Showing posts with label AneeshAnu. Show all posts
Showing posts with label AneeshAnu. Show all posts

നിരഞ്ജന

Image may contain: Aneesh Anu, outdoor and closeup
=======
പതിവുപോലെ കോളേജ് കഴിഞ്ഞു ബസ് ഇറങ്ങി വീട്ടിലേക്ക് ഉള്ള നടത്തത്തിലാണ് നിരഞ്ജന. പതിവ് കാഴ്ചകൾ തന്നെ രാഘവേട്ടന്റെ ചായക്കടയുടെ ചില്ല് അലമാരയിൽ പലഹാരങ്ങൾ നിറഞ്ഞിരിപ്പുണ്ട് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇതൊക്കെ വൈകുന്നേരം ആവുമ്പോഴേക്കും കഴിയുമോ കഴിയുമായിരിക്കും. തൊട്ടപ്പുറത്തെ ക്ലബ്ബിലിരുന്നു കുറച്ച് പേർ കാരംസ് കളിക്കുന്നു ചിലർ പുറത്തേക്ക് നോക്കിയിരിപ്പുണ്ട് ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന കുട്ടികളെ വായ്നോട്ടം തന്നെ.
അവിടെ നിന്നും വേഗം നടന്നു വായനശാലയ്ക്ക് അടുത്തെത്തിയപ്പോൾ നടത്തം വേഗത കുറച്ചു അവിടെ ഒരാൾ എന്നും കാത്തുനിൽപ്പുണ്ട് ഒരു നോട്ടത്തിനു വേണ്ടി. രഘു ഇരുനിറത്തിൽ ആണെങ്കിലും കാണാൻ സുന്ദരൻ പഠനം കഴിഞ്ഞു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആൾക്ക് സംസാരിക്കാൻ കഴിയില്ല എന്നൊരു കുറവുണ്ട് മറ്റുള്ളവരുടെ കണ്ണിൽ, തനിക്കത് അങ്ങനെ തോന്നിയിട്ടില്ല. ഇന്ന് വരെ പരസ്പരം മിണ്ടിയിട്ടില്ല എങ്കിലും എന്തോ ഒരിഷ്ടം ഉണ്ട് ആൾക്ക് തന്നോട്.
"ഇതെന്താ കുഞ്ഞേച്ചി ഇവിടെ നിന്ന് ആലോചിക്കുന്നേ"
പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. രാമേട്ടന്റെ കടയിലെ തൂങ്ങി കിടക്കുന്ന പഴകുലകൾക്കിടയിൽ നിന്ന് കോൽ ഐസും വാങ്ങിക്കൊണ്ട് അപ്പു ഇറങ്ങി വന്നു.
"ഒന്നുല്ലടാ ചുമ്മാ നിന്നതാ വാ പോകാം" അവനെയും കൂട്ടി പെട്ടെന്ന് നടന്നു.
"കുഞ്ഞേച്ചി ഞാനിന്ന് കളി കഴിഞ്ഞിട്ട് വന്നാൽ മതിയോ പഠിക്കാൻ? "
"ആ നീ വൈകി വന്നാൽ ഒറ്റക്ക് ഇരുന്നു പഠിക്കേണ്ടി വരും എനിക്ക് പഠിക്കാൻ ഉണ്ട്"
"എന്നാ വേണ്ട ഞാൻ പോയിട്ട് വേഗം വരാം, അല്ല ചേച്ചിടെ വീട്ടിൽ ഇന്ന് വിരുന്നുകാർ ഒക്കെ ഉണ്ടല്ലോ ദേ മുറ്റത്തൊരു കാർ കിടക്കുന്നു"
"ശെരിയാണല്ലോ ഇതിപ്പോ ആരാ ഒരു പരിചയം ഇല്ലാത്ത വണ്ടി ആണല്ലോ"
വീട്ടിലേക്കുള്ള ഗേറ്റ് അടുത്തെത്തിയതും മാധവൻമാമ വന്നു.
"നീ ആ പുറകുവശത്തൂടെ ഉള്ള ഗേറ്റ് കൂടി അകത്തേക്ക് കയറിയാൽ മതി മോളെ ചെല്ല് ".
"അതെന്താപ്പോ അങ്ങനെ ആ എന്തോ ആവട്ടെ ഇമ്മക്ക് പോവാ, എനിക്ക് തോന്നുന്നത് ഇത് ചേച്ചിക്കുള്ള എന്തോ പണിയാണെന്നാ"
"ഒന്ന് പോയെടാ അപ്പു നീ പോയിട്ട് വാ ട്ടോ"
ഗേറ്റ് കടന്നു അടുക്കളവാതിലിൽ എത്തിയപ്പോ അവിടെ ചെറിയമ്മയും അമ്മായിയും അമ്മയും ചായ ഉണ്ടാകുന്നത്തിന്റെയും പലഹാരം പ്ലേറ്റ് ആക്കുന്നതിന്റെയും തിരക്ക്.
"ആ മോള് വന്നോ, പോയിട്ടൊന്നു മുഖം കഴുകി ഡ്രസ്സ്‌ മാറി വന്നെടാ "
"എന്തിനാ അമ്മേ, ആരാ ഉമ്മറത്തു വന്നേക്കുന്നെ" ആകാംഷയോടെ മുഖത്തേക്ക് നോക്കി.
"അവർ നിന്നെ ഒന്ന് കാണാൻ വന്നതാ, നീ പോയി ഡ്രസ്സ്‌ മാറി വാ"
ശെടാ തന്റെ പെണ്ണുകാണൽ ചടങ്ങാണോ ഈ നടക്കുന്നത്. എല്ലാം പറയുന്ന അച്ഛൻ പോലും ഒന്നും പറഞ്ഞില്ല ലോ എന്ത് പറ്റി.
പെട്ടെന്ന് പോയി ഡ്രസ്സ്‌ മാറി വന്നു ഇല്ലേൽ ചിലപ്പോ അതിനാവും ചീത്ത കേൾക്കാ. അടുക്കളയിൽ ചെന്ന വഴി അമ്മ ഒരു പ്ലേറ്റ് എടുത്തു കയ്യിൽ തന്നു അവർക്ക് കൊടുക്കാൻ ഉള്ള ചായയാണ്. അത് അവിടെ കൊണ്ട് കൊടുത്തു ഒരു നിമിഷം നിന്നിട്ട് തിരികെ വാതിലിൽ അമ്മേടെ അടുത്ത് വന്നു നിന്നു. മാധവൻമാമ എല്ലാർക്കും ചായ എടുത്തു കൊടുത്തു.
കൂട്ടത്തിലെ ചെറുപ്പക്കാരൻ കുറെ തവണ തന്നെ നോക്കുന്നത് കണ്ടപ്പോഴേ ഉറപ്പായി അത് തന്നെ ചെക്കൻ.
"കുട്ടി നിന്ന് മുഷിയണ്ട അകത്തേക്ക് പൊയ്ക്കോളൂ, ബാക്കി കാർന്നോമ്മാര് തമ്മിൽ സംസാരിക്കാ" കൂട്ടത്തിലെ പ്രായം ചെന്നൊരാൾ പറഞ്ഞു. രക്ഷപെട്ടു എന്ന് മനസ്സിലോർത്തു അവടെ നിന്നും ഓടി.
വന്നവർ കുറെ നേരം കഴിഞ്ഞാണ് പോയത്. അവർ പോയതിനുശേഷം മാധവൻ മാമയും അച്ഛനും ചെറിയച്ചനും കൂടി കുറെനേരം നിന്ന് സംസാരിക്കുന്നത് കണ്ടു. അവർ എന്തോ തീരുമാനം എടുത്ത മട്ടാണ്. കുറച്ച് കഴിഞ്ഞപ്പോൾ അപ്പു വന്നു കുറച്ച് നേരം അവനു സംശയം ഉള്ളത് പറഞ്ഞു കൊടുത്തു. പഠിക്കാൻ ഇരുന്നേങ്കിലും അവിടെയും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല.
അത്താഴം കഴിക്കുന്നതിനിടയിലാണ് അച്ഛൻ കാര്യം പറഞ്ഞു തുടങ്ങിയത്.
"മോളെ നല്ലൊരു ആലോചനയാണ് വന്നിരിക്കുന്നത്, നല്ല കുടുംബം ചെക്കന് ദുബായിൽ ആണ് ജോലി നല്ല പോസ്റ്റ്‌ ആണ്. മോൾക്ക് ഇഷ്ടായോ"
അച്ഛന്റെ ചോദ്യം കേട്ടു ആദ്യം നോക്കിയത് അമ്മേടെ മുഖത്തേക്കാണ്. അവിടെയും കണ്ടു ഒരു ആകാംഷ.
"ഇഷ്ടായാലും ഇല്യാച്ചാലും നീ പറഞ്ഞോ മോളെ കുഴപ്പമില്ല, ആൾ അടുത്താഴ്ച തിരിച്ചു പോകും അതോണ്ട് നാളെ തന്നെ വിവരം പറയണം"
"അച്ഛന്റെ അമ്മേടേം ഇഷ്ടം പോലെ ആയിക്കോട്ടെ" ഒരൊഴുക്കിന് അങ്ങ് പറഞ്ഞു. തള്ളിക്കളയാൻ മാത്രം ഒരു കുറവ് ഉള്ളതായി തോന്നിയില്ല. നല്ല കുടുംബം ജോലി എല്ലാം കൊണ്ട് ചേരുന്ന ബന്ധം. തന്റെ മറുപടി കേട്ടതും അച്ഛന് സമാധാനമായി മുഖം തെളിഞ്ഞു.
" പക്ഷെ അച്ഛാ എനിക്ക് പഠിക്കണം അതിന് പറ്റില്ല പറയരുത്"
"അത് അച്ഛൻ പറഞ്ഞിട്ടുണ്ട്, ഡിഗ്രി കഴിയ്യാറായില്ലേ അതൊക്കെ അവർ നോക്കിക്കോളും. അവിടത്തെ അമ്മ ടീച്ചർ ആണ് അതോണ്ട് അവർക്ക് അറിയാതെ ഇരിക്കില്ലലോ വിദ്യാഭ്യാസത്തിന്റെ വില."
"അച്ഛൻ എന്തായാലും അവരോട് ഉറപ്പ് പറയാൻ പോവാണ് ട്ടോ"
പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു വളരെ കുറച്ച് റിലേറ്റീവ് ആയി കല്യാണം ഉറപ്പിര് നടത്തി. കല്യാണം കേമം ആക്കാം എന്ന ഉറപ്പിന്മേലാണ് അച്ഛനത് സമ്മതിച്ചത്. മോഹൻ നല്ല ആളായിരുന്നു നല്ല ഫ്രണ്ട്‌ലി ആണ് ആൾ. 3 മാസത്തിന് കല്യാണതീയതി തീരുമാനിച്ചു വെച്ചാണ് മോഹൻ തിരികെ പോയത്.
മൂന്നും മാസം വളരെ പെട്ടെന്ന് പോയി ഇടക്കെപ്പോഴോ രണ്ടു തവണ മോഹൻ വിളിച്ചിരുന്നു. എല്ലാരുടേം മുന്നിൽ വെച്ച് നിന്ന് സംസാരിക്കാൻ ഒന്നും അധികം നിന്നില്ല. കല്യാണത്തിന് സ്വർണം എടുക്കലും തുണിയെടുക്കലും വീടുവൃത്തിയാക്കലും വൈറ്റ് വാഷിംഗ്‌ ഒക്കെയായി. ഒരുത്സവ പ്രതീതി ആയിരുന്നു വീട്ടിൽ.
തറവാട്ടമ്മയുടെ സന്നിധിയിൽ വെച്ച് മോഹൻ കഴുത്തിൽ താലി ചാർത്തി ജീവിതസഖിയായി കൈപിടിച്ചു. നാലുകൂട്ടം പായസമുള്ള ഗംഭീരസന്ധ്യയായിരുന്നു അച്ഛൻ ഒരുക്കിയിരുന്നത് നടന്നറിഞ്ഞുള്ള കല്യാണം. ഒടുവിൽ അച്ഛനേം അമ്മയേം പിരിഞ്ഞു മറ്റൊരുവീട്ടിലേക്ക്.
നിലവിളക്ക് എടുത്ത് വലതുകാൽ വെച്ച് അവിടത്തെ ടീച്ചറമ്മ ഞങ്ങളെ ആനയിച്ചു. മധുവിധു രാവുകൾ സന്തോഷത്തിന്റെ അതിർവരമ്പുകൾ പൊട്ടിക്കുന്നതായിരുന്നു. വിരുന്നും കറക്കവുമായി ഒരു മാസം പോയതറിഞ്ഞില്ല അതിനിടയിൽ മോഹൻ തന്നെ കൊണ്ട് പോകാനുള്ള കാര്യങ്ങൾ എല്ലാം ശെരിയാക്കിയിരുന്നു. ടീച്ചറമ്മ ജോലി ചെയുന്നത് അടുത്ത ജില്ലയിൽ ആയിരുന്നു അതാണ് മോഹൻ തന്നെ വീട്ടിൽ നിർത്താതെ ഗൾഫിലോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചത്.
നാട്ടിൻപുറത്തുകാരിയുടെ തനിമയോടെ നിന്ന താനിനി ഗൾഫിലേക്ക് പറക്കുകയാണ്. ഒരുപാട് സന്തോഷം ആകാംഷ എല്ലാരേം പിരിയുന്ന സങ്കടം എല്ലാം നിറയുന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ. തലേദിവസം പെട്ടി പാക്ക് ചെയ്യലും ഡ്രസ്സ്‌ എടുത്ത് വെക്കലും എല്ലാം തകൃതിയായി നടന്നു. അപ്പുവും വന്നിരിന്നു അച്ഛന്റേം അമ്മയുടേം കൂടെ അവന്റെ കുഞ്ഞേച്ചിയെ കാണാൻ.
പിറ്റേന്ന് രാവിലെ ഫ്ലൈറ്റ് ആണ് പോകുന്നത് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അപ്പുവിന്റെ അടുത്തെത്തിയപ്പോൾ മാത്രം കണ്ണു നിറഞ്ഞു ഒഴുകി. രണ്ട് കവിളത്തും ഒരു മുത്തം നൽകി അവനും കരഞ്ഞിരുന്നു. മോഹൻ കൂടെ ആയത് കൊണ്ട് വല്യ വിഷമം തോന്നിയില്ല. ആകാംഷയോടെ ഓരോ കാര്യങ്ങളും നോക്കി കണ്ടു. സിഗ്നൽ അനൗൺസ് മെന്റുകൾക്ക് ശേഷം ഫ്ലൈറ്റ് ഉയർന്നു പൊങ്ങി തങ്ങളെയും കൊണ്ട്...
തുടരും...
📝അനീഷ് അനു

ജീവിക്കാൻ മറന്നവർ

Image may contain: Aneesh Anu, outdoor and closeup
കയ്യിൽ എരിയുന്ന സിഗരറ്റിനെ നിരഞ്ജൻ അലക്ഷ്യമായി ദൂരേക്കെറിഞ്ഞു. ചൂട് കട്ടൻ ചായ ഗ്ലാസ്സിലേക്ക് പകർന്നു അവൾ എന്തിനായിരിക്കും കാണാമെന്നു പറഞ്ഞത്. നാളുകൾ ആയിരിക്കുന്നു പരസ്പരം ഒന്ന് കണ്ടിട്ട് ഫോൺ സന്ദേശങ്ങൾ പോലും വല്ലപ്പോഴും ആയിരിക്കുന്നു. ഒരു കാലത്ത് ഒരു നേരം ഒന്ന് വിളിച്ചില്ലെങ്കിൽ അത് പറഞ്ഞു അടിയുണ്ടാക്കിയിരുന്നവരാണ് ഹ ഹ ഓർത്തിട്ട് തന്നേ ചിരി വരുന്നു. വൈകിട്ട് 4 മണിക്കാണ് ബീച്ചിൽ അവൾ എത്താമെന്ന് പറഞ്ഞിരിക്കുന്നത് ഓഫീസ് വർക്കുകൾ പെട്ടെന്ന് തീർത്ത് ഫ്ലാറ്റിലേക്ക് തിരിച്ചു. മണൽകാറ്റുകൾ നിറഞ്ഞ ഈ മരുഭൂവിലേക്ക് എത്തിപെടുന്നതിനു മുൻപ് ഒരുപാട് സ്വപ്‌നങ്ങൾ പരസ്പരം കണ്ടവരായിരുന്നു തങ്ങൾ എല്ലാം ഒരു ഓർമ്മകൾ മാത്രമായിരിക്കുന്നു.
കുളികഴിഞ്ഞു ഡ്രസ്സ്‌ മാറി ഇറങ്ങാൻ നേരം അവൻ കണ്ണാടിയിലേക്ക് ഒരു മാത്ര നോക്കി, താടിയൊക്കെ നരച്ചു തുടങ്ങിയിരിക്കുന്നു, മുഖത്ത് നിന്ന് പഴയ തിളക്കം നഷ്ടമായി തുടങ്ങി. ഒരു അപവാദം പോലെ തടി മാത്രം വല്ലാതെ കൂടിയില്ല. നാട്ടിൽനിന്നും ഇങ്ങോട്ട് പറിച്ചെറിയപ്പെട്ടിട്ട് 6 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു നഷ്ടപ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ. ഫ്ലാറ്റ് ലോക്ക് ചെയ്തു വേഗം താഴേക്ക് ഇറങ്ങി, കാറെടുത്തു നേരെ ബീച്ചിലേക്ക്.
ആർത്തലക്കുന്ന തിരമാലകൾക്ക് നേരെ ഒരു ചെറുപുഞ്ചിയോടെ അവനിരുന്നു. വണ്ടി പാർക്ക്‌ ചെയ്തു അവൾ വരുന്നത് അവനു ദൂരെ നിന്നേ കാണാമായിരുന്നു വീണ്ടും തടിച്ചുവോ ഏയ് ഇല്ലാ തോന്നിയതാണ്. താൻ പലകുറി തൂലികയിൽ എഴുതിയ മിഴികൾക്ക് മങ്ങലേറ്റിരിക്കുന്നു അവരിപ്പോൾ സ്ഥിരം കണ്ണാടികൂടുകളിൽ ബന്ധനസ്ഥരായിരിക്കുന്നു. ആരോടോ ഉള്ള വാശി പോലെ മുടിയിഴകൾ പാറിപറന്നുകൊണ്ടിരുന്നു. ആ കൈ വിരലുകൾ ഇപ്പോഴും ആ സൗമ്യതയുണ്ടാകുമോ ഇല്ലാ മാറിയിട്ടുണ്ടാകും. വോൾട്ടേജ് ഇല്ലാത്ത ചിരിയും സമ്മാനിച്ചു കൊണ്ട് അവൾ അരികിലേക്ക് വന്നു. കടലിനഭിമുഖമായി കുറച്ചു നേരം അങ്ങനെയിരുന്നു.
"എന്താടോ ഈ കടലിന്റെ ഭംഗി കാണാനാണോ ഇങ്ങോട്ട് വരാൻ പറഞ്ഞത് "
"അല്ല നിരഞ്ജൻ, ഇവ്ടെ വരുമ്പോൾ അല്ലേ എനിക്കിത്തിരി നേരം സ്വസ്ഥമായിരിക്കാൻ പറ്റുള്ളൂ. "
"മ്മ് പറയൂ എന്താണ് പുതിയ വിശേഷം"
"വിശേഷങ്ങൾ ഒക്കെ പഴയത് തന്നെയാടോ"
"ആർക്കാണ് പുതിയ സഹായം വേണ്ടത് വീട്ടുകാർ, കുടുംബക്കാർ, അതൊ നാട്ടുകാർക്കോ"
"ഊഹിച്ചുവല്ലേ"
"ഊഹിച്ചതല്ല അതാവും എന്ന് ഉറപ്പായിരുന്നു"
"മ്മ് അവർക്ക് ഇവടെ വന്നു ഒന്ന് കറങ്ങണം അതിന് വിസയും ടിക്കറ്റ് ഞാൻ എടുത്തു കൊടുക്കണം"
"ആർക്ക് "
"വേറെ ആർക്കാ കൂടെപ്പിറപ്പുകൾക്ക്"
"ഹ ഹ നല്ല കോമഡി, സ്വന്തം കൂടപ്പിറപ്പ് ഇവ്ടെ ജീവിതം ഇല്ലാണ്ട് കിടന്ന് അന്തമില്ലാതെ ജീവിക്കുമ്പോൾ, സുഖവാസത്തിനു അവർ വരുന്നു കുടുംബസമേതം മനോഹരം"
"മ്മ്മ്"
"നിനക്ക് പറ്റില്ലെന്ന് പറഞ്ഞൂടാരുന്നോ"
"നിരഞ്ജൻ, ഞാൻ"
"ഇല്ലെടോ നിനക്ക് അതിന് കഴിയില്ല, അങ്ങനെ കഴിയുമായിരുന്നേൽ ഇപ്പോ നീ എന്റെ കൂടെ ജീവിച്ചേനെ"
"മ്മ്"
"ഇനി എന്ന് തീരും നിന്റെ പ്രാരാബ്ധം, എത്ര വർഷമായി ഈ മരുഭൂമിയിൽ, ആർക്ക് വേണ്ടിയാ ഇനിയും ഈ വണ്ടിക്കാളയെ പോലെ. എല്ലാവരും സെറ്റിൽ ആയി, കല്യാണം കഴിച്ചു കൊടുത്തു വീട് വെച്ചു എല്ലാരും അത്യാവശ്യം നല്ല രീതിയിൽ എത്തി. എന്നിട്ടു നീ നിന്റെയൊരിഷ്ടം പറഞ്ഞപ്പോൾ അത് ആരെങ്കിലും അംഗീകരിച്ചുവോ? "
"ഇതിന്റെ മറുവശം തന്നെയല്ലേ അവിടെയും,"
"അതേ പക്ഷെ നീ ഇറങ്ങി വന്നൽകൊണ്ട് പോകാൻ ഞാൻ ഒരുക്കമായിരുന്നു അന്നും ഇന്നും"
"അങ്ങനെ ചെയ്യാൻ പറ്റാത്തതല്ലേ എന്റെ തോൽവി" അവളവന്റെ തോളിലേക്ക് ചാഞ്ഞു.
"ഇനി ആർക്ക് വേണ്ടിയാ ജീവിക്കുന്നെ, കുടുംബത്തിന്റെ അഭിമാനം അന്തസ്സും ഒന്നും കെട്ടിപിടിച്ചു കൊണ്ട് സ്വർഗത്തിൽ പോയാൽ അവിടെ പട്ടുമെത്ത വിരിച്ചു കിടക്കാം എന്നോർത്താണോ"
"ഇനി എന്തിനാ വെറുതെ നിരഞ്ജൻ മറ്റുള്ളോരെ കൊണ്ട് പറയിപ്പിക്കാൻ"
"എന്നാ ശെരി നമ്മുക്ക് പോകാം ഞാൻ നിന്നേ ഡ്രോപ്പ് ചെയ്യാം"
"അങ്ങനല്ല ഞാൻ പറഞ്ഞത്"
"എങ്ങനല്ല ഇനിയെന്നാണ് നീ ഒന്ന് സ്വയം ജീവിക്കാൻ പഠിക്കുക? കൈക്കോട്ടിന്റെ സ്വഭാവം മാത്രമുള്ളവർക്ക് എത്രകിട്ടിയാലും മതിയാകില്ല അവർ ചോദിച്ചു കൊണ്ടേയിരിക്കും"
"അറിയാം നിരഞ്ജൻ, പക്ഷെ ഞാൻ ഞാനെന്തോ ഇങ്ങനെയാണ്"
"മ്മ് അവർക്കുള്ള താമസമല്ലേ അത് ഞാൻ ശെരിയാക്കാം വില്ല ഒന്ന് ഒഴിഞ്ഞു കിടപ്പുണ്ട്, ടിക്കറ്റ് ഒക്കെ അവരോട് എടുത്തോളാൻ പറ വിസക്ക് തന്നെ ലക്ഷങ്ങൾ പൊട്ടും. നീ ഇവ്ടെ പറിച്ചു എടുക്കുവോന്നും അല്ലാലോ"
"മ്മ് അങ്ങനെ ചെയ്യാം ലെ "
"ആം., പിന്നെ വേറെ എന്തുണ്ട് വിശേഷം"
"വേറെ എന്താ, അമ്മ വിളിക്കാറില്ലേ? ഇനി എന്നാ നാട്ടിലോട്ട് "
"അമ്മ വിളിക്കും പരസ്പരം പറയാൻ അധികം ഇല്ലാത്തോണ്ട് കുഴപ്പമില്ല, നാട്ടിലേക്ക് പോയിട്ട് ഇപ്പോ രണ്ടു വർഷം ആയില്ലേ പോകണം എപ്പോ എന്നൊന്നും ഇല്ലാ, പച്ചപ്പ്‌ നിറഞ്ഞ വിഷത്തേക്കാൾ ഭേദം മരുഭൂമിയാണ്, ഇവ്ടെ മുൻപല്ലുകൊണ്ട് ചിരിച്ചു കടപ്പല്ലുകൊണ്ട് ഞെരിക്കുന്നവർ കുറവാണ്"
"നെയ്തുകൂട്ടിയ സ്വപ്നനങ്ങൾ കൈവിട്ട നാടിനോടുള്ള നിന്റെ വെറുപ്പ് എനിക്ക് ഊഹിക്കാം"
"നാടിനോടില്ല ജീവിതത്തെ തല്ലികെടുത്തിയവരോട് മാത്രം"
"മ്മ്, വാ കുറച്ച് ദൂരം നടക്കാം"
"മ്മ് ശെരി"
അവളുടെ കൈ പിടിച്ചു കുറച്ചു ദൂരം നടന്നു. ആ പഴയ തണുപ്പ് ഇപ്പോഴും ആ വിരലുകൾക്കുണ്ട്, ഒരുമിച്ചു കണ്ട സ്വപ്‌നങ്ങൾ അയവിറത്തു കൊണ്ട് ഒരു നടത്തം. അസ്തമയസൂര്യൻ കടലിൽ വീണുടഞ്ഞപ്പോൾ അവൾ തിരികെ മടങ്ങാനൊരുങ്ങി.
"ഇനിയൊരു ജീവിതത്തിന് ബാല്യമില്ലെങ്കിലും ഞാൻ വരും വൈകാതെ നമുക്ക് ഒരുമിച്ചു ജീവിക്കാൻ"മടങ്ങാൻ നേരം അവൾ ചെവിയിൽ മന്ത്രിച്ചു വല്ലാത്തൊരു ഉറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്.
ബീച്ചിൽ നടന്നു കൊണ്ടിരുന്ന കമിതാക്കൾക്ക് നേരെ തിരിഞ്ഞു കൊണ്ടവൻ പറഞ്ഞു.
"പ്രേമിച്ചു സമയം കളയാതെ ജീവിച്ചു തുടങ്ങേടൊ, അല്ലെങ്കിൽ ഇത് പോലെ നഷ്ടപ്രണയത്തിന്റെ സ്മാരകങ്ങളാവേണ്ടി വരും". അത്രയും പറഞ്ഞുകൊണ്ടവൻ തിരികെ നടന്നു തന്റെ സ്വപ്‌നങ്ങളിലേക്ക്..
📝അനീഷ് അനു

കനലെരിയുന്ന ജീവിതങ്ങൾ

Image may contain: 1 person, outdoor and closeup
രാവിലെ ഒരു പത്രപരസ്യത്തിൽ കണ്ണുടക്കിയിരിപ്പാണ് രാജൻ മാഷ്. ഒരു മകൾ അമ്മയുടെ പുനർവിവാഹത്തിന് പരസ്യംകൊടുത്തിരിക്കുന്നു, വ്യത്യസ്തമായൊരു തലക്കെട്ടും. 50-55 വയസ്സ് പ്രായവും നല്ലചുറ്റുപാടും മറ്റു ബാധ്യതയില്ലാത്തവർക്ക് മുൻഗണന. മധ്യവയസ്കയായ അമ്മക്ക് മകൾ കല്യാണാലോചന നടത്താൻ മാത്രം നാട്ടിൽ പുരോഗമനം വന്നോ എങ്കിൽ അത് നല്ലത് തന്നെ.
ലക്ഷ്മി പോയതിനു ശേഷം താനും തനിച്ചാണ്, ആറുവർഷം വളരെ വേഗത്തിൽ പോയിരിക്കുന്നു. പഠിക്കുന്നക്കാലം തൊട്ടേ തുടങ്ങിയ പ്രണയം ഒടുവിൽ ഒരു ജോലി സമ്പാദിച്ചു അവളെ സ്വന്തമാക്കാൻ ശ്രെമിച്ചപ്പോൾ അച്ഛൻ എതിർത്തു. കോലോത്തുതറവാടിന്റെ മാനം കളയാൻ അച്ഛൻ തയ്യാറായില്ല. ആ വാശിക്ക് അവളെ രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം ചെയ്തു. രണ്ടുപേർക്കും ജോലി ഉണ്ടായിരുന്നത് കൊണ്ട് ജീവിതം സുഗമമായി മുന്നോട്ട് നീങ്ങി. ആദ്യം പിണങ്ങി നിന്ന അച്ഛൻ പതിയെ വീട്ടിൽ വന്നു തുടങ്ങി, അപ്പോഴും തറവാട്ടിൽ ഉള്ള മറ്റുള്ളവരുടെ കൂടി കാര്യങ്ങൾ ചിന്തിക്കേണ്ടതിനാൽ തിരികെ അങ്ങോട്ടേക്ക് ഒരുക്ഷണം ഉണ്ടായില്ല. താനത് ആഗ്രഹിച്ചിരുന്നുമില്ല അവിടെ ചിലപ്പോ അവൾ വല്ലാതെ ഒറ്റപെട്ടുപോകും. ഒരിക്കൽ ആരും അറിയാതെ അച്ഛൻ വാങ്ങി തന്നതാണീ വീടും പുരയിടവും മറ്റൊരുതരത്തിൽ പറഞ്ഞാൽ എന്റെ ഓഹരി.
കുട്ടികളില്ല എന്ന സങ്കടമൊഴിച്ചാൽ ലക്ഷ്മിമായുള്ള ജീവിതം മനോഹരമായിരുന്നു. വിഷമങ്ങൾ ഉള്ളിലൊതുക്കാൻ പലപ്പോഴും പരസ്പരം കുഞ്ഞുപൈതങ്ങളായി മാറിയിരുന്നു തങ്ങൾ. ഇരുവർക്കും ജോലി അധ്യാപനമായത് കൊണ്ട് വിദ്യാർത്ഥികളെല്ലാം മക്കളായി മാറി. കുട്ടികൾ പലപ്പോഴും വീട്ടിലും എത്തിയിരുന്നു എന്ത് രസമായിരുന്നു അന്നൊക്കെ. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു അവളുടെ വിടവാങ്ങൽ ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്നതിനിടയിൽ ഒരു നെഞ്ചുവേദന തന്നെ തനിച്ചാക്കി അവൾ പോയി. കുട്ടികളുടെ പിന്നെയുള്ള വരവുകൾ കുറഞ്ഞു അമ്മയുടെ സ്നേഹവും കരുതലും അച്ഛന് നൽകാനാവില്ല ലോ. അവരെക്കാൾ കൂടുതൽ അവളുടെ വിടവാങ്ങൽ തന്നെയുലച്ചു ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചെങ്കിലും ആ ഒഴുക്ക് നഷ്ടമായി. പിന്നെയും ആർക്കോ വേണ്ടി കുറെ നാൾ പോയി മെല്ലെയത് നിർത്തി പുറം ലോകത്തേക്കുള്ള യാത്രകൾ കുറഞ്ഞു പുസ്തകങ്ങളും ചെടികളും വീടുമായൊതുങ്ങിയ വർഷങ്ങൾ.
എന്തായാലും ഒരുക്കൂട്ടുവേണമെന്ന് ആലോചിച്ചു തുടങ്ങിയപ്പോഴാണ് ഇങ്ങനൊയൊരു പരസ്യം കണ്ടത്. അവരെ വിളിച്ചു സംസാരിച്ചു വിശദമായി തന്നേ എല്ലാം സംസാരിച്ചു അവർക്ക് താൽപര്യമുണ്ടെന്നു അറിഞ്ഞപ്പോൾ നേരിട്ട് കാണാൻ തീരുമാനിച്ചു. അടുത്ത രണ്ടു സുഹൃത്തുക്കളെയും കൂട്ടിയാണ് അവിടെ ചെന്നത്. 48 വയസ്സ് പറഞ്ഞെങ്കിലും വനജയെ കണ്ടാൽ അത്രയും പ്രായം പറയില്ല. മുഖത്ത് വല്ലാത്തൊരു മ്ലാനത നിഴലിച്ചിരുന്നു ഒരുപക്ഷെ ഇത്രേം വയസ്സായിട്ട് ഇനിയൊരു പുനർവിവാഹം എന്ന ചിന്തകയാകാം.
മകൾ ശീതളാണ് കാര്യങ്ങൾ എല്ലാം പറഞ്ഞത് ആള് കല്യാണം കഴിഞ്ഞു ഇംഗ്ലണ്ടിൽ ആണ്. രണ്ടുകൂട്ടർക്കും സമ്മതമായതിനാൽ കൂടുതൽ അന്വേക്ഷണങ്ങൾ ഒന്നുമുണ്ടായില്ല. രജിസ്റ്റർ ഓഫീസിൽ വെച്ചൊരു ഒപ്പിടലിൽ പുതിയൊരു ജീവിതത്തിലേക്ക് കൂടി നടന്നടുത്തു, അങ്ങനെ ഒരു കർമ്മം കൂടി ഇവിടെ ബാക്കിയുണ്ടായിരിക്കാം. ആഘോഷങ്ങൾ എല്ലാം ഒരു ചായസത്കാരത്തിൽ ഒതുക്കി ലക്ഷ്മിയില്ലാത്ത വീട്ടിലേക്ക് അവളുടെ പകരമായി വന്നവളെയും കൂട്ടി പടികയറി.
തിരക്കൊഴിഞ്ഞപ്പോഴേക്കും രാത്രിയായി രണ്ടുപേരുടെയും ഈ ജന്മത്തിലെ രണ്ടാം ആദ്യരാത്രി. അപ്പോഴും അലട്ടിയിരുന്ന പ്രശ്നം വനജയുടെ മുഖത്തെ വിഷമമായിരുന്നു എന്തായാലും നേരിട്ട് ചോദിച്ചു അറിയാൻ തന്നെ തീരുമാനിച്ചു.
"ഇതെന്ത്‌ ആലോചിച്ചു നിക്കുവാ മാഷേ" അവളുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തകളിൽ നിന്നുണർന്നത്.
"ഒന്നുമില്ലെടോ, താനിരിക്ക് നമുക്ക് കുറച്ച് സംസാരിക്കാം "
"അതിനെന്താ" അവൾ കട്ടിലിൽ ഇരുന്നു.
"ഞാൻ തന്നെ കാണാൻ വന്ന നാൾ മുതൽ തൊട്ട് ശ്രെദ്ധിക്കുന്നതാണ് മുഖത്തെ ഈ തെളിച്ചമില്ലായ്‌മ. എന്താടോ കാര്യം "
"ഏയ്‌ ഒന്നുമില്ല മാഷേ ചുമ്മാ തോന്നുന്നതാ " ഈറനണിഞ്ഞ കണ്ണുകൾ മറയ്ക്കാൻ വനജ പാടുപെട്ടു.
" ടോ എന്നോട് പറയാൻ പറ്റില്ലേ തനിക്ക്, മനസ്സിന് ഒരു ആശ്വാസമാവും ആ തുറന്നുപറച്ചിൽ"
"മാഷേ ഈ വിവാഹം എന്തിനായിരുന്നു എന്നറിയോ. എന്റെ മോൾക്ക് സുഖമായി അവളുടെ കെട്ട്യോന്റേം പിള്ളേരുടേം കൂടെ കഴിയാൻ."
"ങേ എന്താടോ താനി പറയുന്നത്"
" സത്യമാണ് മാഷേ അതിന് തന്നെയാണി കല്യാണം, എന്നെ അങ്ങിട്ടു കൊണ്ട് പോയാൽ ശെരിയാവില്ലത്രേ. അപ്പോഴാണ് എന്നെ ഇവിടെ തന്നെ ആരെയെങ്കിലും ഏല്പിക്കാൻ ഉള്ള ആലോചന വന്നത് ബന്ധുക്കളുമായി അടുപ്പം കുറവായതിനാൽ അത് നടന്നില്ല. വൃദ്ധസദനത്തിലാക്കിയാൽ ഞാൻ കേസിനുപോയാൽ പുലിവാലാകില്ലേ അപ്പോ കണ്ടു പിടിച്ച ഐഡിയയാണ് പുനർവിവാഹം."
" എന്തൊക്കെയാടോ പറയുന്നത് അവൾക്ക് വേണ്ടിയല്ലേ ഇത്രയുംകാലം താൻ ജീവിച്ചത്"
"അതേമാഷേ ആക്സിഡന്റിൽ രവിയേട്ടൻ മരിക്കുമ്പോൾ അവൾക്ക് രണ്ടുവയസ്സാണ്. എനിക്ക് ചെറുപ്പം പലരും നിർബന്ധിച്ചതാണ് വേറെയൊരു വിവാഹത്തിന്. രവിയേട്ടന്റെ സാമ്പത്തികം കണ്ടു അവസരത്തിനായി കാത്തുനിന്നവർ ഉണ്ടായിരുന്നു ഞാനതിനു വഴങ്ങിയില്ല അവൾക്ക് വേണ്ടി ജീവിച്ചു ഒരു കുറവും അറിയിക്കാതെ വളർത്തി. ഒടുവിൽ പഠിത്തം കഴിഞ്ഞപ്പോ അവൾക്ക് ഇഷ്ടപ്പെട്ടു ജോലി തിരഞ്ഞെടുത്തു കൂടെ ജീവിതപങ്കാളിയെയും."
"എന്നിട്ട് താനത് എതിർത്തോ "
"ഇല്ലാ മാഷേ ഞാൻ തന്നെ മുൻകൈയെടുത്തു നടത്തികൊടുത്തു, അവിടെയെനിക്ക് പിഴച്ചു. അവർക്ക് വേണ്ടത് അവളെ മാത്രമായിരുന്നു വളരെ വേഗത്തിൽ അവൾ ആ ലോകത്തിലെക്ക് ചേക്കേറി അമ്മയെ മറന്നു തുടങ്ങി. എന്നെ തനിച്ചാക്കിപ്പോയാൽ വയ്യാതായാൽ പോലും അറിയിക്കാൻ ആരേലും വേണ്ടേ അതിനാണ് ഈ കല്യാണം"
"അപ്പോൾ അമ്മയെ നോക്കാൻ, അരുതാത്തത് എന്തെങ്കിലും ഉണ്ടായാൽ അറിയിക്കാൻ ഒരാൾ അതാണല്ലെടോ ഞാൻ"
"അതേ മാഷേ, അവൾ പോയാൽ ഇനി തിരികെ വരുമോയെന്നു പോലും എനിക്ക് ഉറപ്പില്ല വീടൊഴികെ ബാക്കിയെല്ലാം വിറ്റു. എനിക്ക് ചിലവിനായി ഒരു തുക ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് ഇത്രനാൾ നോക്കിയതിന്റെ കൂലി.അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുത്തു ജീവിക്കാൻ അവകാശമുണ്ട് ഒപ്പം ഈ അമ്മയുടെ ആഗ്രഹങ്ങൾ കൂടി ചേർത്ത് പിടിക്കാമായിരുന്നു.പേരക്കുട്ടിയുടെ കൂടെ കൊതി തീരെ ഒന്നിരിക്കാൻ പോലും പറ്റിയില്ല മാഷേ ഇത് വരെ." അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"പോട്ടെടോ തന്റെ സ്നേഹമെന്തെന്ന് അവർ തിരിച്ചറിയുന്നൊരുനാൾ വരും അന്ന് തിരികെ വരും അവൾ. ഇനി അഥവാ വന്നില്ലെങ്കിലും നമുക്ക് മുന്നോട്ട് പോകാം നമ്മെ പോലെ പാതിവഴിയിൽ തനിച്ചായവർക്ക് ചിറകറ്റവർക്ക് ഒരു കൂടൊരുക്കാം. എന്നിട്ടവിടെ നമുക്കൊരു ലോകം പണിയാം ഇന്നിന്റെ അല്ല ഇന്നലെകളുടെ ലോകം ബന്ധങ്ങളുടെ വിലയറിയുന്ന ലോകം." അവളെയും ചേർത്ത് പിടിച്ചു കൊണ്ടാണത് പറഞ്ഞത്.ഇനിയുള്ള ജീവിതലക്ഷ്യമെന്തെന്നു മനസ്സിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
നബി :നമ്മുടേതായ ഇഷ്ടങ്ങൾ ഓരോരുത്തർക്കുമുണ്ട് അത് നേടിയെടുക്കാം അതിന്റെ പേരിൽ ആരെയും പറിച്ചെറിയാതിരിക്കുക..

ലക്ഷ്മി

Image may contain: 1 person, eyeglasses, beard, closeup and indoor
=======
അലാറം നിർത്താതെ അടിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്. ഇന്ന് മീറ്റിംഗുള്ളതാണെന്ന് അനിലിനു അപ്പോഴാണ് ഓർമ വന്നത്.
"ഈശ്വരാ.. നേരം വൈകിയല്ലോ.. "
നേരെ എണീറ്റു പ്രഭാതകൃത്യങ്ങൾക്കായി ഓടി. പല്ലുതേപ്പും കുളിയും കഴിഞ്ഞു ഉമ്മറത്തു പതിവ് പേപ്പർ വായന തുടങ്ങിയപ്പോഴേക്കും ചായയുമായി ലക്ഷ്മി എത്തി. അതെന്നും പതിവാണ് . ഇനി പേപ്പർ അരിച്ചുപെറുക്കി ഒരു വായന.. എത്ര വൈകിയാലും നിർബന്ധമാണത്. കുട്ടികളുടെ ബഹളവും അവരെ വഴക്ക് പറഞ്ഞു ഓരോന്നു ചെയ്യിക്കുന്ന ലക്ഷ്മിയുടെ ശബ്ദവും കേൾക്കാം. പത്രപാരായണം കഴിഞ്ഞു ഡ്രസ്സ്‌ മാറാൻ ചെന്നപ്പോഴേക്കും അലക്കി തേച്ചു വെച്ചിട്ടുണ്ട് ഇന്നത്തേക്കുള്ള ഷർട്ടും പാന്റും. വസ്ത്രംമാറി പ്രഭാതഭക്ഷണത്തിനായി ഡൈനിങ് ടേബിളിലേക്ക് നടന്നു. തനിക്കു പ്രിയപ്പെട്ട പുട്ടും കടലക്കറിയും ചൂടോടെ ഇരിക്കുന്നു. ഇറങ്ങാൻ നേരമായപ്പോഴേക്കും അമ്മുവിനെയും അച്ചുവിനെയും ഒരുക്കി ലക്ഷ്മി ഓട്ടോയിൽ വിടാൻ എത്തി. ഒരു ബൈ പറഞ്ഞെങ്കിലും മറുപടി തരാനോ മുഖം തരാനോ അവൾ നിന്നില്ല.
കാർ ഓടിക്കുന്നതിനിടയിലും അനിലിന്റെ ചിന്തകൾ ലക്ഷ്മിയെക്കുറിച്ചായിരുന്നു. ഒരുപാട് നാളത്തെ കഷ്ടപ്പാടിനൊടുവിൽ അമ്മയുടെ പ്രാർത്ഥന ഫലിച്ചു തനിക്കൊരു സർക്കാർ ജോലി കിട്ടി. പെങ്ങന്മാരേ രണ്ടുപേരെയും വിവാഹം കഴിപ്പിച്ചു വിട്ടു. പ്രരാബ്ധങ്ങൾ എറേ അറിഞ്ഞു വളർന്നത് കൊണ്ടു തന്നെയാണ് പാവപ്പെട്ട വീട്ടിലെ കുട്ടിയെ തെരഞ്ഞു നടന്നത്. ഒടുവിൽ ലക്ഷ്മിയെ കണ്ടു..
'നല്ല ശ്രീത്വം ഉള്ള കുട്ടി'
അമ്മ ആദ്യം പറഞ്ഞത് അങ്ങനെയായിരുന്നു. കാലിനു ചെറിയൊരു സ്വാധീനകുറവുണ്ടെന്ന് പറഞ്ഞു അവൾ വിവാഹം ഒഴിയാൻ പറഞ്ഞപ്പോഴാണ് അവളോട്‌ കൂടുതൽ ഇഷ്ട്ടം തോന്നിയത്.
അവളെ തന്നെ മതി എന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയും എതിർത്തൊന്നും പറഞ്ഞില്ല. വിവാഹം വളരെ പെട്ടെന്ന് നടന്നു. സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ. എത്ര പെട്ടെന്നാണ് അവൾ വീടിനോട് ഇണങ്ങി ചേർന്നത്. അച്ചുവിന്റെയും അമ്മുവിന്റെയും വരവോടെ ശരിക്കും ഒരു സ്വർഗ്ഗമായി മാറിയിരുന്നു വീട്.
പിന്നീട് എപ്പോഴാണ് ലക്ഷ്മി അകന്നു തുടങ്ങിയത് എന്നോർക്കുമ്പോൾ ഒരുത്തരം കിട്ടുന്നില്ല. മാറിത്തുടങ്ങിയത് ഒരു ഒഫീഷ്യൽ ടൂറിനു ശേഷമാണ്. എല്ലാവരും കുട്ടികളും ഭാര്യയുമായി പോയ ഒരു യാത്ര. അതിനു ശേഷമാണു അവൾക്ക് വല്ലാത്തൊരു മാറ്റം കണ്ടത്.
സന്തോഷകരമായ നാളുകൾ അന്യമായി തുടങ്ങി. എല്ലാവരുടേം മുന്നിൽ അവൾ നല്ലൊരു ഭാര്യയായി തന്നെ നിന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കി കുട്ടികൾക്കും അമ്മക്കും ഒന്നും അവളെ കുറിച്ചൊരു പരാതി പോലുമില്ലാ. പലപ്പോഴും അവൾ തന്നിൽ നിന്നും അകന്നുമാറി. എല്ലാം ഒരുക്കി ഭാര്യയുടെ കടമകൾ തീർത്തു. അവൾ ബെഡ്‌റൂമിൽ തീർത്തും തനിക്കു അന്യയായി മാറി.
എത്ര ആലോചിച്ചു നോക്കിയിട്ടും കാരണം പിടികിട്ടിയില്ല. ഓഫീസിൽ എത്തിയിട്ടും അത് വേട്ടയാടി കൊണ്ടിരുന്നു.
"എന്താണ് അനിൽ ആകെ ഒരു മൂഡ് ഓഫ്‌ പോലെ.."
സൂപ്രണ്ട് ജയന്തിചേച്ചി ചോദിച്ചു.
" ഏയ് ഒന്നുല്ല ചേച്ചി, ആകെ ഒരു സുഖമില്ല" തൽക്കാലം അവർക്ക് മുഖം കൊടുക്കാതെ രക്ഷപെട്ടു.
മീറ്റിംഗിനിടയിലും പലതവണ അനിലിന്റെ ശ്രദ്ധ നഷ്ടപ്പെട്ടു. സൂപ്രണ്ട് അത് നന്നായി ശ്രദ്ധിക്കുകയും ചെയ്തു. രാവിലെ നല്ല തിരക്കായത് കൊണ്ട് അവർക്കുമുന്നിൽ ചെന്ന് ചാടിയില്ല. അല്ലെങ്കിലും ജയന്തിചേച്ചിയ്ക്ക് ഒരു ജ്യേഷ്ടത്തിയുടെ അടുപ്പമാണ് തന്നോട്. എന്തായാലും ഇന്നി ഉച്ചക്ക് ഉണ്ണാൻ നേരം അവർ വരും അത് ഉറപ്പാണ്.
അനിൽ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. ഉച്ചക്ക് കഴിക്കാൻ നേരം ജയന്തി അരികിൽ എത്തി.
" എന്താണ് അനിൽ പ്രശ്നം.. വല്ലാതെ അപ്സെറ്റ് ആണല്ലോ, ലക്ഷ്മിയുമായി വല്ല സൗന്ദര്യപ്പിണക്കവും ആണോ?"
"ഏയ് അങ്ങനെ ഒന്നും ഇല്ലാ ചേച്ചി പക്ഷെ... "
അനിൽ ഒന്ന് നിർത്തി.
"എന്താ ഒരു പക്ഷെ കാര്യം പറയു അനിൽ.."
"ചേച്ചിക്കറിയാലോ അവളുടെ എല്ലാ കുറവുകളും അറിഞ്ഞു തന്നെയാ ഞാൻ അവളെ കല്യാണം കഴിച്ചത്. അത്രേം സന്തോഷത്തോടെയാ കഴിഞ്ഞിരുന്നതും. ഇപ്പോൾ കുറച്ചായി അവൾക്കെന്നോട് വല്ലാത്ത അകൽച്ച പോലെ.. "
"ഏയ്.. അങ്ങനെ ഒന്നും കാണില്ല അനിലേ." ജയന്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു.
"അല്ല ചേച്ചി നല്ല മാറ്റം ഉണ്ട് കിടപ്പറയിൽ പോലും ഞങ്ങൾ ഇന്ന് രണ്ടാണ്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു നിൽക്കുന്നു എന്ന് മാത്രം.."
"എന്ന് മുതലാ ഈ മാറ്റം കണ്ടു തുടങ്ങിയത് അനിലേ.. "
"ഇതിപ്പോ രണ്ടു മൂന്നു മാസം ആയി ചേച്ചി. ആദ്യം ഞാനും കാര്യമാക്കിയില്ല.. പിന്നെ പിന്നെ വല്ലാണ്ട് അകലുന്നു. നമ്മുടെ ആ ടൂറിനുശേഷം ആണ് ഇത്തരം ഒരു മാറ്റം.. "
ജയന്തിയുടെ മനസ്സിലേക്ക് ആ നാളുകൾ ഓടി വന്നു. ടൂർ കഴിഞ്ഞു പോരാൻ നേരം എല്ലാവരും ഒത്തുകൂടിയതും പലരുടെയും കമന്റുകൾക്കിടയിൽ അനിലിന്റേയും ലക്ഷ്മിയുടെയും കാര്യങ്ങൾ കടന്നു വന്നതും.
വീണയുടെ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു..
"അനിൽസാറിന് ഈ ചട്ടുകാലി പെണ്ണിനെ കെട്ടേണ്ട വല്ല കാര്യവുമുണ്ടോ, അവരേം ഉപേക്ഷിച്ചു വരുവാണേൽ ഞാൻ കെട്ടുമായിരുന്നു അങ്ങേരെ.."
"നീ ഒന്ന് പതുക്കെ പറയു.. ആ കുട്ടി എങ്ങാനും കേട്ടുകൊണ്ട് വന്നാൽ എന്താ വിചാരിക്കും.."
എന്ന് പറഞ്ഞു താൻ തന്നെയാണ് ആ സംസാരം അവസാനിപ്പിച്ചത്.
ലക്ഷ്മി കേട്ടിട്ടുണ്ടാകുമോ.. ഓർത്തിട്ട് ജയന്തിക്ക് തന്നെ വല്ലാതായി. അവളുടെ മനസ്സ് എത്രത്തോളം വേദനിച്ചു കാണും. ഇതിനു പരിഹാരം കണ്ടേ മതിയാകു.
"അനിലേ നമുക്ക് തീർക്കാം ഈ പ്രശ്നം.. ഞാൻ വരാം ലക്ഷ്മിയെ കാണാൻ. എന്നാണ് നിങ്ങളുടെ വിവാഹവാർഷികം ? " ജയന്തി അനിലിന്റെ മുഖത്തേക്ക് നോക്കി.
"അത് അടുത്ത മാസമാണ് .. അതിനു മുമ്പ് അവൾടെ പിറന്നാൾ വരുന്നുണ്ട് .."
" എല്ലാം ശരിയാക്കാം അനിൽ.. ഞാനൊന്നു ശ്രമിച്ചു നോക്കാം.."
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴും ജയന്തിയുടെ ചിന്തകൾ അവിടെ നിന്നും മാറിയിരുന്നില്ല. എങ്ങനെയും ലക്ഷ്മിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. അനിലിന് അവളോട്‌ എത്ര ഇഷ്ടമുണ്ടെന്നു ഇനിയും മനസ്സിലാക്കാനുണ്ട്.
****************
ഇന്നാണ് ലക്ഷ്മിയുടെ പിറന്നാൾ. എല്ലാ വർഷത്തെയും പോലെ രാവിലെ രണ്ടുപേരും കൂടി അമ്പലത്തിൽ പോയി. പതിവ് പോലെ ഉള്ള ആശംസയും, സമ്മാനവും കിട്ടാത്തതിൽ ലക്ഷ്മിക്ക് ചെറിയ നീരസം തോന്നി.
അന്ന് തന്നെ ജയന്തി ചേച്ചിയുടെ വീട്ടിൽ പോകണം എന്ന് പറഞ്ഞു എല്ലാവരോടും റെഡിയായി ഇറങ്ങാൻ പറഞ്ഞപ്പോൾ ആ ദേഷ്യം ഇരട്ടിച്ചു. എങ്കിലും ഒന്നും പറയാതെ അവൾ കുട്ടികളെയും ഒരുക്കി ഇറങ്ങി.
കാർ റോഡിലേക്കിറങ്ങി. അവൾ പിൻസീറ്റിലാണ് കയറിയത്. അവൻ കണ്ണാടിയിലൂടെ അവളുടെ മുഖം ശ്രദ്ധിച്ചു. തെളിച്ചം അശേഷം കാണാനില്ല. അവൾ അവനെ ശ്രദ്ധിച്ചതേ ഇല്ല.. അവളുടെ മനസിൽ കടലിരമ്പുന്നുണ്ടായിരുന്നു.
ജയന്തിയുടെ വീട്ടിലെത്തി.. ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. പോർച്ചിൽ കാർ നിർത്തി അവർ പുറത്തിറങ്ങി. ജയന്തി വേഗം എത്തി അവരെ സ്വീകരിച്ചു.
" പിറന്നാൾ ആശംസകൾ ലക്ഷ്മി..."
"താങ്ക്യൂ ചേച്ചി.. "
അവൾ ചെറുതായി ചിരിച്ചു.
ജയന്തിയുടെ മക്കൾ വന്ന് അമ്മുവിനെയും അച്ചുവിനെയും പൂന്തോട്ടത്തിലേക്ക് കൊണ്ടുപോയി. അനിലും അവരോടൊപ്പം അങ്ങോട്ടേക്ക് പോയി. ലക്ഷ്മി അവരെയൊക്കെ കണ്ടു ചിരിക്കുന്നുണ്ടായിരുന്നെങ്കിലും പഴയ തെളിച്ചം ആ മുഖത്തുണ്ടായിരുന്നില്ല എന്നത് ജയന്തി ശ്രദ്ധിച്ചു.
"വരൂ ലക്ഷ്മി.. "
ജയന്തി അവളെയും കൂട്ടി അകത്തേക്ക് നടന്നു..
"ചേട്ടൻ കോൺഫറൻസ് കഴിഞ്ഞ് നാളെയേ എത്തൂ.. ആശംസ അറിയിക്കാൻ പറഞ്ഞു.. "
ലക്ഷ്മി ചിരിച്ചെന്നു വരുത്തി.
"എന്താ ലക്ഷ്മീ പിറന്നാളായിട്ട് മുഖത്തൊരു സന്തോഷമില്ലാത്തത്. സുഖമില്ലെ..."
"ഏയ്... ഒന്നുമില്ല ചേച്ചി.. "
"ഞാനാണ് അനിലിനോട് പറഞ്ഞത് പിറന്നാൾ ആഘോഷം ഇവിടാക്കാമെന്ന്.. ഒരു സർപ്രൈസ് ആയിരിക്കട്ടെ എന്നു കരുതി.. വിഷമമൊന്നുമില്ലല്ലോ അല്ലെ.."
"അയ്യോ... വിഷമമൊന്നുമില്ല ചേച്ചി. സന്തോഷമേ ഉള്ളൂ.. "
ജയന്തി ലക്ഷ്മിയുടെ കൈപിടിച്ചു ചേർത്തു നിർത്തി അവളുടെ മുടിയിഴയിൽ തലോടി..
"മോളെ.. നിന്റെ മനസിൽ ഒരു ദു:ഖമുണ്ടെന്ന് എനിക്കറിയാം. അതിന്റെ കാരണവും അറിയാം.. "
അവൾ ഒന്നു ഞെട്ടി..
"എനിക്ക് ദുഃഖമൊന്നുമില്ല ചേച്ചി.. "
അവൾ മുഖത്തൊരു ചിരി വരുത്തി.. പക്ഷെ അതു പരാജയമായിരുന്നു..
"മോളൊന്നും ഒളിക്കണ്ട എന്നോട്.. എനിക്കറിയാം എല്ലാം... വീണ അന്നു പറഞ്ഞതു നീ കേട്ടു അല്ലെ.. അന്നത്തെ ദിവസത്തിനു ശേഷമാണ് നിന്റെ മുഖത്തു നിന്നും സന്തോഷം മറഞ്ഞത് എന്നാണ് അനിൽ പറഞ്ഞത്. ജോലിയിൽ ശ്രദ്ധയില്ലാതെ അകെ വിഷമിച്ചിരിക്കുന്നതു കണ്ട് ഒരു പാട് നിർബന്ധിച്ചപ്പോഴാണ് അനിൽ എല്ലാ കാര്യങ്ങളും പറഞ്ഞത്. നിന്റെ അകൽച്ച അവനെ ഒരുപാട് തകർത്തിരിക്കുന്നു. ഇങ്ങനെ പോയാൽ അവനെ നിനക്ക് ജീവനോടെ കാണാൻ കഴിഞ്ഞു എന്നു വരില്ല. കാരണം അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. "
" ചേച്ചീ.. ചട്ടുകാലിയായ എന്നെ കെട്ടിയ ചേട്ടന് വലിയ വിഷമവും നാണക്കേടുമല്ലേ.. എതെങ്കിലും നല്ല കുട്ടിയെ കിട്ടിയേനെ.. ആ വീണക്ക് ചേട്ടനെ ഇപ്പോഴും ഇഷ്ടമാണ്. ഞാൻ ഇങ്ങനെയൊക്കെ പെരുമാറിയാൽ ദേഷ്യം വന്ന് വെറുത്ത് എന്നെ ഒഴിവാക്കി അവർക്കു ഒരുമിച്ച് ജീവിക്കാമല്ലോ.. "
അവളുടെ തൊണ്ടയിടറി. മിഴികൾ ഈറനായി.
"ലക്ഷ്മി അങ്ങനെയാണോ അനിലിനെ മനസിലാക്കിയിരിക്കുന്നെ.. ചെറിയ അകൽച്ച പോലും താങ്ങാൻ കഴിയാത്ത അവൻ നീയില്ലാത്തൊരവസ്ഥയിൽ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കുമോ..അതുമല്ല വീണ കല്യാണം കഴിക്കാൻ ആഗ്രഹിക്കണമെങ്കിൽ അനിലിന്റെ സ്വഭാവഗുണങ്ങൾ കൊണ്ടായിരിക്കുമല്ലോ.. അപ്പോൾ നിന്നോടുള്ള അസൂയയാണ് പ്രധാനമായും ഉള്ളത്.. അതു മനസിലാക്കൂ... പിന്നെ ഒരു കാര്യം കൂടി പറയാം ലക്ഷ്മി... നിന്നെ പെണ്ണു കണ്ടിട്ട് തിരികെ വന്നു അനിൽ ഞങ്ങളോട് പറഞ്ഞതെന്താണെന്നോ.. ഈ വൈകല്യം നിനക്ക് ലഭിച്ചത് ദൈവാനുഗ്രഹം കൊണ്ടാണെന്നും.. അല്ലെങ്കിൽ സൗന്ദര്യവും വിദ്യാഭ്യാസവുമെല്ലാം ഉള്ള നിന്നെ നേരത്തെതന്നെ ആരെങ്കിലും സ്വന്തമാക്കിയേനെ എന്നും. സഹതാപത്തിന്റെ പുറത്തല്ല അനിൽ നിന്നെ സ്വന്തമാക്കിയതെന്ന് ഇത്രയും നാളത്തെ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മനസിലാക്കിയത്. ലക്ഷ്മി അകൽച്ച കാണിച്ചപ്പോൾ അവൻ ആകെ തകർന്നത് ഞാൻ കണ്ടു.. പാവം.. ഇനിയും അവനെ വിഷമിപ്പിക്കരുത്.."
ലക്ഷ്മിയുടെ മിഴികൾ നിറഞ്ഞൊഴുകി.. താൻ മിഥ്യാധാരണയിൽ എന്തൊക്കെയോ മെനഞ്ഞു കൂട്ടി. തന്റെ ഉള്ളിലുണ്ടായിരുന്ന അപകർഷതാബോധമാകാം കാരണം. ഇതു വരെ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ പോലും വേദനിപ്പിച്ചിട്ടില്ലാത്ത അനിലേട്ടനെ താൻ വല്ലാതെ വിഷമിപ്പിച്ചു ..
"ലക്ഷ്മീ.. കരയാതിരിക്കൂ.. നിന്റെ ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് അനിൽ.. നെഞ്ചോടു ചേർത്തു പിടിക്കണം.. അവസാന ശ്വാസം വരെ.. "
"തീർച്ചയായും ചേച്ചി.... ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. ഇനി അങ്ങനൊന്നുമുണ്ടാകില്ല. പിന്നെ വീണയുടെ കാര്യം ചേട്ടൻ അറിയണ്ട കേട്ടോ.."
"ഏയ്... ഞാൻ പറയില്ല.. എന്നാൽ ലക്ഷ്മി ഹാളിലേക്ക് ചെല്ലൂ.. ഞാൻ പായസം അടുപ്പിൽ നിന്നും ഇറക്കിയിട്ട് വരാം.."
അവൾ ഹാളിലെത്തി.. അവിടെ ചെറിയമേശയുടെ മുകളിൽ കേക്ക് റെഡിയാക്കി വച്ചിരിക്കുന്നു. അനിലും അപ്പുവും അച്ചുവും ജയന്തിയുടെ മകനും മകളും എല്ലാം അവിടെ നിൽപുണ്ട്. അവൾ മേശയ്ക്കരുകിലെത്തി. മുഖമുയർത്തി അനിലിനെ നോക്കി.. അപ്പോൾ ആ കണ്ണുകൾ വിടർന്നിരുന്നു. ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടിരുന്നു. അതു കണ്ടു അവനും സന്തോഷമായി.
" തമ്മിൽ തമ്മിൽ നോക്കി നിൽക്കാതെ കേക്ക് മുറിക്കൂ.. "
ഹാളിലേക്ക് വന്നുകൊണ്ട് ജയന്തി പറഞ്ഞു.
അനിൽ അടുത്തുവന്നു അവളുടെ കൈ പിടിച്ച് കത്തിയെടുത്ത് കേക്ക് മുറിച്ചു. ചുറ്റും നിന്ന് എല്ലാവരും ബർത്ത് ഡേ ആശംസ നേർന്നു. അവൻ ഒരു കഷ്ണം കേക്ക് അവളുടെ വായിൽ വച്ചു കൊടുത്തു. അവൾ കുറച്ചു കടിച്ചെടുത്തു ബാക്കി ഭാഗം അവൻ കഴിച്ചു.
അനിൽ പോക്കറ്റിൽ നിന്നും ഒരു പൊതിയെടുത്ത് അവൾക്ക് നല്കി...
" എന്റെ ലക്ഷ്മിക്കുട്ടിയ്ക്ക് ചേട്ടന്റെ പിറന്നാൾ സമ്മാനം..."
അവൾ ആ പൊതി അഴിച്ചു നോക്കി. സ്വർണ നെക്ലെസ്.. കഴിഞ്ഞാഴ്ച ഷോപ്പിംഗ് മാളിൽ പോയപ്പോൾ അവിടെയുള്ള ജൂവലറിയിലെ പുറത്തെക്കുള്ള ഷെൽഫിൽ ഡിസ്പ്ലെ വച്ചിരുന്നത്. അതു വേണമെന്ന് താൻ ആഗ്രഹിച്ചിരുന്നു.. കുറച്ചു നേരം അതിൽ നോക്കി നിന്നിരുന്നു.. ഇപ്പോൾ താൻ പറയാതെ തന്നെ.. മനസറിഞ്ഞ് അത് വാങ്ങിത്തന്നിരിക്കുന്നു...
ജയന്തി അതു വാങ്ങി അവളുടെ കഴുത്തിലിട്ടു കൊടുത്തു..
"മനോഹരമായിരിക്കുന്നു.. ലക്ഷ്മിയെപ്പോലെ തന്നെ.. "
അവളുടെ മുഖം നാണത്താൽ തുടുത്തു..
എല്ലാവരും ഒരുമിച്ച് ആഹാരം കഴിച്ച് സന്തോഷമായി യാത്ര തിരിച്ചു.
തിരികെ വരുമ്പോൾ കാറിന്റെ മുൻ സീറ്റിലാണ് ലക്ഷ്മി ഇരുന്നത്..
"ചേട്ടാ... വീണയുടെ വീടെവിടാ..."
"ഇവിടെ അടുത്താണ്.. വീണയുടെ സഹോദരന്റെ കല്യാണത്തിന് ഓഫീസിൽ നിന്നെല്ലാവരും പോയിരുന്നു... എന്താ.. "
" നമുക്ക് അവിടെയൊന്നു പോയിട്ടു വരാം. ഞങ്ങൾ ടൂറിന് വന്നപ്പോൾ നല്ല കൂട്ടായി.. ഒന്നു കണ്ടിട്ടു വരാം.. "
"അതിനെന്താ പോകാലോ.. "
അവൻ വണ്ടി വീണയുടെ വീട്ടിലേക്കുള്ള വഴിയെ തിരിച്ചു. കുറച്ചു ദൂരമെ ഉണ്ടായിരുന്നുള്ളു വീണയുടെ വീട്ടിലെയ്ക്ക്. അവിടെയെത്തിയപ്പോൾ ഗേറ്റ് അടഞ്ഞുകിടക്കുകയാണ്. ഹോൺ അടിച്ചപ്പോൾ വീണ തന്നെയാണ് ഗേറ്റ് തുറന്നത്.. അവരെ കണ്ട് അവൾ അമ്പരന്നു.. വേഗം ഗേറ്റ് തുറന്നു. അനിൽ കാർ അകത്തേക്ക് കയറ്റാൻ തുടങ്ങിയപ്പോൾ ലക്ഷ്മി വേണ്ട എന്നു പറഞ്ഞു. വീണ കാറിനടുത്തേക്ക് വന്ന് അകത്തേക്ക് വരാൻ ക്ഷണിച്ചു..
" അകത്തേക്ക് കയറുന്നില്ല വീണ. ജയന്തി ചേച്ചിയുടെ വീട്ടിൽ പോയിട്ടു വരുന്ന വഴി ഇവിടെ വരെ വന്നതാണ്. ഇത്രയും അടുത്തു വരെ വന്നിട്ട് വീണയെ കാണാതെ പോകുന്നതെങ്ങനെയാ. അന്നു നമ്മൾ ടൂറിന് വന്നപ്പോൾ കണ്ടതല്ലെ. ഒന്നു കാണണമെന്നു തോന്നി. കാലിന് വൈകല്യമുള്ളതുകൊണ്ട് അധികം എങ്ങും ഇറങ്ങാറില്ല. പക്ഷെ ചേട്ടൻ സമ്മതിക്കില്ല. എപ്പോഴും കാറിൽ കയറ്റി എല്ലായിടവും കൊണ്ടു കാണിക്കും. ഇപ്പോൾ തന്നെ കണ്ടില്ലെ ഇന്നെന്റെ ബർത്ത് ഡെ ആയതിനാൽ നെക്ലേസും വാങ്ങി തന്നു. ഇനി പോകുന്ന വഴി ഒരു സിനിമയും പുറത്തു നിന്നും ഭക്ഷണവും.."
വീണയുടെ മുഖം മങ്ങി.. എങ്കിലും പെട്ടെന്ന് പ്രസന്നത അഭിനയിച്ച് അവൾ ലക്ഷ്മിയുടെ കൈപിടിച്ചു.
" പിറന്നാൾ ആശംസകൾ ലക്ഷ്മി.. ഇനി ഒരു ദിവസം ഇവിടേയ്ക്കായി വരണം കേട്ടോ .."
"തീർച്ചയായും വരും വീണ.. വന്നിരിയ്ക്കും.. പോരെ.. "
അവർ കൈ വീശി കാണിച്ച് യാത്രയായി.. സൈഡ് ഗ്ലാസിലൂടെ വീണയുടെ മുഖം നോക്കി ലക്ഷ്മി ഉള്ളിൽ ചിരിക്കുകയായിരുന്നു.
ലക്ഷ്മിയുടെ സംസാരമെല്ലാം കേട്ട അനിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊന്നും അവൾ മുമ്പ് പറഞ്ഞിട്ടില്ല. പൊങ്ങച്ചം പറയാറോ ഭാവിക്കുകയോ ഇല്ല... പക്ഷെ ഇതിപ്പോൾ..
"എന്താ ചേട്ടാ ആലോചിക്കുന്നെ.. "
" അത്.. ഞാൻ... പിന്നെ.. നീ ഇങ്ങനെ ഒന്നും പറയാറുള്ളതല്ലല്ലോ എന്ന് ആലോചിക്കുകയായിരുന്നു."
"ഞങ്ങൾ പെണ്ണുങ്ങൾക്ക് ചില കാര്യങ്ങൾ ചില പെണ്ണുങ്ങളെ കാണിച്ചു പൊങ്ങച്ചം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല.. അതാ.. "
അതും കൂടി കേട്ടപ്പോൾ അവന്റെ ബോധം പോയില്ലാന്നെ ഉള്ളു...
" ഇനി നമ്മുടെ വെഡിംഗ് ആനിവേഴ്സറിയ്ക്ക് ഒരു ഡയമണ്ട് റിംഗ് വാങ്ങിത്തരണം.. അതുമായി വീണയെ കാണാൻ വരണം കേട്ടോ.."
'ഈശ്വരാ... ഇത് എന്റെ ലക്ഷ്മി തന്നെയാണോ'.. അവൻ അറിയാതെ തല കുലുക്കി.
ലക്ഷ്മി ഇടംകണ്ണിട്ടു അവനെ നോക്കി.. അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു...
:- അനീഷ് അനു

എന്‍റെ അച്ചായത്തികുട്ടിക്ക്

എന്‍റെ അച്ചായത്തികുട്ടിക്ക്
======================
നീണ്ട മൂന്ന് വര്‍ഷത്തെ പ്രവാസത്തിനുശേഷം നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. വാങ്ങിയ സാധനങ്ങള്‍ എല്ലാം പായ്ക്ക് ചെയ്തെന്നു ഒന്ന് കൂടി ഉറപ്പുവരുത്തി. ഈ മണലാരണ്യത്തില്‍ വന്നിട്ട് ആറു വര്‍ഷം കഴിഞ്ഞു അതിനിടയില്‍ നാട്ടില്‍ പോകുന്നത് മൂന്നാമത്തെ തവണ. ഇത്തവണത്തെ പോക്കിന്നൊരു ത്രില്ലുണ്ട് നേരെ പോക്കുന്നത് കണ്ണനെ കാണാന്‍ ആണ്, തന്റെ പ്രിയ സൗഹൃദം, ഓടി തീര്‍ത്ത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ എന്നും തനിക്കു താങ്ങായും തണലായും നിന്നവന്‍. പതിവുപോലെ ഇന്നലെ വിളിച്ചപ്പോഴും അവനോട് ചോദിച്ചു.
" ടാ ഞാന്‍ വരുമ്പോള്‍ നിനക്കെന്നാ കൊണ്ട് വരണ്ടേ" പതിവ് മറുപടി തന്നെ അവന്‍ ആവര്‍ത്തിച്ചു.
" നമ്മുടെ സൗഹൃദത്തിന് നീ ഒരു സമ്മാനം കൊണ്ട് വിലപറയരുത് കേട്ടോടി" തത്ക്കാലം ഒന്ന് കണ്ടാമതിയേ "
"ഓ എന്നാ അങ്ങനാവട്ടു "
അങ്ങനെ പറഞ്ഞെങ്കിലും അവനു കൊടുക്കാന്‍ ഒരു മോതിരം വാങ്ങി വെച്ചിട്ടുണ്ട് ബാഗില്‍.
"നീതു നിന്റെ പാക്കിംഗ് എല്ലാം കഴിഞ്ഞാരുന്നോ കൊച്ചേ ?"
ബിന്‍സി ചേച്ചിയാണ് വിളിച്ചു കൂവുന്നെ..
" കഴിഞ്ഞാരുന്നു ചേച്ചി എല്ലാം ഒന്നുടൊന്നു നോക്കുവാരുന്നു"
" അവനുള്ളതും എടുത്തില്ലിയ്യോ, ഈ പോക്കില്‍ എങ്കിലും നീ പറയുവോടി അവനോട് " ചേച്ചി സംശയത്തോടെ ഒന്ന് നോക്കി.
" അയ്യേ ഈ ചേച്ചിക്കിതെന്നാത്തിന്റെ കേടാ അവന്‍ ന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലിയോ, നിങ്ങക്കതിനിയും മനസിലായില്ലേ ? "
" ഉവ്വ് ഉവ്വ് ഞാന്‍ പോന്നു നല്ല ക്ഷീണവാ ഒന്ന് കിടക്കട്ടെ കൊച്ചേ" ഒരു കള്ളച്ചിരി ചിരിച്ചിട്ട് ചേച്ചിയങ്ങ് പോയി.
ഇവര്‍ക്കൊക്കെ എന്നാത്തിന്റെ കേടാ ഈശോയെ അവനെ കെട്ടാന്‍ നാട്ടില്‍ പോവ്വാന്ന് എല്ലാരുടെം വിചാരം. അവരെ പറഞ്ഞിട്ട് കാര്യോല്ല ലീവ് കിട്ടിയപ്പോള്‍ ഉള്ള സന്തോഷത്തിന് കണ്ണനെ കാണാന്‍ പോവ്വാന്ന് കൊട്ടിഘോഷിച്ചത് ഞാന്‍ തന്നെ ആണ്. കിടക്കാന്‍ നേരം വീടിലോട്ടൊന്ന് വിളിച്ചു. അമ്മച്ചിയാന്നു ഫോണ്‍ എടുത്തേ.
" ആ മോളെ നീ ഇറങ്ങിയോടി, എപ്പോഴാ ഫ്ലൈറ്റ് ? "
" ഇല്ലമ്മച്ചി, രാവിലെയാ ഫ്ലൈറ്റ്, കിടന്നില്ലാരുന്നോ, അപ്പനും ജോയും എന്തിയെ? "
" അപ്പനും മോനും കൂടിവിടെ ടിവി കാണുവാ, നീ വന്നിട്ടുവേണം ഈ ചെറുക്കനെ കൂടങ്ങ്‌ പിടിച്ചു കെട്ടിക്കാന്‍"
" ആദ്യം നിങ്ങളെന്നെ കെട്ടിക്കു എന്നിട്ട് മതി ബാക്കി, വയസ്സെത്ര ആയിന്നു വല്ല വിചാരോം ണ്ടോ നോക്കിയേ"
" ഓ അതോര്‍ത്ത് മോള് വിഷമിക്കണ്ടാട്ടോ നിനക്കുള്ളതെല്ലാം ഞാന്‍ നോക്കി വെച്ചിട്ടുണ്ട് "
"എന്നാ ശരി ഞാന്‍ വെക്കുവാ അമ്മച്ചി ഒന്ന് ഉറങ്ങട്ടെ"
"ശരി മോളെ നീ ഇറങ്ങാന്‍ നേരം വിളി "
അമ്മച്ചി ഇനി നാട്ടില്‍ ഇതു കുരുശിനെയാന്നോ കണ്ടു വച്ചേക്കുന്നെ. ഇതോക്കെ ഉണ്ടോ അവന്‍ അറിയുന്നു വിളിച്ചു നോക്കട്ടെ ക്ഷീരകര്‍ഷകന്‍ നാട് നന്നാക്കലും കഴിഞ്ഞു വീട്ടില്‍ എത്തി കാണുവോ എന്തോ, ഫോണ്‍ അടിക്കുന്നുണ്ട് മറുതലയ്ക്കല്‍ അവന്റെ സ്വരം കേട്ടു....
" എന്താടി മോളെ നീ ഉറങ്ങിയില്ലാരുന്നോ"
" ദേ ദേഷ്യം പിടിപ്പിക്കല്ല് കേട്ടോ നിന്നെ വിളിക്കാതെ ഞാന്‍ ഉറങ്ങുവോടാ"
" ചൂടാവല്ല് മോളെ, നീ എല്ലാം എടുത്തു വച്ചായിരുന്നോ, അതോ കഴിഞ്ഞ തവണത്തെ പോലെ ഉള്ള ബെഡ് ഷീറ്റും തുണിയും ഒക്കെ പുറത്ത് ഇട്ടേക്കുവന്നോ"
"അയ്യോടാ നീ ചോദിച്ചപ്പോഴാ ഓര്‍മ്മ അതൊന്നും എടുത്തിട്ടില്ല"
" പോയെടുത്ത് വെക്ക്, ഞാന്‍ വയലില്‍ ഏറുമാടത്തില്‍ ആണ് പെണ്ണേ ഭയങ്കര പന്നി ശല്യം കാവല്‍ കിടന്നില്ലേല്‍ നെല്ലൊന്നും കൊയ്യാന്‍ ഉണ്ടാവുകേലാ"
" ഓ വല്യ കര്‍ഷകന്‍ വന്നേക്കണു ഈ കറക്കമെല്ലാം നിര്‍ത്തിക്കോ ഞാന്‍ നാട്ടില്‍ വന്നിട്ട് വേണം നിന്റെ ഈ തെണ്ടലോക്കെ നിര്‍ത്തിക്കാന്‍ "
" നീ ഇതെന്നാടി കൊച്ചേ പറയുന്നേ ഇന്നത്തെ കാലത്ത് ഏതേലും പെണ്‍കുട്ട്യോള്ക്ക് ഈ ഫാമും, പകലന്തിയോളം കൃഷി നോക്കി പാടത്തും പറമ്പിലും നടക്കുന്ന എന്നെപോലുള്ളവരെ ഒക്കെ ഇഷ്ടപ്പെടുവോ"
" അതൊക്കെ ഉണ്ടാവും ചെക്കാ നോക്കാം നമുക്ക് ഇത്തവണ അതിലൊരു തീരുമാനം ആക്കണം". അങ്ങനെ ഒന്ന് നിന്റെ കണ്മുന്നില്‍ തന്നെ ഉണ്ടെടാ പൊട്ടാ എന്ന് മനസ്സില്‍ പറഞ്ഞു.
" ആദ്യം നീ നാട്ടില്‍ വാ എന്നിട്ടൊരു യാത്ര പോണം നമുക്ക് രണ്ടിനും കൂടി പഴയ പോലെ"
" ഓ അതിനെന്നാ, നാളെ ഞാന്‍ അങ്ങ് എത്തുവല്ലേ ഒരാഴ്ച വേറെ ഒരു പണിം വേണ്ട എല്ലാം ക്യാന്‍സല്‍ ചെയ്തോണം. ബിസിയാന്നു എങ്ങാനും പറഞ്ഞ എന്റെ തനി കൊണം നീ കാണും കേട്ടോ"
" ഉത്തരവുപോലെ തമ്പുരാട്ടി, ഉറങ്ങിക്കോ നീ"
" ഫോണ്‍ കട്ട്‌ ചെയല്ല് ഞാന്‍ ഉറങ്ങിട്ട് കട്ടാക്കിയ മതി " അവനോട് ഒന്ന് ചിണുങ്ങി ഇതെന്നും ഉള്ളതാണ്.
" ശ്ശൊ ഈ പെണ്ണിന്റെ ഒരു കാര്യം , ശരി ശരി നീ ഉറങ്ങിക്കോ"
ഫോണും ചെവിയില്‍ വച്ചങ്ങനെ ഉറങ്ങിപോയി.
രാവിലെ നേരത്തെ എഴുന്നേറ്റു. 12 മണിക്കാണ് ഫ്ലൈറ്റ്. ഇറങ്ങാന്‍ നേരം ബിന്‍സി ചേച്ചി വന്നു റൂമിലേക്ക്...
" പോയിട്ട് വരാം ബിന്‍സിയേച്ചി"
" വരണ്ടാന്നേ മോളെ പറയ്യു ഒന്ന് സെറ്റില്‍ ആവാന്‍ സമയം ആയി നിനക്ക്"
" അതൊക്കെ നമ്മുടെ കയ്യില്ലാന്നോ ചേച്ചി ഇരിക്കുന്നേ, ഇപ്പൊ എന്നയാണേലും പോയേച്ചും വരാം"
ബോര്‍ഡിംഗ് പാസ്‌ എടുത്ത് ഉള്ളില്‍ കേറി കുറച്ചു സമയത്തിനകം ഫ്ലൈറ്റ് പറയുന്നുയര്‍ന്നു. കൂടെ എന്റെ സ്വപ്നങ്ങളും. കുട്ടിക്കാലം തൊട്ടു തന്റെ കൂടെ ഉണ്ട് കണ്ണന്‍, അവന്റെ കാര്യങ്ങളെക്കാള്‍ ശ്രദ്ധ പലപ്പോഴും എന്റെ കാര്യത്തില്ലാന്നു. പ്ലസ്‌ടു വരെ ഒന്നിച്ചായിരുന്നു പഠിത്തം മിക്ക ദിവസങ്ങളിലും ഇന്റര്‍വെല്‍ സമയങ്ങളില്‍ എന്റെ തല്ലുപിരിക്കല്‍ ആരുന്നു അവന്റെ പണി. ഉപരിപഠനം പ്രൊഫഷണല്‍ കോഴ്സ് ആയിക്കോട്ടെന്നു അവന്‍ തന്നെയാ പറഞ്ഞെ അങ്ങനെ നഴ്സിംഗ് കോഴ്സ് ജോയിന്‍ ചെയ്തു ഹൈദരാബാദ് ആരുന്നു പഠിത്തം.
അവന്‍ പതിയെ അച്ഛന്റെ കൂടെ ഫാം നോക്കാനും കൃഷി നോക്കാനും ഇറങ്ങി ആദ്യം ഒക്കെ അവനെ കളിയാക്കിയെങ്കിലും അവന്റെ താത്പര്യം ആവട്ടേന്നു വെച്ച് പിന്നീട്. 4 കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും അവനെ മിസ് ചെയുന്നു എന്ന് തോന്നിട്ടില്ല രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുനത് വരെ അവന്‍ കൂടെ ഉണ്ടാവും ഫോണ്‍ കാള്‍ ആയിട്ടും മെസ്സേജ് ആയിട്ടും എല്ലാം.
കോഴ്സ് കംപ്ലീറ്റ്‌ ആയി നാട്ടിലോട്ട്‌ വന്നതും ആദ്യം പോയത് അവനെ കാണാന്‍ ആരുന്നു. 2 വര്‍ഷത്തോളം നാട്ടിലെ ഹോസ്പിറ്റലില്‍ ജോലി ചെയ്തു. അതുകഴിഞ്ഞ് പുറത്തേക്ക് നോക്കാന്‍ പറഞ്ഞതും അതിനുള്ള പേപ്പര്‍ എല്ലാം റെഡി ആക്കാനും അപ്പനേയും അമ്മച്ചിനേക്കാളും അധികം ഓടി നടന്നത് അവനായിരുന്നു. എല്ലാം റെഡി ആയി പോകാന്‍ നേരം നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുവിരിക്കാന്‍ ആണ് പറഞ്ഞു വിടുന്നത് എന്ന് പറഞ്ഞപ്പോള്‍ ആദ്യമായി ആ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു.
ചെയ്തു തീര്‍ക്കാന്‍ ഒരുപാട് ഉണ്ടാരുന്നു ജോയിടേം ചിഞ്ചുവിന്‍റെം പഠിത്തം, അതിനിടയില്‍ വീടുപണി വായ്പ തിരിച്ചടവ് എല്ലാം തീരുന്നു. ആയിടക്കാണ്‌ ചിഞ്ചുന് നല്ലൊരു ആലോചന വന്നത്, അന്നത് നടത്താന്‍ പറഞ്ഞു കണ്ണന്‍ വിളിച്ചു അത് നടത്തം ഇപ്പൊ ആണേല്‍ നീ ജോലിയില്‍ ആയതു കൊണ്ട് വീട്ടുകാര്‍ക്ക് നല്ല സഹായം ആവും, നിന്റെ കെട്ടുകഴിഞ്ഞ അതൊന്നും നടന്നു എന്ന് വരില്ല എന്ന് പറഞ്ഞപ്പോ താനും തലകുലുക്കി. അതിനു ഏറെ പഴി കേട്ടത് അവന്‍ ആയിരുന്നു നീതുമോളെ കണ്ണന്‍ കെട്ടാന്‍ നിക്കുവാണ് അതുകൊണ്ടാണ് ചെറിയ കുട്ട്യേ കെട്ടിച്ചു വിട്ടതെന്ന് വരെ നാട്ടുകാര്‍ പറഞ്ഞു. ഞാനും അവനും അതൊന്നും കാര്യമാക്കില്ല.
ചിഞ്ചുവിന്റെ കുഞ്ഞിനു 1 വയസ്സായി, ജോയിക്ക് നാട്ടില്‍ തന്നെ ജോലി ശരി ആയി, വീടും വീട്ടുകാരും എല്ലാം ഒരുവിധം സെറ്റില്‍ ആയി. ഇതൊക്കെ കഴിഞ്ഞപ്പോഴെക്കും എനിക്ക് പ്രായം 29. കല്യാണം എന്നൊരു ചിന്ത ഒന്നും ഇല്ല ഇപ്പോള്‍ എന്തായാലും ഈ പോക്കിന് അവനോട് നേരിട്ട് ചോദിക്കണം നിനക്കെന്നെ കെട്ടവോടാന്ന്.
ഇതിനിടയില്‍ അവനും ഒരുപാട് വളര്‍ന്നു ഫാം ഹൗസ് ഇപ്പോള്‍ 3 ഇടത്തുണ്ട് സ്വന്തമായിട്ടും പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്ന കുറെയേറെ വയലുകള്‍ തോട്ടം നിറയെ നില്‍ക്കുന്ന പച്ചക്കറികളും ശെരിക്കും അവനാ മണ്ണില്‍ ചുവടുറച്ചു.
ചെക്ക്‌ ഔട്ട്‌ കഴിഞ്ഞു പുറത്തിറങ്ങാന്‍ കുറച്ചു വൈകി, കാത്തുനില്‍ക്കുന്നുണ്ടായിരുന്നു അവന്‍.
" ഇതെന്താടി കിട്ടിയ കാശിനു മൊത്തം പര്‍ച്ചേസ് ആരുന്നോ ഇത്രേം ലഗ്ഗേജ്"
" പൊന്നേ അതില്‍ ഡ്രസ്സ്‌ മാത്രേ ഉള്ളു പിന്നെ ലാപ്ടോപ് ഉം, നാട്ടില്‍ കിട്ടാത്ത എന്താടാ അവടെ ഉള്ളേ "
"ആ നീ വണ്ടില്‍ കേറ് ബാക്കി വിശേഷം അവിടെ ചെന്ന് പറയാം "
"ഇതേതാ പുതിയ വണ്ടി, നാട്ടില്‍ നിനക്കെന്നാ വല്ല കള്ളക്കടത്തും ആന്നോ പണി"
" ഇത് കഴിഞ്ഞ ദിവസം എടുത്ത താ നിനക്കൊരു സര്‍പ്രൈസ് ആയിക്കോട്ടെന്നു. വീടിന്റെ ലോണ്‍ ഒക്കെ ക്ലോസ് ചെയ്തു അപ്പൊ പിന്നെ പുതിയത് എന്തെങ്ങിലും വേണ്ടേ കൊച്ചേ ? "
" ഹും ഭാഗ്യവാന്‍, എനിക്ക് വിശക്കുന്നു നീയാ ഹോട്ടല്‍ അവടെ സൈഡ് ആക്കിയെ"
" ഓ നിര്‍ത്താലോ, ഭാഗ്യം ഒന്നുമല്ലേ കഷ്ടപ്പെട്ട് പാടത്തും പറമ്പിലും പണിയെടുത്ത് ഉണ്ടാക്കുന്നതാ"
" ഞങ്ങള് പിന്നെ അവിടുന്ന് വാരി കൊണ്ട് വരുവാന്നല്ലോ.. നിനക്ക് വിസ ശരിയാക്കാന്ന് പറഞ്ഞതല്ലേ ഞാന്‍"
" എടി മോളെ അത് നമുക്ക് സെറ്റ് ആവില്ല ഈ മണ്ണും കാറ്റും മഴയും, അപ്പനും അമ്മയും ഒന്നും വിട്ടു ഞാന്‍ എവിടേക്കും ഇല്ല "
" ദുഷ്ടന്‍ എന്നെ പറഞ്ഞു വിട്ടിട്ട് നീ ഇവിടെ സുഖിക്കുവല്ലേ "
" അതോണ്ടിപ്പോ എന്നാ പിള്ളേരുടെ പഠിപ്പു കഴിഞ്ഞു, നല്ലൊരു വീടായി, ഇനി ഒരു ചെക്കനെ കണ്ടുപിടിക്കണം അത് കൂടി ഞാന്‍ ഏറ്റു"
" ഇനിപ്പോ വേറെ ചെക്കന്‍ എന്നാത്തിനാ നീ തന്നെ അങ്ങ് കെട്ടിയേര് " അവനെ ഒന്ന് പാളി നോക്കി കൊണ്ടവള്‍ പറഞ്ഞു.
" കര്‍ത്താവെ ഈ കുരിശ് എന്റെ തലേല്‍ ആവുമോ"
" നീ തന്നെ ചുമന്നോണം അതിനിനി വേറെ ആരും വരില്ലാട്ടോ" അല്ല നമ്മളിനി എങ്ങോട്ടാ വീട്ടിലോട്ടാ ?"
" അല്ലേടി കഴുതേ നേരെ പാലക്കാടിന് അവടെ വാങ്ങിയ പുതിയ സ്ഥലം ഒന്ന് കാണാം നിനക്ക്. പിന്നെ ഒരു ട്രിപ്പ്‌ നമ്മള്‍ രണ്ടും കൂടെ എന്തായാലും നിന്നെ കെട്ടാന്‍ പോവല്ലേ അതിനു മുന്നെ ഉള്ള അവസാനത്തെ ട്രിപ്പ്‌ നിനക്ക് ഏറെ ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക് തന്നെ ആകട്ടെ"
" ന്റെ പോന്നോ കൊള്ളാലോ പ്ലാന്‍ ഞാന്‍ സ്വപ്നം കാണുവൊന്നും അല്ലാലോ ലെ "
" അല്ലേടി ബുദ്ധു ഇനിയും വൈകണ്ടാന്നു എനിക്കും തോന്നി, നേരിട്ട് പറയുന്നൊരു ഫീല്‍ കിട്ടില്ലലോ ഫോണില് അതാ അതൊഴിവാക്കിയെ "
" "കണ്ണാ നീ ആ കണ്ണൊന്നു അടച്ചെടാ എന്നിട്ടാ വിരലൊന്ന് കാണിച്ചേ " ബാഗില്‍ അവനായി കരുതിയ മോതിരം കൈക്കുളില്‍ വെച്ചുകൊണ്ട് നീതു പറഞ്ഞു.
" എന്നാത്തിനാ കൊച്ചേ, ഉം അടച്ചു "
" ഇനി കണ്ണ് തുറന്നോടാ " അവന്റെ കൈയ്യില്‍ താന്‍ കൊണ്ടുവന്ന മോതിരം അവള്‍ അണിഞ്ഞു.
" പൊന്നു നീയാ ഡാഷ് ബോര്‍ഡ്‌ തുറന്നെ അതിനകത്ത് ഒരു ബോക്സ്‌ ഉണ്ട് അതെടുക്ക് '' അവള്‍ എടുത്തു കൊടുത്തു കണ്ണന്‍ അത് തുറന്നു ഒരു താലിമാലയും അതിനരുകില്‍ ഒരു മോതിരവും.
" നിനക്കായി ഞാന്‍ കരുതി വെച്ച സമ്മാനം ആണിത്, കാത്തിരിപ്പിന്‍റെ ഫലം" അവളുടെ മോതിര വിരലില്‍ അവന്‍ അതണിഞ്ഞു.
" ഇനി നമുക്ക് പോകാം കൊച്ചേ"
പെട്ടെന്നാണ് നീതുവിന്റെ ഫോണ്‍ അടിച്ചത്, അമ്മച്ചിയാണ് വിളിക്കുന്നേ അറ്റന്‍ഡ് ചെയ്തു.
" എന്നാ അമ്മച്ചി "
" നീതുമോളെ എങ്ങനെ ഉണ്ടെടി ഞങ്ങളുടെ സമ്മാനം, കൊളളാവോ?"
" ശരിക്കും കിടുക്കിയമ്മച്ചി" ചിരിക്കിടയിലും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
"എന്നാ മക്കള് പെട്ടെന്ന് ഇങ്ങു വന്നേക്കണേ"
" ഞങ്ങള്‍ വന്നോണ്ടിരിക്കുവാ അമ്മച്ചി" കണ്ണനാണ് മറുപടി പറഞ്ഞത്.
"പൊന്നുസേ പോകാം നമുക്ക് നെല്ലറയുടെ സ്വന്തം നാട്ടിലേക്ക് . നീ പണ്ട് ഹൈദരാബാദ് പോകുമ്പോ പറഞ്ഞ ഒരു ആഗ്രഹം ആണത് അവിടെക്കൊരു യാത്ര". ഒരു ചെറുപുഞ്ചിരി അവള്‍ക്ക് നല്‍കികൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.....
ദൂരെ കണ്ണന്റെ തറവാട് വളപ്പില്‍ അന്നേരം ആഘോഷം തുടങ്ങിയിരുന്നു നാളെ നടക്കാന്‍ പോകുന്ന വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങള്‍...
- അനു

എന്‍റെ കാന്താരിക്ക്


എന്‍റെ കാന്താരിക്ക്
===============
''ചലനമറ്റുകിടക്കുന്ന അവളുടെ നെറ്റിയിലൊരവസാനമുത്തം നല്‍കിയെണീറ്റു, പലപ്പോഴും അവളെന്നോട് പറഞ്ഞിട്ടുണ്ട് മരിക്കുന്നെങ്കില്‍ അതിച്ചായന്‍റെ മടിയില്‍ കിടന്നാവണം, എന്‍റെ നെറ്റിയില്‍ അവസാനമുത്തം വെയ്ക്കണം എന്നൊക്കെ. അതൊക്കെ ഇന്നെന്‍റെ മാത്രം അവകാശങ്ങളായി മാറിയിരിക്കുന്നു.'' നീണ്ട 35 വര്‍ഷത്തെ ദാമ്പത്യത്തിനു ഇന്ന് പര്യവസാനമായിരിക്കുന്നു. ഇനിയങ്ങോട്ട് ആ തണലെന്‍റ കൂടെയില്ല മരണമെന്ന ഒറ്റയടിപാതയില്‍ സമയം കാത്ത് നടക്കണം.
കണ്ണടക്കുബോള്‍ ഓര്‍മ്മവരുന്നത് എപ്പോഴുംം ചിരിച്ചുകൊണ്ടിരിക്കുന്ന ആ മുഖമാണ്, തന്‍റെ ദുഃഖങ്ങളും വേദനകളുമെല്ലാം ഉള്ളിലൊതുക്കി പുഞ്ചിരിയുമായി കോളേജിന്‍ പടിവാതില്‍ കയറിവന്ന ആ അഞ്ചടി അഞ്ചിഞ്ചുകാരിയോട് ആദ്യകാഴ്ച്ചയില്‍ തന്നൊരിഷ്ടം തോന്നി.
ആദ്യമായി റാഗ് ചെയ്യാന്‍ പിടിച്ചു നിര്‍ത്തിയതും അവളെയായിരുന്നു. പേടിച്ചരണ്ട പേടമാന്‍ മിഴികള്‍ പ്രതീക്ഷിച്ച എനിക്ക് ഉരുളക്കുപ്പേരി പോലെ മറുപടിവന്നപ്പോഴേ മനസ്സില്‍ ഉറപ്പിച്ചതാണ് കെട്ടുന്നെങ്കില്‍ അത് ഈ കാന്താരിയെ ആയിരിക്കണമെന്ന്. ഞാന്‍ അവളെയാണോ അവള്‍ എന്നെയാണോ റാഗ് ചെയ്തേന്ന് എന്നറിയാത്ത അവസ്ഥ.
'' ഹും നീ പൊയ്ക്കോ നിനക്കുളളത് പിന്നെ തരാട്ടോ'' എന്നും പറഞ്ഞ് അവളെനോക്കി കണ്ണുരുട്ടി.
ഭാവവ്യത്യാസമൊന്നുമില്ലാതെ ഒരു പുഞ്ചിരിയും തന്ന് അവള്‍ നടന്നകന്നു.
അന്ന് വൈകീട്ട് വീട്ടിലെത്തിയപ്പോഴും ആ മുഖം തന്നെയായിരുന്നു മനസ്സില്‍. അമ്മച്ചിയോട് കോളേജില്‍ വെച്ച് കണ്ട കാന്താരിയെ പറ്റി പറഞ്ഞു.
'' എന്താ മോനുട്ടാ ഇതൊന്നും പതിവില്ലാത്തതാണല്ലോ, എന്നാപറ്റിയെന്‍റെ കൊച്ചിന്.'' വീണുപോയോടാ?
ഒരുകളളച്ചിരിയോടെ അമ്മച്ചിടെ ചോദ്യം..
'' ഒന്നുമില്ലെന്‍റെ പൊന്നമ്മോ മനസ്സിലൊരു മഞ്ഞുപെയ്യുന്നഫീല്‍ അന്നേരമത് ഇവിടെ പറയണമെന്ന് തോന്നി''.
'' ആഹാ കൊളളാല്ലോടാ നിന്‍റെ ശരീരത്തില്‍ മനസ്സൊക്കെ ഉണ്ടോടാ. വന്നു കാപ്പികുടിച്ചേച്ചും പോവാന്‍ നോക്ക് പിള്ളേരുടെ കൂടൊന്ന് കറങ്ങി വരുബോ ഇൗ എനക്കേടൊക്കെ മാറും''.
'' ശരി ശരി പൊന്നമ്മച്ചിയേ ''. കാപ്പികുടിയും കഴിഞ്ഞ് അവിടെ നിന്നിറങ്ങി.
പതിവുപോലെ ക്ലബ്ബിലൊക്കെ ഒന്നുകറങ്ങി, ഫ്രണ്ടസിനോട് സംസാരിക്കുബോഴും ആ മുഖമായിരുന്നു മനസ്സില്‍.
പിറ്റേന്ന് പതിവുപോലെ കോളേജിലോട്ടിറങ്ങി ഗേറ്റ് കഴിഞ്ഞുളള ലാങ്കിമരച്ചോട്ടില്‍ അവളെ നോക്കിയിരുന്നു. അവളോട് ചോദിക്കാനൊരായിരം ചോദ്യങ്ങള്‍ മനസ്സിലോര്‍ത്ത്.
'' ഹലോ മാഷേ ഇതാരേ ഓര്‍ത്ത് നില്‍കുവാ ഇവിടെ'' ഒരു കിളിനാദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്. തൊട്ടുമുന്നിലവള്‍ നില്‍ക്കുന്നു നെറ്റിയിലൊരു കുങ്കുമകുറിയും ചുണ്ടില്‍ മായാത്ത പുഞ്ചിരിയുമായ്.
''ഹലോ, ഇതെന്നാ ഇങ്ങനെ നോക്കുന്നേ?''
''ഞാന്‍ നിന്നേം നോക്കി നിന്നതാ'' അവളുടെ നോട്ടത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവുന്നില്ലെങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
''എന്നെ കാത്തോ ന്താ മാഷേ...... റാഗിങ്ങ് തീര്‍ന്നില്ലേ''?
'' റാഗിങ്ങ് അതും നിന്നെയോ ഉണ്ടകണ്ണി നീ എന്നെയല്ലേ ഇന്നലെ റാഗ് ചെയ്തേ''.
'' ഓഹോ അങ്ങനാരുന്നോ! അല്ല ചേട്ടായിടെ പേരെന്നാ വട്ടപേരല്ലാട്ടോ ശരിക്കുളളപേര് ''.
'' ടീ കാന്താരി കളിയാക്കുവാ നീ, എന്‍റെ പേര് ജിന്‍സണ്‍ ജോയ് വീട്ടിലമ്മച്ചി മോനുട്ടാന്ന് വിളിക്കും'' നീയും വേണേ അങ്ങനെ വിളിച്ചോടി.
'' അയ്യടാ വിളിക്കാന്‍ പറ്റിയൊരു പേര്, ഈ കാന്താരി വിളിവേണ്ടാട്ടോ നീതുജോണ്‍ എന്നാമുഴുവന്‍ പേര് നീതുമോളേന്ന് വിളിക്കുന്നതാ എനിക്കിഷ്ടം, വീട്ടില്‍ അമ്മച്ചിം അപ്പച്ചനും പിന്നെ ഒരനിയച്ചാരും ഉണ്ട്, ശരീന്നൊ പിന്നെ കാണാട്ടോ ഞാന്‍ ക്ലാസ്സില്‍ പോണു മോനുഏട്ടായി..
ആ വിളി ശരിക്കും ബോധിച്ചു.
'' ഇന്നാ ശരി നീതുമോളെ പിന്നെ കാണാട്ടോ''തിരിഞ്ഞുനോക്കി അവളെ നോക്കിയൊന്നു കണ്ണിറുക്കി ഞാനും നടന്നു..
പിന്നീടങ്ങോട്ടുളള നാളുകള്‍ അവളുടെ പിന്നാലെയായിരുന്നു.ആ നോട്ടവും കളിയും ചിരിയും പിണക്കങ്ങളും അടുത്തു വരുബോഴുളള ലാങ്കിപൂവിന്‍ മണവും എന്നെ വല്ലാതെ അടുപ്പിച്ചു അവളിലേക്ക്. എന്‍റെ പിറകെ നടക്കലായിരുന്നു ഇന്‍റര്‍വെല്‍ സമയത്ത് അവളുടെ പണി. അവളില്ലാത്ത ദിവസങ്ങള്‍ എനിക്ക് വല്ലാത്ത മടുപ്പായിരുന്നു.
കോളേജ് ആര്‍ട്സ് ഡേയ്ക്ക് അവളുടെ പ്രോഗ്രാം ഉണ്ടായിരുന്നു. അതിന്‍റെ പ്രാക്ടീസ് സമയത്താണ് എല്ലാം തുറന്നുപറയാന്‍ ഒരവസരം കിട്ടിയത്. കലാലയജീവിതം തീരാറായി നേരിട്ട് ഇനിയവളോട് പറയാനൊരവസരം കിട്ടിയില്ലെങ്കിലോന്ന ഭയം അതിന് ആക്കം കൂട്ടി.
'' നീതുമോളെ ടാ''
'' എന്തോ ചേട്ടായി, എന്തോ പറയാനുണ്ടല്ലോ ഇന്നോട് ''.
'' അതിപ്പോ എങ്ങനാ പറയാന്ന് ആലോചിക്കുവാ''
'' എന്തുവാടേ ഒരുമാതിരി ഉരുളുന്നേ കിടന്നിട്ട്, ഇങ്ങുപോരട്ടേ മോനുട്ടാ''.
'' നീതുമോളെ ഞാന്‍ നിന്നെയങ്ങുകെട്ടിയൊലോന്നലോചിക്കുവാ'' അവളുടെ മുഖത്ത് നോക്കിയാണത് പറഞ്ഞത്, ആ മുഖം പെട്ടെന്നുമാറി കണ്ണില്‍നിന്ന് കുടുകുടാ വെളളം വരാന്‍ തുടങ്ങി.
'' അയ്യേ ന്‍റെ വായാടി ഇരുന്നുകരയുന്നോ ഛെ മോശം. നന്നായി ആലോചിച്ച് പറഞ്ഞാമതി ആ കണ്ണുതുടച്ചേ നീ''.
അതിനുളള മറുപടി കിട്ടിയതെന്‍റെ തോളിലായിരുന്നു ആ കുഞ്ഞിപല്ലുകള്‍ ആഴ്ന്നിറങ്ങി, വേദന കൊണ്ട് ഞാന്‍ പുളയുബോള്‍ എന്നെ നോക്കി കണ്ണിറുക്കി കൊണ്ടവള്‍ പറഞ്ഞു.
'' ഇത് കേള്‍ക്കാന്‍ ഞാനെത്ര കാലമായി ആഗ്രഹിക്കുന്നെന്നോ കാലമാടാ''.
'' ടീ കാര്യമായിട്ടാണോ'' ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു.
'' അതെ മോനുട്ടാ അല്ലാണ്ടിതൊക്കെ തമാശക്ക് പറയുവോ അതും ഞാന്‍, എന്നേ ഇത്രേം അറിയുന്ന മനസ്സിലാക്കുന്നൊരാള്‍ ഒരു നോട്ടം കൊണ്ടുപോലും എന്നെ അറിയുന്ന നീ തന്നെയാവണം എന്നെ കെട്ടുന്നത് ''. ''പക്ഷേ എനിക്ക് കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട് അതിനുശേഷമേ ഫൈനല്‍ തീരുമാനം എടുക്കാവൂ''.
'' അതെന്തുവാ നീതു?'' ഞാന്‍ അക്ഷമയോടെ ചോദിച്ചു..
'' പറയാം ഈ ആര്‍ട്സ് ഡേ പ്രോഗ്രാം കഴിയണവരെ എന്‍റെ മോന്‍ ക്ഷമിച്ച് ട്ടോ''
'' ഒാ ശരി നീ പ്രാക്ടീസ് ചെയ്യ് ഞാന്‍ പുറത്തുണ്ടാവും''. തെല്ല് നീരസത്തോടെയാണ് ഞാനത് പറഞ്ഞത്.
'' ഒാക്കേ ചേട്ടായി കാണാവേ.. അവള്‍ പ്രാക്ടീസ് ഹാളിലേക്ക് നടന്നു..
ആ രണ്ടുദിവസം മുഴുവന്‍ അവള്‍ക്ക് പറയാനുളള കാര്യത്തെക്കുറിച്ചായിരുന്നാലോചന. ഫോണ്‍ വിളിച്ചപ്പോഴൊക്കെ ചോദിച്ചെങ്കിലും അവള്‍ പറഞ്ഞില്ല.
കോളേജ് പ്രോഗ്രാം ദിവസം പുതിയ ഷര്‍ട്ടും പതിവിന് വിപരീതമായി വെളളമുണ്ടും ഉടുത്താണ് ഇറങ്ങിയത്. ബുളളറ്റില്‍ ആ ലുക്കില്‍ പോയാല്‍ ഒരു പ്രത്യേക ഭംഗിയാണെന്നൊരിക്കല്‍ അവള്‍ തന്നെ പറഞ്ഞത് മനസ്സിലോര്‍ത്തു. പോകുന്നവഴിക്ക് അവളുടെ ഫ്രണ്ട്സ് ഉണ്ടാവും എന്നുറപ്പുളളത് കൊണ്ട് ആരേം വായനോക്കാന്‍ നിന്നില്ല, ഇല്ലേല്‍ അതിന് തട്ടുകിട്ടും.. ലാങ്കിമരച്ചോട്ടില്‍ എന്നേം കാത്ത് കാന്താരി നില്‍പുണ്ട്.
'' ഇന്ന് കാര്യായിട്ട് തന്നെ ആണല്ലോ അണിഞ്ഞൊരുങ്ങി ഇറങ്ങിയേക്കുന്നേ, ന്താ ഉദ്ദേശം മോനുട്ടാ?'' കണ്ണുരുട്ടിയാണ് ചോദ്യം..
'' അത് പിന്നെ കോളേജ് ഡേ ഒക്കെ അല്ലേ വായനോക്കാന്‍ ഇനിയൊരു ചാന്‍സില്ലലോ'' അവളേ ഒന്ന് പാളി നോക്കിട്ടാണ് പറഞ്ഞത്.
'' പോടാ പട്ടി ഇനിയാരേലും നോക്കിയാ കണ്ണ് ഞാന്‍ കുത്തിപൊട്ടിക്കും''. പ്രോഗ്രാം തുടങ്ങാറായി അവിടെ ഉണ്ടാവണം ട്ടോ.
''പിന്നെ ഇല്ലാതിരിക്കോടി മാക്രി''
അതും പറഞ്ഞവള്‍ പോയി. പ്രോഗ്രാം കഴിഞ്ഞവള്‍ ഇറങ്ങുബോള്‍ സ്റ്റേജിന് പുറകില്‍ ഞാനുണ്ടായിരുന്നു. അവള്‍ക്ക് പറയാനുളളത് കേള്‍ക്കാനായി.
'' വാ നമുക്ക് കാന്‍റിനില്‍ പോവാം എനിക്ക് വിശക്കുന്നു''. കാന്താരി മൊഴിഞ്ഞു.
''ഹും, വാ നല്ല ക്ഷീണം ഉണ്ടാവും നിനക്ക് ''.
കാന്‍റിനിലേക്കുളള വഴിയിലൂടെ നടക്കുബോളാ കരം പതിയെ ഗ്രഹിച്ചിരുന്നു ഞാന്‍.
''മോനുട്ടാ'' നിശബ്ദതയെ കീറിമുറിച്ചുകൊണ്ടവള്‍ തുടങ്ങി.
'' വീട്ടിലെ കാര്യങ്ങള്‍ ഒക്കെ ചേട്ടായിക്കറിയാലോ മൂത്തകുട്ടിയാണ് ഞാന്‍. എന്നെ പഠിപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടവര്‍, ഒരുപാട് പ്രതീക്ഷയുണ്ടവര്‍ക്കെന്നില്‍. അനിയന്‍, അപ്പച്ചന്‍, അമ്മച്ചി എല്ലാരേം നോക്കേണ്ടവളാണ് ഞാന്‍. കണ്ണനെ നന്നായി പഠിപ്പിക്കണം അവനൊരു നല്ല ജോലി കിട്ടണം, അപ്പനും അമ്മയേം നല്ലപോലെ നോക്കണം ഇതിനൊക്കെ ആദ്യം എനിക്കൊരു ജോലി കിട്ടണം. കുറച്ച് അധികം സമയം എനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വരും, ചേട്ടായിടെ സ്നേഹം സത്യാവാണെന്നെനിക്കറിയാം സമയമാവുബോള്‍ ഞാന്‍ പറയാം അന്നേരം വീട്ടില്‍ വന്ന് ചോദിക്കണം, ഒരിക്കലും അവരെ ധിക്കരിച്ച് ഞാനിറങ്ങിവരത്തില്ലട്ടോ, അത് പ്രതീക്ഷിക്കല്ല്. ഇതൊക്കെ നടക്കും എന്ന് തോന്നുന്നുണ്ടേല്‍ മാത്രം നമുക്കീ പ്രണയം മുന്നോട്ട് കൊണ്ടുപോകാം അല്ലെങ്കില്‍ എന്നുമീ സൗഹൃദം മാത്രം മതിയെനിക്ക് ''.
അവള്‍ പറഞ്ഞുനിര്‍ത്തിയിട്ടെന്നെ നോക്കി.
'' ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്‍റെ പ്രണയത്തേയും ജീവിതത്തേയും പറ്റി ഇത്രേം ദീര്‍ഘവീക്ഷണത്തോടെ പറയുന്നത് കേള്‍ക്കുന്നേ. നിന്നോടും നീ പറഞ്ഞ വാക്കുകളോടും എനിക്ക് ബഹുമാനമാണ്. വെറുമൊരു പൈങ്കിളിപ്രയണയത്തിനോടെനിക്കും താല്‍പര്യമില്ല. നിന്‍റെ ആഗ്രഹങ്ങളും കടമകളും നിറവേറുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്.''
'' ഹോ ഒരു മഴപെയ്തുതോര്‍ന്നപോലെ. ദീര്‍ഘനിശ്വാസമെടുത്താണ് അവളത് പറഞ്ഞത്.
രണ്ടുദിവസം വല്ലാത്ത പേടിയായിരുന്നു ചേട്ടായിടെ മറുപടി എന്താവും എന്നറിയാത്തോണ്ട് ഇപ്പോഴാ ശ്വാസം നേരെ വീണേ. ഇക്കിന്നൊരു ബിരിയാണി വാങ്ങിതരണം ട്ടോ ''.
'' വാങ്ങി തരാ തീറ്റ പ്രാന്തി' നടക്ക്.
കാന്‍റിനില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുബോള്‍ ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു. അന്നാദ്യമായി അവളെ ഞാന്‍ ബൈക്കില്‍ വീട്ടില്‍ കൊണ്ടാക്കി.
കലാലയജീവിതം കഴിഞ്ഞ് ഞാന്‍ ജോലി സാധ്യതകള്‍ തേടി ഗള്‍ഫിലോട്ട് ചേക്കേറി. നല്ലമാര്‍ക്കോടെ പാസ്സായതുകൊണ്ടവള്‍ക്ക് ക്യാംപസ് സെലക്ഷന്‍ കിട്ടി നല്ലൊരു കമ്പനിയില്‍ ജോലി ശരിയായി. പതിയെ അവളുടെ കടമകളും ആഗ്രഹങ്ങളുമൊക്കെ നിറവേറ്റി. അതിനായി നീണ്ട 6 വര്‍ഷം കാത്തിരുന്നു ഞങ്ങള്‍ രണ്ടും.
രണ്ടാമത്തെ ലീവിന് വന്നപ്പോള്‍ തന്നെ കല്യാണം വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചു. അവള്‍ക്ക് ഒരു വര്‍ഷം കൂടി സമയം കൊടുത്ത് തിരിച്ച് കയറി. അതിനിടയില്‍ കണ്ണന്‍ ഡിഗ്രി കഴിഞ്ഞ് ജോലിക്ക് കയറി.
കല്യാണ തീയതിയടുത്തു ഒരുപാട് മോഹങ്ങള്‍ മനസ്സിലൊതുക്കിയതൊക്കെ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു. സന്തോഷത്തിന്‍റെ ദിനങ്ങളാണ് ഇനി വരുന്നത്. അവളുടെ ആഗ്രഹം പോലെ ഇടവക പള്ളില്‍ വെച്ചവള്‍ക്ക് മിന്നുചാര്‍ത്തി.
'' മോനുട്ടാ ഇന്ന് ഞാനാണീ ലോകത്തെ ഏറ്റവും സന്തോഷിക്കുന്നവള്‍ ഇതുപോലൊരു കെട്ട്യോനെ എനിക്ക് കിട്ടിലോ. മരിക്കുവാണേ നിങ്ങടെ മടിയില്‍ കിടന്ന് മരിക്കണം, അവസാനമായൊരു മുത്തം എന്‍റെ നെറ്റിയില്‍ തരണം ട്ടോ, വാക്ക് താ''. അന്ന് ആ രാത്രിയില്‍ ആദ്യമായി അവള്‍ പറഞ്ഞ വാക്കുകളാണിത്.
'' ശ്ശോ ഈ പെണ്ണിന്‍റൊരുകാര്യം വാക്ക് ''. നല്ലൊരു ദിവസായിട്ട് നല്ലതൊന്നും വരുന്നില്ലേ കുഞ്ഞാ നിനക്ക്.
''ഇതെന്‍റെ ആഗ്രഹം അല്ലേ ഇച്ചായാ നമുക്ക് രണ്ട് കൊച്ചുങ്ങള്‍ വേണം, അവരെ നമ്മുടെ കൂടെ നിര്‍ത്തി പഠിപ്പിക്കണം. വേറൊന്നുമല്ല അമ്മച്ചി പറഞ്ഞിണ്ട് നിന്‍റെ പിളളേരെ നീ തന്നെ നോക്കിക്കോണംന്ന്.''
'' അതെന്നാ കൊച്ചേ അങ്ങനെ പറഞ്ഞേ''
'' അതെന്‍റെ ചെറുതിലേ സ്വാഭാവം കണ്ടിട്ടാ, അതുപോലാണേ അമ്മച്ചിടെ കാര്യം കട്ടപൊകയാണെന്നൊ പറഞ്ഞേ'' പറഞ്ഞു നിര്‍ത്തിട്ട് അവളെന്നേയൊന്ന് നോക്കി.
'' ഉം നിന്‍റെ സ്വഭാവമാണേല്‍ ഇച്ചായന്‍ നാടുവിടേണ്ടിവരും മോളെ''
'' പോടാ പട്ടി ഇങ്ങുവാ ചിണുങ്ങികൊണ്ട് ചക്കരേ തേനേ പാലേ വിളിച്ചിട്ട് ട്ടോ''
'' അത് വരുമെടി പോത്തേ'' കൈയ്ക്കുളളില്‍ അവളേയും ചേര്‍ത്ത് പിടിച്ചാ ബെഡിലേക്ക് വീണു.
6 വര്‍ഷത്തെ കാത്തിരിപ്പിന് ഉളള നഷ്ടങ്ങള്‍ തീര്‍ക്കലായിരുന്നു ആദ്യം അവളേം കൊണ്ട് കറങ്ങാത്ത സ്ഥലങ്ങളില്ല ഇനിയെന്ന് തന്നെ പറയാം. ആഗ്രഹം പോലെ രണ്ട് കൊച്ചുങ്ങള്‍ അതും ഇരട്ടകള്‍ ഒരാണും ഒരു പെണ്ണും, കൊച്ചുങ്ങളുടെ വാശിയും കുറുമ്പും എല്ലാം അവളെ പോലെയായിരുന്നു. കൊച്ചുങ്ങളുണ്ടായതിനുശേഷവും എന്‍റെ കൂടെ നടക്കാന്‍ കുശുമ്പ് കാണിക്കുന്നതവള്‍ടെ വാശിയായിരുന്നു മറ്റാരേക്കാളും എന്നേ സ്നേഹിക്കണം എന്നവാശി.
കാലത്തിന്‍റെ ഓട്ടത്തിനിടയില്‍ അവളുടേം എന്‍റേം അപ്പച്ചനും അമ്മച്ചിയുമങ്ങ് പോയി ദൈവത്തിങ്കല്‍ ചേര്‍ന്നു. മക്കളുടെ രണ്ടാളുടേം പഠിപ്പും കല്യാണവും കഴിഞ്ഞു അവരെ അവരുടെ വഴിക്ക് വിട്ടു. അപ്പോഴും ഞങ്ങളുടെ ഇഷ്ടങ്ങള്‍ അങ്ങനെ തന്നെ നിലനിന്നു വികൃതിയും കുസൃതിയും ഓരോ ദിവസങ്ങളിലും കൂടി കൂടി വന്നു.
ഇന്ന് എന്നെ തനിച്ചാക്കി അവള്‍ യാത്രയായി.
'' അപ്പച്ചാ ഏണീറ്റേ പള്ളിലോട്ട് പോകാന്‍ സമയമായി'' റെജിമോന്‍ വിളിക്കുന്നതെനിക്ക് കേള്‍ക്കാം അനങ്ങാനാവില്ല.
'' ജോയിച്ചായാ ഏണീറ്റേ''. ജോണിച്ചന്‍ വന്നു തോളില്‍ തട്ടി. കസേരയോടെ ഞാനങ്ങുതറയിലേക്ക് പതിച്ചു.. ഇച്ചായാന്നുളള അവന്‍റെ വിളികാതില്‍ മുഴങ്ങിയെങ്കിലും ഞാന്‍ തിരിച്ചുവരാനാകാത്ത യാത്രയിലായിരുന്നു. അവളില്ലാത്ത ലോകത്ത് തനിച്ചായി ഞാന്‍ മാത്രം വേണ്ടെന്നുതോന്നി കാണും.
''അപ്പച്ചാ''റെജിമോന്‍റെയും, റോസിമോളുടെയും നിലവിളി ശബ്ദത്തിനും തടഞ്ഞുനിര്‍ത്താനാവാത്ത യാത്രയില്‍ ഞാനുറങ്ങിയിരുന്നു. എന്‍റെ കാന്താരിയുടെ കൂടെ...!
- അനു...
ഇൗ ഗ്രൂപ്പില്‍ എന്‍റെ ആദ്യത്തെ പോസ്റ്റാണ്...

Aneesh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo