നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉണ്ണിക്കണ്ണൻ

"ഡാ..നെന്റെ പേരെന്നാ..?"
വയൽവരമ്പിൽ നിന്ന് ആ ചെറുക്കൻ എന്നെ വിളിച്ചു. എനിക്കാ ചെറുക്കനെ തീരെ ഇഷ്ടമല്ല. പട്ടണത്തിൽ നിന്നും നാട്ടിലേക്ക് വന്ന അന്ന് മുതൽ കാണുന്നതാ ഈ ജന്തുവിനെ. കുളിയും വൃത്തിയുമില്ലാത്ത , സദാ മൂക്കള ഒലിപ്പിച്ചു നടക്കുന്നവൻ. പാറി പ്പറന്ന മുടിയും കീറിയ നിക്കറും ചെളി നിറഞ്ഞ കൈവിരലുകളുമായി എപ്പോഴും പാടവരമ്പിലും തോട്ടിലും ഓടി നടക്കുന്ന... ഏതു പറമ്പിലും ഏതു അടുക്കളപ്പുറത്തും വിളിക്കാതെ കയറിച്ചെല്ലുന്ന ചളി ചെറുക്കൻ.
"പോ .." എനിക്ക് വല്ലാത്ത ദേഷ്യം വന്നിരുന്നു. അവൻ ഞങ്ങളുടെ പേരക്കാ മാവിന്റെ വേരിൽ കുത്തിയിരുന്ന് മണ്ണ് കാലുകൊണ്ട്‌ തോണ്ടി..
"എണീറ്റ്‌ പോ" ഞാൻ അറപ്പോടെ വീണ്ടും ശബ്ദമുയർത്തി. അവൻ ഒരു ഉണക്ക കട്ടയെടുത്തു എന്റെ നേരെ എറിഞ്ഞിട്ടു പാടം വിലങ്ങെ ഓടി പോയി.
"അതാ വേളാത്തി കല്യാണീടെ അവിടത്തെയാ..കുട്ടിയിങ്ങു കയറിപ്പോരൂ.."
വലിയമ്മയുടെ പതിഞ്ഞ ശബ്ദം.
അവൻ പിന്നീട് പലപ്പോഴും എന്റെ മുമ്പിൽ വന്നു. വേളാത്തി കല്യാണിയുടെ കൊച്ചു മകൻ. കല്യാണിയായിരുന്നു വീട്ടിൽ തുണി കഴുകുന്നതും മുറ്റമടിക്കുന്നതും. മുറ്റമടിക്കുമ്പോൾ എല്ല് പൊന്തിയ ശരീരം ചൂലിനൊപ്പൊം ഇടത്തോട്ടും വലത്തോട്ടും ആടും..പണി കഴിഞ്ഞു പോകുന്നതിനു മുമ്പ് അമ്മ അവർക്ക് കഞ്ഞി കൊടുക്കുന്ന സമയമാകുമ്പോ അവൻ പ്രത്യക്ഷപ്പെടും..മെലിഞ്ഞ കൈ കൊണ്ട് കഞ്ഞി വാരി കുടിക്കുന്നത് കണ്ടാൽ ചിരി വരും. നാക്ക് പുറത്തേക്കിട്ടു ചോറും വെള്ളവും കൂടി കോരി നാക്കിൽ വച്ചാണ് കഴിക്കുക. പോകാൻ നേരം അമ്മ കൊടുക്കാറുള്ള പൊതി അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു കല്യാണിയുടെ മുമ്പേ പടിയിറങ്ങി പോകും..
"അതെന്താമ്മെ ആ പൊതി..?"
"അതാ കുട്ടീടെ അച്ഛനുള്ളതാ..അയാൾക്ക്‌ വയ്യാതിരിക്കുവാ.."
"എന്താ അയാൾക്ക്‌ ദീനം..?"
"കുട്ടി അകത്തു പൊയ്ക്കൊൾകാ.."
വലിയമ്മയാണ്..
വൈകിട്ട് അവൻ വീണ്ടും തോടിനരികിൽ വന്നു. എപ്പോഴും ചിരിച്ചു കൊണ്ടാണ് നടപ്പും നില്പ്പും..
"അജൂന്നാ ന്റെ പേര്.." ഞാൻ പറഞ്ഞു.."ന്താ കുട്ടീടെ പേര്..?"
"മൂക്കളേന്നാ എല്ലാരും വിളിക്യാ..ശരിക്കുള്ള പേര് ശിവൻന്നാ.."
"അതെന്താ മൂക്കളേന്നു വിളിക്കുന്നേ..?"
അവൻ അപ്പോഴും വെറുതേ ചിരിച്ചു..
"തന്റെ അച്ഛനെന്താ ദീനം..?"
ഒരു നിമിഷം അറച്ചു നിന്നിട്ട് അവൻ പയ്യെ പറഞ്ഞു..
"അതേ...ന്റച്ചനു പ്രാന്താ..രാത്രി കൂവുന്നത് കേട്ടിട്ടില്ലേ..ചൂടാന്നേ ചൂടാന്നേ എന്ന് പറഞ്ഞു കൂവുന്നത്..? അതെന്റെ അച്ഛനാ.."
"അമ്മയില്ലാ കുട്ടിക്ക്..?"
അവനൊന്നും മിണ്ടിയില്ല..
"നിനക്ക് കൈതപ്പൂ വേണോ..?"
ആ "നീ" വിളി എനിക്കത്ര പിടിച്ചൊന്നുമില്ല..
"വേണ്ട..." ഞാൻ അവനെ അല്പം ദേഷ്യത്തോടെ നോക്കി..
"നല്ലതാന്നെയ്."
ഒരു നിമിഷം കൊണ്ട് മുള്ള് നിറഞ്ഞ കൈതയിൽ അവൻ വലിഞ്ഞു കയറി കൈതപ്പൂ വളച്ചു പൊട്ടിച്ചു എന്റെ മുമ്പിൽ വന്നു നിന്നു ചിരിച്ചു.
"ഇന്നാ"...ഞാൻ പോവ്വാട്ടോ. നാളെ കാണാമേ..."
ഇരുള് വീണു തുടങ്ങിയ പാടവരമ്പു മുറിച്ചുകൊണ്ട് മൂക്കള ഓടിപ്പോയി..
രാത്രിയിൽ സന്ധ്യാ നാമം ജപിക്കുന്ന വല്യമ്മയുടെ മടിയിൽ തല വച്ച് കിടക്കുമ്പോ പാടത്തിനപ്പുറത്തു നിന്ന് അയാളുടെ നിലവിളി കേട്ടു..
"ചൂടാന്നേ..അമ്മോ..ചൂടാന്നേ..."
പിന്നെ കല്യാണിയുടെ ചീത്തയും അവ്യക്തമായി കേട്ടു. എനിക്ക് പേടി തോന്നി..ഞാൻ വല്യമ്മയെ കെട്ടി പിടിച്ചു..
"കുട്ടി പേടിക്കണ്ടാ..പോയി കിടന്നോളൂ.."
ഉറക്കം വരാതെ എണ്ണ പുരണ്ട തലയിണയിൽ വിരല് കോറി കിടക്കുമ്പോ മനസ്സിൽ ഒരു വേദന പടർന്നു വന്നു..ചൂടാന്നേന്നും പറഞ്ഞു കരയുന്ന ഒരച്ഛൻ..അയാളെ നോക്കി നിസ്സഹായതയോടെ നില്ക്കുന്ന മൂക്കള..
പിറ്റേന്ന് കണ്ടപ്പോ ചോദിച്ചു..
" ഇന്നലെ കല്യാണി ഒച്ച വെക്കുന്ന കേട്ടൂലോ...."
"അതേ ..ന്നലെ രാത്രി അച്ഛൻ പായമ്മേ തൂറി വച്ച്...അതിനു അച്ഛമ്മ ചീത്ത വിളിച്ചതാ..പിന്നെ ഞങ്ങള് തോട്ടി കൊണ്ടോയി പാ കഴുകീട്ടാ കെടന്നേ.."
"തനിക്കച്ഛനെ പേടിയാ..?"
"ഇല്ലാ..ചിലപ്പോ എന്നെ അടുത്ത് വിളിക്കും..ഉമ്മ തരും..പക്ഷെ പെട്ടന്ന് ദേഷ്യം വരും. ഉമ്മ തരുന്ന കൂട്ടത്തില് ചിലപ്പോ തല്ലും..തുപ്പീം വെക്കും..അച്ഛന് പ്രാന്തല്ലെ..അറിഞ്ഞോണ്ടല്ലല്ലോ.."
അവന്റെ ചിരി പുരണ്ട മുഖത്ത് കണ്ണീരു പടരുന്നത്‌ ഞാൻ കണ്ടു..
"ഡാ നിനക്ക് കശുവണ്ടി വേണോ.."
അവൻ കീശയിൽ നിന്നും ഒരു കശുവണ്ടി എടുത്തു എനിക്കെറിഞ്ഞു തന്നു..
"ചുട്ടു തിന്നാൻ നല്ലതാ.."
ഞാനത് നിക്കറിന്റെ പോക്കറ്റിൽ ഒളിപ്പിച്ചു..
"നിൽക്കൂ..ഞാനിപ്പോ വരാം..."
ഞാനാകത്തെക്കോടി പൂജാമുറിയിൽ നിന്നും ഒരു മയിൽ‌പ്പീലി എടുത്തു തിരികെ വന്നു..
"എനിക്കാണോ.." വിശ്വാസം വരാതെ അവനെന്നെ നോക്കി നിന്നു..പിന്നെ ആ മയിൽ‌പ്പീലി നെഞ്ചോട്‌ ചേർത്ത് പിടിച്ചു ..
അമ്മയോ വല്യമ്മയോ കണ്ടാ വഴക്ക് ഉറപ്പാ..
"കുട്ടി ഇങ്ങോട്ട് വര്യാ..അന്തിയാകുമ്പോ ഒരു കിന്നാരം...വര്യാ.."
"ഞാമ്പോവാ..നാളെ കാണാട്ടോ.." പാടത്തു കൂടി അവൻ ഓടി - പാതി വഴി നിന്നു..
"എന്തേ...? ഞാൻ ആംഗ്യ ഭാഷയിൽ ചോദിച്ചു..
"ഒന്നൂല്ലാ..മുള്ള് കൊണ്ടൂന്നാ തോന്നണേ.."
അവൻ ഓടി പാട വരമ്പിനപ്പുറം മറഞ്ഞു..
രാത്രി വൈകി വന്ന അച്ഛൻ അമ്മയോട് എന്തോ സ്വകാര്യം പറയുന്നത് കേട്ടു.
"വെഷം തീണ്ടീന്നാ വൈദ്യര് പറഞ്ഞെ..താലൂക്കിലോട്ടു കൊണ്ട് പോയി.."
വലിയമ്മ ഒരു എങ്ങലോടെ തിണ്ണയിലിരിക്കുന്നു..
"ന്താ വല്യമ്മേ.."
"മോൻ കിടന്നോളാ..തണുപ്പുണ്ട്..." വല്യമ്മ കണ്ണീര് മറച്ചു പിടിച്ചു..
ദൂരെ ഇരുളിൽ പാടവരമ്പത്തുകൂടി ചൂട്ടു കറ്റകൾ പാറി നടന്നു.
അന്ന് ഉറക്കത്തിൽ ഞാൻ ഉണ്ണിക്കണ്ണനെ സ്വപ്നം കണ്ടു..
മഞ്ഞപട്ടുടുത്തു.. പീലിത്തിരുമുടി ചൂടി...പൂത്തുലഞ്ഞു നില്ക്കുന്ന പുഞ്ചപ്പാടവരമ്പിലൂടെ ഓടിവരുന്ന ഉണ്ണിക്കണ്ണൻ..
അവനു മൂക്കളയുടെ ശ്ചായ ആയിരുന്നുവോ..?

Moncy

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot