Showing posts with label SumodParumala. Show all posts
Showing posts with label SumodParumala. Show all posts

കറുത്ത...കുട്ടി .

Image may contain: Sumod Parumala
ഇടുങ്ങിക്കൂർത്ത സൂചിക്കുഴലുകളിലൂടെയാണവൻ സ്കൂളിലേയ്ക്ക് നടക്കുക .
മഹാത്മാവിന്റെ ചരിത്രം
പഠിയ്ക്കുമ്പോഴവൻ
കിരാതനായൊരു
കാട്ടുരാജാവായിത്തീരും .
ഹിറ്റ്ലറെ വായിച്ചുതീരുമ്പോഴേയ്ക്കും
ഉഗ്രപ്രതാപിയായൊരു
പ്രവാചകനിലേയ്ക്ക് കുടിയേറും .
പച്ചയും വെള്ളയും പാടലവർണ്ണവും
കൃഷ്ണമണികളിലാഞ്ഞാഞ്ഞ് കൊത്തും .
തലതിരിഞ്ഞ രാസവാക്യങ്ങൾ
കോരിക്കുടിച്ച് ,ദ്രാവകങ്ങളെ വാതകങ്ങളാക്കിപ്പിരിച്ചെഴുതും
നാവിന്റെ വേർ മുനകൾക്കിടയിൽ വച്ച്
നീലനിറമുള്ള വിഷപ്പാമ്പുകളെ വിരിയിച്ചെടുക്കും .
പിന്നീടാണവൻ ബയോളജി പഠിയ്ക്കുക .
ഉറയൂരിപ്പിടിച്ച കരവാളൂം
രാകിമിനുസപ്പെടുത്തിയ
കത്തിയലകിന്റെ മൂർച്ചയുമവൻ സ്വന്തമസ്ഥിക്കുഴലുകൾക്കുള്ളിൽ തിരുകിക്കയറ്റും .
നിദ്രകൾ നിലയുറയ്ക്കാത്ത
രാത്രികൾതോറുമവൻ
മരിച്ചുപോയ മനുഷ്യരോടൊത്ത്
നടന്നുമറയും .
ഇരുട്ടുവീണ നാട്ടുവഴികളിലോ
ഇടുങ്ങിക്കറുത്ത കുടുസ്സുകളിലോ
മൂലമുളച്ചകൂട്ടുകാരിയെ
കണ്ടെത്തുമ്പോൾ
ഉറയൂരിയ കത്തിയലക്
പിടിയോളമാഴ്ത്തിയിറക്കും,
അവളിലേയ്ക്ക് .
പാതിപഠിഞ്ഞുമാഞ്ഞ
അനാട്ടമിയിലൂടെയവൻ
സെമിത്തേരിപ്പറമ്പുകളിലേയ്ക്ക്
ഉണർന്നുയർന്നതരുണാസ്ഥിയുമായി
പാഞ്ഞുകയറും ...
പിന്നീടങ്ങോട്ട് ചീഞ്ഞുതുടങ്ങിയ
പെൺകല്ലറകൾ തുറന്നടയും .
പിന്നീടാണ് ..
പ്രിസ്കിപ്ഷൻപാഡുകളിൽ
മുന്തിയ ഡോക്ടർമാർ
ന്യൂറോട്രാൻസ്മിറ്ററുകളുടെ
കാൾഷീറ്റുകൾ
എഴുതിത്തുടങ്ങുക .
ചിലപ്പോൾ
നിലച്ചുപോയ നിതാന്തനിശബ്ദതയുടെ
ഇരുട്ടുമുറ്റിയയൊരൊറ്റ നിമിഷത്തിലേയ്ക്ക്
അവൻ ,
എന്നേയ്ക്കുമായി കടപുഴകിവീഴും .
അരിച്ചരിച്ചെത്തുന്ന
വെളിച്ചത്തിന്റെ വെള്ളിനൂലുകളിലൂടെ
ദ്രവിച്ചൊട്ടിയയൊരു തലച്ചോറ്
ആഴക്കടലിന്റെശാന്തതയിലേയ്ക്ക്
കുന്നുകയറാനും മതി .

By: Sumod Parumala

തൂലിക

Image may contain: Sumod Parumala

അഗ്നിച്ചിറകുകളുള്ള
തൂലികയായിപ്പിറക്കണം .
വർണ്ണരാജികളുടെയാകാശ -
വിസ്മയങ്ങളിലല്ല ..
'ആസുരതയുടെ തമോഭൂമികകളിലൂടെ
അഗ്നിശൈലങ്ങൾ ചീറ്റിപ്പാറിനടക്കണം .
അവിടെ ഒരായിരം നക്ഷത്രങ്ങളെ
പതിച്ചുവയ്ക്കണം .

മാദകത്വങ്ങളുടെ വഴുവഴുത്ത
പെണ്ണുടലുകൾ വകഞ്ഞുമാറ്റി
ആർദ്രതയുടെ ശ്യാമതീരങ്ങളിൽ
നീതിബോധങ്ങളുടെ
കവിതകൾ വരയണം .

അശ്വാരൂഢന്റെയും ആനക്കാരന്റെയും
മരംകയറിയുടെയും
സീവനിഞരമ്പുകളിൽ കുടിയിരിയ്ക്കുന്ന
വിരൂപതകളുടെയാണുടലുകളിൽ,
കഠിനാദ്ധ്വാനങ്ങളുടെയുപസ്ഥങ്ങളിൽമാത്രം..
വീറുറ്റ പൗരുഷം നാട്ടുന്നകാലത്തിന്റെ - കാവ്യനീതിയെ,ചിറകുകളിലേറ്റണം .

ഉരുക്കുഭിത്തികളുടെ,
ചേറുമണക്കുന്ന ഗർഭപാത്രങ്ങളിൽ
അഗ്നിബീജങ്ങൾ വർഷിയ്ക്കണം,
വയലുകളിൽ " *അഗ്നി " വിതച്ച്
മഹാനഗരങ്ങളെ
കാൽച്ചുവട്ടിലൊതുക്കണം .

പ്രാചീനതയുടെ കൊത്തളങ്ങളിൽ
പിത്തമൂറുന്ന ശരീരങ്ങളിലെ
വിയർപ്പുരുചിയ്ക്കാത്ത പൂണൂലുകളിലെ
സ്മൃതികളുടെ നീതിശാസ്ത്രങ്ങൾ
പറിച്ചെടുത്തണിയണം .
അവയിൽ മാനവസത്തയുടെ
വിശിഷ്ടാദ്വൈതം വിളക്കിച്ചേർക്കണം.

ഭോഗാസക്തിയുടെ പകൽപ്പൂരങ്ങളിൽ
നിറഞ്ഞാടുന്നതലമുറകളിൽ നിന്ന്
സുദർശനങ്ങളണിഞ്ഞ ,
ആയിരംകണ്ണുകളുള്ള *'യർജ്ജുനൻ' മാരെ
വിരിയിച്ചെടുക്കണം .
അവരെ ...അതിപ്രാകൃതമായ
വിഷാദയോഗങ്ങളിൽ നിന്ന്
മാനവഗീതയിലൂടെയുണർത്തിയെടുക്കണം .

എവിടെയെങ്കിലും...
എവിടെയെങ്കിലും ,
ഒരു 'മനുഷ്യനെ ' നട്ടുവളർത്തണം .

* അർജ്ജുനൻ = ഋജുവായചിന്തയോട് കൂടിയവൻ .

* അഗ്നി = അന്നം

നഗരംമുഖത്തെഴുതിവച്ചയാൾ .

Image may contain: Sumod Parumala, beard, selfie and closeup
ഒരു നഗരത്തിന്റെയശ്ലീലം മുഴുവൻ മുഖത്തെഴുതിവച്ചയൊരാൾ തിടുക്കപ്പെട്ട് ഗ്രാമത്തിലേയ്ക്ക് നടക്കുന്നു .
ഓർമ്മകൾ തുടങ്ങുംമുമ്പ് അറ്റുപോയ
ഒരു പൊക്കിൾക്കൊടിച്ചൂരിലേയ്ക്ക്
അകാലത്തിലൊരു സ്വപ്നാടനം .
ഇടുങ്ങിയ ചെമ്മൺനിരത്തുകൾ
കനത്തുമിനുത്ത ടാർറോഡുകളായി
അയാളെ അത്ഭുതപ്പെടുത്തി .
മധുരം വാരിക്കൂട്ടിയ മാന്തോപ്പുകൾ,
കണ്ണഞ്ചിപ്പോകുന്ന പ്രാസാദങ്ങൾ .
പുഴയിലേക്കിറങ്ങുന്ന വഴിയോരത്ത്
ചായപ്പീടികകൾ നിന്നയിടത്ത്
അലങ്കാരച്ചെടികളുടെ
നഴ്സറിയോട്ചേർന്ന്
ബ്രോയിലർക്കോഴികളുടെ
മരണപ്പിടച്ചിൽ ..
ഇറച്ചിക്കടയ്ക്കുമുന്നിൽ
ചാവാലിപ്പട്ടികൾ ..
അലഞ്ഞെത്തിച്ചേർന്നിടത്ത്
ദേശീയബാങ്കിന്റെ ബ്രാഞ്ച്,
ആകാശംതൊട്ട് മൊബൈൽ ടവർ .
വീട് ജപ്തി ചെയ്യപ്പെട്ടവന്റെ ശവം
സെമിത്തേരിയിലേയ്ക്കെടുത്തപ്പോൾ
അയാളുമൊപ്പം കൂടി .
ആറാംനമ്പർ കല്ലറയുടെ മുമ്പിൽ
നിർവ്വികാരനായി നിൽക്കുമ്പോഴാണ്
പൊക്കിൾച്ചുഴിയ്ക്കുള്ളിൽ
സൂചിത്തുമ്പുതറച്ചതുപോലെ വേദനയറിഞ്ഞത് .
നഗരത്തിന്റെയശ്ലീലം
മുഖത്തെഴുതിവച്ചവന്
കടംകയറിവിറ്റുതുലച്ച,
ചെറ്റപ്പുരനിന്നയിടം
കണ്ടെത്താനായില്ല .
ആറ് പെഗ്ഗ് " നിപ്പനടിച്ച് "
ചുണ്ടുതുടച്ച് കത്തിച്ച സിഗരറ്റുമായി
നിലാവ് വകഞ്ഞുമാറ്റി
വേച്ചുവേച്ചിറങ്ങിയപ്പോൾ
ഗ്രാമം അയാളുടെ കണ്ണുകളിൽ
ഒരു നഗരം പണിഞ്ഞുവെച്ചിരുന്നു .
അഴുക്കുചാല് നാറുന്ന
ലോഡ്ജ് മുറിയ്ക്കുള്ളിലിരുന്ന്
അയാൾ "പോൺ ഹബ്ബി" ലേയ്ക്ക്
മുടന്തിമുടന്തിക്കയറി .
ഗ്രാമങ്ങളും നഗരങ്ങളും
ഒന്നായിത്തീരുന്ന കാഴ്ച
അതിനുള്ളിലിരുന്നയാളറിഞ്ഞു .
പിറ്റേന്നാൾ
അഴുക്കുചാല് മണക്കുന്ന ലോഡ്ജ് മുറി
പോലീസെത്തി പൂട്ടിമുദ്രവച്ചു .
ഒരു നഗരത്തിന്റെയശ്ലീലമൊട്ടാകെ
മുഖത്തെഴുതിവച്ചൻ
ഒരിയ്ക്കലുമൊരിയ്ക്കലും
തിരിച്ചുപോയില്ല .

by- sumod parumala

അതിമധുരം


അതിമധുരം തുളുമ്പുന്ന
നനുത്ത സ്മരണകളുടെമേൽ
കാഞ്ഞിരംപോലെ കയ്ക്കുന്ന
ഒരുപിടി വാക്കുകൾ പുതപ്പിച്ച്
പടിയിറങ്ങിപ്പോകുന്നു ..
നിഴൽസ്പർശം കൊണ്ടുപോലും
കളങ്കപ്പെടടുത്താത്ത
മൂക പ്രണയങ്ങൾ ...
മരണനാൾവരേയ്ക്കും
സ്നേഹമുറപ്പിച്ച് ,
സാന്ത്വനങ്ങളുടെ
വാഗ്സ്പർശങ്ങൾപൊഴിച്ച്
കടലും തിരയുംപോലെ
പടർന്ന ചിന്തകൾ ...
അനാഥമായിത്തീരുന്നു .
അബദ്ധത്തിൽ വലിച്ചെറിയപ്പെട്ട
ഒരുപിടി വാക്കുകൾ ..
മനസ്സിടറി വീണനിമിഷങ്ങളിൽ
അറിയാതെ വന്നുപോയ
ഒരു നേർത്ത അവഗണന
വൻമതിൽ തീർത്ത്
മനസ്സുകളെ വേർതിരിക്കാൻ
കാത്തിരുന്നതുപോലെ...
ധ്വനിപ്പിയ്ക്കൽ .
ഓർമ്മക്കൂട്ടിലവശേഷിച്ചവ
ചിലർ വെറുക്കുന്നു .
ചിലർ വേദനയോടെ കാണുന്നു .
ചിലർ അതിജീവിയ്ക്കുന്നു
ചിലർ തകർന്നു പോവുന്നു ..
അബദ്ധജടിലമായിത്തീരുന്ന
ഭംഗിയാക്കലുകൾ ...
പോകെപ്പോകെ ...
മുറിവുകൾക്ക് ആഴംകൂടുന്നു .
വ്രണങ്ങളായിത്തീരുന്നു ,
ഇന്നലെകളിലെ
പ്രണയസ്പന്ദനങ്ങൾ .
എങ്കിലും ...
അറച്ചറച്ച് കടന്നുവരുന്ന
യാഥാർത്ഥ്യങ്ങളുടെ
ഹൃദയങ്ങളിലേക്ക്
ഒതുങ്ങിക്കൂടുന്നു ... പലരും .
ഒരിയ്ക്കലും കാണാനാവാതെ
പരസ്പരമറിയാതെ ....
എങ്ങിനെയൊക്കെയോ ...
എവിടെയൊക്കെയോ ...
പതിറ്റാണ്ടുകൾ കഴിച്ച്
മാഞ്ഞു പോവുന്നു ..
മറഞ്ഞു പോവുന്നു .

By
Sumod Parumala

ഇനിയില്ല


ഇനിയില്ല പാടുവാൻ പാട്ടുകൾ ..
പാട്ടിന്റെ പകലുകൾ മൂകമായ് പടി കടന്നു ... 
ഇനിയില്ല ചൊല്ലുവാൻ കവിതകൾ ,
ഇരവിന്റെ കെടുതിയിൽ കവിതകൾ മണ്ണടിഞ്ഞു .
കുരുതിക്കളങ്ങളിൽ തലയറ്റു പിടയുന്ന
സ്നേഹക്കിളികൾ തൻ ചോരതൂവി,
പകരുവാനില്ല നിൻ പടിവാതിലിൽ
ഒരു മധുരാക്ഷരത്തിന്റെ കാഴ്ച പോലും .
ഇമചിമ്മിമറയുന്ന നൊടികളിൽ ജീവന്റെ
തിരി വെന്തുനീറുന്ന ദുരിതങ്ങളിൽ
കവിതക്കിളികൾക്ക് നൽകുവാനായ്തീർത്ത
കഥക്കൂട് ശൂന്യമായ് ... ശോകാർദ്രമായ്
നിന്റെ വഴികളിൽ തകരുന്ന വേളയായി .
പിറവികൾ തേടുന്ന മധുരഗാനങ്ങൾക്ക്
നിലവിളികൾ ശ്രുതിയിട്ട സാന്ധ്യരാഗം,
അകലെത്തുടിയ്ക്കുന്ന മൂകയാമങ്ങൾ
മറഞ്ഞുപോയ് നാം രണ്ടു പാഴ്ക്കിനാക്കൾ .
തമ്മിൽത്തിരഞ്ഞതും കാണാതെ പോയതും
ഇരുൾവഴികളിൽ വീണ് മറയുന്നതും
ഓർമ്മക്കനലുകൾ പാകിയ ജീവിത
സായന്തനങ്ങളിൽ പടരുന്നതും
പോയജന്മങ്ങളിൽ പാതിവിടർന്ന
കനവിന്റെ പൂവുകൾ കൊഴിയുന്നതും
മോഹം നുരയ്ക്കുന്ന പ്രണയക്കടലിന്റെ
യാഴങ്ങളിൽ വീണ് മറയുന്നതും
ഒരു പഴം പാട്ടിന്റെ ഹൃദയത്തിലെങ്ങിനെ,
ഒരു കുഞ്ഞുകവിതയുടെ ചൊടികളിൽ
പതയുന്ന... വിരഹഗാനത്തിന്റെ
നോവുകളിലെങ്ങിനെ ....
നമ്മളെ നാമായ്പ്പതിച്ചുവയ്ക്കും ...?

പുഴയൊഴുകും വഴി .


പുഴ ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു .
ഒഴുകാതെയിരുന്നാൽ പുഴ പുഴയാവില്ല .
പുഴസമൃദ്ധിയിൽ പുഴയ്ക്കുപങ്കില്ല .
അവമഴക്കാറുക്കളെ സ്വപ്നംകണ്ടൊഴുകുന്നു .
തീരത്ത് ,ഓരോ തളിരിലും
പുഴഹൃദയം തുടിയ്ക്കുന്നു .
പുഴയിലൂടെപൂക്കൾ ഒഴുകിവരാറുണ്ട്.
അകലെയകലെ നിന്നൊഴുകിയെത്തി
തൊട്ടുമുന്നിൽ തടഞ്ഞു നിന്ന്
അകലെയകലേക്കൊഴുകി മറയുന്നു .
പുഴയുടെഗതിയിൽ ,കാറ്റിന്റെ കനിവിൽ .
പൂക്കളേത്തേടി പുഴയിലേക്കിറങ്ങരുത് .
അവ നിങ്ങൾക്കുവേണ്ടി നിന്നുതരില്ല.
പുഴയുടെവഴിയിൽ നിന്ന്
അവയ്ക്ക് പിന്തിരിയാനാവില്ല .
നനഞ്ഞ് കുഴഞ്ഞ് ശ്വാസംമുട്ടി
നിങ്ങൾക്ക് പിന്തിരിയേണ്ടി വന്നേയ്ക്കാം .
കൈപ്പിടിയിലൊതുങ്ങിയാൽ പൂവ്
നോവു പൂത്ത് പിടയും .
പുഴയുടെ പാതകളെ ,അതിഷ്ടപ്പെടുന്നു .
പൂക്കൾ അവയുടെ വഴികളിലൊഴുകട്ടെ.
പുഴകളിലൂടെ ശവങ്ങളൊഴുകാറുണ്ട് .
അത് ശവങ്ങളുടെ വിധിയാണ് .
പുഴമനസ്സിൽ മീനുകളുടെയുത്സവം.
ചീർത്ത് വീർത്തമനസ്സുകളിൽ
അസൂയപ്പുഴകളൊതുക്കി ,
മീനുകളുടെയുത്സവം കണ്ടുനിൽക്കാറുണ്ട്
പുഴക്കരയിൽ .... കുറുക്കന്മാർ .
പുഴയൊഴുകുകയാണ് ..
ഒഴുകിക്കൊണ്ടേയൊഴുകുകയാണ് .

by: Sumod parumala

പടവുകൾ .


പടവുകൾ പറയുന്നത് കവിതകളുടെ കഥയല്ല ..
പടവുകൾ കഥ പറയുന്ന കവിതയാണ് .
പടവുകളിൽ ചോരത്തുള്ളികൾ
വീണുകിടക്കുന്നുണ്ട് ,
ക്ഷുഭിത യൗവ്വനത്തിന്റെ .
ആഗാ.... നീ എവിടെയാണ് ..?
ഒരു ശരമുനയായി ...
പടവുകളിൽ ഉറഞ്ഞ കണ്ണീർത്തുള്ളികളുണ്ട് .
ഒരിയ്ക്കലും ഉണങ്ങാനാവാതെ ,
മായ്ച്ചാലുംമായാതെ ..
പടവുകൾ സാന്ത്വനമായിരുന്നു .
പടവുകൾ .... സ്വപ്നമായിരുന്നു .
പടവുകൾ എന്തൊക്കെയോ ആയിരുന്നു .
പടവുകൾ ....
എല്ലാമെല്ലാമായിരുന്നു .
കൊഴിഞ്ഞ സൗഹൃദത്താളുകളിൽ,
ഇപ്പോഴും ....
തിളയ്ക്കുന്ന വാക്കുകൾ
തമ്മിൽക്കൊരുത്ത് കിടക്കുന്നുണ്ട് .
പിരിയാനാവാതെ .
മുട്ടിവിളിച്ച വാതിലുകൾ
അടഞ്ഞുതന്നെ കിടക്കുമ്പോൾ
നെഞ്ചിൽ ചേക്കേറിയകവിതകൾ
നൊന്തു പിടയുമ്പോൾ
മാനവികതയുടെ തീരത്തു നിന്നും
പറന്നുവന്ന ഒരു പിടിവാക്കുകൾ
എള്ളും പൂവും വിതയ്ക്കുമെന്നാരറിഞ്ഞു ..?
ചിത്രങ്ങൾ എഴുതപ്പെടുകയാണ് ..
ആരും വരയ്ക്കാതെതന്നെ .
ശൂന്യതയുടെ കൊടുമുടികൾ
വരഞ്ഞെടുക്കുവാൻ
ശൂന്യമായ തൂലികയിൽ
കണ്ണീർ നിറച്ച് കാത്തിരിയ്ക്കാം ..
വെറുതെയെന്നുറപ്പായിട്ടും ...
വെറുതെ .

By : Sumod Parumala

മദ്യപാനം ഹാനികരം


നായ്ക്കൾ നിലാവിന്റെ സൗന്ദര്യം
ആസ്വദിയ്ക്കാറില്ല .
അവനിലാവുനോക്കി ഓരിയിടും
ചിലപ്പോൾ നിർത്താതെ കുരയ്ക്കും .
വളർത്തു പട്ടികൾക്ക്‌ മനസ്സുകളില്ല .
യജമാനന്റെ കാൽച്ചുവട്ടിൽ നക്കി നക്കി ....
ഉമിനീരൊലിപ്പിച്ച് ... ഒടുങ്ങും വരെ .
തെരുവുപട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട് .
അവ മദ്യപിയ്ക്കാറില്ല ... എങ്കിലും ,
എച്ചിൽക്കൂനകളിൽ നിന്ന്
എച്ചിൽക്കൂനകളിലേക്ക് ...
പാലായനം ചെയ്തു കൊണ്ടിരിയ്ക്കും .
പലതും ഭക്ഷിച്ച് .....
ചക്രങ്ങൾക്കിടയിലൊടുങ്ങിയില്ലെങ്കിൽ
പേ പിടിച്ചു ചത്തില്ലങ്കിൽ
ആരെങ്കിലും .... തല്ലിക്കൊല്ലും.
മദ്യപിയ്ക്കാത്തവരെല്ലാം മഹാന്മാരല്ല .
മദ്യപരുടെ മുന്നിൽ അതഭിനയിച്ചാലും .
പ്രായോഗികതയുടെയും
കാല്പനികതയുടെയും രണ്ടറ്റങ്ങൾ
മുട്ടിയ്ക്കാനാവാതെ ... കാല്പനികതയുടെ
ആഴങ്ങളിലേയ്ക്ക് മുങ്ങിപ്പോവാറുണ്ട് ... ചിലർ .
മദ്യത്തിലൂടെ .
രാസത്വരകങ്ങളുടെ നീർച്ചുഴിയിൽപ്പെട്ട്
പുറത്തുകടക്കാനാവാതെ .
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ
മദ്യത്തെ ഭയക്കാറുണ്ട് .
തോലുരിഞ്ഞ് ചെന്നായ പുറത്തുചാടും .
ആട്ടിൻകുട്ടികൾ ചെന്നായ്ക്കളായി
മാറാറില്ല ... ലഹരിയിൽ ....
മാറിയതായി തോന്നിയാലും .
മാന്യന്മാർ മദ്യപിയ്ക്കുന്നത്
കരഞ്ഞുകൊണ്ടാണ് ....
അവർക്കെപ്പോഴും
ഇരുളിന്റെ മറവുവേണം .
പകൽ മദ്യത്തെ ചീത്ത വിളിയ്ക്കണം ,
മദ്യപാനികളെ തല്ലിക്കൊല്ലണം .
ചിന്തിയ്ക്കുന്നവനെ കീഴ്പ്പെടുത്താൻ
മദ്യത്തിനാവില്ല .
ആ നീർച്ചുഴിയിൽ നിന്ന് അവൻ
പുറത്തു കടക്കും ... ഒരിയ്ക്കൽ .
കരളെരിത്ത് നാമമാത്രമായില്ലെങ്കിൽ .
മദ്യത്തെയും വ്യഭിചരിയ്ക്കുന്നവരുണ്ട് .
ഒരു സ്നേഹവുമില്ലാത്ത ഭോഗം ...
മദ്യത്തിന്റെ സാമൂഹ്യ പരതയിലേക്ക്
അവൻ വലിച്ചെറിയപ്പെടുന്നു .
മദ്യോന്മേഷം അവന്റെ പ്രാകൃത ചോദനകളെ
തഴുകിയുണർത്തുന്നു .
അവൻ ...
ഒന്നുകിൽ റോഡിലൊടുങ്ങുന്നു ..
അല്ലെങ്കിൽ ..
അഴികളെണ്ണുന്നു .
കടുത്ത മദ്യപാനി ബോധംകെട്ട് ..
ഓടയിൽ കിടക്കുന്നു .....
എല്ലാം നഷ്ടപ്പെട്ട് ..
ആത്മഹത്യയുടെ അഭയം തേടിയില്ലെങ്കിൽ
കരളുവെന്ത് ...........
-....... മദ്യപാനം ഹാനികരം ..........

by- sumod parumala

കൃഷ്ണനും ...... കൃഷ്ണയും .


ആരായിരുന്നവൻ….? മാധവൻ ,മോഹന -
രാഗവിലോലൻ .. നിനക്കുകൃഷ്ണേ ..?
നിന്റെ നിറകൺചിരികളായ് വന്നുനിന്നെന്നും
ചിരിച്ചവൻ …. ശ്യാമവർണ്ണൻ .
നിന്റെ കൗമാരസ്വപ്നച്ചിലങ്കകൾചൊല്ലിയ
ചപലവ്യാമോഹഝങ്കാരങ്ങൾ കേട്ടവൻ
ചോരതുടിയ്ക്കുന്ന യൗവ്വനതൃഷ്ണകൾ ,
പാടിയപാട്ടുകൾ കേട്ട്ചിരിച്ചവൻ
കുസൃതിത്തിരയിളക്കങ്ങളൊളിപ്പിച്ച
പീലിമിഴികളാൽ ,നിന്നെത്തഴുകിയോൻ .
മൃദുലഹാസങ്ങളിൽ കനിവിന്റെ നിറവുകൾ
മഴയായ് പകർന്നവൻ നിൻപ്രിയസോദരൻ .
ആരായിരുന്നു ... നിനക്ക് കൃഷ്ണേ …?
ആത്മസംഘർഷങ്ങളാകെപ്പൊതിഞ്ഞു നിൻ
ജീവിതരഥ്യയനന്തമായ് നീളവേ….
ഇടറിത്തളർന്ന പാദങ്ങളിൽ ജീവിത ചൂടിന്റെ 
മുള്ളുകൾ കോർത്തു നീ നിൽക്കവേ ..
സ്വപ്നങ്ങൾ വെന്തമിഴികളിൽ ,നൊമ്പര
ചൂടുതിളച്ചുനീർവിങ്ങി നിൽക്കെ ..
വലംകൈത്തലത്തിലുയർന്ന ,സുദർശനമന്ത്രം
തപിപ്പിച്ചചൂണ്ടുവിരൽത്തുമ്പിൽ
എത്രയോ.. അരുതുകൾ …
എത്രയോ ഗാഥകൾ ..
സന്മാർഗ്ഗതത്ത്വശാസ്ത്രത്തിന്റെ ,
കാണാപ്പൊരുളുകൾ ..
എത്രയോ വേളകൾ …..
നീയറിഞ്ഞു. …
ആരായിരുന്നവൻ …?
ആരായിരുന്നു .. നിൻ കാന്തർ …?
ധർമ്മമൊരുടലായിത്തീർന്ന ധർമ്മാത്മജൻ,
ആയിരം മദയാനകൾക്കൊത്ത
പാണ്ഡവൻ ,പിടിവാശികൾ തീർത്ത
നിന്റെ മൺകുടിലുകളിൽ മാൻപേട
പോൽനിന്ന നിന്റെ പ്രാണപ്രിയൻ .
ഒരു നൂറുദിവ്യാസ്ത്ര തേജസ്സു ചാർത്തിയ ,
കൃഷ്ണവർണ്ണം പൂണ്ട
കൃശഗാത്രനർജ്ജുനൻ .
കാമദേവൻ തോൽക്കുമംഗസുഭഗത -
യുടലുകളിൽ വഴിയുന്ന
മാദ്രീതനയന്മാർ ……………..
പുകൾപെറ്റശസ്ത്രശാസ്ത്ര-
പാരംഗതർ,
മൃതിഭയം നുരയുന്ന മിഴികളിൽ
ദൈന്യത വാരിപ്പുരട്ടി
വിരണ്ടു നിന്നീടവേ ,
നിന്റെ ശ്വാസങ്ങളിൽ നിറയുന്ന
രോദനമെങ്ങോമറഞ്ഞുനിന്നെന്നും
കാതോർത്തവൻ
ശാപംതിളയ്ക്കും മുനിയുടെ
വാക്കിലേക്കക്ഷയപാത്ര
സമൃദ്ധി നിറച്ചവൻ ….
ആരായിരുന്നവൻ ... നീലവർണ്ണൻ ..?
നിന്റെവിഹ്വലതകളൊരുക്കിയ
പാഴ്മരുഭൂമികയിലെന്നും
പുഴയായിവന്നവൻ …..
ആരായിരുന്നു ... നിനക്കവൻ …?
കുരുസഭാമണ്ഡപം നിന്റെ സ്ത്രൈണതപൂത്ത
താഴ്‌വാരഭംഗികൾ ചിന്തിക്കുടിയ്ക്കവെ,
നേർത്തൊരാക്കച്ചതൻ ഞൊറിവുകളോരോ -
ന്നഴിച്ചു നിന്നെനോക്കിയട്ടഹസിയ്ക്കവെ,
രജസ്വലയായ് നിന്നദാസഭാവങ്ങളൊരു
കനലാഴിയായവിടെയൊഴുകിപ്പരക്കവേ ..
ആയിരംപാഴ്മുളകൾ കീറിത്തകർന്നപോൽ
അഭിശപ്തനീയാർത്തു നിലവിളിച്ചീടവേ ...
ആയിരംദുന്ദുഭികൾ, മുളവേണുഗാനങ്ങൾ,
കാട്ടുകടമ്പിന്റെ പൂമണം
എവിടെയോ കേൾക്കുന്നു ... പാഞ്ചജന്യം ,
ഒരു നീലസാഗരമൊഴുകി നിറഞ്ഞപോ -
ലുടലാകെമൂടുന്ന വസനപരിരംഭണം ...
ആരായിരുന്നവൻ.... മാധവൻ ... മോഹന -
രാഗവിലോലൻ ..... നിനക്ക് ..
കൃഷ്ണേ ... ആരായിരുന്നു നിനക്ക് കൃഷ്ണൻ ..?
By: SumodEk

ധൂമകേതു



വല്യോൻ ചെറ്യോനോട്,
വലിപ്പം കാട്ടുന്നു ....
ചെറ്യോൻ വല്യോനോട് ,
ചെറുപ്പം കാട്ടാതെ .....
വല്യോനേക്കാൾ..
വല്യോനും ,
ചെറ്യോനേക്കാൾ
ചെറ്യോനുമവതരിയ്ക്കുമ്പോൾ
വല്യോൻ ചെറ്യോനാവുന്നു .
ചെറ്യോൻ വല്യോനും .
പഞ്ചാരക്കിളികൾ
പറന്നുപോകുമ്പോൾ ..
ചിലർ ,ഗോതമ്പുവയലുകളിൽ
കരിമ്പുനടുന്നു ..
സന്ദേശങ്ങളുടെ വറചട്ടിയിൽ
എണ്ണതിളപ്പിച്ച് ,
ഇഷ്ടങ്ങളുടെ കല്ലുകൾ
പെറുക്കിയെറിയുന്നു ..
എരണ്ടയും പരണ്ടയുമൊക്കെ ,
എണ്ണയിൽ വീഴുന്നു ...
നല്ല പക്ഷികൾ ..
തൂവൽ പോലും കൊഴിയാതെ
രക്ഷപ്പെടുന്നു. ...
അക്ഷരങ്ങൾ മറന്നവർ പോലും
കല്ലുകൾകൂട്ടിവച്ചിരിയ്ക്കുന്നു .
അക്ഷരങ്ങൾ കാണുമ്പോൾ
ഉറങ്ങുന്നു ..
കാണേണ്ടതു കാണുമ്പോൾ
കല്ലുവാരിയെറിയുന്നു ...
മതത്തിന്റെ തീച്ചൂടിലും,
ബുദ്ധിജീവികളുടെ
ലാവാപ്രവാഹത്തിലും,
ഉരുകാതെ ശേഷിച്ചവർ ...
മാനവികതയുടെ
ചിത്രങ്ങൾ വരയ്ക്കുന്നു ...
ഹൃദയാക്ഷരങ്ങളാൽ ...
അക്ഷരങ്ങളുടെ
നക്ഷത്രങ്ങൾ നിറഞ്ഞ
ആകാശം ..
നക്ഷത്രങ്ങൾക്കുവേണ്ടി
മാത്രമാവില്ല ....
ഉൽക്കകൾ ,ധൂമകേതുക്കൾ ..
തമോഗർത്തങ്ങൾ ...
അക്ഷരക്കൂട്ടത്തിൽ
പൂർണ്ണാക്ഷരം പോലുമാവാതെ
ഞാ ..............'ൻ '... എങ്കിലുമാവാനാശിച്ച്
ഞാൻ ...... പലരുടേയും .... ധൂമകേതു .

By: Sumod Parumala

തിരയാം നമുക്കാതീരങ്ങളിൽ


തിരയാം നമുക്കാതീരങ്ങളിൽ,
തിരകൾ തുടച്ചൊരാകാല്പാടുകൾ ..
തിരയിട്ട കാലം കടന്നുപോയേറെ ..
തിരികെ മടങ്ങുവാനാവാത്തവർ ..
തിരികെയണയുവാൻ വെമ്പുന്ന,
തിരമാലകൾ ,നമ്മൾ ...
തീരങ്ങൾ കൈവിട്ടൊരലമാലകൾ ...
ചെറുകാറ്റിലുലയുന്ന പുതുപൂക്കളിൽ,
പുലർമഞ്ഞുചുംബിച്ച നനവൂറവേ ..
മൃദുപരാഗച്ചെപ്പുടഞ്ഞുപാറിപ്പോയ
സൗവർണ്ണ രേണുക്കളന്നുനമ്മൾ ...
പൂങ്കാറ്റുകൈവിട്ട തീരങ്ങളിൽ ശിഥില -
മോഹങ്ങളൂറും വിഷപ്പൂക്കളിൽ, ചീഞ്ഞ
ദളപുടങ്ങൾ തീർത്ത നൊമ്പരശയ്യയിൽ ,
അറിയാതെ വീണു പോയ് നമ്മൾ ....
നമ്മളറിയാതെവീണടിഞ്ഞോർ... നമ്മൾ ,
എവിടെത്തിരയേണ്ടൂ .... നമ്മളെ ...?
നിറയൗവനത്തിന്റെ നീലാംബരത്തിലെ
മഴവില്ലുമാഞ്ഞൊരാ പകൽവേളയിൽ ,
പുകമഞ്ഞിറങ്ങി ,മറഞ്ഞ പുഴയുടെ
വ്യഥിത കല്ലോലരവങ്ങളിൽ ,ആർദ്രമാം
പുലരിത്തുടുപ്പിന്റെ ചുംബനമേൽക്കാത്ത
പാതിരാപ്പൂവിന്റെ സ്വപ്നങ്ങളിൽ ...
ആയിരം നോവുകൾ പെരുമ്പറകൾ കൊട്ടും
മനസ്സിന്റെ കാണാക്കയങ്ങളിൽ...
തിരയാംനമുക്കിനി ....നമ്മളെ ...

By: Sumod Parumala

ഇന്നായിരുന്നു .... ആ ദിവസം


എൺപതുകളിലെ പൊന്നിൻ തിരുവോണ ദിവസങ്ങളിൽ ചിലവ അർദ്ധതാര്യമായ കാലത്തിന്റെ കണ്ണാടി മറയ്ക്കപ്പുറത്ത് നേരിയ നഷ്ടബോധം നിറച്ചു കൊണ്ട് ഉറ്റുനോക്കുന്നു .
പരുമല പാലച്ചുവടു മുതൽ ദീപാ ജംഗ്ഷൻ വരെയുള്ള ഇന്നു കാണുന്ന ടാർ റോഡ്
ചെമ്മൺ റോഡായി മാറുന്നു ,ഉള്ളിൽ ..
ഒരു ചലച്ചിത്രത്തിലെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ പോലെ ..
വലിയപറമ്പിലെ വീട്ടിൽ നിന്നും അത്തം നാളിൽ അതിരാവിലെ വായ്ക്കുരവ കേൾക്കുന്നു ..
അയൽവീടുകളിൽ നിന്നും ആബാലവൃദ്ധം
അവിടെ ഒത്തുകൂടുന്നു .. ഞങ്ങൾ കുട്ടികൾ
പലരും ഓട്ടത്തിനിടയിൽ മുഴച്ചു നിൽക്കുന്ന
കല്ലുകളിൽത്തട്ടി ഗ്രാവൽ റോഡിൽ വീഴുന്നു .
ഉരഞ്ഞ മുട്ടുകളുമായി ചോരയൊലിപ്പിച്ച് ...
കല്ലുപുരയിലെ പറമ്പിലെ തൈത്തെങ്ങിന്റെ
മടലിൽ നിന്നും 'മരുന്ന് 'ചുരണ്ടിയെടുത്ത്
പൊത്തിപ്പിടിച്ചു കൊണ്ട് .....
തുമ്പിക്കാലം....
വലിയ മുറ്റത്ത് വാഴപ്പിണ്ടികൾ മുറിച്ച് മനോഹരമായി ഒരുക്കിയിരിയ്ക്കുന്ന പന്തലിൽ
കുരുത്തോലത്തൊങ്ങലുകൾ ചാർത്തി ,
തെച്ചിയും ചെമ്പരത്തിയുമടക്കം ഒട്ടനവധി പ്പൂക്കൾ നിറച്ച് നിലവിളക്കും നിറചങ്ങഴിയും വെച്ച തളിച്ചൊരുക്കിയ തറയിൽ ..കവുങ്ങിൻ പൂക്കുലകൾ ഉതിർത്തിട്ടിരിയ്ക്കുന്നു.
ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് കുളിച്ചീറനായി
പെറ്റിക്കോട്ടിനു മുകളിൽ തോർത്തുമുണ്ടു ചുറ്റി
" കൊച്ച് " ഇന്ദുവും "കൊച്ച് " ബിന്ദുവുമിരിയ്ക്കുന്നു ..പൂക്കുലകൾ കൊണ്ട് മുഖംമറച്ചവരിരിയ്ക്കുമ്പോൾ...
അണിയറയിൽ നീണ്ട വായ്ക്കുരവകൾ...
" ഒന്നാനാം അരിമലയ്ക്ക് വന്നുദിച്ചോരാദിത്യ .. "
"തിരുവല്ല മതിലകത്ത് മണിക്കിണറ്റിൽ ... "
ചന്ദ്രവതിയമ്മയുടെ ഉച്ചസ്ഥായിയിലുള്ള പാട്ട്
ഏറ്റുപാടുന്ന പെണ്ണുങ്ങൾ ....
ഇടയ്ക്കിടയ്ക്ക് കുരവകൾ ......
കഥാരൂപത്തിലുള്ള പാട്ടുകളിൽ പലതിലും
അതിസുന്ദരികളായ കന്യകമാരും കാമദേവനും
നിറയുന്നു.
ഇതെല്ലാം നടക്കുന്നത് അത്തം അന്ന് വീടിനു മുന്നിൽ കന്യകമാർ സ്വയമൊരുക്കിയ പൂക്കള
ത്തിനു മുന്നിൽ .......
ഒന്നാം ദിവസം ... അത്തപ്പൂക്കളം ....
നേദിച്ച പൂവടകൾ ഗണപതി പ്രസാദത്തിനൊപ്പം ..
അത്തം തുടങ്ങിഎല്ലാദിവസങ്ങളും ഇതേ ദിവസ
ത്തിന്റെ ആവർത്തനം ...
പൂ പറിയ്ക്കാൻ ,പൂക്കുലയൊരുക്കാൻ ഒക്കെ
ഞങ്ങൾ കുട്ടികൾ ,പരീക്ഷാത്തെരക്കിനിടയിലും..
തൃക്കാക്കരയപ്പനെ ഒരുക്കൽ ഒരു വലിയ ജോലിയാണ് ... വടക്കേ കണ്ടത്തിൽ നിന്നെടുത്ത
ചെളികുഴച്ചാണ് രൂപമുണ്ടാക്കൽ ..
തിരുവോണപ്പൂക്കളത്തിനുമുന്നിലാണ് പൂപ്പട ... അന്നേ ദിവസം അലങ്കാരങ്ങൾ കൂടും... കുഴിച്ചിട്ട വാഴപ്പിണ്ടികളിൽ കുത്തിവച്ച ഈർക്കിൽ വളയങ്ങളിൽ നൂറുകണക്കിന് മരോട്ടിവിളക്കുകൾ തെളിയും ... മരോട്ടിക്കായ രണ്ടായി മുറിച്ച് കുരുനീക്കി എണ്ണയൊഴിച്ച് തിരിയിടുന്നതാണ് മരോട്ടി വിളക്ക് ... അന്നത്തെ രാത്രി തങ്കവെളിച്ചത്തിന്റെ പ്രളയമാണ് .അത്ഭുതകരമായ ദീപാലങ്കാരം ...
പരുമലയുടെ ഒരു ഭാഗം മുഴുവനുണ്ടാവും കാണി
കളായും പങ്കാളികളായും അന്നേ ദിവസം ...
അവളുറക്കം തുയിലുറക്കം .... അവളുണരാൻ വായ്ക്കുരവ ... എന്നു പാടുമ്പോൾ ദിഗന്തം
പിളരുമാറുച്ചത്തിലാണ് വായ്ക്കുരവ .... അന്ന്
അന്നാണ് പൂപ്പട ......
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന തുമ്പിപ്പാട്ടുകൾ
സാവധാനം ദ്രുതതാളത്തിനു വഴിമാറുന്നു ..
ചന്ദ്രവതിയമ്മയാണ് സ്ത്രീകൾക്ക് പാടിക്കൊടുക്കുന്നതെങ്കിലും .. ചന്ദ്രൻകൊച്ചേട്ടനാണ് മേൽനോട്ടക്കാരൻ ....
ആദ്യന്തം എല്ലാറ്റിന്റെയും ....
മുറുകിവരുന്നതാളത്തിനൊപ്പം ആൺ തുമ്പികളും
ആടിത്തുടങ്ങുന്നു .....
ഉച്ചസ്ഥായിയിൽ അതിദ്രുതതാളത്തിൽ പാട്ടെത്തുമ്പോഴേയ്ക്കും ആട്ടം മുറുകുന്നു ...
അത്യുച്ചസ്ഥായിയിൽ തുമ്പികൾ തുള്ളിയുറയുന്നു . പൂക്കുല ദൂരെയെറിയുന്നു. ബാധാവേശം പോലെ ,കളത്തിൽ നിറഞ്ഞ
പൂക്കളും ഇലകളും ആകാശത്തേയ്ക്കു
പറക്കുന്നു ... പൂപ്പടയ്ക്ക് ആൺതുമ്പികളായതി
നാൽ വന്യമായ കരുത്തിൽ ,വിറങ്ങലിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ഇലകളും
പൂക്കളും പച്ചമണ്ണിനൊപ്പം വന്നു വീഴുമ്പോൾ
മനസ്സുകൊണ്ട് അവരും തുള്ളിയുറയുന്നു ....
പൂപ്പട കൂട്ടി ,പൂവട തിന്ന് .......
ഇന്ന്.. ശ്രീ ചന്ദ്രൻ നായരില്ല .....
ആവേശപൂർവ്വം കൂടി നിന്നവരിൽ പലരുമില്ല ...
പൂപ്പടയില്ല ..... പൂവടയില്ല ......
തൃക്കാക്കരയപ്പനില്ല ......
കുരുത്തോലകൊണ്ട് മുഖം മറച്ച് തുമ്പിപ്പാട്ടിന്റെ
താളമൊപ്പിച്ച് ആടാൻ കന്യകമാരില്ല ....
ഇന്ന് .... ഇന്ന് ...... ആ തിരുവോണമില്ല .

By: SumodParumala

നീതിദേവത


സത്യം ....
ഒരു കനത്ത വാവലിനെപ്പോലെ..
ഉയരങ്ങളിൽ നിന്നല്ലാതെ
പറക്കുവാനാവാതെ ..
കടുത്ത നുണ പ്രഹരങ്ങളേറ്റ്,
നിലംപതിയ്ക്കുന്നു ....
സ്ഥൂല ശരീരഭാരത്താൽ
ദുർബലമായ കാലുകളിൽ
കുതിച്ചോടാനാവാതെ
ഇടറിയിടറിയിഴഞ്ഞു നീങ്ങുന്നു,
പറ്റിപ്പിടിച്ചു കയറാൻ
മരങ്ങൾ തേടുന്നു .....
അതിന്റെ സഞ്ചാരദിശയിലെ
ഓരോതരുക്കളും വെട്ടിയെറിഞ്ഞ് .......
നുണകൾ അട്ടഹസിയ്ക്കുന്നു..
വേച്ചുവേച്ചു താണ്ടിയ
ദൂരങ്ങളുടെ തളർച്ചയിൽപ്പെട്ട്
കടവാതിൽ മണ്ണിൽ
പുതഞ്ഞു കിടക്കുന്നു ....
ഇരുട്ടു പാളികളാൽ
കണ്ണുകൾ മൂടിയ ....
ഇടറിവീണ സത്യത്തിന്റെ
വിവശമായ മുഖത്ത് ,
ദൈന്യത പരക്കുന്നു ....
കർണ്ണപുടങ്ങളിലൂടെ
കാഴ്ചകൾ കാണുന്ന
കറുത്ത നീതിപീഠത്തിന്റെ
എല്ലാദൈന്യതകളുമാവാഹിച്ച്,
വേർതിരിച്ചെടുക്കാനാവാത്ത
'ആവൃത്തി' കളുടെ
സങ്കീർണ്ണതയിൽ ..
സ്വയം നഷ്ടപ്പെട്ട് ....
"ഇരുണ്ട വേഷം " ധരിച്ച
അവതാരങ്ങളെക്കാത്ത്
കിടക്കുന്ന സത്യത്തിന്റെ
മുഖത്ത് ............................
മരണഭയത്തിൽ ചാലിച്ച
നിസ്സഹായത ........
അവസാനം ......
ആശയറ്റ് .... ആഹാരമറ്റ്,
പിടഞ്ഞു മരിയ്ക്കുന്നു ...
മരിച്ച സത്യങ്ങളുടെ,
വറ്റു കണ്ടിട്ടില്ലാത്ത
ആമാശയങ്ങളിൽപ്പെട്ട്
ഒരിയ്ക്കലും പുറത്തു വരാനാവാതെ ...........
നീതിദേവതമാർ ....
കുഴിച്ചുമൂടപ്പെടുന്നു ...
By: 
Sumod Parumala

കവിത



ഓണപ്പാട്ടിന്റെയോർമ്മകൾ 
മൂളുന്നൊരോമൽ പൂക്കളമേ...
നിന്റെ യാർദ്രമാം നിനവിന്റെ
നിറുകയിൽ ചുംബിച്ച
കുളിർനിലാച്ചുണ്ടുകളിൽ ..
പതിഞ്ഞൊരാമധുരിതഹിമകണമായ്
ഉയിരിന്റെ മർമ്മരമായ് ...
നിറവാർന്ന പ്രണയഭാവങ്ങൾ
നിന്നിടനെഞ്ചിലിന്നും തുളുമ്പുന്നുവോ ...?
ഇന്നും തുളുമ്പുന്നുവോ....?


By SumodParumala

കവിത


ഓണപ്പാട്ടിന്റെയോർമ്മകൾ 
മൂളുന്നൊരോമൽ പൂക്കളമേ...
നിന്റെ യാർദ്രമാം നിനവിന്റെ
നിറുകയിൽ ചുംബിച്ച
കുളിർനിലാച്ചുണ്ടുകളിൽ ..
പതിഞ്ഞൊരാമധുരിതഹിമകണമായ്
ഉയിരിന്റെ മർമ്മരമായ് ...
നിറവാർന്ന പ്രണയഭാവങ്ങൾ
നിന്നിടനെഞ്ചിലിന്നും തുളുമ്പുന്നുവോ ...?
ഇന്നും തുളുമ്പുന്നുവോ....?


By: 
Sumod Parumala

കവിത


നക്ഷത്രങ്ങൾ മാഞ്ഞു കഴിഞ്ഞ രാവിന്,
കാലുകൾ നഷ്ടപ്പെട്ട നർത്തകിയുടെ മനസ്സ് ..
നിലാക്കച്ചയഴിച്ചു മാറ്റി ഇരുട്ടിന്റെ പുതപ്പിനടിയിൽ
നിശ്ചലം ഉറങ്ങാൻ കിടക്കുന്നു ഭൂമിപ്പെണ്ണ് ..
തിരയടങ്ങും മുമ്പ് കടൽ നാവുകൾ തഴുകിയിരുന്ന തീരം മൈഥുനസ്മൃതിയേറ്റി,
തളർന്നുകിടക്കുന്നു ... ഉറങ്ങാതെ .
മലനിരകളുടെ ഇരുണ്ട അതിരുകൾ ഇരുട്ടിന്റെ
കട്ടിക്കറുപ്പിൽ മാഞ്ഞു പോവുന്നു.
ഉള്ളിന്റെയുള്ളിൽ ...
എവിടെയെന്നറിയാത്ത .....
ഒറ്റപ്പെട്ടുപോയ ഒരു രാക്കിളി,
ഉറങ്ങുവാനാവാതെ ....
പാടുവാനാവാതെ ....

By: 
Sumod Parumala

കവിത


പൂക്കൾക്കിടയിൽ മതിൽക്കെട്ടുകളില്ലാതെ,
ഒരു പൂക്കാലം .
ഓർമ്മകളുടെ പനിനീരിറ്റി
നനഞ്ഞ മനസ്സിന്റെ
പഞ്ചാരമുറ്റത്ത് ...
ആ നനവിലലിഞ്ഞ് ,
ഒരിളം മനസ്സ് ...
അവിടെ ,
മുറിച്ചു പൊളിച്ചൊരുക്കിയ
വാഴപ്പിണ്ടികളും
കുരുത്തോലപ്പന്തലുകളും
വെണ്ണക്കല്ലിൽ തീർത്ത
വർണ്ണവിസ്മയങ്ങൾ ..
പിണ്ടിക്കാലുകളിൽ ,
പച്ചീർക്കിൽ വളയങ്ങളിലുറപ്പിച്ച
മരോട്ടി വിളക്കുകളുടെ ,
തങ്കപ്രഭാസാഗരം ...
ഒരായിരം ദീപങ്ങൾ .....
കൈത്താലങ്ങളിൽ ,
നാളികേര മുറികളിൽ
നെയ്ത്തിരികളുമായി ,
ദാവണി ചുറ്റിയ
താരുണ്യങ്ങൾ ...
നെടുകെ നാട്ടിയ
നീണ്ട പിണ്ടിക്കാലുകളിൽ
പച്ചീർക്കിലികളിൽ കോർത്ത
ചെമ്പരത്തിപ്പൂക്കൾ,
ചെമ്പകപ്പൂവുകൾ ,
കോളാമ്പിപ്പൂക്കൾ ............
ആ സ്മൃതികളുടെ
ചന്ദന വഴികളിൽ ,
ഇന്ന് ... എവിടെയോ ..
By: 
Sumod Parumala

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo