ഓപ്പോൾ
**********
**********
ചെറുപ്പത്തിൽ പാപ്പാമ്മയുടെ കൂടെ പയ്യലക്കാവ് അമ്പലത്തിൽ തൊഴാൻ പോകുമായിരുന്നു..
-കണ്ണടച്ച് ദേവിയെ വിചാരിച്ചു പ്രാർത്ഥിക്കൂ കുട്ടീ..
ദേവീ ചൈതന്യം ആവാഹിച്ച് തൊഴുന്ന പാപ്പാമ്മ..
ഞാൻ പരതി. ദേവിയെ..അങ്ങ് അമ്പലക്കടവിൽ നേര്യത് ചുറ്റി,ആടയാഭരണങ്ങൾ അണിഞ്ഞ് കാലുകഴുകുന്ന ദേവി..
-പാപ്പാമ്മേ ദേവിയെ കണ്ടൂട്ടോ മോളു. ദോണ്ടേ...
ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ തുള്ളിച്ചാടി..
എല്ലാരും അടക്കം പൂണ്ടു ചിരിച്ചു.
കല്യാണം കഴിച്ച് ഗ്രാമത്തിലേക്ക് കൊണ്ടുവന്ന പാർവതിയോപ്പോൾ ആയിരുന്നു ആ ദേവിയെന്ന് പിന്നീടാണ് അറിഞ്ഞത്..നരേന്ദ്രേട്ടന്റെ ഭാര്യ. ഗ്രാമത്തിന്റെ സൗന്ദര്യമായി മാറുകയായിരുന്നു..ആ പതിനേഴുകാരി.
അന്നത്തെ ആ എട്ടു വയസുകാരി ഈ കാത്തു.. ഒളിച്ചു നോക്കുമായിരുന്നു..എപ്പോഴും.
അതുകണ്ട് പുഞ്ചിരിയോടെ ഒരിക്കൽ കൈകാട്ടി വിളിച്ച്-കാത്തൂന് മുട്ടപ്പഴം വേണോന്നു ചോദിച്ച് ,കൂമ്പിലെ തേൻ ഓപ്പോളുടെ വായിലും,പിന്നെ എനിയ്ക്കും തന്ന് അറിയാതെ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ച്..അപ്പോൾ ഉടനെ വാ പൊത്തി -അയ്യോ ചേട്ടൻ കേട്ടോ ആവോ എന്നു വേവലാതിപ്പെടുന്ന ഓപ്പോൾ.
-കേട്ടാലെന്താ ഓപ്പോളെ.. ചിരിക്കുമ്പോൾ ന്തു ഭംഗ്യാ ഓപ്പോളെ കാണാൻ എന്നു പറഞ്ഞ് ആ നുണക്കുഴിക്കവിളിൽ ഉമ്മ കൊടുക്കുമ്പോ..
-നിനക്കെന്തറിയാം കുട്ടീ ന്നു പറഞ്ഞ് നേടുവീർപ്പിടുന്ന എന്റെ ഓപ്പോൾ..
-ഓപ്പോളെ ഇഷ്ടല്ലേ ഏട്ടന്?ഒരിയ്ക്കൽ ചുമ്മാ ചോദിച്ചു..
-ഇഷ്ടാണ് മോളേ ഇഷ്ടാണ്.വീശിയടിയ്ക്കുന്ന കൊടുങ്കാറ്റ് പിച്ചകപ്പൂവിന്റെ സൗരഭ്യം നുകരുമ്പോൾ സ്വന്തായി ഒന്നനങ്ങാറില്ല ആ പൂക്കൾ.
ഒന്നും മനസ്സിലായില്ല തനിയ്ക്ക്..
-നോക്കൂ മോളേ ഈ പ്രകൃതിയിലെ സുന്ദരമായ പ്രണയം ഏതാന്നറിയ്യോ നിനക്ക്..
തിളങ്ങുന്ന കണ്ണുകൾ ഉയർത്തി വെള്ളിമേഘങ്ങളെ നോക്കിക്കൊണ്ട് ഒരിയ്ക്കൽ ഓപ്പോൾ ചോദിച്ചു.
എട്ടാം ക്ലാസ്സുകാരൻ ശ്രീക്കുട്ടൻ എന്ന ചട്ടമ്പി ച്ചെക്കൻ തന്ന പ്രണയലേഖനം ചുരുട്ടി അവന്റെ മുഖത്തേക്കെറിഞ്ഞു പ്രതിഷേധിച്ച ഈ കാത്തൂനോടാണ് പ്രണയത്തെക്കുറിച്ച് പറയുന്നത്.ന്നാലും ഓപ്പോളുടെ ചന്തമുള്ള മുഖത്തോട്ടു നോക്കിയിരുന്നു.
-തിളങ്ങുന്ന വെള്ളിമേഘങ്ങൾ ഒരുമിച്ച് പുണർന്ന് ചുംബിച്ച്,രഹസ്യങ്ങൾ കൈമാറി ,വിരഹാതുരതയോടെ തെന്നി നീങ്ങുന്നത് നോക്കിക്കൊണ്ട് ഓപ്പോൾ പറഞ്ഞു..
-അതാണ് പ്രകൃതിയിലെ ഏറ്റവും സുന്ദരമായ പ്രണയം.ആർത്തു വന്ന കരിമേഘം ഒരിയ്ക്കൽ ആ പ്രണയമിഴുന്ന വെള്ളിമേഘത്തെ വിഴുങ്ങുന്നത് കണ്ട് വേവലാതിപൂണ്ട ഓപ്പോൾ.
-കരിമേഘം പ്രണയിയ്ക്കുന്നുണ്ടാകും ആ വെള്ളി മേഘത്തെ. ല്ലേ കാത്തൂ?നോക്കൂ അപ്പാടെ ആലിംഗനം ചെയ്ത് വിടാതെ പിടിച്ചു വച്ചിരിയ്ക്കുകയല്ലേ..
-ഓപ്പോളെ കവിതയെഴുതുവോ?
-ഇല്ലാല്ലോ കാത്തൂ..ന്നാലും ഈ നെഞ്ചു മുഴുവൻ കവിതയാ കുട്ടീ..ഈണമില്ലാതെ ചതഞ്ഞരഞ്ഞങ്ങനെ കിടക്കുയാ..
-മോളേ ,നമുക്കൊരിക്കൽ ആ പാടത്തൊന്നു പോണം..ന്നിട്ടു ആ പുഴേല് ചൂണ്ടയിടണം.എട്ടനറിയരുത്..പറ്റ്വോ..
അങ്ങനെ ഒരിയ്ക്കൽ ഞങ്ങൾ പോയി..വെറുതേ ചൂണ്ടയിട്ടു.പള്ളത്തിയും, മൂഷിയും,മാനത്ത് കണ്ണിയും,കൂരിയും, എന്തൊക്കെയോ മീനുകൾ..ഒക്കെയും പേരറിയാം ഓപ്പോൾക്ക്. വെറുതെ ,വെറുതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു..
ത്തിരി താമസിച്ചുപോയിരുന്നു ഞങ്ങൾ.വീട്ടിൽ ചെന്നപ്പോൾ നരേന്ദ്രേട്ടൻ വാതിൽക്കൽ ഉണ്ടായിരുന്നു..ഭയന്ന ഭാവം.കണ്ടപ്പോൾ രുദ്ര ഭാവമായി.
-കാത്തു നീ വീട്ടിൽ പോകൂ..വല്ലാത്ത ഒരു ആജ്ഞ.
പേടിയോടെ വിയർത്തു,വിങ്ങി നിന്ന ഓപ്പോളിന്റെ ഭാവം മറന്നിട്ടില്ല..
രണ്ടു ദിവസം കഴിഞ്ഞ് ചെന്നപ്പോ വാടിയ ചിരിയോടെ ഓപ്പോൾ പറഞ്ഞതോർക്കുന്നു.
-ഇനീപ്പോ ഓപ്പോൾ എങ്ങോട്ടുമില്ലാട്ടോ...കാത്തൂ..
ഓപ്പോളെ കാണുന്ന അവസരങ്ങൾ കുറഞ്ഞു വന്നു.എനിയ്ക്കും,പഠിത്തവും തിരക്കുമൊക്കെയായി..
ഒരു ദിവസം രാത്രീൽ അച്ഛൻ പറയുന്നത് കേട്ടു.ഓപ്പോൾ നെട്ടൂരെ പ്രതാപേട്ടന്റെ കൂടെ ഇറങ്ങി പോയത്രേ!!
നാടുമുഴുവൻ അതായിരുന്നു സംസാരം..അമ്പലത്തിലും,കുളക്കടവിലും,ബസ് സ്റ്റോപ്പിലും,ചന്തേലും...തുളസിക്കതിരിന്റെ നൈർമല്യമുള്ള ഓപ്പോളെ ഓർത്ത് ഞാൻ എന്തോരം കരഞ്ഞിട്ടുണ്ട് എന്നറിയാമോ..
പിന്നെ ജോലി..ശ്രീയേട്ടനുമായുള്ള വിവാഹം.
- പ്രണയ ലേഖനം ചുരുട്ടിക്കൂട്ടി എറിഞ്ഞ അന്ന് നീയെന്റെ പെണ്ണായതാണ് എന്നു ആദ്യ ദിവസം എന്റെ ചെവിയിൽ മന്ത്രിച്ചപ്പോ എന്തോ ഓപ്പോളെ ഞാനോർത്തു..
ആ മാറോടു ചേർന്ന് കിടന്നപ്പോ..കരവലയത്തിൽ അമർന്നപ്പോ വെള്ളിമേഘങ്ങളെ ഓർമ്മ വന്നു..ഓപ്പോളെ കാണാൻ കൊണ്ടു പോകാമോ എന്ന് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാൻ ചോദിച്ചത്.... എന്തോ അപ്പോഴേ സമ്മതിച്ചു..
അവർ ഗ്രാമത്തിൽ നിന്നും മാറിയിരുന്നു..ചോദിച്ചും പറഞ്ഞും വീടെത്തി. കാളിംഗ് ബെൽ അടിച്ചപ്പോൾ കതകുതുറന്ന പക്വമതിയായ പെൺകുട്ടിയ്ക്ക് ഓപ്പോളുടെ ഛായ ആയിരുന്നു.
ശബ്ദം കേട്ടു ഇറങ്ങി വന്ന ആഢ്യത്വം നിറഞ്ഞ ഓപ്പോൾ..--
-ന്റെ കാത്തൂന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു..
ഒന്നും ചോദിച്ചില്ല..വേറെ എന്തൊക്കെയോ സംസാരിച്ചിരുന്നു..കുറച്ച് കഴിഞ്ഞപ്പോൾ പ്രതാപേട്ടൻ ജോലി കഴിഞ്ഞു വന്നു..ഓടിച്ചെന്ന് ബാഗ് വാങ്ങിച്ചപ്പോൾ ഞങ്ങൾ ഇരിയ്ക്കുന്നത് കാണാതെ ഓപ്പോളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തപ്പോൾ..
-യ്യോ നോക്കൂ ആരൊക്കെയെന്നു കണ്ടില്ലേ ന്നു ചോദിച്ച് പൊട്ടിച്ചിരിച്ച ഓപ്പോൾ..
ചമ്മലോടെ
-ഞാൻ കണ്ടില്ലാരുന്നു എന്നു പറഞ്ഞ പ്രതാപേട്ടൻ..
ചായയും ,ഏത്തയ്ക്ക അപ്പവും കഴിച്ച് ഇറങ്ങാൻ നേരം തന്നെ വീണ്ടും കെട്ടിപ്പിടിച്ചു..
-മോളേ ..ഈ ഓപ്പോൾക്ക് ഒന്നു ചിരിക്കണമായിരുന്നു..അല്ലേൽ ഭ്രാന്തു പിടിച്ചേനെ അന്ന്..നീയെങ്കിലും ക്ഷമിക്കണെ എന്നു ചെവിയിൽ മന്ത്രിച്ച ഓപ്പോൾ..
അതേ കാത്തുവിന് അറിയാം ഓപ്പോളെ..എന്ന് പറയാതെ പറഞ്ഞ് നുണക്കുഴിക്കവിളിൽ ഉമ്മ കൊടുത്ത്.. നടന്നു...
അപ്പോഴെല്ലാം വെള്ളിമേഘങ്ങൾ ആകാശത്ത് പ്രണയം കൈമാറുകയായിരുന്നു..
സ്വപ്ന.എസ്.കുഴിതടത്തിൽ..
