നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***എന്നാലും എന്റെ സാറേ ***

***എന്നാലും എന്റെ സാറേ ***
സത്യം പറഞ്ഞാൽ ഡ്യൂട്ടി സമയത്താണ് ഒന്ന് ഫെയ്സ് ബുക്കിൽ കളിക്കാനും ഗ്രൂപ്പിൽ കയറി പത്തു കഥ വായിക്കാനും കമന്റിടാനുമൊക്കെ പറ്റുന്നത് .. റൂമിൽ ചെന്നു കഴിഞ്ഞാൽ പിന്നെ വല്ലതും വെച്ചുണ്ടാക്കാനും തിന്നാന്നും ഉറങ്ങാനും മാത്രമേ സമയം കിട്ടൂ..
ഈയിടെ ഫെയ്സ് ബുക്കിലൊക്കെ തോണ്ടിക്കളിച്ച് രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് നാലു മണിക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് നമ്മടെ മാനേജർ സാർ വന്നത്..
"ചിത്ര ദീപേ ഇവിടെ വരൂ "
എന്താണ് സർ .. ഞാൻ വിനയകുനയിയായി ചോദിച്ചു..
"ചിത്രദീപയുടെ കഥ നന്നായിരുന്നു .. നമ്മുടെ ഷോപ്പിനെ പറ്റിയും, ബാഗിന്റെ വില കിട്ടുന്ന സ്വപ്ന കഥ.. നമ്മുടെ ബാഗ് കുറെ ആളുകൾ കണ്ടല്ലോ.. സന്തോഷം."
ഹൊ!!! ഞാൻ ധൃധംഗ പുളകിതയായി.. ഈ സമയുടെ ഒരു കാര്യം!!!
ഞാനെഴുതിയ ഈ കഥ അറിയാവുന്ന മുറി അറബിയിലും അര ഇംഗ്ലിഷിലുമൊക്കെ അവളോട് പറഞ്ഞപ്പോൾ, അവൾ ഈ കഥ സാറിനോട് പറയുമെന്നും സാറ് എന്നെ അഭിനന്ദിക്കും എന്ന് ഞാൻ സ്വപ്നേനി വിചാരിച്ചില്ല..
സാറിനു നേരിട്ട് നന്ദിയും സമയ്ക്ക് മനസാ നന്ദിയും പറഞ്ഞ് ഞാൻ സ്ഥലം വിട്ടു..
പിറ്റേന്ന് കണ്ടപ്പോൾ സാറ് വീണ്ടും ..ചിത്രേ നീയാ ബാബു തുയ്യത്തിന്റെ അമ്മ എന്ന കവിതയ്ക്ക് ഇട്ട കമന്റ് അത്ര പോര കുറച്ചൂടെ എഴുതാരുന്നു ... കവിത മനോഹരം.. എന്റമ്മച്ചിയേ എനിക്ക് വയ്യ !!സാറും കവിതയൊക്കെ വായിച്ചു തുടങ്ങി ..
പിന്നെ ആ വിനീതാ അനിലിന്റെ ഹിറ്റായ ഫിറ്റായ ഭാര്യ വായിച്ചു.. സൂപ്പർ ... അതൊക്കെയാണ് എഴുത്ത്.. ഭാര്യമാർ ഫിറ്റായാൽ ഇങ്ങനെ വേണം കണ്ടു പഠിക്ക് ചിത്രേന്ന്.. എനിക്ക് അതിശയമായി
ഇങ്ങേർക്കിതെന്തു പറ്റി.. ഇങ്ങനെല്ലാം പറയാൻ... ആ എന്തേലുമാവട്ടെ..വായിക്കാനുള്ളതല്ലേ കഥ.. നമ്മടെ സാറും വായിക്കട്ടന്നേ..
പിറ്റേന്ന് സാറ് കമന്ററി പറഞ്ഞ് വീണ്ടും എന്നെ ഞെട്ടിച്ചു.. ഉണ്ണി മാഷിന്റെ കവിതകളെ പറ്റി..പ്രേം മാഷിന്റെ സാഹിത്യത്തെ പറ്റി.. ജയാജിയുടെ കഥകളെ പറ്റി.. സാനിചേച്ചിയുടെ കൊഴുക്കട്ടയെപറ്റി, രശ്മിയുടെ സ്‌മേരനെ പറ്റി .... ഉണ്ണി ചേട്ടന്റെ സീക്രട്ട് എന്ന കഥയെ പറ്റി .. വാസൻ മാഷിന്റെ വ്യത്യസ്തമായ കവിതകളെ പറ്റി.. റയാന്റെ എന്ത് വിഷയവും കഥയാക്കുന്ന ആ തലയെ പറ്റി, സലീലിന്റെ ഷൂക്കുറിന്റെ രാവുകളെ പറ്റി..ഡിനു രാജിന്റെ സുഹൃത്തിനെ കാണാൻ പോയ കഥയെപ്പറ്റി .. അങ്ങനെ ഓരോരുത്തരെ പറ്റിയും സാർ പറഞ്ഞു..
എന്തിന് പറയുന്നു എല്ലാ കഥകളും കവിതയും വായിച്ചു കമന്റിടുന്ന ശ്രീകുമാർ നെ പറ്റിയും .. എന്റെ ഗഡികളായ രാഗിയെയും ബിനിയേയും ഷീല ചേച്ചിയേയും ഒക്കെ .. പുകഴ്ത്തി പറഞ്ഞപ്പോൾ ഞാൻ അന്തം വിട്ട് കുന്തം വിഴുങ്ങി നിന്നു...
കാരണം ഇതെല്ലാം സാറെങ്ങനെ കാണുന്നു.. ഇങ്ങേരെന്റ ഫ്രണ്ടാണോ? അതോ നമ്മടെ ഗ്രൂപ്പിലുണ്ടോ? "മാഹിർ അഹമ്മദ് "എന്ന പേര് മാറ്റി വല്ല കള്ള പേരിലും .. ഞാനെന്റെ ഫ്രണ്ട് ലിസ്റ്റ് അരിച്ച് പെറുക്കി നോക്കി.. അതിലുള്ളതെല്ലാം നല്ല 916 ഐഡികൾ .. പേരിന് ഒരെണ്ണം പോലും ഇല്ല ഫെയ്ക്ക്..
എന്നാ ഗ്രൂപ്പിലിറങ്ങി വല വീശിപ്പിടിക്കാമെന്ന് കരുതിയെങ്കിലും ഇത്രയും അംഗങ്ങൾ ഉള്ളയിടത്ത് എവിടെ വല വീശാൻ .. ആ വല ഞാൻ ചുരുട്ടിക്കൂട്ടി ദൂരെ കളഞ്ഞു ... ഇനി ഇങ്ങേർക്ക് വല്ല മഷി നോട്ടവും ചാത്തൻ സേവയോ കാണുമോ എന്തോ? പിന്നെ ആ വഴിക്കായി സംശയം..
പിറ്റേന്ന് സാറ് പറഞ്ഞത് കേട്ട് ഞാൻ അഭിമാനപുളകിതയായി...സൂർത്തുക്കളേ..
"ചിത്ര.. നിന്റെ ഗ്രൂപ്പ് നല്ല ഗ്രൂപ്പാണ്.. ഒത്തിരി കഴിവുകളുള്ള വ്യക്തികളാണ് ഗ്രൂപ്പിൽ ഉള്ളത്.. ഇത്തരം ഒരു ഗ്രൂപ്പിൽ അംഗമായത് തന്നെ വലിയ കാര്യമാണ്.. ഈ ഗ്രൂപ്പ് ഇങ്ങനെ വിജയകരായി മുന്നോട്ട് കൊണ്ടു പോകുന്ന എല്ലാ സാരഥികളും അഭിനന്ദനമർഹിക്കുന്നു"
ആ പറഞ്ഞത് നൂറു ശതമാനം സത്യമാണ്... സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയെങ്കിലും "ചെമ്മീൻ ചാടിയാ മുട്ടോളം പിന്നെ ചാടിയാൽ ചട്ടീല് "എന്ന പഴഞ്ചൊല്ല് ഓർമ്മ വന്നതുകൊണ്ട് ഞാൻ ചാടിയില്ല..
ഹൊ.. ആനന്ദ ലബ്ധിക്ക് ഇനിയെന്ത് വേണം ..ഒരു "ലബനാനി "യെ കൊണ്ട് നമ്മുടെ ഗ്രൂപ്പിനെ പറ്റി ഇങ്ങനൊരു അഭിപ്രായം പറയപ്പിച്ച എനിക്ക് ഗ്രൂപ്പ് മുതലാളി അവാർഡ് തരുന്നതുവരെ ഒരു നിമിഷം ഞാൻ സ്വപ്നം കണ്ടു ..
സാറിന്റെ അടുത്ത അഭിപ്രായത്തിനായ് ഞാൻ കാതോർത്തു..
" ചിത്ര ദീപേ... നിന്റെ ഇൻബോക്സിൽ വന്ന് ഇന്നാള് ഒരാള്...
ങേ !!! ഒരാള്...
അതേ നിന്നോട് ചോദിച്ചില്ല?
" ചിത്ര ദീപേ നിനക്ക് എന്നോട് പ്രണയമാണോ?" എന്ന്...
നീയെന്തു കൊണ്ട് പ്രണയമാണെന്ന് പറഞ്ഞില്ല? ചുമ്മാ പ്രണയിക്കാൻ വയ്യാരുന്നോ " എന്ന് ...
ഒരു നിമിഷം ഞാൻ ഞെട്ടണോ വേണ്ടയോ എന്നാലോചിച്ചു (വാളിന്റെ സീൽക്കാര ശബ്ദം ഇടാനും ധും ധും ധനന ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഇടാനും ആളില്ലാത്ത കൊണ്ടും ) വേറൊന്നും ആലോചിച്ചില്ല ഞാൻ ഞെട്ടി..
കാരണം!!! സാറ് ഗ്രൂപ്പിലുണ്ടാകാം. കഥ വായിക്കുന്നുണ്ടാവാം.. പക്ഷെ സാറ് എന്റെ ഇൻബോക്സ് എങ്ങനെ കണ്ടു ..
ഞാൻ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴാണ് സർ എന്നും വരുന്നത്. എന്റെ ഫോൺ ലോക്ക് ഞാൻ തന്നെ പാടുപെട്ടാണ് തുറക്കുന്നത് പിന്നെങ്ങിനെ? ഇതെന്ത് കഥ ???
തലകുത്തി നിന്ന് ആലോചിച്ചാൽ തലയ്ക്കത്തുള്ളത് താഴോട്ടിറങ്ങി പോയാലോന്ന് കരുതി അതിനും ശ്രമിച്ചില്ല.
"സമ "തന്നെ ശരണം. അവളെ കണ്ടു കാര്യം പറഞ്ഞു.. അവൾ പറഞ്ഞത് കേട്ട് പൊതുവേ ബോധമില്ലാത്ത എന്റെ ബാക്കി ബോധം കൂടി പോയില്ലന്നേയുള്ളൂ .. ഇത് ചാത്തൻ സേവയുമല്ല മഷിനോട്ടവും അല്ല..
കുറെ ദിവസം മുൻപ് ഷോപ്പിൽ CCTV ക്യാമറ എല്ലാം മാറ്റി വച്ചിരുന്നു.. പഴയ കുമിള പോലുള്ള കറുത്ത ക്യാമറ മാറ്റി മുക്കിലും മൂലയിലും ഒരു മാതിരി "തീപ്പെട്ടിക്കൊള്ളി" പോലെത്തെ ക്യാമറയും വച്ചു.. സൂക്ഷിച്ചു നോക്കണം അത് ക്യാമറയാണെന്നറിയാൻ... ഇതൊന്നും നുമ്മളെ ബാധിക്കാത്ത കാരണം അതിന്റെ കീഴെ പോയിരുന്നാണ് നുമ്മടെ ഫെയ്സ് ബുക്കിൽ കളി..
സമ പറഞ്ഞ അടുത്ത കാര്യം കേട്ടപ്പോഴാണ് ഞാൻ വാ തുറന്നപടി ഇരുന്ന് പോയത്..
പുതിയ CCTV ക്യാമറ വച്ചപ്പോ അത് മാനേജർ സാർ മിസ്റ്റർ മാഹിർ അഹമ്മദിന്റെ ഫോണിലേക്ക് കൂടി കണക്ട് ചെയ്തിട്ടുണ്ടത്രേ.. അങ്ങേർക്ക് ഈ ലോകത്തിൽ എവിടിരുന്നാലും ഈ ഷോപ്പിൽ നടക്കുന്നതൊക്കെ കാണാമെന്ന്...
ആധുനിക സാങ്കേതിക വിദ്യയൊക്കെ പടർന്ന് പന്തലിച്ച് ഇത്രയൊക്കെ ആയെന്നും .. ആ പന്തലിന് കീഴെ കുത്തിയിരുന്നാണ് നുമ്മ ഇത്ര ദിവസം ഫെയ്സ്ബുക്കിൽ തോണ്ടി കളിച്ചതെന്നും അപ്പോഴാണ് മനസിലായത്.. അങ്ങനാണ് സാറിതൊക്കെ കണ്ടത് എന്നും ..
ആ സാരമില്ല .. സാർ നല്ലതല്ലേ പറഞ്ഞുള്ളൂ സമാധാനം.. പിറ്റേന്ന് രാവിലെ ഷോപ്പിൽ വരുമ്പോൾ എന്റെ കമ്പനിയുടെ .. എന്റെ സ്വന്തം പ്രോജക്റ്റ് കൺട്രോളർ ഷോപ്പിൽ വന്നിട്ടുണ്ട് .. കൂടെ സാറും ...
ദൈവമേ.. ഞാൻ രക്ഷപെട്ടു.. എന്റെ സാലറി കൂട്ടും ഉറപ്പ്.. ജോലി ആത്മാർത്ഥത യോടെ ചെയ്യുന്നതും .. കഥയെഴുതുന്നതും ഒക്കെ ഒരാൾ തന്നെ .. ഇതിനിടയിൽ സാറിത് കമ്പനിയിലും അറിയിച്ചോ ?
എല്ലാ മാസത്തേയും പോലെ ഈ മാസത്തെയും എന്റെ പെർഫോമൻസ് ഷീറ്റ് സാർ പൂരിപ്പിച്ചു .. എല്ലാത്തിലും 5 ൽ 4 മാർക്കും ഇട്ടു .. അവസാനം അഭിപ്രായം എഴുതുന്ന കോളത്തിൽ കുനുകുനാ ഏതാണ്ട് എഴുതി..
എന്നിട്ട് എന്നെ കാണിച്ചു ഒരു ചോദ്യവും ..
"ഹാപ്പി ആയോ ചിത്രാ.. ഇങ്ങനെ മതിയോ "
ഞാനത് വായിച്ചു നോക്കി..
" ചിത്ര ദീപ എല്ലാ ജോലിയും കൃത്യമായി ചെയ്യും.. എന്നാൽ ഡ്യൂട്ടി സമയത്ത് ഫെയ്സ് ബുക്കിൽ കളിക്കുന്നത് കുറച്ച് കൂടുതലാണെന്ന് "
അതിന്റെ കൂടെ ഫോൺ ഉപയോഗം കുറയ്ക്കണമെന്ന് കൺട്രോളറുടെ വക ഫ്രീ ഉപദേശവും.
ഇതിപ്പോ ഉയരം കൂടുന്തോറും ചായക്ക് രുചിയാന്ന് പറഞ്ഞവനെ തല്ലണം..ഉയരം കൂടുന്തോറും വീഴ്ചയ്ക്ക് ആക്കം കൂടും അതാണ് ശരി..... സാറിത്ര ദിവസും നമ്മളെ പൊക്കിയതല്ല പൊക്കിയെടുത്ത് താഴത്തേക്ക് ഇട്ടതാണെന്ന് അപ്പോ മനസിലായി.. എന്നാലും എന്റെ സാറേ ..
പകൽ സമയത്ത് ഒരീച്ച പോലും ഷോപ്പിൽ വരില്ല. വെറുതെയിരുന്നാലും ഫോണിൽ തൊടാൻ വയ്യാന്ന് വച്ചാൽ .. ഇവരുടെ ഭീഷണി കൊണ്ടന്നുമല്ല (വെറും പേടി)രണ്ടീസം ഫോൺ കൈ കൊണ്ട് തൊട്ടില്ല .. ഫോൺ കാണുമ്പോ കൈ കുരു കുരുക്കും.. കൈക്കിട്ട് രണ്ട് അടിയും കടിയും ഒക്കെ കൊടുത്ത് ഞാനത് നിയന്ത്രിച്ചു. ഞാൻ വായിക്കാത്ത കഥകളും കവിതകളും എന്നെ മാടി വിളിച്ചു.. ഒരു കമന്റിടാൻ എന്റെ ഉള്ളം കൊതിച്ചു .. ഒടുവിൽ എന്റെ ക്ഷമകെട്ടു ..
രണ്ടാം ദിവസം ഞാൻ ഒരു വഴി കണ്ടു പിടിച്ചു.. അറ്റ കൈക്ക് എനിക്ക് ലൂസ് മോഷൻ ആണന്നങ്ങട് വെച്ച് കാച്ചി.. ആകെ ക്യാമറ വയ്ക്കാത്തിടം ബാത്റൂം മാത്രമേയുള്ളൂ.. കഥ വായിക്കാം കമന്റിടാം .. ബാത്റൂമിൽ കയറി കുത്തിയിരിക്കണമെന്ന് മാത്രം.. അങ്ങനെ രണ്ടു ദിവസം ബാത്റൂമിൽ കഴിച്ചു കൂട്ടി..
മൂന്നാം ദിവസം അതേ ബാത്റൂമിൽ ഇരുന്ന് ഞാൻ തന്നെ ചിന്തിച്ചു ..
"ഇത് അന്യായമല്ലേ.. ഒരു ഷോപ്പ് മുതലാളി പാവം ഈ തൊഴിലാളിയെ ഡ്യൂട്ടി സമയത്ത് ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാത്തത് അനീതിയല്ലേ?"
ഇതിനെതിരെ പ്രതികരിക്കണ്ടേ? വേണം.. അങ്ങനെ ഞാനത് തീരുമാനിച്ചു..
മൂന്നാം ദിവസവും എന്റെ ലൂസ് മോഷൻ നിൽക്കാത്തത് കണ്ട് എന്റെ മാനേജർ സർ ബാത്റൂം പൂട്ടി സീൽ വയ്ക്കുമോ എന്ന ചിന്തയുള്ളതു കൊണ്ടും .. എന്നെയിവുടന്ന് പറഞ്ഞ് വിട്ടാൽ ഷോപ്പിലുള്ളവരൊക്കെ ബുദ്ധിമുട്ടുമല്ലോ (പാവങ്ങൾ ) എന്ന് എനിക്ക് പേടിയുള്ളതും കൊണ്ട് ഈ കഥയും പോസ്റ്റ് ചെയ്ത് .. സകല ഫോൺ പരമ്പര ദൈവങ്ങളേയും മനസിൽ ധ്യാനിച്ച് എന്റെ സ്വന്തം ഡപ്പാ ഫോൺ ആ ക്ലോസറ്റിലിട്ട് ഒരു ഫ്ലഷുമങ്ങട് അടിച്ചു..
ക്രിസ്റ്റ്യൻ ഡിയോർ ബ്യൂട്ടീക്കിന്റെ ബാത്റൂമിൽ നിന്നും തത്സമയം ...
ചിത്രദീപ


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot