ഹരീഷ് നിന്നെ കുറിച്ചുഞാൻ ഓർമ്മിക്കുന്നു
*********************************************
പ്രിയപ്പെട്ട കൂട്ടുകാരൻ ഹരീഷ് നീയിതു വായിക്കുമോ? അല്ലേ നിനക്കിതു വായിക്കുവാൻ കഴിയുമോ? എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുറപ്പാണ് നമ്മളൊടൊപ്പം U. P സ്കൂളിൽ പഠിച്ചവരോ, അല്ലേ അന്ന് ആ സ്കൂളിൽ ജോലിചെയ്തിരുന്ന അദ്ധ്യാപകരോ,അല്ലേ നമ്മുടെ നാട്ടുകാരോ ഇത് വായിക്കുമെങ്കിൽ ഒരു പക്ഷേ അവർ നിന്നെ മറന്നുപോയിട്ടുണ്ടെങ്കിൽ വീണ്ടും നിന്നെ കുറിച്ച് ഓർമ്മിക്കും.
*********************************************
പ്രിയപ്പെട്ട കൂട്ടുകാരൻ ഹരീഷ് നീയിതു വായിക്കുമോ? അല്ലേ നിനക്കിതു വായിക്കുവാൻ കഴിയുമോ? എന്ന് എനിക്കറിയില്ല. പക്ഷേ ഒന്നുറപ്പാണ് നമ്മളൊടൊപ്പം U. P സ്കൂളിൽ പഠിച്ചവരോ, അല്ലേ അന്ന് ആ സ്കൂളിൽ ജോലിചെയ്തിരുന്ന അദ്ധ്യാപകരോ,അല്ലേ നമ്മുടെ നാട്ടുകാരോ ഇത് വായിക്കുമെങ്കിൽ ഒരു പക്ഷേ അവർ നിന്നെ മറന്നുപോയിട്ടുണ്ടെങ്കിൽ വീണ്ടും നിന്നെ കുറിച്ച് ഓർമ്മിക്കും.
ഞങ്ങൾ മൂനാംക്ലാസ്സ് ജയിച്ചു നാലാംക്ലാസ്സിലേക്ക് എത്തിയിരിക്കുന്നു.പുതിയ ക്ലാസ്സ് റൂമിൽ ഇതുവരെ കളിച്ചു നടന്ന സുഖമെല്ലാം നഷ്ടമായ വിഷമത്തിൽ ഇരിക്കുമ്പോഴാണ് പുതിയ അതിഥിയായി കൈയിൽ ഒരു വെളിപ്പെട്ടിയും,പാന്റ് ധരിച്ചിരുന്ന കാലുകളിലെ പാദങ്ങളിൽ വെള്ളയിൽ കളറുള്ള ഷൂസുമിട്ടുകൊണ്ട്, ഒരു വയസ്സായ ആളുടെ കൈയുംപിടിച്ച് ഹരീഷ് നീ നമ്മുടെ ക്ലാസ്സിലേക്ക് വരുന്നത്. അന്ന് നിക്കറും, സിൽപ്പെർ ചെരിപ്പും, ബുക്ക് കൊണ്ട് വരാൻ കവറും മാത്രമുള്ള ഞങ്ങൾ നിന്റെ പാന്റിലേക്കും, ഷുസിലേക്കും,പെട്ടിയിലേക്കും അത്ഭുതത്തോടെയാണ് നോക്കിയത്.പക്ഷേ നീ കൈപിടിച്ചു വന്ന അപ്പൂപ്പനെ നമുക്കെല്ലാം പരിചിതമായിരുന്നു കാരണം സ്കൂളിന് കുറച്ചു താഴെയായി കട നടത്തുന്ന നമ്മളെല്ലാം പേടിയോടെ നോക്കുന്ന കൊമ്പൻ മീശവെച്ച പോലീസിൽ നിന്നും വിരമിച്ച അപ്പൂപ്പനായിരുന്നു അത്.
നാലാംക്ലാസ്സിൽ എത്തിയിട്ടും വായിക്കുവാൻ പോലും അറിയാത്ത, ആരോടും അധികംമിണ്ടാത്ത, കഞ്ഞികുടിക്കുമ്പോൾ മുഴുവൻ തറയിലും, ശരീരത്തിലും കോരിയിടുന്ന,ക്ലാസിലിരുന്ന് മുള്ളുന്ന, പ്രത്തേകരീതിയിൽ ആടിയാടി നടക്കുന്ന, സംസാരിക്കുമ്പോൾ അല്പം കൊഞ്ഞയുള്ള നിന്നെ ഞങ്ങളെല്ലാം ഒന്നും അറിയാത്ത ആ പ്രായത്തിൽ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ദിവസ്സങ്ങൾ കടന്നു പോയപ്പോൾ നീ ഞങ്ങളോടെല്ലാം കൂട്ടായെങ്കിലും കളിക്കുമ്പോഴും, മറ്റുമൊക്കെയുള്ള നിന്റെ ചുണക്കുറവിൽ നിന്നും, സംസാരത്തിലും, പ്രവർത്തിയിൽ നിന്നുമൊക്കെ ഞങ്ങൾ മനസ്സിലാക്കി നിനക്ക് ബുദ്ധിക്കെന്തോ കുഴപ്പമുണ്ടെന്നു.പിന്നീട് ആ ക്ലാസ്സിലുള്ള ഞങ്ങൾ ഓരോരുത്തർക്കും നിന്നോട് ഒരു പ്രേത്യേക സ്നേഹമുണ്ടായിരുന്നു.
വർഷം മൂന്നു കഴിഞ്ഞു നമ്മൾ ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും നീയും, ഞാനും തമ്മിൽ നല്ല കൂട്ടായി മാറിയിരുന്നു. കുറച്ചു പക്വത വന്ന ഞാൻ എന്റെ വീട്ടിൽ നിന്നും നിന്നെകുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കി. കടനടത്തുന്ന അപ്പൂപ്പന്റെ മോന്റെ മോനാണ് നിയെന്ന്... പക്ഷേ മക്കളില്ലാത്ത അവർ നിന്നെ എവിടെനിന്നോ ദത്തെടുത്തതാണെന്ന്. ഗൾഫിൽ ആയിരുന്ന നിങ്ങൾ നിനക്കൊരാനിയത്തി ജനിച്ചപ്പോളാണ് നാട്ടിലേക്ക് വന്നതെന്നും. നിന്റെ അച്ഛനും, അമ്മയ്ക്കും ഇപ്പോ നിന്നെ വേണ്ട,അനിയത്തിയെ മതിയെന്നും. നിന്റെ അപ്പൂപ്പൻ നിന്നെ പൊന്നുപോലെയാണ് നോക്കുന്നതെന്നുമൊക്കെ.നിന്റെ അപ്പൂപ്പന് നിന്നോടുള്ള സ്നേഹം പലപ്പോഴും ഞാനും കണ്ടിട്ടുള്ളത് തന്നെ.
അങ്ങനെ ഏഴാം ക്ലാസ്സ് വരെയുണ്ടായിരുന്ന ആ സ്കൂളിലെ പഠിത്തം അവസാനിച്ചപ്പോൾ. മെയിൻ റോഡിനടുത്തായി വീട് ഉള്ള നീ അത് വഴി നടന്നു പോകാവുന്ന ഹൈസ്കൂളിൽ ചേർന്നപ്പോൾ, വയലിനക്കരെ വീടുള്ള ഞാൻ മറ്റൊരു ഹൈസ്കൂളിലും ചേർന്നു. അതോടെ നമ്മുടെ കൂട്ട് പിരിഞ്ഞെങ്കിലും വല്ലപ്പോഴുമൊക്കെ ഞാൻ മെയിൻറോഡിലെ കടയിൽ വരുമ്പോളോ, അല്ലേ അമ്പലത്തിൽ വരുമ്പോഴൊ നീ നിന്റെ അപ്പൂപ്പന്റെ കൈയുംപിടിച്ചുകൊണ്ട് അതിലൂടെയൊക്കെ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒമ്പതാം ക്ലാസ്സിൽ എത്തിയപ്പോഴാണ് നിന്റെ അപ്പൂപ്പൻ മരിക്കുന്നത്. അന്ന് നിന്റെ വീട്ടിൽ എന്റെ അമ്മയൊക്കെ വന്നിരുന്നു. പിന്നീട് അമ്മ തിരികെ വീട്ടിൽ വന്നിട്ട് പറയുന്നത് ഞാൻ കേട്ടു. "പാവം ആ കൊച്ചിന്റെ കാര്യമാണ് ഇനി കഷ്ട്ടമെന്ന്..." പക്ഷേ അന്ന് അമ്മ പറയുന്നത് കേട്ടിട്ടും നിന്നെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചില്ല. കാലം കടന്നുപോകെ ഞാനും, അതുപോലെ നാട്ടുകാരുമൊക്കെ നിന്നെ മറന്നു. പിന്നെ ഞാൻ ഒരിക്കലും നിന്നെ പറ്റി തിരക്കിയില്ല.
ഇന്ന് വർഷം ഒരുപാട് കഴിഞ്ഞു എനിക്ക് 29വയസ്സായി.ഇപ്പൊ സൗദിയിൽ ആണ് ഞാൻ. ഇന്നലെ എന്തോ നിന്നെ കുറിച്ചുഞാൻ ഓർമ്മിച്ചു. എന്റെ വീട്ടിൽ ഫോൺ വിളിച്ചു ഞാൻ നിന്നെ പറ്റി തിരക്കി, പിന്നെ വേറെ കുറച്ചു പേരോടും തിരക്കി എല്ലാരും പറഞ്ഞത് ഒന്ന് മാത്രം നിന്റെ അപ്പൂപ്പൻ മരിച്ചതിനു ശേഷം നിന്നെ ആരും കണ്ടിട്ടില്ല. ആദ്യകാലങ്ങളിൽ നാട്ടുകാർ നിന്റെ വീട്ടുകാരോട് തിരക്കിയപ്പോൾ അസുഖം കാരണം നിന്നെ ഒരു റൂമിൽ പൂട്ടിയിട്ടേക്കുകയാണെന്ന് പറഞ്ഞു.എല്ലാരും അത് വിശ്വസിക്കുന്നു. ഞാൻ മറന്നപോലെ നിന്നെ എല്ലാവരും മറന്നു. നീ ആ വീടിന്റെ ഇരുണ്ട റൂമിനുള്ളിൽ ഉണ്ടോ, അതോ മറ്റെവിടെയെങ്കിലും നിന്നെ അവർ ഉപേക്ഷിച്ചോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചോ.... അറിയില്ല കൂട്ടുകാരാ"!!!! എന്തായാലും നിന്നെ കുറിച്ച് ഞാൻ ഇപ്പൊ ഓർമ്മിക്കുന്നു. നീ എവിടെയാണെങ്കിലും നന്നായിരിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു.
ഡിനുരാജ് വാമനപുരം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക