Slider

വരുന്ന പെരുന്നാള്‍ എന്‍റെത് മാത്രമാണ് !! വരുന്ന ഓണം നിങ്ങളുടെതും !!

0

വരുന്ന പെരുന്നാള്‍ എന്‍റെത് മാത്രമാണ് !! വരുന്ന ഓണം നിങ്ങളുടെതും !!
0000000000000000000000000000000000000000000000000000
ഒരുപാട് പണ്ടൊന്നുമല്ല 25-30 വര്‍ഷങ്ങള്‍ക്കു മാത്രം മുന്‍പ്!! ഉപ്പും, മുളകും,മണ്ണണ്ണയും അയല്‍വാസിയില്‍ നിന്നു കടമായും, കറിയും ,തീയും അവകാശമായും വാങ്ങിയും കൊടുത്തും ഇരുന്ന കാലം!! അന്ന് ഓണവും , വിഷുവും, ഉത്സവവും ഹിന്ദുവിന്റെയും, ചെറിയ പെരുന്നാളും,ബലി പെരുന്നാളും മുസ്ലിമിന്റെയും, ക്രിസ്തുമസ് ക്രിസ്ത്യാനികളുടെയും സ്വന്തം ആഘോഷങ്ങലായിരുന്ന കാലം!!
എന്‍റെ കുട്ടിക്കാലം!! എനിക്ക്7-വയസ്സു ആകുന്നതുവരെ ഞങ്ങള്‍ താമസിച്ചിരുന്നത് ഉമ്മയുടെ വീട്ടില്‍ ആയിരുന്നു!! വലിയ ഓരോ പറമ്പിലും ഒരു വീട്!! ഞങ്ങളുടെ പറമ്പില്‍ താഴത്ത് വയലിനോടു ചേരുന്നിടത്ത് ഒരു വീട് കൂടി ഉണ്ടായിരുന്നു, ദേവകി അമ്മയും ,ശോഭനേച്ചിയും,അവര്‍ അമ്മോമന്‍ എന്ന് വിളിക്കുന്ന കുഞ്ഞിരാമന്‍ നായരും താമസിച്ചിരുന്ന ശോഭ നിവാസ് എന്നവീട്!! അവരായിരുന്നു ഞങ്ങളുടെ അടുത്ത അയല്‍വാസി!! 
എന്‍റെ ഇളയ സഹോദരന്‍ എന്നും അവരുടെ അടുക്കളയില്‍ ആയിരുന്നു!! അവിടെ കുട്ടികള്‍ ഇല്ലാതിരുന്നത് കൊണ്ട് ആ സ്ഥാനം അവന്‍ കയ്യടക്കി!! വാപ്പച്ചി അവനെ കളിയാക്കി വിളിക്കുന്നത്‌ സുകുമാരന്‍ നായര്‍ എന്നായിരുന്നു !!
എന്‍റെ ഓണത്തിന്‍റെ ഓര്‍മ്മകള്‍ മുളപോട്ടുന്നത് അവിടെ നിന്നാണ്!!
ഓണം വന്നു എന്ന് ഞങ്ങള്‍ അറിയുന്നത് മുന്‍വശത്തെ പറമ്പിലെ നമ്പിടികണ്ടിയില്‍ പ്രഭയും, അനീഷനും, മേലെ പറമ്പിലെ തെക്കെമലയില്‍ അനീഷനും .ബാലകൃഷ്ണനും ,ഉഷയും പാട്ടും പാടി കഴുത്തില്‍ ഒരു പൂക്കൊട്ടയും തൂക്കി പൂപറിക്കാന്‍ വീടിന്‍റെ ചുറ്റും പറമ്പുകളില്‍ നടക്കുന്നത് കണ്ടത് കൊണ്ടാണ് !! ഞങ്ങള്‍ക്കും പൂപറിക്കാന്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അത് ഹിന്ദുക്കളുടെ ആഘോഷമാണ് നമ്മള്‍ ആഘോഷിക്കാറില്ല എന്ന് ഉമ്മയും വല്ല്യുമ്മച്ചിയും പറഞ്ഞു. എന്നാല്‍ ശോഭനമ്മയുടെ വീട്ടില്‍ പൂവിട്ടത് കാണാന്‍ അവിടേക്ക് ഓടി!! അവിടെ ധാരാളം ചെമ്പരുത്തിയും.മുല്ലയും ,തെച്ചിപ്പൂവും,തുമ്പയും എല്ലാം ഉള്ളത് കൊണ്ട് അവര്‍ പൂക്കളം ഇട്ടിരുന്നു!! ഞങ്ങളുടെ പ്രശ്നം പറഞ്ഞപ്പോള്‍ പരിഹാരമായി .നാളെ മുതല്‍ അവര്‍ക്ക് പൂപറിച്ച്‌ കൊടുക്കാന്‍ പറഞ്ഞു .ഞങ്ങള്‍ക്ക് തെങ്ങോല കൊണ്ട് മെടഞ്ഞ പൂക്കൊട്ടയും ഉണ്ടാക്കി തന്നു!! അങ്ങിനെ ഓണം ഞങ്ങളുടേത് കൂടിയായി!! ഞങ്ങള്‍ പറിക്കുന്ന പൂവുകൊണ്ട് അവര്‍ പൂക്കളമിട്ടു. പക്ഷെ മാപ്പിള മാര്‍ തൊട്ടപൂവുകൊണ്ട് പൂക്കളമിടാന്‍ പാടില്ല എന്ന് പൂപറിക്കാന്‍ വന്ന ചില കുട്ടികള്‍ പറയാറുണ്ട്‌.വല്ല്യുമച്ചിക്കും ആ അഭിപ്രായമുണ്ട്. പക്ഷെ ഞങ്ങള്‍ കുട്ടികള്‍ ആയതുകൊണ്ട്‌ പ്രശ്നമില്ല എന്ന് ദേവകി അമ്മയും കുഞ്ഞിരാമന്‍ നായരും പറഞ്ഞപ്പോള്‍ പിന്നെ അതില്‍ ആധികാരികമായ തീരുമാനം വന്നു!!
പിന്നീട് ഞങ്ങള്‍ പുതിയ വീട് വെച്ചു താമസം മാറി!! ഉമ്മയുടെ വീട്ടില്‍ നിന്നും ഒന്ന് രണ്ടു പറമ്പുകള്‍ മാത്രം അകലെ!! അവിടെയും ഞങ്ങളുടെ അയല്‍വാസി പാച്ചര്‍ മാസ്റ്ററും, കല്യാണി ഏടത്തിയും രാജേട്ടനും അടങ്ങുന്ന കുടുംബം! രാജേട്ടന്‍ എന്‍റെ അമ്മാവന്‍റെ സഹപാഠിയും,കൂട്ടുകാരനും ആയതു കൊണ്ട് ഞങ്ങള്‍ കൂടുതല്‍ അടുപ്പം ഉള്ളവരായി മാറി !! അവിടെയും കുട്ടികള്‍ ഇല്ലാതിരുന്നത് കൊണ്ട് എന്‍റെ ഇളയ സഹോദരന്‍ അവന്‍റെ സ്ഥാനം ശോഭേച്ചിയുടെ മടിയില്‍ നിന്നു കല്യാണി ഏടത്തിയുടെ മടിയിലേക്ക്‌ മാറ്റി!! ഇടതു പക്ഷ, കമ്മ്യുണിസ്റ്റ് ചിന്താഗതിക്കാരായ കുടുംബമായിരുന്നു അവര്‍!! അതുകൊണ്ട് തന്നെ വിശ്വാസ പരമായ ഒരു ആചാരവും അവര്‍ക്ക് ഇല്ലായിരുന്നു !! ഓണ പൂക്കളം ഇടുന്നതില്‍ പോലും വലിയ നിഷ്കര്‍ഷ ഇല്ലാത്ത കുടുംബം !! പക്ഷെ ഞങ്ങള്‍ക്ക് വേണ്ടി അവര്‍ പൂക്കളം ഇട്ടു തുടങ്ങി!! പൂപറിക്കലും, കളമിടലും ഒക്കെ ഞങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് തോന്നിയിട്ടുണ്ട്!!
ഓണസദ്യ കഴിച്ചതിന്‍റെ ഓര്‍മ്മ തുടങ്ങുന്നത് അവിടെ നിന്നാണ്!!ഓണം വരുന്നതിനു മുന്‍പ് തന്നെ വാഴയിലയില്‍ ആദ്യമായി ഭക്ഷണം കഴിച്ചതും അവിടെ നിന്നാണ്!! പിന്നീട് എപ്പോഴോ കുട്ടിക്കാലം നഷ്ട്ടപ്പെട്ടു തുടങ്ങിയപ്പോള്‍ അതില്‍ നിന്നൊക്കെ പതുക്കെ പതുക്കെ മാറി തുടങ്ങി!! രാജേട്ടന്‍ കല്യാണം കഴിച്ചതിനു ശേഷം പുതിയ ആള്‍ വന്നപ്പോള്‍ പഴയത് പോലെ പോകാന്‍ ഒരു നാണമോ ,മടിയോ ഒക്കെ വന്നു തുടങ്ങി!! പിന്നീട് അവരുടെ അടുക്കളയിലും ,തീന്‍ മേശയിലും ഇരുന്നു കഴിക്കുന്നതിനു പകരം പ്രത്യേക വിഭവങ്ങള്‍ വീടുകളിലേക്ക് കൊടുത്തയക്കുന്ന രീതിയായി!! മറ്റു വീടുകളില്‍ നിന്നും പായസവും ,പലഹാരങ്ങളും വീട്ടില്‍ കൊണ്ടുവരുമായിരുന്നു !!
കാലചക്രങ്ങള്‍ തിരിഞ്ഞു കൊണ്ടിരുന്നു!! ഞാനും പല വഴി നീങ്ങികൊണ്ടിരുന്നു!! അവരോടോത്തുള്ള ഓണങ്ങള്‍ ഇല്ലാതായി ! പക്ഷെ കല്യാണി ഏടത്തിയുടെ പുളി ഇഞ്ചിയുടെ രുചി നാവില്‍ തങ്ങി നിന്നു!! ഇടയ്ക്കു ഒന്ന് രണ്ടു തവണ ഓണമാല്ലതിരുന്നിട്ടു കൂടി ഉമ്മച്ചിയെ കൊണ്ട് ചോദിപ്പിച്ചു കല്യാണി ഏടത്തി പുളിഇഞ്ചി ഉണ്ടാക്കി തന്നിട്ടുണ്ട്!!
ഇന്ന്...നാട് മുഴുവന്‍ സമൃദ്ധി വന്നു!! ഓരോ മലയാളിയുടെ പേരുകള്‍ക്കൊപ്പം എഴിതി ചേര്‍ക്കാന്‍ ബിരുദത്തിന്റെ വാലുകളും പെരുകി വന്നു!! അതോടെ ഓണവും ,വിഷുവും ,പെരുന്നാളും, ക്രിസ്തുമസും ജനകീയമാക്കി!! കല്യാണി ഏടത്തിയുടെ പുളിയിഞ്ചിക്ക് പകരം ഉമ്മച്ചിയെ കൊണ്ട് പുളിയിഞ്ചി ഉണ്ടാക്കിക്കുവാന്‍ ഞാന്‍ സ്വയംപര്യാപ്തനായി !! എന്‍റെ ഉമ്മച്ചി ഉണ്ടാക്കുന്ന ഇറച്ചിയും ,പത്തിരിയും , നെയ്ച്ചോറും ,ബിരിയാണിയും ഉണ്ടാക്കാന്‍ അവരും പഠിച്ചു!! പെരുന്നാളിന് അവരും ബിരിയാണി ഉണ്ടാക്കി തുടങ്ങി !! ആരോ തയാറാക്കി വെച്ച സന്ദേശം വാട്സ് ആപ്പ് വഴി അയച്ചു കൊടുത്തു എന്റെ സ്നേഹം പങ്കുവെച്ചു എന്ന് ഞാന്‍ ആരൊക്കെയോ ബോധ്യപ്പെടുത്തി!!
അന്ന് ഒരിക്കല്‍ പോലും “HAPPY ONAM “ എന്ന് അവരോടു നാവു കൊണ്ട് പറഞ്ഞിരുന്നില്ല!! “HAPPY EID “ എന്നോ “HAPPY RAMADHAN “ എന്നോ ഒരിക്കല്‍ പോലും അവരും എന്നോട് പറഞ്ഞതായി ഓര്‍ക്കുന്നില്ല!! പകരം ഒന്നോര്‍ക്കുന്നു !! പെരുന്നാളിന്‍റെ , നോമ്പിന്‍റെ തലേ ദിവസം മാസം കണ്ട അറിയിപ്പ് റേഡിയോയില്‍ വരുമ്പോള്‍ വിവരം അറിഞ്ഞോ എന്ന് വിളിച്ചു ചോദിക്കുന്ന കൃഷ്ണേട്ടന്‍റെയും, രാജേട്ടന്റെയും ശബ്ദം. വീടിനു മുന്പില്‍ വന്നു വാപ്പചിയുടെ കത്തും, പൈസയും വന്നോ? നോമ്പിനും, പെരുന്നാളിനും ആവശ്യമുള്ളതൊക്കെ വാങ്ങിയോ , എല്ലാവരും പെരുന്നാള്‍ ഡ്രസ്സ്‌ എടുത്തോ എന്നൊക്കെയുള്ള പാച്ചര്‍ മാസ്റ്ററുടെ കുശലാന്ന്വേഷണം!!. വീടിന്‍റെ പിറകില്‍ നിന്നു ഇറച്ചി വാങ്ങിയോ ,എന്താ നാളെ പെരുന്നാളിന് വിഭവം എന്ന് കല്യാണി ഏടത്തിയുടെ അന്വേഷണം!!
HAPPY ONAM , HAPPY EID എന്ന് ഇന്ന് ഞാന്‍ പറയുബോള്‍ ഈ വാചകങ്ങള്‍ ഇംഗ്ലീഷില്‍ ചോദിക്കുന്നതാണ് എന്ന് ഉമ്മച്ചിയും ,കല്യാണി ഏടത്തിയും വിചാരിക്കുന്നുണ്ടാവുമോ ?
ഇപ്പോള്‍ എനിക്ക് പറയുവാനുള്ളത് ഓണവും വിഷുവും രാജേട്ടാ നിങ്ങളുടേത് മാത്രമാണ്!!
അതുകൊണ്ട് ഓണസദ്യ നിങ്ങളുടെ വീട്ടില്‍ മാത്രം ഉണ്ടാക്കിയാല്‍ മതി!!
പെരുന്നാള്‍ എന്‍റെത് മാത്രമാണ് !!
പെരുന്നാളിന് ഇറച്ചി വാങ്ങാന്‍ എന്റെ കൂടെ നിങ്ങളും വരേണ്ട!!
ക്രിസ്തുമസിനു താറാവിറച്ചി വാങ്ങാന്‍ നമ്മള്‍ രണ്ടു പേരും പോകേണ്ട!!
ഓണസദ്യ ഉണ്ണാനും, ഓണ പൂക്കളം കാണാനും എന്റെ മക്കള്‍ക്ക്‌ കൊതി വരുമ്പോള്‍ അവര്‍ നിങളുടെ വീട്ടിലേക്ക് വരട്ടെ!!
പെരുന്നാളിന് ബിരിയാണിയും . ഇറച്ചിയും പത്തിരിയും തിന്നാല്‍ കൊതി തോന്നിയാല്‍ നിങള്‍ എന്‍റെ വീട്ടിലേക്കു വാ!!
ക്രിസ് മസ് കൂട് ഒരുക്കിയത് കാണാനും ., മാപ്പാസും , വെള്ളപ്പവും തിന്നാനും കൊതി തോന്നിയാല്‍ നമുക്ക് രണ്ടു പേര്‍ക്കും ജോസഫേട്ടന്റെ വീട്ടിലേക്കു പോകാം!!
അതുകൊണ്ട് ഈ വരുന്ന പെരുന്നാള്‍ എന്റേത് മാത്രമാണ് !! 
വരുന്ന ഓണം നിങ്ങളുടെതും !!
എല്ലാവരുടെയും ആഘോഷമായി നമുക്ക് സ്വാതന്ത്ര്യ ദിനവും , റിപബ്ലിക് ദിനവും ബാക്കിയുണ്ടല്ലോ ??

Riyas
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo