Slider

നമുക്ക് പാർക്കാൻ

0
നമുക്ക് പാർക്കാൻ
ഉള്ളം കാലുകളെ തണുപ്പിച്ചു കൊണ്ടുള്ള നീരൊഴുക്കിൽ ഭൂമിയുടെ മിടിപ്പറിഞ്ഞു കൊണ്ട് പ്രകൃതിയെ നോക്കിക്കാണുകയായിരുന്നു ഹിമ. സ്വപ്നത്തിലെന്ന പോലെയായിരുന്നു ആ ഇരുത്തം.
കണ്ണുകൾ തുറന്നിരുന്ന് ഉറങ്ങുന്ന പോലെ.
''സ്വപ്നം കണ്ടത് മതി ഹിമാ..., എന്തെങ്കിലുമൊക്കെ പറയ്"
" ആളും ബഹളവും ഒഴിഞ്ഞ എവിടേക്കെങ്കിലും പോകണം എന്ന് പറഞ്ഞിട്ട്... എന്നെ ഒറ്റക്കാക്കി ഇവിടെയെങ്ങുമില്ലാത്ത പോലെ നീ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂറെത്രയായി?
അലിയുടെ ഉച്ഛ്വാസം പിൻകഴുത്തിനെ തഴുകിയപ്പോൾ
ഹിമ മുഖം തിരിച്ചു.
" നിന്നിൽ നിറയെ ഞാനുള്ളപ്പോൾ നീയെങ്ങനാ അലീ ഒറ്റക്കാകുന്നേ?
അലിയുടെ ക്ഷീണിച്ചു കുഴിയിലേക്കാണ്ടു പോയ കണ്ണുകളിൽ ദുഃഖത്തിന്റേതായ ദൈന്യത നിറഞ്ഞു.
അലി രണ്ടു കൈകൾ കൊണ്ടും അവളുടെ മുഖം കോരിയെടുത്ത് ചുണ്ടുകൾ അവളുടെ ചുണ്ടുകളിലമർത്തി.
ചുണ്ടുകൾ തമ്മിൽ ചേർത്തടച്ചപ്പോൾ ഹിമയുടെ കവിളുകളിൽ തെളിഞ്ഞ നുണക്കുഴികളിൽ കണ്ണുനീർ ആഹ്ലാദമായി കവിഞ്ഞു.
"സ്നേഹത്തേക്കാൾ മനോഹരമായി ആത്മാവിനെ ജ്വലിപ്പിക്കുന്ന യാതൊന്നുമില്ല അല്ലേ അലി ...''
അവന്റെ നെഞ്ചിലെ ലാത്തിയുടെ മുറിപ്പാടുകളെ തലോടിക്കൊണ്ടവൾ ചോദിച്ചു.
''നിന്നെ അവർ ഒരുപാടുപദ്രവിച്ചോ? "
" ദൈവനാമത്തിൽ പതിച്ചു കിട്ടിയ തടവല്ലേ.
ഒറ്റ ദിവസം കൊണ്ട് തീവ്രവാദിയെന്ന് മുദ്ര കുത്തപ്പെട്ടവൻ."
ശരീരത്തോടൊപ്പം ആത്മാവും തടവിലായിരുന്നു.
ഭാവിയെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോൾ രക്തത്തിന്റേയും മാംസത്തിന്റേയും സ്വപ്നങ്ങളുടേയും ആകെത്തുകയായ ജീവിതം കുറേ ചോദ്യങ്ങൾ മാത്രമായി.
മരിച്ച മനുഷ്യൻ മറ്റൊരു ലോകത്തു നിന്ന് നോക്കിക്കാണുന്നത് പോലെയായിരുന്നു ഓരോ കാഴ്ച്ചകളും.
അതിനിടയിൽ ശരീരത്തിൽ പതിഞ്ഞ ലാത്തിയുടേയും ബൂട്ട്സിന്റേയും പാടുകൾ വേദന മറന്നു തുടങ്ങി."
''എന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. എന്റേതു മാത്രമെന്ന് ഊറ്റം കൊണ്ടിരുന്ന നാലു ചുവരുകൾ എനിക്കും തടവറയായി മാറുകയായിരുന്നു..
എന്നെ ചങ്ങലക്കിടാൻ തുടങ്ങിയവർക്ക് എന്റെ ചിന്തകളെ ചങ്ങലക്കിടാനായില്ല.
നമ്മളെന്തിനാ അലി മനുഷ്യരായി ജനിച്ചത്. ഒന്ന് പഠിച്ച് മറ്റൊന്ന് ചിന്തിച്ച് വേറോന്ന് പ്രവർത്തിക്കുന്ന മനുഷ്യൻ.
ദൈവമാണ് നമ്മിൽ സ്നേഹം നിറക്കുന്നതെങ്കിൽ അതേ ദൈവം പിന്നെന്തിന് നമുക്കിടയിൽ വേലിക്കെട്ടുകൾ തീർക്കുന്നു.
പ്രപഞ്ചമാകെ തുളുമ്പി നിൽക്കുന്ന ദൈവത്തിനെന്തിനാണ് ഇത്രയും മേൽവിലാസങ്ങൾ?
മനുഷ്യന്റെ ഏറ്റവും വലിയ അനാവശ്യങ്ങളിലൊന്നായ മതം തെറ്റായ മേൽവിലാസങ്ങൾ മാത്രം പറഞ്ഞു പഠിപ്പിക്കുന്നതെന്തിനാണ്?
നാം പ്രണയിക്കുമ്പോൾ നമ്മുടെ ദൈവങ്ങൾ എന്തിന് യുദ്ധം ചെയ്യണം.
മഴയും പൂക്കളും നക്ഷത്രങ്ങളും ചിത്രശലഭങ്ങളും ചേതോഹരമാക്കിയ ഈ ഭൂമിയിൽ,നമുക്ക് നാമായി ജീവിക്കാൻ പറ്റിയ ഏതെങ്കിലും ഒരു വർഗ്ഗത്തിലെ
ഇണകളായിരുന്നു നമ്മളെങ്കിൽ ... "
''ജീവിതം നിയമങ്ങളാൽ ബന്ധിക്കപ്പെട്ടതാണ് ഹിമാ..
ജീവിക്കുന്നവർ നിയമങ്ങളെ അനുസരിക്കേണ്ടവരും.
നിയമങ്ങളില്ലാത്തത് പ്രണയത്തിനും മരണത്തിനും മാത്രമാണ്. "
അലിയുടെ ചിന്താശൂന്യമായ കണ്ണുകളിൽ ചൈതന്യം കെട്ടുതുടങ്ങിയതായി അവൾക്ക് തോന്നി.
"നിനക്ക് മടങ്ങണോ അലി?"
"ഇവിടെ നിന്നോ? അതോ നമ്മിൽ നിന്നോ?
പിന്നിലേക്കൊരു വഴി ബാക്കി വെച്ചിട്ടല്ലല്ലോ ഹിമാ...
നമ്മൾ മുന്നോട്ട് നടന്നത്. ഇനി ഉണ്ടെങ്കിൽ തന്നെ ആ വഴി ഞാനെന്നേ മറന്നു പോയിരിക്കുന്നു ."
" നീ കേൾക്കുന്നുണ്ടോ അലീ? ഈ വെള്ളച്ചാട്ടത്തിന്റെ സംഗീതം. ആ പാട്ടിലലിഞ്ഞ് ഈ പാറക്കെട്ടുകളിറങ്ങി നമുക്കും ഒഴുകുന്ന പുഴയോടൊപ്പം ചേരാം."
യാതൊരു നിയമങ്ങൾക്കും വിധേയപ്പെടാത്ത സ്നേഹമെന്ന സ്വാതന്ത്യത്തിന്റെ അഹംഭാവത്തിൽ അവർ താഴോട്ടിറങ്ങിക്കൊണ്ടിരുന്നു
"ഇതാ എത്തിപ്പോയ് അലീ .... നമ്മളെത്തിപ്പോയി "
ശക്തമായ കിതപ്പിനിടയിൽ അവൾ വിളിച്ചു പറഞ്ഞു .
ശരീരത്തിന്റെ ഇടറൽ മാറാനായി അലി തെല്ലിട നേരം കണ്ണടച്ച് നിന്നു. ക്രമാതീതമായി ഉയരുന്ന നെഞ്ചിടിപ്പ്.
പതിയെ അവൻ ആഴം കുറഞ്ഞ വെള്ളത്തിൽ ആണ്ടു കിടക്കുന്ന ഹിമയുടെ അടുത്തേക്ക് നടന്നു.
തിരകളെത്ര ആവർത്തിച്ചാലും തളരാത്ത കടൽ പോലെയാണവൾ. ജ്വലിക്കുന്ന സ്നേഹത്താൽ ഹൃദയത്തിൽ മഞ്ഞു പെയ്യിക്കുന്ന അവളുടെ കണ്ണുകളിൽ എന്നത്തേയും പോലെയുള്ള ശാന്തതയുണ്ടായിരുന്നില്ല.
''ഈ ഇരുട്ടിനെന്തൊരു ഭംഗിയാണ് അലി. "
''എല്ലാം എടുത്തു കാണിച്ച് ശൂന്യത ശേഷിപ്പിക്കുന്ന വെളിച്ചത്തേക്കാൾ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചു പ്രതീക്ഷക്ക് വക നൽകുന്ന ഇരുട്ടിന് തന്നെയാണ് ഭംഗി .
ഒഴുകുന്ന ഈ പുഴക്കറ്റം കടലാകും. ആ കടലും ആകാശവും കൂടിചേരുന്നിടത്ത് മനുഷ്യനോ അവന്റെ ദൈവങ്ങൾക്കോ എത്തിപ്പെടാനാകില്ല.
അവിടെ നമുക്ക് സ്വപ്നങ്ങളിലെ സ്വർഗ്ഗരാജ്യം പണിയാം. കടൽക്കാറ്റിന്റെ ഊഞ്ഞാലിലാടി നിലാവോളം ചിരിച്ച് കിനാവ് കണ്ടുറങ്ങാം."
അവളുടെ കണ്ണുകളിൽ നിന്നും പാളിക്കൊണ്ടിരുന്ന നക്ഷത്ര വെളിച്ചത്തിൽ അവിടമാകെ പ്രകാശം പരക്കുകയായിരുന്നു.
സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്നേഹം അവരുടെ ശരീരത്തെ
കൃത്രിമ നൂലുകളുടെ തടവറകളിൽ നിന്നും മോചിപ്പിച്ചു.
മുള പൊട്ടി തുടങ്ങിയ ആഹ്ലാദത്തിന്റെ അലകൾ എല്ലാ ഭിന്നങ്ങളിൽ നിന്നും വിടുതൽ നേടി പൂർണ്ണതയിലേക്കണയാൻ വെമ്പി.
എല്ലാ അതിരുകളും ചക്രവാളങ്ങളും മാഞ്ഞില്ലാതാകുന്ന നിശ്ച്ചല നിമിഷം.
കുങ്കുമം ചാർത്തിയ ആകാശത്തിന് കീഴെ,വെള്ളച്ചാട്ടത്തിന്റെ സംഗീതമരുളുന്ന ശാന്തതയിൽ, ഉടലോടുടൽ കെട്ടുപിണഞ്ഞ് രണ്ടുയിരുകൾ സ്നേഹത്തിന്റെതായ ഹർഷ മൂർഛയിൽ അറ്റമില്ലായ്മയുടെ അറ്റത്തേക്കൊഴുകിത്തുടങ്ങി....

Anju Shyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo