്ങ് മാത്രമാണ്, തന്റെ ഇഷ്ടാണ് അറിയണ്ടത്."
"എനിക്കും ഇഷ്ടായി " ഞാൻ ലജ്ജാവിവശയായി കാലിലെ പെരുവിരൽ കൊണ്ട് തറയിൽ വൃത്തം വരച്ചുകൊണ്ട് പറഞ്ഞു.
"ഇനി പറയൂ. ആരാ ആ ബെൽബോട്ടം. എന്തിനാ ചിരിച്ചത്? " ഞാൻ ചോദിച്ചു.
ഹരി വാതിൽ തുറന്ന് ആരേയോ വിളിച്ചു. മിനുട്ടുകൾക്കുള്ളിൽ ആ ബെൽബോട്ടം അകത്തു വന്നു. കൂടെ ചിരിച്ചു കൊണ്ട് സരളയും, അമ്മാമനും.
"ചെക്കൻ എങ്ങിനേണ്ട്?? " ചിരി നിറുത്താതെ സരള ചോദിച്ചു.
അപ്പോൾ ഹരി പറഞ്ഞു.
" തങ്കം എന്നെ തെറ്റിദ്ധരിക്കരുത് ട്ടോ, ഇവളുടെ പണിയാണ് ഇത്. "
"നീയ്യെന്നോട് പറഞ്ഞില്ലെങ്കിൽ എന്താ അറിയില്ലെന്ന് വിചാരിച്ചുവോ? അതിനുള്ള പ്രതികാരമാ ഇത്. എടീ ദുഷ്ടേ, ഹരിയേട്ടൻ എന്റെ കസിനാ. ഞാൻ പറഞ്ഞിട്ടാ ഇങ്ങിനെ ഒരാലോചന തുടങ്ങിയത് തന്നെ. നിനക്കോർമ്മേണ്ടോ രണ്ടാഴ്ച്ച മുൻപ് നിന്നെ നിർബന്ധിച്ച് ടൌണിൽ അമ്പലത്തിൽ കൊണ്ടുപോയത്. അന്ന് ഹരിയേട്ടൻ അവിടെ വന്നിരുന്നു നിന്നെ കാണാൻ ... "
അപ്പോഴെക്കും ബെൽബോട്ടം തലയിലെ വിഗ്ഗ് ഊരി സ്വയം പരിചയപ്പെടുത്തി.
"ഹായ്, ഞാൻ ഗോവിന്ദ്, ഞാനും ഈ പണ്ടാരത്തിന്റെ ഒരു കസിനാ.. .സരളയെ ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.
എടീ, ഭദ്രകാളീ നിന്നെ ഞാൻ പിന്നെ കണ്ടോളാം എന്ന് മനസ്സിൽ വിചാരിച്ച് ഒരു ചമ്മിയ ചിരി മുഖത്ത് വരുത്തിയെങ്കിലും പേടി മുഴുവൻ ഇനി എന്തൊക്കെ പരാക്രമങ്ങളാണാവോ ഈ മരമാക്രികൾ കല്യാണത്തിന് ചെയ്യാൻ പോകുന്നത് എന്നോർത്തായിരുന്നു.
******
Giri B Warrier
28 മാർച്ച് 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot