നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചിലപ്പോ സത്യം പറഞ്ഞാലും ഒരു മനുഷ്യനും വിശ്വസിക്കൂല

ചിലപ്പോ സത്യം പറഞ്ഞാലും ഒരു മനുഷ്യനും വിശ്വസിക്കൂല
കണ്ടില്ലേ..എസ് എൻ സി ലാവ്‌ലിൻ കേസിൽ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് വിജയൻ സാർ ആയിരത്തി അഞ്ഞൂറ് പ്രാവശ്യം പറഞ്ഞിട്ടും ഒരു മനുഷ്യനും വിശ്വസിച്ചില്ല. ഞാൻ കുമ്മനടിച്ചതല്ല, ദേ കല്യാണക്കാർഡ് ഛേ...ഇൻവിറ്റേഷൻ കാർഡ് എന്നു പറഞ്ഞ് മെട്രോയിൽ യാത്ര ചെയ്യാനുള്ള ഇൻവിറ്റേഷൻ കുമ്മനം പൊക്കിക്കാണിച്ചതാ....
കഷ്‌ടം!
ആരും വിശ്വസിച്ചില്ല...
ഇക്കഴിഞ്ഞ ദിവസം എന്റെയൊരു കൂട്ടുകാരൻ സത്യം പറയഞ്ഞപ്പോഴും ഇങ്ങനെ തന്നെ സംഭവിച്ചു.
പാവം, പതിനേഴാന്തി കൊച്ചിയിൽ സണ്ണിലിയോൺ വന്നപ്പോ കാണാൻ പോയതാ..ഒരു ഉറപ്പിനു വേണ്ടി എല്ലാവരും വാട്‌സാപ്പിൽ ആർമാദിച്ച് ഷെയർ ചെയ്ത ആ പടം എടുത്ത സമയത്ത് ഫോട്ടോയിൽ നന്നായി കാണത്തക്കവിധം കാറിനടുത്തു നിന്ന് വെളുക്കെ ചിരിക്കുകയും ചെയ്തു. കടയുടെ നാടമുറി കഴിഞ്ഞ് സണ്ണിലിയോൺ പോണ വരെ അവിടെത്തന്നെ നിക്കുവേം ചെയ്തു.അവന്റെ ഉദ്ദേശശുദ്ധി പക്ഷെ അവിടെ വന്ന ആർക്കും മനസ്സിലായില്ലെന്നു തോന്നുന്നു. അളിയന്റെ കല്യാണത്തിന് ഇട്ടശേഷം പിന്നെ വിശേഷ അവസരങ്ങളിൽ മാത്രം ഇടാൻ സൂക്ഷിച്ചു വെച്ചിരുന്ന പിസ്താ ഗ്രീൻ കളർ പാന്റാ അന്ന് ഇട്ടിരുന്നത്..അതിന്റെ അടിഭാഗം മുഴുവൻ എറണാകുളത്ത് മണ്ണിനടിയിൽ നിന്നും മെട്രോ പണിക്കാർ വലിച്ചു പുറത്തിട്ടിരുന്ന കറുകറുത്ത ചെളി പല ചെരിപ്പുകളുടെയും കാലുകളുടെയും ഷെയ്‌പ്പിൽ അടയാളപ്പെടുകയും ചെയ്തു.
എങ്കിലും ചരിതാർഥനായി സണ്ണിച്ചേച്ചിയെ കണ്ട് ഒരു പൊട്ടു പോലെ സെൽഫിയും എടുത്ത് വീട്ടിലേക്ക് പോകുന്ന വഴി ഒരു ചിന്ത അവന്റെ മനസ്സിൽ വന്നു.
സംഗതി എന്തായാലും പോയത് സണ്ണിച്ചേച്ചിയെ കാണാൻ തന്നെയല്ലേ....ഇനി ആ വിവരം പറഞ്ഞാൽ വീട്ടിൽ വല്ല പ്രശ്‌നവും ആവുമോ? അറിയാൻ സാദ്ധ്യതയില്ല. വേണെങ്കിൽ നുണ പറയാം. ഓഫീസ് ഉള്ള ദിവസമല്ലേ..ലീവ് എടുക്കുന്ന വിവരം വീട്ടിൽ പറഞ്ഞിട്ടുമില്ല. ഒന്നും നടന്നിട്ടില്ലാത്ത പോലെ വീട്ടിലേക്കു പോയാൽ മതി.
നുണ പറയാം എന്ന് തീരുമാനമെടുത്ത അതേ നിമിഷം വാട്‌സാപ്പിൽ ഒരു നോട്ടിഫിക്കേഷൻ വന്ന ശബ്‌ദം കേട്ടു. എടുത്തു നോക്കിയപ്പോൾ സണ്ണിലിയോൺ ചിത്രങ്ങൾ തുരുതുരെ പ്രവഹിക്കുകയാണ്.
അയ്യോ പണി പാളുമോ? ഭാര്യയും അത്യാവശ്യം സോഷ്യൽ മീഡിയ ഒക്കെ ഉപയോഗിക്കുന്ന ആളാണ്. അവൾക്കും ഈ മെസ്സേജുകൾ വന്നു കാണുമല്ലോ..ഏതെങ്കിലും മെസേജിൽ തന്റെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലോ? നുണ പറഞ്ഞു കഴിഞ്ഞ് അതെങ്ങാൻ കണ്ടു പിടിച്ചാൽ പിന്നെ ആകെ പ്രശ്‌നമാകും...
ഇങ്ങനെ പലവിധ ചിന്തകൾക്കൊടുവിൽ അവൻ വീട്ടിലെത്തി. കോളിംഗ് ബെൽ അടിച്ചു. ആരും വാതിൽ തുറക്കുന്നില്ല. വീണ്ടും അടിച്ചു. ആരും തുറക്കുന്നില്ല. അൽപനേരം തുടർച്ചയായി അടിച്ചു. ആരോ ശക്തിയായി വാതിൽ വലിച്ചു തുറന്നു. പിന്നെ അപ്രത്യക്ഷയായി. സാധാരണ വാതിൽ തുറന്ന് പുറത്ത് വന്ന് ബാഗ് കൈയിൽ മേടിച്ച് അകത്ത് കൊണ്ടു വെച്ച ശേഷം ഇരിക്ക് ഞാൻ ചായയിടാം എന്ന് പഴയ മമ്മൂട്ടി ചിത്രങ്ങളിലെ നായികമാരെപ്പോലെ പറയുന്നയാളാ...ഇന്നെന്തു പറ്റി?
അവൻ ഉറപ്പിച്ചു. സണ്ണി ലിയോണിന്റെ ചിത്രങ്ങൾക്കൊപ്പം തന്റെ ചിത്രങ്ങളും വാട്‌സാപ്പിൽ കിട്ടിക്കാണും. നുണ ഏൽക്കാനിടയില്ല. സത്യം തന്നെ പറയാം. വരുന്നിടത്തു വെച്ചു കാണാം...
അകത്തു കടന്ന് ബാഗ് കസേരയിലേക്കു വെച്ച് അടുക്കളയിലേക്കു ചെന്നു. ഭാര്യ അവിടെ നിൽക്കുന്നുണ്ട്. പിണങ്ങിയാണെന്ന് വ്യക്തം...
പതിയെ തോളിൽ പിടിച്ചു.
ഒരു തട്ട്. പിന്നെ ഒരു ചോദ്യം.
സത്യം പറയണം. ഇന്ന് ഓഫീസിൽ പോകാതെ എവിടെയാ പോയത്? ഞാൻ വിളിച്ചിട്ടു കിട്ടാത്തതു കൊണ്ട് ഓഫീസിൽ വിളിച്ചിരുന്നു. നുണ പറയണ്ട.
ഇനിയെന്തു നോക്കാൻ...എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞു. സത്യം പറയാം...
ഞാൻ....ഞാൻ കൊച്ചിയിൽ സണ്ണി ലിയോൺ വന്നിട്ടുണ്ടായി. കാണാൻ പോയതാ... നിന്നോട് പറഞ്ഞാൽ സമ്മതിച്ചില്ലെങ്കിലോ എന്നോർത്ത്....
തല വെട്ടിത്തിരിച്ച് അവളൊരു നോട്ടം! പിന്നെ മൊത്തത്തിൽ ഒരു സ്‌കാനിംഗ്! മുഖത്ത് ഒരു പുച്‌ഛഭാവം!
പിന്നെ ഒരു ഡയലോഗും...
ഹും...കണ്ണീക്കണ്ട വാളിപ്പിള്ളേരുടെ കൂടെ ചെളിക്കണ്ടത്തില് പന്തും തട്ടി നടന്നിട്ട് സന്ധ്യയാവുമ്പോ കേറി വന്നിരിക്കുന്നു...ചോദിക്കുമ്പോ ചണ്ണിലിയോണിനെ കാണാൻ പോയി പോലും...
അവനവന്റെ പ്രായമെങ്കിലും ഓർക്കണ്ടേ? നാണം വേണം മനുഷ്യാ...നാണം!
പിന്നേം അവൾ എന്തൊക്കെയോ പറഞ്ഞത്രേ...
അതാ പറഞ്ഞത്... ഇന്നത്തെക്കാലത്ത് സത്യം പറഞ്ഞാ ആരും വിശ്വസിക്കൂല...
പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
#panikkathy


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot