നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അങ്ങകലെ എന്റെ നാട്ടിലെ ആ ഹിന്ദു വീടുകൾ അന്വേഷിച്ച് എനിക്കിനിയും പോവണം ,ദയവ് ചെയ്ത് ആരും തടയരുത് !


അങ്ങകലെ എന്റെ നാട്ടിലെ ആ ഹിന്ദു വീടുകൾ അന്വേഷിച്ച് എനിക്കിനിയും പോവണം ,ദയവ് ചെയ്ത് ആരും തടയരുത് !
***********************************************************************************
ഞാൻ എൻറെ കുട്ടിക്കാലം ഓർത്ത് പോവുകയാണ് ,
കണ്ണുർ ജില്ലയിൽ ,ഉളിയിൽ എന്ന ഗ്രാമത്തിൻറെ ഓരം ചേർന്ന് കിടക്കുന്ന പടിക്കച്ചാൽ എന്ന നൻമ്മ നിറഞ്ഞ കുഗ്രാമത്തിലെ കുട്ടിക്കാലം ,ചുറ്റുമുള്ള അയൽവാസികൾ മുഴുവൻ അന്യ മതസ്ഥർ ,വ്യക്തമായിപറഞ്ഞാൽ
ഹിന്ദു സഹോദരങ്ങളായിരുന്നു ! സ്‌കൂൾ വിട്ടെത്തിയാൽ പിന്നെ രാവേറും വരെ ആ വീടുകളിലും ,പരിസരങ്ങളിലുമായിരുന്നു ,കളിയും ചിരിയും കൂട്ടുകൂടലും എല്ലാം ! വീട്ടിന്റെ ചായ്പ്പിലും ,തെക്കിനിയിലും മറ്റുമായിരുന്നു ഒളിച്ചു കളിയും ,കണ്ണ് പൊത്തിക്കളിയും ! ആ വീട്ടിലെ കുട്ടികളായ ,രാജനും ,കൃഷ്ണനും ,ചന്ദ്രനും ആയിരുന്നു കളിക്കൂട്ടുകാർ ,അവരോടൊപ്പം അവരുടെ പൂർവികരെ അടക്കിയിട്ടുള്ള ,വിശുദ്ധമായി സൂക്ഷിച്ചിട്ടുള്ള "വണ്ണാറം "എന്ന്‌ അവർ വിളിക്കുകയും,വിളക്ക് വെക്കുകയും ചെയ്യുന്ന സ്‌മൃതി കുടീരങ്ങൾക്ക് ,പിന്നിൽപോലും ഒളിച്ചു കളിച്ച നാളുകൾ , വള്ളിവാണിയൻ വിഭാഗത്തിൽ പെട്ട അൽപ്പം ,അയിത്തവും ,മത ചിട്ടകളും ,നോയമ്പും ,ഒക്കെ ആയിക്കഴിയുന്ന പഴമക്കാരുള്ള വീടുകളായിരുന്നു ,
അവയിലധികവും! എന്നെയും ,എന്റെ സഹോദരനെയും പോലുള്ള അന്യമതസ്ഥരായ കുഞ്ഞുങ്ങൾ കയറി അവരുടെ വിശ്വാസമനുസരിച്ച് 'അശുദ്ധമാക്കിയ' ഇടങ്ങളിൽ, ആ വീടുകളിലെ മുതിർന്ന അമ്മമാർ ഞങ്ങളോട് ഒരു വഴക്കും ,ദേഷ്യവും കാണിക്കാതെ ചാണക വെള്ളം തെളിച്ച് ശുദ്ധമാക്കുന്നത് ഞാനിപ്പോഴുമോർക്കുന്നു !
കുഞ്ഞിരാമൻ പാട്ടാളിയും ,കുഞ്ഞപ്പയും ,ചന്തൂട്ടിയും ,കണ്ണനും എന്തിനധികം പറയണം ശുദ്ധീകരിക്കാൻ ചാണക വെള്ളവുമായി പിന്നാലെ ഓടിയിട്ടിരുന്ന ചിരുതേയി അമ്മയും, ഒരു ദിവസം അവരുടെ കുട്ടികളുടെ കൂടെ ഞങ്ങളെ കണ്ടില്ലെങ്കിൽ അവരുടെ വീട്ടിലെത്തി ഓടിച്ചാടിക്കളിച്ചില്ലെങ്കിൽ , അവരുടെ വീടും പരിസരവും ,കിണറും തൊട്ടും പെരുമാറിയും 'അശുദ്ധമാക്കിയില്ലെങ്കിൽ ' ,എനിക്കും സഹോദരനും ,എന്തു പറ്റി എന്നറിയാൻ ആ നല്ല മനുഷ്യർ ഞങ്ങളുടെ വീട്ടിൽ തിരക്കി വരുമായിരുന്നു !
ആ നല്ല മനുഷ്യത്വത്തിൻറെ സ്നേഹവും ഊഷ്മളതയും വർഷങ്ങൾക്കിപ്പുറവും ജാതിക്കും,മതത്തിനും അതീതമായി മനുഷ്യർ നാമൊന്നാണെന്ന ചിന്തയിൽ ജീവിതം നയിക്കാൻ ഞങ്ങളെ കുറച്ചൊന്നുമല്ല പ്രാപ്തരാക്കിയത് !
പട്ടിണിയും ,പ്രാരാബ്ധവും ,വിശപ്പും പലപ്പോഴും അയൽ വീട്ടിലെ ചക്കപ്പുഴുക്കിലും ,കഞ്ഞിയിലും ശമനം കൊണ്ടിരുന്ന ആ വറുതിക്കാലത്തിൻറെ ഓർമ്മയിൽ , ജീവിതത്തിലിന്നുവരെ ,വായിച്ചും ,പഠിച്ചും അറിഞ്ഞിട്ടില്ലാത്ത,ഞാനിപ്പോഴും ,ഇനി മരണം വരെയും ,സൂക്ഷിക്കുകയും ,അവസരം വരുമ്പോഴെല്ലാം ,എടുത്തുദ്ധരിക്കുകയും ചെയാറുള്ള ചെറു സംഭാഷണ ശകല മുണ്ട് ! മനുഷ്യ സ്‌നേഹത്തിൻറെ മഹാ മുദ്ര !
അതിങ്ങനെ ഞാനിവിടെ കുറിക്കാം "എന്നും കാലത്ത് കോണകം പുറത്ത് കാണുന്ന നിഴലരിച്ച്ര ഒരു പരുക്കൻ തോർത്തുമുണ്ടുമുടുത്ത് ,കൃഷ്ണന്റെയും ,രാജൻറെയും അച്ഛനായ കുഞ്ഞിരാമൻ പാട്ടാളി ജോലിക്കായി ,തൻറെ സ്വന്തം കിടപ്പാടത്തിനരികിലായുള്ള വയലിൽ ജോലിക്ക് പോവും ! സായാഹ്നമാവുമ്പോൾ ഒരു മിനിറ്റ് സമയവ്യത്യാസമില്ലാതെ ,തൊട്ടടുത്ത പള്ളിയിലെ ഉച്ച ബാങ്ക് മുഴങ്ങുബോൾ അദ്ദേഹവും ,കാൽ കഴുകി, ദേഹം തുടച്ച് ,പണി ആയുധങ്ങൾ വൃത്തിയാക്കി ,വീട്ടിലേക്ക് തിരിച്ച് നടന്ന് തുടങ്ങിയിട്ടുണ്ടാവും,അപ്പഴേക്കും ചിരുതേയി 'അമ്മ തന്റെ ഭർത്താവിന് ,ഉണക്കമീൻ പൊരിച്ച് നുറുക്കിയിട്ടിട്ടുള്ള ചക്കപ്പുഴുക്കും ,കഞ്ഞിയും വിളമ്പി വെച്ച് ഇറയത്തൊരു പായവിരിച്ച് കാത്തിരിക്കുന്നുണ്ടാവും ! ഈറനുണങ്ങിയിട്ടില്ലാത്ത തോർത്തുമായി രണ്ടു കാലുകളും ഇറയത്ത് നിന്ന് മുറ്റത്തേക്ക് ഞാത്തിയിട്ട് വാഴയിലയിൽ നിന്ന് അദ്ദേഹം ചക്കപ്പുഴുക്ക് ഭക്ഷിച്ച് തുടങ്ങുമ്പോഴേക്ക്,സ്‌കൂൾ അവധി ദിവസമാണെങ്കിൽ ഞാനും അനുജനും അവിടെ എത്തിയിരിക്കും ! പിന്നെ അദ്ദേഹത്തിൻറെ അനുവാദത്തിന് കാത്തു നിൽക്കാതെ ആ ചക്കപ്പുഴുക്കിൽ ഞങ്ങൾ കയ്യിട്ട് വാരും ! അത് കണ്ടു കൊണ്ട് ഒച്ച വെച്ച് വരുന്ന ചിരുതേയി അമ്മ ഭർത്താവിനെ ശാസിച്ചുകൊണ്ട് പറയുന്ന ഒരു ഡയലോകും അതിന് ആ സാധു മനുഷ്യൻ നൽകിയിരുന്ന മറുപടിയുമാണ് ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ "മനുഷ്യത്വ ,മതേതര പ്രഖ്യാപനം ! അതിങ്ങനെ ആയിരുന്നു " കണ്ണൂരിന്റെ സ്വത സിദ്ധമായ ശൈലിയിൽ ആയമ്മ പറയും "ഉയീ ...കുരിപ്പുകാലന്മാർ അതൊക്കെ തൊട്ടശുദ്ധമാക്കി ...നിങ്ങളെന്താ മനുഷ്യാ മിണ്ടാതിരിക്കെണ് ? അപ്പോൾ ആ മനുഷ്യൻ പറയുന്ന ഒരു വാക്കുണ്ട് ഇപ്പോഴും എപ്പൊഴും എൻറെ കാതിൽ മുഴങ്ങുന്ന വാക്ക് " ചിരുതേയീ ....നീ എത്ര വഴക്ക് പറഞ്ഞിട്ടെന്താ ....എനിക്കീ ഭക്ഷണമിറങ്ങണമെങ്കിൽ ആ കുട്ടികൾ അൽപ്പം കയ്യിട്ട് വാരണം ! " എന്നിട്ട് ,കയ്യിൽ ചക്കപ്പുഴുക്കുമായോടുന്ന ഞങ്ങളെ നോക്കി നിഷ്ക്കളങ്കമായി ചിരിക്കും ! അരിശം മാറി ചിരുതേയി അമ്മയുടെ മുഖത്തും അപ്പോൾ നാട്ടിൽപുറത്തിൻറെ ഒരായിരം നന്മ നിറഞ്ഞ പുഞ്ചിരി വിടരുന്നുണ്ടാവും !
പ്രവാസത്തിൻറെ ഭൂമികയിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ,അങ്ങകലെ ആ വീടുകൾ അന്വേഷിച്ച് മനുഷ്യസ്നേഹത്തിൻറെ ,കടപ്പാടുകളുടെ ,ഹൃദയത്തിൽ തൊട്ടുള്ള ലഖുലേഖകളുമായി എനിക്കിനിയും പോവണം ! ദയവ് ചെയ്ത് ആരും തടയരുത് !

Ashraf Basheer

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot