Showing posts with label RahmanKunjumon. Show all posts
Showing posts with label RahmanKunjumon. Show all posts

ചങ്കിന്റെ കല്ല്യാണമാണ്....!!!

Image may contain: 1 person, grass, closeup and outdoor

Rahman Kunjumon
ആ വലിയ ഓഡിറ്റോറിയത്തിൽ ആളുകൾ വന്ന് കൊണ്ടിരിക്കുന്നു...
ബഫേ കൗണ്ടറുകൾ സെറ്റ് ചെയ്ത് കഴിഞ്ഞു....
കുറച്ച് പേര് ഭക്ഷണം കഴിക്കുന്നു...
ഞാനും മറ്റ് ചങ്ക്സും ഓടി നടന്ന് കാര്യങ്ങൾ എല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലാണ് ...
കല്ല്യാണം ഭംഗിയാക്കുന്നതിന്റെ ഉത്തരവാദിത്വം മാത്രമല്ല....
അവന് കൊടുക്കേണ്ട 'എട്ടിന്റെ' പണിയുടെ ഉത്തരവാദിത്വവും എന്റെ നേതൃത്വത്തിൽ ആണ് നടക്കുന്നത്...
പലയിടങ്ങളിൽ പോയി 
അവൻ കാട്ടി കൂട്ടിയതിനെല്ലാം പലിശ സഹിതം തിരിച്ച് കിട്ടുന്ന ദിവസം കൂടിയാണ് ഇന്ന്...
മലബാർ കല്യാണത്തിന്റെ മാറ്റ് കൂട്ടുന്നത് എന്ന് ഞങ്ങളെ പോലുള്ളവരും 
അല്ല മാറ്റ് കുറക്കുന്നതാണ് എന്ന് നാട്ട് കാരണവന്മാരും അഭിപ്രായപ്പെടുന്ന 
കല്ല്യാണ ചെക്കന്റെ 'സുഹൃത്തുകളുടെ കലാപരിപാടികൾ'
ഒരോ കല്ല്യാണം കഴിയുമ്പോഴും നാട്ടിൽ ചൂടുള്ള സംസാരമാവാറുള്ളത് പതിവാണ്...
എങ്കിലും ഒരു കുറവുമില്ലാതെ ഇപ്പോഴും ആ കലാപരിപാടികൾ തുടരുന്നു എന്നതാണ് സത്യം...!!!
എന്തായാലും ചങ്കിനുള്ള 'എട്ടിന്റെ പണി' അണിയറയിൽ പുരോഗമിക്കുകയാണ്....
അതിനു വേണ്ട പടക്കങ്ങളും,പടക്കോപ്പുകളും തയ്യാറായി കഴിഞ്ഞു.... 
ആകെ ശബ്ദമുകരിതമായ അന്തരീക്ഷം!!
പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.....!!
കല്ല്യാണ ചെക്കന്റെ ബാഗ്ലൂരിൽ ജോലി ചെയ്യുന്ന ഫ്രണ്ടാണ്...
അവന് വഴി പറഞ്ഞ് കൊടുക്കാനും എന്തെങ്കിലും
ആവശ്യമുണ്ടെങ്കിൽ വിളിക്കാനും എന്റെ നമ്പറായിരുന്നു കൊടുത്തത്....
ഫോൺ എടുത്തെങ്കിലും ഹാളിനുള്ളിലെ ബഹളം കാരണം ഒന്നും വ്യക്തമാവുന്നില്ല...
ഡാ ഒരു മിനിറ്റ്....! 
ഞാൻ ഹാളിന് പുറത്തേക്ക് ഇറങ്ങി
അവന് വഴി എല്ലാം പറഞ്ഞ് മനസിലാക്കി കൊടുത്ത്
തിരികെ ഹാളിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അവരെ എന്റെ ശ്രദ്ധയിൽ പെട്ടത് 
അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും..
ആറോ,ഏഴോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടിയും....!
ഓഡിറ്റോറിയത്തിന്റെ മുന്നിലെ ഗെയ്റ്റിനടുത്ത് നിന്ന്
അകത്തോട്ട് കയറണോ വേണ്ടയോ എന്ന സംശയത്തോടെ നിൽക്കുന്നു
അവർ വഴി മാറി വന്നതാണ് എന്ന് തോന്നി 
ഇവിടെ വേറെ ഓഡിറ്റോറിയങ്ങളോ കല്യാണമോ ഇല്ല
ഇവന്റെ ബന്ധുക്കാരെയും നാട്ട്കാരെയും ഏറെ കുറേ എനിക്കറിയാം അവരും അല്ല....
പിന്നെ...?
ആ ഉമ്മ കുട്ടിയുടെ കൈപിടിച്ച് പുറത്തേക്ക് പോവാനൊരുങ്ങിയതും അവൻ നിരാശയും സങ്കടവും കലർന്ന മുഖത്തോടെ അകത്തേക്ക് നോക്കുന്നു....
എനിക്ക് എന്തോ പന്തികേട് തോന്നി...!
ഞാൻ വേഗം അവരുടെ അടുത്തേക്ക് നടന്നു 
എന്നിട്ട് ചോദിച്ചു....
എന്താ ഉമ്മാ അവിടെ തന്നെ നിന്നത്...?
ഇങ്ങോട്ട് വരീ...
അത് അവരിൽ കൂടുതൽ പരിഭ്രമമാണ് 
ഉണ്ടാക്കിയത് എന്ന് തോന്നി 
ഞാൻ വീണ്ടും അവരെ അകത്തേക്ക് ക്ഷണിച്ചു
പെട്ടെന്ന് ആ ഉമ്മ എന്റെ കയ്യിൽ കയറി പിടിച്ചു
മോനേ 
ഞങ്ങൾ ഈ കല്ല്യാണത്തിന് വിളിച്ചിട്ട് വന്നവരല്ല....!!!
ഇത് എന്റെ മകന്റെ കുട്ടിയാണ് 
ഇവന് ബിരിയാണി വേണം എന്ന് പറഞ്ഞ് വാശി പിടിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി
ഇവന്റെ ഉപ്പാക്ക് കിഡ്നിക്ക് അസുഖമായിട്ട് ചികിത്സയിലാണ് 
ബിരിയാണി വെക്കാൻ പോയിട്ട് കഞ്ഞി കുടിക്കാൻ പോലും ഞങ്ങൾക്ക് ഇപ്പോ ഗതിയില്ല മോനേ.... 
നാണക്കോടാന്ന് അറിയാഞ്ഞിട്ടല്ല 
ഇവന്റെ വാശി കണ്ട് വേറെ മാർഗ്ഗം ഇല്ലാതെ വന്നതാണ് 
ഒറ്റ ശ്വാസത്തിൽ 
ഇടറിയ ശബ്ദത്തിൽ 
ആ ഉമ്മ പറഞ്ഞു നിർത്തി
ആ ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു...!
ഞാൻ ആകെ വല്ലാതെ ആയി....!!
അതിനെന്താ ഉമ്മാ....
ഞാൻ വിളിച്ചിരിക്കുന്നു 
നിങ്ങൾ ധൈര്യമായിട്ട് വാ.....
അവരെ അകത്ത് കൊണ്ട് പോയി 
ഇരുത്തി
ഭക്ഷണം കൊടുക്കാൻ 
കാറ്ററിംഗ് പയ്യനെ പറഞ്ഞ് ഏല്പിച്ചു...
ഞാൻ അവിടെ നിന്നാൽ അവർക്ക് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായാലോ എന്ന് തോന്നിയത് കൊണ്ട് 
നിങ്ങൾ കഴിക്ക് ഉമ്മാ എന്നും പറഞ്ഞ് അവിടെ നിന്ന് മാറി 
എങ്കിലും 
മറ്റൊരിടത്ത് നിന്ന് അവരെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു 
ആ ഉമ്മ ആരും കാണാതെ കണ്ണുനീർ തുടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു...
ആ കുട്ടി സന്തോഷത്തോടെ അതിലേറെ 
ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു... 
അവർ ഭക്ഷണം കഴിച്ച് കഴിഞ്ഞു എന്ന് 
തോന്നിയപ്പോൾ 
ഞാൻ വീണ്ടും അവരുടെ അടുത്തേക്ക് നടന്നു 
ബിരിയാണി ഇഷ്ടായോ..?
ഞാൻ ആ മോനോട് ചോദിച്ചു 
അവൻ തെല്ല് നാണത്തോടെ 
അതെ എന്ന് തലയാട്ടി 
ഐസ്ക്രീം വേണ്ടേ? 
ഒരു ഐസ്ക്രീം എടുത്ത് അവന്റെ 
കയ്യിൽ കൊടുത്തപ്പോൾ 
അവന്റെ മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു..
അവൻ ഐസ്ക്രീം കഴിക്കുന്ന സമയം കൊണ്ട് 
ഞാൻ ആ ഉമ്മ താമസിക്കുന്ന സ്ഥലവും മറ്റ് കാര്യങ്ങളും ചോദിച്ച് മനസിലാക്കി 
മൂന്ന് നാല് കിലോ മീറ്റർ ദൂരമേയുള്ളു..
ഞാൻ അവരെ ഗെയ്റ്റ് വരെ കൊണ്ട് വിട്ടു
ഞാൻ വരുന്നുണ്ട് വീട്ടിലേക്ക് എനിക്കറിയാവുന്ന സ്ഥലമാണ് എന്ന് പറഞ്ഞ് അവരെ യാത്രയാക്കിയപ്പോൾ 
ആ ഉമ്മ വാത്സല്യത്തോടെ എന്നെ ചേർത്ത് പിടിച്ചു...
കുറച്ച് നേരമായി എന്നെ കാണാതിരുന്ന ചങ്ക്സ് 
നീ ഇത് എവിടെ പോയി കെടക്കാണ് 
ഒന്ന് ഇങ്ങ് വാ...
എന്ന് പറഞ്ഞ് വിളി തുടങ്ങി.... 
പക്ഷേ... 
പിന്നീട് അവിടെ നടന്ന ഒന്നിലും...
ഒരു ചടങ്ങിലും....
എന്റെ മനസ്സുണ്ടായിരുന്നില്ല
സുഹൃത്തുകളുടെ കൂടെ എല്ലാത്തിനും ഉണ്ടെന്ന് വരുത്തി തീർക്കുക മാത്രമായിരുന്നു.....
എന്റെ മനസിൽ ആ ഉമ്മയുടേയും മകന്റെയും മുഖം മായാതെ നിൽക്കുന്നു....
ഒടുവിൽ ചടങ്ങെല്ലാം കഴിഞ്ഞ് 
ആളും ബഹളവും ഒതുങ്ങി..
ചെക്കനും പെണ്ണും ബന്ധുക്കളിൽ ചിലരും വീട്ടിലേക്ക് പോയി 
എല്ലാം ക്ലിയർ ചെയ്യാനായി ഞങ്ങൾ ചങ്ക്സും 
അവന്റെ കുറച്ച് ബന്ധുക്കാരും മാത്രമാണുള്ളത് 
പതിവ് പോലെ ഒരുപാട് ഭക്ഷണം ബാക്കിയാണ് 
കുറച്ച് വീട്ടിലേക്കും അടുത്തുളള മറ്റ് വീടുകളിലേക്കും കൊടുത്തിട്ട് ബാക്കിയുള്ളത് കുഴിച്ച് മൂടാൻ ഉത്തരവിട്ട്
അവന്റെ മാമനും മറ്റുള്ളവരും പോയി...
ഞാൻ കലവറയിലേക്ക് നടന്നു
ശരിയാണ് ഒരുപാട് ഭക്ഷണം ബാക്കിയാണ്....
എനിക്ക് ആ ഉമ്മയുടേയും മകന്റെയും മുഖം മനസ്സിൽ തെളിഞ്ഞ് വന്നു...
ആരെയോ കാണിക്കാൻ വേണ്ടി
എന്തെല്ലാം ധൂർത്താണ് കല്ല്യാണത്തിന്റെ പേരിൽ നാം കാട്ടി കൂട്ടുന്നത്...?
മനസ്സിൽ അന്നാദ്യമായ് ഒരു നീറ്റൽ..!!
ഒരു കുറ്റബോധം..!!
ഞാൻ കുറച്ച് ഭക്ഷണം പൊതിഞ്ഞ് എടുത്തു 
ഫ്രണ്ട്സിനെ എല്ലാവരേയും വിളിച്ചു 
വാ നമ്മുക്ക് എല്ലാവർക്കും ഒരു സ്ഥലം വരെ പോവാം
എങ്ങോട്ടാണ് ? 
അതൊക്കെ പോകുന്ന വഴിക്ക് പറയാം നിങ്ങൾ വണ്ടിയിൽ കയറ് 
എല്ലാവരും വണ്ടിയിൽ കയറി 
ആ ഉമ്മാന്റെ വീട് ലക്ഷ്യമാക്കി ഞാൻ കാറോടിച്ചു 
എങ്ങേട്ടാണെന്ന് വീണ്ടും തിരക്കിയപ്പോൾ 
ഞാൻ നടന്നതെല്ലാം അവരോട് പറഞ്ഞു
അത് വരെ ഒച്ചയും ബഹളവും ഉണ്ടാക്കിയവർ പെട്ടെന്ന് നിശബ്ദരായി
പിന്നീടുള്ള യാത്ര ഒരു അവാർഡ് സിനിമ പോലെ ആയിരുന്നു
ഒടുവിൽ 
ഞങ്ങൾ ആ ഉമ്മ പറഞ്ഞ് തന്ന അടയാളങ്ങൾ നോക്കി 
അവരുടെ വീട് കണ്ട് പിടിച്ചു 
ഉമ്മാ....!!
ഞാൻ ആ ചെറിയ വിടിന്റെ വാതിലിൽ മുട്ടി...
ആ ഉമ്മ തന്നെയാണ് വാതിൽ തുറന്നത് 
എന്നെ കണ്ടതും ആ ഉമ്മ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു 
രണ്ട് മുറികളും ഒരു ചെറിയ അടുക്കളയും മാത്രമുള്ള 
ഒരു പഴക്കം ചെന്ന കൊച്ചു വീട് 
ഒരു മുറിയിലെ കട്ടിലിൽ രണ്ട് കിഡ്നികളും തകരാറിലായ ആ ഉമ്മയുടെ മകൻ കിടക്കുന്നുണ്ടായിരുന്നു
ശബ്ദം കേട്ട് ആരാണെന്നറിയാൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്ന സ്ത്രീയെ 
മകന്റെ ഭാര്യയാണ് എന്ന് ഉമ്മ പരിചയപ്പെടുത്തി...
പിന്നെ എട്ടിലും അഞ്ചിലും പഠിക്കുന്ന രണ്ട് പെൺകുട്ടികൾ....
ഞങ്ങൾ കൊണ്ട് വന്ന ഭക്ഷണം ആ കുട്ടികളുടെ അടുത്ത് കൊടുത്തു 
ഇവൻ കല്യാണത്തിന്റെ കിസ്സ ഇവിടെ വന്ന് പറഞ്ഞപ്പോൾ തൊട്ട് ഇവരെ കൂട്ടീലാന്നും പറഞ്ഞ് പിണക്കത്തിലാണ് 
ഉമ്മ പേരക്കുട്ടികളെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു
നീ നോക്കി നിൽക്കാതെ കുറച്ച് ചായ ഉണ്ടാക്ക്....
ഉമ്മ മരുമകളെ ഓർമ്മപ്പെടുത്തി
വേണ്ട ഉമ്മ എന്ന് പറഞ്ഞ് ഞങ്ങൾ അവരെ തടഞ്ഞു
ഞങ്ങൾ അസുഖമായി കിടക്കുന്ന മകന്റെ അടുത്തേക്ക് ചെന്നു
ഒട്ടോ തൊഴിലാളി ആയിരുന്നു 
പെട്ടെന്നാണ് അസുഖം പിടിപെട്ടതും കിടപ്പിലായതും 
ഉണ്ടായിരുന്ന ഒട്ടോയും വീടും സ്ഥലവും വിൽക്കേണ്ടി വന്നു 
കൂടെ ജോലി ചെയ്തവരും വാർഡ് 
മെംബറും ഒക്കെ ചേർന്ന് 
ചെറിയ സഹായങ്ങളും അതിന്റെ ഭാഗമായ്
ഒരു ബാങ്ക് അകൗണ്ടും തുടങ്ങിയിട്ടുണ്ട് കുറച്ച് പൈസ അതിലുണ്ട് എന്നാലും ഒന്നിനും തികയില്ല 
ഉമ്മയുടെ കിഡ്നി ആണ് മാറ്റി വെക്കുന്നത് അതിന്റെ കാര്യങ്ങൾ എല്ലാം ഏറെ കുറെ ശരിയായിട്ടുണ്ട്...
ഇവർക്ക് പറയത്തക്ക ബന്ധുക്കാരെന്നുമില്ല 
ഇപ്പോൾ ഒരു വരുമാനവുമില്ല 
സുഖമില്ലാത്ത ഇവനെ തനിച്ചാക്കി അവൾക്ക് ജോലിക്ക് പോകാനും വയ്യ
ആ ഉമ്മ പറഞ്ഞു 
എല്ലാം ശരിയാവും ഉമ്മാ ...
ഇനി ഞങ്ങളെല്ലാവരും ഉണ്ട് കൂടെ.....
ആ ഉമ്മയുടെ മുഖം പ്രകാശിച്ചു
അവരോട് ഇനിയും വരാം എന്ന് യാത്ര പറഞ്ഞ് ഇറങ്ങി....!
തിരിച്ച് വരുമ്പോൾ ഞങ്ങൾ എല്ലാവരും ചില തീരുമാനങ്ങൾ എടുത്തിരുന്നു 
ഇഹ്സാന്റെയും,റിയാസിന്റെയും 
കല്ല്യാണം ഉറപ്പിച്ചതാണ് അവർ രണ്ട് പേരും തങ്ങളുടെ കല്ല്യാണം വളരെ ചെറുതായി നടത്തി അതിൽ നിന്ന് നല്ല ഒരു സംഖ്യ ആ കുടുംബത്തിന് നൽകി 
ശരത്ത് അവന്റെ രണ്ട് ഒട്ടോകളിൽ ഒന്നിന്റെ വരുമാനം ആ കുടുംബത്തിന് നിത്യചിലവുകൾക്കായി നൽകുന്നു 
അൻസാർ കല്ല്യാണത്തിന് ഓഡിറ്റേറിയങ്ങളിലും വീടുകളിലും ബാക്കിയാവുന്ന ഭക്ഷണം കളക്ട് ചെയ്ത് 
ആവശ്യക്കാരിൽ എത്തിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി അത് നടപ്പിൽ വരുത്തി 
ചുരുക്കി പറഞ്ഞാൽ 
നാട്ടിൽ എല്ലാവരും കല്ല്യാണം വിളിക്കാൻ പേടിച്ചിരുന്ന ഞങ്ങളെയാണ് 
നാട്ടുകാർ ഇപ്പോൾ ആദ്യം കല്ല്യാണംവിളിക്കുന്നത്...
നമ്മുടെ കൈ കുമ്പിളിൽ നിന്ന് നാം പോലും അറിയാതെ ചോരുന്നത് കൊണ്ട് വയറ് നിറയുന്നവർ... 
ഒരു ചെറു പുഞ്ചിരി കൊണ്ട് ഒരു പക്ഷേ ആശ്വാസം ലഭിച്ചേക്കാവുന്നവർ...
ഒരു നാണായ തുട്ട് കൊണ്ട് ആശ്വാസം കിട്ടിയേക്കാവുന്നവർ ധാരാളം ഉണ്ട് നമുക്ക്ചുറ്റും....
അവരെ കാണാൻ 
''എന്റെ മാത്രം കാര്യം എന്ന തിരക്കിൽ നിന്ന് 
ഒന്ന് തിരിഞ്ഞ് നോക്കിയാൽ മാത്രം മതി...''
Rahman Kunjon

പൂച്ച

Image may contain: 1 person, stripes

ആട്ടി ഓടിക്കാറുള്ള പൂച്ചക്ക് പതിവില്ലാതെ 
അച്ഛൻ ഭക്ഷണം കൊടുക്കുന്നത് കണ്ടിട്ട് വിശ്വസം വരാതെ പിന്നെയും പിന്നെയും തുറിച്ച് നോക്കി
പിന്നീടാണ് മനസിലായത് അതിനെ പിടിച്ച് നാട് കടത്താനുള്ള പരുപാടിയാണെന്ന്....
ചാരിയിട്ട അടുക്കള വാതിലിലൂടെ നുഴഞ്ഞ് കയറി ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ കള്ളപ്പൂച്ചയെ ദൂരെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതിന്റെ...
തിരികെ വാഹനത്തിന്റെ പുറകെ ദയനീയമായി കരഞ്ഞ് കൊണ്ട് ഓടി 
ഒടുവിൽ നിരാശയോടെ..
ഭീതി നിഴലിച്ച കണ്ണുകളുമായ്...
ദയനീയമായി കരഞ്ഞ് 
ചുറ്റിലും നോക്കുന്ന നിസ്സഹായത 
ആ ജീവിയെ കൊണ്ടെറിഞ്ഞതിന്റെ മനസ്ഥാപം കാരണം ഭക്ഷണം ഇറങ്ങാതിരിക്കുമ്പോൾ അമ്മയോട് ചോദിച്ചിരുന്നു എന്തിനാ അമ്മേ ആ പാവം പൂച്ചയെ.....?
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാവും മോനേ !!! 
അമ്മയുടെ ആ വാക്കുകൾ ഒരാശ്വാസമായി അന്ന് തോന്നിയിരുന്നു....
അങ്ങിനെ തെറ്റല്ല എന്ന് സ്വയം ആശ്വസിക്കുമ്പോഴും വീർപ്പ് മുട്ടിക്കുന്ന ഒരു ഓർമ്മ അവന്റെ കുട്ടിക്കാലത്ത് അവനെ ഏറെ അലോസരപ്പെടുത്തിയിരുന്നു....
ഇന്ന് പക്ഷേ 
അവന്റെ ചിന്തകളിലും ഓർമ്മകളിലും ലാഭക്കൊതിയും അതിന് വേണ്ട കൗശലങ്ങളും മാത്രമായി അവൻ വളർന്നിരിക്കുന്നു....
പ്രായമായ തന്റെ അമ്മയെ പതിവില്ലാത്ത സ്നേഹം നടിച്ച് 
ഭക്ഷണം ഉരുളയാക്കി വായിൽ വെച്ച് കൊടുക്കുന്നത് കണ്ട് വിശ്വാസം വരാതെ മകൻ അച്ഛനെ തുറിച്ച് നോക്കി
മരുന്ന് തീർന്നിട്ട് നാളേറേയായിട്ടും 
തിരിഞ്ഞ് നോക്കാത്ത മകനും മരുമകളും
അങ്ങ് ദൂരെയുള്ള ഹോസ്പ്പിറ്റലിലെ കേമനായ ഡോക്ടറെ കാണിച്ചാലെ അമ്മയുടെ അസുഖം ഭേദമാവൂ എന്ന് പറയുന്നത് കേട്ടപ്പോൾ 
മക്കൾക്ക് തന്നോടുള്ള സ്നേഹം ഓർത്ത് അമ്മയുടെ കണ്ണ് നിറഞ്ഞു 
ഒടുവിൽ തിരക്കുള്ള ആ ഹോസ്പിറ്റലിൽ അമ്മയെ കൊണ്ടിരുത്തി
ഒരു നൂറ് കള്ളത്തരം പറഞ്ഞ് 
ഇപ്പോ വരാം എന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ നടക്കുമ്പോൾ അവനറിയാമായിരുന്നു 
അമ്മക്ക് തെറ്റാതെ തന്റെ പേര് പോലും പറയാൻ കഴിയില്ല എന്ന്...
ഒരു പരിചയവും ഇല്ലാത്ത സ്ഥലമാണ് എന്ന്..
എങ്കിലും അയാൾക്ക് ഇത്തിരി പോലും സങ്കടം തോന്നിയില്ല!!
തന്നെ നൊന്ത് പ്രസവിച്ച,താരാട്ട് പാടി ഉറക്കിയ,
മടിയിലിരുത്തി കഥകൾ പറഞ്ഞു തന്ന തന്റെ സ്വന്തം അമ്മയെയാണ് താൻ ഉപേക്ഷിച്ച് കടന്ന് കളയുന്നത് എന്ന് ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ എന്തേ അയാൾക്ക് കഴിഞ്ഞില്ല...?
തന്നെ ഉപേക്ഷിച്ച് പോയതാണെന്ന് ചുറ്റും കൂടിയവർ അടക്കം പറഞ്ഞപ്പോഴും ആ പാവം അമ്മ അത് വിശ്വസിക്കാനോ സമ്മതിക്കാനോ തയ്യാറായില്ല 
എന്ന് മാത്രമല്ല 
അവിടെ നിന്ന് മാറിയാൽ മകൻ വരുമ്പോൾ തന്നെ കാണാതെ വിശമിച്ചാലോ എന്ന് പറഞ്ഞ് അവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറി ഇരിക്കാൻ പോലും കൂട്ടാക്കിയില്ല 
ഈ സ്നേഹമാണ് ആൾക്കൂട്ടത്തിൽ ഉപേക്ഷിച്ച് ബുദ്ധിശൂന്യനായ ആ മകൻ
പതുപതുത്ത രോമങ്ങളും തിളങ്ങുന്ന കണ്ണുകളുമുള്ള സുന്ദരൻ പൂച്ചയെ പതിനായിരങ്ങൾ കെടുത്ത് ഓമനിച്ച് വളർത്താൻ വാങ്ങിയത്.....
വക്ക് പൊട്ടിയ പാത്രത്തിൽ ഭക്ഷണം വിളമ്പി അമ്മയുടെ മുന്നിലേക്ക് ദേഷ്യത്തോടെ തള്ളിയ മരുമകൾ 
പുതുപുത്തൻ പളുങ്ക് പാത്രത്തിൽ അതിന്റെ തീറ്റയിട്ട് തെട്ടും തലോടിയും തീറ്റിക്കുന്നത് മനോഹരമായ കാഴ്ചയല്ലേ.. ?
അമ്മയുടെ ബെഡ്ഷീറ്റും തലയണയും അറപ്പോടെ മാറ്റി വിരിക്കാറുണ്ടായിരുന്ന ചിലപ്പോൾ സ്വന്തമായ് തന്നെ അലക്കാൻ ആക്രോഷിക്കാറുള്ള മരുമകൾ 
ഒരു അറപ്പും വെറുപ്പും കൂടാതെ ആ പൂച്ചയുടെ കാഷ്ടം കോരുന്നത് എത്ര മനോഹരമായ കാഴ്ച്ചയാണ്....?
നേടുന്നതിന്റെയും നഷ്ടപ്പെടുത്തുന്നതിന്റെയും വില നിശ്ചയമില്ലാത്ത വിഢികളാണ് ഇപ്പോഴും ചിലർ....
Rahman Kunjon

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo