Showing posts with label Jiya. Show all posts
Showing posts with label Jiya. Show all posts

വാഷിംഗ്‌ മെഷീൻ



"സൽമമോള് വീടിരിക്കലിന് ന്നോട് ചെല്ലാൻ പറഞ്ഞില്ലല്ലോ റാബിയാ..എന്തെപ്പോ അങ്ങനെ ചെയ്തത്.."
ഇന്നും ഹംസക്കാടെ ശബ്ദം കേട്ട് തന്നെ ഞാൻ ഉണർന്നത്.മൂപ്പർക്ക് ചെവി കുറച്ചു പതുക്കെയായത് കൊണ്ട് അല്പം ശബ്ദം ഉയർത്തിയാണ് സംസാരിക്കാറ്...
"വല്യ വല്യ ആൾക്കാരാണ് ഷബീറിന്റെ ചങ്ങായിമാരൊക്കെ.ചെവി കേൾക്കാണ്ട് ങ്ങള് അവിടെ ചെന്ന് എന്താക്കാനാ?മുണ്ടാണ്ട് ഇവടെ ഇരുന്നോളീ.."
റാബിയത്താടെ മറുപടി എന്നത്തേയും പോലെ യാതൊരു കൂസലും ഇല്ലാതെ തന്നെ..
ആ മറുപടി എന്നെ കുറച്ചു വർഷം പിറകോട്ട് കൊണ്ട് പോയി..
വലിയ ശബ്ദത്തോടെ വീടിന്റെ മുന്നിലൂടെ പോകുന്ന ബുള്ളറ്റിൽ വെള്ള ഖദർ ഷർട്ടും മുണ്ടും ധരിച്ച് റാഡോ വാച്ചും കെട്ടി നിഷ്കളങ്കമായൊരു ചിരിയും പാസാക്കി പോകുന്ന ഒരു പാവം പണക്കാരൻ..
ഹംസക്കയെ വർഷങ്ങൾക്കിപ്പുറം ഓർത്തെടുക്കുമ്പോൾ കിട്ടുന്ന രൂപം ഇങ്ങനെയാണ്..
ഗൾഫിൽ പോയ ആദ്യനാളുകളിൽ ഒരു അറബിയുടെ ഉപ്പയെ നോക്കുന്ന ജോലിയായിരുന്നത്രെ ഹംസാക്കാക്ക്.ഇടക്കെപ്പോഴോ ഡ്രൈവർ ആയി.പിന്നെ പാചകം,വീട്ടുജോലി മൂപര് കൈവെക്കാത്ത മേഖലകൾ ചുരുക്കമാണെന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്..
ഓരോ തവണ നാട്ടിൽ വരുമ്പോഴും വീട് അപ്പോഴുള്ള മോഡൽ എന്താണോ ആ രീതിയിൽ പുതുക്കണം എന്നത് റാബിയത്താടെ നിർബന്ധമായിരുന്നു..
"ഇനീം വീട് വലിപ്പം കൂട്ടുവാണോ ഹംസക്കാ,എല്ലാ വർഷോം ഇതിങ്ങനെ കുത്തിപൊളിച്ചാൽ ഉറപ്പൊക്കെ പോവില്ലേ.എത്ര കാശാണ് ആവശ്യല്ല്യാണ്ട് ചെലവാക്കണേ.പെങ്കുട്ട്യോളെ കെട്ടിക്കാറായി തുടങ്ങീലെ?"
അമ്മ ഒരിക്കൽ ചോദിച്ചതിന് ഉച്ചത്തിലുള്ള ഹംസാക്കാന്റെ സ്പെഷ്യൽ ചിരിയോടൊപ്പമുള്ള മറുപടി ഇങ്ങനെയായിരുന്നു..
"ന്റെ അക്കൗണ്ടില് നാല് പെങ്കുട്ട്യേളെ കെട്ടിക്കാനുള്ളതും അതിലപ്പുറവും ഉണ്ട് സുമേ,അനക്ക് കടം വല്ലതും വേണങ്കിൽ ന്നോട് ചോയ്ക്ക്.റാബിയ അറിയാണ്ടിരുന്നാ മതി.."
"എനിക്ക് കടമൊന്നും വേണ്ട ഹംസക്കാ,അത്യാവശ്യം ചിലവാക്കാനുള്ളത് ഉണ്ടെങ്കിൽ ഇനിയും ആ മരുഭൂമിയിലെ ചൂട് കൊള്ളേണ്ടല്ലോ.നാട്ടിൽ നിന്നൂടെ?"
"എടി സുമേ,നമ്മക്ക് ആരോഗ്യം ഉള്ള കാലത്തല്ലേ നയിക്കാൻ പറ്റൊള്ളൂ.അപ്പൊ ഓൾക്കും കുട്ട്യേള്ക്കും വേണ്ടതൊക്കെ വാങ്ങി കൊടുക്കണം.ആയ കാലത്ത് ങ്ങള് ഞങ്ങളെ നോക്കീലാന്ന് പറയൂലല്ലോ.."
ധൂർത്തിനെ കുറിച്ച് ഓർമിപ്പിക്കുമ്പോഴെല്ലാം ഹംസക്ക പറയുന്നത് ഇതേ മറുപടിയാണ്..
ആഡംബര സൗകര്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു മൂപ്പർക്ക്.മൂത്ത പെൺകുട്ടികൾ രണ്ട് പേരുടെയും സ്കൂട്ടിയുൾപ്പെടെ നാലോ അഞ്ചോ വണ്ടികൾ എന്റെ ഓർമയിൽ അവരുടെ വീട്ടുമുറ്റത്ത് ഉണ്ടാവാറുണ്ട്..
മൂത്ത മോള് സൽമയെ നൂറ് പവൻ കൊടുത്തു കെട്ടിക്കുമ്പോൾ കൂടെ ഒരു പാവപ്പെട്ട പെൺകുട്ടിക്ക് ഇരുപത് പവൻ കൊടുത്ത ഹംസാക്കയെ നാട്ടുകാർക്കും വലിയ കാര്യമായിരുന്നു..
നാല് പെൺകുട്ടികൾക്കും അവരാഗ്രഹിച്ച വിദ്യാഭ്യാസം നൽകാൻ ലക്ഷങ്ങൾ പൊടിച്ചു.അത്യധികം ആഡംബരത്തോടെ തന്നെയായിരുന്നു റാബിയത്തയും മക്കളും ജീവിച്ചത്..
ചെറുപ്പത്തിൽ അവരുടെ വീട്ടിലേക്ക് കളിക്കാൻ പോകുമ്പോൾ റാബിയത്തയെ അധികവും പുറത്തുകാണാറേയില്ല.അകത്തേയും പുറത്തേയും പണിക്ക് വെവ്വേറെ ആളുകളുണ്ടായിരുന്നു അവിടെ. കടയിൽ പോകാനായി ഒരു ചെറിയ ചെക്കനും..
റാബിയത്ത നടക്കുമ്പോൾ സ്വർണവളകൾ കൂട്ടിമുട്ടുമ്പോഴുള്ള പ്രത്യേക ശബ്ദം കേൾക്കാം.അന്നൊന്നും എന്റെ വീട്ടിൽ ടീവി ഉണ്ടായിരുന്നില്ല.അതിനും ഹംസാക്കാടെ വീട് തന്നെ ശരണം.പക്ഷെ റൂമിലേക്കൊന്നും പ്രവേശനമില്ല..
പകരം ജനൽ തുറന്നിടും.അപ്പോൾ സിറ്റൗട്ടിൽ ഇരുന്നാലും കുഴപ്പമില്ലാതെ കാണാം.മക്കളൊന്നും കണ്ടാൽ മിണ്ടുക പോലുമില്ല.എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് നാണമില്ലാതെ പിന്നേം പോകും..
നാല് പെൺകുട്ടികളുടെ കല്യാണവും മാമൂലുകളും എല്ലാം കഴിഞ്ഞപ്പോൾ പ്രവാസം നൽകിയ പ്രായത്തിൽ കവിഞ്ഞ ചുളിവുകളും രോഗങ്ങളുമായി ഇനിയൊരു മടങ്ങിപ്പോക്കില്ല എന്നും പറഞ്ഞ് വന്നെങ്കിലും കാലം വീണ്ടും വീണ്ടും ഹംസക്കയെ പ്രവാസിയാക്കി..
ആകെയുള്ള ഒരു മോൻ സാബിത്തിന് മാസ്റ്റർ ഡിഗ്രി എടുക്കാനുള്ള കാശും കെട്ടിവെച്ച് നീണ്ട മുപ്പത്തഞ്ച് വർഷത്തെ പ്രവാസത്തിനോട് വിട പറഞ്ഞ് ഹംസക്ക നാട്ടിലെത്തിയത് നാല് വർഷം മുൻപാണ്..
"ന്റെ ദേവാ,ഇനിയൊരു തിരിച്ച് പോക്കില്ലാന്നു കരുതിയാണ് ഓരോ പ്രാവശ്യവും വരുന്നത്.പക്ഷേങ്കി ഇവിടെ എത്തിയാൽ എന്തെല്ലാം കാര്യങ്ങളാണ്.ഇനി വയ്യ,നല്ലൊരു ഡോക്ടറെ കാണണം.പ്രഷറും ഷുഗറും ഒക്കെയുണ്ട്.."
നാട്ടിൽ വന്ന ദിവസം ഹംസക്ക അച്ഛന്റെ കൂടെയിരുന്ന് സംസാരിക്കുമ്പോൾ പറയുന്നത് കേട്ടു..
താങ്ങാൻ വയ്യാത്ത ഭാരം തലയിൽ നിന്നൊഴിഞ്ഞ ചുമട്ടുകാരന്റെ ആശ്വാസമായിരിക്കണം അപ്പോൾ അവരുടെ മനസ്സിൽ..
ഉപ്പ ഐ ഫോൺ കൊണ്ടുവന്ന സന്തോഷത്തിൽ മതിമറന്നു നടക്കുകയായിരുന്നു സാബിത്ത്.അവനെ ഹംസാക്കാക്ക് ജീവനായിരുന്നു..
പെൺകുട്ടികളുടെ വിരുന്ന് വരവും ബിരിയാണി വെക്കലും എല്ലാമായി അടിച്ചുപൊളിച്ചു കഴിഞ്ഞിരുന്ന നാളുകൾ വേഗത്തിൽ കടന്നു പോയി..
പാൽ ചായയിൽ നിന്നും കട്ടൻ ചായിലേക്കും സ്പെഷ്യൽ പലഹാരങ്ങൾ ബക്കറിയിലേക്കും മാറിത്തുടങ്ങി.ഉപ്പയെ ദൂരെനിന്ന് കാണുമ്പോൾ ബഹുമാനം കാണിച്ചിരുന്ന മക്കൾ ഉപ്പ നിക്കുമ്പോൾ കസേരയിൽ ഞെളിഞ്ഞിരിക്കാൻ തുടങ്ങിയതും വളരെ വേഗത്തിലായിരുന്നു..!
"ആയ കാലത്തൊക്കെ ആ മരുഭൂമീല് കഴിച്ചുകൂട്ടി.ഇപ്പൊ ആവതില്ലാത്തപ്പോ ഇവടെ ണ്ടായിട്ട് ന്താ കാര്യം?"റാബിയത്ത ഇടയ്ക്കിടെ കുത്തുവാക്കുകൾ എറിയുന്നതിൽ മിടുക്ക് കാണിച്ചു..
സാബിത്തിന്റെ സ്വഭാവഗുണം കാരണം കൂടെപഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ നാട്ടുകാർ കെട്ടിയിട്ട വാർത്ത ചുമരുകൾ പോലും രഹസ്യം പറഞ്ഞ ആ ദിവസം രാത്രിയാണ് ഹംസക്ക കുഴഞ്ഞു വീണത്..
കുറേ കാലത്തെ ആശുപത്രിവാസത്തിനിടക്ക് വന്ന പനി മൂപ്പരുടെ കേൾവിയെ ബാധിച്ചു.ചില ഗുളികകളുടെ അലർജി കാരണം ശരീരം മൊത്തം തടിപ്പും ചൊറിച്ചലും വന്നതോടെ ഹംസക്ക നിത്യരോഗിയായി..
കുടുംബനാഥനെക്കാൾ ഉയർന്ന ശബ്ദത്തിൽ റാബിയത്തയുടെ സംസാരം കേട്ടുതുടങ്ങിയ അന്നുമുതൽ ആ വീട്ടിലെ ഐശ്വര്യം നശിച്ചു..
ദിവസങ്ങൾ കടന്നു പോകേ ഹംസക്ക ആ വീട്ടിൽ ഒറ്റപ്പെട്ടുകൊണ്ടേയിരുന്നു..
മൂപർക്കായി ഉമ്മയും മക്കളും സിറ്റ് ഔട്ടിൽ ഒരു മുറി ഒഴിച്ചുകൊടുത്തു.ഡ്രെസ്സുകൾ ഉണക്കിയെടുക്കാൻ വേറെ അയ കെട്ടി,പുറത്തുള്ള കുളിമുറിയിൽ കൂട്ടിയിട്ട ചകിരി മാറ്റി ഉപയിഗിക്കാൻ കൊടുത്തു..
"മൂപ്പർടെ മേലൊക്കെ ചൊറിയാ സുമേ..അത് പകരൂലേ.മരുമക്കളൊക്കെ അറിഞ്ഞാൽ പിന്നെ കുട്ട്യേളെ ഇങ്ങണ്ട് വിടൂല.."
ചെയ്യുന്ന പ്രവർത്തികളെ ന്യായീകരിച്ച് കൊണ്ട് റാബിയത്ത ഒരിക്കൽ അമ്മയോട് പറഞ്ഞത് കേട്ടു..
"ഞാനും വല്ലാണ്ട് അടുക്കാൻ പോവൂല.അഥവാ പകർന്നാലോ.മൂപർക്കവിടെ ചൊറിഞ്ഞിരുന്നാ മതി.മുണുങ്ങാനൊക്കെ നേരത്തിന് കിട്ടണ്‌ണ്ടല്ലോ.ഞാൻ ചൊറിഞ്ഞു കുത്തിയിരുന്നാ ന്റെ മോൻ പട്ടിണി ആവൂലെ.."
എല്ലാം കൊണ്ടും ഹംസക്ക തനിച്ചായെന്ന് മനസിലാക്കാൻ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു.എല്ലാം കേട്ട് കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ അമ്മയുടെ കൺകോണിൽ ഒരു നനവ് കണ്ടു..
എല്ലാം മനസിലാക്കിയിട്ടാവണം,ഒരുദിവസം രാവിലെ ഹംസക്ക അലക്കുന്നത് കണ്ടു.അതൊരു അവസരമായി മുതലെടുത്ത് റാബിയത്ത ആ പണിയും നിർത്തി..
സാബിത്തിന് ജോലികിട്ടിയതോടെ ആ വീട് പൂർണ്ണമായും അവന്റെ അധികാര പരിധിയിലായി.ഉപ്പയുടെ ദൂർത്ത് മകൻക്ക് ഇല്ലാത്തോണ്ട് അകത്തും പുറത്തും പിന്നീട് പണിക്കാര് വന്നില്ല.റാബിയത്താടെ കയ്യിൽ സ്വർണവളകളുടെ കിലുക്കവും കേട്ടില്ല..
മൂന്നാമത്തെ മോള് സമീറ അവളുടെ നാല് വയസായ കുട്ടി,ഹംസക്ക ഉപയോഗിക്കുന്ന ബാത്‌റൂമിൽ കേറിയെന്നും പറഞ്ഞ് അതിനെ അടിച്ച് കൊല്ലനാക്കിയത് കുറച്ച് ദിവസം മുൻപാണ്.ഇപ്പോൾ ഉപ്പ അവർക്കൊക്കെ "അയാൾ"ആയി..
അധികപറ്റാവുന്നത് അറിഞ്ഞുകൊണ്ട് തന്നെ ഹംസക്ക സിറ്റിയിൽ ഒരു ഹോട്ടലിൽ പണിക്ക് പോയി തുടങ്ങി.ഉമ്മയും മക്കളും കൂടെ തമാശ പറഞ്ഞും കളിച്ചും ചിരിക്കുന്നത് നാലുവീട് അപ്പുറത്തേക്ക് പോലും കേൾക്കാം.ഹൃദയം തകർന്നൊരു മനുഷ്യൻ ആ വീട്ടിലെ നാലുചുവരിനുള്ളിൽ നെഞ്ചുപൊട്ടി കരയുന്നുണ്ടാവാം..
കുറച്ച് ദിവസം മുൻപൊരു രാത്രി അച്ഛനെ കാണാൻ വീട്ടിൽ വന്നിരുന്നു..
"സൽമ മോൾടെ വീട് താമസം അടുത്ത ആഴ്ചയാണ് ദേവാ,സാബിത്ത് എന്തെങ്കിലും കൊടുക്കും.ന്നാലും വാപ്പാന്റെ വക ആയിട്ടു ന്തേലും വേണ്ടേ?"
"ഇക്കാന്റെ കയ്യിലിപ്പോ ഒന്നൂല്യാന്ന് സൽമാക്ക് അറിയാലോ.അതോണ്ട് ഒന്നും കൊടുത്തില്ലെങ്കിലും കുഴപ്പല്യ.പിന്നെ സാബിത്ത് കൊടുക്കുന്നതും ഇക്കാ കൊടുക്ക്ണ പോലെ അല്ലേ..?"അച്ഛൻ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി..
"ന്നാലും അങ്ങനല്ലല്ലോ,ഞാൻ ഓൾടെ വാപ്പല്ലേ..ഒരു വാഷിങ്മെഷീൻ കടേല് ചോയ്ച്ച് വെച്ചീണ്ട്.നല്ലതൊന്നിന് പത്തിരുപത്തയ്യായിരം രൂപ വേണം.കൂട്ടിവെച്ച കായി പൈനായിരം ന്റെ കയ്യീണ്ട്.."
"ഇക്കാന്റെ ആഗ്രഹമല്ലേ നടക്കട്ടെ,ബാക്കി കാശ് ഞാൻ തരാം.."
"അന്റെ കയ്യില് ഇപ്പൊ ണ്ടാവൂല.മോൾക്ക്‌ ആസ്പത്രീലോക്കെ കുറേ ചെലവായതല്ലേ.."
"അതൊന്നും സാരമില്ല.ഇക്ക സാധനം മേടിച്ചോ,ബാക്കി ഞാൻ തരാം.."
കുറേ നിർബന്ധിച്ചപ്പോൾ മാത്രമാണ് അച്ഛൻ കാശ് കൊടുത്തപ്പോൾ ഹംസക്ക വാങ്ങിയത്.സംസാരിക്കുമ്പോഴെല്ലാം ഭാര്യയെയും മക്കളെയും പറ്റി പുകഴ്ത്തി പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നും..
"അന്ന് ദൂർത്തടിച്ചു കളഞ്ഞിരുന്ന കാശ് കുറച്ചു ബാങ്കിൽ ഇട്ടിരുന്നെങ്കിൽ ഇങ്ങനെ വയ്യാത്തപ്പോ ഹംസക്കാക്ക് ജോലിക്ക് പോകണ്ടായിരുന്നു.അല്ലേ ദേവേട്ടാ?"
അമ്മയുടെ ചോദ്യത്തിന് മറുപടിയായി അച്ഛൻ ഒരു ദീർഘനിശ്വാസം വിടും..
രാത്രി ഒരു പൊതി ചോറ് കയ്യിൽ പിടിച്ച് ടോർച്ചും അടിച്ച് വീടിന്റെ മുന്നിലൂടെ പോകുന്ന ഹംസക്കയെ കാണുമ്പോൾ ഞാൻ ഓർക്കും.വലിയ ശബ്ദത്തിലുള്ള ബുള്ളറ്റിൽ റാഡോ വാച്ച് കെട്ടിയ,നിഷ്കളങ്കമായി ചിരിക്കുന്ന ഹംസക്കയെ..
ഇന്നായിരുന്നു സൽമയുടെ വീട് താമസം.വാഷിംഗ്‌ മെഷീൻ തലേന്ന് തന്നെ ഷോപ്പിൽ നിന്നും നേരിട്ട് എത്തിച്ചു കൊടുത്തിട്ടുണ്ട്..
പക്ഷെ ഉപ്പയെ ക്ഷണിച്ചില്ല മകൾ.എല്ലാവരും പോയപ്പോൾ അകത്തുനിന്ന് ഹംസക്ക പുറത്തിറങ്ങിയതേയില്ല.ആളുകളുടെ ചോദ്യം നേരിടാൻ കഴിയാഞ്ഞിട്ടാവും..
കുറച്ച് നേരം മുൻപ് അച്ഛനെ ചോദിച്ച് വീട്ടിൽ വന്നപ്പോൾ പതിവില്ലാത്ത സങ്കടം ഹംസാക്കാടെ മുഖത്തുള്ളതായി തോന്നി..
"ഞാൻ പോയില്ല,അവിടെ പോയാല് ആളോള് എന്തേലും ചോയ്ച്ചാ ചെവി കേക്കാതെ ഞാൻ എന്താക്കാനാ?അന്റെ കായി കൊറച്ചീസം കൊണ്ട് താരാട്ടാ.."
മറുപടിക്ക് കാത്ത് നിൽക്കാതെ വേഗത്തിൽ വലിച്ച് പുറത്തേക്കൂതുന്ന സിഗരറ്റിന്റെ പുകയെ പിന്നിലാക്കി ഹംസക്ക നടന്നകന്നു.
ആ പോക്കും നോക്കി റൂമിന്റെ ജനലിൽ പിടിച്ച് നിൽക്കുമ്പോൾ എന്റെ മനസ്സിൽ പണ്ടെപ്പോഴോ കേട്ട ഒരു കാര്യം തെളിഞ്ഞു വന്നു..
"ആണുങ്ങൾ പന്ത്രണ്ട് വയസ് വരെ തുമ്പിയെ പോലെയാണ്.പാറി നടക്കും...
മുപ്പത് വരെ കുതിരയെ പോലെ,ഓടിച്ചാടി നടക്കും..
അമ്പത് വരെ കഴുതയെ പോലെ,ഭാരം ചുമക്കാൻ..
അത് കഴിഞ്ഞാൽ നായയെ പോലെ,വീടിനും വീട്ടുകാർക്കും കാവൽ കിടക്കാൻ..
ഒടുവിൽ മൂങ്ങയെ പോലെ,എന്ത് കണ്ടാലും കേട്ടാലും മൂളൽ മാത്രം.."
ജിയ

ഉന്മാദിനി

"കുട്ടി എന്താ അന്ന് ഒറ്റക്ക് സംസാരിച്ചിരുന്നത്..?"
എന്നെ ഭ്രാന്തിയാക്കാൻ മാത്രമുള്ള വലിയൊരു ചോദ്യം എൻറെ നേർക്കയച്ച് അയാൾ മറുപടിക്ക് കാത്തു നിന്നു..
വിറച്ചുതുടങ്ങിയ കാലുകൾ തളരുന്നുവെന്നു തോന്നിയപ്പോൾ ഞാൻ ചുമരിൽ ചാരി....
"കള്ളം പച്ചക്കള്ളം,നിങ്ങൾ അയാളെ കണ്ടതാ,നിങ്ങളുടെ അടുത്താണ് അയാളിരുന്നത്.."
തളർച്ചക്കിടയിലും ഞാൻ അലറി വിളിച്ചു..
"ഇവൾക്ക് ശെരിക്കും ഭ്രാന്താണ് അമ്മേ.."ചേച്ചി ദേഷ്യത്തോടെ പറഞ്ഞത് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല
"എല്ലാരും കള്ളം പറയാ..."
കരഞ്ഞു കൊണ്ട് ഞാനോടി റൂമിൽ കയറി വാതിലടച്ചു.എത്ര നേരം കരഞ്ഞെന്ന് ഓർമയില്ല,ഇടക്കെപോഴോ മയങ്ങി പോയി..
സ്വപ്നത്തിൽ ചുവന്ന കണ്ണുകളാൽ തുറിച്ചു കൊണ്ട് എനിക്ക് നേരെ അയാൾ പാഞടുത്തു..
ഞെട്ടിയുണരുന്നത് ഈയിടെയായി ശീലമായി കഴിഞ്ഞു.നിലവിളിച്ചില്ല,കാരണം എന്റെ തോന്നലുകളാണല്ലോ എല്ലാം.എനിക്ക് ഭ്രാന്താണല്ലോ..
എന്തിനാണ് എല്ലാവരും കൂടി എന്നെ ഒരു ഭ്രാന്തിയാക്കി മാറ്റുന്നത്!
കണ്ട് മറന്ന ചില സിനിമ കഥകൾ പോലെ ഞാൻ മാത്രമാണോ അയാളെ കാണുന്നത്?അല്ല,അങ്ങനെ സംഭവിക്കാൻ യാതൊരു സാധ്യതയും ഇല്ല..
കുറച്ച് മാസങ്ങൾക്ക് മുൻപ് കോളേജ് വിട്ട് വരുന്നവഴിക്കാണ് ആദ്യമായി ചുവന്ന കണ്ണുകളും കറപിടിച്ച പല്ലുകളും ഉള്ള അയാളെ ഞാൻ കാണുന്നത്..
അലക്ഷ്യമായി പറക്കുന്ന എന്റെ മുടിയിൽ എന്തോ ഒന്ന് ഇഴയുന്ന
പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോൾ അയാൾ എന്റെ നേരെ നോക്കി ചിരിച്ചു..
കറുത്ത നിറം കലർന്ന പല്ലുകൾ പുറത്തു കാട്ടി ചുവന്ന കണ്ണുകൾ കൊണ്ട് എന്റെ ദേഹമാകെ ഉഴിയുമ്പോൾ നിർവചിക്കാനാവാത്ത എന്തോ ഒരു ഭയം എന്നെ പിടികൂടിയിരിന്നു..
ചോദ്യങ്ങൾ ചങ്കിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ ഉത്തരവുമായി അയാൾ തന്നെ നിശബ്ദതക്ക് വിരാമമിട്ടു..
"എന്താ നീ ഇങ്ങനെ നോക്കുന്നത്?കാണാത്ത പോലെ.."
"ആരാ.."ഏറെ പ്രയാസപ്പെട്ട് പുറത്ത് വന്ന ചോദ്യം കേട്ട് അയാൾ മുഴുവൻ പല്ലുകളും പുറത്ത് കാൺകെ ചിരിച്ചു..
സന്തോഷത്തിന്റെ സിമ്പൽ ആയി കണക്കാക്കുന്ന ചിരി ചിലപ്പോഴൊക്കെ ഭയാനകമാണ്.കൂട്ടുകാരികൾ പോകാനായി ഇറങ്ങിയതും ഞാൻ അവരുടെ അരികുപറ്റി വേഗത്തിൽ നടക്കാൻ തുടങ്ങി.തിരിഞ്ഞു നോക്കാതെ..
പിന്നീട് പലയിടത്തു നിന്നായി അയാളെ കണ്ടു..
"എനിക്ക് നിന്നെ നന്നായറിയാം."
തനിച്ച് കാണുമ്പോഴൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു..
"എങ്ങനെ അറിയാം"എന്ന് ചോദിക്കാനുള്ള ധൈര്യം അതിനോടകം നേടിയെടുത്തിരുന്നു.പക്ഷെ ഉത്തരം അയാൾ ക്രൂരമായ ഒരു തരം ചിരിയിലൊതുക്കി..
ചേച്ചിയോടൊത്ത് ഹോസ്പിറ്റലിൽ പോയി വരുമ്പോഴാണ് പിന്നീട് അയാളെ കണ്ടത്.ചേച്ചി മെഡിസിൻ മേടിക്കാൻ കയറിയപ്പോൾ ഓട്ടോയിൽ ഞാൻ തനിച്ചായിരുന്നു..
"പ്രിയാ..."പതിഞ്ഞ ശബ്ദത്തിലുള്ള ആ വിളി കേട്ട് ഞെട്ടലോടെ നോക്കുമ്പോൾ അയാൾ ഡ്രൈവറിനടുത്തായി ഒരു വശം ചെരിഞ്ഞിരിക്കുന്നു.സിഗരറ്റിന്റെ പുക എന്റെ നേർക്ക് ഒരു താളത്തിൽ ഊതിക്കൊണ്ട് അയാൾ ചിരിച്ചു..
"ചേച്ചീ.."എന്ന് വിളിക്കാൻ ശ്രമിച്ചിട്ടും തൊണ്ടയിൽ എന്തോ കുരുങ്ങിയ അവസ്ഥയിൽ ഞാൻ തരിച്ചിരുന്നു..
"പ്രസീത മരുന്ന് വാങ്ങാൻ പോയോ,പ്രിയ മോളെ തനിച്ചാക്കിയിട്ട്..?"
അപ്പോൾ അയാൾക്ക്‌ ചേച്ചിയുടെ പേരും അറിയാം.ചോദ്യങ്ങൾ ഒരുപാട് തിക്കിത്തിരക്കി ഉള്ളിൽ നിന്നും വന്നെങ്കിലും പുറത്തേക്കു വരാൻ ധൈര്യം കാണിച്ചത് ഒരൊറ്റ ചോദ്യമായിരുന്നു.അതും വിറയലോടെ..
"എങ്ങനെ അറിയാം,..ഞങ്ങളുടെ പേര്..?"
"ഹ ഹ....എല്ലാം അറിയാം..എല്ലാം..."
പൊട്ടിച്ചിരിക്കുമ്പോഴും ഡ്രൈവർ ഒരു കുലുക്കവുമില്ലാതെ ഇരുന്നത് കുറച്ചൊന്നുമല്ല എന്നെ ദേഷ്യം പിടിപ്പിച്ചത്.പുറത്തേക്കിറങ്ങിയപ്പോൾ ചേച്ചി തിരികെ വരുന്നത് കണ്ടു..
ഓട്ടോയുടെ മുന്നിലേക്ക് നോക്കിയപ്പോൾ അയാളില്ല,ഞാൻ ചുറ്റുപാടും നോക്കി,ഇല്ല.. ഇത്ര പെട്ടെന്ന് എങ്ങോട്ട് മറഞ്ഞു?
ആ യാത്രയിലുടനീളം ചേച്ചി ഫോണിൽ സംസാരിക്കുന്നത് കാരണം എനിക്കയാളെ കുറിച്ച് പറയാനെ കഴിഞ്ഞില്ല.പിന്നീട് പറഞ്ഞപ്പോഴൊന്നും ആരും വിശ്വസിച്ചതും ഇല്ല.ഒരു തരത്തിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..
ചെറുപ്പം തൊട്ടേ അമ്മയെയും ചേച്ചിയെയും ഒരുപാട് പറ്റിച്ചിട്ടുണ്ട്.മരത്തിൽ കേറി വീണതാണെന്ന മട്ടിൽ മരച്ചുവട്ടിൽ ബോധം പോയ പോലെ കിടക്കുന്നത്...
ചെത്തിയിലയിൽ മുരിക്കിൻമുള്ള്‌ കൂട്ടി മുറുക്കി വായിൽ നിന്ന് ചോരവന്നെന്നു പറയുന്നത്.ഇങ്ങനെ ഒരുപാടുണ്ട് അഭിനയ കഥകൾ.അപ്പോൾ പിന്നെ ഞാൻ പറയുന്നത് അവർ എങ്ങനെ വിശ്വസിക്കും?
പക്ഷെ അങ്ങനെയൊക്കെ ആണെങ്കിലും അന്ന് ഞാൻ ചെറിയ കുട്ടിയല്ലേ.ഇപ്പോൾ അങ്ങനെയാണോ?എന്നിട്ടും ഇവരെന്താ ഞാൻ പറയുന്നത് ശ്രദ്ധിക്കാത്തത്!ചേച്ചിയുടെ കാര്യം പോട്ടെ,അമ്മ പോലും..
ഭയപ്പെട്ടത് അയാളെ കണ്ടത് എന്റെ റൂമിന്റെ ജനലിനപ്പുറത്താണ്.നിലവിളി കേട്ട് ഓടിവന്ന ചേച്ചിയും അമ്മയും അയൽവാസികളും ഉൾപ്പെടെ തിരഞ്ഞിട്ടും ആളെ കണ്ടില്ല എന്നത് എനിക്ക് എന്തോ അസുഖമുണ്ടെന്ന ചിന്തയിലേക്ക് എല്ലാവരെയും കൊണ്ടെത്തിച്ചു..
വാദിക്കുന്നതിനിടെ ജയിക്കാനായി പൊരുതികൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഓട്ടോ ഡ്രൈവർ അയാളെ കണ്ടെന്നു പറഞ്ഞത്.എന്റെ നിർബന്ധത്തിന് വഴങ്ങി ആ ഡ്രൈവറെ വിളിച്ച് വരുത്തുമ്പോൾ വിജയം ഉറപ്പിച്ച മത്സരാർഥിയുടെ ഭാവമായിരുന്നു എനിക്ക്..
പക്ഷെ അവസാനറൗണ്ടിൽ അട്ടിമറി സംഭവിക്കുന്നത് പോലെ അയാൾ എന്നെ ദയനീയമായി പരാജയപ്പെടുത്തി...
"ഞാനും അന്ന് ചോദിക്കണം കരുതിയതാണ്.കുട്ടി എന്താണന്ന് ഒറ്റക്ക് സംസാരിച്ചിരുന്നത്.."
ഈ ചോദ്യമാണ് ഇന്നെന്നെ ശെരിക്കും ഭ്രാന്തിയാക്കിയത്.വാതിൽ തുറക്കാൻ അമ്മ പറയുന്നുണ്ട്,പക്ഷെ ഞാൻ തുറന്നില്ല,എനിക്കാരെയും കാണുകയേ വേണ്ട..
ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു.ക്ലാസിനു പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും പലപ്പോഴും ഞാൻ അയാളെ കണ്ടു.പക്ഷെ ആർക്ക് മുന്നിലും തെളിയിക്കാൻ എനിക്ക് കഴിഞ്ഞില്ല..
ഇപ്പോൾ ചേച്ചി ഭർത്താവിന്റെ വീട്ടിലേക്ക് പോയി.പോകുന്ന വരെ എൻറെ കൂടെ അധികം സമയവും ഉണ്ടാവാറുണ്ട്.എന്നെ കെട്ടിപിടിച്ചു കരഞ്ഞാണ് പോയത്.അസുഖമുള്ള അനിയത്തിയാണല്ലോ ഞാൻ..
സത്യത്തിനു മുന്നിൽ പകച്ചു നിൽക്കാനല്ലാതെ ഒന്നിനും കഴിയാത്ത നിരാശയിൽ ഞാൻ ആകെ തകർന്നു.ഏകാന്തതയെ വല്ലാതെ പ്രണയിച്ചു തുടങ്ങി..
ഇപ്പോൾ ഞാൻ വയ്യാത്ത കുട്ടിയാണ്.എല്ലാർക്കും എന്നോട് നല്ല സ്നേഹവുമാണ്.സഹതാപത്തിന്റെ കണ്ണുകൾ വഴിയിലൊക്കെ എൻറെ നേർക്ക് നീണ്ടു.ക്ലാസ്സിൽ പോയാൽ കൂട്ടുകാരികളൊക്കെ സൂക്ഷിച്ചേ സംസാരിക്കുന്നുള്ളൂ.ടീച്ചർമാർ എന്നെ നോക്കി രഹസ്യം പറയാൻ തുടങ്ങി..
എന്തോ കണ്ട് പേടിച്ചതാണ്,എന്തോ ബാധ മേല് കേറിയിരിക്കുകയാണ്,തുടങ്ങി ഒരുപാട് കാരണങ്ങൾ ഉണ്ട് നാട്ടുകാർക്ക് പറയാൻ..
എത്ര കാശ് ചിലവാക്കിയിട്ടാണെങ്കിലും ഏറ്റവും നല്ല ഡോക്ടറെ തന്നെ കാണിക്കാൻ അമ്മക്ക് വിളിച്ചു പറഞ്ഞിട്ട് കടമ നിറവേറ്റിയിട്ടുണ്ട് അച്ഛൻ..
അത് തന്നെ ധാരാളം.അച്ഛൻ പോയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂലോ,ഇനിയും ഒരുപാട് സമ്പാദിക്കണം.വെട്ടിപ്പിടിക്കാൻ ഭൂമി വിശാലമായി ഇനിയും കിടക്കുന്നുണ്ട്..!
അത്കൊണ്ട് വിലപ്പെട്ട സമയങ്ങൾ മകളുടെ "ഭ്രാന്ത് "കേട്ട് നഷ്ടപ്പെടുത്താനൊന്നും പറ്റില്ല..
അച്ഛന്റെ ഉപദേശപ്രകാരം അടുത്തുള്ളൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു അമ്മ എന്നെ.മൂന്ന് നാല് തരം ഗുളികകൾ ഉണ്ട്.ഭക്ഷണം കഴിക്കുന്നു,ഗുളിക കഴിക്കുന്നു ഉറങ്ങുന്നു,രാവിലെ എണീക്കുന്നു..
എത്രയൊക്കെ കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാനോ,അതിനെ കുറിച്ചൊന്ന് അന്വേഷിക്കാനോ അമ്മ ശ്രമിച്ചില്ലല്ലോ..!
കുറേ വലുതായിട്ടുംഎന്നെ എടുത്ത് നടന്നിരുന്ന..ചോറുരുളയുമായി വീടിനു ചുറ്റും ഓടിയിരുന്ന അമ്മ..
സൈക്കിളിൽ പിറകിലിരുത്തി കടയിൽ കൊണ്ട് പോയിരുന്ന എന്നും സ്കൂൾ വിട്ട് വരുമ്പോൾ പഞ്ഞിമിട്ടായി കൊടുന്നു തന്നിരുന്ന ചേച്ചി..
എൻറെ കൈ പിടിച്ചു കടയിൽ കൊണ്ടുപോയി ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തന്നിരുന്ന,നെഞ്ചിൽ കിടത്തിയുറക്കിയിട്ട് ഉണരുന്നത് ഭയന്ന് ശ്വാസം പോലും അടക്കിപിടിച്ചിരുന്ന അച്ഛൻ...
ആ നാളുകൾ എല്ലാം എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു.ബന്ധങ്ങൾ എല്ലാം എനിക്ക് മുന്നിൽ ചോദ്യചിഹ്നങ്ങളായി..
ഇല്ല,ഇനിയെനിക്കൊന്നും പറയാനില്ല.പറയുംതോറും എനിക്ക് ഭ്രാന്ത് കൂടിവരികയാണ്..
ശെരിക്കും എനിക്ക് ഭ്രാന്ത് തന്നെയാണ്.കാരണം ഇപ്പോൾ ഞാൻ മിക്ക ദിവസങ്ങളിലും കാണുന്നുണ്ട്,ചുവന്ന കണ്ണുകളും കറപിടിച്ച പല്ലുകളുമുള്ള അയാളെ.എൻറെ വീട്ടിൽ വെച്ച് തന്നെ.അതും എന്റെ അമ്മയുടെ കൂടെ..
അന്ന് ഞാനും ചേച്ചിയും പോയ അതെ ഓട്ടോയിലാണ് മിക്കപ്പോഴും അയാൾ വരുന്നത്.പക്ഷെ അമ്മക്കും ഓട്ടോക്കാരനും അയാളെ കാണാൻ പറ്റുന്നില്ലായിരിക്കും അല്ലെ..?
എന്ത് കൊണ്ടോ ചേച്ചിയുള്ളപ്പോൾ എനിക്കും കാണാൻ പറ്റാറില്ല...!!
ജിയ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo