Slider

വെജിറ്റേറിയൻ ഭാര്യ

0
വെജിറ്റേറിയൻ ഭാര്യ
*********************
ഇഷ്ടപ്പെട്ട പെണ്ണിന്റെ പുറകെ നടന്നു അവളെകൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച് അത് ആഘോഷിക്കാനായി ഒരു പാർട്ടി നടത്തിയപ്പോൾ ആണ് അവൾ പറയുന്നത്...
അവളൊരു പൂർണ്ണ വെജിറ്റേറിയൻ ആണെന്ന്.. പക്ഷേ ആ ഇഷ്ടത്തിന്റെ പുറത്ത് നോൺവെജ് ഇല്ലാതെ ഒരു നേരം ഭക്ഷണം ഇറങ്ങാത്ത ഞാൻ പറഞ്ഞു.. " അതിനെന്താ.. ഞാനും ഇനി മുതൽ വെജിറ്റേറിയൻ ആകാം.."
അങ്ങനെ വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം കല്യാണം കഴിഞ്ഞു..
കല്യാണശേഷം അവളും ഞാനും മാത്രമായി താമസിച്ച് തുടങ്ങിയപ്പോഴാണ് അന്ന് കൊടുത്ത വാക്ക് കാരണം പണി കിട്ടിയത്..
എല്ലാദിവസവും പച്ചക്കറികൾ.. പരിപ്പ്, തോരൻ, അവിയൽ, പച്ചടി, കിച്ചടി, സാമ്പാർ തുടങ്ങി പല പച്ചകറികൾ മാത്രം.. ഒരു ചിക്കൻ കറിയോ മട്ടൻ കറിയോ കഴിക്കുമ്പോൾ കിട്ടുന്ന നിർവൃതി പച്ചക്കറികൾ തരില്ലല്ലോ..
അങ്ങനെ പച്ചക്കറി ആക്രമണം സഹിക്കവയ്യാതെ ഒരു ദിവസം കുറച്ചു ആട്ടിറച്ചിയുമായി വീട്ടിലേക്ക് ചെന്നു.. അത് കണ്ടതും അവൾ കൊന്നില്ല എന്നേ ഉള്ളൂ.. പ്രണയിച്ച് നടന്നപ്പോൾ കൊടുത്ത എല്ലാ വാക്കുകളും എഴുതി വച്ച ഒരു വലിയ ഡയറി എടുത്തു കാണിച്ചു.. സാമാന്യം വലിയ ഒരു ഡയറി.. അതിൽ ഇങ്ങനെ എഴുതിയിരുന്നു..
" മാർച്ച് 2013 സമയം 4:15pm
എനിക്ക് വേണ്ടി ഇന്ന് മുതൽ ചേട്ടൻ പൂർണ്ണ വെജിറ്റേറിയൻ ആകുമെന്ന് എനിക്ക് വാക്ക് തന്നൂ.."
ഇത് കണ്ടതും ഞാൻ ആലോചിച്ചു.. എനിക്ക് എന്തിൻ്റെ കേടായിരുന്നു..? ഏത് സമയത്താണോ അങ്ങനെ പറയാൻ തോന്നിയത്..
അവസാനം ഒരു വഴി കണ്ടെത്തി.. ഈ ലോകത്ത് നമ്മൾക്ക് ഇഷ്ടഭക്ഷണം കഴിക്കാനുള്ള ആഗ്രഹമാണല്ലോ ഏറ്റവും വലുത്.. അതുകൊണ്ട് ഓഫീസിന് അടുത്തുള്ള കടയിൽ നിന്നും രാത്രി നല്ല ചൂടുള്ള പൊറോട്ടയും എരിവുള്ള മട്ടൻ റോസ്റ്റും കഴിച്ചിട്ട് വീട്ടിലേക്ക് വന്നു.. വന്നുടൻ അവൾ കഴിക്കാൻ വിളിച്ചു.. ഞാൻ കഴിച്ചു എന്ന് പറഞ്ഞു നോക്കിയപ്പോൾ ആണ് മനസ്സിലായത്... അവൾ ഞാൻ വരുന്നത് വരെ കഴിക്കാതെ ഇരിക്കുകയായിരുന്നു എന്ന്... അത് കണ്ട വിഷമം കാരണം പിന്നീട് പുറത്ത് നിന്ന് കഴിക്കുന്നത് ഒഴിവാക്കി...
അടുത്ത ലക്ഷ്യം അവളെ കൂടി മാംസം കഴിപ്പിച്ച് പഠിപ്പിക്കാൻ ആയിരുന്നു.. കാരണം ഒരിക്കൽ ടേസ്റ്റ് അറിഞ്ഞയാൾ അത് ഒഴിവാക്കുന്നതിലും എളുപ്പമല്ലേ പുതിയ ഒരു ടേസ്റ്റ് പഠിപ്പിക്കുന്നത്..
പിന്നീട് അതിനുള്ള ഐഡിയകൾ കണ്ടു പിടിക്കുന്ന തിരക്കിലായി..
ആദ്യം അവളുമായി വഴിയോര തട്ടുകടകളുടെ പരസരത്തു കൂടി നടന്നു.. ചുറ്റും മട്ടൻ കറിയുടേയും ചിക്കൻ ഫ്രൈയുടേയും മണമുള്ള തട്ടുകടകൾ.. അതിന് മുന്നിൽ തുറന്ന് വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ വായി നോക്കി വായിൽ വെള്ളമൂറികൊണ്ടിരിക്കുമ്പോഴാണ് അവൾ പറഞ്ഞു..
" ഈ ആളുകൾ എന്താ ചത്തമൃഗങ്ങളെയൊക്കെ ഇങ്ങനെ തിന്നുന്നത്.. എനിക്ക് മണമടിച്ചിട്ട് തന്നെ ഛർദ്ധിക്കാൻ വരുന്നു.. നമ്മുക്ക് വേഗം ഇവിടുന്ന് പോകാം.. "
അങ്ങനെ ആ പരിപാടിയും പൊളിഞ്ഞു.. എങ്കിലും തോൽക്കാൻ മനസ്സില്ലായിരുന്നു..
അടുത്തതായി നേരെ മക് ഡൊണാൾഡിലേക്ക് വച്ച് പിടിച്ചു.. അവിടെ ചെന്ന് ചിക്കൻ ബർഗർ ഓർഡർ ചെയ്തു അവളെ കൊണ്ടും കഴിപ്പിക്കാം എന്ന് കരുതിയതി.. പക്ഷേ അവൾ കടയിൽ ചെന്നയുടൻ ചിരിച്ച മുഖുമായി നിൽക്കുന്ന കൊച്ചിനോട് ആദ്യമേ ഓർഡർ ചെയ്തു.. " രണ്ട് പനീർ ബർഗർ വിത്ത് എക്സ്രാചീസ്.." ജീവിതത്തിൽ ആദ്യമായാണ് മക് ഡൊണാൾഡിൽ വെജിറ്റേറിയൻ ബർഗർ ഉണ്ടെന്ന് മനസ്സിലായത്.. അങ്ങനെ അതും പൊളിഞ്ഞു..
അങ്ങനെ പ്രതീക്ഷ എല്ലാം പോയി നിൽക്കുമ്പോൾ ആണ് കൂട്ടുകാർ എന്നെയും വിളിച്ച് അബൂക്കയുടെ കടയിൽ കൊണ്ട് പോകുന്നത്.. അബൂക്കയുടെ കട വളരെ പ്രസിദ്ധമാണ്.. അവിടെ ചെന്നതും ബീഫ് ഫ്രൈയുടേയും ചിക്കൻ കറിയുടേയും മാസ്മരിക ലോകം കാണാൻ കഴിഞ്ഞു.. റോഡിൽ വച്ചേ പലതരം മസാലകളുടെ മണം മൂക്കിൽ തുളച്ച് കയറി..
നേരെ കയറി വെള്ളപ്പവും ബീഫ് ഫ്രൈയും പറഞ്ഞു.. ആദ്യം വെള്ളപ്പം കൊണ്ട് വച്ചു.. നല്ല കള്ളൊക്കെ ഒഴിച്ച് മാർദ്ദവമായി ഉണ്ടാക്കിയ വെള്ളപ്പം രണ്ടു വിരൽ കൊണ്ട് മുറിച്ചു വായിൽ വച്ചതും അലിഞ്ഞു ഇറങ്ങിപ്പോയി.. അപ്പോഴേക്കും ബീഫ് ഫ്രൈയുമെത്തി.. നല്ല ഇളംബീഫ് ഇറച്ചിയിൽ മസാലകളും കുരുമുളകും ഇട്ടു തേങ്ങാകൊത്തും ചേർത്ത് വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത നല്ല ഒന്നാന്തരം ബീഫ് ഫ്രൈ.. ഒരു കഷ്ണം കഴിച്ചതും നാക്ക് കൂടി ഇറങ്ങിപ്പോയി.. കാരണം അത്രയും രുചികരമായ ഫ്രൈ ഞാൻ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല... ഒറ്റയടിക്ക് രണ്ട് പ്ലേറ്റ് അകത്താക്കി.. പോരാത്തതിന് ഒരു പ്ലേറ്റ് പാർസലും വാങ്ങി..
വീട്ടിൽ എത്തിയപ്പോഴാണ് അടുത്ത പ്രശ്നം.. അവൾ ഹാളിൽ തന്നെ ഇരിക്കുന്നു.. അവൾ കാണാതെ പാർസൽ ഒളിപ്പിച്ചു അകത്തുകയറി.. പെട്ടെന്ന് അവൾ മണം പിടിച്ചു പുറകെ വന്നിട്ട് ചോദിച്ചു..
" എന്താണ് ഇന്നൊരു ഒളിച്ചുകളി..?"
"ഏയ്..ഒന്നുമില്ല.. " ഞാൻ പറഞ്ഞു..
"പിന്നെന്താ ഒരു പ്രത്യേക മണം വരുന്നത്.." അവൾ ചോദിച്ചു..
അബൂക്ക ചതിച്ചു ഭക്ഷണം ഉണ്ടാക്കുമ്പോൾ കുറച്ചു മണം കുറച്ചു ഉണ്ടാക്കിക്കൂടെ... ഞാൻ അവളോട് കാര്യം പറഞ്ഞു.. പൊട്ടിത്തെറിച്ചു പാർസൽ വലിച്ചെറിയും എന്ന് വിചാരിച്ച എന്നെ അത്ഭുതപ്പെടുത്തി അവൾ പറഞ്ഞു.. " കുളിച്ചിട്ടു വാ ഭക്ഷണം കഴിക്കാം.."
അങ്ങനെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ ബീഫ് ഫ്രൈ എടുത്തു പാത്രത്തിൽ ഇട്ടു അടുത്തു വച്ചു.. അവൾ കഴിക്കുന്നതിനിടയിൽ അതിലേക്ക് നോക്കുന്നുണ്ട്.. ഞാൻ പറഞ്ഞു.. നല്ല സൂപ്പർ ബീഫ് ഫ്രൈയാണ്.. ഒരു പീസ് കഴിച്ചു നോക്കൂ..?
"എനിക്കൊന്നും വേണ്ട നിങ്ങളുടെ നോൺവെജ് ഭക്ഷണം.." അവൾ പറഞ്ഞു
ഞാൻ അടുത്തേക്ക് കസേര നീക്കിയിട്ടിരുന്നു.. എന്നിട്ട് സ്നേഹത്തോടെ ഒരു പീസ് എടുത്തു നീട്ടി.. മനസ്സില്ലാ മനസ്സോടെ അവൾ വായ് തുറന്നു വാങ്ങിച്ചു കഴിച്ചു.. അപ്പോഴാണ് അതിന്റെ രുചി അവൾക്ക് മനസ്സിലായത്.. പിന്നെ ഒരു പീസ് പോലും എനിക്ക് തന്നില്ല.. മൊത്തവും കഴിച്ചു തീർത്തിട്ട് പറഞ്ഞു.. "നാളേയും വരുമ്പോൾ ഈ ഹോട്ടലിൽ നിന്നും ബീഫ് ഫ്രൈ വാങ്ങി വരണേ.."
അങ്ങനെ അവസാനം ഞാൻ അവളെ ഒരു പരിപൂർണ്ണ നോൺവെജിറ്റേറിയനാക്കി മാറ്റി..
പക്ഷേ ഇപ്പോഴാണ് പുതിയ പ്രശ്നം ഉണ്ടായത്.. എപ്പോഴും വിളിച്ചു പറയും വരുമ്പോൾ അബൂക്കയുടെ കടയിൽ നിന്നും ബീഫ് ഫ്രൈ വാങ്ങൻ മറക്കല്ലേ എന്ന്...
" ഞാൻ ഇപ്പോൾ അബൂക്കയ്ക്ക് ഇരുന്നൂറ് പേജിൻ്റെ ഒരു നോട്ട്ബുക്ക് വാങ്ങി കൊടുത്തിട്ടുണ്ട്...."
__________________________________
© MUCHESH
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo