Showing posts with label DinuRaj Vamanapuram. Show all posts
Showing posts with label DinuRaj Vamanapuram. Show all posts

ഓട്ടോക്കാരന്റെ പെണ്ണുകാണൽ



കുനിഞ്ഞ ശിരസ്സും, നെഞ്ചിലേക്ക് തറച്ച അപമാന ഭാരവും ഉള്ളിലൊതുക്കികൊണ്ട് ഞാനും, ബ്രോക്കർ കുഞ്ഞപ്പൻ ചേട്ടനും ആ വീട്ടിൽ നിന്നുമിറങ്ങി. യാത്രാമദ്ധ്യേ ഞാൻ കുഞ്ഞപ്പൻ ചേട്ടനോടോ, അദ്ദേഹം എന്നോടോ പരസ്പരം ഒന്നും സംസാരിച്ചില്ല.
ഞാൻ ചിന്തിക്കുകയായിരുന്നു ചെയ്തത് തെറ്റ് തന്നെ കേവലം പത്താംക്ലാസ് വിദ്യാഭ്യാസവും, വെറുമൊരു ഓട്ടോ ഡ്രൈവറുമായ ഞാൻ ഒരിക്കലും ഉയർന്ന പഠിപ്പും, പ്രൈവറ്റ് സ്കൂളിൽ ജോലിയുമുള്ള ആ പെൺകുട്ടിയെ പെണ്ണുകാണുവാനായി ചെല്ലുവാൻ പാടില്ലായിരുന്നു.
"പെണ്ണിന് കുറച്ചു വിദ്യാഭ്യാസമുണ്ടെന്നെയുള്ളു, സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്, ഞാൻ നിന്റെ ജോലിയും, പഠിപ്പുമെല്ലാം പെണ്ണിന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട് അയാൾക്ക് പൂർണ്ണ സമ്മതം".ഇങ്ങനെ കുഞ്ഞപ്പൻ ചേട്ടൻ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇ പെണ്ണുകാണലിനു തുനിഞ്ഞ് ഇറങ്ങിയത്.
ചായയുമായി അവൾ വന്നപ്പോൾ ഞാൻ ഒറ്റ നോട്ടമേ നോക്കിയുള്ളൂ. അവൾ ചായയും തന്നിട്ട് കുറച്ചു അങ്ങോട്ട്‌ മാറി നിന്നു. അപ്പോഴാണ് അവിടെയുണ്ടായിരുന്ന പെണ്ണിന്റെ ഏതോ ഒരു സ്വന്തക്കാരാൻ ചോദിച്ചത് "ചെറുക്കന് എന്താ ജോലി." ഞാൻ ഉടനെ പറഞ്ഞു ഓട്ടോ ഡ്രൈവർ ആണെന്ന്. ഞാൻ ഉത്തരം നൽകി കഴിഞ്ഞതും അവിടെ നിന്ന അവൾ പെട്ടന്ന് അകത്തേക്ക് കയറി പോയി.
അവർ തമ്മിൽ എന്തേലും സംസാരിക്കട്ടെ കുഞ്ഞപ്പൻ ചേട്ടൻ പറഞ്ഞപ്പോൾ. തലയാട്ടി അത് ശരിവച്ചു കൊണ്ട് പെണ്ണിന്റെ അച്ഛൻ അകത്തേക്ക് പോകുവാൻ പറഞ്ഞു.ചെറിയ ചമ്മലോടും, ഭയത്തോടും കൂടി ഞാൻ എഴുനേറ്റകത്തേക്ക് നടന്നു.
"മോളെ നീയൊന്നു ചെന്ന് എന്തേലും സംസാരിക്കു.. പിന്നീട് നമുക്ക് പറയാം ഇഷ്ടമായില്ലന്ന്". ഒരു സ്ത്രീയുടെ സംസാരം കേട്ട ഞാൻ നടത്തം നിർത്തി. "എന്നാലും ഒരു ഓട്ടോകാരനെ!! എന്നെ കാണിക്കാൻ കൊണ്ടുവരുവാൻ അച്ഛന് എങ്ങനെ തോന്നി, അമ്മയ്ക്ക് അറിയില്ലേ ഇ ഓട്ടോക്കാരെല്ലാം വെറും ആഭാസന്മാരാണ്"... ചായയുമായി വന്ന പെണ്ണിന്റെ ശബ്ദമായിരിക്കുമതെന്ന് ഞാൻ മനസ്സിലാക്കി.
ഇതൊക്കെ ചെവികളിൽ കേട്ട ഞാൻ വീണ്ടും അകത്തേക്ക് നടക്കാതെ പുറത്തേക്കു തിരിച്ചു നടന്നു. പുറത്ത് കസേരയിൽ ഇരുന്ന എല്ലാപേരും എഴുനേറ്റു നിൽക്കുന്നുണ്ടായിരുന്നു. പെണ്ണിന്റെ അച്ഛൻ തല കുനിച്ചു നിൽക്കുകയായിരുന്നു. അകത്തെ സംസാരം പുറത്തും കേട്ടിരിക്കുന്നു. ആരും പരസ്പരം മിണ്ടിയില്ല ഞാനും, കുഞ്ഞപ്പൻ ചേട്ടനും അവിടെ നിന്നും ഇറങ്ങി.
ആ സംഭവമെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വർഷം രണ്ടാകുന്നു. ഞാൻ സന്തോഷത്തോടുകൂടി ഓട്ടോ ഓടിച്ചു ജീവിക്കുന്നു. അന്ന് ഉച്ചയോടുകൂടി ഞാൻ വീട്ടിലേക്ക് പോകുന്ന വഴിയിൽ എന്തോ ആക്സിഡന്റ് പറ്റി ഒരു മനുഷ്യൻ റോഡിൽ കിടക്കുന്നത് കണ്ടു. ആൾക്കാരെല്ലാം ചുറ്റും കൂടി നിൽക്കുന്നു. ഞാനും വണ്ടി നിർത്തി ഇറങ്ങി അവിടേക്ക് ചെന്നു.
ചോരയിൽ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യൻ. ഞാൻ നോക്കിയപ്പോൾ അയാൾക്ക്‌ ജീവൻ ഉണ്ട്. ഉടനെ തന്നെ ഞാൻ അയാളെ എടുത്ത് ഓട്ടോയിലേക്ക് കയറ്റി. അവിടെ കൂടി നിന്നവരിൽ ആരോടേലും കൂടെ കയറുവാൻ പറഞ്ഞു നോക്കി. എല്ലാവരും കേൾക്കാത്ത മട്ടിൽ തിരിഞ്ഞു നിന്നു.
മറ്റാരും ഇല്ലാത്തതു കൊണ്ട് ഞാൻ ആശുപത്രിയിൽ നിൽക്കേണ്ടി വന്നു. കൈയിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ അവിടെ ചിലവായി. സമയത്തു കൊണ്ട് വന്നത് കൊണ്ട് ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞെന്നു ഡോക്ടർ പറഞ്ഞു. ഒരു ജീവൻ ഞാൻ കാരണം രക്ഷപ്പെട്ടിരിക്കുന്നു.
വാർഡിലേക്ക് മാറ്റിയ അയാളുടെ അടുത്തേക്ക് ഞാൻ ചെന്നു. അവിടെ നിന്ന സിസ്റ്റർ ഇതാണ് നിങ്ങളെ ഇവിടെ കൊണ്ട് വന്ന ആളെന്ന് അയാളോട് പറഞ്ഞു. അയാൾ കിടന്നു കൊണ്ട് തല തിരിച്ചു. അപ്പോഴാണ് ഞാനും ശരിക്കും അയാളെ കാണുന്നത്. രണ്ടു വർഷം മുന്നേ കേവലം ഒരു ഓട്ടോക്കാരനായ ഞാൻ പെണ്ണുകാണാൻ ചെന്നതിനു വാക്കുകളാൽ അപമാനിച്ച പെൺകുട്ടിയുടെ അച്ഛൻ!!.
ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു. അയാളുടെ മുഖത്ത് വല്ലാത്തൊരു ചമ്മൽ ഉണ്ടായിരുന്നു. അന്ന് നടന്നതിനൊക്കെ അയാൾ മാപ്പ് പറഞ്ഞു തുടങ്ങി. അപ്പോഴേക്കും അയാളുടെ മകൾ അഥവാ ഞാൻ അന്ന് കല്ല്യാണം ആലോചിച്ചു ചെന്ന പെൺകുട്ടിയും, അയാളുടെ ഭാര്യയും കൂടി അവിടേക്ക് വന്നു.
ഞാൻ അവിടെ നിൽക്കുന്നതൊന്നും അവൾ ശ്രദ്ധിച്ചില്ല.അച്ഛനെ നോക്കുന്ന വെപ്രാളത്തിൽ ആയിരുന്നു. കുറച്ചു കഴിഞ്ഞ് അയാൾ എന്തോ പറഞ്ഞപ്പോൾ അവൾ നന്ദി അറിയിക്കുവാനാ കണും ഞാൻ നിന്നിടത്തേക്ക് നോക്കി. പെട്ടന്ന് അവളുടെ മുഖം വല്ലാതായി അവൾ അറിയാതെ തലകുനിച്ചു പോയി.
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു എന്നിട്ട് പറഞ്ഞു. "എല്ലാ ജോലിക്കും അതിന്റെതായ മാന്യതയുണ്ട്. പിന്ന ഓട്ടോക്കാരെല്ലാം ആഭാസന്മാരാണെന്നുള്ള ധാരണ മാറ്റണും കേട്ടോ, പിന്ന എല്ലാ വിഭാഗത്തിലും നല്ലവരും, ചീത്തകളും കാണും. ഏതെങ്കിലും ഒരു ഓട്ടോക്കാരൻ തെറ്റ് ചെയ്തിട്ടുണ്ടാകാം അതിനു എല്ലാവരെയും അടച്ചു ആക്ഷേപിക്കരുത്"….ഇത്രയും പറഞ്ഞ് ഞാൻ തിരികെ നടന്നു.
പിറ്റേന്ന് ഒരു മൂന്ന് മാണിയോട് കൂടി ഞാൻ അയാളെ കാണുവാൻ ആശുപത്രിയിലേക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ അയാളുടെ അടുത്ത് ആരും ഉണ്ടായിരുന്നില്ല. കുറെ നേരം സംസാരിച്ചിട്ട് ഞാൻ പോകുവാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു."മോനെ, എന്റെ മോൾ പറഞ്ഞു അവൾക്കു മോനെ കല്ല്യാണം കഴിക്കുവാൻ ഇഷ്ടമാണെന്ന്!!…മോന് എതിർപ്പില്ലെ നമുക്ക് ഒന്നുകൂടി ആലോചിച്ചു കൂടെ"...... അത് കേട്ടതും ഞാൻ ഒരു ചിരി അയാൾക്ക്‌ സമ്മാനിച്ചിട്ട് അവിടെ നിന്നും ഇറങ്ങി.
പുറത്തേക്കു പോകുന്ന വഴിയിൽ ഞാനും അവളും പരസ്പരം കണ്ടുമുട്ടി. അവളുടെ മുഖത്ത് വല്ലാത്ത കുറ്റബോധം നിഴലിച്ചിരുന്നു. ഞാൻ അവളോട്‌ പറഞ്ഞു... "അച്ഛൻ കാര്യങ്ങളെല്ലാം എന്നോട് പറഞ്ഞു"..... ഞാൻ അങ്ങനെ പറഞ്ഞു കഴിഞ്ഞതും അവൾ നാണത്തോടു കൂടി തല മെല്ലെ തറയിലേക്ക് താഴ്ത്തി. ഞാൻ കണ്ടു കാലിന്റെ തള്ള വിരൽ കൊണ്ട് അവൾ വൃത്തം വരയ്ക്കുന്നത്.
അപ്പോഴാണ് ഞാൻ കൈയിൽ കെട്ടിയിരുന്ന വാച്ചിലേക്ക് പെട്ടന്ന് സമയം നോക്കിയത്. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.വൃത്തം വരച്ച് കളിക്കുന്ന അവളോട്‌ വീണ്ടും ഞാൻ പറഞ്ഞു. "ക്ഷമിക്കണും കൂടുതൽ സംസാരിച്ചു നിൽക്കാൻ സമയമില്ല… ഇവിടെ അടുത്തുള്ള സർക്കാർ സ്കൂളിലെ ടീച്ചർ ആണ് എന്റെ ഭാര്യ ഇപ്പോൾ അവൾ സ്കൂൾ വിട്ട് പുറത്തിറങ്ങി എന്നെ കാത്തു നിൽക്കുന്നുണ്ടാകും... എന്നാൽ ഞാൻ പോകട്ടെ"........ ഞാൻ ഇത് പറഞ്ഞു കഴിഞ്ഞതും അവൾ പെരുവിരലാൽ തീർത്തുകൊണ്ടിരുന്ന വൃത്തം പൂർത്തിയാക്കാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു....
ഡിനുരാജ് വാമനപുരം

മരിക്കില്ല ഞാൻ മറ്റൊരാളിലൂടെ ജീവിക്കും (കഥ )

മരിക്കില്ല ഞാൻ മറ്റൊരാളിലൂടെ ജീവിക്കും (കഥ )
*********************************************
ഒരു പക്ഷേ ഞാനൊരു സ്ത്രീയായതു കൊണ്ടാകാം ആ രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ എന്റെ മുഖത്ത് എന്തെന്നെന്നില്ലാതെ ഒരു പരിഭ്രാന്തി പടർന്നു പിടിച്ചിട്ടുണ്ടായിരുന്നു. ബാഗിൽ നിന്നും മൊബൈലെടുത്ത് സമയം നോക്കിയപ്പോൾ 9മണി കഴിഞ്ഞിരിക്കുന്നു. ട്രെയിൻ മൂന്നു മണിക്കൂറുകളോളം ലേറ്റായതിന് ഞാൻ റെയിൽവേ ഡിപ്പാർട്മെന്റിനെ മനസ്സിൽ പ്രാകികൊണ്ട് ബസ്റ്റോപ് ലക്ഷ്യമാക്കി നടന്നു.തീവണ്ടിക്കകത്തു ഞാൻ കണ്ട ചില സ്ത്രീമുഖങ്ങളിൽ ഇ സ്റ്റേഷനിൽ ഇറങ്ങിയവരുടെ ഭർത്താക്കൻമാരോ, സഹോദരന്മാരോ, അച്ഛനൊ സ്റ്റേഷന് പുറത്ത് അവരെയും കാത്ത് നിൽകുന്നുണ്ടായിരുന്നു. ഒരു വേള ഞാനും ആശിച്ചു കൂട്ടികൊണ്ട് പോകുവാൻ വന്ന അച്ഛനോടൊപ്പം ഞാൻ നടന്നു പോകുന്നത്. ഒരു ചെറിയ വീടും, ആ വീടിനകത്തെ ഒരു മുറിക്കുള്ളിൽ നിർത്താതെ ചുമച്ചുകൊണ്ട് തളർന്നുകിടക്കുന്ന അച്ഛനും, കണ്ണിലെണ്ണയൊഴിച്ച് അച്ഛനെ ശുശ്രൂഷിക്കുന്ന അമ്മയുമെല്ലാം നിഴൽ രൂപങ്ങളായി മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ട് തന്നെ അച്ഛൻ കാത്തുനിൽക്കുമെന്നുള്ള മനസ്സിൽ തോന്നിയ ആഗ്രഹത്തെ അപ്പൂപ്പൻ താടിപോലെ ഞാൻ കാറ്റിൽ പറത്തിവിട്ടു.ട്രെയിനിൽ നിന്നും വന്നിറങ്ങുന്നവരുടെ സവാരിയും പ്രതീക്ഷിച്ച് കാത്തുകിടന്ന ഓട്ടോകാർക്കെല്ലാം സവാരി കിട്ടി തുടങ്ങിയിരിക്കുന്നു. ഒരു മണിക്കൂറോളം രാത്രിയിൽ ഒറ്റയ്ക്ക് ബസ്സിൽ യാത്ര ചെയ്യണ്മല്ലോ എന്നോർത്തപ്പോൾ പൈസ കൂടുതൽ ആയാലും ഓട്ടോയിൽ പോകുന്നതാണ് ഉചിതമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
രാത്രിയുടെ വന്യമായ സൗന്ദര്യത്തെ കീറി മുറിച്ച് ഓട്ടോ എന്നെയും കൊണ്ട് നിരത്തിലൂടെ പാഞ്ഞു പോകുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കി. ഡ്രൈവർ ഒരു മാന്യനാണെന്ന് തുടക്കത്തിൽ ഞാൻ കരുതി. എന്നാൽ പോക, പോകെ സംസാരത്തിലൂടെ അയാൾ സ്വയം മാന്യതയുടെ മുഖം മൂടി അഴിച്ചു മാറ്റി തുടങ്ങി. പെട്ടന്ന് വണ്ടി കേടായതുപോലെ അയാൾ വഴിയിൽ നിർത്തുകയും. എന്നോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ആ സമയം അയാളുടെ മുഖഭാവം ഇരയെ മുന്നിൽ കിട്ടിയ വേട്ടമൃഗത്തിന് തുല്ല്യമായി മാറിയിരുന്നതായി ഞാൻ മനസ്സിലാക്കി. പേടികൊണ്ട് എന്റെ ശ്വാസോഛാസം ഇരട്ടിയായി വർദ്ധിച്ചു..ഇത്തരത്തിലെ ചിന്തകൾ ജീവനുള്ള ചിത്രങ്ങൾ പോലെ ഞാൻ മുന്നിൽ കണ്ടു. വേണ്ടാ!! ഒറ്റയ്ക്ക് രാത്രിയിൽ പരിചയമില്ലാത്ത ഓട്ടോയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാ!!. ഞാൻ ഓട്ടോയിൽ പോകണുമെന്നുള്ള മോഹം ഉപേക്ഷിച്ചു.
ബസ്‌സ്റ്റോപ്പിനുള്ളിൽ ഞാനും മറ്റു മൂന്നുപേരും കൂടിയുണ്ട്.അതിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ഒരു സ്ത്രീയുള്ളതാകാം ഞാൻ ഉള്ളിന്റെയുള്ളിൽ ചെറുതായി സന്തോഷിച്ചു. ആ സ്ത്രീയും,കൂടെയുള്ള പുരുഷനും ഭാര്യാഭർത്താക്കന്മാരെ പോലെ വളരെ ഇഴുകി ചേർന്നാണ് ഇരുന്നത്. അതുകൊണ്ട് അവർ ദമ്പതികൾ തന്നെയെന്ന് ഞാൻ ഉറപ്പിച്ചു. രണ്ടാമത്തെ പുരുഷന് ഏകദേശം ഒരു 24വയസ്സുണ്ടാകുമെന്ന് ഞാൻ സങ്കൽപ്പിച്ചു. അവൻ മൊബൈലിൽ ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അവന്റെ കൈയിൽ ചെമ്പിൽ തീർത്ത ഒരു വള കിടപ്പുണ്ടായിരുന്നു. അപ്പോഴാണ് രണ്ടാഴ്ച്ച മുന്നേയുള്ള ഒരു വൈകുന്നേരം വീട്ടിലേക്ക് പോകും വഴിമദ്ധ്യേ ബസ്സൊരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഏതോ സംഘടനയിലുള്ള മൂന്നാല് പേർ ബസ്സിനുള്ളിലേക്ക് കയറി അതിനകത്തുണ്ടായിരുന്നവർക്കെല്ലാം ഏതോ പരിപാടിയുടെ നോട്ടീസ് നൽകിയ കാര്യം ഞാൻ ഓർമ്മിച്ചത്. അന്ന് മറ്റുള്ളവരിൽ നിന്നും വിപരീതമായി കട്ടിമീശയുള്ള,താടി ക്ലീൻഷേവ് ചെയ്ത ഒരു യുവാവ് എന്റെ കൈയിലേക്ക് നോട്ടീസ് തരുന്ന സമയത്ത് അയാളുടെ കണ്ണുകൾ തന്റെ കണ്ണുകളിൽ ഉടക്കിയിരുന്നല്ലോ എന്നോർത്തപ്പോൾ ഞാൻ ഇ രാത്രിയിലും രോമാഞ്ചം കൊണ്ടു. അത്രമാത്രം ആ യുവാവിന്റെ കണ്ണുകൾ എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. .
ദൂരെ നിന്നും ബസ്സിന്റെ വെളിച്ചം കണ്ടപ്പോൾ ഞാനും, മറ്റുള്ളവരും ബസ്‌സ്റ്റോപ്പിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി.ബസ്സ് അവിടെ വന്നു നിന്നു. ആദ്യം ആ ദമ്പതികൾ കയറി പിറകെ ഞാനും അവസാനമായി അവനും കയറി. ഞാൻ ബസ്സിനുള്ളിൽ മൊത്തത്തിൽ ഒന്നു കണ്ണോടിച്ചു.ഇവിടെ നിന്നും കയറിയവരെ കൂട്ടാതെ മൂന്നുപേരും പിന്നെ കണ്ടക്ടറും, ഡ്രൈവറും. ആ മൂന്നുപേരിൽ ഒന്ന് ഒരു സ്ത്രീയായിരുന്നു അവൾ ഒറ്റയ്ക്ക് ഒരു സീറ്റിൽ ഇരിക്കുന്നു. മറ്റു രണ്ടുപേർ ഒരുമിച്ച് ഒരു സീറ്റിൽ ഇരിക്കുന്നു അവർ പരസ്പരം സംസാരിക്കുന്നുമുണ്ട്. ഞാൻ കയറിയ സ്റ്റോപ്പിൽ ഉണ്ടായിരുന്ന ദമ്പതികൾ ഇരുന്ന സീറ്റിനു പുറകിലുള്ള സീറ്റിൽ ഞാനും സ്ഥലംപിടിച്ചു. ഞാനിരുന്ന സീറ്റിനു തൊട്ടുപിറകിലായി വളയിട്ടവനും ഇരുന്നു. ബസ്സ് കുറെ മുന്നോട്ടു പോയതിനു ശേഷം സാവകാശം കണ്ടക്ടർ എഴുനേറ്റ് വന്ന് ഞങ്ങൾക്ക് ടിക്കറ്റ് തന്നു. ദമ്പതികൾ അവസാന സ്റ്റോപ്പിന്റെ സ്ഥലപ്പേര് കണ്ടക്ടറോട് പറയുന്നത് ഞാൻ കേട്ടു.വളയിട്ടവൻ എവിടേക്കാണ് ടിക്കറ്റ് എടുത്തതെന്ന് എനിക്ക് മനസ്സിലായില്ല.കാരണം അവൻ പറഞ്ഞ സ്ഥലപേര് ഞാൻ കേട്ടില്ല. മുന്നിലിരിക്കുന്ന ദമ്പതികൾ പരസ്പരം ഒട്ടിച്ചേർന്നിരിക്കുന്നത് സീറ്റിലെ കമ്പികൾക്കിടയിലൂടെ ഞാൻകാണുന്നുണ്ട്.
ദൂരയാത്ര ചെയ്തു വന്നതിന്റെ ക്ഷിണം കാരണം ഞാൻ മുന്നിലെ സീറ്റിന്റെ കമ്പിയിലേക്ക് രണ്ടു കൈകളും മടക്കിവച്ചുകൊണ്ട് തല കൈകകളിലേക്കമർത്തി കുനിഞ്ഞിരുന്നു. ദമ്പതിമാർ തമ്മിൽ സംസാരിക്കുന്നുണ്ട്. ഞാൻ ചെവികൾ അങ്ങോട്ട്‌ കൂർപ്പിച്ചു. “തനിക്ക് ഒരു റൂം എടുത്താൽ പോരാരുന്നോ? ഇത് ചുമ്മാ ബസ്സിൽ കയറ്റി… തനിക്ക് എന്ത് ലാഭമാ ?“....അവൾ ചോദിക്കുന്നു. “ചുമ്മാതല്ലല്ലോ കാശു തന്നിട്ടല്ലേ… എനിക്കിഷ്ട്ടമുള്ളപോലെ ഞാൻ ആയിക്കോളാം… നീ ഒന്ന് ചിലക്കാണ്ടിരി.. പുറകിലൊക്കെ ആൾ ഇരിപ്പുണ്ട്”… അവൻ പറയുന്നു. “ശരിയാ… ഇപ്പൊ എന്തായാൽ എനിക്കെന്താ.. പണി കുറവല്ലേ.. കാശും കിട്ടും “..അവൾ മറുപടിയായി പറയുന്നു. ആ വർത്തമാനങ്ങളിൽ നിന്നും കാര്യങ്ങൾ ഞാൻ മനസ്സിലാക്കി!!. ച്ചി.. വെറും വൃത്തികേടെന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ നിവർന്നിരുന്നു. അവർ അപ്പോഴും ഇഴുകി ചേർന്ന് ഇരിക്കുന്നുണ്ട്. ഞാൻ മറുവശത്തെ സീറ്റിലിരുന്ന ആ സ്ത്രീയെ നോക്കി. അവർ എന്തോ ആലോചനയിൽ മുഴുകിയിരിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. നരച്ച പോലെ തോന്നിപ്പിക്കുന്ന ഒരു നീല ജീൻസും, ചാര കളറിൽ പുള്ളികളുള്ള ഒരു ഷർട്ടുമാണ് അവരുടെ വേഷം. മുടി ബോബ് ചെയ്തേക്കുന്നു. മുഖത്ത് കണ്ണട വച്ചിട്ടുണ്ട്. തോളിൽ തൂക്കിയിരിക്കുന്ന സഞ്ചിയുടെ താഴെയറ്റം മടിയിലേക്ക് കയറ്റി വച്ച് വലത്തേ കൈ അതിനുമുകളിൽ വച്ചിരിക്കുന്നു. കാലുകൾ വെറുതെ ചലിപ്പിച്ചു കൊണ്ടാണ് അവർ ഇരിക്കുന്നത്. ഇവർ ഒരു എഴുത്തുകാരിയോ അല്ലെങ്കിൽ നക്സലറ്റോ ആയിക്കുമെന്ന് ഞാൻ ചിന്തിച്ചു.
വയറിന്റെ വലതു ഭാഗത്ത് എന്തോ സ്പർശിച്ച പോലെ തോന്നിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി. പതിയെ അങ്ങോട്ട്‌ നോക്കി വളയിട്ട കൈ സീറ്റിൽ വിടവിലൂടെ വളരെ പണിപ്പെട്ട് കടന്നു വന്നിരിക്കുന്നു. . ഞാൻ മെല്ലെ സീറ്റിന്റെ നടുവിലേക്ക് നീങ്ങിയിരുന്നുകൊണ്ട് ഒളികണ്ണുകളാൽ പുറകിലേക്ക് നോക്കി. അവൻ ഒന്നും അറിയാത്ത പാവത്തിനെ പോലെയിരിക്കുന്നു.ഇനിയും ആ കൈ സീറ്റിന്റെ വിടവിലൂടെ കടന്നുവന്നാലോ എന്നുള്ള ചിന്തയിൽ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു തിരിഞ്ഞ് അവനെ രൂക്ഷമായൊന്ന് നോക്കി. അവനപ്പോൾ മുകളിലേക്ക് തലയുയർത്തി ഇരിക്കുകയായിരുന്നു. ഞാൻ അവിടെ നിന്നും ആ സ്ത്രീ ഇരിക്കുന്ന സീറ്റിനു പുറകിലുള്ള സീറ്റിലേക്ക് പോയിരുന്നു. ഞാൻ ഇങ്ങനെ സീറ്റ്‌ മാറിയിരുന്നപ്പോൾ ആ സ്ത്രീ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
ആ സ്ത്രീ തിരിഞ്ഞു എന്നെ നോക്കിയിട്ട് ചോദിച്ചു “എന്താ സീറ്റ്‌ മാറിയത് വല്ല ബുദ്ധിമുട്ടും ഉണ്ടായോ? “...അവരുടെ ആ ചോദ്യത്തിന്റെ ഗാംഭീര്യം കൊണ്ടായിരിക്കാം ഞാൻ പെട്ടന്ന് പറഞ്ഞു “ഒന്നുമില്ല… വെറുതെ മാറിയിരുന്നത് “...”ഇ രാത്രിയിൽ ഇതെവിടെ പോയിട്ട് വരുന്നു അതും ഒറ്റയ്ക്ക് “...അവർ വീണ്ടും ചോദിച്ചു. എന്നെ അപ്പോളിവർ ശ്രദ്ധിച്ചിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. അല്ലെങ്കിൽ ഞാൻ ഒറ്റയ്ക്കാണെന്ന് അവർ എങ്ങനെ അറിയാൻ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു. “ട്രെയിൻ ലേറ്റായത് കാരണം ഇത്രയും രാത്രിയായിപോയതാ”!...
അവർ ഒന്ന് മൂളി. ഞാൻ ചോദിച്ചു “നിങ്ങൾ “!!...ഞാനോ,ഞാൻ ഒരു എഴുത്തുകാരിയാ…പത്രമൊക്കെ വായിക്കാറുണ്ടെങ്കിൽ അറിയാൻ കഴിയും...എന്റെ പേര് ദീപമഹേഷ്‌ എന്നാ “...അവർ പറഞ്ഞു. ആ പേര് കേട്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി എന്ത് തെറ്റ് കണ്ടാലും ഒരു മടിയുമില്ലാതെ തുറന്ന് എഴുതുന്ന ശക്തയായ എഴുത്തുകാരി. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ തെറ്റ് കാണിക്കുന്നവർക്കെതിരെ തൂലിക പടവാളാക്കുന്ന എഴുത്തുകാരി. ഇ അടുത്ത് ഒരു പ്രമുഖ രാഷ്ട്രിയ പാർട്ടിയുടെ നേതാവ് കോഴ വാങ്ങിയതിനെതിരെ തൂലിക ചലിപ്പിച്ചതിനു വിവാദങ്ങൾ ഏറ്റുവാങ്ങിയേക്കുന്നു…...ഇതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു “അറിയാം”..മറുപടിയായി അവരൊന്നു ചിരിച്ചിട്ട് തിരിഞ്ഞിരുന്നു.
ഒരേ സീറ്റിൽ ഇരുന്ന രണ്ടു പുരുഷന്മാർ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ കണ്ടക്ടർ സിംഗിൾ ബെല്ലടിച്ചു. വണ്ടി നിന്നപ്പോൾ അവർ ഇറങ്ങി. പിന്നാലെ മൂന്ന് പുരുഷന്മാർ ബസ്സിനുള്ളിലേക്ക് കയറി. ഞാൻ അവരെ ഒന്ന് നോക്കി അന്ന് നോട്ടീസ് തരുവാൻ ബസ്സിൽ കയറിയവരാണെന്ന് ഞാൻ സങ്കൽപ്പിച്ചു.പക്ഷേ ഉറപ്പില്ലായിരുന്നു കാരണം ഇന്ന് അവരുടെ മുഖം കാണുവാൻ കഴിഞ്ഞില്ല. അവർ ഞാൻ ഇരിക്കുന്നിടവും കഴിഞ്ഞ് കുറെ മുന്നിൽ പോയി ഒരു സീറ്റിൽ ഇരുന്നു. കട്ടിമീശയും, ക്ലീൻഷേവ് ചെയ്ത മുഖവുമുള്ള ആ പഴയ യുവാവ് അതിൽ ഉണ്ടോ എന്ന് ആകാംഷയോടെ ഞാൻ ചിന്തിച്ചു. മുഖം കാണാൻ കഴിയാത്തതിൽ ഞാൻ സ്വയം പരിഭവിച്ചു.കുറച്ചു സമയത്തിന് ശേഷം ഞാൻ തലയെത്തി അവർ ഇരിക്കുന്നിടത്തേക്ക് നോക്കിയപ്പോൾ അതിൽ ഇങ്ങോട്ട് നോക്കികൊണ്ടിരുന്ന ഒരാൾ ഞാൻ നോക്കുന്നത്ത് കണ്ടതും പെട്ടന്ന് തല തിരിച്ചു കളഞ്ഞു. ഞാൻ മനസ്സിൽ ചിന്തിച്ചു ഇനി ആ യുവാവ് തന്നെയാണോ അതെന്ന്.
ഞാനിറങ്ങേണ്ട സ്ഥലം ആയിരിക്കുന്നു. ഞാൻ ആ എഴുത്തുകാരിയോട് എന്റെ സ്ഥലമായെന്ന് പറഞ്ഞു.അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോഴേക്കും ബസ്സ് നിന്നിരുന്നു ഞാൻ ബസ്സിൽ നിന്നും ഇറങ്ങി. വേഗത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു ചെന്നു. ഞാൻ എത്തുവാനുള്ള സമയവും കഴിഞ്ഞ് ഇത്രയും രാത്രിയായതിനാലുമാകാം പാവം അച്ഛനും അമ്മയും പേടിച്ചാണിരുന്നതെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.സമയം ഏറെ വൈകിയത് കൊണ്ട് ഞാൻ കുളിക്കാനൊന്നും മിനക്കെട്ടില്ല. കുറച്ചു ചോറും കഴിച്ച് കയറി കിടന്നു. കിടന്നു കണ്ണടയ്ക്കുമ്പോഴെല്ലാം ദീപമഹേഷിന്റെ ചിരിക്കുന്ന മുഖം ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.ആ മുഖം മാറി അന്ന് നോട്ടീസ് തന്ന യുവാവിന്റെ മുഖം കാണുവാൻ ഞാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല.
രാവിലെ തന്നെ ഞാൻ ഉറക്കം എഴുന്നേറ്റു.മനസ്സിൽ ആരോയിരുന്ന് ടീവി ഓൺ ചെയ്യാൻ പറയുംപോലെ തോന്നിയതുകൊണ്ട് നേരെ പോയി ഞാൻ ടിവി ഓൺ ചെയ്തു. ടിവി സ്‌ക്രിനിലൂടെ ദീപമഹേഷിന്റെ ചിത്രം ഓടി മറയുന്നു. ഞാൻ റിമോട്ടിൽ ടീവിയുടെ ശബ്ദം കൂട്ടി.വാർത്ത ചാനൽ ആയിരുന്നു. പ്രശസ്ത എഴുത്തുകാരി ദീപമഹേഷ്‌ കൊല്ലപ്പെട്ടിക്കുന്നു, കഴിഞ്ഞ രാത്രിയിൽ അവർ സഞ്ചരിച്ചിരുന്ന ബസ്സിനുള്ളിൽ വച്ച് അജ്ഞാതരായ മൂന്ന്പേരുടെ ആക്രണമത്തിലാണ് ദീപമഹേഷ്‌ കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ച് കഴുത്തിൽ മൂന്നു സ്ഥലത്തായി കുത്തിയപ്പോൾ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പ്രതികൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ദീപമഹേഷ് ഒരു പ്രമുഖ രാഷ്ട്രിയ പാർട്ടിക്കെതിരെ എഴുത്തിലൂടെ പോരാടുകയായിരുന്നു….ഞാൻ മനസ്സിലാക്കി ഇന്നലെ രാത്രിയിൽ ഞാൻ കണ്ട ദീപമഹേഷ് കൊല്ലപ്പെട്ടിരിക്കുന്നു. കണ്ണുകളിൽ ഇരുട്ട് വന്നുമൂടിയെങ്കിലും ഞാൻ വ്യക്തമായി കണ്ടു ടീവിക്ക് അടുത്തായി വച്ചിരുന്ന ആ നോട്ടീസ് പറന്ന് തറയിലേക്ക് വീഴുന്നത് ………
ഡിനുരാജ് വാമനനപുരം
(ഇ കഥയിലെ കഥയും, കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഏതേലും സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം ആയിരിക്കാം)
**** ***** ****** ***** ***** ***** ***** ******

മൂന്ന് ചെറിയ കഥകൾ

മൂന്ന് ചെറിയ കഥകൾ
**********************
1..സ്വാതന്ത്ര്യം
**************
പ്രശസ്ത ഡോക്ടറായ അയാളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്ക് അയാൾ കഠിന തടവ് അനുഭവിക്കുകയായിരുന്നു. ഭാര്യയെയോ, മക്കളെയോ, കൂടപ്പിറപ്പുകളെയോ, സുഹൃത്തുക്കളെയോ കാണാൻ കഴിയാതെ ശരിക്കും ഒറ്റപ്പെടൽ എന്താണെന്ന് അയാൾ അനുഭവിച്ചറിഞ്ഞു. മനസ്സിന്റെധൈര്യം ഒന്നുകൊണ്ടു മാത്രം അയാൾക്ക്‌ ഭ്രാന്ത് പിടിച്ചില്ല.ഇന്ന് അയാൾ ആ ഏകാന്ത വാസത്തിൽ നിന്നും രക്ഷപെട്ടിരിക്കുന്നു. വീട്ടിലേക്കെത്തിയ അയാൾ ആദ്യം താൻ കൂട്ടിലടച്ച്‌ ഓമനിച്ചു വളർത്തിയ പക്ഷികൾക്ക് കൂടു തുറന്ന് സ്വാതന്ത്ര്യം നൽകുകയായിരുന്നു...
2...പ്രതീക്ഷ
**************
വിശന്നു പൊരിയുന്ന വയറുമായി അമ്മ സ്വന്തം മകനെ ഊട്ടിയിട്ട് ബാക്കി വന്ന കഞ്ഞിവെള്ളം കുടിച്ച് വയറുനിറയ്ക്കുമ്പോൾ ആ അമ്മയ്ക്ക് ഒരു പ്രതിക്ഷയുണ്ടായിരുന്നു. മകൻ വളർന്നു വലുതായി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ തനിക്കും മൂന്ന് നേരം ഭക്ഷണം കഴിക്കാമെന്നത്. അമ്മയുടെ കഷ്ടപ്പാടിന്റെ ഫലമെന്നപോലെ, അമ്മയുടെ പ്രതിക്ഷ തെറ്റിക്കാതെ മകൻ ഒരു നല്ലനിലയിൽ എത്തിച്ചേർന്നു. അവന് പുതിയൊരു ജീവിതവും കൈ വന്നു. ഇപ്പോൾ ആ അമ്മ കൃത്യമായി മൂന്നുനേരം ഭക്ഷണം കഴിക്കുന്നു. പക്ഷേ അത് വൃദ്ധസദനത്തിൽ നിന്നാണെന്ന് മാത്രം....
3....കുറ്റബോധം
******************
മനസ്സുരുകി ദൈവത്തിനോട് പ്രാർത്ഥിച്ചിട്ട് ഞാൻ പോക്കറ്റിൽ നിന്നും പത്തുരൂപയുടെ നോട്ടെടുത്ത് മുന്നിലുള്ള കാണിക്കവഞ്ചിയിലേക്ക് നിക്ഷേപിച്ചു. പുറത്തേക്കിറങ്ങപ്പോൾ ഒരു യാചക വിശപ്പ്‌ സഹിക്കാൻ കഴിയുന്നില്ല സാർ വല്ലതും തരണേ എന്ന് പറഞ്ഞു കൊണ്ട് കൈനീട്ടിയത് കണ്ടിട്ടും കാണാത്ത മട്ടിൽ ഞാൻ നടന്നു പോയി. അമ്പലപ്പറമ്പ് കഴിഞ്ഞ് റോഡിലുള്ള കാണിക്കവഞ്ചിയിലും മടികൂടാതെ നാണയത്തുട്ടുകൾ ഞാൻ നിക്ഷേപിച്ചു. അപ്പോഴാണ് അവിടെ വച്ചിരുന്ന പുതിയൊരു ബോർഡ് ഞാൻ ശ്രദ്ധിച്ചത് "മറ്റുള്ളവന്റെ വിശപ്പും, ദാഹവും മനസ്സിലാകുന്നവരുടെ കൂടെയാണ് ദൈവമുള്ളത്." അത് വായിച്ചഞാൻ കുറ്റബോധത്തോടെ ആ യാചകയെ തിരിഞ്ഞു നോക്കി. അപ്പോഴേക്കും അവർ എങ്ങോട്ടോ നടന്നകന്നിരുന്നു.
ഡിനുരാജ് വാമനപുരം

ഇട്ടിരപ്പൻ(കഥ )

ഇട്ടിരപ്പൻ(കഥ )
***************
ഇട്ടിരപ്പൻ മുതലാളി ആ പ്രദേശത്തെ സമ്പന്നന്മാരിൽ പ്രമുഖൻ. വയസ്സ് അറുപത് കഴിഞ്ഞിരിക്കുന്നു.കറുത്ത നിറം,നല്ല ഉയരം, ഉയരത്തെ കവച്ചു വയ്ക്കുന്ന തടി,തടിയെ തോൽപിക്കും കൂട്ട് പുറത്തേക്ക് തള്ളി നിൽക്കുന്ന വയർ,പള, പളാ മിന്നുന്ന കഷണ്ടിതല ഇതൊക്കെയാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യം പരിഗണിക്കുമ്പോൾ ഇട്ടിരപ്പൻ മുതലാളിയെ സംബന്ധിച്ച് ഇവയെല്ലാം ഒരു അലങ്കാരം തന്നെയാണ്. വെള്ള ജുബ്ബയും, മുണ്ടുമല്ലാതെ മറ്റൊരു വസ്ത്രം ധരിച്ച ഇട്ടിരപ്പൻ മുതലാളിയെ ആരും കണ്ടിട്ടില്ല. ഇനി ഇട്ടിരപ്പൻ മുതലാളി മറ്റൊരു വസ്ത്രം ധരിച്ചു വരുന്നത് ആർക്കും ചിന്തിക്കുവാൻ കൂടി കഴിയില്ല കാരണം ജുബ്ബയും, മുണ്ടും അത്രത്തോളം ആ കറുത്തുരുണ്ട ശരീരത്തിൽ ഇഴുകി ചേർന്നു. കഴുത്തിൽ കിടക്കുന്ന കയറു പിരിയൻ സ്വർണ്ണമാലയും ,വിരലുകളിൽ അണിഞ്ഞിരിക്കുന്ന കല്ല് പതിപ്പിച്ച മോതിരങ്ങളും ഇട്ടിരപ്പൻ മുതലാളിയുടെ പ്രൗഢിയെ വിളിച്ചറിയിക്കുന്നവയാണ്. പക്ഷേ മുഖത്തിനു ചേരാത്തത് പോലെയുള്ള സ്വർണ്ണ ഫ്രെയിമിൽ വലിയ ഗ്ലാസ്സുകളുള്ള കണ്ണട ഇട്ടിരപ്പൻ മുതലാളിക്ക് അല്പം അഭംഗി തന്നെയാണ്.
ഭാര്യ സൂസന്ന, സൗന്ദര്യത്തിലും, വിദ്യാഭ്യാസത്തിലും ഇട്ടിരപ്പൻ മുതലാളിയുടെ ഏഴയലതെത്തുവാൻ പോലും യോഗ്യതയില്ലാത്തവൾ.സൗന്ദര്യം ഒരു പ്രശ്നമേയല്ലാ സ്ത്രീധനമാണ് ജീവിതത്തിൽ പ്രാധാന്യമെന്ന് ചിന്തിച്ച് കെട്ടിയതുകൊണ്ട് കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ ദാമ്പത്യജീവിതത്തിൽ ഇട്ടിരപ്പൻ മുതലാളിയും സൂസന്നയും തമ്മിൽ യാതൊരുവിധത്തിലുമുള്ള പൊരുത്തക്കേടുകളും ഉണ്ടായിട്ടില്ല. കാതുകളിലെ വലുപ്പമുള വളയകമ്മലുകളും, കഴുത്തിലെ നീളൻ കൊന്തമാലയും സൂസന്നയുടെ കൂടപ്പിറപ്പുകളാണ്. ചട്ടയും, മുണ്ടുമല്ലാതെ ഇ ലോകത്തിൽ മറ്റൊരു വേഷവും കണ്ടുപിടിച്ചിട്ടില്ല എന്നാണ് സൂസന്നയുടെ വിചാരം...ഭക്തിയും, ദൈവഭയവുമുള്ള ഒരു അച്ചായത്തിയാണ് സൂസന്ന.
ഇട്ടിരപ്പൻ മുതലാളി താമസിക്കുന്ന അഞ്ചേക്കറിനുള്ളിലെ അതി മനോഹരമായ ആ വീടിന്റെ പഴമയുടെ പ്രൗഡിയിൽ നിന്നും മനസിലാക്കാം പാരമ്പര്യമായി കൈമാറി കിട്ടിയ തറവാട് വീടാണതെന്ന്.വീടിന്റെ മുന്നിൽ അന്തസ്സിനു ചേർന്നമട്ടിൽ രണ്ടു വിലകൂടിയ കാറുകൾ നിർത്തിയിട്ടേക്കുന്നു.പുതിയ കാലത്തിന്റെ അതിഥിയായി മുറ്റം മുഴുവൻ വർണ്ണാഭമായ തറയോടുകൾ തിളങ്ങുന്നു. മുറ്റത്തിന്റെ ഒരു ഭാഗത്തെ ചെറിയ പൂന്തോട്ടത്തിലെ ചെടിച്ചട്ടികളിലെ ഉയരം കുറഞ്ഞ ചെടികളിൽ പലതരം നിറങ്ങളിലുള്ള പൂവുകൾ പൂത്തു നിൽക്കുന്നു.വീടും, പരിസരവും വളരെ വൃത്തിയും, ഭംഗിയുമായി തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.സന്തോഷകരമായ ഇ ദാമ്പത്യ ജീവിതത്തിനിടയ്ക്കും ഇട്ടിരപ്പൻമുതലാളിയുടെയും, സൂസന്നയുടെയും ആകെയുള്ള വിഷമം. എണ്ണിയാൽ ഒടുങ്ങാത്ത സ്വത്തുകൾക്കെല്ലാം അവർ രണ്ടു പേരുടെയും കാലശേഷം അവകാശികളില്ലാതായിപ്പോയല്ലോ എന്നത് മാത്രമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാകാതിരുന്നപ്പോൾ ആദ്യ ഒന്ന് രണ്ടു വർഷം കുറെ ആശുപത്രികൾ കയറിയിറങ്ങി പലതരം മരുന്നുകൾ കഴിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.അതുകൊണ്ട് തന്നെ കുട്ടികൾ വേണുമെന്നുള്ള ചിന്ത വിസ്മരിച്ചുകൊണ്ട് ഇട്ടിരപ്പൻ മുതലാളി പുതിയ പുതിയ ബിസിനസ്സുകളിലേക്ക് ഓട്ടപാച്ചിൽ തുടർന്നു.പാരമ്പര്യമായി കിട്ടിയ സ്വത്തും, സ്ത്രീധനമായി ലഭിച്ചതും, ഇട്ടിരപ്പൻ മുതലാളി സമ്പാദിച്ചതുമെല്ലാം കൂടി എണ്ണിയാൽ ഒടുങ്ങാത്തത്രയും സ്വത്തിന്റെ അവകാശിയാണ് ഇപ്പോൾ ഇ വയസ്സാംകാലത്ത് ഇട്ടിരപ്പൻ മുതലാളി.
കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി ഇട്ടിരപ്പൻ മുതലാളി മറന്നുപോയ കൃഷ്ണ കുമാർ എന്ന പഴയ സ്നേഹിതൻ അദ്ദേഹത്തിന്റെ മകളുടെ വിവാഹം ക്ഷണിച്ചുകൊണ്ട് അയച്ച കത്ത് കൈകളിൽ കിട്ടിയതും. കൃഷ്ണ കുമാർ എന്ന സ്നേഹിതന്റെ ഓർമ്മകൾ ഇട്ടിരപ്പൻ മുതലാളിയുടെ മനസ്സിലേക്ക് ഒഴുകിവന്നു. അത് ഇട്ടിരപ്പൻ മുതലാളിയുടെ ഓർമ്മകളെ ഒരുപാട് വർഷങ്ങൾ പിറകിലിലേക്ക് സഞ്ചരിപ്പിച്ചു.

************
സാധാരണക്കാർ മാത്രമല്ല, രാഷ്ട്രീയക്കാരും, പോലീസ്കാരുമൊക്കെ ഒരേ പോലെ ബഹുമാനിക്കുന്ന നാട്ടിലെ പ്രമാണിയാണ് ഇയ്യപ്പൻ മുതലാളി. ഇയ്യപ്പൻ മുതലാളിയുടെ നാലുമക്കളിൽ ഇളയവനാണ് ഇട്ടിരപ്പൻ. ഇട്ടിരപ്പന്റെ മുകളിലുള്ള മൂന്ന് പെൺകുട്ടികളെയും അവരുടെ അവകാശങ്ങളെല്ലാം കൊടുത്ത് ഇയ്യപ്പൻ മുതലാളി നല്ലനിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. കോളേജ് പഠനമെല്ലാം കഴിഞ്ഞ ഇട്ടിരപ്പനെയാണ് ഇപ്പോൾ ഇയ്യപ്പൻ മുതലാളി ബിസിനസുകളെല്ലാം നോക്കി നടത്തുവാനേൽപ്പിച്ചിരിക്കുന്നത്.അങ്ങനെ നല്ലരീതിയിൽ ബിസിനസ്സുകളുമായി മുന്നോട്ടു പോയ്കൊണ്ടിരിക്കെയാണ് ഇട്ടിരപ്പൻ സ്ഥലത്തെ മറ്റൊരു പ്രമാണിയുടെ മകനുമായി ഒരു അടിപിടി കേസ് ഉണ്ടാകുന്നത്. കേസിൽ നിന്നും സ്വന്തം മകനെ ഒഴിവാക്കുവാൻ ഇയ്യപ്പൻ മുതലാളി കിണഞ്ഞു ശ്രമിച്ചെങ്കിലും എതിർ പക്ഷത്തുള്ളവർ ശക്തമായി തന്നെ കേസുമായി മുന്നോട്ടു നീങ്ങി. തന്മൂലം നാട്ടിൽ നിന്നും കുറച്ചു നാൾ മാറി നീക്കുവാനുള്ള ഇൻസ്പെക്ടറുടെ ഉപദേശപ്രകാരം ഇട്ടിരപ്പൻ തന്റെ കോളേജിലെ സഹപാഠിയായിരുന്ന കൃഷ്ണ കുമാറിന്റെ നാട്ടിലേക്കു ഒളിവിൽ പോയി.
സാധാരണകാരായിരുന്നു കൃഷ്ണകുമാറിന്റെ കുടുംബം.കോളേജ് പഠനം കഴിഞ്ഞ കൃഷ്ണകുമാർ അച്ഛനോടൊപ്പം കൃഷി പണിയുമായാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. വലിയ മാളികയിൽ നിന്നും പെട്ടന്ന് ചെറിയ ഓലപ്പുരയിലേക്കുള്ള താമസമാറ്റം ഒന്നുരണ്ടു ദിവസങ്ങൾ ഇട്ടിരപ്പന് വലിയ ബുദ്ധിമുട്ടായി തോന്നി. എന്നാൽ പതിയെ പതിയെ നാട്ടിൻപുറത്തെ സുന്ദരകാഴ്ച്ചകളായ പച്ചപ്പ്‌ നിറഞ്ഞ വയലുകളും, കുഞ്ഞുമത്സ്യങ്ങൾ നീന്തി തുടിക്കുന്ന തോടും, ആ തോട് ചെന്നുചേരുന്ന കുത്തിയൊലിച്ചൊഴുകുന്ന പുഴയും, പുഴയുടെ തീരത്തെ മുളംകാടുകളും, മുട്ടോളം വളർന്നു നിൽക്കുന്ന പുൽച്ചെടികളും, അവയ്ക്കിടയിൽ പമ്മിയിരിക്കുന്ന കുളക്കോഴികളും, പലതരത്തിലുള്ള വൃക്ഷങ്ങളും, അവയിൽ കൂടു കൂട്ടിയിരിക്കുന്നു കിളികളും, ചിൽ ചിൽ ശബ്ദമുണ്ടാക്കി മരച്ചില്ലകളിൽ ഓടിനടക്കുന്ന അണ്ണാറക്കണ്ണന്മാരും, മറ്റ് വർണ്ണാഭമായ കാഴ്ച്ചകളുമൊക്കെ കൂടി ചേർന്ന നാട്ടിൻപുറത്തെ ദിവസം പോക,പോകെ ഇട്ടിരപ്പനും ഇഷ്ടപ്പെട്ടു തുടങ്ങി.
നാട്ടിൻ പുറത്തെ നിഷ്കളങ്കകളായ സുന്ദരികളെ ഇട്ടിരപ്പൻ ഏറെ ഇഷ്ടപ്പെട്ടു. കൃഷ്ണ കുമാറിന്റെ അയലത്തെ വീട്ടിലെ യമുന എന്ന സുന്ദരി ഇട്ടിരപ്പന്റെ ഹൃദയത്തിൽ വളരെ വേഗത്തിൽ സ്ഥാനം പിടിച്ചു. ഇട്ടിരപ്പന്റെ ആത്മാർത്ഥ തുളുമ്പുന്ന യമുനയോടുള്ള സ്നേഹത്തിന് കൃഷ്ണകുമാറും ചുക്കാൻ പിടിച്ചു. മാസങ്ങൾ വേഗത്തിൽ കടന്നുപോയി. മനസ്സിന്റെ അടുപ്പത്തിൽ നിന്നും അവരുടെ പ്രണയബന്ധം ശാരീരികമായ കൂടി ചേരലും ആസ്വദിച്ചു. കൃഷ്ണകുമാർ എന്ന ആത്മാർത്ഥ സ്നേഹിതൻ എല്ലാത്തിനും മൂകസാക്ഷിയായി നിലകൊണ്ടു.
നാട്ടിലെ കേസെല്ലാം ഒത്തുതീർപ്പായപ്പോൾ ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങി വരുവാൻ മകനോട് ഇയ്യപ്പൻ മുതലാളി ആവശ്യപ്പെട്ടു. അപ്പന്റെ സന്ദേശം കിട്ടിയയുടനെ ഇട്ടിരപ്പൻ നാട്ടിലേക്ക് പോകുവാൻ തയ്യാറായി.യമുനയുടെ മുന്നിൽ വച്ചു തന്നെ കൃഷ്ണകുമാറിന് ഇട്ടിരപ്പൻ വാക്കുകൊടുത്തു ഞാൻ നാട്ടിൽ പോയി അപ്പനോട് ഇവളുടെ കാര്യങ്ങളെല്ലാം അവതരിപ്പിച്ച് സമ്മതം വാങ്ങിയിട്ട് തിരികെ വന്ന് യമുനയെ കൂട്ടികൊണ്ട് പോകാം. ഇട്ടിരപ്പന്റെ വാക്കുകൾ യമുനയുടെയും, കൃഷ്ണ കുമാറിന്റെയും മനസ്സിൽ സന്തോഷം വാരി വിതറിയെങ്കിലും. ഇട്ടിരപ്പനെ പിരിയുന്നതിലുള്ള ദുഃഖം യമുനയുടെ മുഖത്തു നിഴലിച്ചു നിന്നു.
ഇയ്യപ്പൻ മുതലാളി നാട്ടിൽ വന്ന മകനുവേണ്ടി വിവാഹം ആലോചിച്ചു തുടങ്ങി.പലപ്പോഴും യമുനയുടെ കാര്യം അപ്പനോട് പറയാൻ ഇട്ടിരപ്പൻ ശ്രമിച്ചെങ്കിലും അപ്പൻ എങ്ങനെ പ്രതികരിക്കും എന്നുള്ള ഭയം അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. കാണാൻ ഭംഗിയില്ലെങ്കിലും നൂറുപവനും,പത്തേക്കർ റബ്ബർ തോട്ടവും , ഒരു കാറും സ്ത്രീധനമായി ലഭിക്കുമെന്നായപ്പോൾ ഇയ്യപ്പൻ മുതലാളി സൂസന്നയുമായുള്ള ഇട്ടിരപ്പന്റെ വിവാഹം ഉറപ്പിച്ചു. കണ്ണഞ്ചിപ്പിക്കുന്ന സ്വത്തിനുമുന്നിൽ ഇട്ടിരപ്പനും മയങ്ങി വീണു. മനസ്സിൽ നിന്നും യമുനയുടെ ചിത്രം പതിയെ പതിയെ പൂർണമായും മാഞ്ഞു പോയി.
ഇട്ടിരപ്പന്റെ വിവാഹത്തിന്റെ തലേനാൾ അവിടത്തെ വിശേഷങ്ങളൊന്നും അറിയാതെ ഇട്ടിരപ്പനെയും അന്വേക്ഷിച്ചു ആ ഞെട്ടിക്കുന്ന സത്യവുമായി കൃഷ്ണകുമാർ ഇട്ടിരപ്പന്റെ അടുത്തെത്തി. യമുനയെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോഴേ കൃഷ്ണകുമാറിന്റെ വായടപ്പിച്ചു കൊണ്ട് ഇട്ടിരപ്പൻ പറഞ്ഞു അവളോട്‌ എന്നെ മറന്നേക്കുവാൻ പറയു അപ്പനെ ധിക്കരിക്കുവാൻ എനിക്ക് കഴിയില്ല!. അവൾ ഗർഭിണി ആണെന്നുള്ള സത്യം കൃഷ്ണകുമാർ വെളിപ്പെടുത്തിയപ്പോൾ ഇട്ടിരപ്പന് യാതൊരു കൂസലും ഇല്ലായിരുന്നു. പതിനായിരംരൂപയുടെ ഒരു കെട്ടുനോട്ട് കൃഷ്ണ കുമാറിന്റെ കൈകളിലേക്ക് വച്ചുകൊടുത്തിട്ട് ഇട്ടിരപ്പൻ പറഞ്ഞു ഇ പൈസ കൊണ്ട് അവളുടെ ഗർഭം നശിപ്പിച്ചു കളഞ്ഞേക്കു!!!. അ പൈസയുമായി അവിടെ നിന്നുമിറങ്ങുമ്പോൾ കൃഷ്ണകുമാറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഇട്ടിരപ്പൻ വീണ്ടും വിവാഹതിരക്കുകളിലേക്ക് ഊളിയിട്ടു.
*************
ഇട്ടിരപ്പനിൽ നിന്നും ഇട്ടിരപ്പൻമുതലാളിയിലേക്ക് ഓർമ്മകൾ മടങ്ങി വന്നു. കൃഷ്ണ കുമാറിന്റെ കത്തിലൂടെ ഭൂതകാലത്തിലേക്ക് പോയ ഇട്ടിരപ്പൻ മുതലാളിയുടെ മനസ്സിലെ വീക്ഷണ കോണുകളിൽ എവിടെയൊക്കെയോ യമുന എന്ന കാമുകി നോവുണർത്തി നിലകൊണ്ടു. സ്വന്തം ചോരയിൽ ജന്മം കൊണ്ട പിഞ്ചുകുഞ്ഞിനെ മുളയിലേ നുള്ളിക്കളഞ്ഞതിന്റെ ഫലമായിരിക്കാം ഭാവിയിൽ ഇട്ടിരപ്പൻ മുതലാളിക്ക് ഒരു കുഞ്ഞിനെ ലാളിക്കുവാനുള്ള ഭാഗ്യം ദൈവം കൊടുക്കാതെ പോയത്.
പഴയ സ്നേഹിതന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കുവാൻ രണ്ടു ദിവസം മുന്നേ തന്നെ ഇട്ടിരപ്പൻ മുതലാളിയും, സൂസന്നയും കത്തിൽ വിലാസമായി കൊടുത്തിരുന്ന കൃഷ്ണ കുമാറിന്റെ വീട്ടിലെത്തിച്ചേർന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്കുമുന്നെ പിരിഞ്ഞാതാണെങ്കിലും ആദ്യ കാഴ്ച്ചയിൽ തന്നെ കൃഷ്ണ കുമാർ ഇട്ടിരപ്പൻ മുതലാളിയെ തിരിച്ചറിഞ്ഞു.ജീവിതത്തിലെ ദുരിതപൂർണമായ കയറ്റിറക്കങ്ങൾ കൊണ്ടായിരിക്കണും കൃഷ്ണ കുമാറിന് ഇട്ടിരപ്പൻ മുതലാളിയെക്കാളും പ്രായം തോനിപ്പിക്കുണ്ടായിരുന്നു.
മക്കളെ കൊണ്ടുവന്നില്ലേയെന്ന കൃഷ്ണ കുമാറിന്റെ ചോദ്യത്തിനുമുന്നിൽ ഇട്ടിരപ്പൻ മുതലാളിയും സൂസന്നയും തലകുനിച്ചു.
അകത്തു നിന്നും കൃഷ്ണകുമാറിന്റെ ഭാര്യയും, മകളും ഇട്ടിരപ്പൻ മുതലാളിയും, സൂസന്നയും ഇരിക്കുന്നിടത്തേക്ക് കടന്നു വന്നു. ഇട്ടിരപ്പൻ മുതലാളിക്ക് കൃഷ്ണകുമാറിന്റെ ഭാര്യയെ കണ്ടപ്പോൾ എവിടെയൊക്കയോ കണ്ടു മറന്ന ഒരു മുഖഛായ പോലെ തോന്നി. ചിന്തയിൽ മുഴുകി കൊണ്ട് വീണ്ടും ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കുവാൻ ഇട്ടിരപ്പൻ മുതലാളി തുനിഞ്ഞപ്പോഴേക്കും അവർ സൂസന്നയെയും കൂട്ടി അകത്തേക്ക് തിരികെ പോയിരുന്നു. ഇട്ടിരപ്പൻ മുതലാളിയുടെ ചിന്തകളെ മുറിച്ചു കൊണ്ട് കൃഷ്ണകുമാർ സംസാരിച്ചു തുടങ്ങി.
പരസ്പരം വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ പുറത്തു നിന്നും അവിടേക്ക് കടന്നു വന്ന ഇരുപത്തിയഞ്ചു വയസ്സോളം പ്രായമുള്ള ആൺകുട്ടിയെ തന്റെ മകനാണിതെന്ന് പറഞ്ഞ് കൃഷ്ണകുമാർ ഇട്ടിരപ്പൻ മുതലാളിക്ക് പരിചയപ്പെടുത്തി. ആ ഇരുപത്തഞ്ച് വയസ്സുകാരനിൽ എവിടെയൊക്കയോ സ്വന്തം രൂപസാദൃശ്യം ഇട്ടിരപ്പൻ മുതലാളി തിരിച്ചറിഞ്ഞു.മണിക്കൂറുകൾ കടന്നുപോയപ്പോൾ ആ സത്യവും ഇട്ടിരപ്പൻ മുതലാളി മനസ്സിലാക്കി. താൻ പണ്ട് സ്നേഹം കൊടുത്തു ചതിച്ച യമുന തന്നെയാണ് കൃഷ്ണകുമാറിന്റെ ഭാര്യയെന്ന്.
കാര്യങ്ങൾ ഏകദേശം മനസ്സിലാക്കിയ ഇട്ടിരപ്പൻ മുതലാളി കൃഷ്ണകുമാറിനോട് ചോദിച്ചു. സത്യം പറയണും നിന്റെ മകനായി നീ പരിചയപ്പെടുത്തിയ ആൺ കുട്ടി എന്റെ മകനല്ലേ....മറുപടിയായി കൃഷ്ണകുമാർ പറഞ്ഞു നിന്റെ മകനോ നിന്റെ കുഞ്ഞിനെ നീ ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുന്നേ കൊന്നു കളഞ്ഞില്ലേ,.. അഥവാ നിന്റെ മകനാണെങ്കിൽ തന്നെ നിനക്കെന്ത് അവകാശമുണ്ട് അവന്റെ മേൽ... ജന്മം കൊടുത്തത് ഒരു പക്ഷേ നിയായിരിക്കാം പക്ഷേ എന്റെ ചോരയും, നീരും വിയർപ്പാക്കിയാണ് ഞാൻ അവനെ വളർത്തിയത് അതുകൊണ്ട് തന്നെ ഒരിക്കലും അത് നിന്റെ മകനാണോയെന്ന് ചോദിക്കുവാനുള്ള അവകാശം പോലും നിനക്കില്ല... സ്നേഹിച്ച പെണ്ണിനെ ഗർഭിണിയാക്കിയിട്ട്... മറ്റൊരടുത്തുനിന്നും സ്വത്തും, പണവും കിട്ടിയപ്പോൾ എല്ലാം മറന്ന് അതിന് പിന്നാലെപോയ നിനക്കൊരിക്കലും ഒന്നുതന്നെ ചോദിക്കുവാനുള്ള അവകാശമില്ലാ.... കൃഷ്ണകുമാറിന്റെ വെടിയുണ്ട പോലുള്ള വാക്കുകൾ ഇട്ടിരപ്പൻ മുതലാളിയുടെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ട് തുളച്ചു കയറി. എന്നാലും ഇട്ടിരപ്പൻ മുതലാളി പറഞ്ഞു.... എനിക്കൊന്നും വേണ്ട എന്റെ മകനാണ് അതെന്നു എനിക്കറിയാം... എന്നാലും എനിക്കൊരു അവകാശവുമില്ല എന്റെ മകനെന്ന് പറയുവാൻ പോലും.... പക്ഷേ അവന്റെ നല്ല ഭാവിക്കു വേണ്ടി ഞാൻ തരുന്ന പണമെങ്കിലും നീ കൈ പറ്റണും നിനക്ക് എത്ര വേണമെങ്കിലും എന്നോട് ചോദിക്കാം.....
പണം !!! നീ തരുന്ന പണം...ഞാൻ വാങ്ങിയാൽ അത് എന്റെ ഭാര്യയുടെ ശരീരം വിറ്റുകിട്ടിയ പണമായേ എനിക്ക് തോന്നുകയുള്ളൂ.,അതുകൊണ്ട് തന്നെ എനിക്ക് നിന്റെ പണവും, സ്വത്തും ഒന്നും ആവശ്യമില്ല... പിന്ന നിനക്ക് നിർബദ്ധമാണെ ഇ നാട്ടിൽ അച്ഛനും, അമ്മയും ആരെന്ന് അറിയാത്ത ധാരാളം അനാഥ കുട്ടികളുണ്ട് നീ ചെയ്ത തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി നീ അമിതമായി സ്നേഹിച്ച ആ സ്വത്തും, പണവും അനാഥർക്ക് ദാനമായി നൽകി നീ ചതിച്ച യമുനയോട് അങ്ങെനെയെങ്കിലും പ്രായശ്ചിത്തം ചെയ്യൂ ......കൃഷ്ണകുമാറിന്റെ വാക്കുകൾ ഇട്ടിരപ്പൻ മുതലാളിയുടെ നെഞ്ചിലേക്ക് ആഞ്ഞ് തുളച്ചു കയറി. നീറുന്ന ഹൃദയവുമായി എന്തൊക്കയോ മനസ്സിലുറപ്പിച്ച് ഇട്ടിരപ്പൻ മുതലാളി അവിടെ കൃഷ്ണകുമാറിന്റെ മുന്നിൽ തളർന്നിരുന്നു..
ഡിനുരാജ് വാമനപുരം

സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്(കഥ )

സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക്(കഥ )
************************
സമയം രാത്രി പത്തുമണി. അവസാന ചെക്ക് പോസ്റ്റും കഴിഞ്ഞു ലോറി കേരളത്തിലെ റോഡിലേക്ക് കയറി. കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ഇനിയും 35കിലോമിറ്ററോളം സഞ്ചരിക്കണും മെയിൻ റോഡിലേക്ക് എത്തുവാൻ .ധാരാളം മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന റോഡിനിരുവശവും അങ്ങിങ്ങായി മാത്രമേ വീടുകളിലെ പ്രകാശം തെളിഞ്ഞ് കാണുന്നുള്ളു. അച്ഛൻ കിടപ്പിലായതിനു ശേഷമാണ് അദ്ദേഹം പൊന്ന് പോലെ കൊണ്ട് നടന്ന വണ്ടിയുടെ ചുമതല മകനായ രാജുവിൽ വന്ന് ചേരുന്നത്. വണ്ടിയുമായി അവൻ കുറച്ചു നാളുകളായെങ്കിലും ഇത്രയും വലിയ ലോങ്‌ട്രിപ് ആദ്യമായാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ തുടർച്ചയായ ഡ്രൈവിങ് രാജുവിനെ നന്നേ ക്ഷീണിതനാക്കിയിരുന്നു. ലോറിയിലെ അവന്റെ സഹായിയായ വിച്ചുവാകട്ടെ സീറ്റിൽ ചാരിയിരുന്നുകൊണ്ട് ഇടയ്ക്കിടക്ക് ഉറങ്ങുകയും ഞെട്ടിയുണരുകയും ചെയ്യുന്നുണ്ട്. മെയിൻ റോഡിൽ എത്തിയിട്ട് വണ്ടി സൈഡാക്കി അല്പം വിശ്രമിക്കാമെന്നുള്ള ആശ്വാസത്തിൽ രാജു ആക്സിലേറ്ററിൽ ശക്തിയായി കാലമർത്തി .ആ ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ലോറി നിരത്തിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
ദൂരേക്ക് പരത്തിയടിക്കുന്ന ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ പെട്ടന്ന് ഏതോ ഒരു ജീവി വണ്ടിക്കു മുന്നിലേക്കെടുത്തു ചാടിയത് വളരെ വ്യക്തമായിക്കണ്ട രാജു വേഗത്തിൽ തന്നെ ബ്രേക്കിൽ കാലമർത്തി. ഒരു കുലുക്കത്തോടെ ടയറുകൾ തറയിലുരഞ്ഞു ഒരു വശത്തേക്ക് നിരങ്ങികൊണ്ട് ലോറി നിന്നു. പെട്ടന്നുള്ള ബ്രേക്കിങ്ങിൽ വിച്ചുവാകട്ടെ സീറ്റിൽ നിന്നും മുന്നോട്ടാഞ്ഞ് തറയിലേക്ക് വീണു, താഴേക്ക് പോയ അതേ വേഗതയിൽ തന്നെ അവൻ തിരികെ സീറ്റിലേക്ക് ചാടി കയറിയിരുന്നതും ഞൊടിയിടയിൽ സംഭവിച്ചു .
"എന്താ അണ്ണാ എന്ത് പറ്റി"... നെറ്റിയിൽ തടവിക്കൊണ്ട് വിച്ചു ചോദിച്ചു. "എതോ ഒരു മൃഗം വണ്ടിക്കു കുറുക്കേ ചാടിയെടാ.. നീ ഇറങ്ങി നോക്കിയേ"...ഗിയർ ലിവർ നുട്ടറിലേക്ക് മാറ്റിക്കൊണ്ട് രാജു പറഞ്ഞു. വിച്ചു ലോറിക്ക് പുറത്തേക്കു ഇറങ്ങി വിശദമായി മുൻവശം മുഴുവനും നോക്കിയിട്ട് വിളിച്ചു പറഞ്ഞു.. "അണ്ണാ ഒന്നും കാണുനില്ലല്ലോ ...നിങ്ങൾക്ക് ഒരു പക്ഷേ തോന്നിയതാകും"... . വ്യക്തമായി കണ്ടതുകൊണ്ട് അത് വെറും തോന്നലാണെന്ന് തള്ളിക്കളയുവാൻ രാജുവിന് മനസ്സുവന്നില്ല. അവൻ വണ്ടി സ്റ്റാർട്ടിങ്ങിൽ തന്നെയിട്ടിട്ട് പുറത്തേക്കിറങ്ങി. പക്ഷേ അവന്റെ തിരച്ചിലിലും ഒന്നും കാണുവാൻ കഴിഞ്ഞില്ല.പെട്ടന്നായിരുന്നു സ്റ്റാർട്ടിങ്ങിൽ കിടന്നിരുന്ന വണ്ടി ഒരു മുഴക്കത്തോടെ ഓഫായതും!, ലൈറ്റുകൾ അണഞ്ഞതും!!. റോഡിൽ മറ്റു വെട്ടങ്ങൾ ഒന്നുമില്ലാതിരുന്നതുകൊണ്ട് അവിടമാകെ കൂരിരുട്ടിൽ മുങ്ങി. വേഗം തന്നെ വിച്ചു പോക്കറ്റിൽ നിന്നും മൊബൈലെടുത്ത് വെളിച്ചം തെളിയിച്ചു. രണ്ടു പേരും ലോറിക്കകത്തേക്ക് കയറി. രാജു വീണ്ടും ലോറി സ്റ്റാർട്ട്‌ ചെയ്യുവാൻ പലവട്ടം ശ്രമിച്ചെങ്കിലും വണ്ടി ഓണാകുന്നില്ലായിരുന്നു.
" അണ്ണാ സൈഡ് ചേർന്നല്ലേ വണ്ടി നിൽക്കുന്നത് ഇനി നാളെ രാവിലെ നോക്കാം.. തൽകാലം നമുക്ക് ഉറങ്ങാം"....... വിച്ചു രാജുവിനെ ഉപദേശിച്ചിട്ട് സീറ്റിലേക്ക് ചുരുണ്ടുകൂടി. എന്നാലും ഇതിനിപ്പോ എന്താ പറ്റിയത് ഒരു കുഴപ്പവുമില്ലാതിരുന്നതാണല്ലോ, ഇനി എന്തായാലും രാവിലെ നോക്കാം.. എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് രാജു വെള്ളം വച്ചിരുന്ന കുപ്പിയെടുത്തു .പക്ഷേ അതിൽമരുന്നിനു പോലും ഒരു തുള്ളി വെള്ളമില്ലായിരുന്നു. അവനാണെങ്കിൽ കലശമായ ദാഹവും തോന്നി. വെള്ളം കുടിച്ചേ പറ്റുകയുള്ളു എന്താണ് ഒരു വഴി അവൻ വിച്ചുവിനെ നോക്കി നല്ല ഉറക്കമായിരിക്കുന്നു. രാജു കുപ്പിയുമായി മെല്ലെ പുറത്തേക്കിറങ്ങി.
ആ കൂരിരുട്ടിലും അവൻ കണ്ടു കുറച്ചു ദൂരെയായി ഒരു വീട്ടിനു മുന്നിൽ തെളിയുന്ന പ്രകാശത്തിൽ ഒരു ആൾരൂപം നിൽക്കുന്നത്.ഭാഗ്യം ആ വീട്ടിലെ ആൾ ഉറങ്ങിയില്ലല്ലോ അല്പം വെള്ളം വാങ്ങികുടിക്കാമെന്ന ചിന്തയിൽ അവൻ ഇരുട്ടിൽ തപ്പി തടഞ്ഞു കൊണ്ട് അ വീട് ലക്ഷ്യമാക്കി നടന്നു. വീടിന് മുന്നിൽ നിന്നിരുന്നത് ഏകദേശം 60വയസ്സിനടുത്തോളം പ്രായം തോന്നിപ്പിക്കുന്ന ഒരു പുരുഷനായിരുന്നു, കാണുമ്പോൾ തന്നെ അറിയാം ആ വ്യക്തി നന്നേ ക്ഷീണിതനാണെന്ന്, ഒരു വെള്ളമുണ്ടാണ് അയാൾ ഉടുത്തിരിക്കുന്നത്, വലത്തേ തോളിൽ ഒരു തോർത്തും കാണാം.... മുറ്റത്തുകൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാളപ്പോൾ . മുറ്റത്തിന് എകദേശം അടുത്തെത്തിയ രാജു ഒന്ന് മുരടനക്കി. അയാൾ നടത്തം നിർത്തി രാജുവിനെ നോക്കി " ആരാ... എന്ത് വേണും "....
"അതേ ഞാൻ ഇത് വഴി ലോറിയുമായി ഒരു ഓട്ടം പോയിട്ട് വരുന്ന വഴിയായിരുന്നു അപ്പോൾ ദാ അവിടെ വച്ചത് കംപ്ലയിന്റ് ആയി..... ഇപ്പോ എനിക്ക് ദാഹിച്ചു വയ്യ കുറച്ചു വെള്ളം വേണുമായിരുന്നു ".... അവൻ ഭവ്യതയോടെ ലോറി കിടന്ന ഭാഗത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.
മ് അയാൾ ഒന്ന് അമർത്തി മൂളിയിട്ട്, മുറ്റത്തിന്റെ ഒരു ഭാഗത്തേക്ക്‌ വിരൽചൂണ്ടി... "ദേ അതാണ് കിണർ പോയി വെള്ളംകോരി കുടിച്ചോളു". ഇതും പറഞ്ഞിട്ട് അയാൾ വീണ്ടും അങ്ങോട്ടുമിങ്ങോട്ടുംനടക്കുവാൻ ആരംഭിച്ചു.
രാജു കിണറിനടുത്തേക്ക് നടക്കുന്ന കൂട്ടത്തിൽ കണ്ണുകൾ കൊണ്ട് അടിമുടിയാ വീടിനെ ഒന്ന് വീക്ഷിച്ചു. പഴയ തറവാട് പോലെ തോന്നിപ്പിക്കുന്ന മനോഹരമായ വീടായിരുന്നു അത്., മുൻവശം ഒരു ഹാൾപോലെ വിശാലമായി തുറന്ന് കിടക്കുന്നു, നടുവിൽ വഴിവിട്ട് രണ്ടു വശത്തും അരഭിത്തി പോലെ കെട്ടിയിരിക്കുന്നതിണ്ണയിൽ ഉയർന്ന് നിൽക്കുന്നു കൊത്ത് പണികളാൽ മനോഹരമാക്കിയ തടികളിൽ തീർത്ത രണ്ട് തൂണുകൾ. ഹാളിൽ നിന്നും വീടിനുള്ളിലേക്ക് കയറുന്ന വാതിൽ അടച്ചിട്ടിരിക്കുന്നു.മുൻവശത്തെ ഭിത്തിയിൽ ആണിയിൽ ഉറപ്പിച്ചിരിക്കുന്ന ഒന്ന് രണ്ട് ദൈവങ്ങളുടെ ഫോട്ടോ.കൂടാതെ വളരെ വൃത്തിയുള്ള ഒരു പ്രതീതിയായിരുന്നു വീടും, പരിസരത്തിനും.
ആവശ്യത്തിന് വെള്ളം കോരി കുടിച്ച് കുപ്പിയിൽ വെള്ളവും നിറച്ച് രാജു തിരിച്ചു നടക്കുമ്പോൾ അയാളെ നോക്കി നന്ദി സൂചകമായി ചിരിക്കുവാൻ മറന്നില്ല അയാൾ അപ്പോഴും നടക്കുകയായിരുന്നു. "ഇന്ന് ഇനി നിങ്ങൾഎവിടെ കിടന്നുറങ്ങും".. അയാൾ ചോദിച്ചു .. "അത്... വണ്ടിയിൽ തന്നെ ചുരുണ്ട് കൂടും ": രാജു മറുപടി കൊടുത്തു.... "താങ്കൾക്ക് ബുദ്ധിമുട്ടില്ലേ വേണുമെങ്കിൽ അ ഇറയത്ത് കയറി കിടന്നോളൂ".. എന്നും പറഞ്ഞിട്ട് അയാൾ വീണ്ടും നടത്തം തുടർന്നു.രണ്ടു ദിവസത്തെ ക്ഷീണമോർത്തപ്പോൾ രാജുവിന് തോന്നി വണ്ടിയിൽ ചുരുണ്ട് കിടക്കുന്നതിനെക്കാളും നല്ലത് ഇവിടെ ആ തറയിൽ നിവർന്ന് കിടക്കുന്നതാണെന്ന്. രാജു ചോദിച്ചു...... " താങ്കൾ ഉറങ്ങുന്നില്ലേ?".... " ഞാൻ ഇനിയും കുറേ സമയം കഴിയും കിടക്കുവാൻ നിങ്ങൾ പോയി ആ കാണുന്ന കട്ടിലിൽ കിടന്നോളൂ". നടന്നു കൊണ്ട് തന്നെ അയാൾ പറഞ്ഞു...കട്ടിലിലേക്ക് കിടക്കുമ്പോൾ രാജു മനസ്സിൽ ചിന്തിച്ചു. എത്ര നല്ല മനുഷ്യൻ, ഈ കാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? ഇത്തരം ചിന്തകൾക്കിടയിലും വളരെ വേഗത്തിൽ രാജു ഉറക്കത്തിലേക്ക് വഴുതി വീണു..
രാജു എന്തോ ആവശ്യവുമായി ഒരു സർക്കാർ അശുപത്രിയിലെ വാർഡിലേക്ക് നടന്നു കയറുകയാണ്. അവൻ അവിടെ പല, പല അസുഖമുള്ള രോഗികളെയും കാണുന്നുണ്ട്.. എന്നാലും അവന്റെ കണ്ണുകൾ ഒരു കട്ടിലിൽ മരണത്തോട് മല്ലടിച്ചു കൊണ്ട് കിടക്കുന മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീയിലേക്ക് ഉടക്കി. അവരുടെ ശരീരം മറച്ചുകൊണ്ട് ഒരു മുഷിഞ്ഞ, നിറം മങ്ങിയ പുതപ്പ് മൂടിയിരിക്കുന്നു. കണ്ണുകൾ രണ്ടും കുഴിയിലേക്ക് വീണ അവസ്ഥയിലായിരുന്നു .കഴുത്തിലെ എല്ലുകൾ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. എകദേശം 12 വയസ്സ് തോന്നിപ്പിക്കുന്ന ഒരു മെലിഞ്ഞുണങ്ങിയ പെൺകുട്ടി ആ സ്ത്രീ കിടക്കുന്ന കട്ടിലിന്റെ ഒരറ്റത്തിരിക്കുന്നു. അപ്പോഴാണ് രാജു ആ പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ചത്. തന്റെ അതേ മുഖഛായയാണ് അവൾക്കെന്ന് അവന് തോന്നി. അവൾ രാജുവിനെ കണ്ടതും "ചേട്ടാ" എന്ന് വിളിച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒരു പരിചയവുമില്ലാത്ത അവളുടെ ചേട്ടാ വിളി അവനിൽ വല്ലാത്തൊരു ഞെട്ടലുളവാക്കി. സ്വപ്നത്തിലുള്ള ആ ഞെട്ടലിൽ പെട്ടന്ന് രാജു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.'' ഓ സ്വപ്നമായിരുന്നോ? " എന്ന് ചിന്തിച്ചു കൊണ്ടവൻ തലയുയത്തി മുറ്റത്തേക്ക് നോക്കി അയാൾ അപ്പോഴും മുറ്റത്ത് നടക്കുന്നുണ്ടായിരുന്നു. വീണ്ടും രാജുവിന്റെ കണ്ണുകളെ ഉറക്കം വന്ന് തഴുകി. അവൻ കണ്ണുകൾ മെല്ലെയടച്ചു.
സൂര്യപ്രകാശം മുഖത്തേക്ക് പതിച്ചപ്പോൾ രാജു കണ്ണുകൾ മെല്ലെ തുറന്നു.നേരം നല്ല പോലെ പുലർന്നിരിക്കുന്നു. അവൻ എഴുന്നേറ്റ് കട്ടിലിലേക്ക് ഇരുന്നു കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.അവന്റെ മനസ്സിൽ പെട്ടന്നൊരു ആന്തൽ ഉണ്ടായി. ഇന്നലെ രാത്രി കണ്ട അവസ്ഥ അല്ലായിരുന്നു ആ വീടിന് ഇന്ന് പകൽ വെളിച്ചത്തിൽ . കുറച്ചു നാളുകളായി ആൾ പെരുമാറ്റമില്ലാതിരിക്കുന്ന വീടുപോലെ പൊടിയും. മാറാലയും ,ചിലന്തിവലയും ആ വീടിന്റെ പല ഭാഗത്തും പറ്റിപ്പിടിച്ചിരിക്കുന്നു. അവൻ മെല്ലെ ഭിത്തിയിലേക്ക് നോക്കി ഇപ്പോ അവൻ ശരിക്കും ഞെട്ടി ദൈവ ഫോട്ടോകൾ തൂങ്ങിയിരുന്ന ഭിത്തിയിൽ അവൻ രാത്രിയിൽ കണ്ട ,അവനെ കിടക്കുവാൻ ക്ഷണിച്ചയാളുടെ വലിയൊരു ഫോട്ടോ മാലയിട്ട് തൂക്കിയിരിക്കുന്നു തൊട്ടടുത്ത് തന്നെ ഒരു സ്ത്രീയുടെ ഫോട്ടോയും .അവന്റെ മനസ്സിലാകെ ഭയത്തിന്റെ പെരുമ്പറ മുഴങ്ങി എന്തെക്കയാണ് സംഭവിച്ചിരിക്കുന്നത് അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി .വേഗം തന്നെ അവൻ ചാടിയെഴുന്നേറ്റു പുറത്തേയ്ക്കിറങ്ങുവാൻ ഭാവിക്കുമ്പോളായിരുന്നു തിണ്ണയിൽ ഇരുന്ന ഒരു ചെറിയ ആൽബത്തിലേക്ക് അവന്റെ കണ്ണുകൾ ഉടക്കിയത്. അവന് അത്ഭുതം തോന്നിപോയി കാരണം ആ ആൽബം മാത്രം എതൊരഴുക്കും പുരളാതെ പുത്തൻ മാതിരിയിരിക്കുന്നു.....
അവൻ ആ അൽബം കൈയിലെടുത്ത് മെല്ലെതുറന്നു'. ആദ്യ പേജുകളിൽ തന്നെ അവൻ രാത്രിയിൽ കണ്ടയാളുടെയും ഭിത്തിയിൽ തൂങ്ങുന്ന സ്ത്രീയുടെയും വിവിധ തരത്തിലുള്ള കുറേ ഫോട്ടോകൾ .ഒരോ താളുകളും മറിച്ചു പോകുമ്പോഴേക്കും ഒരു പെൺകുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടത്തിലെ കുറേ ഫോട്ടോ അവൻ കണ്ടു.അടുത്ത താളിലെ ഫോട്ടോ അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. അത് ഒരു വിവാഹ ഫോട്ടോയായിരുന്നു .മുൻമ്പേ മറിഞ്ഞ് പോയ ആ സ്ത്രീയുടെ വിവാഹ ഫോട്ടോയിലെ പുരുഷൻ രാജുവിന്റെ അച്ഛൻ ആയിരുന്നു. വീണ്ടും അവൻ ആ സ്ത്രീയുടെ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി '. കഴിഞ്ഞ രാത്രിയിൽ സ്വപ്നത്തിൽ കണ്ട ആശുപത്രിയിലെ കിടക്കയിൽ മരണത്തോട് മല്ലടിച്ചു കിടക്കുന്ന സ്ത്രീരൂപം.!!! വീണ്ടും അവൻ വിറയാർന്ന വിരലുകൾ കൊണ്ട് താളുകൾ മറിച്ചു.ആ സ്ത്രീയുടെയും, അവന്റെ അച്ഛന്റെയും ഫോട്ടോയ്‌ക്കൊപ്പം ഒരു കൊച്ചു പെൺകുട്ടി വന്നിരിക്കുന്നു. ആ പെൺകുട്ടിക്ക് തന്റെ അതേ മുഖഛായ. അവൻ വീണ്ടും താളുകൾ മറിച്ചു ഭിത്തിയിൽ തൂങ്ങുന്ന ഫോട്ടോകൾ അതേ പോലെ ആൽബത്തിലും വന്നു പോയി.പെൺകുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടത്തിലെ ഫോട്ടോകളിൽ പക്ഷേ പിന്നെ അവന് അവന്റെ അച്ഛനെ കാണാൻ കഴിഞ്ഞില്ല. പകരം ആ സ്ത്രീയുടെ രൂപം ശോഷിച്ച് വരുന്നതിന്റെ തെളിവുപോലെ കുറേ ഫോട്ടോകൾ അവൻ കണ്ടു . അവസാന പേജിൽ ആശുപത്രിയിൽ കണ്ട അതേ വേഷത്തിൽ ആ പന്ത്രണ്ട് വയസ്സുകാരിയുടെ ... ഫോട്ടോയും.....
രാജുവിന്റെ മനസ്സിലൂടെ ചിന്തകൾ ഒരു ട്രെയിനിന്റെ വേഗതയിൽ ഓടി തുടങ്ങി. അവൻ ആ ആൽബവും കൈയിൽ എടുത്ത് കൊണ്ട് ലോറിക്കടുത്തേക്ക് യാന്ത്രികമായി നടന്നു. വണ്ടി ക്ലംപ്ലയിറ്റ് ആയതൊന്നും ചിന്തിക്കാതെ അവൻ സ്റ്റാർട്ട് ചെയ്യുവാൻ തുടങ്ങി. ലോറി പെട്ടന്ന് തന്നെ സ്റ്റാർട്ടായി.വിച്ചു ഞെട്ടിയുണർന്നു കൊണ്ട് ചോദിച്ചു.''അഹാ രാവിലെ ആയപ്പോൾ ഇതിന്റെ കുഴപ്പമൊക്കെ മാറി സ്റ്റാർട്ടായോ"..... രാജു മറുപടിയൊന്നും പറഞ്ഞില്ല. അവൻ വണ്ടി മുന്നോട്ട് ഓടിച്ചു തുടങ്ങി.മനസ്സ് ഒരു കടലുപോലെ ഇരമ്പിക്കൊണ്ടിരിന്നു. എന്നാലും മനസ്സിനുള്ളിൽ ഒന്നിനു പുറകേ ഒന്നൊന്നായി തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. "അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോകണും.!!!...
മൊബൈൽ ചിലച്ചപ്പോൾ രാജു ലോറി ഒരു സൈഡാക്കി നിറുത്തിയിട്ട് കാൾ അറ്റൻഡ് ചെയ്തു. അവന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു വിളിച്ചത്. അയാൾ പറഞ്ഞത് കേട്ട് രാജുവിന് മനസ്സാകെതളരുന്നത് പോലെ തോന്നി. കാരണം കഴിഞ്ഞു പോയ രാത്രിയിൽ എകദേശം പത്തു മണി കഴിഞ്ഞപ്പോൾ രാജുവിന്റെ അച്ഛൻ മരിച്ചു പോയെന്നും, അപ്പോ മുതൽ ഇതറിയിക്കുവാൻ ശ്രമിച്ചു അവനെ വിളിച്ചപ്പോഴെല്ലാം മൊബൈൽ ഓഫായിരുന്നെന്നുമാണ് കൂട്ടുകാരൻ പറഞ്ഞത്.
നെഞ്ചിൽ വലിയൊരു ഭാരവും പേറി കൊണ്ടവൻ ഡ്രൈവിംങ് തുടർന്നു. എന്നാലും മനസ്സിൽ സർക്കാർ ആശുപത്രിയിലെ ചിന്തകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു .അടുത്തു കണ്ട സർക്കാർ ആശുപത്രിക്ക് മുന്നിൽ വണ്ടി ഒതുക്കി നിർത്തിയിട്ട് ഞാനിപ്പോൾ വരാം എന്ന് വിച്ചുവിനോട് പറഞ്ഞിട്ട് രാജുവിറയ്ക്കുന്ന കാലടികളോടെ ആശുപത്രിക്കുള്ളിലേക്ക് നടന്നു .സ്വപ്നത്തിൽ കണ്ട വാർഡും ലക്ഷ്യമാക്കി അവൻ നീങ്ങുകയായിരുന്നു പെട്ടന്നാണ് പിന്നിൽ നിന്ന് ആരോ അവന്റെ പേര് വിളിച്ചത്. അവൻ തിരിഞ്ഞു നോക്കി ഒരു ഡോക്ടർ ആയിരുന്നു. ഇദ്ദേഹത്തിന് എന്റെ പേരെങ്ങനെ മനസ്സിലായി.? രാജു മനസ്സിൽ ചിന്തിച്ചു .എന്നിട്ട് ഡോക്ടറെ നോക്കിയൊന്ന് ചിരിച്ചു. രാജുവിനെ മുന്നേ പരിചയമുള്ള പോലെ അവന്റെ അടുതെത്തിയ ഡോക്ടർ അവനോട് സംസാരിച്ചു തുടങ്ങി. "രാജു ... നിങ്ങൾ ഇവിടെ കൊണ്ട് വന്ന് അഡ്മിറ്റ് ചെയ്ത സാവിത്രിയില്ലേ അവർ ഇന്നലെ അർദ്ധരാത്രിയോടെ മരണപ്പെട്ടു. വിഷമിക്കാൻ ഒന്നുമില്ല എന്തായാലും അവരുടെ അവസ്ഥയിൽ, മരണം ഉറപ്പായിരുന്നല്ലോ...അവരുടെ ബോഡി നിങ്ങൾ അന്ന് പറഞ്ഞപോലെ മെഡിക്കൽ കോളജിലേ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി വിട്ടുകൊടുക്കുവാനുള്ള നടപടിയെല്ലാം ഞാൻ ചെയ്തിട്ടുണ്ട് "...... ഡോക്ടറുടെ വാക്കുകൾ കേട്ട് ഒന്നും മനസ്സിലാകാതെ രാജു തരിച്ചുനിന്നു. എങ്കിലും അവൻ മനസ്സിൽ ചിന്തിച്ചു,ഞാൻ കൊണ്ട് വന്ന് അഡ്മിറ്റ് ചെയ്തന്നോ എപ്പോ ? എന്തോ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ചിന്തകളിൽ മുഴുകി നിന്ന രാജുവിന്റെ തോളിൽ ഒന്ന് തട്ടിയിട്ട് ഡോക്ടർ നടന്നകന്നു.അപ്പോഴാണ് രാജു കണ്ടത് തന്റെ മുഖഛായയുള്ള പെൺകുട്ടി ചേട്ടാ എന്ന് വിളിച്ചു കൊണ്ട് ഓടി വരുന്നത്. അവൾ രാജുവിന്റെ അരികിലെത്തിയതും പെട്ടന്ന് മുന്നേ ഉള്ള പരിചയം പോലെയവൾ അവനെ കെട്ടിപ്പിടിച്ചു. തന്റെ അച്ഛൻറെ മകളായതുകൊണ്ടോ, തന്റെ മുഖഛായ ഉള്ളതുകൊണ്ടോ രാജുവിന് അവളെ അടർത്തിമാറ്റുവാൻ കഴിഞ്ഞില്ല. ആ ആശുപത്രിയിൽ നിന്നും അവളുടെ കൈയും പിടിച്ച് പുറത്തേക്ക് നടക്കുമ്പോഴും.രാജുവിന്റെ മനസ്സിൽ മുഴുവനും എന്തൊക്കയാണ് ഇവിടെ നടന്ന മറിമായങ്ങൾ,ഞാനെങ്ങനെ ആ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുവന്നു..... എന്നുള്ള ചിന്തകൾ മാത്രമായിരുന്നു....
ഡിനുരാജ് വാമനപുരം

ഹരീഷ് നിന്നെ കുറിച്ചുഞാൻ ഓർമ്മിക്കുന്നു

ഹരീഷ് നിന്നെ കുറിച്ചുഞാൻ ഓർമ്മിക്കുന്നു
*********************************************
പ്രിയപ്പെട്ട കൂട്ടുകാരൻ ഹരീഷ് നീയിതു വായിക്കുമോ? അല്ലേ നിനക്കിതു വായിക്കുവാൻ കഴിയുമോ? എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുറപ്പാണ് നമ്മളൊടൊപ്പം U. P സ്കൂളിൽ പഠിച്ചവരോ, അല്ലേ അന്ന് ആ സ്കൂളിൽ ജോലിചെയ്തിരുന്ന അദ്ധ്യാപകരോ,അല്ലേ നമ്മുടെ നാട്ടുകാരോ ഇത് വായിക്കുമെങ്കിൽ ഒരു പക്ഷേ അവർ നിന്നെ മറന്നുപോയിട്ടുണ്ടെങ്കിൽ വീണ്ടും നിന്നെ കുറിച്ച് ഓർമ്മിക്കും.
ഞങ്ങൾ മൂനാംക്ലാസ്സ്‌ ജയിച്ചു നാലാംക്ലാസ്സിലേക്ക് എത്തിയിരിക്കുന്നു.പുതിയ ക്ലാസ്സ്‌ റൂമിൽ ഇതുവരെ കളിച്ചു നടന്ന സുഖമെല്ലാം നഷ്ടമായ വിഷമത്തിൽ ഇരിക്കുമ്പോഴാണ് പുതിയ അതിഥിയായി കൈയിൽ ഒരു വെളിപ്പെട്ടിയും,പാന്റ് ധരിച്ചിരുന്ന കാലുകളിലെ പാദങ്ങളിൽ വെള്ളയിൽ കളറുള്ള ഷൂസുമിട്ടുകൊണ്ട്, ഒരു വയസ്സായ ആളുടെ കൈയുംപിടിച്ച് ഹരീഷ് നീ നമ്മുടെ ക്ലാസ്സിലേക്ക് വരുന്നത്. അന്ന് നിക്കറും, സിൽപ്പെർ ചെരിപ്പും, ബുക്ക്‌ കൊണ്ട് വരാൻ കവറും മാത്രമുള്ള ഞങ്ങൾ നിന്റെ പാന്റിലേക്കും, ഷുസിലേക്കും,പെട്ടിയിലേക്കും അത്ഭുതത്തോടെയാണ് നോക്കിയത്.പക്ഷേ നീ കൈപിടിച്ചു വന്ന അപ്പൂപ്പനെ നമുക്കെല്ലാം പരിചിതമായിരുന്നു കാരണം സ്കൂളിന് കുറച്ചു താഴെയായി കട നടത്തുന്ന നമ്മളെല്ലാം പേടിയോടെ നോക്കുന്ന കൊമ്പൻ മീശവെച്ച പോലീസിൽ നിന്നും വിരമിച്ച അപ്പൂപ്പനായിരുന്നു അത്.
നാലാംക്ലാസ്സിൽ എത്തിയിട്ടും വായിക്കുവാൻ പോലും അറിയാത്ത, ആരോടും അധികംമിണ്ടാത്ത, കഞ്ഞികുടിക്കുമ്പോൾ മുഴുവൻ തറയിലും, ശരീരത്തിലും കോരിയിടുന്ന,ക്ലാസിലിരുന്ന് മുള്ളുന്ന, പ്രത്തേകരീതിയിൽ ആടിയാടി നടക്കുന്ന, സംസാരിക്കുമ്പോൾ അല്പം കൊഞ്ഞയുള്ള നിന്നെ ഞങ്ങളെല്ലാം ഒന്നും അറിയാത്ത ആ പ്രായത്തിൽ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ദിവസ്സങ്ങൾ കടന്നു പോയപ്പോൾ നീ ഞങ്ങളോടെല്ലാം കൂട്ടായെങ്കിലും കളിക്കുമ്പോഴും, മറ്റുമൊക്കെയുള്ള നിന്റെ ചുണക്കുറവിൽ നിന്നും, സംസാരത്തിലും, പ്രവർത്തിയിൽ നിന്നുമൊക്കെ ഞങ്ങൾ മനസ്സിലാക്കി നിനക്ക് ബുദ്ധിക്കെന്തോ കുഴപ്പമുണ്ടെന്നു.പിന്നീട് ആ ക്ലാസ്സിലുള്ള ഞങ്ങൾ ഓരോരുത്തർക്കും നിന്നോട് ഒരു പ്രേത്യേക സ്നേഹമുണ്ടായിരുന്നു.
വർഷം മൂന്നു കഴിഞ്ഞു നമ്മൾ ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും നീയും, ഞാനും തമ്മിൽ നല്ല കൂട്ടായി മാറിയിരുന്നു. കുറച്ചു പക്വത വന്ന ഞാൻ എന്റെ വീട്ടിൽ നിന്നും നിന്നെകുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കി. കടനടത്തുന്ന അപ്പൂപ്പന്റെ മോന്റെ മോനാണ് നിയെന്ന്... പക്ഷേ മക്കളില്ലാത്ത അവർ നിന്നെ എവിടെനിന്നോ ദത്തെടുത്തതാണെന്ന്. ഗൾഫിൽ ആയിരുന്ന നിങ്ങൾ നിനക്കൊരാനിയത്തി ജനിച്ചപ്പോളാണ് നാട്ടിലേക്ക് വന്നതെന്നും. നിന്റെ അച്ഛനും, അമ്മയ്ക്കും ഇപ്പോ നിന്നെ വേണ്ട,അനിയത്തിയെ മതിയെന്നും. നിന്റെ അപ്പൂപ്പൻ നിന്നെ പൊന്നുപോലെയാണ് നോക്കുന്നതെന്നുമൊക്കെ.നിന്റെ അപ്പൂപ്പന് നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാനും കണ്ടിട്ടുള്ളത് തന്നെ.
അങ്ങനെ ഏഴാം ക്ലാസ്സ്‌ വരെയുണ്ടായിരുന്ന ആ സ്കൂളിലെ പഠിത്തം അവസാനിച്ചപ്പോൾ. മെയിൻ റോഡിനടുത്തായി വീട് ഉള്ള നീ അത് വഴി നടന്നു പോകാവുന്ന ഹൈസ്കൂളിൽ ചേർന്നപ്പോൾ, വയലിനക്കരെ വീടുള്ള ഞാൻ മറ്റൊരു ഹൈസ്കൂളിലും ചേർന്നു. അതോടെ നമ്മുടെ കൂട്ട് പിരിഞ്ഞെങ്കിലും വല്ലപ്പോഴുമൊക്കെ ഞാൻ മെയിൻറോഡിലെ കടയിൽ വരുമ്പോളോ, അല്ലേ അമ്പലത്തിൽ വരുമ്പോഴൊ നീ നിന്റെ അപ്പൂപ്പന്റെ കൈയുംപിടിച്ചുകൊണ്ട് അതിലൂടെയൊക്കെ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒമ്പതാം ക്ലാസ്സിൽ എത്തിയപ്പോഴാണ് നിന്റെ അപ്പൂപ്പൻ മരിക്കുന്നത്. അന്ന് നിന്റെ വീട്ടിൽ എന്റെ അമ്മയൊക്കെ വന്നിരുന്നു. പിന്നീട് അമ്മ തിരികെ വീട്ടിൽ വന്നിട്ട് പറയുന്നത് ഞാൻ കേട്ടു. "പാവം ആ കൊച്ചിന്റെ കാര്യമാണ് ഇനി കഷ്ട്ടമെന്ന്..." പക്ഷേ അന്ന് അമ്മ പറയുന്നത് കേട്ടിട്ടും നിന്നെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല. കാലം കടന്നുപോകെ ഞാനും, അതുപോലെ നാട്ടുകാരുമൊക്കെ നിന്നെ മറന്നു. പിന്നെ ഞാൻ ഒരിക്കലും നിന്നെ പറ്റി തിരക്കിയില്ല.
ഇന്ന് വർഷം ഒരുപാട് കഴിഞ്ഞു എനിക്ക് 29വയസ്സായി.ഇപ്പൊ സൗദിയിൽ ആണ് ഞാൻ. ഇന്നലെ എന്തോ നിന്നെ കുറിച്ചുഞാൻ ഓർമ്മിച്ചു. എന്റെ വീട്ടിൽ ഫോൺ വിളിച്ചു ഞാൻ നിന്നെ പറ്റി തിരക്കി, പിന്നെ വേറെ കുറച്ചു പേരോടും തിരക്കി എല്ലാരും പറഞ്ഞത് ഒന്ന് മാത്രം നിന്റെ അപ്പൂപ്പൻ മരിച്ചതിനു ശേഷം നിന്നെ ആരും കണ്ടിട്ടില്ല. ആദ്യകാലങ്ങളിൽ നാട്ടുകാർ നിന്റെ വീട്ടുകാരോട് തിരക്കിയപ്പോൾ അസുഖം കാരണം നിന്നെ ഒരു റൂമിൽ പൂട്ടിയിട്ടേക്കുകയാണെന്ന് പറഞ്ഞു.എല്ലാരും അത് വിശ്വസിക്കുന്നു. ഞാൻ മറന്നപോലെ നിന്നെ എല്ലാവരും മറന്നു. നീ ആ വീടിന്റെ ഇരുണ്ട റൂമിനുള്ളിൽ ഉണ്ടോ, അതോ മറ്റെവിടെയെങ്കിലും നിന്നെ അവർ ഉപേക്ഷിച്ചോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചോ.... അറിയില്ല കൂട്ടുകാരാ"!!!! എന്തായാലും നിന്നെ കുറിച്ച് ഞാൻ ഇപ്പൊ ഓർമ്മിക്കുന്നു. നീ എവിടെയാണെങ്കിലും നന്നായിരിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
ഡിനുരാജ് വാമനപുരം

എന്തൊക്കയോ നഷ്ടപ്പെട്ടവൻ (കഥ)

എന്തൊക്കയോ നഷ്ടപ്പെട്ടവൻ (കഥ)
***************************************
ആ വൈകുന്നേരം അയാൾ ഓഫീസിൽ നിന്നുമിറങ്ങുമ്പോൾ എന്നത്തേയും പോലെ മുഖത്ത്‌ ജോലി ഭാരത്തിന്റെ ക്ഷീണമല്ലായിരുന്നു. മറിച്ച് സന്തോഷത്തിന്റെ പ്രസന്ന ഭാവമായിരുന്നു.പക്ഷേ വിശപ്പെന്ന മൃഗം അയാളുടെ വയറിനുള്ളിൽ സംഹാരതാണ്ഡവം നടത്തുന്നുണ്ടായിരുന്നു. എന്നിരുന്നാലും അയാളെ സംബന്ധിച്ചു ഇന്ന് നല്ലൊരു ദിവസമായിരുന്നു. ലക്ഷങ്ങളുടെ പുതിയൊരു പ്രൊജക്റ്റാണ് കൈയിൽ വന്നിരിക്കുന്നത്. ഒന്നും ആലോചിക്കാതെ ആഹാരം പോലും ഉപേക്ഷിച്ചായിരുന്നു ആ പ്രൊജക്റ്റിനു വേണ്ടി കഴിഞ്ഞ കുറെ മണിക്കൂറുകളായി പടവെട്ടിയത്.അങ്ങനെ സന്തോഷം അയാളുടെ മനസ്സിനെയും,ശരീരത്തെയും കുളിർമ്മപെടുത്തുമ്പോഴും,വിശപ്പ് അയാളെ തളർച്ചയിലേക്ക് നയിച്ചുകൊണ്ടുമിരുന്നു. വേഗം തന്നെ ബൈക്കും സ്റ്റാർട്ട്‌ ചെയ്ത് അയാൾ റോഡിലേക്ക് കടന്നു.അടുത്തു കണ്ട ചെറിയ ഹോട്ടലിലേക്കുള്ള റോഡ് സൈഡിൽ ബൈക്ക് നിർത്തി.
അയാൾ ഹോട്ടലിലേക്ക് നടന്നു. പോകുന്ന വഴിയിൽ നന്നേ ക്ഷീണിതനായി ഒരു പത്തു വയസ്സുകാരൻ നിൽക്കുന്നുണ്ടായിരുന്നു .കഴിഞ്ഞു പോയ ഉച്ചവെയിലും, അടങ്ങാത്ത വിശപ്പുമായിരിക്കണും പത്തുവയസ്സുകാരനെ നന്നേ തളർത്തിയിരിക്കുന്നു. അയാളുടെ വരവു കണ്ട അവൻ ദയനീയതയോടെയും, എന്നാൽ ഏറെ പ്രതീക്ഷയോടെയും അയാളുടെ മുഖത്തേക്കൊന്ന് പാളിനോക്കി. അയാളുടെ കണ്ണുകളും അവന്റെ മുഖത്തേക്ക് പതിഞ്ഞെങ്കിലും പക്ഷേ ആ മുഖത്തെ ദയനീയത അയാൾക്ക്‌ കാണുവാൻ കഴിഞ്ഞില്ല.വേഗം തന്നെ കണ്ണുകൾ പിൻവലിച്ചുകൊണ്ട് അയാൾ ഹോട്ടലിനകം ലക്ഷ്യമാക്കി നടന്നു പോയി .ആ പത്തുവയസ്സുകാരനും അയാൾക്ക്‌ പുറകെ മൂന്ന് നാല് സ്റ്റെപ്പ് മുന്നോട്ട് വച്ചെങ്കിലും പെട്ടന്ന് എന്തോ ഓർമ്മിച്ചപോലെ അവൻ അവിടെ തരിച്ചു നിന്നു.എന്നിട്ട് നോട്ടം ഹോട്ടലിനുള്ളിലേക്ക് നീട്ടി.
കൈ കഴുകി വന്നിരുന്ന അയാളുടെ ടേബിളിനു മുന്നിലേക്ക് ഒരു പ്ലേറ്റ് ബിരിയാണി സപ്ലയർ കൊണ്ടുവന്നുവെച്ചു. അയാളത് നല്ല വിശപ്പ്കാരണം വളരെ വേഗത്തിൽ തന്നെ വാരികഴിച്ചുതുടങ്ങി. ഇടക്കെപ്പോഴോ നോട്ടം പുറത്തേക്കു നീങ്ങിയപ്പോൾ അയാൾ കണ്ടു ആ പത്തുവയസ്സുകാരൻ താൻ കഴിക്കുന്നതും നോക്കി നിൽക്കുന്നു. അവന്റെ നോട്ടം അയാൾക്ക് അരോചകമായി തോന്നി. ഉടനെ ടേബിളിന്റെ അങ്ങേയറ്റത്തേക്ക് അയാൾ നീങ്ങിയിരുന്നു.ഇപ്പോൾ ഭിത്തി അയാളും, അവനും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഒരു മറ തീർത്തിരുന്നു.സംതൃപ്തിയോടെ ആഹാരം കഴിച്ചു കഴിഞ്ഞ അയാൾ കൈയും,വായും കഴുകി ബില്ല് കൊടുക്കുവാനായി ചെന്നപ്പോഴേക്കും പറഞ്ഞിരുന്നു രണ്ടു ബിരിയാണി പാഴ്‌സലാക്കി അവിടെ വച്ചിരുന്നു. ബില്ലും കൊടുത്ത് പാഴ്‌സലും കൈയിൽ തൂക്കി അയാൾ പുറത്തേക്കിറങ്ങി. ആ പത്തുവയസ്സുകാരൻ ഹോട്ടലിനുള്ളിലേക്ക് നോക്കി അവിടെ തന്നെ നില്പുണ്ടായിരുന്നു. അയാളുടെ കൈയിലെ പാഴ്‌സൽ കണ്ട് അവന്റെ മുഖം പ്രതേകരീതിയിൽവിടർന്നു. കണ്ണുകൾ കൊതിയോടെ പാഴ്‌സലിലേക്ക് പതിഞ്ഞു.വളരെ പ്രതീക്ഷയോടെ നോക്കി നിന്ന അവനെയും കടന്ന് അയാൾ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോയി... .
വീടിന്റെ മുറ്റത്ത്‌ ഒരു സൈഡിൽ ആയി ബൈക്ക് ഒതുക്കി വച്ചിട്ട് അയാൾ വീട്ടിനുള്ളിലേക്ക് കടന്നു. ബൈക്കിന്റെ ശബ്ദം കേട്ടാകണും അയാളുടെ 8വയസ്സുകാരിയായ മകൾ മുറിയിൽ നിന്നും ചെറിയൊരു പുഞ്ചിരിയോടുകൂടി പുറത്തേക്ക് വന്നു. അതീവ സന്തോഷത്തോടെ അയാൾ ആ പാഴ്‌സൽ കുഞ്ഞിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.....
"ഇതാ മോളെ നീ രാവിലെ പറഞ്ഞില്ലേ ബിരിയാണി വേണുമെന്ന്... "
ആ കുഞ്ഞിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു... "അമ്മേ ദാ അച്ഛൻ ബിരിയാണി കൊണ്ട് വന്നിരിക്കുന്നു." അവൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
അയാൾ സോഫയിലേക്ക് ഇരുന്നു. അപ്പോൾ അവൾ മനോഹരമായ ഒരു പേന അയാളുടെ നേരെ നീട്ടികൊണ്ട് പറഞ്ഞു.... "അച്ഛാ! ഇത് നോക്കിയെ ഇന്ന് ടീച്ചർ എനിക്ക് സമ്മാനമായി തന്നതാ.."
"ആഹാ!! കൊള്ളാമല്ലോ... എന്തിനായിരുന്നു മോൾക്കിന്ന് സമ്മാനം കിട്ടിയത്"... കുഞ്ഞിനെ അടുത്തേക്ക് പിടിച്ചിരുത്തികൊണ്ട് അയാൾ ചോദിച്ചു..
"അതേ അച്ഛാ ഇന്ന് സ്കൂളിലേക്ക് പോകുന്ന വഴിയിലെ ഒരു പാവം സ്ത്രീയെ കണ്ടു. അവരുടെയടുത്ത് ഒരു കുട്ടിയും കരഞ്ഞു കൊണ്ട് ഇരിപ്പുണ്ടായിരുന്നു.".. അയാളുടെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു..
"അതിന് !!എന്ത്‌ സംഭവിച്ചു?" അയാൾ ആശ്ചര്യത്തോടെ ചോദിച്ചു...
"ഞാനെ അവരോടു ചോദിച്ചു എന്തിനാ കുഞ്ഞുവാവ കരയുന്നതെന്ന്.... അപ്പൊ അ സ്ത്രീ പറഞ്ഞു വിശന്നിട്ടാന്ന്.. എനിക്ക് സങ്കടം വന്നു ഞാൻ എന്റെ ടിഫിൻബോക്സെടുത്ത് അവർക്ക് നേരെ നീട്ടി..അപ്പോഴേ അത് കണ്ട് ടീച്ചർ അവിടേക്ക് വന്ന് കാര്യം തിരക്കിയിട്ട് എന്റെ ടിഫിൻബോക്സ്‌ തിരികെ ബാഗിലേക്ക് വയ്പ്പിച്ചു.എന്നിട്ട് ടീച്ചർ അവർക്ക് ആഹാരത്തിനുള്ള പൈസ കൊടുത്തു... എന്റെ നല്ല മനസ്സിന് ഒരു ചെറിയ സമ്മാനം എന്നും പറഞ്ഞുകൊണ്ട് ഈ പേന എനിക്കും തന്നു"..... അവൾ പുഞ്ചിരിച്ചു കൊണ്ട് അയാളുടെ മുഖത്തിനു നേരെ പേന ഉയർത്തികൊണ്ട് പറഞ്ഞു..
പെട്ടന്ന് അയാളുടെ മുഖമൊന്ന് വിളറി... ഹോട്ടലിനടുത്ത കണ്ട പത്തുവയസ്സുകാരനിലേക്ക് അയാളുടെ ചിന്ത പാഞ്ഞു. വിശപ്പ് സഹിക്കാൻ കഴിയാതെ ആയിരിക്കില്ലേ ഒരു പക്ഷേ അവൻ തന്നെ നോക്കിയത്. ഒരു എട്ട് വയസ്സുകാരിയുടെ ചിന്ത പോലും തന്റെ മനസ്സിലേക്ക് ആ സമയത്ത് കടന്ന് വന്നില്ലല്ലോ. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന താൻ എന്തൊരു സ്വാർത്ഥനാണ് . കുറ്റബോധം അയാളുടെയുള്ളിൽ കടലുപോലെ ഇരമ്പി. വേഗം തന്നെ അയാൾ മോളെ മടിയിൽ നിന്നും മാറ്റിയിരുത്തിയിട്ട് സോഫയിൽ നിന്നും എഴുന്നേറ്റു. "ഞാൻ ഇപ്പൊ വരാം".. എന്ന് ഭാര്യ കേൾക്കേ വിളിച്ചു പറഞ്ഞിട്ട് അയാൾ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.
അയാൾ വേഗം തന്നെ ഹോട്ടലിന്റെ അടുത്തെത്തി.കണ്ണുകൾ കൊണ്ട് ആ പത്തുവയസുകാരനെ അയാൾ അവിടെയൊക്കെ തിരഞ്ഞു. പെട്ടന്ന് അയാളുടെ കണ്ണുകളിൽ കുറച്ചപ്പുറത്തായി അവൻ ഇരിക്കുന്നത് കണ്ടു. പക്ഷേ അവനടുത്തായി വേറൊരാളും കൂടി ഇരുപ്പുണ്ടായിരുന്നു. അയാൾ ആ ആളെ സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി. തന്റെ ഓഫീസിനു മുന്നിലൊക്കെ സ്ഥിരമായി വന്ന് തെണ്ടാറുള്ള, അല്പം മാനസികരോഗിയായ ആളാണതെന്ന്. പക്ഷേ ആ മാനസികരോഗി അപ്പോൾ ആ കുട്ടിയോട് ചെയ്യുന്ന കാഴ്ച്ച അയാളെ തളർത്തി കളഞ്ഞു. മാനസികരോഗിക്ക് എവിടെ നിന്നോ തെണ്ടികിട്ടിയ ഭക്ഷണത്തിന്റെ ഒരു പങ്ക് ആ പത്തുവയസ്സുകാരന് വീതിച്ചു നൽകുന്നു. ആ കാഴ്ചക്കണ്ട അയാൾക്ക് അയാളുടെ ഉള്ളിൽ നിന്നും എന്തൊക്കയോ നഷ്ടപെടുന്നതുപോലെ തോന്നി....
ഡിനുരാജ് വാമനപുരം

പഴയതും, പുതിയതും **********************

പഴയതും, പുതിയതും
**********************
ഒഴുകുന്ന പുഴയുടെ കള, കള നാദവും...
ഉരയുന്ന മുളകൾ തൻ മധുര സംഗീതവും..
പക്ഷികൾ തന്നുടെ കുറുകലിൽ മാധുര്യവും...
ആവിപറക്കുന്ന കപ്പതൻ കൊതിയൂറും ഗന്ധവും...
എന്നിലെ ബാല്യത്തിൽ കാഴ്ച്ചതൻ ഓർമ്മകൾ ആകുന്നു...
ഊർന്നുവീഴുന്നൊരു ചൂടുപിടിച്ച പൈപ്പിൽ വെള്ളവും...
വിഷം പുകയുന്ന വണ്ടിതൻ അലറുന്ന ശബ്ദവും...
യന്ത്ര പക്ഷിതൻ മുഴങ്ങുന്ന മൂളലിൻ ഘോര നാദവും...
ചിക്കനും, പിസയും, ബർഗറും പരത്തുന്ന രൂക്ഷ ഗന്ധവും...
ഇന്നത്തെ ബാല്യത്തിൽ രുചികൾ ആയിടുന്നു....
ഡിനുരാജ് വാമനപുരം(കഥയല്ലാതെ എന്റെ ആദ്യ ശ്രമം)

Dinu

മകൾ (കഥ )

മകൾ (കഥ )
********************
ടേബിളിന്റെ മുകളിലിരിക്കുന്ന മദ്യക്കുപ്പിയിൽ നിന്നും പകുതിയോളം അയാൾ കാലിയാക്കിക്കഴിഞ്ഞു.തലയ്ക്കു മുകളിൽ ഫാൻ വട്ടംചുറ്റിക്കൊണ്ടിരുന്നു. ശരീരം മുഴുവൻ വിയർപ്പ് തുള്ളികൾ ഒലിച്ചു തുടങ്ങിയപ്പോൾ അയാൾ ഷർട്ടിന്റെ ബട്ടൺ മുഴുക്കെ അഴിച്ചുകൊണ്ട് കസേരയിലേക്ക് ചാരി.ലഹരി അയാളുടെ തലയ്‌ക്കുള്ളിൽ പുതിയ ലോകത്തിന്റെ പരവതാനി വിരിച്ചു തുടങ്ങിയിരുന്നു. ആകാശത്തിലൂടെ ഒഴുകി നടക്കുന്ന പ്രതീതിയിൽ ചുണ്ടുകൾ പ്രേത്യക രീതിയിൽകോട്ടി അയാൾ ചിരിക്കുന്നുണ്ടെങ്കിലും കഴുത്തുറയ്ക്കാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ അവസ്ഥയിൽ അയാളുടെ തല താനെ കുമ്പിട്ടു പോകുന്നു .
വിവാഹം കഴിഞ്ഞ അന്ന് മുതൽ ഇത് കണ്ടു തുടങ്ങിയതാകാം ഭാര്യ ഒന്നും മൈൻഡ് ചെയ്യാതെ ടീവിയിൽ സീരിയൽ കണ്ടിരുന്നു.അകത്തേ മുറിയിൽ ഇരുന്നു പഠിക്കുന്ന ഒൻപതു വയസ്സുകാരിയായ മകൾ ദിയ ആകട്ടെ തനിക്ക് ചിത്രരചനയ്ക്ക് കിട്ടിയ സമ്മാനം അച്ഛനെ കാണിക്കുവാൻ വെമ്പി നിൽക്കുകയാണ്. അമ്മയെ കാണിച്ചപ്പോഴേ ദിയയെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു മുത്തം നൽകികൊണ്ട് അവർ പറഞ്ഞിരുന്നു "അച്ഛനെ നാളെ രാവിലെ കാണിച്ചാൽ മതി കേട്ടോ ".. എന്തോ ദിയയുടെ കൊച്ചു മനസ്സു മുഴുവൻ തനിക്ക് ആദ്യമായി കിട്ടിയ സമ്മാനം അച്ഛനെ ഇ രാത്രി തന്നെ കാണിച്ചുകൊടുക്കാതെ ഒരു സമാദാനവും കിട്ടില്ല എന്ന അവസ്ഥയിൽ ആയിരുന്നു .
അയാൾ വീണ്ടും ഗ്ലാസ്സിലേക്ക് മദ്യം പകരുവാൻ തുടങ്ങി. കൈകളുടെ വിറ കുപ്പിയിൽ നിന്നും മദ്യത്തെ ഗ്ലാസ്സിലേയ്ക്കും, ടേബിളിനു പുറത്തേക്കും ഒഴുക്കി . "അച്ഛാ ഇതൊന്നു നോക്കിയേ "ഒരു കൈയിൽ സമ്മാനവും പിടിച്ചു കൊണ്ട് അയാൾക്ക്‌ മുന്നിൽ ദിയമോൾ ചിരിച്ചുകൊണ്ട് വന്ന് നിന്നു. ദിയയുടെ ശബ്ദം കേട്ട് അമ്മ ടീവിയിൽ നിന്നു ശ്രദ്ധ തിരിച്ചു ദിയയെ നോക്കി കണ്ണുകൾ ഉരുട്ടി. അമ്മയുടെ മുഖത്തിനു പിടികൊടുക്കാതെ അവൾ പ്രതീക്ഷയോടെ അയാളെ നോക്കി നിന്നു. കുപ്പി തിരികെ വച്ചിട്ടു വിറയ്ക്കുന്ന കൈകൾ കൊണ്ട് അയാൾ വെള്ളമിരുന്ന ജഗ്ഗ് എടുത്തു ദിയയെ ഒന്ന് നോക്കുകപോലും ചെയ്യാതെ പറഞ്ഞു "ആാാ കൊള്ളാം ".... ദിയയ്ക്ക് സങ്കടം വന്നു" ഇ കുടിയൊന്ന് നിർത്തി ഒന്ന് നോക്കച്ഛാ "എന്നും പറഞ്ഞു ദിയ ഒരു കൈ കൊണ്ട് മദ്യകുപ്പിയുടെ മൂടിയിയിൽ പിടിച്ചു കുപ്പി മേലേക്കുയർത്തി. ശരിയാവണ്ണം ഉറച്ചിട്ടില്ലാത്ത മൂടി ദിയയുടെ കൈകളിലും, കുപ്പി തറയിലേക്കും ഊർന്നു പോയി. ഒരു വലിയ ശബ്ദത്തോട് കൂടി കുപ്പി പൊട്ടിച്ചിതറി. മദ്യം തറയിലെ ടൈൽസിലാകെ പരന്നൊഴുകി.
"കഴുവേറി മോളെ "എന്ന് വിളിച്ചുകൊണ്ട് അയാൾ പരിഭ്രമിച്ചു നിന്ന ദിയയെ ശക്തിയോട് കൂടി ഒറ്റതള്ളായിരുന്നു. കൈയിൽ ഇരുന്ന സമ്മാനം ദിയയുടെ കൈവിട്ടു പോയി . തള്ളിന്റെ ശക്തിയിൽ ദൂരേക്ക് തെറിച്ച ദിയ ഭിത്തിയിൽ ഇടിച്ചു തറയിലേക്ക് വീണു. "മോളെ" എന്നലറിക്കൊണ്ട് അമ്മ ദിയയുടെ അടുത്തേക്ക് പാഞ്ഞു. അയാളും സ്‌തംബിതാനായി ചാടി എഴുന്നേറ്റു . ദിയയുടെ ചോര ഭിത്തിയിൽ വ്യത്യസ്ഥ രീതിയിൽ മൂന്നു വരകൾ തീർത്ത് താഴേക്ക് ഒലിച്ചു .ചലനമറ്റ ശരീരത്തെ മടിയിലെടുത്ത് വച്ചുകൊണ്ട് ആ അമ്മ അലറിക്കരഞ്ഞു. ദിയയുടെ ചെവിയിൽ നിന്നും കവിളിൽ നിന്നു ചോര തറയിലേക്ക് ഒഴുകി. ആ കാഴ്‌ച ഒരു നിമിഷം കൊണ്ട് അയാളുടെ ഉള്ളിൽ ഉണർന്നിരുന്ന ലഹരിയെന്ന ചെകുത്താനെ അലിയിച്ചുകൊണ്ട് അയാളെ ഒരച്ഛനാക്കി മാറ്റി. വേഗം അയാൾ മൊബൈൽ എടുത്തു കാൾ ചെയ്തു.." സതീഷേ.... ഒന്ന് വണ്ടിയുമായി വാടാ മോള് സ്റ്റെപ്പിൽ നിന്നും കാലുതെറ്റി തലയിടിച്ചു വീണു. ഒന്ന് ഹോസ്പിറ്റൽ വരെ പോകണും." അയാൾ ഫോൺ കട്ട്‌ ചെയ്ത് മോളുടെ അടുത്തേക്ക് ചെന്നതും. ഭാര്യ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനിടയിലൂടെ ദഹിപ്പിക്കുന്ന ഒരു നോട്ടം അയാളെ നോക്കി. കുറ്റബോധത്തോടെ അയാൾ തലകുനിച്ചു.
Icu.. വിന്റെ മുന്നിൽ അക്ഷമരായി അവർ രണ്ടു പേരും നിന്നു . കരഞ്ഞു കരഞ്ഞു അമ്മയുടെ കണ്ണുകളും, മുഖവും നീരുവന്ന് വീർത്തിരുന്നു . അയാൾ ലഹരിയിൽ നിന്നും മോചിതനായില്ലെങ്കിലും തലയും കുമ്പിട്ടു കുറ്റബോധത്തോടെ അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു . അവർ പരസ്പരം ഒന്നും സംസാരിച്ചില്ല.അകത്തു കിടക്കുന്ന മറ്റുരോഗികളുടെ പുറത്തിരിക്കുന്ന ബന്ധുക്കൾ അവജ്ഞതയോടെ അയാളെ നോക്കുന്നുണ്ട്. പെട്ടന്നാണ് icu-വിന്റെ ഡോർ കുറച്ച് ഓപ്പൺ ചെയ്ത് ഒരു സിസ്റ്റർ പുറത്തേക്കു തലയിട്ടത് .പുറത്ത് കാത്തിരിക്കുന്നവരെല്ലാം പ്രതീക്ഷയോടെ സിസ്റ്ററെ നോക്കി. ".ആരാണ് ആ തലയിടിച്ചു കൊണ്ട് വന്ന കുട്ടിയുടെ കൂടെയുള്ളവർ അവരോടു ഡോക്ടറുടെ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു." സിസ്റ്റർ വാതിൽ വലിച്ചടച്ചു .
അയാൾ തലയുയർത്തി ഭാര്യയെ നോക്കി രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി . എന്തിനായിരിക്കും ഡോക്ടർ വിളിച്ചത് എന്റെ മോൾക്ക്‌ ഇനിയെന്തെങ്കിലും ആ അമ്മയുടെ മനസ്സ് പ്രഷുബ്‌ദമായി. ഇറ്റ് വീഴുന്ന കണ്ണുനീരുമായി അവരും. ബാലൻസ് ശരിയാകാതെ നടന്നുകൊണ്ട് അയാളും ഡോക്ടറുടെ റൂമിലേക്ക്‌ കടന്ന് ചെന്നു. "ഇരിക്കണും" ഡോക്ടർ അവിടെ കിടക്കുന്ന കസേര ചൂണ്ടിക്കൊണ്ട് പറഞ്ഞു. അവർ രണ്ടു പേരും ഡോക്ടറിനഭിമുഖമായിരുന്നു. "സത്യം പറയണും എന്താണ് ആ കുട്ടിക്ക് പറ്റിയത്..." ഡോക്ടർ ചോദിച്ചു കഴിഞ്ഞതും ഭാര്യ എന്തേലും പറയുമെന്ന് കരുതിയാകണും അയാൾ നാക്കുകുഴഞ്ഞ അവസ്ഥയിൽ വേഗം പറഞ്ഞു. "സ്റ്റെപ്പിൽ നിന്നും കാലുതെന്നി വീണതാ ഡോക്ടറെ.." ഇത് പറയുമ്പോൾ അയാളുടെ വായിൽ നിന്നും പുറത്തേക്കു വന്ന മദ്യത്തിന്റെ ഗന്ധം അവിടെയാകെ പരന്നു. ഡോക്ടർ ഒരു കൈകൊണ്ടു മൂക്ക് പൊത്തി അയാളെ അടിമുടി ഒന്ന് നോക്കി കൊണ്ട് ചോദിച്ചു ."സത്യം തന്നെയാണോ ഇയാൾ പറയുന്നത് കുട്ടിയുടെ അമ്മ പറയു". ഭാര്യ തല തിരിച്ചു അയാളെ നോക്കി അയാളുടെ മുഖത്തപ്പോൾ ഒരു ദയനീയ ഭാവമായിരുന്നു. "അതേ വീണതാ ഡോക്ടറെ"പറഞ്ഞു കഴിഞ്ഞപ്പോൾ അവർ പൊട്ടി കരഞ്ഞു പോയി .. "നിങ്ങൾ പറയുന്നത് ഒരു ഡോക്ടർ ആയ എനിക്ക് വിശ്വസിക്കുവാൻ പ്രയാസമുണ്ട്.... കാരണം സ്റ്റെപ്പിൽ നിന്നും വീഴുകയാണെങ്കിൽ ശരീരത്തിന്റ പല ഭാഗത്തും ഫ്രാക്ച്ചർ ഉണ്ടാകണും .. അങ്ങനെ ഒന്നും കാണുന്നില്ല.. ആരോ ശക്തിയായി കുട്ടിയെ പിടിച്ചു എന്തിലോ ഇടിച്ചപോലെയാണ് എനിക്ക് തോന്നുന്നത്... അതുകൊണ്ട് തന്നെ ഞാൻ ഇത് പോലീസിൽ വിളിച്ചു അറിയിക്കുകയാണ് ബാക്കി അവരോടു പറയു"ഡോക്ടർ പറഞ്ഞു നിർത്തി.
വീണ്ടും icu വിന് മുന്നിൽ അവർ രണ്ടു പേരും വന്നിരുന്നു. അമ്മയുടെ കണ്ണിൽ നിന്നും അപ്പോഴും കണ്ണുനീർ വറ്റിയിരുന്നില്ല. അവർ പ്രതീക്ഷയോടെ icu വിന്റെ ഗ്ലാസ്സ് ഡോറിലേക്ക് നോക്കിയിരുന്നു.അയാൾ ആകെ അസ്വസ്ഥനായി മാറി. താൻ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു തന്റെ ഇ നശിച്ച കൂടിയാണ് എല്ലാത്തിനും കാരണമായത്. എന്റെ പൊന്നുമോൾ എന്നെ കാരണം ഇപ്പോൾ മരണത്തോട് മല്ലടിച്ചു കിടക്കുന്നു. പോലീസ് ഉടനെ വരും അവരോടു എല്ലാം തുറന്നു പറയണും ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണും അയാൾ മനസ്സിൽ ഉറപ്പിച്ചു. ഒരിക്കലും ദൈവത്തെ കൂട്ടുപിടിച്ചിട്ടില്ലാത്ത അയാൾ ആ രാത്രി ആദ്യമായി തന്റെ മോളുടെ ജീവൻ തിരികെകിട്ടുവാൻ വേണ്ടി മനമുരുകി ദൈവത്തിനോട് പ്രാർത്ഥിച്ചു.
തറയിൽ ബൂട്ടുകൾ അമരുന്ന ശബ്ദം അയാൾ തലയുയർത്തി നോക്കി രണ്ടു പോലീസ്‌കാരും ഡോക്ടറുകൂടി നടന്നു വരുന്നു. "ദ ഇവരാണ് അവർ..". ഡോക്ടർ ചൂണ്ടി കൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും മെല്ലെ എഴുനേറ്റു... "എന്താ സംഭവിച്ചത് പറയു ഡോക്ടർക്ക് ചില സംശയങ്ങൾ ഉണ്ടന്നാണല്ലോ പറയുന്നത്.. "ഒരു പോലീസ്‌കാരൻ ചോദിച്ചു.. "അയ്യോ സാറേ ഞങ്ങൾ സത്യമാണ് പറഞ്ഞത് മോള് സ്റ്റെപ്പിൽ നിന്നും കാലുതെറ്റി വീണതാ..." അമ്മ പറഞ്ഞു... നീ നല്ല ഫിറ്റാണല്ലടാ .. കുടിച്ചു കൊണ്ട് ആ കൊച്ചിന്റെ തലയടിച്ചു പൊട്ടിച്ചതല്ലേടാ... പോലീസ്‌കാരൻ അല്പം കനപ്പിച്ചു ചോദിച്ചു. "അയ്യോ അങ്ങേരു കുടിക്കുമെങ്കിലും ഉപദ്രവിക്കുകയൊന്നും ചെയ്യില്ല സാറേ..." അമ്മ വീണ്ടും ഇടയിൽ കയറി പറഞ്ഞു. "നിനക്കെന്താടാ നാക്കില്ലേ.... സത്യമാണോടാ ഇവർ ഇ പറയുന്നത് ...."പോലീസ്‌കാരൻ വീണ്ടും ചോദിച്ചു. "അതേ സാറേ" അയാൾ തറയിലേക്ക് കുനിഞ്ഞു നോക്കികൊണ്ട്‌ പറഞ്ഞു." ഡോക്ടറെ കുട്ടിക്ക് ബോധം തെളിയുമ്പോൾ ആദ്യം സ്റ്റേഷനിൽ വിളിച്ചറിയിക്കണും , പോലീസ് വന്ന് കുട്ടിയോട് സംസാരിച്ചിട്ട് ഇവരെ കാണിച്ചാൽ മതി... കുട്ടി എന്താ പറയുന്നതെന്ന് നോക്കട്ടെ.....അതിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാം ..." പോലീസ്കാരൻ ഡോക്ടറോടായി പറഞ്ഞു. ഡോക്ടറും അത് ശരിയെന്ന് സമ്മതിച്ച് അവർ അവിടെനിന്നും പോയി. അയാൾ ഭാര്യയുടെ മുഖത്തേക്ക് നോക്കി പകയുള്ള ഒരുവനെ കണ്ടപോലെ അവൾ വേഗം മുഖം വെട്ടി തിരിച്ചു കളഞ്ഞു... രണ്ടു ദിവസങ്ങൾ കടന്ന് പോയി.. ആ ദിവസങ്ങളിൽ അയാൾ ഒരു തീരുമാനമെടുത്തു ഇനി ഒരിക്കലും കുടിക്കുകയില്ല... ഒരു നല്ല ഭർത്താവും, അച്ഛനുമായി ഇനിയുള്ള കാലം ജീവിക്കണും.
.മൂനാം ദിവസം ഉച്ചയോട് കൂടി ഒരു സിസ്റ്റർ വന്ന് അവരോടു പറഞ്ഞു." ദിയയ്ക്ക് ബോധം തെളിഞ്ഞു.. കുട്ടിയിപ്പോൾ നോർമൽ ആണ് പിന്നെ പോലീസ് വന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതിനു ശേഷം വാർഡിലേക്ക് മാറ്റും അപ്പോഴേ നിങ്ങൾക്ക് കാണുവാൻ കഴിയു". തന്റെ മകളെ ഒരു നോക്കു കാണുവാൻ ഇനിയും കാക്കാണുമല്ലോ എന്നുള്ള വിഷമത്തിൽ അമ്മ തളർന്നു കസേരയിലേക്ക് ഇരുന്നു. അയാൾ ദൈവങ്ങളോട് മനസ്സുകൊണ്ട് നന്ദി പറഞ്ഞു. ദിയ നോർമൽ ആയല്ലോ ഇനി എനിക്ക് എന്ത് സംഭവിച്ചാലും സാരമില്ല അയാൾ മനസ്സിൽ ചിന്തിച്ചു .
കുറച്ചു സമയങ്ങൾക്ക് ശേഷം പോലീസ് വരുകയും ഒരു പോലീസ് കാരൻ icu വിന് ഉള്ളിലേക്ക് കയറി പോയി.ഏകദേശം രണ്ടുമിനിറ്റ് കഴിഞ്ഞു പോലീസ്‌കാരൻ പുറത്തേക്കു വന്നു.വെളിയിൽ ഇറങ്ങിയ പോലീസ്കാരൻ രൂക്ഷമായി അയാളുടെ മുഖത്തേക്ക് തറപ്പിച്ചുനോക്കി.കുറ്റബോധത്താൽ അയാൾ പെട്ടന്ന് തന്നെ മുഖം കുനിച്ചു കളഞ്ഞു. രണ്ടു പേരെയും പോലീസ്കാരൻ കുറച്ചപ്പുറത്തേക്ക് വിളിച്ചു മാറ്റി നിർത്തിയിട്ട് പറഞ്ഞു....
"എന്റെ പോലീസ് വേഷം കണ്ടാകണും പാവം അ കുട്ടിയും പറഞ്ഞു സ്വയം മറിഞ്ഞു വീണതാണെന്ന്.... പക്ഷേ ഞാൻ ഒരു പോലീസ്കാരൻ ആണ് എനിക്കറിയാം. നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നുള്ള പേടിയും, അതുപോലെ നിങ്ങളോടുള്ള സ്നേഹവുമൊന്ന് കൊണ്ട് മാത്രമാണ് കുട്ടിയിങ്ങനെ പറഞ്ഞതെന്ന്.. സ്വന്തം ഭാര്യയെയും, കുട്ടിയെയും സ്നേഹിക്കാതെ കുടിച്ചു കൂത്താടി നടക്കുന്ന താനൊക്കെ ഒരു മനുഷ്യൻ ആണോ... "ഒന്ന് നീട്ടി തറയിലേക്ക് തുപ്പിയിട്ട് ആ പോലീസ്കാരൻ നടന്നു നീങ്ങി.
അപ്പോഴേക്കും സിസ്റ്റർ വന്നു പറഞ്ഞു ദിയയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട് നിങ്ങൾക്ക് അങ്ങോട്ട്‌ പോകാമെന്നു... ആ അമ്മ മോളുടെ അടുത്തേക് വേഗത്തിൽ നടക്കുന്നതിനിടയിലും അയാളെ ഒന്ന് നോക്കി... പക്ഷേ അയാൾ അപ്പോൾ പുറത്തേക്കു തിരിഞ്ഞു നടക്കുകയായിരുന്നു. അടുത്തിരിക്കുന്ന അമ്മയോട് ദിയ ചോദിച്ചു "അച്ഛൻ വന്നില്ലേ അമ്മേ... "
"വരും മോളെ.. "പുറത്തേക്കു വന്ന കരച്ചിലിനെ ഉള്ളിൽ അടക്കികൊണ്ട് അമ്മ പറഞ്ഞു. ഇതിനിടയിൽ അവർ പലതവണ അയാളുടെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോഴും സ്വിച്ച് ഓഫ്‌ ആയിരുന്നു. അവരുടെ മനസ്സിൽ പല ചിന്തകളും കടന്ന് പോയി.രണ്ടു ദിവസം കുടിക്കാതിരുന്നതിന്റെ ക്ഷീണം തീർക്കുവാൻ പോയതാകുമോ, അതോ കുറ്റബോധം താങ്ങാനാകാതെ മറ്റെന്തെങ്കിലും. ചിന്തകൾ തിരമാലകൾപോലെ കടന്ന് വന്നപ്പോൾ അവൾ ആകെ പരവശയായി.പെട്ടന്നായിരുന്നു "ദേ അച്ഛൻ വരുന്നു" ദിയ അമ്മയെ തൊട്ട് വിളിച്ചുകൊണ്ടു പറഞ്ഞത് . ഭയത്തോടെ അവൾ അയാളെ നോക്കി.അയാളുടെ കൈയിൽ ഇരുന്നു ദിയയ്ക്ക് കിട്ടിയ സമ്മാനംവെട്ടി തിളങ്ങി. അയാൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു സ്നേഹത്തിന്റെ പുഞ്ചിരിയായിരുന്നു അത്.
ഡിനുരാജ് വാമനപുരം

അട്ട

Resmi Anuraj എഴുതിയ അട്ട എന്ന കഥ എല്ലാവരും വായിച്ചതാണല്ലോ. അത് വായിച്ചു കഴിഞ്ഞപ്പോൾ അതിന് തുടർച്ച എഴുതാൻ എനിക്ക് ഒരു ആഗ്രഹം ഉണ്ടായി ഞാൻ എഴുതിയതാണ് ഇത്. തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അട്ട
*****
കുഞ്ഞിന്റെ കരച്ചിലിൽ നിന്നും പുറത്തേക്കു വരുന്ന വായു മുരുകന് തന്റെ വലത്തേ ചെവിക്കുള്ളിൽ തണുത്ത കാറ്റ് സ്പർശിക്കും പോലെ അനുഭപ്പെട്ടു. പൂർവാധികം ശക്തിയോടെ കാലിൽ പറ്റിപിടിച്ചിരുന്ന അട്ട ചോര വലിച്ചു കുടിക്കുകയാണ്. ചെറിയ കിതപ്പോടെ മുരുകൻ പുറത്തേക്കു പോയ ഡ്രൈവർ തങ്കപ്പനെ നോക്കി... അയാൾ കടക്കാരനോട് സംസാരിച്ചു നിൽക്കുന്നു. തനിക്കു ചുറ്റും മരണമെന്ന വേട്ടക്കാരൻ നൃത്തം ചെയ്യുന്നത് മുരുകനറിഞ്ഞു.അവൻ മുൻസീറ്റിൽ നിന്നും പണിപ്പെട്ട് തിരിഞ്ഞു ശവങ്ങളെ നോക്കി. സ്ത്രീയാകട്ടെ എഴുന്നേറ്റിരുന്നു ഒരു ചോരകുഞ്ഞിനെ മുലയൂട്ടുന്നു, മുഖം മറച്ചുകൊണ്ട് മുന്നോട്ട് വീണു കിടക്കുന്ന മുടികൾക്കിടയിലൂടെ അവളുടെ കണ്ണുകൾ ജ്വലിക്കുന്നതു മുരുകൻ കണ്ടു. അവളുടെ അടുത്തു കിടന്നിരുന്ന വാസുവാകട്ടെ കണ്ണുകൾ തുറന്ന് തന്നെ നോക്കികൊണ്ടിരിക്കുന്നു. പേടിപ്പെടുത്തുന്ന കാഴ്ച്ചകൾ മുരുകനെ ഭ്രാന്ത്‌ പിടിപ്പിച്ചു. വേദനകൊണ്ട് പുളഞ്ഞ മുരുകൻ കാലിലേക്ക് നോക്കി. കടിച്ചുപിടിച്ചിരുന്ന അട്ട വീർത്തു വീർത്തു പൊട്ടി തെറിക്കാറായി . ഭയത്തോടെ മുരുകൻ ഉച്ചത്തിൽ നിലവിളിക്കുവാൻ ശ്രമിച്ചു പക്ഷേ ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടന്നു. മരണ വെപ്രാളത്തിൽ മുരുകൻ കൈകൾ ഉയർത്തി ആംബുലൻസിന്റെ ഗ്ലാസിൽ ആഞ്ഞടിച്ചു.
ആംബുലസിനുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ട തങ്കപ്പന് എന്തോ പന്തികേട് തോന്നി അയാൾ വളരെ വേഗത്തിൽ റോഡ് മുറിച്ചു കടന്ന് വണ്ടിക്കരികിലേക്ക് വന്നു. ഗ്ലാസ്സിലൂടെ തങ്കപ്പൻ കണ്ടു മരണവെപ്രാളത്തിൽ പുളയുന്ന മുരുകനെ. തങ്കപ്പന്റെ ഉള്ളിൽ ചെറിയൊരു ഭീതിയുണ്ടായെങ്കിലും... എന്തോ വളരെ പെട്ടന്ന് തന്നെ അയാൾ വണ്ടിക്കകത്തേക്ക് ചാടിക്കയറി. അപ്പോഴേക്കും മുരുകൻ അവശനായി സീറ്റിലേക്ക് വീണിരുന്നു.തങ്കപ്പൻ വേഗം തന്നെ ലൈറ്റർ തെളിയിച്ചു മുരുകന്റെ കാലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അട്ടയുടെ ദേഹത്തേക്ക് ആ ചൂട് പറ്റിച്ചു അല്പസമയം അട്ട കടിയുടെ പിടുത്തം വിട്ട് തറയിലേക്ക് വീണു. കൃഷ്മണികൾ മേലേക്കുന്തി, പല്ലുകൾ കൊരുത്ത്, വായും തുറന്ന് സീറ്റിലേക്ക് വീണ് കിടക്കുന്ന മുരുകന്റെ മുഖത്തേക്ക് അയാൾ കുറച്ചു വെള്ളം തളിച്ച് കൊടുത്തു.വെള്ളതുള്ളികൾ മുഖത്തേക്ക് പതിച്ചതും മുരുകൻ ശക്തിയായി ശ്വാസമെടുത്ത് തുടങ്ങി. കിതച്ചുകൊണ്ട് തന്നെ മുരുകൻ ആ കിടപ്പിൽ നിന്നും എഴുന്നേറ്റ് സീറ്റിലേക്ക് നേരെയിരുന്നു...
"എന്തുപറ്റി....... എന്താ അട്ടകടിച്ചപ്പോൾ പേടിച്ചു പോയോ...." തങ്കപ്പൻ ചോദിച്ചു. "ഏയ്‌ ഒന്നുമില്ല നീ... വണ്ടിയെടുക്കു വേഗം പോകാം ഡോക്ടർ കാത്തിരിക്കുന്നുണ്ടാകും ".... തങ്കപ്പനോട് പറഞ്ഞിട്ട് മുരുകൻ പുറകിലേക്ക് തിരിഞ്ഞു നോക്കി... രണ്ടു ശവങ്ങളും വെള്ളപുതച്ച നിലയിൽ അവിടെ തന്നെയുണ്ട് .തനിക്കെല്ലാം തോന്നിയതാകും എന്ന് മനസ്സിനെ സ്വയം പറഞ്ഞു സമാധാനിപ്പിച്ചിട്ട് ആംബുലൻസിൽ വാസുവിന് കുടിക്കാൻ വാങ്ങി വച്ചിരുന്ന മദ്യകുപ്പി അവൻ വേഗം കൈയെത്തിയെടുത്തു.മൂടി തുറന്ന് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമഴ്ത്തി. തങ്കപ്പൻ ആക്‌സിലേറ്ററിൽ കാലമർത്തി ചവിട്ടി. ആംബുലൻസ് ഇരുട്ടിനെ വകഞ്ഞുമാറ്റി റോഡിലൂടെ കുതിച്ചു....
നന്നേ ക്ഷീണം അനുഭവപ്പെട്ടെങ്കിലും മുരുകൻ ആംബുലൻസിൽ നിന്നും ഇറങ്ങി ഡോക്ടറുടെ വീടിന്റെ മുറ്റത്തേക്ക് നടന്നു. ആംബുലൻസിനുള്ളിൽ വച്ച് തനിക്കുണ്ടായ അനുഭവമൊക്കെ മദ്യത്തിന്റെ ലഹരിയിൽ അയാൾ പാടെ മറന്നിരുന്നു . മുരുകൻ കോളിങ് ബെല്ലിൽ വിരലമർത്തി. വളരെ വേഗം തന്നെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്കു വന്നു. വടിപോലെ തേച്ചു മിനുക്കിയ പാന്റും, ഷർട്ടും ധരിച്ച് , കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കിയിട്ട് ഭംഗിയായി ചികിയൊതുക്കിയ മുടിയോടുംകൂടി മാത്രം മുരുകൻ കണ്ടിട്ടുള്ള ഡോക്ടറെ ഇപ്പൊ ദേഹം മുഴുവൻ ഭസ്മവും വാരിപ്പൂശി ഒരു വെള്ളമുണ്ട് മാത്രം ഉടുത്തും നിൽക്കുന്നതായി കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്.എന്നാലും ആ ചിരിയെ ഉള്ളിൽ തന്നെ ഉറക്കികിടത്തിയിട്ട് അവൻ ഭവ്യതയോടെ ഡോക്ടറെ നോക്കി നിന്നു.
"എന്താ മുരുകാ നീ വന്നത് അവനെവിടെ വാസു..."ഡോക്ടർ ചുറ്റും കണ്ണോടിച്ചുകൊണ്ട് ചോദിച്ചു...
."അത് സാറേ.... ഒരു സംഭവമുണ്ടായി മോർച്ചറിയിൽ വച്ച് എന്തോ കണ്ടു ഭയന്നതാണെന്ന് തോന്നുന്നു ഞാൻ നോക്കുമ്പോൾ വാസു അതിനുള്ളിൽ ചത്തുകിടക്കുകയായിരുന്നു..." . വളരെ ലാഘവത്തോടെ മുരുകൻ പറഞ്ഞുനിർത്തി .
നെറ്റി ചുളിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു "ചത്തു പോയോ..... എന്നിട്ട് താൻ എന്നെ വിളിച്ചു പറയാത്തതെന്താ..
" ഞാൻ സാറിനെ കുറെ പ്രാവശ്യം വിളിച്ചു പക്ഷേ എടുത്തില്ല... അതുകൊണ്ട് സാറിനു ഒരു ശവം കൂടി ഇരിക്കട്ടെ എന്ന് കരുതി വാസുവിന്റെ ബോഡി കൂടി ഇങ്ങോട്ട് കൊണ്ട് വന്നിട്ടുണ്ട്...." ചിരിച്ചുകൊണ്ട് മുരുകൻ പറഞ്ഞു...
ഒറ്റ പൊട്ടി തെറിയായിരുന്നു ഡോക്ടർ..." ആരോട് ചോദിച്ചിട്ടാ ആ ശവം കൂടി ഇങ്ങോട്ട് കൊണ്ട് വന്നത്...ചതിച്ചല്ലോ"... ഡോക്ടറുടെ മുഖം ചുമന്നു തുടുത്തു.....
"അത്.. അത്... "വിക്കി വിക്കി മുരുകൻ എന്തോ പറയുവാൻ തുടങ്ങി... "ഇനി കിടന്ന് ഉരുളണ്ട... ചിന്തിച്ചിട്ടു കാര്യവുമില്ല .. ആ സ്ത്രീയുടെ ശവം മാത്രം വേഗം ഇങ്ങേടുത്തു വാ..." ഡോക്ടർ പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
ശരിയെന്നു തലയാട്ടിയിട്ട് മുരുകൻ ആംബുലൻസിനടുത്തേക്ക് നീങ്ങി. തങ്കപ്പനെ കൂടി വിളിച്ച് ആംബുലൻസിൽ നിന്നും സ്ത്രീയുടെ ശവം അവർ പുറത്തേക്കെടുത്തു. ശവത്തെ വെളിയിലെടുക്കുമ്പോഴും മുരുകൻ ആംബുലൻസിനുള്ളിൽ ആ അട്ടയെ കണ്ണുകൾ കൊണ്ട് പരതുന്നുണ്ടായിരുന്നു .. പക്ഷേ അതിനെ അവിടെയൊന്നും കണ്ടില്ല.
ഡോക്ടർ പാതി തുറന്നിരുന്ന വാതിൽ മുഴുവനായി തുറന്നു കൊടുത്തു ശവം താങ്ങി പിടിച്ചു കൊണ്ട് അവർ ഉള്ളിലേക്ക് കയറി. "ദാ അവിടെ വച്ചോളു.. "ഒരു അടച്ചിട്ടിരുന്ന വാതിൽ ചൂണ്ടി കാണിച്ച് ഡോക്ടർ പറഞ്ഞു.. വാതിൽക്കൽ ശവം ഇറക്കി വയ്ക്കുമ്പോൾ മുരുകന്റെ കണ്ണുകൾ ചുറ്റുമൊന്ന് വീക്ഷിച്ചു.എന്താണവിടെ നടക്കുന്നത്? പക്ഷേ ആസാധാരണമായി ഒന്നും അവനവിടെ കാണാൻ കഴിഞ്ഞില്ല,എന്നാൽ മനുഷ്യശരീരം ദഹിപ്പിക്കുമ്പോൾ ഉണ്ടാകുന്ന നാറ്റം ആ വാതിലിന്റെ വിടവിലൂടെ മൂക്കിലേക്ക് തുളച്ചു കയറുന്നത് അവൻ അറിഞ്ഞു.. "ആ ഇനി നിങ്ങൾ പോയി ആംബുലൻസിൽ ഇരുന്നോ ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി.."ഒരു നിമിഷം പോലും അവരെയവിടെ നിർത്താൻ താല്പര്യമില്ലാത്ത മട്ടിൽ ഡോക്ടർ പറഞ്ഞു.
മദ്യം ഗ്ലാസ്സിലേക്ക് പകരുന്നതിനിടയിൽ മുരുകൻ ചോദിച്ചു.. "തങ്കപ്പാ.. ഇ ഡോക്ടർ ശവം കൊണ്ട് എന്താണ് ചെയ്യുന്നത്..
"ഓ എനിക്കറിയില്ല.....പക്ഷേ കുറെ കഴിയുമ്പോൾ ശവം തിരികെ തരും... "അയാൾ ഒരു കവിൾ മദ്യം കുടിച്ചിറക്കികൊണ്ട് പറഞ്ഞു...
"തിരികെ തരുമോ? എന്നിട്ട് ഇതുവരെയും വാസു ഒറ്റ ശവം പോലും മോർച്ചറിയിലേക്ക് കൊണ്ട് വന്നിട്ടില്ലല്ലോ"....ആശ്ചര്യത്തോടെ മുരുകൻ ചോദിച്ചു...
"അതെങ്ങനെ കൊണ്ടുവരും ഡോക്ടർ പ്രേത്യകം പറഞ്ഞിട്ടുണ്ട് പോകുന്ന വഴിയിൽ ശവങ്ങൾ ചെകുത്താൻ കൊക്കയിലേക്ക് ഉപേക്ഷിക്കണുമെന്ന്... പിന്നെ ഒരു കാര്യം ഡോക്ടറുടെ ഉപയോഗം കഴിഞ്ഞ ശവങ്ങളുടെയെല്ലാം മുലകൾ മുറിച്ചുമാറ്റപ്പെട്ടിരിക്കും ... തങ്കപ്പൻ പറഞ്ഞതുകേട്ട് മുരുകൻ വല്ലാതെ അത്ഭുതപ്പെട്ടു...
അപ്പോൾ ഡോക്ടർ എന്തായിരിക്കും ശവം കൊണ്ട് ചെയ്യുന്നതെന്നവൻ മനസ്സിൽ ചിന്തിച്ചു.എന്നിട്ട് വാസുവിന്റെ ശരീരം കിടക്കുനടുത്തേക്ക് നോക്കി അത് അവിടെ തന്നെ കിടക്കുന്നു.
"ഇനി അല്പമൊന്നുറങ്ങട്ടെ ഡോക്ടർ വിളിക്കുവാൻ ഇനിയും സമയമെടുക്കും "....എന്നും പറഞ്ഞ് തങ്കപ്പൻ കണ്ണുകളടച്ച് സീറ്റിലേക്ക് ചാരി. മുരുകന്റെ മനസ്സിൽ ഡോക്ടർ എന്താണ് ചെയ്യുന്നതെന്ന് അറിയുവാനുള്ള ആഗ്രഹം അമിതമായി . തങ്കപ്പൻ ഉറക്കം പിടിച്ചു എന്ന് മനസ്സിലായപ്പോൾ മുരുകൻ പെൻടോർച്ചും കൈയിലെടുത്തു ശബ്ദമുണ്ടാക്കാതെ വണ്ടിക്കു പുറത്തേക്കിറങ്ങി. മുരുകൻ പുറത്തേക്കിറങ്ങി കഴിഞ്ഞതും വാസുവിന്റെ ശവം മെല്ലെ കണ്ണുകൾ തുറന്ന്...കിടക്കുന്ന കിടപ്പിൽ നിന്നും പതിയെ എഴുന്നേറ്റ്.... ജ്വലിക്കുന്ന കണ്ണുകൾകൊണ്ട് തങ്കപ്പനെ തന്നെ നോക്കുകയായിരുന്നു... ആ സമയം വാസുവിന്റെ വായിൽ നിന്നും ഒരു അട്ട വെളിയിലേക്കുവന്നു ... അത് അവന്റെ ദേഹത്ത് കൂടെ പതിയെ ഇഴഞ്ഞു തറയിലേക്ക് ഇറങ്ങി. തങ്കപ്പന്റെ കാൽ ലക്ഷ്യമാക്കി ചലിക്കുകയായിരുന്നു .
കാലിൽ എന്തോ കുരുങ്ങിയപ്പോൾ ഭയത്തോടെ മുരുകൻ പെൻടോർച്ച് തെളിയിച്ചു നോക്കി പൈപ്പിൽ ഉറപ്പിച്ചിരുന്ന ഓസ്സ് ആയിരുന്നു അത്. അവൻ ഒന്ന് ശ്വാസം വലിച്ചുവിട്ടുകൊണ്ട് കാലുകൾ കൊണ്ട് തന്നെ ഓസ് നീക്കി കളഞ്ഞു.എന്നിട്ട് മുരുകൻ ആ വീടിന്റെ ഓരോ ജനലിന്റരികിലും പോയി ശവം ദഹിപ്പിക്കുന്ന ഗന്ധം വരുന്നുണ്ടോയെന്ന് മണത്തു നോക്കി . രണ്ടു മൂന്നു ജനാല കഴിഞ്ഞപ്പോൾ നാലാമത്തത്തിൽ നിന്നും ആ രൂക്ഷഗന്ധം പുറത്തേക്കു വന്നു.കുറ്റിയിട്ടിട്ടില്ലാതിരുന്ന ആ ജനൽപാളി പതിയെ തുറന്നു മുരുകനകത്തേക്ക് നോക്കി. മുറിയുടെ നാല് മൂലയിലും പന്തങ്ങൾ കൊളുത്തി വച്ചിരിക്കുന്നു, ചെറിയ ഒരു ഹോമകുണ്ഡത്തിൽ നിന്നും പുക ചുരുളുകൾ മുകളിലേക്ക് ഉയരുന്നു. അതിനടുത്തായി തന്നെ ഒന്ന് രണ്ടു വെട്ടിയ മുലകൾ ഒരു വാഴയിലയിൽ വച്ചിരിക്കുന്നു. ഹോമകുണ്ഡത്തിൽ പാതി- വെന്ത അവസ്ഥയിൽ ഒരു മുല പുകഞ്ഞു കൊണ്ടിരിക്കുന്നു. കുറച്ചപ്പുറത്ത് അടുപ്പിൽ വച്ചിരിക്കുന്ന പാത്രത്തിൽ എന്തോ വെട്ടി തിളയ്ക്കുന്നു സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി തിളയ്ക്കുന്നത് ചോരയാണെന്ന് ... കൂടാതെ കളിമണ്ണിൽ തീർത്ത വികൃതരൂപം പൂണ്ട പ്രതിമയിൽ,മനുഷ്യന്റെ കുടൽമാലകൾ പൂമാല പോലെ അണിയിച്ചിരിക്കുന്നു . മുരുകന് അതിനുള്ളിലെ കാഴ്ച്ചകളെല്ലാം കണ്ട് വല്ലാതെ അറപ്പും, പേടിയും തോന്നി.
അവൻ മുറിയിൽ ഡോക്ടറെ മാത്രം കണ്ടില്ല . വാതിൽ തുറക്കുന്ന ശബ്ദം കേട്ട് മുരുകൻ സൂക്ഷിച്ചു നോക്കി ഡോക്ടർ മുറിയുടെ വാതിൽ തുറന്ന് വിവസ്ത്രയാക്കപ്പെട്ട നിലയിൽ സ്ത്രീയുടെ ശവവും വലിച്ചു കൊണ്ട് അകത്തേക്ക് വന്നു. അവളെ ആ പ്രതിമയ്ക്ക് മുന്നിൽ കിടത്തിയിട്ട് .പുകയുന്ന ഹോമകുണ്ഡത്തിലേക്ക് വാഴയിലയിൽ നിന്നും ഒരു മുല കൂടി എടുത്തിട്ടു. ഭീതിയോടുകൂടി മുരുകൻ ഡോക്ടറുടെ മുഖത്തേക്ക് ശ്രദ്ധിച്ചു നോക്കി ആ മുഖത്തൊരു രാക്ഷസഭാവമായിരുന്നപ്പോൾ . പ്രതിമയ്ക്ക് മുന്നിൽ കൈകൾ ഉയർത്തി എന്തൊക്കയോ മന്ത്രങ്ങൾ ഉരുവിട്ടതിനു ശേഷം ഒരു ഭ്രാന്തനെപ്പോലെ ഡോക്ടറൊരു കത്തിയെടുത്ത് സ്ത്രീയുടെ വയർ കീറുവാൻ ആരംഭിച്ചു. ക്രൂരമായ കാഴ്ച്ച മുരുകൻ കണ്ണുകൾ അറിയാതെ ഇറുക്കിയടച്ചു . അല്പസമയം വീണ്ടും കണ്ണ് തുറന്നു ഉള്ളിലേക്ക് നോക്കി. വയറുകീറി അപ്പോഴേക്കും ഡോക്ടർ ഭ്രുണം വെളിയിലെടുത്തിരുന്നു. അതും കൈയിൽ പിടിച്ചുകൊണ്ട് ഉച്ചത്തിൽ അട്ടഹസിച്ചു "എന്റെ രക്തത്തിൽ പിറന്ന കരുവേ നിനക്കുവേണ്ടിയാണ് ഞാൻ കാത്തിരുന്നത്, നിന്നെ എന്റെ ശരീരത്തിലേക്ക് ലയിപ്പിക്കുന്നതോടുകൂടി ഈ ലോകത്തിലെ സകലമാന ആഭിചാര ശക്തികളുടെയും രാജാവ് ഞാനാകും. പിന്നെ ഞാൻ ആരാ ഇ ഭൂമിയുടെ അവകാശി "...അട്ടഹസിച്ചോണ്ട് തന്നെ അയാൾ ഭ്രുണത്തെ തിളയ്ക്കുന്ന ചോരയിലേക്ക് എടുത്തെറിഞ്ഞു. പാത്രത്തിൽ നിന്നും ചോര പലഭാഗത്തേക്കും ചിന്നി തെറിച്ചു. വളരെ വേഗം തന്നെ ശവത്തിന്റെ വയർ തുന്നികെട്ടിയിട്ട് ഡോക്ടർ പ്രതിമയുടെ തലയിൽ കൈ വച്ച് കൊണ്ട് അലറുകയാണ് .. "വരു പുറത്തേക്കു വരു.. നിനക്കായി ഇതാ പുതിയൊരു സ്ത്രീയെ കൊണ്ടുവന്നിരിക്കുന്നു വന്ന് അ ശരീരത്തിലേക്ക് പടർന്നു കയറു, മതിയാവോളം ആസ്വദിക്കു ..."
എന്താണ് നടക്കുന്നത് കുടിച്ച മദ്യത്തിന്റെ ലഹരിയെല്ലാം മുരുകനിൽ നിന്നും ആവിയായി പോയി. അവന് കാലിൽ നിന്നും തലയിലേക്ക് ഒരു പെരുപ്പ് കയറുമ്പോലെ തോന്നി. ഭയം അവനെ ചുറ്റി വരിഞ്ഞു.. മുറിക്കുള്ളിലെ പ്രതിമയിൽ നിന്നും ഒരു രാക്ഷസ രൂപം പുറത്തേക്കു വന്നു.ശരീരം മുഴുവൻ രോമാവൃതമായ ആ രൂപം മനുഷ്യനോ മൃഗമോ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയായിരുന്നു. സ്ത്രീയുടെ ശവം നോക്കി കൂർത്ത പല്ലുകൾ പുറത്ത് കാട്ടി ചിരിക്കുമ്പോൾ അതിന്റെ വായിൽ നിന്നും ഉമിനീര് ദേഹത്തേക്ക് ഒളിച്ചിറങ്ങുന്നുണ്ട്. അത് പതിയെ സ്ത്രീയുടെ ശവത്തിനരികിലായി ഇരുന്നു. പെട്ടന്നാണ് മുരുകന്റെ തോളിൽ ഒരു കൈ വന്നു പതിച്ചത് അവൻ ഞെട്ടി തിരിഞ്ഞു.
ആംബുലൻസിനുള്ളിൽ തങ്കപ്പൻ മരണത്തോട് മല്ലടിക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ അവന്റെ കർണ്ണപടം പൊട്ടിപോകുമാറുവിധം ഉച്ചത്തിൽ ആയിരുന്നു. വാസുവിന്റെ ശവം തങ്കപ്പനെ നോക്കികൊണ്ടിരുന്നു.
അയാളുടെ അവസാന തുള്ളി ചോരയും വലിച്ചു കുടിച്ച അട്ട മനുഷ്യനോളം വലുതായി.പിടഞ്ഞു പിടഞ്ഞു അവസാന ശ്വാസവും തങ്കപ്പനിൽ നിന്നും അവസാനിച്ചപ്പോൾ അട്ട തങ്കപ്പന്റെ ശരീരത്തെയും വലിച്ചുകൊണ്ട് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മറഞ്ഞു....
ഞെട്ടി തിരിഞ്ഞ മുരുകന് അവിടെ ആരെയും കാണുവാൻ കഴിഞ്ഞില്ല. പക്ഷേ തോളിൽ പതിഞ്ഞ കൈയുടെ ബലം കൂടി കൂടി വന്നു... "ആരാ അത്.... " ദയനീയമായി മുരുകൻ ശബ്ദം താഴ്ത്തി ചോദിച്ചു.. "
പേടിക്കണ്ട നീ.. ഇത് ഞാനാണ് വാസു.." അശരീരി പോലെ വാസുവിന്റെ ശബ്ദം അവിടെ മുഴങ്ങി.
"വാസുവോ..". അവൻ ഞെട്ടി പോയി .
"നിന്നെ ഞാൻ ഒന്നും ചെയ്യില്ല പക്ഷേ ഡോക്ടറുടെ പൂജ നീ മുടക്കണും.. ..." വാസുവിന്റെ ശബ്ദം...
"ഞാനോ ഞാൻ എങ്ങനെ മുടക്കുവാനാണ്.. .. ഇതെല്ലാം കണ്ട് എന്റെ നല്ല ജീവൻ പോയി നിൽക്കുകയാണ് ".. മുരുകൻ കെഞ്ചി കൊണ്ട് പറഞ്ഞു ...
"ഒന്നുമില്ല.. അകത്തു കത്തുന്ന പന്തങ്ങൾ കെടുത്തുക ബാക്കി ഞാൻ പിന്നെ പറയാം..." വാസുവിന്റെ ശബ്ദം വീണ്ടും മുഴങ്ങി ....
"എന്തിനു വേണ്ടി.. . ഡോക്ടർ എന്തോ ചെയ്യട്ടെ ചത്തു പോയ നിനെക്കെന്താ.. " ഉറച്ച സ്വരത്തിൽ മുരുകൻ ചോദിച്ചു....
വാസുവിന്റെ പൊട്ടിച്ചിരി അവിടെയാകെ പ്രതിധ്വനിച്ചു "ഇപ്പൊ തന്നെ തങ്കപ്പൻ കൊല്ലപ്പെട്ടു കഴിഞ്ഞു ... പൂജ തുടർന്നാൽ ഒരു പക്ഷേ നീയും കൊല്ലപ്പെടും .. പിന്നെ ഞാനും, നീയും, തങ്കപ്പനും, ഇവിടെ വന്നിട്ടുള്ള മറ്റ് ശവങ്ങളുടെ ആത്മാവുമെല്ലാം നീചനായ ഡോക്റുടെ അടിമയാകും ഒരിക്കലും മോഷം കിട്ടാതെ അയാളുടെ അടിമയായി ഇവിടെ കിടന്നു നരകികേണ്ടി വരും... പൂജ മുടക്കിയാൽ ഒരു പക്ഷേ നിനെക്കെങ്കിലും ജീവൻ തിരിച്ചു കിട്ടും..." വാസു പറഞ്ഞ് നിർത്തി ...
ജീവൻ നഷ്ടപ്പെടുമെന്ന് കേട്ട് ഭയന്ന മുരുകൻ മുറിക്കുള്ളിലെ പന്തങ്ങൾ കെടുത്തുവാൻ മനസ്സിലുറച്ചു. എന്തു ചെയ്യും അവനാകെ നിന്ന് വിറച്ചു ..എന്തെങ്കിലും ചെയ്തില്ലെങ്കിൽ വാസുവിന്റെ പ്രേതം തന്നെ കൊല്ലും. പെട്ടന്നാണ് വരുന്ന വഴിയിൽ കണ്ട ഓസ്സിന്റെ കാര്യം ഓർമ്മയിൽ വന്നത്. പൈപ്പിൽ ഉറപ്പിച്ചിരിക്കുന്ന ഓസ്സിനെ വളരെ വേഗം തന്നെയവൻ ജനലിനരുകിലേക്ക് വലിച്ചുകൊണ്ട് വന്നു. പൈപ്പ് തുറന്നുകൊണ്ടവൻ ജനൽ വഴി ഓസ് കടത്തി മുറിക്കുള്ളിലേക്ക് വെള്ളം പമ്പ് ചെയ്തു.. വെള്ളം മുറിക്കുള്ളിലേക്ക് അടിച്ചു കയറിയതും കത്തികൊണ്ടിരുന്ന പന്തങ്ങൾ അണയുകയും മുറിക്കുള്ളിൽ ഇരുട്ട് വന്നു മൂടുകയും ചെയ്തു.അ നിമിഷം തന്നെ ഓസ്സും താഴെയിട്ടിട്ട് മുരുകൻ ആംബുലൻസിനടുത്തേക്ക് ഓടി...
സ്ത്രീയുടെ ശവത്തെ പ്രാപിച്ചുകൊണ്ടിരുന്ന രൂപം പെട്ടന്ന് അലറി വിളിച്ചു കൊണ്ട് ചാടിയെഴുന്നേറ്റു . ഡോക്ടർ ആകട്ടെ പെട്ടന്നുണ്ടായ ഷോക്കിൽ കുറച്ചു നിമിഷം തരിച്ചു നിന്നു പോയി. പെട്ടന്ന് തന്നെ സ്ഥലകാലബോധം തിരിച്ചു പിടിച്ച ഡോക്ടർ മനസ്സിലാക്കി. എന്നെങ്കിലും രണ്ടു ശവങ്ങൾ ഒരുമിച്ചിവിടെ വരുന്നോ അന്ന് ചില അനർത്ഥങ്ങൾ ഉണ്ടാകും.. അതിനുള്ള പരിഹാരം പുറത്തു കിടക്കുന്ന ശവത്തിന്റെ തലയറുത്തു... അതിൽ നിന്നുമുറ്റുന്ന രക്തം ഇ ഹോമകുണ്ഡത്തിൽ ചാലിക്കണും. നിമിഷങ്ങൾ കൊണ്ട് തന്നെ അത് സംഭവിച്ചിരിക്കുകയും വേണും .. അല്ലെങ്കിൽ ഇതുവരെയുണ്ടാക്കിയ എല്ലാ ശക്തിയും..ആ രൂപവുമെല്ലാം നശിക്കും....
ഡോക്ടർ വളരെ വേഗം തന്നെ കത്തിയുമായി റൂമിൽ നിന്നുമിറങ്ങി... "മുരുകാ നീ പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു.. ഒരിക്കലും ഡോക്ടറെ എന്റെ ശവത്തിനടുത്ത് എത്തിക്കരുത് .... മ്മ് വേഗം...എന്തെങ്കിലും ചെയ്യു".. വാസുവിന്റെ ശബ്ദം മുരുകന്റെ ചെവികളിൽ മുഴങ്ങി ...സ്വന്തം ജീവൻ രക്ഷിക്കുവാൻ എന്തിനും തയ്യാറായി നിന്ന മുരുകൻ ആംബുലൻസിൽ നിന്നും ഞൊടിയിടയിൽ ജാക്കി ലിവറുമെടുത്തു കൊണ്ട് പ്രധാന വാതിലിന്റെയരികിൽ വന്നു നിന്നു... ഡോക്ടർ വാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങിയതും മുരുകൻ ലിവർ വീശിയതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായി കാലുകളിൽ അടിയേറ്റ ഡോക്ടർ നിലവിളിച്ചു കൊണ്ട് തറയിലേക്ക് വീണു. "മുരുകാ നിയോ.... നിന്റെ സമയം അവസാനിച്ചെടാ.. .." അലറിക്കൊണ്ട് ഡോക്ടർ പറഞ്ഞു... തറയിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച ഡോക്ടറുടെ നേരെ .. വീണ്ടും മുരുകന്റെ കൈയിലിരുന്ന ലിവർ പല പ്രാവശ്യം ഉയർന്നു താണു. ഡോക്ടറുടെ നിലവിളി അവിടെയാകമാനം അലയടിച്ചു. . നിമിഷങ്ങൾ കൊണ്ട് തീർക്കേണ്ടത് പൂർത്തീകരിക്കാൻ കഴിയത്ത വിഷമവും, വേദനയും കാരണം ഡോക്ടർ തറയിൽ കിടന്ന് പുളഞ്ഞു ..
ഇ സമയം മുറിക്കുളിലെ രൂപത്തിന് ശക്തി ക്ഷയിച്ച് തപ്പി തടയുകയായിരുന്നു .അതിന്റെ ശരീരത്തിലെ ഓരോ രോമവും ആരോ പിഴുതെറിയും പോലെ ഇളകി വീണു. രൂപം ഇരുട്ടിൽ അലറി വിളിച്ചു. രോമങ്ങൾ പൊഴിയുന്നതിനനുസരിച്ച് അതിന്റെ ശരീരത്തിൽ മുഴകൾ പൊന്തി വന്നു. ഞൊടിയിടയിൽ തന്നെ അത് പൊട്ടുകയും അതിൽ നിന്നും ചലവും, ചോരയും ഒഴുകികൊണ്ടിരിന്നു . ആ രൂപം ചോര ശർദ്ധിക്കുന്നതോടൊപ്പം തന്നെ അതിന്റെ വായിലെ കൂർത്ത പല്ലുകളും ഇളകി തറയിലേക്ക് വീണു..
പെട്ടന്ന് തന്നെ പ്രതിമ ഒരു കുലുക്കത്തോടുകൂടി പൊട്ടിതെറിച്ചു.. അതിൽ നിന്നും തെറിച്ച ചീളുകൊണ്ട് തിളച്ചു കൊണ്ടിരുന്ന ചോര പാത്രം തറയിലേക്ക് കമഴ്ന്നു... ... ആ രൂപം മെല്ലെ അലിഞ്ഞലിഞ്ഞു ഹോമകുണ്ഡത്തിലേക്ക് ലയിച്ചുചേർന്നു . അപ്പോഴേക്കും തറയിൽ വീണ ഭ്രുണത്തിൽ നിന്നും ഒരു അട്ട പൊന്തിവന്നു അത് വളരെ വേഗം ഇഴഞ്ഞു കൊണ്ട് പുറത്തേക്കു നീങ്ങി... സ്ത്രീ തറയിൽ നിന്നും എഴുന്നേറ്റു ചോരകുഞ്ഞിനെ മുലയൂട്ടുവാൻ തുടങ്ങി... ഡോക്ടറുടെ ചെവികളിൽ കുഞ്ഞിന്റെ കരച്ചിൽ വന്നു പതിച്ചു... അയാൾ അലറി വിളിച്ചു കരഞ്ഞു. അപ്പോഴേക്കും അട്ട അയാളുടെ കാലിൽ നിന്നു ചോര വലിച്ചു കുടിച്ചു തുടങ്ങിയിരുന്നു .
മുരുകൻ ഭ്രാന്തനെപോലെ തലയിൽ കൈയ്യുംകൊടുത്ത് തറയിലേക്ക് ഇരുന്നു... പെട്ടന്ന് വീണ്ടും വാസുവിന്റെ ശബ്ദം.." ഇനി ഒന്നുകൂടി ബാക്കി... എത്രയും വേഗം ഈ ശവങ്ങളെല്ലാം ചെകുത്താൻ കൊക്കയിലേക്ക് കൊണ്ടിടണും .. അതോടു കൂടി നീ സ്വതന്ത്രനാകും ..." ഒരു യന്ത്രം കണക്കെ മുരുകൻ മുഴുവൻ ശവങ്ങളും വലിച്ചു കൊണ്ടുവന്ന് ആംബുലൻസിനുള്ളിൽ കയറ്റി... ഡോക്ടർ.. സ്ത്രീ, വാസു, തങ്കപ്പൻ. നാലു ശവങ്ങളും കൊണ്ട് ആംബുലൻസ് കുതിച്ചു പാഞ്ഞു.... പുറകിൽ നിന്നും അശരീരി പോലെ "വേഗം... വേഗം" എന്ന് മുഴങ്ങി കേട്ടുകൊണ്ടിരുന്നു ....
ഏകദേശം ആംബുലൻസ് ചെകുത്താൻ കൊക്കയ്‌ക്ക് സമീപമായി ... പെട്ടന്നാണ് ഒരു കുഞ്ഞിന്റെ കരച്ചിൽ മുരുകന്റെ ചെവികളിൽ പതിച്ചത്. മുരുകൻ ഭയത്തോടെ തിരിഞ്ഞു നോക്കി. ആ സ്ത്രീ എഴുന്നേറ്റിരുന്നു ചോരകുഞ്ഞിനെ മുലയൂട്ടുന്നു .. ബാക്കിയുള്ളവർ അതും നോക്കിയിരിക്കുന്നു... ഭീതിയോടെ മുരുകൻ മെല്ലെ കുനിഞ്ഞു കാലിലേക്ക് നോക്കി ഇല്ല അട്ടയെ അവിടെ കാണുവാനില്ലാ ... പെട്ടന്ന് കൈകളിൽ എന്തോ തടഞ്ഞു...മുരുകന്റെ കണ്ണുകൾ താഴെ നിന്നും അങ്ങോട്ട്‌ പാഞ്ഞു. സ്റ്റിയറിങ്ങിൽ അട്ട പറ്റി പിടിച്ചിരിക്കുന്നു ... മുരുകൻ നിലവിളിച്ചു കൊണ്ട് സ്റ്റിയറിങ്ങിൽ നിന്നും കൈകൾ വലിച്ചെടുത്തു ... ആരോ നിയന്ത്രിക്കും പോലെ സ്റ്റിയറിങ് സ്വയം തിരിഞ്ഞു.മുരുകൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ആ ആംബുലൻസ് ചെകുത്താൻ കൊക്കയിലേക്ക് .. നാലു ശവങ്ങളെയും ..ഒപ്പം മുരുകനെയുംകൊണ്ട് ഇറങ്ങിപോയിരുന്നു .......
ഡിനുരാജ് വാമനപുരം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo