നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#കെട്ടിയോൾടെ #കലിപ്പ്

"ഇക്കാ, നിങ്ങടെ പണി കഴിഞ്ഞില്ലേ, വെക്കം പൊരയിലേക്ക് ബാ..... "
കെട്ടിയോളുടെ ഫോണിൽ കൂടിയുള്ള സംസാരത്തിൽ പന്തികേട്‌ തോന്നി വേഗം പണിസ്ഥലത്തു നിന്നും പൊരയിലേക്ക് പോയി....
ഉമ്മറത്ത്‌ ബൈക്ക് നിർത്തി സ്റ്റാന്റ് വെയ്ക്കുമ്പോൾ കെട്ടിയോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങടെ കുട്ടിയേയും പൊക്കിയെടുത്തു എന്റെടുത്ത്‌ പാഞ്ഞു വന്നു.. കുട്ടിയുടെ കയ്യ് പിടിച്ചു നീട്ടിയിട്ടു അവൾ തുടർന്നു,,
"ഇക്ക നിങ്ങളു നോക്കീൻ, നുമ്മടെ മോൾടെ കയ്യ് ക്ലാസ്സ്‌ ടീച്ചർ അടിച്ചു പൊട്ടിച്ചേക്കുന്നു "
ഞാൻ മോൾടെ കയ്യ് പിടിച്ചു നോക്കി.. കുഞ്ഞിന്റെ കയ്യിൽ അടിയുടെ പാടോ ഒന്നും ഇല്ല...
"എടീ, എവിടെ, എനിക്ക് കാണാൻ പറ്റുന്നില്ല "
" നിങ്ങളെന്തു മനുഷ്യനാ ദേ വെയിലത്തോട്ടു പിടിച്ചു നോക്ക്, കേമായി കാണാം... "
കുഞ്ഞിന്റെ കയ്യ് അവൾ വെയിലത്തോട്ടു വെച്ചു നീട്ടി,,,, ഒരു കുഞ്ഞു പാട് കാണാം...
" വിരലിന്റെ തുമ്പത്ത് അല്ലേ ഇമ്മിണി പോന്നൊരു പാട്, അയിന് നിനക്കെന്താ ഇത്ര ബേജാറ് ഫാത്തൂ "
"ഇമ്മിണിയോ, നിങ്ങളിതിന്റെ വാപ്പ തന്നെ ആണോ, ന്റെ അള്ളാ, ന്റെ കുഞ്ഞിന്റെ കയ്യ് "
ഞാൻ മെല്ലെ വീടിനുള്ളിലേക്ക് കയറി, പിന്നിൽ നിന്നും കുട്ടിയേയും കൊണ്ട് അവൾ എന്റെ മുന്നിൽ വന്നു വീണ്ടും നിന്നു.. ഞാൻ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും എന്റെ കയ്യിലേക്ക് വാങ്ങി... മോളോട് ചോദിച്ചു,, " മോളെ ടീച്ചർ തല്ലിയോ, എന്തിനാ തല്ലിയെ ?"
അവൾ ഇല്ലാത്ത കണ്ണുനീർ നിറച്ചു തല എന്റെ തോളിലേക്ക് ചായിച്ചു ചിണുങ്ങി പറഞ്ഞു
" അയിച്ചു ന്നെ, "
"എന്തിനാ അടിച്ചേ "
" ഹോം വർക്ക്‌ ചെയ്യാത്തതിന് "
" പോട്ടെ, സാരമില്ല, അതോണ്ടല്ലേ ടീച്ചർ അന്നെ തല്ലിയെ, "
ഇത് കേട്ട് കെട്ടിയോൾ കലി തുള്ളി തുടങ്ങി
"സാരമില്ലെന്നോ,,, സാരുണ്ട്, നിങ്ങക്ക് ഇല്ലേൽ എനക്കിണ്ട്,, ഞാൻ ഓൾടെ ഉമ്മയാ...
ഇപ്പോ തന്നെ ആ പ്രിൻസിപ്പലിനെ ബിളിച്ചു കാര്യം പറഞ്ഞോളീൻ, നിങ്ങക്ക് വയ്യേൽ ഞമ്മള് ചെയ്യാം... "
സംഭാഷണത്തിന്റെ ഇടയിലേക്ക് എന്റെ ഉമ്മ മുറിയിൽ നിന്നും ഇറങ്ങി വന്നു..... അവൾ ഉമ്മയോടായി തിരിഞ്ഞ്,,
" ഉമ്മാ, നിങ്ങളിത് കേട്ടോ, കൊച്ചിനെ തല്ലിയതിൽ ഈ ഇക്കായ്ക്ക് ഒരു കൊയപ്പോം ഇല്ലാന്ന് "
" ന്റെ മോളെ, അന്റെ കെട്ടിയോൻ ഒന്നിനും കൊള്ളാത്ത ഒരു കിയങ്ങൻ ആയിപോയെല്ലോ... ന്റെ പടച്ച തമ്പുരാനെ ന്റെ പുള്ളേടെ കയ്യ് നീ കണ്ടോ "
ഉമ്മ മേലേക്ക് കയ്യ് നീട്ടി നിന്നു പുറുപുറുക്കാൻ തുടങ്ങി.....
അവൾ ഫോൺ എടുത്ത് കൊണ്ട് വന്നു,
ഞാനിപ്പം ആ സ്കൂളിലെ പ്രിൻസിപ്പലിനെ ബിളിക്കാൻ പൂവാണ്, നിങ്ങക്ക് ന്റെ കുഞ്ഞിന്റെ കാര്യത്തിൽ ഒരു ബേജാറും ഇല്ലേൽ ഞമ്മൾക്ക് അത് വേണ്ടിയോളം ണ്ട്... "
അവൾ ഫോൺ ചെയ്തു, അങ്ങേത്തലയ്ക്കൽ പ്രിൻസിപ്പൽ ഫോൺ എടുത്തു...
" ഹലോ മാഡം, ഐയാം ഫാത്തിമ ഷാജഹാൻ മദർ ഓഫ്‌ ഹസ്ന ഷാജഹാൻ സ്റ്റാൻഡേർഡ് ടു, ബി ഡിവിഷൻ, ( ഇംഗ്ലീഷ് സ്റ്റോക്ക്‌ കഴിഞ്ഞു ) നിങ്ങടെ ആ ക്ലാസ്സ്‌ ടീച്ചർ ഉണ്ടെല്ലോ റജില, ഒളെന്റെ മോൾടെ കയ്യ് തല്ലി ചതിച്ചേക്കാണ്, നിങ്ങളിതിനു സമാധാനം പറയണം "
പ്രിൻസിപ്പലിന്റെ അവിടെ നിന്നുള്ള സംഭാഷണം ഒന്നും മനസിലാവാതെ അവൾ കേട്ട് നിന്നു..... രണ്ട് വെട്ടം ഹലോ പറഞ്ഞു അവൾ ഫോൺ മെല്ലെ കട്ട്‌ ചെയ്തു.,,
" ഓൾടെ മറ്റേടത്തെ ഇംഗ്ലീഷ്, ഓളും ശരിയല്ല.. ഈ സെയ്ത്താൻമാരുടെ ഇടയിലേക്ക് ആണെല്ലോ റബ്ബേ ന്റെ മോളെ ഇട്ട് കൊടുത്തത്... "
കൊച്ചിനെ എന്റെ കയ്യിൽ നിന്നും വാങ്ങി അവൾ മുറിയിലേക്ക് പോയി.... ഉമ്മയും മെല്ലെ ഉമ്മയുടെ മുറിയിലേക്ക് വലിഞ്ഞു.... ഞാൻ മെല്ലെ സോഫയിലേക്ക് ഇരുന്നു റീമോർട്ടർ എടുത്ത് ടിവി ഓൺ ചെയ്തു.... അപ്പോൾ അവൾ മുറിയിൽ നിന്നും എന്റെ അടുക്കലേക്ക് വന്നു
" അതേ, നമ്മക്ക് ഏഷ്യാനെറ്റ്‌ ന്യൂസിൽ ഒന്ന് വിളിച്ചു പറഞ്ഞാലോ... നമ്പർ ഉണ്ടോ ഇക്കാക്കിട്ടെ.... "
കലിമൂത്ത് ഞാൻ അവളെ നോക്കി, നല്ലൊരു പുച്ഛം ഇട്ട് അവൾ വീണ്ടും മുറിയിലേക്ക് കയറി പോയി......
ഇതിന് ഒരു സമാധാനം ഉണ്ടായില്ലെങ്കിൽ ഇബിടെ കെടന്നു പൊറുക്കാൻ പറ്റില്ല, ആ ഉമ്മയാണ് ഇവൾടെ ഈ തോന്നിവാസത്തിനു കൂട്ട്.. ആദ്യം ഉമ്മയെ സോപ്പിട്ടു കാര്യം നടത്തണം, ഉമ്മ പറഞ്ഞാലേ ഇവൾ കേൾക്കൂ.....
ഞാൻ മെല്ലെ ഉമ്മയുടെ മുറിയിലേക്ക് കടന്നു... കിടക്കയിൽ വേദം ചൊല്ലികിടന്ന ഉമ്മയുടെ അരികിലേക്ക് ഇരുന്നു...
"ഉമ്മാന്റെ കയ്യൊക്കെ നല്ല ശോഷിച്ചു, ഞമ്മളിത്തിരി തൈലം ഇട്ട് ഉഴിയട്ടെ.... "
"ഷാജൂ, മോനെ... നീ ഉമ്മാന്റെ കബറു കാണാൻ നോക്കി ഇരിക്കാനോടാ "
" ഉമ്മാ, എന്തീ പറയണേ, ഈ ഷാജു ഉമ്മാന്റെ പൊന്നുമോൻ അല്ലേ "
" നീ അന്റെ കെട്ടിയോളുടെ അടുത്ത് പോയി കിന്നരികെടാ ആറാംപെറുപ്പേ "
"ഉമ്മ, ഞമ്മക്ക് പറയാനുള്ളത് ഒന്ന് കേൾക്കീൻ "
" ആ പറ "
" പണ്ട് ഉമ്മയും വാപ്പയും എന്നെ എത്രമേ തല്ലിയിട്ടുണ്ട്, സ്കൂൾ മാഷുമാരുടെ കയ്യീന്ന് എല്ലാ ദിനോം അടിയും വാങ്ങിയല്ലേ ഞമ്മൾ വരാറുള്ളത്... ഉമ്മയ്ക്ക് ഓർമ്മയില്ലേ, പണ്ട് വാപ്പ എന്നെ ഹെഡ്മാഷിനെ കൊണ്ട് തല്ലിച്ചത്, കുരുത്തക്കേട് കാട്ടിയതിന്... "
" മോനെ ഷാജൂ, അത് അനക്ക് കുരുത്തക്കേടിനു ആണോ, അന്റെ കൂടെ പഠിച്ച ആ റംലത്തിന്റെ മോൾക്ക്‌ കടലാസ്സിൽ കളസം വരച്ചു കൊടുത്തതിനു അല്ലേ ഹിമാറെ "
" അത് കളസം അല്ല ഉമ്മാ,, ലവ് സിംബൽ ആണ് "
" എന്ത് കുന്ത്രാണ്ടം ആയാലും, ചന്തിയുടെ തൊലി പോയില്ലേ, നന്നായി... "
"പിന്നെ എന്താണ് ഉമ്മ ഇപ്പോ പേരക്കുട്ടിയുടെ കാര്യത്തിൽ നിങ്ങളൊക്കെ ഇത്ര ബേജാറുണ്ടാക്കുന്നെ.... "
ഉമ്മ ഒന്നും മിണ്ടാതെ മുഖം തിരിഞ്ഞ് കിടന്നു..
" ഉമ്മയ്ക്ക് ഓർമ്മയുണ്ടോ, പണ്ട് പൊരയുടെ ചെവരിനു പ്ലാവിൻ തയ്യ് നട്ടത്തിനു വാപ്പ ഞമ്മളെ ഉമ്മറത്തെ മാവിൽ കെട്ടിയിട്ടു തല്ലിയപ്പോൾ ഉമ്മ എനിക്ക് അടികൊള്ളാതിരിക്കാൻ ഇടയ്ക്കു കേറി വന്നു തല്ല് മുക്കാലും വാങ്ങിയത്..... ഉമ്മ, ഉമ്മ എന്നെ എത്ര തല്ലിയാലും മറ്റൊന്നു, ഒരു എറുമ്പു പോലും ഞമ്മളെ നോവിക്കുന്നത് ഉമ്മയ്ക്ക് സഹിക്കൂലെന്നു അറിയാം, അതന്നെയല്ലേ ന്റെ മോൾടെ കാര്യത്തിലും ഉമ്മയ്ക്ക് ഉണ്ടായത്... ഞമ്മക്ക് അറിയാം ഒക്കെ, ന്നാലും..... "
ഉമ്മ തല തിരിച്ചു എന്റെ നേരെ വെച്ചു,,
" മോനെ ഷാജൂ,, അന്റെ ഓർമ്മയൊക്കെ അന്റെ മൊബൈലിലെ കുന്ത്രാണ്ടം ഇല്ലേ, ആയിന്മേൽ പോയി പറഞ്ഞാ മതി.... എയീച്ചു പോടാ, മനുഷ്യനെ കിടത്താൻ സമ്മയ്ക്കാതെ "
ഞാൻ മെല്ലെ എണീറ്റു ഹാൾ മുറിയിലേക്ക് വന്നു... കെട്ടിയോൾ കടന്നു വന്നു.
" ഇക്ക, നിങ്ങക്ക് അത്താഴം ഒന്നും ബേണ്ടേ,, ബാ, ബാക്കി ഉള്ളോർക്ക് ഒന്ന് നടു നിവർത്തണം... "
എണീറ്റു മെല്ലെ പോയി ഡൈനിങ്ങ്‌ ടേബിളിലേക്ക്‌ കയ്യ്കഴുകി ഇരുന്നു....
" എടിയേ, മോളെന്തേ ?"
"ഓള് ഒറങ്ങി ഇക്ക "
അവൾ എന്റെ മുന്നിൽ പാത്രം വെച്ചു അതിലേക്കു ചോർ വിളമ്പി, ഒപ്പം നല്ല മീൻ കറിയും..... അവളും അവളുടെ പാത്രത്തിൽ വിളമ്പി..... കഴിച്ചോണ്ടിരിക്യെ അവളോട്‌ മെല്ലെ ഞാൻ പറഞ്ഞു...
" ഫാത്തൂ,, ഇജ്ജ് ആ ടീച്ചറിന്റെ ജോലി തെറിപ്പിക്കുവോ, നമ്മടെ മോൾ നന്നാവാൻ വേണ്ടി അല്ലേ, ക്ഷമിക്ക് നീ "
" ന്റെ ഇക്കാ, നിങ്ങക്ക് അറിഞ്ഞൂടെ ഞമ്മളെ,, പെറ്റവയറല്ലേ..സങ്കടം കൊണ്ട് പുലമ്പിയതല്ലേ... "
അവൾ എന്റെ താടി മെല്ലെ ഉയർത്തി കൊണ്ട് വീണ്ടും തുടർന്നു...
" ഇക്ക പേടിച്ചു പോയോ..,, ന്റെ ഇക്കാ നിങ്ങോരു പാവായി പോയെല്ലോ.... ഇക്കായ്ക്ക് ഞമ്മളെ പെരുത്ത് അറിയാലോ, പിന്നെന്തിപ്പം കൊയപ്പം.... "
എന്റെ മനസ്സിന് നല്ല കുളിർ അനുഭവപെട്ടു....
"ഫാത്തൂ, പെരുന്നാൾ ആണ് വരുന്നത്, ഒരുങ്ങണ്ടായോ '
"അതെന്ത് വർത്താന ന്റെ ഇക്കാ,.... "
" എല്ലാർക്കും കോടി വാങ്ങണ്ടേ ഇനി.... "
" വാങ്ങണം, ഒരു കൂട്ടർക്കു ഒഴിച്ച്.... "
" അതാർക്ക് ഫാത്തൂ... ?"
" ഇക്കാന്റെ മൂത്ത പെങ്ങൾ ഇല്ലേ ഹനീഷ, ഓൾക്കും കെട്ടിയോനും പിള്ളേർക്കും വാങ്ങണ്ടാ,, ഞമ്മക്ക് അയിനിങ്ങളെ ഇഷ്ട്ടല്ല... "
" അതെന്താ ഫാത്തൂ,, ഓള് പാവല്ലേ "
" പാവല്ലാ പാവയ്ക്കാ, ഞമ്മളെ കൊണ്ട് പറയിപ്പിക്കരുത്... കയിഞ്ഞ ചെറിയപെരുന്നാളിന് ഇബിടെ ഒരു പൈതലുണ്ട്, അയിനെന്തേലും നിങ്ങടെ പെങ്ങളും അളിയനും വാങ്ങി കൊടുത്തോ,, ഒരു തുണിപോലും കൊടുത്തില്ല.. പാവമെന്റെ മോൾ... നിങ്ങടെ പെങ്ങൾ ഉണ്ടെല്ലോ ഹനീഷ, അവളിങ്ങോട്ടു വരട്ടെ പുന്നാര അങ്ങളേയും ഉമ്മാനേം കാണാൻ, പത്തു പറയുന്നുണ്ട്.... "
" ഫാത്തൂ, ഓൾ പാവാണ്,, അളിയന്റെ കച്ചവടം ഒക്കെ നഷ്ട്ടത്തിൽ ആയി കടം കേറി നിൽക്കുവാ,, മാത്രമല്ല അളിയന്റെ ഉമ്മ കുറേകാലമായി ആശുപത്രിയിൽ അല്ലേ... നല്ല ബുദ്ധിമുട്ടിലാ,, ഞമ്മളെ ഉള്ളൂ ഓർക്ക്, ഹനീഷയ്ക്ക് അന്നേ ജീവനാ, കഴിഞ്ഞ ആഴ്ച ഞാൻ അവിടെപോയപ്പോ വായപ്പഴം തന്നു വിട്ടപ്പോൾ അനക്കും മോൾക്കും ബേണ്ടി മാറ്റി ബേച്ചതാ പറഞ്ഞിരുന്നു... ആ പിള്ളേർക്ക് ഓളെക്കാൾ സ്നേഹം അന്നോടാ, ഫാത്തൂ മാമി ഫാത്തൂ മാമി എന്നും വിളിച്ചു ഉമ്മറത്തൂന്നു അന്റെ മേലേക്ക് അല്ലേ അവർ ചാടി വീഴുക "
" അല്ലേലും ഞമ്മക്ക് അറിയാം ഓൾടെ സ്നേഹം,, ഓളെന്റെ പുന്നാര നാത്തൂൻ അല്ലേ... ആ മക്കൾ ഞമ്മടെ കൂടി മക്കൾ അല്ലേ, ഇൻഷാ അല്ലാഹ്, ഒന്നല്ല മൂന്നാലു ജോഡി ബാങ്ങി കൊടുക്കണം "
" നീ ചോറെടുത്തു എണീച്ചു ഇബിടെക്കു വന്നിരീ, "
"എന്തിനു ?"
"നീ വന്നിരീ ഫാത്തൂ "
അവൾ ചോറുമായി എന്നോട് ചേർന്നിരുന്നു... ഒരു ഉരുള കൂട്ടി അവളുടെ വായിലേക്ക് വെച്ചു കൊടുത്തു, തിരിച്ചു അവളും....
" ഫാത്തൂ, ആനക്കോർമയുണ്ടോ നിക്കാഹിനു ശേഷമുള്ള നുമ്മടെ ആദ്യ പെരുന്നാൾ... അന്ന് നമ്മൾ രണ്ടാളും ചേർന്നു പത്തിരി ചുട്ടതും, ബീഫ് കറി ബെച്ചതും.... "
നാണത്താൽ ഒരു ചിരി നൽകി അവൾ പറഞ്ഞു..
" അതുപിന്നെ മറക്കാൻ ഒക്കുവോ ഇക്കാ,,, നിങ്ങളു ചുട്ട പത്തിരി മൊത്തോം കരിഞ്ഞിക്കണ്, ഞമ്മളല്ലേ അന്ന് നേരെയാക്കി ചുട്ടത് "
"നമ്മക്ക് ഇക്കൊല്ലോം അമ്മാതിരി ഒക്കെ ബേണ്ടെ ഫാത്തൂ ....... "
" ഇക്കായ്ക്ക് മീനിന്റെ തല കഷ്ണം ബേണ്ടെ "
" അത് നാളെ കാലത്ത് നേരം പയംചോറിന്റെ കൂടെ അടർത്തിനുള്ളാം ചക്കരേ "
"ഓ ചക്കരാ, നിങ്ങക്ക് ഇത്തിരി പുന്നാരിക്കൽ കൂടുതലാ,, നിക്ക് അത് ഇഷ്ട്ടാ, ഇക്ക എന്നെ മാത്രം വേണ്ടോളീൻ പുന്നാരിച്ചോ "
" ഫാത്തൂ, മ്മിടെ കുടുമ്പോത്തെ എല്ലാർക്കും രണ്ടും മൂന്നും പുള്ളകളായി, നമ്മക്ക് മാത്രം ..... ഒന്ന്,,, "
അവളുടെ കവിളിൽ നാണത്താൽ ചിരി ചൊവ്വന്നൂ കൂടി.....
" ഫാത്തൂ, ഇജ്ജ് വേം കയിച്ചിട്ടു മുറിയിലേക്ക് ബായോ.... "
അവൾ ചെറു ചിരിയോടെ എന്റെ കവിളിൽ ഒരു കുത്ത് നൽകിയിട്ട്,,,
" പോ, മനുച്യനെ,,,,, നാണോല്ലാത്ത ബ്രിത്തികെട്ട ന്റെ ഹമുക്കേ ..... "
രചന - ഷിബു കൊല്ലം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot