Showing posts with label VipinChandran. Show all posts
Showing posts with label VipinChandran. Show all posts

അറിവ്

കോട്ടയത്ത്, മണർകാട്ടുള്ള ഒരു സ്കൂളിലെ നാലാം ക്ലാസുകാരൻ വിദ്യാർത്ഥി തന്റെ സയൻസ് മാഷിനോട് ചോദിച്ചു. ' മാഷേ.. എന്റെ വീട്ടിൽ ആപ്പിളും ഓറഞ്ചും മുന്തിരിങ്ങയും വാഴപ്പഴങ്ങളുമൊക്കെ വാങ്ങാറുണ്ട്. പക്ഷേ രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ ബാക്കി വരുന്ന ആപ്പിളും ഓറഞ്ചുമൊക്കെ അളിഞ്ഞു പോവുകയും വാഴപ്പഴം കറുത്തു പോവുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ വാഴപ്പഴം കറുത്തു പോകുന്നതു പോലെ മറ്റുള്ളവ കറുത്തു പോവാത്തത് ..? '
പരിജ്ഞാനവും സ്നേഹ സമ്പന്നനുമായ ആ മാഷ് ഒരു നിമിഷം ചിന്തിച്ചിട്ടു പറഞ്ഞു.
'കുഞ്ഞേ, ഇപ്പോൾ എനിക്ക് അതിനു ഉത്തരം പറയുവാനറിയില്ല. ഒരു മണിക്കൂറിനുള്ളിൽ ഞാൻ അതു പറഞ്ഞു തരാം. '
അതിനു ശേഷം അദ്ദേഹം തന്റെ സുഹൃത്തായ ഒരു ബോട്ടണി പ്രൊഫസറെ വിളിച്ചു ഇതേ ചോദ്യം ആവർത്തിച്ചു. എന്നാൽ ആ പ്രൊഫസർക്കും, ഒരു സാധാരണ നീതീകരണത്തിനപ്പുറം ഈ ചോദ്യത്തിന് ആധികാരികമായ ഒരുത്തരം നൽകുവാൻ കഴിഞ്ഞില്ല. എന്നാൽ അതറിയണമെന്ന ആഗ്രഹത്താൽ ആ ചോദ്യം ചെന്നു നിന്നത്, അദ്ദേഹം മുഖാന്തരം തന്റെ പരിചയത്തിലുള്ള , അമേരിക്കയിലെ ടെക്സാസിലെ മറ്റൊരു ബോട്ടണി വിഭാഗം പഠന കേന്ദ്രത്തിലാണ്. അവിടുത്തെ പ്രധാന അദ്യാപകൻ പറഞ്ഞ ഉത്തരം വളരെ രസകരമായിരുന്നു. എങ്ങനെയെന്നാൽ ,അതിപ്രകാരമായിരുന്നു;
' കഴിഞ്ഞ പതിന്നാലു വർഷങ്ങളായി ഇവിടുത്തെ പ്രശസ്തമായ ഒരു 'ഫ്രൂട്ട് സാലഡ് ' കമ്പനി ഇതേ ചോദ്യത്തിന് ഒരു സയന്റിഫിക് ഉത്തരം കണ്ടെത്തുന്നതിനായുള്ള റിസർച്ചിലാണ് !'
ഈ സംഭവം ,ഇന്നലെ ഒരു സ്കൂൾ അദ്യാപകന്റെ പ്രസംഗത്തിലൂടെ ഞാൻ കേട്ടതാണ്. ഇവിടെ നമ്മൾ ചിന്തിക്കേണ്ടത് ഇത്രമാത്രമാണ് . കേവലം കേരളത്തിലെ ഒരു സാധാരണ വിദ്യാലയത്തിലെ നാലാം ക്ലാസ്സുകാരനായ ഒരു കുട്ടിയുടെ ചോദ്യം ചെന്നു നിന്നത് അമേരിക്കയിലുള്ള, ടെക്സാസിലെ അത്രയും പ്രധാനപ്പെട്ടയിടത്താണ് !
അങ്ങനെയാണ് വേണ്ടത്, നമുക്കെല്ലാവർക്കും 'അറിവ് ' എന്നത് നേടുവാനുള്ള ആഗ്രഹവും ആകാംക്ഷയും വേണം. വിഷയങ്ങളും സ്രോതസ്സുകളും ഏതുമാവട്ടെ . നമ്മൾ അത് തേടിപ്പോവുക തന്നെ വേണം. ഒരിക്കലും അത് നമ്മെ തേടി മാത്രം വരികയില്ല.
'ഞാനും നിങ്ങളുമൊക്കെ എത്ര അഹങ്കാരികളാണ് അല്ലേ..?'
ഈ ചോദ്യം ഇടയ്ക്കിടെ സ്വയം ചോദിക്കുന്നത് നല്ലതായിരിക്കും. ഇതൊരു പ്രഭാഷണമോ ബോധവത്കരണമോ അല്ലെന്ന് ആദ്യമെ പറഞ്ഞുകൊള്ളട്ടെ. അതിനുളള കഴിവുണ്ടായിരുന്നുവെങ്കിൽ ഇതിവിടെ ഇപ്പോൾ എഴുതിയിടുവാൻ ഞാൻ കാണില്ലായിരുന്നു. കാരണം പ്രഭാഷണങ്ങളും മറ്റുമൊക്കെയായി ഞാൻ അങ്ങ് തിരക്കിലായി പോവില്ലെ ! പിന്നെ , അതിനുള്ള അറിവും പരിജ്ഞാനവും വേണമല്ലോ. നിർഭാഗ്യവശാൽ എനിക്കതില്ല. എനിക്കെന്നല്ല ഈ ഭൂമിയിൽ ജീവിക്കുന്ന ഒരു മനുഷ്യനു പോലും അങ്ങനൊന്നില്ല. കാരണം 'അറിവ് ' എന്നത് അതിന്റെ പൂർണ്ണതയിൽ നേടിയെടുക്കുവാൻ നമുക്കൊരിക്കലും ആവില്ല.എന്നാൽ പലയിടങ്ങളിലായി വിന്യസിച്ചു കിടക്കുന്ന മനുഷ്യരുടെ അറിവിന്റെ ആകെ തുകയെടുത്താൽ അതു ഒരു തൊണ്ണൂറ് ശതമാനത്തിലെത്തിയേക്കാം. അപ്പോഴും പത്തു ശതമാനം ബാക്കിയാണ് . എന്തുകൊണ്ടാണത് ? പ്രപഞ്ചത്തിൽ അത്തരം ചില പ്രഹേളികകൾ നിലനിൽക്കുന്നുണ്ട്. ഉത്തരം കിട്ടാതെ ഒരു പടി കൈയ്യകലത്തിലോ , ഒരിക്കലും കാണുവാൻ കഴിയാത്തിടത്തോ ആയി അതിങ്ങനെ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് രാജകീയ ഭാവത്തിൽ ഇരിക്കും. നിഗൂഢതകളെന്നോ, വിസ്മയങ്ങളെന്നോ, അന്ധതയെന്നോ ,ദൈവീകതയെന്നോ ഒക്കെയായി അതിനെ നമ്മൾ അതിനെ പല പേരുകളിൽ വിളിക്കും.
എന്നാൽ,
ആത്മീയതയിലായിക്കോട്ടെ ,വിശ്വാസങ്ങളിലായിക്കോട്ടെ സെക്സിലായരിക്കോട്ടെ , മറ്റേതു വികാരങ്ങളിലായിക്കോട്ടെ , ഒരു പരിധിവരെ നമുക്കതിൽ വിജ്ഞാനം നേടുവാൻ കഴിയും. കേവലം ഒരു പുസ്തകം വായിച്ചതുകൊണ്ടോ, നേരിട്ടു കണ്ടതുകൊണ്ടോ ,അനുഭവിച്ചതുകൊണ്ടോ അറിവ് കിട്ടിയേക്കും എന്നു നിർബന്ധം പിടിക്കുവാനാവില്ല. എന്തെന്നാൽ അത് ചില മാധ്യമങ്ങളിൽ ഒന്നു മാത്രമാണ്. ഒരു ചെറിയ ബാലനിൽ നിന്നു പോലും നമുക്ക് അറിവ് ലഭിച്ചേക്കാം എന്നത് ചിന്തിച്ചിട്ടുണ്ടോ ? ഒരു ഭ്രാന്തനിൽ നിന്ന് അറിവ് ലഭിച്ചേക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ.നമ്മളെക്കാൾ വിദ്യാഭാസം / നിലവാരം കുറഞ്ഞവനിൽ നിന്ന് അറിവ് ലഭിച്ചേക്കാം എന്ന് ചിന്തിച്ചുണ്ടോ.
ഇല്ലെങ്കിൽ ചിന്തിക്കണം. അവരിൽ നിന്നല്ല, മരണപ്പെട്ടു കിടക്കുന്ന ഒരു ശവശരീരത്തിൽ നിന്നു പോലും നമുക്ക് അറിവ് / ജ്ഞാനം ലഭിക്കും. അത് നേടിയെടുക്കുവാനുള്ള അഹംബോധമില്ലാത്ത മനസ്സാണ് നമുക്ക് വേണ്ടതെന്ന് മാത്രം. നമുക്ക് അജ്ഞമായി ഇരിക്കുന്നത് ഏത് വിഷയവുമായി കൊള്ളട്ടെ, അത് വലിപ്പചെറുപ്പമില്ലാതെ ചോദിച്ചു നേടിയെടുക്കുവാനുള്ള ഒരു മനോഭാവം ഉണ്ടാക്കിയെടുക്കണം. ( ഇതിനർത്ഥം ചോദ്യങ്ങൾ ചോദിച്ച് ഇറിറ്റേറ്റ് ചെയ്യിക്കുക എന്നതല്ല ) ആ ചോദ്യങ്ങളിൽ വ്യക്തമായ ഒരു ആധികാരികത വേണമെന്നുള്ളതാണ്.
ഇങ്ങനെയുള്ള അറിവിന്റെ സമ്പാദനം കൊണ്ട് അനവധി പ്രയോജനങ്ങൾ നമുക്കുണ്ട്. തീർച്ചയായും നമ്മളെല്ലാവരും ഒരു പരിധി വരെ സ്വാർത്ഥമായി ആഗ്രഹങ്ങളുള്ളവരല്ലേ. അങ്ങനെ ചിന്തിച്ചാലും 'അറിവ് ' എന്ന ആഴക്കടൽ ജീവിതത്തിൽ പലപ്പോഴുമെന്നല്ല . എപ്പോഴും തന്നെ ഉപകാരപ്രദമാവുകയാണ് ചെയ്യുന്നത്. അതിനായി നമ്മൾ മനസ്സിനെ തയ്യാറെടുപ്പിക്കുക. അതിന് മുഖമോ, ജാതിയോ മതമോ വിദ്യാഭാസമോ നിലവാരങ്ങളോ മാനദണ്ഡങ്ങളാക്കുവാതിരിക്കുക. മാത്രമല്ല, നമ്മൾ നേടുന്ന അറിവുകൾ വിഷയമേതുമാവട്ടെ, സാഹചര്യങ്ങൾക്കനുസൃതം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുവാനും മാനസികമായും ,ശാരീരികമായും തയ്യാറെടുക്കുക. അറിവിനായ് അതിയറ്റ് ദാഹിക്കുക. ആ ജലപ്രവാഹം നമ്മളെ തേടി വരുമെന്ന ചിന്തകൾ മാറ്റി പകരം അതിന്റെ ഉറവകൾ തേടിപ്പോവുക. നൂറു ശതമാനവും അത് നിങ്ങൾക്ക് ഗുണമേ ചെയ്യുകയുള്ളു എന്നതിൽ സംശയമില്ല. അങ്ങിനെയാവട്ടെ.
ശുഭദിനം
- വിപിൻ -

The Shadows of Lola.. [കഥ]

The Shadows of Lola.. [കഥ]
സമർപ്പണം - ഞങ്ങളിൽ ജീവിക്കുന്ന ഗന്ധർവ്വൻ.. ശ്രീ.പത്മരാജൻ
'ലിറ്ററേച്ചർ പഠിക്കുന്ന ലോലാ മിൽഫോഡുമായി എനിക്ക് പ്രേമമായി എന്നാണു തോന്നുന്നത്.അതങ്ങനെയിരിക്കട്ടെ. ലോലയെ പോലൊരു പെണ്ണിനെ.. ഇത്ര സുന്ദരിയായ - ഓമനത്വമുള്ള - ബുദ്ധിയുള്ള, സംസാരിക്കുവാനറിയുന്ന - എന്തിനാണ് ഇന്ന് ഹോട്ടലിൽ വെച്ച് മേശവിരിപ്പിനു ചുവട്ടിൽ എന്റെ കാലിൽ നീ കാൽമുട്ടിച്ചത്.?
പിന്നെയെന്തിനാണ് -
ഏതായാലും ഈയിടെ ഒന്നും വായിക്കുന്നില്ല. ഈ പെണ്ണ് എന്നെ കിറുക്കനാക്കി. എനിക്കവളെ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്. ഇപ്പോൾ. ഈ രാത്രിയിൽ, ഈ രാത്രിയിൽ തന്നെ '
നേരങ്ങളൊത്തിരിയായിട്ടും എന്റെ ചിന്തയുമിതാണ്. ലോലയെ കാണണം, അവളോട് മടിയില്ലാതെ മാപ്പു പറയണം. ശക്തിയിൽ, എന്നാൽ അവൾക്ക് വേദനിക്കാതെ ഒന്നു കെട്ടിപ്പിടിക്കണം. മാപ്പു പറഞ്ഞാൽ ഒരുപക്ഷേ അവൾ പരിഹസിച്ച് ഉച്ഛത്തിൽ ചിരിക്കും. സത്യത്തിൽ അന്ന് മടയത്തരം കാണിച്ചത് ഞാനാണ്. ഒരു പെണ്ണിനോട്.. അല്ല, ഈ ഭൂമിയോട്. പുഴയോട്.. മലകളോട്.. മഞ്ഞുകണങ്ങളോട്.. കാമത്തിനോട്.. പിന്നെ.., പിന്നെ എല്ലാറ്റിനോടും !
ആദ്യമായാണ് ഒരു കഥാപാത്രം എന്നെ ഇത്രത്തോളം അവളിലേക്ക്, അവളുടെ മാനസിക തലങ്ങളിലേക്ക് ആഴ്ത്തിക്കൊണ്ടു പോകുന്നത്. ലോലാ മിൽഫോഡ് എന്ന പാശ്ചാത്യ സുന്ദരി ഒരു സാങ്കൽപ്പികതയാണെന്ന് പലയാവർത്തി മനസ്സിനെ പറഞ്ഞുപഠിപ്പിക്കുവാൻ ശ്രമിച്ചിട്ടും ഞാൻ പരാജിതനാവുകയായിരുന്നു. അല്ലെങ്കിൽ.. അല്ലെങ്കിൽ എന്തിനാണ് ഞാൻ ലോലയെ തേടി ഈ അമേരിക്കയിൽ വന്നത് ! എന്തിനാണ് അമേരിക്കൻ പൗരത്വമുള്ള ഒരു മലയാളി കുടുംബത്തിലെ ഒരു പെൺകുട്ടിയെ (ഡയാന)തിരഞ്ഞു കണ്ടെത്തി അവളുമായി അവാച്യമായ ബന്ധത്തിലായത്. എന്തിനാണ് ഞങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ പലപ്പോഴും ലോലയുടെ ഓരോ തന്മാത്രകളെയും അവളിലേക്ക് ഞാൻ ഇൻജക്റ്റ് ചെയ്തുകൊടുത്തത്.. പിന്നെ-
എന്നിൽ അടങ്ങിയിരിക്കുന്ന ഈ ഉന്മാദത്തിനൊപ്പം ഒന്നു ചേരുവാൻ അവളും മനസികമായി തയ്യാറെടുക്കുന്നത് ഫോൺ മുഖേനയുള്ള ഞങ്ങളുടെ സംസാരത്തിനിടയിൽ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അവളുടെ പേര് എന്നെ വീണ്ടും മോഹിപ്പിച്ചു..
'ഡയാന..'
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി തെക്കുപടിഞ്ഞാറൻ അമേരിക്കയിൽ സ്ഥിരതാമസമാക്കായ കത്തോലിക്കൻ കുടുംബം. ഡയാന പഠിച്ചതും വളർന്നതുമൊക്കെ അവിടെയാണ്. മറ്റൊരു സവിശേഷതയെന്തെന്നാൽ ഡയാന ഒരു ലിറ്ററേച്ചർ വിദ്യാർത്ഥിനിയാണ്, ലോലയെ പോലെ പാശ്ചാത്യ സഹിത്യത്തെ അവൾ ഭ്രാന്തമായി ആരാധിക്കുന്നു. 'ലോല'യുമായി സാമ്യമുള്ള,ഇത്തരത്തിലുള്ള പലതരം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഞാനവളെ കണ്ടെത്തിയതെന്നു വേണമെങ്കിൽ പറയാം.. ഷെല്ലിയും ഗബ്രിയൽ ഗാർസിയയുമൊക്കെ അവളുടെ പ്രിയപ്പെട്ടവരാണ്. 'Love in the time of cholerae' വായിച്ചതിനുശേഷമുളള രണ്ടു ദിവസങ്ങളിൽ അവൾ ഉപവാസമനുഷ്ഠിച്ച വിവരം ഒരിക്കൽ എന്നോട് പറയുകയുണ്ടായി. അപ്പോഴാണ് അവൾക്കു വായിക്കുവാനായി 'ലോല 'യെ ഞാൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അയച്ചുകൊടുത്തിരുന്നത്. പറഞ്ഞറിയിക്കുവാനറിയാത്ത , വിഷാദഛായ തോന്നിക്കുന്ന ഒരു തരം മാനസിക വികാരം 'ലോല'യെ അറിഞ്ഞതിനുശേഷം അവളിൽ മിന്നി മറയുന്നത് ഞാൻ മനസ്സിലാക്കിയത് അന്ന്, ഡിസംബറിലെ ഒരു വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു.
''ഒരാളുടെ ഇല്ലായ്മ്മ അനുഭവിക്കുമ്പോൾ അതിനൊപ്പം നഷ്ടമാകുന്നത് ചില സന്തോഷങ്ങളാണ് പ്രതീക്ഷകളാണ്, സൗന്ദര്യങ്ങളാണ്. അപ്പോൾ നമ്മളെല്ലാം ഒരുവേള കൊതിക്കും , അവർ ജീവിച്ചിരുന്നെങ്കിലെന്ന്. ഈ നിമിഷം എന്റെ സമീപത്തുണ്ടായിരുന്നുവെങ്കിലെന്ന് ''
ആദ്യമായി ഡയാനയെ നേരിട്ടു കണ്ടപ്പോൾ , ടേബിളിനപ്പുറവും ഇപ്പുറവുമായി ഒരു മെഴുകുതിരി വെളിച്ചത്തിൽ ഇരുന്നപ്പോൾ ഞാൻ തുടങ്ങിയ വാക്കുകളിങ്ങനെയായിരുന്നു. അതെന്താണെന്ന' മട്ടിൽ അവളെന്നെ തുറിച്ചു നോക്കി. ഒരു അമ്പരപ്പിന്റെ അകലത്തിനപ്പുറം കാര്യങ്ങൾ മനസ്സിലായെന്ന ഭാവത്തിൽ അവൾ നിസ്സാരമായി പറഞ്ഞു :
'ഓഹ് , ലോലയെ കുറിച്ചാവുമല്ലേ ? '
ഞാനൊന്നും മിണ്ടിയില്ല.
''ലോല എന്ന പെൺകുട്ടി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ? '' അവൾ ചോദിച്ചു.
'' അങ്ങനെ വിശ്വസിക്കുവാനാണെനിക്കിഷ്ടം , അല്ലെങ്കിൽ ആ സന്ദർഭത്തിൽ വിവരിച്ച 'മിസ്സൗറി'യിൽ വെച്ചുതന്നെ നിന്നെ ആദ്യം കാണണമെന്ന് ഞാൻ വാശി പിടിക്കില്ലായിരുന്നു '' ഞാൻ പറഞ്ഞു.
''അത് നിങ്ങൾക്ക് ഭ്രാന്തായതു കൊണ്ടാണ്. ഒരു കഥ വായിച്ച് , ആ കഥാപാത്രങ്ങളിലേക്കും കഥാ സന്ദർഭങ്ങളിലേക്കും, ഏറ്റവുമൊടുവിൽ അത് പുനരാവിഷ്ക്കരിക്കുവാൻ എന്നെ പോലൊരു പെണ്ണിനെയും ദത്തെടുത്ത് നിങ്ങളിവിടെ എത്തിച്ചേരില്ലായിരുന്നു. അതും തനിച്ച്, അത്രമേൽ സാമ്പത്തിക ഭ്രദ്രതയില്ലാത്തിടത്തു നിന്നും. അപ്പോൾ തീർച്ചയായും നിങ്ങൾക്ക് ഭ്രാന്തായിരിക്കണം'' :ഒരു തമാശ രൂപേണ ഡയാന പറഞ്ഞു.
അത് സത്യമാണെന്നെനിക്കപ്പോൾ തോന്നി. ഒരു നിമിഷത്തിന്റെ യഥാർത്ഥത്യത്തിൽ നിന്നുകൊണ്ട് ഞാൻ ചിന്തിച്ചു :
'സത്യത്തിൽ താനെന്താണ് ചെയ്തത് , ഒരു സാദ്ധ്യതയുമില്ലാത്ത ഒരു കാര്യം. കേവലം ഒരു കഥ വായിച്ചതിന്റെ ഉൾപ്രേരണയിൽ നിന്ന്, ആ സന്ദർഭം വിവരിച്ച ഇടങ്ങളൊക്കെയും സന്ദർശിക്കുവാൻ തയ്യാറാവുക. കഥാപാത്രങ്ങൾ ജീവിച്ചിരുന്നവരാണെന്ന് വിശ്വസിക്കുക , 'ലോല'യെ പോലെ ഒരു പെൺകുട്ടിയെ കണ്ടെത്തി , അവളിലേക്ക് ലോലയെ പരകായപ്രവേശം ചെയ്യിപ്പിക്കുക. എത്ര മിനക്കെട്ട ഉദ്ദേശ്യങ്ങൾ..ആരും ചെയ്യാത്തതോ ,ചിന്തിക്കുകപോലുമല്ലാത്തതോ ആയ കാര്യങ്ങൾ . ഇതറിഞ്ഞാൽ സമൂഹം പറയും,
'വിഢ്ഡി വേഷം !'
ഡയാന പറഞ്ഞത് ശരിയാണോ എന്ന് ഞാനെന്റെ മനസ്സിനോടു തന്നെ ചോദിച്ചു .പക്ഷേ ഉത്തരം നൽകിയത് അവളായിരുന്നു.
''ഞാൻ വെറുതെ ശുണ്ഠി പിടിപ്പിക്കുവാൻ കളിപറഞ്ഞതാണ്.. നിങ്ങളെ പോലെ നിങ്ങൾക്കല്ലേ കഴിയു, അതെനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ട് , ഇതൊന്നുമല്ലാതെ 'ലോല'യെ ഞാനും വായിച്ചതാണ്. ഒരു തവണയല്ല.,പലയാവർത്തി..'
എന്റെ മുഖഭാവം മാറിയത് കണ്ട് ,ഒരുപക്ഷേ എന്നെ സമാധാനിപ്പിക്കുവാൻ അവൾ പറഞ്ഞതാവുമത്. ഞാൻ പറഞ്ഞു :
''ഡയാന ,നീ നന്നായി മലയാളം സംസാരിക്കുന്നു.'
അപ്പോൾ അവളൊന്നു ചിരിച്ചു , ഒരു തനത് നസ്രാണി ഭാഷയിൽ പറഞ്ഞു ,
" അത് പിന്നെ ഞങ്ങൾ മലയാളികളല്ലിയോ.. വീട്ടിൽ എപ്പോഴും മലയാളം തന്നെയാണ് സംസാരിക്കാറുള്ളത്.. എനിക്ക് കുറേശ്ശേ വായിക്കുവാനുമറിയാം.. എന്റെ പേരൊക്കെ ഞാനെഴുതുമല്ലോ ..''
വീണ്ടും ഒരു കുസൃതിച്ചിരി, ഞാനപ്പോൾ ചിന്തിച്ചത് മറ്റൊന്നാണ്. ' ഡയാനയെ കണ്ടെത്തിയത് എത്ര ഭാഗ്യകരമാണ്, ലോലയുമായി ഇവൾ എവിടൊക്കെയോ ബന്ധപ്പെട്ടു കിടക്കുന്നു ! അതങ്ങനെയല്ലേ ആവേണ്ടത്..
ഭൂമിയിൽ എത്രയോ മനുഷ്യർ , ആണും പെണ്ണും ഭിന്നലിംഗക്കാരും തുടങ്ങി , അനവധി പ്രത്യേകതയുള്ളവർ. 'ലോലാ മിൽഫോഡ് ' എന്നിൽ തോരാതെ പെയ്തു വീഴുന്ന മഴപോലെ ആയതിനാലാവാം ,ലോകം മുഴുവൻ ഞാൻ അവളെ തേടിയലഞ്ഞത്. അത്ര നിസ്സാരമായൊരു കാര്യമല്ല അതെന്നറികിലും ഞാൻ ഞാൻ എനിക്കു ചുറ്റിലും കാണുന്ന ഓരോ ജീവജാലങ്ങളിലും ലോല'യെ കാണുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ ഡയാനയെ കണ്ടെത്തി. അവളെ കണ്ടെത്തുന്നതിനായി ഈ ലോകം മുഴുവൻ എനിക്ക് കൂട്ടുനിന്നു. ഈ കാലഘട്ടത്തിന്റെ സൗകര്യങ്ങൾ കൂട്ടുനിന്നു.
ഒരു വ്യക്തിയെ പോലെ പൂർണ്ണമായും മറ്റൊരാൾ ഉണ്ടാവുകയില്ല. എന്നാൽ ആ വ്യക്തിയിലേക്ക് എത്തിപ്പെടുവാൻ ഒരു അനുബന്ധമായി ഒരാളെ, വളരെ വിരളമായ ഒരാളെ നമുക്ക് ഉപകരിച്ചേക്കാം. ഡയാനയിൽ ഞാൻ 'ലോല 'യെ കാണുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവളുടെ ഓരോ ചലനങ്ങളും വാക്കുകളും ' ലോല'യുടെ ഭാവങ്ങളായി മാത്രം മനസ്സിൽ കണ്ടു. അതിനു വേണ്ടുന്ന ഒരു പ്രത്യേക മനോഭാവം അൽപ്പം മുൻപേ ഡയാന ഫലിതമുഖത്തിൽ എനിക്കു പറഞ്ഞു തന്നിരുന്നു.
'നിങ്ങൾക്ക് ഭ്രാന്താണ് !'
അതെ, ഈ ഭ്രാന്തിനെ ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു. നിശബ്ദയുടെ ഭൂരിപക്ഷത്തോടെ ഞങ്ങളുടെ കൂടിക്കാഴ്ച്ച നീണ്ടു നിൽക്കുന്നു. അവൾ വീണ്ടും 'ലോല 'യെ പ്രധിനിതീകരിച്ച് ചോദിച്ചു;
''അവിടെ ഇപ്പോഴും മതിൽക്കെട്ടുകളുണ്ടോ ?''
''ഉണ്ട്, അദൃശ്യമായി . എന്നാൽ പഴയതിനേക്കാൾ ദൃഢതയോടെ ഉണ്ട്.'' ഞാൻ പറഞ്ഞു. അതുകേട്ട് അവൾ പരിഹസിച്ചു.
'' എന്നിട്ടെന്താണ് വെയ്പ്പ് , വാർത്തകളറിയാറുണ്ട് ഞാൻ ''
'ശരിയാണ്, അഭിനയമാണ് കുറേയെക്കെ.ചേരിതിരിവുകൾ, താനെന്ന ഭാവങ്ങൾ . പിന്നെ.,പിന്നെ ഇതിലൊക്കെയും കൊടിയ വ്യവസ്ഥിതികൾ.. ദുരഭിമാനമെന്ന വിഷം ഇപ്പോഴും ചിലയിടങ്ങളിൽ അള്ളിപ്പിടിച്ചു നിൽക്കുന്നു, ക്യാൻസർപോലെ. പെൺ സ്വാതന്ത്രങ്ങൾക്ക് വിലക്ക് ഇപ്പോഴും ആവോളമുണ്ട്.അവിടം മാറില്ല '' ഞാൻ പറഞ്ഞു.
''പക്ഷേ ഞാൻ കന്യകയല്ല !, ''
ഡയാന അത് പറഞ്ഞപ്പോൾ ഞാൻ ചിന്തിച്ചു ;
'അവിടെ മാത്രമാണ് കന്യകാത്വം ഒരു പ്രവേശനത്തിന്റെ യോഗ്യതയായി പ്രത്യക്ഷത്തിൽ ചട്ടം കെട്ടുന്നത്. എന്നാൽ ഇനി ഞാനവളെ ചുംബിച്ചേക്കുമോ എന്ന് ഞാൻ സംശയിച്ചു. മാറില്ല, മനുഷ്യനായിപ്പോയി. അവിടുത്തെ മനുഷ്യൻ!
പിന്നീട് ഞങ്ങൾ 'ലേക്ക് ഓഫ് ദി ക്ലൗഡ്സ് ' സന്ദർശിച്ചു. അവിടെ , ഒരു മരത്തിനു താഴെയുള്ള ഇരിപ്പിടത്തിനു സമീപത്തെ മണ്ണിൽ നോക്കി ഞാൻ പറഞ്ഞു:
''ഇവിടമാകെ അവളുടെ കാൽപാദം തൊട്ടിട്ടുണ്ടാവണം. ഈ മണൽത്തരികൾ ആ പാദങ്ങൾക്കടിയിൽ പറ്റി പിടിച്ചിട്ടുണ്ടാവണം''
ജലപ്പരപ്പിൽ നിന്ന് തണുത്ത കാറ്റ് വീശികൊണ്ടേയിരുന്നു. വെള്ളത്തിൽ വർണ്ണച്ഛായങ്ങൾ പടരുന്നതുപോലെ നിലാവിന്റെ മുഖത്ത് പതിയെ കറുത്ത പുക പടരുന്നുണ്ട്. ഞാൻ കണ്ണുകളടച്ച് ആ കാറ്റേറ്റുകൊണ്ടിരുന്നു, ഒരു ലഹരിയെന്നോണം. ഇലകൾക്കിടയിൽ നിന്നും എന്റെ കവിളുകളിലേക്ക് മഞ്ഞു പെയ്തു വീണപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. അതു ശ്രദ്ധിച്ച് ഡയാന അതീവ സൗന്ദര്യത്തോടെ ചിരിച്ചു. ഞാനവളുടെ കവിളിൽ അപ്പോൾ മാത്രം ആദ്യമായി ഒന്നു പതിയെ നുളളി .
'' ആഹ്... '' അവളിലെ ശബ്ദം
വളരെപ്പെട്ടെന്ന് കവിളിന്റെ അത്രയും ഭാഗം ചുവന്നു തുടുത്തു വന്നു. സിന്ദൂരം പറ്റിയതുപോലെ. ഇരുട്ടുമൂടിയ ജലപ്പരപ്പിലേക്ക് അവൾ നോക്കുമ്പോൾ കൺപ്പോളകൾ മൃദുലമായി തുള്ളുന്നത് ഞാൻ ശ്രദ്ധിച്ചു. സമീപത്തുള്ള ഒരു കത്തീഡ്രലിൽ നിന്ന് മണി നാദങ്ങൾ കേട്ടു. 'ലേക് ഓഫ് ദി ക്ലൗഡ്സ് ' അത് പലയാവർത്തി പ്രതിഫലിപ്പിച്ചു. ഡയാനയുടെ കഴുത്തിൽ കാക്കപ്പുള്ളി ഇല്ലാതിരുന്നിട്ടും എനിക്കവിടം ചുംബിക്കുവാൻ തോന്നി. ഒരെതിർപ്പും കൂടാതെ അവൾ സമ്മതം പറയുകയും ചെയ്തു. ശേഷം പറഞ്ഞു ;
''ഇയൊരു ഒറ്റ രാത്രിയാണ് നിങ്ങൾക്കവകാശപ്പെട്ടത് , നാളെ നമ്മൾ രണ്ടിടങ്ങളിലേക്ക് മടങ്ങിപ്പോവും. അങ്ങനെയല്ലേ...? ''
''അതെ!''
ഇങ്ങനെ പറയുവാനാണ് എനിക്കു തോന്നിയത്. മറിച്ചായിരുന്നുവെങ്കിൽ ഒരുപക്ഷേ അവളെ നിസ്സാരമായി എന്റെ ജീവിതത്തിലേക്ക് കൂട്ടാമായിരുന്നുവെന്ന് ഞാൻ അതിനു ശേഷം ചിന്തിച്ചു. പക്ഷേ അത് പ്രകടമാക്കിയില്ല.
''കൂയ്...................''
ജലപ്പരപ്പിന്റെ ഇരുട്ടു പുതഞ്ഞ അനന്തയിലേക്ക് അവൾ ഉച്ഛത്തിൽ കൂവി.. അവ മൂന്നു തവണ എന്റെ നേർക്ക് തിരച്ചും കൂവി. എനിക്ക് ഒരു ജാള്യത അനുഭവപ്പെട്ടു.
'നീ വീണ്ടും ആവർത്തിക്കുന്നു... '
-ആരൊക്കെയി എന്നെ പരിഹസിച്ചുകൊണ്ട് ശകാരിച്ചു. എനിക്ക് മറുത്തൊന്നും പറയുവാൻ തോന്നിയില്ല.
''ഞാൻ വന്ന ഉദ്ദേശ്യം എനിക്ക് പൂർണ്ണമാക്കുവാൻ കഴിയില്ലെന്നാണ് തോന്നുന്നത് '' ഞാൻ പറഞ്ഞു.
''എന്തുകൊണ്ടാണത് ?'' അവൾ ചോദിച്ചു.
''അറിയില്ല ''
ഞാൻ പറഞ്ഞതു കേട്ടതിനു ശേഷം അവൾ കൂടുതൽ എന്റെ ദേഹത്തിനോട് അടുത്തു നിന്നു. എന്നിട്ട് ചോദിച്ചു.
''എങ്കിൽ ഈ രാത്രി പൂർണ്ണമായും നിങ്ങൾക്ക് പ്രയോജനപ്പെടുത്തിക്കൂടെ..? ''
സ്വറ്ററിനുള്ളിലായിട്ടും ഞാൻ വല്ലാതെ തണുത്തുവിറച്ചുകൊണ്ടിരുന്നു. അപ്പാൾ , ഡയാനയുടെ ദേഹം എന്നോടുരസ്സി കൂടുതൽ ചൂടു തരുന്നതായി തോന്നി. ആ രാത്രി ഞങ്ങൾ നന്നായി പ്രയോജനപ്പെടുത്തി.
ഇനിയും ഒരുപാട് സ്ഥലങ്ങൾ സന്ദർശിക്കണമെന്ന് മുൻപേ ഞാൻ കണക്കു കൂട്ടിയിരുന്നു. ഞങ്ങൾ രണ്ടുപേരും അതിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അതേപടി അനുകരിക്കുവാൻ ആരൊക്കെയോ ഞങ്ങളെ വിലക്കി. അതു കൊണ്ടാവാം പിറ്റേന്നാൾ പുലർച്ചേ ഹോട്ടൽ മുറിയിൽ നിന്നും ,ഞാൻ ഉണരുന്നതിനു മുൻപേ ഒരു യാത്രപോലും പറയാതെ ഡയാന പോയ്ക്കഴിഞ്ഞിരുന്നത് !
വെളുത്ത വിരിയിട്ട ബെഡിൽ, എന്റെ സമീപത്തുണ്ടായിരുന്ന അവളുടെ തൂവാലയിൽ നനവു മാറിയിട്ടില്ലാത്തത് ഞാൻ തൊട്ടറിഞ്ഞു. വിരിയുടെ നടുവിൽ കാണപ്പെട്ട രക്തക്കറ എന്നെ അമ്പരപ്പിച്ചു.
മുൻപേ അവളെന്നോട് കളവു പറഞ്ഞിരിക്കുന്നു.!
എയർപോർട്ടിൽ അൽപ്പസമയങ്ങൾക്കകം ഇന്ത്യയിലേക്കുള്ള ഫ്ളൈറ്റ് തയ്യാറാവും. എസ്ക്കലേറ്ററിൽ കയറുവാനൊരുങ്ങിയപ്പോൾ കേട്ടു പരിചയമുള്ള ഒരു ഗാനം ആരൊക്കെയോ പിന്നിൽ നിന്നു പാടി.. -
' Golden Memories And Silver Tears.... '
ഒരു കാന്തം പോലെ അതെന്നെ പിന്നോട്ടു വലിച്ചടുപ്പിച്ചുകൊണ്ടിരുന്നു !
- വിപിൻ -

യക്ഷസൈരന്ദ്രി.. (കഥ)


യക്ഷസൈരന്ദ്രി.. (കഥ)
[കഥ - പൂർണ്ണമായും സർഗാത്മകമാണ്. ഒന്നോർമ്മപ്പെടുത്തട്ടെ, അഥർവ്വവേദത്തിൽ പരാമർശിച്ചിട്ടുള്ള ആഭിചാര ക്രിയാ കർമ്മങ്ങൾ വിനാശത്തിന് വേണ്ടി മാത്രമെഴുതപ്പെട്ടിട്ടുള്ളവയല്ല. കുത്തൊഴുക്കിനെ തടഞ്ഞു നിർത്തുന്ന വൻമരമെന്ന പോലെ കരുതുക. ഇവിടെ കഥാ സാഹചര്യം ആവശ്യപ്പെടുന്നതുകൊണ്ട് മാത്രം അഥർവ്വ വേദ ത്തിന്റെ സാന്നിദ്ധ്യം സന്നിവേശിപ്പിച്ചിരിക്കുന്നുവെന്ന് മാത്രം ]
. . .
പടർന്നുകയറിയ മരുപ്പച്ചനിറമുള്ള തണലുകൾ. ഏകാന്തതയുടെ ഉൾക്കാടുകളിലേക്ക് ഊളിയിട്ടു പറക്കുന്ന വാലാട്ടിക്കിളിയെ പോലെയവൾ നടന്നു. ഇലകൾക്കിടയിലൂടെ ഊർന്നിറങ്ങി വരുന്ന ഇളവെയിൽ വെളിച്ചങ്ങളെ തൊട്ടു. തളിരിലകളെ കൈകൾക്കുള്ളിൽ വെച്ച് താലോലിച്ചു. സുഗന്ധമുള്ള പൂക്കളെ നോക്കി പുഞ്ചിരിച്ചു.ഇല്ലാത്തവയെ ചുംബിച്ചു. ഇതൊക്കെയും ഒളികണ്ണിട്ടു നോക്കിയ അണ്ണാറക്കണ്ണനെ 'എടാ കള്ളക്കുറുമ്പാ.. ' യെന്ന് ഓമനിച്ചുവിളിച്ചു. തന്നെ അദൃശ്യമായി മോഹിപ്പിക്കുന്ന യക്ഷ-ഗന്ധർവ്വ കിന്നരന്മാർ മറഞ്ഞിരിക്കുന്ന മംഗല്യപാലയെ നോക്കി അവൾ പരിഭവിച്ചു. കുസൃതി കുരുന്നിനെ പോലെ ചുണ്ടുകൾ വെച്ച് , കണ്ണുകൾ നിറച്ച് , അത്രയും നേരവുമുണ്ടായിരുന്ന ഉല്ലാസത്തെ തല്ലിക്കെടുത്തി പിന്തിരിഞ്ഞു നടന്നു. തിരിഞ്ഞു നടക്കുമ്പോഴും അവളിലെ ഗദ്ഗതം പറഞ്ഞു കൊണ്ടിരുന്നു.
' ഒടുവിൽ നിങ്ങൾക്കുമെന്നെ വേണ്ടാതായല്ലേ.. ഒരു പുൽക്കൊടിയെപ്പോലും വേദനിപ്പിച്ചിട്ടില്ലല്ലോ ഞാൻ., അർഹതയെന്ന വാക്ക് ജനിച്ച നാൾ മുതൽ എനിക്കന്ന്യമായിരുന്നുവല്ലോ.. പ്രകൃതിയെയും പക്ഷിയെയും പൂവിനെയും ചിത്രശലഭങ്ങളെയും മഴയെയും നിലാവിനെയും ഞാൻ പ്രണയിച്ചു. അവയെന്നെയും. എന്റെ ജീവിതമെന്തിന് നിഷേധിക്കപ്പെടുന്നു. എന്നിലെയെന്നെയറിയുന്ന അദൃശ്യമായ നിങ്ങളെന്തേ എന്നോടു പിണങ്ങുന്നു..? ദുർവ്വിധി.! '
വിധിയെ സ്വയം പഴിച്ചവൾ തെക്കിനിക്കോലായിലെത്തി. തന്നെ കാത്തിരിക്കുന്ന തറവാട്ടുകാരണവന്മാരെയും ജോത്സ്യനെയും കർമ്മികളെയും കണ്ട് ഭയന്നു വിറച്ചു.
' സൈരന്ദ്രീ.. ഇല്ലത്ത് നിന്ന് വെളിയിലിറങ്ങുവാൻ നിനക്കാരാണ് അധികാരം തന്നത്. അഥർവ്വ മന്ത്രങ്ങൾ വിഹരിക്കുന്ന ഈ ചുറ്റുപാടിന് സമീപത്തു വരുവാൻ മാത്രം ധിക്കാരമോ തീണ്ടാരിപ്പെണ്ണിന്. '
ശക്തമായ ശകാരത്തിൽ അവൾ നടുങ്ങി.
' അവളെ പടിഞ്ഞാറ്റയിൽ കൊണ്ടുപോയി തഴപ്പായയിൽ കിടത്തു.'
ആജ്ഞ കേട്ടതും ഇല്ലത്തെ വാല്ല്യക്കാരി ദേവയാനി സൈരന്ദ്രിയെയും കൂട്ടി പടിഞ്ഞാറ്റെയിലേക്ക് പോയി, ചെറുപ്പം തൊട്ടേ നിലയ്ക്കാത്ത നീരുറവപോലെ അവളിൽ ഇറ്റുവീഴുന്ന സങ്കടങ്ങളൊക്കെയും തുടച്ചുമാറ്റിയിരുന്നത് വാല്ല്യക്കാരി ദേവയാനിയായിരുന്നു. കറുത്ത പക്ഷത്തിലെ അമാവാസിയുടെ അവസാനപാദത്തിലായിരുന്നു സൈരന്ദ്രിയുടെ ജനനം. ജനനത്തോടെ അമ്മയായ ഉർവ്വര തമ്പുരാട്ടി മരണം പൂകി. അർത്ഥരാത്രിയിൽ പ്രകൃതി ക്ഷുഭിതയായി മഴയെ ഘോരം ഘോരം പെയ്യിച്ചു. ഇടിയും മിന്നൽ പിണരുകളും ഹിരണ്യകം തറവാടിനെ ഇളക്കി മറിച്ചു. ഉർവ്വരയുടെ ഗർഭാവസ്ഥയിൽ തന്നെ ഹിരണ്യകത്ത് ദുർനിമിത്തങ്ങൾ കണ്ടുതുടങ്ങിയിരുന്നു. ഗർഭകാലത്ത് കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യുവാൻ അന്ധവിശ്വാസങ്ങളെ ഭക്ഷണമാക്കിയിരുന്ന കാരണവന്മാരിൽ പ്രധാനി ചിത്രൻ തമ്പുരാൻ ഒരുമ്പെട്ടുവെങ്കിലും ജോതിഷ പണ്ഡിതൻ വിലക്കി. ' ഭ്രൂണഹത്യ നടത്തിയാൽ ഒഴിഞ്ഞു പോകുന്ന ദുരിതമായി മാത്രമല്ല ഉർവ്വര ഗർഭം പേറിയത്. രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ഹിരണ്യകത്ത് ജീവിച്ചു മരിച്ച ശ്രീകാന്തനെന്ന യക്ഷന്റെ സാന്നിദ്ധ്യം ഉർവ്വരയുടെ ഗർഭപാത്രത്തിൽ സന്നിവേശിച്ചിട്ടുണ്ടെന്നും ഗർഭഛിദ്രം നടത്തിയാൽ നാടും വീടും പ്രളയത്തിനാൽ നശിപ്പിക്കപ്പെടുമെന്നും പ്രശ്ന വിധിയാൽ തെളിഞ്ഞിരിക്കുന്നു 'വെന്നും പറഞ്ഞു. ഹിരണ്യകത്തെ മുൻ തലമുറയിൽപ്പെട്ട വലിയകാരണവന്മാരുടെ ആഭിചാര കർമ്മങ്ങൾ വീണ്ടും ഇവിടെ ആവർത്തിക്കണം . ശ്രീകാന്തനെന്ന യക്ഷനെ ഇല്ലാതാക്കിയ കടുത്ത ആഭിചാരം. പക്ഷേ ഇരുപത്തിയൊന്ന് വർഷങ്ങൾ കാത്തിരിക്കണം . സൈരന്ദ്രിയുടെ ഇരുപത്തിയൊന്നാം പിറന്നാൾ ദിവസം ഇരുപത്തിയൊന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഭിചാര കർമ്മങ്ങളുടെ അവസാന ദിവസമായി ചിട്ടപ്പെടുത്തണം .
ജോത്സ്യൻ നിർദേശിച്ചതൊക്കെയും കഴിഞ്ഞ ഇരുപതു വർഷങ്ങളായി ഹിരണ്യകത്തുള്ളവർ അനുഷ്ഠിച്ചു പോന്നു. ദിവസങ്ങളോരോന്നും കൂട്ടിവെച്ച മണിമുത്തുകൾ പോലെ പൊഴിഞ്ഞുവീഴും തോറും സൈരന്ദ്രിയിലെ സ്ത്രീത്വവും സൗന്ദര്യലാവണ്യങ്ങളുമേറി വന്നു.
അന്ധവിശ്വാസങ്ങളുടെ ചട്ടക്കൂട്ടിൽ വളർന്നു വന്ന സൈരന്ദ്രിയ്ക്ക് നിഷേധിക്കപ്പെട്ട നല്ല ബാല്ല്യത്തിന്റെ നഷ്ടബോധം, അവളെ വല്ലാതെനീറ്റിക്കൊണ്ടിരുന്നു. കാലപ്രയാണത്തിൽ അവൾ ഋതുമതിയായി, സ്ത്രീയായി. തീണ്ടാരിയാക്കപ്പെടുന്ന ഏഴുദിവസങ്ങളിൽ അവൾ നരകയാതനകളറിഞ്ഞു. പടിഞ്ഞാറ്റെയിലെ ഇടിഞ്ഞ മുറിയിൽ ഒറ്റജനൽ പാളിയുടെ നേർത്ത വെളിച്ചത്തിൽ ചുവപ്പു പടർന്ന തഴപ്പായുമായി അവൾ നിമിഷങ്ങളെ കൊന്നു. അപ്പോഴൊക്കെയും ഒരിറ്റു ആശ്വാസം ദേവയാനിയായിരുന്നു. അവളുടെ സങ്കടങ്ങൾ ദേവയാനിയിലേക്ക് പകർന്നു നൽകുമ്പോൾ തിരസ്ക്കരിക്കപ്പെട്ട വാത്സല്യവും സ്നേഹവും ദേവയാനിയും അവൾക്ക് പകരം നൽകി. ഒരിക്കൽ ഒരു അഷ്ടമിനാളിലാണ് ദേവയാനി സൈരന്ദ്രിയോട് ശ്രീകാന്തനെന്ന യക്ഷനെ കുറിച്ച് പറഞ്ഞത്. തലമുറകളായി ഹിരണ്യകത്തെ വാല്ല്യപരമ്പരയിൽ പ്പെട്ട ദേവയാനിക്ക് ഹിരണ്യകത്തെ ഭൂതകാലങ്ങളത്രയും സ്പഷ്ടമായിരുന്നു. ഇരുന്നൂറ് വർഷങ്ങൾക്കപ്പുറം ജീവിച്ചിരുന്ന ശ്രീകാന്തനെന്ന ചിത്രകാരനെ കഠിനമായ ആഭിചാരക്രിയകളിലൂടെയും ദുർമന്ത്രവാദങ്ങളിലൂടെയും തമ്പുരാക്കന്മാർ ഇല്ലാതാക്കിയതിന് ഒരു കാരണമുണ്ട്, ശ്രീകാന്തന്റെ കരുത്തുറ്റ ശരീരവും തേജസ്സുള്ള മുഖവും അസാമാന്യമായ ചിത്രകലാനൈപുണ്യവും കണ്ടു ഭ്രമിച്ച് തമ്പുരാക്കന്മാരുടെ പത്നിമാർ അവനിൽ ആകൃഷ്ടനാവുകയും ദിവസേന രതിക്രീഡകളിലേർപ്പെടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു തിരുവാതിരനാളിൽ പള്ളിയറയിൽ തന്റെ പത്നി ,ശ്രീകാന്തനോടൊപ്പം കാമകേളികളിലാറാടുന്നതിന് ദൃക്‌സാക്ഷിയായ തമ്പുരാൻ അവളെ കഠിനമായി ഉപദ്രവിക്കുകയും ശാസിക്കുകയും താക്കീതു നൽകുകയും ചെയ്തു. പക്ഷേ ആൾബലം കൊണ്ടോ കൈക്കരുത്തുകൊണ്ടോ ശ്രീകാന്തനെ നേരിടുവാൻ പോന്ന ധൈര്യമൊന്നും അവറ്റകൾക്കില്ലായിരുന്നു.അന്നത്തെ ഗൃഹപ്രധാനിയെ വിവരമറിയിച്ചപ്പോൾ തറവാട്ടുസഭയിൽ ശ്രീകാന്തനെ വരുത്തുവാനും തെറ്റുകളേറ്റുപറഞ്ഞ് മാപ്പിരക്കുവാനും തീരുമാനമായി. പക്ഷേ സഭാ മധ്യത്തിൽ ശ്രീകാന്തനിപ്രകാരമായിരുന്നു പറഞ്ഞത്.
' സ്ത്രീകളെയാരെയും ഞാൻ തേടിപ്പോയതല്ല. അവരെന്നെ തേടിവന്നതാണ്. ഞങ്ങളുടെ ആദ്യ കൂടികാഴ്ച്ചയിൽ കാമകേളികളില്ലായിരുന്നു. അവർക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചൊല്ലിയുള്ള വേദനകളായിരുന്നു എന്നോട് പറഞ്ഞിരുന്നത്. നാട്ടിലുള്ള സ്ത്രീകളെ, അടിയാന്മാരുടെ ഭാര്യമാരെ, സഹോദരിമാരെ അധികാരത്തിന്റെ മേലങ്കിയിൽ കാമഭോഗത്തിനിരയാക്കിശേഷം സ്വന്തം കിടപ്പറയിൽ ഭാര്യയെ അവഗണിച്ച്, വാക്കുകളാൽ പ്രഹരിക്കുന്നതിന്റെ വേദനകളായിരുന്നു തമ്പുരാട്ടിമാരെന്നോട് കരഞ്ഞുപറഞ്ഞത്. അവർക്ക് നിഷേധിക്കപ്പെട്ടതൊക്കെയും ഞാൻ വേണ്ടുവോളം നൽകി. ആത്മസംതൃപ്തിയാൽ അവരെന്നെ വീണ്ടും വീണ്ടും തേടിവന്നു. ചെയ്തതിനെ നീതികരിക്കുകയല്ല ഞാൻ , പക്ഷേ കൺമുന്നിലുള്ളത് കാണാതെ അശരണരുടെ കണ്ണുനീരിൽ നീരാട്ട് നടത്തുന്ന ഇവരിത് അർഹിക്കുന്നു. ഇനിയുമിത് ആവർത്തിക്കപ്പെട്ടാൽ തമ്പുരാട്ടിമാർക്ക് വേണ്ടുവോളം ഇനിയുമെനെറ് പുരുഷത്വം ഞാൻ നൽകും. തടയുവാനാർക്കാണ് ധൈര്യമെന്ന് ഞാനൊന്നു കാണട്ടെ. '
ശ്രീകാന്തന്റെ മറുപടിയിൽ സഭയും അധികാരികളും നിശബ്ദരായി. എന്തും ചെയ്യുവാൻ പ്രാപ്തിയുള്ള ,ബുദ്ധി സാമർത്ഥ്യമുള്ള ശ്രീകാന്തനെന്ന ഉത്തമപുരുഷനെ പ്രത്യക്ഷത്തിലും പരോക്ഷത്തിലും നേരിടുവാൻ ഭീരുക്കളായ തമ്പുരാക്കന്മാർ ഭയന്നു.
പക്ഷേ കൂർമ്മ ബുദ്ധിയുള്ളവനും ദുർമന്ത്രവാദ- ആഭിചാര കർമ്മങ്ങളിൽ സർവ്വസ്വവും കൈക്കലാക്കിയിരുന്നതുമായ വേദരഥനെന്ന വലിയ തമ്പുരാൻ ആ സമയങ്ങളിൽ മൗനമായ് സംയമനം പാലിച്ചു. സഭ പിരിഞ്ഞതിനു ശേഷം മറ്റു തമ്പുരാക്കന്മാരോടും ജോത്സ്യരോടുമൊക്കെയായി പറഞ്ഞു ' ഇവിടെ പ്രയോഗിക്കേണ്ടത് തന്ത്രമല്ല , കൈക്കരുത്തല്ല. മറിച്ച് മന്ത്രങ്ങളാണ്.. കടുത്ത ആഭിചാരമന്ത്രങ്ങൾ. പിതൃക്കന്മാർ പകർന്നു നൽകിയ മന്ത്രവിധികളും താളിയോലക്കെട്ടുകളും ചിതലരിച്ചിട്ടില്ല .. അവയിന്നും നമ്മുടെ കൈയ്യിൽ ഭദ്രം.!''
പതിനെട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്ന കറുത്ത പക്ഷത്തിലെ അമാവാസിക്കായി ഹിരണ്യകത്തിലെ രഹസ്യനിലവറകളൊരുങ്ങി. ദുർമന്ത്രോച്ഛാരണങ്ങൾ കൊടുംപിരികൊണ്ടു. ശ്രീകാന്തന്റെ ജനനസമയത്തിലെ നാഴികയും വിനാഴികയും ഒരു തെല്ലിടപോലും വിത്യാസപ്പെടാതെ കണക്കുകൂട്ടിയെടുത്ത് അതേ ജന്മനക്ഷത്രത്തിൽ കാഞ്ഞിരത്തടിയുടെ കാതൽ കൊണ്ട് ഒരു മനുഷ്യരൂപം വേദരഥൻ പണികഴിപ്പിച്ചു. അനവധി ആഭിചാരകർമ്മങ്ങൾക്ക് മൂകസാക്ഷിയാക്കപ്പെട്ട ആ പ്രതിമയെ കഠിന വ്രതമെടുത്ത് ദിവസവും പകലിന്റെ അവസാനപാദവും രാത്രിയുടെ ആദ്യപാദവും സന്ധിക്കുന്ന ഗതികെട്ട നേരത്തിൽ കരിങ്കോഴിയുടെ തലയറുത്ത കടുത്ത രക്തത്തിൽ ചെമ്പരത്തിയുടെ നൂറ്റിയൊന്ന് ഇതളുകൾ ചതച്ച് ചേർത്ത് അഭിഷേകം ചെയ്തുപോന്നു. ദുർമന്ത്രവാദങ്ങളുടെ ശക്തികൊണ്ടും പാപരക്തപാനം കൊണ്ടും പ്രതിമയിൽ തിന്മയുടെ കറുത്ത നിഴലുകൾ സന്നിവേശിപ്പിക്കുകയെന്നതായിരുന്നു വേദരഥന്റെ ലക്ഷ്യം. കൂട്ടിക്കിഴിക്കലുകൾ കൃത്യമായാൽ അമാവാസിയുടെ തലേന്നാൽ പ്രതിമയുടെ കണ്ണുകളിൽ നിന്ന് രക്തം കിനിയും. അത് സംഭവിച്ചാൽ ശ്രീകാന്തന്റെ പ്രതിരോധ ശക്തി ക്ഷയിച്ച് ദേഹത്തിൽ രക്തസ്രാവമുണ്ടായി അമാവാസി നാളിൽ അപമൃത്യു ഉണ്ടാവും. ആ നിമിഷത്തിൽ അഥർവ്വമന്ത്രങ്ങളുടെ ശത്രുവിനാശ ശക്തിയാൽ ഹിരണ്യകത്തിലെ തമ്പുരാക്കന്മാരുടെ പക്ഷം വിജയം പ്രാപിക്കും. അപ്രകാരം തന്നെ സംഭവിച്ചു. കറുത്ത പക്ഷത്തിലെ അമാവാസിയിൽ ശ്രീകാന്തൻ അപമൃത്യു വരിച്ചു.!
അന്ന് രാത്രി ഹിരണ്യകത്തിലെ അന്തരീക്ഷം രക്തത്തിന്റെ തീക്ഷ്ണഗന്ധത്താൽ ആവരണം ചെയ്യപ്പെട്ടു. ശക്തമായ പേമാരികളും രോഷം പൂണ്ട മിന്നൽപിണരുകളും കൊടുങ്കാറ്റും , പ്രതിമയ്ക്കായ് വെട്ടിയെടുത്ത കാഞ്ഞിരമരത്തെ കടപുഴക്കി മലർത്തിയടിച്ചു.
പക്ഷേ ,ദുർനിമിത്തങ്ങൾ കണ്ട് ഹിരണ്യകം ഭയന്നിരുന്നപ്പോൾ അന്നും ജോത്സ്യൻ പ്രവചിച്ചിരുന്നു.
' രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ഹിരണ്യകത്തുകാർ ഇതിനു കണക്കു പറയേണ്ടിവരും. ദുർമന്ത്രവാദത്തിന്റെയും ആഭിചാരകർമ്മങ്ങളുടെയും അനന്തരഫലമെന്തെന്നാൽ ,അത് പതുങ്ങിയിരിക്കുന്ന വിനാശമാണ്. ഇന്നല്ലെങ്കിൽ നാളെയത് ഹിരണ്യകം നേരിടേണ്ടി വരും ! '
ഇരുന്നൂറ് വർഷങ്ങൾക്ക് ശേഷം സൈരന്ദ്രിയുടെ ജനനവും ഒരു കറുത്ത പക്ഷത്തിലെ അമാവാസിയിലായിരുന്നു.ജനനം മുതൽ ഇരുപത്തിയൊന്ന് വർഷം വരേയ്ക്കും ഹിരണ്യകത്ത് അനിഷ്ഠതകളും ദുർനിമിത്തങ്ങളും നൽകുന്നത് സൈരന്ദ്രിയുടെ ജന്മശാപമായി കണ്ട് അവളെയും ഇല്ലായ്മ ചെയ്യുവാനൊരുങ്ങുന്ന തമ്പുരാക്കന്മാർ തങ്ങളുടെ പിതൃക്കൾ ചെയ്ത മഹാപാതകത്തെ വീണ്ടും സൈരന്ദ്രിയുടെ ഇരുപത്തിയൊന്നാം ജന്മദിനത്തിൽ ആവർത്തിക്കുവാനൊരുങ്ങുന്നു. ഹിരണ്യകത്തിന്റെ യശസ്സിന് ഭംഗം വരുത്തുന്നതെന്ന പേരിൽ സൈരന്ദ്രിയെ ഇല്ലായ്മ ചെയ്യുവാനായ് അമാവാസിക്ക് പതിനെട്ടു ദിവസങ്ങൾക്കു മുൻപേ മന്ത്ര ചമയങ്ങൾ തയ്യാറെടുപ്പുകൾ കൊണ്ടുതുടങ്ങി.നിലവറകൾ അഥർവ്വമന്ത്രങ്ങളാൽ നിറഞ്ഞു. വീണ്ടും അധർമ്മങ്ങളാവർത്തിക്കപ്പെടുന്നത് പ്രകൃതിയോ അദൃശ്യ ശക്തിപ്രഭാവങ്ങളോ തിരിച്ചറിഞ്ഞിട്ടാവാം.. അന്തരീക്ഷത്തിൽ പലവിധ വ്യതിയാനങ്ങൾ കണ്ടുതുടങ്ങി.ദിവസങ്ങൾ പിന്നിടുന്നേറും പെയ്യുന്ന മഴയും പ്രകൃതിക്ഷോഭവും കനത്തു വന്നു. അർത്ഥരാത്രികളിൽ കൊടുങ്കാറ്റുകൾ ഇരട്ടി കരുത്താർജ്ജിക്കുന്നു. അതിനിടയ്ക്കാണ് കാഞ്ഞിരത്തടിയിൽ സ്ത്രീരൂപം തീർത്തുകൊണ്ടിരുന്ന തമ്പുരാന്റെ പിണിയാളിന് വസൂരി പിടിപ്പെട്ടത്. ദുർമന്ത്രവാദങ്ങളടങ്ങിയിരുന്ന താളിയോല കെട്ടുകൾ അപ്രത്യക്ഷമായത്. കോഴി രക്തത്തിൽ ചേർക്കുവാനായ് ചെമ്പരത്തിയിലകൾ തേടി ഹിരണ്യകത്തെ അടിയാന്മാർ നാടാകെയലഞ്ഞുവെങ്കിലും കടുത്ത വേനലിൽ വാടിക്കരിയാത്തതല്ലാതെ ഒരിതൾ പോലും അവിടെയെങ്ങുമവശേഷിച്ചിരുന്നില്ല.
കർമ്മങ്ങൾക്ക് സദാ തടസ്സങ്ങൾ നേരിടുന്നതിന്റെ കാരണങ്ങളറിയുവാൻ ജോത്സ്യൻ പ്രശ്നം വെക്കുവാനൊരുങ്ങിയപ്പോൾ ആരൂഢം മറഞ്ഞു.!
' ഹിരണ്യകത്ത് എന്തൊക്കെയോ വലിയ വിപത്തുകൾ സംഭവിക്കുവാൻ പോകുന്നു ' എന്ന ഉത്തരം മാത്രം നൽകി ജോത്സ്യൻ നിശബ്ദനായി.
ആർത്തവത്തിന്റെ ഏഴുനാളുകൾക്ക് ശേഷം സൈരന്ദ്രി പടിഞ്ഞാറ്റയിൽ നിന്ന് സ്വതന്ത്രയായി. തന്റെ പ്രിയപ്പെട്ടവരെ കാണുവാൻ അവൾ ഉല്ലാസത്തോടെ തൊടിയിലേക്കിറങ്ങും വഴി ഉമ്മറത്തിരിക്കുന്ന തമ്പുരാക്കന്മാരുടെ സഭ കണ്ടു. അവരെന്തൊക്കെയോ ഗൗരവമായി ആലോചിക്കുകയാണ്. സൈരന്ദ്രയെ കണ്ടതും രോഷത്തോടെ അവളെ ശകാരിക്കുവാനൊരുമ്പെട്ട ചിത്രൻ തമ്പുരാനെ ജോത്സ്യരുവിലക്കി .
' അവളിൽ അസാമാന്യമായതെന്തോ സന്നിവേശിച്ചിരിക്കുന്നു. കർമ്മങ്ങളുടെ തുടക്കം മുതൽ ഭംഗം വരുന്നത് വെറുതെയല്ല ' സഭ നിശബ്ദമായി . മുറുക്കാൻ ചെല്ലത്തിൽ വെറ്റിലകൂട്ടുകൾ ശരവേഗത്തിൽ കുറഞ്ഞു കുറഞ്ഞു വന്നു. തെടിയിലേക്ക്, തന്റെ പതിവു സൗഹൃദങ്ങളെ ദിവസങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ സൈരന്ദ്രയിൽ ആവേശം തിരതല്ലിയിരുന്നു. യക്ഷ- ഗന്ധർവ്വ കിന്നരന്മാർ അണഞ്ഞിരുക്കുന്ന മംഗല്ല്യപാലമരത്തിന്റെ സമീപത്തോട്ട് ഒരു പുതുപ്പെണ്ണിന്റെ നാണത്തോടെയവൾ നടന്നു ചെന്നു.ഇതൊക്കെയും തമ്പുരാന്മാർ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പാലമരത്തിന്റെ വിരിമാറിൽ ചാരിനിന്നവൾ സന്തോഷ ഭാവത്തോടെയെന്ന പോൽ പറഞ്ഞു.:
' അതേയ്.. സൈരന്ദ്രിയില്ലാതാകുവാൻ പോകുവാട്ടോ, എന്റെ ജന്മം തന്നെ ദു:ശ്ശകുനമാണെന്ന്., അമ്മ തമ്പുരാട്ടിയെ ഒരു നോക്കുപോലും കാണാനുള്ള യോഗം നിക്കുണ്ടായില്ലല്ലോ.. എനിക്ക് സന്തോഷാണ്, അമ്മയുടെ ലോകത്തേക്കാവും ഞാൻ പോവുന്നത്.. '
മുഖത്ത് പുഞ്ചിരിയാണെങ്കിലും അവളുടെ കണ്ണുകൾ സമൃദ്ധമായ ഉറവയെന്നപോൽ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾ പറയുന്നത് കേട്ട തമ്പുരാക്കന്മാർ ഞെട്ടിവിറച്ച് പരസ്പരം നോക്കി, ഇവളിതൊക്കെയും എങ്ങനെയറിഞ്ഞുവെന്ന ഭാവത്തിൽ . അപ്പോഴും പാലമരത്തിൽ മിഴികളടച്ച് ചാരി നിൽക്കുകയായിരുന്നു സൈരന്ദ്രി. ഇനിയെന്ത് എന്ന് ചിന്തിച്ചുകൊണ്ട് അവളെയുറ്റു നോക്കി പരസ്പരം ചിന്തകൾ കൈമാറുന്ന തമ്പുരാക്കരുടെയടുത്തേക്ക് ഹിരണ്യകത്തെ ഒരു വാല്ല്യക്കാരൻ ഓടിവന്ന് ഉച്ചത്തിൽ പറഞ്ഞു.
' അങ്ങുന്നേ.. തറവാടിന്റെ നാലതിരുകളിൽ നാലു വലിയ നിധികുംഭങ്ങളിരിക്കുന്നു..! ' ഇത് കേട്ട മാത്രയിൽ തന്നെ തമ്പുരാക്കന്മാർ നിധികുംഭത്തിനടുത്തേക്ക് പാഞ്ഞു. നിലവറയിൽ ആഭിചാരകർമ്മങ്ങളിലായിരുന്ന മറ്റുള്ളവരും കർമ്മങ്ങൾ പാതിവഴിയിൽ നിർത്തി നിധികുംഭത്തിനടുത്തേക്ക് വന്നെത്തി. കുംഭം തുറന്നു കണ്ടപ്പോൾ എല്ലാവരുടെയും കണ്ണുകൾ മിഴിഞ്ഞു, അതിൽ മഞ്ഞ വെളിച്ചം പ്രതിഫലിച്ചു. അമൂല്ല്യമായ രത്നങ്ങളും പവിഴമുത്തുകളും എണ്ണിയാലൊടുങ്ങാത്ത സ്വർണ്ണാഭരണങ്ങളും.. തമ്പുരാക്കന്മാർ മറ്റെല്ലാം മറന്ന് നിധിയിൽ ഭ്രമിച്ചിരുന്നപ്പോൾ മുടക്കം വന്നത് പാതിയിൽ നിർത്തിയ ആഭിചാര കർമ്മങ്ങളിലാണ് . നിലവറയിൽ പട്ടുചേലയിൽ പൊതിഞ്ഞിരിക്കുന്ന ,മന്ത്രങ്ങളടങ്ങിയ താളിയോലകെട്ടുകൾ അഗ്നിക്കിരയായിത്തുടങ്ങി. അതേ സമയം പാലമരത്തിൽ ചാരിനിന്ന സൈരന്ദ്രി ഒരിതൾ കൊഴിഞ്ഞു വീഴുന്നപോലെ മരച്ചുവട്ടിലേക്ക് വീണു..!
ആ നിമിഷം മുതൽ വീണ്ടും ശക്തമായ കാറ്റിന്റെയകമ്പടിയിൽ പേമാരിയും കലിതുള്ളി പെയ്തുടങ്ങി. മഴവെള്ളം തൊട്ട് മെല്ലെ മിഴിയൊന്നനങ്ങിയ സൈരന്ദ്രിയുടെ കാതുകളിൽ ആരോ പതിയെ മന്ത്രിച്ചു .
' നിനക്കൊപ്പം ജീവിക്കുവാൻ ,നിന്റെ സാന്നിദ്ധ്യമേൽക്കുവാൻ ഹിരണ്യകത്തുള്ള മൂഢന്മാർക്ക് അർഹതയില്ല .അതിനാൽ നിന്നെ ഞാൻ കൊണ്ടുപോകുന്നു.!'
സൈരന്ദ്രിക്കു ചുറ്റും നിന്നിരുന്ന വാലാട്ടിക്കിളികളും അണ്ണാറക്കണ്ണന്മാരും മറ്റു പക്ഷികളുമെല്ലാമപ്പോൾ അലമുറയിട്ടു കരഞ്ഞു. സുഗന്ധമില്ലാത്ത പൂക്കൾ പൊഴിഞ്ഞു വീണു. സുഗന്ധമുള്ളവ മുഖം താഴ്ത്തി. തളിരിലകൾ കൊടിയ മഴയത്തും വാടിക്കരിഞ്ഞു.
നിലവറയിലെ താളിയോലക്കെട്ടുകളിൽ നിന്നും തീ പടർന്നിറങ്ങുന്ന നേരം കാലൻകോഴികൾ രോഷത്തോടെ കൂവുന്നുണ്ടായിരുന്നു. നിധികുംഭത്തിന് സമീപം നിന്നിരുന്ന ജോത്സ്യൻ മറ്റുള്ളവരോട് ഭയന്ന് വിറച്ചുകൊണ്ട് പറഞ്ഞു -
' ഇന്ന് കറുത്ത പക്ഷത്തിലെ അമാവാസിയാണ് ..!'
ഇത് കേട്ട് നടുങ്ങിയ തമ്പുരാക്കന്മാർ സ്വർണ്ണാഭരണങ്ങൾ വിഷ സർപ്പങ്ങളായി മാറുന്ന അപൂർവ്വ നിമിഷങ്ങൾക്ക് ദൃസാക്ഷികളായി .!
- വിപിൻ -

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo