നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഡെങ്കി തന്ന പാഠം

ഡെങ്കി തന്ന പാഠം
°°°°°°°°°°°°°°°°°°°°°
സർക്കാർ താലൂക്കാശുപത്രിയുടെ ടോക്കൺ എടുക്കുന്ന കൌണ്ടറിനു മുന്നിലെ നീണ്ട കാത്തിരിപ്പിനൊടുവിൽ കയ്യിൽ കരുതിയ രണ്ട് രൂപ നാണയ തുട്ടുകൾ കൌണ്ടറിൽ കൊടുത്തു. പകരം ശീട്ട് വാങ്ങി വരാന്തയിൽ തിരിച്ച് വന്നപ്പോഴേക്കും ഉമ്മ ഡോക്ടറുടെ മുറിയിലേക്ക് നീണ്ടു കിടക്കുന്ന വരിയിലെ ഒരു കണ്ണിയായി അപരിചിതയായ ഏതോ ഒരമ്മയോട് എന്തൊക്കെയോ നാട്ടു വർത്തതമാനം പറഞ്ഞ് നിൽക്കുകന്നതാണ് കണ്ടത്.
നാടാകെ ഡെങ്കിപ്പനിയുടെ അലയൊലി കൊതുകിന്റെ മൂളിപ്പാട്ടിന്റെ താളത്തിനോടൊപ്പം അഴിഞ്ഞാടാൻ തുടങ്ങിയപ്പോഴേക്കും സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറയാൻ തുടങ്ങിയിട്ടുണ്ട്.
രാവിലെ ഏഴ് മണി മുതൽ രോഗികളുടെ ഒഴുക്കാണ് ആശുപത്രിയിലേക്ക്. പനിയുടെ ലക്ഷണം കണ്ടു തുടങ്ങിയവരും, പനി മൂത്ത് അവശരായവരും, തറയിൽ ഇരുന്നും കിടന്നും അക്ഷമയോടെ ഡോക്ടർമാർ വരുന്നതും കാത്തിരിപ്പാണ്. ക്ഷീണവും, അവശതയും, കണ്ണുകളിലെ ദയനീയതയും, കൂടാതെ ഡോക്ടർമാർ വരാൻ വൈകുന്നതിലുള്ള ഈർഷ്യയും അവരുടെ മുഖത്ത് മിന്നി മറയുന്നുണ്ട്‌.
ടെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ഹോമിയോ മരുന്ന് സർക്കാർ ഹോമിയോ ആശുപത്രിയിൽ സൌജന്യമായിട്ടു കൊടുക്കുന്നു എന്ന വിവരം കിട്ടിയ ഉടനെ തന്നെ വീട്ടിലുള്ള എല്ലാവർക്കും വേണ്ട പല്ലി മുട്ടകൾ പോലത്തെ ഗുളികകൾ ഒരു കുഞ്ഞു കുപ്പിയിൽ അവിടെ നിന്നും സ്വരൂപിച്ച് വെച്ചത് ഇന്നലെയാണ്. കൂട്ടത്തിൽ ഉമ്മാക്കുള്ള മരുന്ന് പ്രത്യേകം കരുതിയിരുന്നു.
രാവിലെ മക്കളെയും സുലൂനെയും ഉമ്മയെയും വിളിച്ച് എല്ലാവരുടെയും കയ്യിൽ പ്രതിരോധത്തിനുള്ള ഗുളികകൾ ഉള്ളം കയ്യിൽ വെച്ചു കൊടുക്കുമ്പോഴാണ് ഞങ്ങളെ എല്ലാവരെയും തീർത്തും പ്രതിരോധത്തിലാക്കി ഉമ്മാക്ക് ചെറിയ പനിയുടെ ലക്ഷണം കണ്ടു തുടങ്ങിയത്.
കൗണ്ടറിൽ നിന്നും കിട്ടിയ ശീട്ട് കയ്യിൽ പിടിച്ച് ഉമ്മ നിൽക്കുന്ന വരിയെ ലക്‌ഷ്യം വെച്ച് നടന്നു. വലിയ ക്ഷീണമൊന്നും ഉമ്മയുടെ മുഖത്ത് ഇല്ലെങ്കിലും ഉമ്മയെ തൽക്കാലം ക്യൂവിൽ നിന്നും മാറ്റി തൊട്ടടുത്ത സിമന്റ് ബെഞ്ചിൽ ഇരുത്തി.
ശേഷം ക്യൂവിൽ ഉമ്മയുടെ സ്ഥാനം ഞാൻ ഏറ്റെടുത്തു.
ശീട്ട് വാങ്ങാൻ ക്യൂ നിന്ന തക്കത്തിനു ഡോക്ടറെ കാത്തു നിൽക്കുന്ന വരിയിൽ ഉമ്മ മുൻകൂട്ടി സ്ഥാനം പിടിച്ചില്ലെങ്കിൽ .. പടച്ചോനെ ഇപ്പൊ ഞാൻ ഒരു ഫർലോങ്ങ് ഖ്യൂവിന്റെ പിറകിൽ നിൽക്കേണ്ട അവസ്ഥ വന്നേനെ. എങ്കിൽ ഇന്ന് വൈകുന്നേരം വരെ ഈ ആശുപത്രി വരാന്തയിൽ നിന്ന് കൊതുക് കടി കൊണ്ട് നിൽക്കേണ്ടിയും വന്നേനെ.
കാരണം ആശുപത്രിയുടെ അഞ്ഞൂറ് മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പോലീസ് സ്റ്റേഷന്റെ പരിസരത്തു പിടിച്ചിട്ടിരിക്കുന്ന മണൽ വണ്ടികൾ ഇന്ന് കൊതുകുകളുടെ കൂത്തരങ്ങുകളാണ്. അതിന്റെ പരിസരത്തു താമസിക്കുന്ന കുടുംബങ്ങളെയൊക്കെ തൊട്ടും തലോടിയും മൂളിപ്പാട്ട് പാടിയും, അതിനിടയിൽ ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി കയ്യിൽ നിന്നും സിറിഞ്ച് കൊണ്ട് രക്തമെടുക്കുന്ന ലാബ്‌ ടെക്നീഷ്യനെ പോലെ രക്തം വലിച്ചെടുത്തും കൊതുകുകൾ ആശുപത്രി പരിസരം മുഴുവൻ താണ്ഡവ നൃത്തമാടുന്നുണ്ട്.
ഓർത്തപ്പോൾ ഉമ്മയുടെ പ്രായോഗിക ബുദ്ധിയിൽ തെല്ലൊരഭിമാനം തോന്നി.
സമയം കടന്നു പോകും തോറും രോഗികളുടെ എണ്ണത്തിൽ അഭൂതപൂർവമായ പെരുപ്പം കൂടിവന്നു. ഒപ്പം ദൂര ദിക്കിൽ നിന്ന് പോലും ആൾക്കാർ ബസ്സിലും ഓട്ടോയിലുമായി ആശുപത്രി ഗൈറ്റിൽ വന്നിറങ്ങി. ആ കൂട്ടത്തിൽ ആഴ്ചകളോളം പ്രൈവറ്റ് ആശുപത്രിയിൽ കിടന്നു കയ്യിലുള്ള പൈസ മുഴുവൻ ചിലവായി രോഗം ഭേദമാവാതെ അവിടെ നിന്നും കിട്ടിയ മെഡിക്കൽ റിപ്പോർട്ടും കക്ഷത്തിൽ വെച്ചു കൊണ്ട് സർക്കാർ ആശുപത്രിയിൽ അഭയം തേടി വന്നവരും ഉണ്ട്.
സമയം പത്തുമണിയായി. വെയിലിന്റെ ചൂട് കൂടി വരുന്നതനുസരിച്ച് വിസ്താരം കുറഞ്ഞ ആശുപത്രിയുടെ അകത്തളത്തിൽ രോഗികളുടെ ആധിക്ക്യം കാരണം ഒരു തരം പുഴുങ്ങൽ അനുഭവപ്പെട്ടു തുടങ്ങി. ഒപ്പം രോഗികൾ അസ്വസ്ഥരാവാനും തുടങ്ങി. നാല് ഡോക്ടർമാരുടെ പരിശോധനാ മുറിയുടെ മുമ്പിലും സൂചി കുത്താനുള്ള സ്ഥലമില്ല. അത്രക്ക് തിരക്ക്..!!
കൊച്ചിയിൽ സണ്ണി ലിയോൺ വന്നപ്പോഴുള്ള തിരക്കാണ് ഓർമ്മ വരുന്നത്. പക്ഷെ വ്യത്യാസം ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു തരം മാനസിക വൈകൃതങ്ങളുടെ ‘വികാര’ തള്ളലാണ് അവിടെ നടന്നതെങ്കിൽ ഇവിടെ മനുഷ്യനെന്ന നിസ്സഹായതയുടെ ‘നിർവികാരത’ ആണ് എന്ന് മാത്രം.
നോക്കിയിരിക്കെ തൊട്ടടുത്ത വരിക്ക് ജീവൻ വെച്ചു. തളർന്നിരുന്നവർ എഴുന്നേറ്റു നിന്നു. സ്ഥാനം തെറ്റിയ സാരിത്തുമ്പുകൾ നേരെയാക്കി സ്ത്രീകൾ നടു നിവർത്തി. കയ്യിലിരിക്കുന്ന ശീട്ട് കയ്യിൽ പിടിച്ച് അവർ‍ ഡോക്ടറുടെ റൂമിന്റെ അരവാതിലിലേക്ക് പ്രതീക്ഷയോടെ കണ്ണും നട്ടിരുന്നു.
_’ അവിടെ ഡോക്ടർ വന്നിട്ടുണ്ട്..!!
അത് പറയുമ്പോൾ ഞങ്ങളുടെ വരിയിൽ
നില്ക്കന്ന ചേച്ചിക്ക് നിരാശ..
അഞ്ചു മിനുറ്റ് കഴിഞ് രണ്ടാമത്തെ വരിയും ഇളകാൻ തുടങ്ങിയപ്പോൾ അവിടെയും ഡോക്ടർ എത്തിയിട്ടുണ്ടെന്നു മനസ്സിലായി.
തിരക്കിനുള്ളിലെ ചൂട് അസഹ്യമായപ്പോൾ അസഹിഷ്ണുതയുടെ മൂളൽ അവിടെയൊക്കെ കൊതുകിന്റെ രൂപത്തിൽ പാറി നടന്നു.
ചലനമറ്റ് ജീവച്ഛവം പോലെ നിൽക്കുന്ന ഞങ്ങളുടെ വരി ഡോക്ടറില്ലാത്ത അനാഥ പ്രേതം പോലെ ചില അപസ്വരങ്ങളുണ്ടാക്കി വിയർത്തു നിന്നു.
ബാക്കി വരുന്ന രണ്ടു ക്യാബിനും ഡോക്ടർമാരില്ലാതെ ഒഴിഞ്ഞു കിടക്കുമ്പോൾ കൂട്ടത്തിൽ ഒരാൾ മൂന്നാമത്തെ വരി ചൂണ്ടി പറഞ്ഞു.
-‘ അവിടെ ഡോക്ടർ വന്നാൽ തന്നെ മൂപ്പർ അര മണിക്കൂർ പരിശോധിച്ച് ഒരൊറ്റ ഇറങ്ങി പോക്കാ. പിന്നെ മൂപ്പർക്ക് ഇഷ്ഠമുള്ളപ്പോൾ കേറി വരും. നാട്ടിൽ നടക്കുന്ന ഡെങ്കി മരണങ്ങളൊന്നും മൂപ്പരെ അലോസരപ്പെടുത്താറില്ല..!!
ഇത് കേൾക്കേണ്ട താമസം ചിലരൊക്കെ ആ വരിയിൽ നിന്നും ഇളകി ആശങ്കയോടെ മറ്റ് വരികളിലേക്ക് ചുവടു മാറി സ്ഥലം പിടിച്ചു. ഡോക്ടറിൽ ഇനിയും വിശ്വാസമുള്ള ചിലർ അവിടെ തന്നെ കുറ്റിയടിച്ച് കൂടി.
ഒരു മണിക്കൂർ കൂടി പിന്നിട്ട് സമയം പതിനൊന്നു മണി ആയിട്ടും ഞങ്ങളുടെ വരി അനാഥമായി തുടരുമ്പോൾ ക്യൂ നിൽക്കുന്ന രോഗികൾ തീർത്തും അവശരായിരുന്നു. പക്ഷെ എന്തും സഹിക്കുന്ന പ്രജകളുടെ മുഖത്ത് ആശയുടെ സ്ഫുരണം അപ്പോഴും അവശേഷിച്ചു. കാരണം നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ അവരെ അങ്ങനെ ആക്കി തീർത്തിരിക്കുന്നു.
പ്രതിഷേധങ്ങൾ ഉള്ളിലൊതുക്കി താൻ വിശ്വസിക്കുന്ന നേതാവിൽ വിശ്വാസമർപ്പിച്ച് അവർ ചെയ്യുന്ന എന്ത് കൊള്ളരുതായ്മക്കും ചൂഷണത്തിനും അറിഞ്ഞു കൊണ്ട് തന്നെ ന്യായീകരിച്ചു പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്യാൻ വിധിക്കപ്പെട്ടവർ.
പതിനായിരവും ലക്ഷങ്ങളും രോഗികളിൽ വസൂലാക്കി പ്രൈവറ്റ് ആശുപത്രികൾ നമ്മുടെ ചുറ്റും തഴച്ചു വളരുമ്പോൾ സാധാരണക്കാരുടെ ആശ്രയമായ ഇത്തരം സർക്കാർ സംവിധാനങ്ങളാണ് എല്ലാവർക്കും അവസാനത്തെ ആശ്രയം എന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അതിന് ഒരു ഉദാഹരണമാണ് പ്രൈവറ്റ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത രേഖകൾ കയ്യിൽ പിടിച്ച് അക്ഷമരായി ഇന്നിവിടെ ക്യൂ നിൽക്കുന്ന പല രോഗികളും.
സർക്കാർ മെഡിക്കൽ കോളേജിlൽ നിന്നും ബിരുദം നേടിയ ഡോക്ടർ അടുത്തുള്ളപ്പോൾ ചൈനയിൽ നിന്നും ബിരുദം ‘ഒപ്പിച്ചെടുത്ത’ വന്റെ ജാടക്ക് മുമ്പിൽ അഭിമാനം പണയം വെക്കേണ്ടി വരുന്നവന്റെ അവസ്ഥാന്തരം..!!
പി.എസ്.സി. പരീക്ഷ കഷ്ടപ്പെട്ട് എഴുതി സർക്കാർ ജോലിയിൽ കേറിയ അദ്ധ്യാപകരെ അവഗണിച്ച്, ഒരു പക്ഷെ അക്കാദമിക് ബിരുധം പോലുമില്ലാത്തവർ പഠിപ്പിക്കുന്ന (ബിരുദം അന്വേഷിക്കാറുമില്ല) പ്രൈവറ്റ് സ്കൂളിനെ ആശ്രയിക്കുന്നവന്റെ മാനസികാവസ്ഥ..!!
ആലോചിച്ചു നിൽക്കെ മനസ്സിന്റെ പിരിമുറുക്കം കൂടി വന്നു. ശരീരം വിയർക്കുന്നതോടൊപ്പം നിന്ന് വിറക്കാനും തുടങ്ങിയപ്പോൾ പതുക്കെ വരിയിൽ നിന്നും ഇറങ്ങി. ഉമ്മ യഥാസ്ഥാനത്ത് തന്നെ ഇല്ലേ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആശുപത്രിയുടെ ചുറ്റും ചുര മാന്തി നടക്കുമ്പോൾ ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും ഒരു അധികാരിയെ കണ്ടുമുട്ടുക എന്ന ചിന്തയായിരുന്നു മനസ്സിൽ.
വാർഡിൽ നിൽക്കുന്ന നഴ്സിൽ നിന്നും ചോദിച്ചറിഞ്ഞതു പ്രകാരം ഓഫീസിരിക്കുന്ന ഭാഗത്തേക്ക് നടക്കുമ്പോൾ മനസ്സ് തീർത്തും നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു.
ഓഫീസിന്റെ അകത്തേക്ക് കേറി. ആദ്യം മുന്നിൽ കണ്ട ആളോട് തന്നെ കയർത്ത് സംസാരിക്കുമ്പോൾ എന്റെ ശബ്ദം ഉച്ഛത്തിലാവുന്നത് ആശുപത്രി പരിസരത്തെ ഒന്ന് ചൊടിപ്പിച്ചു. ട്രിപ്പിനു വേണ്ടി തന്റെ ഊഴം കാത്ത് ഓട്ടോയിൽ ചാരി നിൽക്കുന്ന ഡ്രൈവർമാർ ശബ്ദം കേട്ട ഭാഗത്തേക്ക് തല തിരിച്ചു. വരിയിൽ നിന്നിരുന്നവരിൽ ചിലർ വരി മുറിച്ച് ഓഫീസിന്റെ പരിസരത്ത് കറങ്ങി നിന്നു. ക്യാന്റീനിൽ പോവാൻ തൂക്കുപാത്രവുമായി നിന്ന ഒരു ചേട്ടന്റെ ഇരുപതു രൂപ നോട്ട് ബഹളത്തിന്‍റെ ആവേശത്തിൽ കയ്യിൽ കിടന്ന് ഞെരിപിരി കൊണ്ടു. ക്യൂവിൽ നിന്നവരെല്ലാം ഓഫീസിന്റെ പരിസരത്ത് തടിച്ചു കൂടി.
സംഗതി പന്തിയല്ല എന്നു മനസ്സിലാക്കിയതു കൊണ്ടാവാം ഞാൻ കയർത്തു സംസാരിച്ച ആൾ പെട്ടെന്ന് മേശയുടെ ഡ്രോയിൽ നിന്നും സ്റ്റെതസ്കോപ്പ് വലിച്ചൂരി കഴുത്തിലിട്ട് പെട്ടെന്ന് പുറത്തു ചാടി ഡോക്റ്ററുടെ ക്യാബിനിലേക്ക്‌ ഓടുമ്പോഴാണ് മനസ്സിലായത്‌ ഇതുവരെ ഞാന്‍ കയർത്ത് സംസാരിച്ചത് ഞാനന്വേഷിക്കുന്ന ഡോക്ടറോട് തന്നെ ആയിരുന്നു എന്ന്..!!
അങ്ങനെ നാലാമത്തെ വരിക്കും അനക്കം വെച്ചു തുടങ്ങി. നന്ദി സൂചകമായി ചിലർ ക്ഷീണിച്ച ഒരു മന്ദഹാസം എന്റെ നേരെ എറിഞ്ഞുതന്നു.
സ്വയം ഒരു അഭിമാനമൊക്കെ തോന്നിയ ഞാൻ
ചെറിയൊരഹങ്കാരത്തോടെ ഉമ്മയെ വരിയിൽ നിർത്തിയ ഭാഗത്തേക്ക് ചെന്നപ്പോൾ മനസ്സൊന്നു പിടഞ്ഞു..!!
ഉമ്മയെ കാണുന്നില്ല..!!
സൂചി കുത്താൻ ഇടമില്ലാതെ വീർപ്പു മുട്ടുന്ന ആ തിരക്കിനടയിൽ വെപ്രാളത്തോടെ ഉമ്മയെ അന്വേഷിച്ച് എന്റെ കണ്ണുകൾ അലഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ആരോടെങ്കിലും ചോദിക്കാമെന്നു വെച്ചാൽ പരിചയമുള്ളവർ ആരെയും കാണാനും ഇല്ല. സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഒപ്പം ആശങ്കയും കൂടി വന്നു. ആശുപത്രി മുഴുവൻ അരിച്ചു പെറുക്കി നിരാശനായി നിക്കുമ്പോഴാണ് ഉമ്മയുടെ അടുത്തു നിന്നിരുന്ന ആ അമ്മ മുന്നിൽ വന്നു പെട്ടത്.
എന്റെ വെപ്രാളം കണ്ടിട്ടാവാം അവർ പെട്ടെന്ന് ആശ്വസിപ്പിക്കാനായി പറഞ്ഞു.
-‘ ഉമ്മ പരിശോധനയൊക്കെ കഴിഞ്ഞ് മരുന്ന് വാങ്ങാൻ വേണ്ടി ഫാർമസിയുടെ മുന്നിൽ നിൽക്കുന്നുണ്ട്..
തെല്ലൊരതിശയത്തോടെ ഞാൻ ആ അമ്മയോട് ചോദിച്ചു..
-‘ ഇതെങ്ങിനെ സാധിച്ചു..??
-‘ മോൻ അവിടെ ബഹളം വെച്ച സമയം വരിയിൽ നിന്നവരെല്ലാം അങ്ങോട്ട്‌ പോയ തക്കം നോക്കി ആ ഒഴിവിൽ ഞങ്ങൾ സൂത്രത്തിൽ ഡോക്ടറുടെ മുറിയിൽ കേറിപ്പറ്റി..!!
അതും പറഞ്ഞ് ആ അമ്മ നടന്നകലുമ്പോൾ ഞാൻ ഒരു നിമിഷം അവരുടെ പ്രായോഗിക ബുദ്ധിക്കു മുമ്പിൽ അറിയാതെ പകച്ചു നിന്നു.
അടുത്ത നിമിഷം ഞാൻ ഓടി ഫാർമസിയുടെ മുന്നിൽ ഡോക്ടർ എഴുതിക്കൊടുത്ത ചീട്ടുമായി നിൽക്കുന്ന ഉമ്മയുടെ അടുത്തേക്ക്‌..!!
അവിടെ ഒരു കുസൃതിച്ചിരിയോടെ
നിൽക്കുന്ന ഉമ്മയുടെ മുഖത്തു നിന്നും അപ്പോൾ പനിയുടെ അസ്കിതയൊക്കെ ലവലേശം
മാഞ്ഞുപോയിരുന്നു.
തിരിച്ച്‌ ഉമ്മയുടെ കൈ പിടിച്ച് നടക്കുമ്പോൾ വെറും രണ്ടു രൂപ ചിലവിൽ ഡെങ്കിയ ഒതുക്കാനുള്ള മരുന്ന് കയ്യിൽ കിട്ടിയതിന്റെ ആവേശമായിരുന്നു മനസ്സിൽ.
°°°°°°°°°°°°°°°°°°°°°°°°
നാസർ പുതുശ്ശേരി
തിരുവാലി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot