Showing posts with label BijuPVPerinchalloor. Show all posts
Showing posts with label BijuPVPerinchalloor. Show all posts

പൂച്ച(കഥ)



തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരൻ്റെ മുഖത്തേക്ക് ഡോക്ടർ ആനന്ദൻ സൂക്ഷിച്ചു നോക്കി.ഡോക്ടർ ആനന്ദൻ നഗരത്തിലെ പ്രശസ്തനായ സൈക്കാട്രിസ്റ്റാണ്.വിചിത്രങ്ങളായ കേസുകൾ കൈകാര്യം ചെയ്യാനാണ് ആനന്ദിന് കൂടുതൽ താല്പര്യം.. നിഗൂഢമായ പല കേസുകളും ചികിത്സിച്ച് ഭേദമാക്കിയിട്ടുമുണ്ട്..അതുകൊണ്ട് തന്നെ ആനന്ദിനെ തേടി വരുന്ന രോഗികളിൽ ബഹുഭൂരിപക്ഷവും വിചിത്രമായ സ്വഭാവരീതികൾ ഉള്ളവരാണ് താനും.
"പറയു..എന്താണ് താങ്കളുടെ പ്രശ്നം?"
"ഡോക്ടർ എൻ്റെ പേര് ഗണേഷ്..ഞാനിവിടെ ഒരു ധനകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്നു"
"അതാണോ താങ്കളുടെ പ്രശ്നം?"
"അല്ല ഡോക്ടർ... എൻ്റെ പ്രശ്നം പൂച്ചയാണ്"
"പൂച്ചയോ?"
"അതേ ഡോക്ടർ... അതെങ്ങനെ എനിക്ക് വിശദീകരിക്കേണ്ടതെന്നറിയില്ല..പൂച്ചകളോട് വെറുപ്പാണോ അതോ അവയോടുള്ള എൻ്റെ ഭയമാണോ എന്താണെന്നനിക്കറിയില്ല..പൂച്ചകളെ കാണുമ്പോൾ എൻ്റെ ശരീരം ഞാൻ പോലുമറിയാതെ വെട്ടിവിയർക്കാൻ തുടങ്ങും..അന്നേരം ഒരു തരം പരവേശമായിരിക്കും.എവിടെയെങ്കിലും ഓടി ഒളിക്കണമെന്ന് തോന്നും"
ഡോക്ടർ ആനന്ദൻ ഒന്നമർത്തി മൂളി
"ഉം..ഇത് 'അയില്യോറോഫോബിയ'(Ailurophobia)
എന്ന അവസ്ഥയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതായത് പൂച്ചകളോടുള്ള ഭയം അല്ലെങ്കിൽ അവയോടുള്ള ഒരു തരം വെറുപ്പ്..ഇത് നമുക്ക് ചികിത്സിച്ച് മാറ്റാവുന്നതെയുള്ളു."
ഡോക്ടർ ആനന്ദൻ ഒന്ന് നിർത്തി വീണ്ടും ഗണേഷിൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി..അപ്പോൾ അവൻ്റെ കണ്ണുകൾ ചുരുങ്ങി ചെറുതാവുന്നതായി അയാൾക്ക് തോന്നി.
"താങ്കൾക്ക്‌ എന്നു മുതലാണ് ഇത്തരം അനുഭവങ്ങൾ തുടങ്ങിയത്"
"ഒരു പതിമൂന്നോ പതിനാലോ വയസ്സുള്ളപ്പോഴാണ് എനിക്ക് ഇങ്ങനെയൊരു അവസ്ഥ ആദ്യമായി അനുഭവപ്പെടുന്നത്...പക്ഷെ കുട്ടിക്കാലത്ത് എൻ്റെ കളിക്കൂട്ടുകാരായിരുന്നു പൂച്ചകൾ..ഞാൻ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്നും എൻ്റെ കൂടെ പൂച്ചകൾ ഉണ്ടായിരുന്നു..എൻ്റെ പത്താം പിറന്നാളിന് അച്ഛൻ എനിക്കു തന്ന പിറന്നാൾ സമ്മാനമായിരുന്നു നല്ല വെളുത്ത തടിച്ചവാലോടു കൂടിയുള്ള ഒരു സുന്ദരിപൂച്ചയെ..അവളും ഞാനും വളരെ പെട്ടെന്ന് തന്നെ കൂട്ടായി..ഞാനവൾക്ക് ചക്കിയെന്ന് പേരിട്ടു..സ്ക്കൂളിൽ പോയാൽ ചക്കി പാലു കുടിച്ചോ ചക്കി ഭക്ഷണം കഴിച്ചോ എന്ന് മാത്രമായിരുന്നു എൻ്റെ ചിന്ത"
"പിന്നെ എങ്ങനെയാണ് പൂച്ചകളോട് ഭയം തോന്നി തുടങ്ങിയത്?"
"അവൾ ഒരുപാട് കുഞ്ഞുങ്ങളെ പ്രസവിച്ചു.പക്ഷെ ആ കുഞ്ഞുങ്ങളെയൊക്കെ അച്ഛൻ മറ്റാർക്കെങ്കിലും കൊടുക്കും..ഞാൻ സ്ക്കൂളിൽ പോകുന്ന തക്കത്തിനാണ് അച്ഛൻ കുഞ്ഞുങ്ങളെ കൊടുക്കുക..സ്ക്കൂൾ വിട്ട് വരുന്ന ഞാൻ കുഞ്ഞുങ്ങളെ കാണാതെ അലമുറയിട്ടു കരയുമ്പോൾ എൻ്റെ കാലിൽ മുട്ടിയുരുമി പ്രത്യേക ശബ്ദത്തിൽ ചക്കിയും കരയുന്നുണ്ടാവും.. രാത്രിയിൽ ഏറെ വൈകും വരെ പഠിക്കാനിരിക്കുന്ന എൻ്റെ അരികിൽ എൻ്റെ ചൂടുപറ്റി ചക്കിയും ഇരിക്കും..ഏതോ രാത്രിയിൽ അങ്ങനെ പഠിച്ച് കൊണ്ടിരിക്കുമ്പോൾ കരണ്ട് പോയി..ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് കൊണ്ടിരിക്കുമ്പോൾ അറിയാതെ കൈതട്ടി ചിമ്മിനി വിളക്ക് മറിഞ്ഞു വീണു..വിളക്ക് വീണത് ചക്കിയുടെ പുറത്താണ്..തീ പൊള്ളലേറ്റ് പ്രാണ വെപ്രാളത്തോടെ ചക്കി പുറത്തേക്ക് ഓടാൻ നോക്കിയെങ്കിലും അടഞ്ഞിരുന്ന വാതിൽ അവൾക്കൊരു തടസ്സമായി.. എൻ്റെ നിലവിളയും ചക്കിയുടെ പ്രാണഭയത്തോടെയുള്ള കരച്ചിലും കേട്ട് അച്ഛനുമമ്മയും ഓടി വന്ന് വാതിൽ തുറന്നപ്പോൾ പാന്തിവെന്ത ശരീരവുമായി അവൾ എവിടെക്കോ ഓടി മറഞ്ഞു..രണ്ടു നാൾ കഴിഞ്ഞ്‌ പാടവരമ്പിലൂടെ നടക്കുമ്പോൾ കാക്കകൾ കൊത്തി വലിക്കുന്ന ഒരു കരിഞ്ഞ ശവമായി എൻ്റെ ചക്കിയെ ഞാൻ കണ്ടു"
ഗണേഷ് അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ ആനന്ദൻ അവൻ്റെ മുഖത്തേക്ക് നോക്കി.. അപ്പോൾ അവൻ്റെ കണ്ണുകളിൽ പൂച്ചകളുടേത് പോലുള്ള നീല നിറം വ്യാപിച്ചിരിന്നു.
"പൂച്ചയെ കൊന്നാൽ പാപം കിട്ടുമെന്നും,കൈവിറ ഉണ്ടാകുമെന്നും,പൂച്ച ശപിക്കുമെന്നൊക്കെ അച്ചമ്മ പറഞ്ഞു പഠിപ്പിച്ചത് എൻ്റെ മനസ്സിലേക്ക് ഓടി വന്നു..അതോടെ ഒരു തരം ഭയം ഉള്ളിൽ മുളച്ചു...പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ സൈക്കിളിൽ നിന്നും വീണാൽ എന്തിന് അച്ഛനൊന്ന് വഴക്ക് പറഞ്ഞാൽ പോലും പൂച്ചശാപമാണോ എന്ന് ഞാൻ സംശയിച്ചു..ഒരു നാൾ വീട്ടിലെ മറ്റൊരു പൂച്ച എന്നെ അവൻ്റെ നഖങ്ങൾ കൊണ്ട് പോറിയപ്പോൾ ഞാൻ അത് ഉറപ്പായും വിശ്വസിച്ചു..പിന്നെ പിന്നെ പൂച്ചകളെ എനിക്ക് പേടിയായി തുടങ്ങി..പൂച്ചകളെ കാണുമ്പോൾ ഞാൻ എവിടെയെങ്കിലും ഓടിയൊളിക്കും..എൻ്റെ പൂച്ച പേടി കണ്ട് വീട്ടിലെ പൂച്ചകളെയൊക്കെ അച്ഛൻ എവിടെയോ കൊണ്ടുകളഞ്ഞു".
ഡോക്ടർക്ക് അവൻ്റെ സംസാരത്തിൽ നല്ല രസം തോന്നി അയാൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.അപ്പോൾ ഗണേഷിൻ്റെ മുഖം ഒരു പൂച്ചയെ പോലെ തോന്നിച്ചു.
"ഡോക്ടർ.. ഞാൻ അതിൽ നിന്നെല്ലാം പതുക്കെ പതുക്കെ റിക്കവറി ആയി വന്നതായിരുന്നു.. പക്ഷെ...പക്ഷെ...കഴിഞ്ഞയാഴ്ച!!"
"കഴിഞ്ഞയാഴ്ച എന്തു പറ്റി?"
"അന്നായിരുന്നു ഡോക്ടർ എൻ്റെ കല്ല്യാണം"
"കല്ല്യാണവും പൂച്ചയും തമ്മിൽ എന്താണ് ബന്ധം..ഇനി താൻ വല്ല പൂച്ചയേയും മറ്റുമാണോ കെട്ടിയത്"
ചിരിച്ചു കൊണ്ട് ഡോക്ടർ അതു പറഞ്ഞപ്പോഴേക്കും ഗണേഷിൻ്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.
"അന്ന് ഞങ്ങളുടെ ആദ്യരാത്രി ആയിരുന്നു.. ഏതൊരു പെണ്ണും പുരുഷനും ആഗ്രഹിക്കുന്ന രാത്രി..എൻ്റെ സങ്കല്പത്തിനനുസരിച്ചുള്ള ഒരു പെണ്ണ് തന്നെയായിരുന്നു അവൾ..നല്ല വിദ്യാഭ്യാസം.. കാണാനും സുന്ദരി..ആ രാത്രിയിൽ ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി..ഞങ്ങളുടെ ഇടയിലുള്ള മതിലുകൾ പൊളിഞ്ഞു വീണു..ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും അടുത്തറിഞ്ഞു തുടങ്ങി..ഇരുമെയ്യുകൾ ഒരു മെയ്യായി തീരുന്ന ആ സുന്ദരനിമിഷങ്ങളിലാണ് അപശകുനം പോലെ ആ ശബ്ദം എൻ്റെ കാതിൽ പതിച്ചത്..ഒരു പൂച്ചയുടെ ശബ്ദം.. ഞാൻ പതറിപോയി..എന്നിലെ ഞാൻ നിയന്ത്രണം വിട്ടു.. അത്രയും കാലം എന്നിൽ ഉറങ്ങി കിടന്നിരുന്ന ആ ഭയം അതിശക്തമായി തിരിച്ചു വന്നു."
ഗണേഷിൻ്റെ ശബ്ദത്തിൽ ഭയങ്കര കിതപ്പ്..അടുത്തിരുന്ന കൂജയിൽ നിന്നും കുറച്ചു വെള്ളമെടുത്ത് ഡോക്ടർ ആനന്ദൻ അവന് നല്കി.അവനാ വെള്ളം ഒരൊറ്റ വലിക്ക് കുടിച്ചു തീർത്തു.
"എൻ്റെ പൂച്ച പേടി അറിയാവുന്ന ആരോ എന്നെ പറ്റിക്കാൻ വേണ്ടി ഞങ്ങളുടെ കട്ടിലിനടിയിൽ പൂച്ചയേ കൊണ്ടു വച്ചതാകാം..അറിയില്ല അതെങ്ങനെ അകത്തു വന്നുവെന്ന്..അതോടെ ഞാൻ ഞാനല്ലതായി..എന്നിലെ ഭാവമാറ്റം അവളെ ഭയചകിതയാക്കി കാണണം.. പിറ്റേന്ന് രാവിലെ അവളുടെ വീട്ടുകാർ വന്ന് അവളെ കൂട്ടികൊണ്ടുപോയി..എന്നോട് എന്താ പ്രശ്നമെന്ന് പോലും തിരക്കിയില്ല..ഞാനവളെ തടഞ്ഞുമില്ല..അതിനു ശേഷം ഞാനിന്നുവരെ നേരാംവണ്ണം ഉറങ്ങിയിട്ടില്ല ഡോക്ടർ.. ഉറങ്ങാൻ കണ്ണടക്കുമ്പോൾ എൻ്റെ മുന്നിലേക്ക് പല വലുപ്പത്തിലും രൂപത്തിലുമുള്ള പൂച്ചകൾ ഓടി വരുന്നു. അവയെന്നെ ഉപദ്രവിക്കുന്നതായി തോന്നുന്നു"
"മിസ്റ്റർ ഗണേഷ് ഇത് കുറച്ചു കോംപ്ലീകേറ്റാഡായ കേസാണ്..ചികിത്സിച്ചു ഭേദമാക്കുന്നതിനു മുമ്പ് തന്നെയൊന്നു കൗൺസിൽ ചെയ്യേണ്ടി വരും..കാരണം നിൻ്റെ മനസ്സ് ഈ ചികിത്സയ്ക്ക് പാകപെടേണ്ടതുണ്ട്."
ഡോക്ടർ ആനന്ദൻ അവൻ്റെ കണ്ണുകളിലേക്ക് നോക്കിയാണ് അതു പറഞ്ഞത്..അപ്പോൾ അവൻ്റെ കണ്ണുകൾ പൂച്ചയുടേത് പോലെ തിളങ്ങുന്നുണ്ടായിരുന്നു.ആ കണ്ണുകളിലേക്ക് കൂടുതൽ സമയം നോക്കാൻ അയാൾക്കെന്തോ പേടി തോന്നി
"നോക്കൂ ഗണേഷ്...പൂച്ചയെ കൊന്നാൽ കൈവിറയ്ക്കും..പാപം കിട്ടും..പൂച്ചശാപം മരണം വരെ പിൻതുടരും എന്നൊക്കെ പറയുന്നത് വെറും അന്ധവിശ്വാസങ്ങളല്ലേ..അങ്ങനെയാണെങ്കിൽ എനിക്കൊക്കെ എന്നേ ശാപമേറ്റേനെ..കുട്ടിക്കാലത്ത് ഞാനൊരു വികൃതിപയ്യനായിരുന്നു..പൂച്ചയെ വെള്ളത്തിൽ മുക്കി കൊല്ലുക,അരണയെ തലയിൽ കല്ലിട്ട് കൊല്ലുക,കോഴിയുടെ കാല് എറിഞ്ഞു തകർക്കുക തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നവനാണ്..അന്നേരം എൻ്റെ മുത്തശ്ശിയും എന്നോട് ഇതൊക്കെ തന്നെയാണ് പറയാറ്..ഇതൊന്നും വല്ല്യ കാര്യമൊന്നുമല്ലെടോ...കുട്ടിക്കാലത്ത് നമ്മുടെ ഉള്ളിൽ മുതിർന്നവർ മുളപ്പിക്കുന്ന ഒരു തരം ഭയത്തിൻ്റെ വിത്തുകളുണ്ട്..ചിലത് മുളച്ച് വലിയൊരു മരമായി തീരും തന്നേ പോലെ ചിലത് പടുമുളയായി തീരും അത്രമാത്രം"
ഡോക്ടർ പറഞ്ഞു നിർത്തിയതും വന്യമായൊരു മുരൾച്ചയോടെ ഗണേഷ് ചാടിയെഴുന്നേറ്റു.. മേശയുടെ മുകളിലേക്ക് ചാടി കയറിയ അവൻ ഡോക്ടറെ അതിശക്തമായി മർദ്ദിച്ചു.. ആ മർദ്ദനം ഒരു പൂച്ചയുടെ മർദ്ദനം പോലെ തോന്നിച്ചു..ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്ടർ മേശപ്പുറത്തുണ്ടായിരുന്ന ഫ്ലവർവേസ് എടുത്ത് അവൻ്റെ തലയിൽ ശക്തിയായി അടിച്ചു.ആ അടിയിൽ അവൻ കുഴഞ്ഞു വീണു..വീഴുന്നതിന് മുമ്പായി ഡോക്ടറുടെ മുഖത്ത് അവൻ്റെ നഖം കൊണ്ട് വലിയൊരു മുറിവുണ്ടായി.
മുറിയിലെ ശബ്ദം കേട്ട് ഓടി വന്നപ്പോൾ മുന്നിൽ ഭയചകിതനായി നില്ക്കുന്ന ഡോക്ടറെയും മേശപ്പുറത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന ഗണേഷിനെയും കണ്ട് സ്റ്റാഫുകൾ ആകെ പരിഭ്രാന്തരായി..ഭയത്തിൽ നിന്നും പൊടുന്നനെ മോചിതനായ ആനന്ദൻ കർമ്മനിരതനായ ഒരു ഡോക്ടറായി.
"നേഴ്സ് എത്രയും പെട്ടെന്ന് ഇയാളെ എമർജൻസി കെയറിലേക്ക് എത്തിക്കു"
തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ആനന്ദന് അപ്പോഴും മനസ്സിലായില്ല..അയാൾ വാഷിംഗ് റൂമിലേക്ക് നടന്നു.
മുഖത്ത് വെള്ളം കോരി ഒഴിച്ചപ്പോൾ പുകച്ചിൽ കൊണ്ടയാൾ മുഖം ചുളിച്ചു.നഖം കൊണ്ട് മുറിഞ്ഞ മുറിപ്പാടിൽ നിന്നും ചോര ചെറിയ തോതിൽ കനിയുന്നുണ്ടായിരുന്നു..കണ്ണാടിയിലേക്ക് നോക്കിയ അയാൾ ഒന്നമ്പരന്നു..തൻ്റെ കണ്ണുകൾ വല്ലാതെ ഇടുങ്ങിയിരിക്കുന്നു..അയാൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അപ്പോൾ അയാൾ വ്യക്തമായി കണ്ടു..തൻ്റെ കണ്ണുകളിൽ പൂച്ചയുടേത് പോലെ നീല നിറം വ്യാപിക്കുന്നത്.
അവസാനിച്ചു.
ബിജു പെരുംച്ചെല്ലൂർ

അച്ഛൻ(ചെറുകഥ)

അച്ഛൻ....

നാളെ അയാളുടെ മകൾ മണികുട്ടിയുടെ വിവാഹമാണ്..ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരു വെള്ള തുണിയിൽ പൊതിഞ്ഞ കണ്ണ് തുറക്കാത്ത  പാവക്കുഞ്ഞിനെ പേരറിയാത്ത ഏതോ നേഴ്‌സ് കൊണ്ടു വന്ന് 'പെൺകുഞ്ഞാണ് കേട്ടോ' എന്ന് പറഞ്ഞ് കൊടുത്തപ്പോൾ ലോകം കീഴടക്കിയവനെ പോലെയായിരുന്നു..അച്ഛന്മാരോട് ഏറ്റവും അടുപ്പം പെൺമക്കൾക്കായിരിക്കും എന്ന് കേട്ടിട്ടുണ്ട്...ഇന്ന് ആ മകളുടെ കല്ല്യാണം പോലും കൂടാൻ ഭാഗ്യമില്ലാതെ അയാൾ തനിച്ചിവിടെ

എന്തായിരുന്നു അയാൾ ചെയ്ത തെറ്റ്?

പ്രാരാബ്ദക്കാരായ അച്ഛൻ്റെയും അമ്മയുടെയും മൂന്നു മക്കളിൽ ഏക ആൺതരിയായ അയാൾ ആ പ്രാരാബ്ദം സ്വയം ഏറ്റെടുത്ത്  പത്തൊമ്പതാം വയസ്സിൽ ഒരു പ്രവാസിയായി തീർന്നത്?...നീണ്ട അഞ്ചുവർഷം അച്ഛനെയോ അമ്മയേയോ സഹോദരിമാരെയോ കാണാതെ ആ മണലാരണ്യത്തിൽ കഷ്ടപ്പെട്ടു..സഹോദരിമാരെ മാന്യമായ രീതിയിൽ വിവാഹം ചെയ്ത് അയച്ചപ്പോൾ തനിക്കും ഒരു കൂട്ട് വേണമെന്ന് ആഗ്രഹിച്ചത് അയാളുടെ തെറ്റ്...പതിനൊന്ന് വർഷം  സ്വന്തമാണെന്ന് കരുതിയ തൻ്റെ ഭാര്യ മക്കളെയും എടുത്തു കൊണ്ട് മറ്റൊരുവൻ്റെ കൂടെ ഇറങ്ങി പോയപ്പോൾ നിസഹായകനായി നോക്കി നിന്നത് അയാൾ ചെയ്ത മറ്റൊരു തെറ്റ്...കോടതി മുറിയിലെ വാദപ്രതിവാദങ്ങൾക്ക് ഇടയിൽ തൻ്റെ ഭർത്താവ് ഒരു സ്ത്രീലബടനും മദ്യപാനിയും അതിലുപരി തന്നെ ശാരീരികമായി ഉപദ്രവിക്കുന്നവനാണെന്നും കൂടി പറഞ്ഞപ്പോൾ തൻ്റെ മക്കൾക്ക് വേണ്ടി അയാൾ എല്ലാം ക്ഷമിച്ചത് മറ്റൊരു തെറ്റ്.. പെൺമക്കൾ അമ്മയുടെ കൂടെയാണ് സുരക്ഷിതരായി കഴിയുക എന്നു കൂടി അവൾ കോടതിയെ ബോധിപ്പിച്ചപ്പോൾ അത് കോടതി അംഗീകരിച്ചപ്പോൾ അയാൾ ആദ്യമായി പൊട്ടി കരഞ്ഞു.തൻ്റെ മനസ്സിൽ അവളല്ലാതെ വേറൊരു പെണ്ണില്ലെന്നതും വല്ലപ്പോഴും മാത്രം അല്പം മദ്യപിക്കും എന്നുള്ളതും ഒരു നോക്ക് കൊണ്ട് പോലും അയാൾ അവളെ വേദനിപ്പിച്ചിട്ടല്ലെന്ന് അയാൾക്ക് മാത്രം അറിയാവുന്ന സത്യവും..സത്യമറിഞ്ഞ് എന്നെങ്കിലും തൻ്റെ മക്കൾ തന്നെ തേടിവരും എന്നയാൾ കരുതിയത് വലിയ തെറ്റ്..

ഒരിക്കൽ മക്കളെ കാണാൻ അവർ പഠിക്കുന്ന സ്ക്കൂളിൽ ചെന്നപ്പോൾ 'ഇനി അച്ഛൻ ഞങ്ങളെ കാണാൻ വരരുത്... അച്ഛനെ ഞങ്ങൾക്ക് ഇഷ്ടമല്ല'എന്ന് തൻ്റെ മുഖത്ത് നോക്കി അവർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടിപ്പോകുന്ന വേദനയോടെ അയാൾ തളർന്നിരുപോയി...

അച്ഛനുമമ്മയും മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടവനായി തീർന്നു..എന്നോ തന്നെ തേടിവരുമെന്ന് കരുതിയ മക്കൾക്ക് വേണ്ടി മറ്റൊരു വിവാഹം കഴിക്കാതിരുന്ന് അയാളുടെ മാത്രം തെറ്റ്..

അയാൾ ഓരോന്ന് ആലോചിച്ചു ചാരുകസേരയിൽ മലർന്ന് കിടന്ന് ഒന്ന് മയങ്ങിപ്പോയി.. ഏതോ വാഹനം മുറ്റത്ത് വന്ന് നില്ക്കുന്ന ശബ്ദം കേട്ടാണ് അയാൾ ഉറക്കമുണർന്നത്..കാറിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ട് അയാളൊന്ന് ഞെട്ടി

'മക്കൾ'

അയാൾ ചാടി മുറ്റത്തിറങ്ങി.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

'അച്ഛാ'

താൻ ഇത്രയും കാലം കാത്തിരുന്നത് ആർക്ക് വേണ്ടിയാണോ,ആരുടെ ശബ്ദമാണോ കേൾക്കാൻ ആഗ്രഹിച്ചത്...തൻ്റെ പൊന്നുമക്കൾ ഇതാ തൻ്റെ കൺമുമ്പിൽ.. അയാളവരെ ഇരു കൈയാലേയും കൂട്ടിപിടിച്ചു..അയാളുടെ ഇരു തോളുകളും അവരുടെ കണ്ണീര് കൊണ്ട് നനഞ്ഞു..

'അച്ഛാ...മാപ്പ്...എല്ലാത്തിനും'

'മാപ്പോ...എന്തിന് മക്കളെ'അയാളുടെ കണ്ഠം ഇടറിപോയി..

'അറിയില്ലായിരുന്നു അച്ഛാ...ഞങ്ങളുടെ അച്ഛനായിരുന്നു ശരിയെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു..അമ്മ പലതും പറഞ്ഞ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു..ഇന്നലെ ചിറ്റ വീട്ടിൽ വന്നിരുന്നു.. ചിറ്റ വേണ്ടി വന്നു ഞങ്ങൾക്ക് ഞങ്ങളുടെ അച്ഛനെ മനസ്സിലാക്കാൻ.. അന്ന് സ്ക്കൂളിൽ ഞങ്ങളെ കാണാൻ വന്നപ്പോൾ പട്ടിയേ പോലെ അച്ഛനെ ഞങ്ങൾ ആട്ടി ഇറക്കിയിട്ടുണ്ട്.. അന്ന് അച്ഛനനുഭവിച്ച വേദന എത്രമാത്രം വലുതാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി'

അയാൾ അവരെ തൻ്റെ ഇരു ഭാഗത്തും ചേർത്തു നിർത്തി..

'അച്ഛാ..അച്ഛനിങ്ങനെ ഞങ്ങളെ ചേർത്തു നിറുത്തുമ്പോൾ കിട്ടുന്ന ഈ സുരക്ഷിതത്വം മുമ്പേ ഞങ്ങൾക്ക് കിട്ടേണ്ടതായിരുന്നു...ഞങ്ങൾ തന്നെ അത് നിഷേധിച്ചു അല്ലേ അച്ഛാ'

'മക്കളെ നിങ്ങളുടെ ഓരോ വളർച്ചയും ഞാൻ കാണുന്നുണ്ടായിരുന്നു..നിങ്ങളുടെ അടുത്ത് വന്ന് നെറ്റിയിൽ ഒരുമ്മ തരണമെന്ന് ആഗ്രഹിച്ചിരുന്നു..അച്ഛന് അത് ആഗ്രഹിക്കാനല്ലേ പറ്റു...എല്ലാ അമ്മമാർക്കും പത്ത് മാസം ചുമന്നു പ്രസവിച്ചതിൻ്റെ കണക്ക് പറയാനുണ്ടാവും..പക്ഷെ ഈ അച്ഛൻ എന്ത് കണക്കാ മക്കളെ നിങ്ങളോട് പറയാ...പത്ത് മാസം ഒരമ്മ മക്കളെ ഉദരത്തിൽ ചുമക്കുമ്പോൾ അച്ഛൻ്റെ വിയർപ്പിൻ്റെ ഫലമല്ലേ  അവളും മക്കളും  ഭക്ഷിക്കുന്നത്..ഒരച്ഛൻ്റെ തണലിലായിരുന്നില്ലേ അവർ വിശ്രമിച്ചത്...അച്ഛനില്ലാതെ പിറവിയെടുക്കുന്ന മക്കളും ഭർത്താവില്ലാതെ പ്രസവിക്കുന അമ്മമാരും ഉണ്ട്..അവരുടെ വേദന അച്ഛൻ കാണാതിരുന്നിട്ടില്ല.. എന്നിട്ട് ഏതെങ്കിലും ഒരച്ഛൻ ആ കണക്കുമായി വന്നിട്ടുണ്ടോ...ഒരച്ഛന്മാർക്കും അങ്ങനെ വരാൻ സാധിക്കില്ല മക്കളെ..'

'അച്ഛാ...രാജീവേട്ടൻ എൻ്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ അതിന് സാക്ഷിയായി എൻ്റെ അച്ഛനവിടെ ഉണ്ടാകണം... അച്ഛൻ വേണം എൻ്റെ കൈപിടിച്ച് രാജീവേട്ടനെ ഏല്പിക്കാൻ'

അയാൾ അനുകമ്പയോടെ,അതിരറ്റ സന്തോഷത്തോടെ തൻ്റെ മക്കളുടെ മുഖത്തേക്ക് നോക്കി

'അച്ഛൻ വരും..ഈ അച്ഛൻ വരും മക്കളെ...എൻ്റെ മകൾ സുമംഗലിയായി പുതിയൊരു ജീവിതം തുടങ്ങുന്നത് കാണാൻ അച്ഛൻ വരും.. അച്ഛൻ തന്നെ നിൻ്റെ കൈപിടിച്ച് നിൻ്റെ ഭർത്താവിനെ ഏല്പിക്കുകയും ചെയ്യും'

"ദീർഘസുമംഗലി ഭവഃ"

മകളെ അനുഗ്രഹിച്ച് വിട്ടയാൾ അവർ കാറിൽ കയറിപോകുന്നതും നോക്കി ആ ചാരുകസേരയിൽ മലർന്ന് കിടന്നു..ഇപ്പോൾ അയാളുടെ മനസ്സ് ശാന്തമാണ്...കുത്തിമറിഞ്ഞ് ചുഴികളും അഗാധ ഗർത്തങ്ങളുമായി ഒഴുകിയിരുന്ന ഒരു നദി ഇപ്പോൾ ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്നു.

ബിജു പെരുംച്ചെല്ലൂർ

മഴ പെയ്യാതിരുന്നുവെങ്കിൽ......(കഥ)

Image may contain: 1 person, beard and closeup
..........
മുമ്പെനിക്ക് മഴയോട് പ്രണയമായിരുന്നു.ഓട് പൊട്ടി ചോർന്നൊലിക്കുന്ന മേൽക്കൂരയിലൂടെ താഴേക്ക് വീഴുന്ന മഴവെള്ളത്തെ സ്വീകരിക്കാൻ വീട്ടിലെ പാത്രങ്ങൾ മതിയാവാതെ വരുമ്പോൾ എൻ്റെ അമ്മ മഴയെ വല്ലാതെ ശപിക്കുമ്പോഴും ഞാൻ മഴയെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുകയായിരുന്നു...ഒരു കർക്കിടക്കത്തിലെ മഴക്കാലത്ത് അപ്രതീക്ഷിതമായി പെയ്ത പെരുമഴയത്ത് പണിക്ക് പോയ അമ്മ പാടത്തേ വെള്ളക്കെട്ടിൽ വീണ് മരിച്ചപ്പോൾ..എന്നെ തനിച്ചാക്കി പോയപ്പോൾ...അന്നാദ്യമായി ഞാൻ മഴയെ വെറുത്തു... അന്നാദ്യമായി ഞാൻ മഴയെ ശപിച്ചു...അന്ന് അങ്ങനെയൊരു മഴ പെയ്യാതിരുന്നെങ്കിൽ!!!.
ജീവിതം എന്തെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലുള്ള ഞാനെന്ന ആ എട്ടുവയസ്സുക്കാരനെ ഏതോ ഒരു മനുഷ്യന്റെ നല്ല മനസ്സ് കൊണ്ട് 'ദീനഭവൻ കോൺവെന്റി'ലെ അന്തേവാസിയാക്കി മാറ്റി....പഠിക്കാൻ മിടുക്കനായത് കൊണ്ട് പത്താം ക്ലാസ്സും പ്ലസ്ടുവും നല്ല മാർക്കോടെ പാസ്സായതോടെ കന്യാസ്ത്രീ മഠത്തിലെ നല്ല അമ്മമാർ എന്നെ അവരുടെ തന്നെ കോളേജിൽ ബിരുദ പഠനത്തിനായി ചേർത്തു...
അന്നൊരു മഴക്കാലമായിരുന്നു.. കോളേജിൽ പുതിയ ബാച്ചിന്റെ പ്രവേശനം നടക്കുന്ന ദിവസം,അന്നാണ് ഞാൻ അവളെ ആദ്യമായി കണ്ടത്.നനഞ്ഞൊട്ടിയ മാടപ്രാവിനെ പോലെ മഴയത്ത് കോളേജ് വരാന്തയിലേക്ക് അവൾ ഓടിക്കയറിയപ്പോൾ കോളേജിലേക്ക് മാത്രമല്ല എന്റെ ഹൃദയത്തിലേക്കും കൂടിയാണ് അവൾ ഓടിക്കയറിയത്...അന്നു മുതൽ ഞാൻ വീണ്ടും മഴയേ പ്രണയിച്ചു തുടങ്ങി..ചാറ്റൽമഴയത്ത് അവളുടെ കൈയും പിടിച്ച് കോളേജ് മുറ്റത്ത് കൂടി നടക്കുമ്പോൾ അവളുടെ കവിളിലേക്ക് ഇറ്റുവീഴുന്ന മഴതുള്ളികൾക്ക് ഒരു വല്ലാത്ത മധുരമായിരുന്നു...പ്രണയത്തിൻ്റെ മധുരം...അവയ്ക്ക് എന്നോട് എന്തോ രഹസ്യം പറയാനുണ്ടെന്ന് തോന്നി.
അന്നും ഒരു മഴക്കാലമായിരുന്നു...അന്നാണ് അവളെന്നോട് ആ രഹസ്യം പറഞ്ഞത്.. അവളുടെ മടിയിൽ തലച്ചായ്ച്ച് കിടക്കുമ്പോൾ അവളെന്റെ ചെവിയിൽ പതുക്കെ കടിച്ചു..'കള്ളൻ പണി പറ്റിച്ചു കേട്ടോ' ഒന്നും മനസ്സിലാവാതെ ഞാനവളുടെ മുഖത്ത് നോക്കി കിടന്നു.അവൾ എന്റെ കൈ അവളുടെ പട്ട് പോലെ മൃദുലമായ വയറിലേക്ക് വച്ചു..'ദാ... ഇവിടെ ഒരു കൊച്ചുകള്ളൻ'...അവളെ വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ.
തണുത്ത ഡിസംബർ മാസം... എന്തിനായിരുന്നു അന്നങ്ങനെയൊരു മഴപെയ്തത്!!!... കാലം തെറ്റി പെയ്ത മഴയുള്ള രാത്രിയിലായിരുന്നു അവൾക്ക് പേറ്റ് നോവ് വന്നത്.അവളെയും വാരിയെടുത്ത് ആശൂപത്രിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ഒരു വാഹനവും കിട്ടിയില്ല... പിന്നെ ഒരു ഓട്ടമായിരുന്നു.. അതിനിടയിൽ എപ്പോഴോ കിട്ടിയ ഒരു ഓട്ടോയിൽ കയറി ആശൂപത്രിയിൽ എത്തിയപ്പോഴേക്കും വൈകി പോയിരുന്നു... എനിക്കെന്റെ പൊന്നുമോളെ തന്ന് ഞങ്ങളെ തനിച്ചാക്കി അവളും എന്റെ അമ്മയുടെ അടുത്തേക്ക് പോയി...എന്തിനായിരുന്നു അന്ന് അങ്ങനെയൊരു മഴ പെയ്തത്..അന്ന് അങ്ങനെയൊരു മഴ പെയ്താതിരുന്നെങ്കിൽ!!!....
ആ നാടും ഓർമ്മകളും അവിടെ ഉപേക്ഷിച്ച് ഞാൻ കടല് കടന്നു എന്റെ പൊന്നൂസിനേയും കൊണ്ട്.
ഇന്നലെ ഇവിടെ നല്ല മഴപെയ്തു..'ദാ..അച്ഛാ മഴപെയ്യുന്നു' എന്റെ പൊന്നൂസിൻ്റെ കണ്ണുകളിൽ കണ്ട കൗതുകം ആ പഴയ ആറു വയസ്സുക്കാരനെ ഓർമ്മിപ്പിച്ചു...അവളും മഴയെ പ്രണയിക്കുകയാണോ...പ്രണയിച്ചോട്ടെ മതിവരുവോളം.. അവൾക്ക് കൂട്ടായി അവളുടെ ഈ അച്ഛനും.
ബിജു പെരുംചെല്ലൂർ

എൻ്റെ പെണ്ണന്വേഷണ പരീക്ഷകൾ.

Image may contain: 1 person, sunglasses and beard.........
(ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ്....അമ്മച്ചിയാണേ)
കല്ല്യാണം കഴിക്കണമെന്ന അതിയായ മോഹമുദിച്ച ഞാൻ ചെന്ന് പെട്ടത് ഒരു ബ്രോക്കറുടെ മടയിൽ...ബ്രോക്കർ ജനാർദ്ദനൻ പൂജാരി...ആവശ്യം അങ്ങോട്ട് അറിയിച്ചപ്പോൾ കമ്മീഷൻ കൊടുക്കാൻ പറഞ്ഞു....ഊരൂതെണ്ടിയുടെ കൈയിൽ എവിടെയാ കമ്മീഷൻ..അമ്മ വഴി ചിലവിന് തന്ന അഞ്ഞൂറ് രൂപയിൽ നിന്നും ഒരു നൂറ് രൂപയെടുത്ത് ഞാൻ ബ്രോക്കർക്ക് നേരെ നീട്ടി...കൈ നീണ്ട് ചെല്ലുന്നതിനും മുമ്പേ എന്നെ ബ്രോക്കറണ്ണൻ ചേർത്ത് പിടിച്ചു...'
ഇനി നിന്നെ പെണ്ണ് കെട്ടിച്ചിട്ടേ ഞാൻ അടങ്ങു...ലോകനാർ കാവിലമ്മയാണേ...ഇത് സത്യം....സത്യം...സത്യം..'
എന്നെയും കൊണ്ട് ആശാൻ കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ് ചെന്നിറങ്ങുമ്പോഴേക്കും അമേദ്യം കണ്ട ഈച്ചകളെ പോലെ ഒരുപറ്റം ബ്രോക്കറണ്ണന്മാർ എന്നെ പൊതിഞ്ഞു... ഒടുവിൽ മറ്റൊരു ബ്രോക്കണ്ണൻ്റെ കൈയും പിടിച്ച് എന്റെ കന്നി പെണ്ണ് കാണൽ... കാസർഗോട്ടെ ഏതോ കുഗ്രാമത്തിൽ ആ മനുഷ്യൻ എന്നെയും കൊണ്ട് ബസ്സിറങ്ങി.. അതിനിടയിൽ ചായയും ലഘു കടിയും ബിരിയാണിയും ഒക്കെയായി എന്റെ കീശയുടെ ഭാരം പകുതിയായി കുറഞ്ഞിരിന്നു....
അരമണിക്കൂറോളം നടന്ന് വലിയൊരു കുന്നിറങ്ങി വേണം ആ വീട്ടിലെത്താൻ...ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ കിട്ടുമെങ്കിലും അന്നെന്തോ കുറെ നേരം നിന്നിട്ടും ഒരു ഓട്ടോ പോലും കിട്ടാത്തത് കൊണ്ടാണ് നടത്തം എന്ന കലാരൂപത്തെ ആശ്രയിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്...ചെമ്മൺപാതയോരത്ത്നിൽക്കുന്ന ഒരു രണ്ട് നില വീട്... വലിയൊരു ചുറ്റു മതിൽ...അത്രയും നേരം നടന്നപ്പോൾ ഞാൻ കണ്ട ഏറ്റവും വലിയ വീട്... ഇത്രയും ദൂരം നടന്നെങ്കില്ലെന്താ നല്ല ഒന്നാന്തരം വീട്ടിൽ നിന്നല്ലേ പെണ്ണ് കെട്ടാൻ പോകുന്നത്...
ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച്ചും അവളുടെ അളവറ്റ സ്വത്തിനെ കുറിച്ചും ഒരുപാട് സ്വപ്നം കണ്ടു..ബസ്സിലെ യാത്രയ്ക്കിടയിൽ അവളെ കുറിച്ചും അവളുടെ സ്വത്തിനെ കുറിച്ചും അണ്ണൻ എനിക്ക് വിശദമായി പറഞ്ഞ് തന്നിരുന്നു...
'ആഹാ..നല്ല മാർബിളിട്ട വരാന്ത..ഹാളിൽ നല്ല വിലകൂടിയ സോഫസെറ്റ്...രണ്ട് ഫാൻ മുകളിൽ കറങ്ങുന്നു...ഒരു റൂമിൽ പൊതിക്കാതെയും പാതി പൊളിച്ചതുമായ തേങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു....
'എന്റെണ്ണാ.....ഈ പെണ്ണിനെയെങ്ങാൻ എനിക്ക് കെട്ടാൻ പറ്റിയാൽ ഒരു പണിക്കും പോകാതെ സുഖിച്ചു ജീവിക്കാമായിരുന്നു'
ബ്രോക്കറണ്ണനെ നോക്കി ഞാനൊന്ന് ചിരിച്ചു...അണ്ണനെന്നേയും നോക്കി ചിരിച്ചു.. എനിക്ക് അണ്ണനെ കെട്ടിപ്പിടിച്ചു ഉമ്മകൊടുക്കണമെന്നുണ്ടായിരുന്നു... പക്ഷെ കെട്ടാൻ പോകുന്ന പെണ്ണ് എന്ത് കരുതുമെന്ന് വിചാരിച്ചു...
പെണ്ണതാ ഒരു ട്രേയിൽ ചായയുമായി മന്ദം മന്ദം നടന്നു വരുന്നു...കൂടെ അഞ്ചാറ് പെണ്ണുങ്ങളും...എനിക്കും അണ്ണനും ചായ തന്ന ശേഷം അവൾ നേരെ ഞങ്ങളുടെ എതിർ വശത്തേ സോഫയിൽ പോയിരുന്നു... അതും കാലിന്മേൽ കാലും കയറ്റി വച്ച്...
പെട്ടെന്നൊരു പുരുഷ ശബ്ദം 'എന്താ പേര്?'
ഞാനൊന്ന് ചുറ്റും നോക്കി അവിടെയപ്പോൾ പുരുഷന്മാരായി ഞാനും ബ്രോക്കറണ്ണനും മാത്രമേയുണ്ടായിരുന്നുള്ളു...
വീണ്ടും അതേ ശബ്ദം..'എന്താ പേര്?'
ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു..എന്റെ മുമ്പിൽ അല്പം മുമ്പ് ചായ കൊണ്ടു തന്ന,തൊട്ടു മുന്നിലെ സോഫയിൽ കാലും കാലും കയറ്റി വച്ചിരിക്കുന്ന ആ കോമളാംഗി... ഞാനൊന്ന് കിടുങ്ങി... അപ്പോഴാണ് അണ്ണൻ ഇതുവരെ നടത്താത്ത മറ്റൊരു പ്രസ്താവന ഇറക്കിയത്
'ഇവൾക്ക് എട്ട് ഏട്ടന്മാരാണ് ആറ് പേരുടെ കല്ല്യാണം കഴിഞ്ഞു..ഇനി രണ്ടാളുടെത് കഴിയാനുണ്ട്.. ഇവളുടേത്
കഴിഞ്ഞ് വേണം അവർക്കും പെണ്ണിനെ നോക്കാൻ'
എട്ട് ആങ്ങളമാർക്കും കൂടിയുള്ള ഏക സഹോദരി... ഇത്രയും പുരുഷകേസരിമാരോട് കൂടെ കഴിയുന്നത് കൊണ്ടായിരിക്കാം അവളുടെ സ്വഭാവത്തിലും സംസാരത്തിലും പൗരുഷം കടന്ന് വന്നത്...
'ഇനി കല്ല്യാണം കഴിഞ്ഞ് ഇവളെന്നെയിട്ട് മെതിക്കാനും സാധ്യതയുണ്ട്... കഴിഞ്ഞയാഴ്ചത്തെ മനോരമ വാരികയിലെ വാരഫലത്തിൽ പൂരം നക്ഷത്രക്കാർക്ക് സമ്പത്ത് ലഭിക്കുമെങ്കിലും ശരീരവേദന ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് കണ്ടിരുന്നു....ദേവിയെ കാത്തോളണേ'
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുറ്റത്തൊരു വാഹനം വന്ന് നിന്നു...അതിൽ നിന്നും രണ്ട് മൂന്ന് തടിമാടന്മാർ ഇറങ്ങി വന്നു
'ഇതിവളുടെ ഇളയ ഏട്ടന്മാരാണ്'
ബ്രോക്കറണ്ണൻ്റെ തിരുമൊഴി...
'പടച്ചോനെ ഇളയവർ ഇങ്ങനെയെങ്കിൽ മൂത്തവന്മാർ എങ്ങനെയുണ്ടാകും'
'ഇവൻ നാട്ടിലെ വലിയ കോൺട്രാക്റ്ററാണ്.... പത്ത് ഇരുപത്തിയഞ്ച് പേർ ഇവന്റെ കീഴിൽ പണിയെടുക്കുന്നുണ്ട്'
ബ്രോക്കറണ്ണൻ ആരെ കുറിച്ചാ ഇങ്ങനെ പുകഴ്ത്തി സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ച ഞാൻ ഞെട്ടിപ്പോയി...
എന്നെ കുറിച്ച്.....നാട്ടിൽ ഓട്ടോറിക്ഷ ഓട്ടി അവിട്ന്നും ഇവിട്ന്നും കടം വാങ്ങി ജീവിക്കുന്ന എന്നെ കുറിച്ച് അയാൾ പച്ചക്കള്ളം പറയുന്നത് കേട്ട് ഞാൻ സ്തംഭിച്ചു പോയി.
ബ്രോക്കറണ്ണൻ്റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ എന്നെ നോക്കുന്ന അവളുടെ ആങ്ങളമാരുടെ മുഖങ്ങൾ ഞാൻ കണ്ടു... അതുവരെ കാലിന്മേൽ കാൽ കയറ്റി വച്ചിരുന്ന ആ കോമളാംഗി ആദരവോടെയും ബഹുമാനത്തോടെയും എന്നെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു..
ഞാൻ പതുക്കെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.അണ്ണനെ ഒന്ന് തോണ്ടി..ആ തോണ്ടലിൻ്റെ അർത്ഥം മനസ്സിലായിട്ടോ എന്തോ അണ്ണനും എഴുന്നേറ്റു..
'അപ്പോ...വിവരം ഞാൻ വിളിച്ചു പറയാം'എന്ന് അണ്ണൻ അവരോട് പറയുന്നതിന് മുമ്പേ ഞാൻ നടന്നു കഴിഞ്ഞിരുന്നു
'നീ എന്ത് പണിയാ കാണിച്ചേ... അവർക്ക് നിന്നെ ഇഷ്ടപ്പെട്ടിരുന്നു... നീയൊന്നും പറയാതെ എഴുന്നേറ്റത് ശരിയായില്ല..നിനക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത ബന്ധാ'
അണ്ണൻ എന്നോട് ചൂടായി
ഞാനും തിരിച്ചു ചൂടായി
'നിങ്ങളോട് ഞാനാദ്യേ പറഞ്ഞില്ലേ എന്റെ പണി എന്താണെന്ന് അവിടെ പറയണമെന്ന്.അത് പറഞ്ഞില്ലെന്ന് മാത്രമല്ല മുട്ടൻ നുണയും പറഞ്ഞു'
'കല്ല്യാണം കഴിയാൻ അങ്ങനെ ചില ചെറിയ നുണകളൊക്കെ പറയാം അനിയാ... ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞ് ഇത് അറിഞ്ഞാലും ആരും അത്ര വലിയ പ്രശ്നമാക്കില്ല'
'അങ്ങനെ നുണ പറഞ്ഞു കൊണ്ട് ഒരു കല്ല്യാണവും എനിക്ക് വേണ്ട'
അങ്ങനെയൊക്കെ അണ്ണനോട് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം ഇതൊന്നുമായിരുന്നില്ല... കല്ല്യാണത്തിന് ശേഷം അവളുടെ ഏട്ടന്മാർ സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞാൽ,അവർ എട്ട് പേരും കൂടി എന്നെ നക്കി കൊല്ലുമോ അതോ തല്ലി കൊല്ലുമോ?ആ ഒരു പേടി...അത്ര മാത്രം.അല്ലാതെ ഭയന്നിട്ടൊന്നുമല്ല.....
ബിജു പെരുംചെല്ലൂർ

ഓർമ്മകൾക്കെന്തു സുഗന്ധം..

Image may contain: 1 person, beard and plant

എനിക്ക് ആ പഴയ കുട്ടിയാവാൻ മോഹം..തിരിച്ചു പോകാൻ പറ്റില്ലെന്നറിയാം..എന്നാലും ആ ഓർമ്മകൾ ഇടയ്ക്കിടെ വന്ന് ശല്ല്യപ്പെടുത്തും...സുഖമുള്ള ഒരിളം കാറ്റായി തഴുകി തലോടി കടന്നു പോകും...
ഒന്നാം ക്ലാസ്സിൽ ആദ്യമായി അറിവിന്റെ ആദ്യാക്ഷരം കുറിച്ച് തന്ന പങ്കജാക്ഷി ടീച്ചറുടെ സ്നേഹത്തോടെയുള്ള ശാസന ഏറ്റുവാങ്ങണം..ഇന്ന് സ്വന്തം കുട്ടികളെ പോലും തിരിച്ചറിയാൻ പറ്റാതെ മറവി രോഗം ബാധിച്ച റീന ടീച്ചറുടെ കണക്കു ക്ലാസിൽ സ്ലേറ്റിൽ കണക്കെഴുതി പത്തിൽ പത്തും മാർക്കു വാങ്ങി ഗമയിൽ ഇരിക്കണം..അന്നത്തെ സ്ക്കൂൾ സമയത്തിന് നീളക്കൂടുതൽ തോന്നിക്കും...ആ സ്ലേറ്റിലെ അക്കങ്ങൾ മായിക്കാതെ വീട്ടിലെത്തി അമ്മയെ കാണിക്കുമ്പോൾ അമ്മയുടെ സ്നേഹ ചുംബനം നെറ്റിയിൽ ഏറ്റു വാങ്ങണം..
മലയാളം ക്ലാസിൽ 'ഭാരതം'എന്നു പറഞ്ഞു പഠിപ്പിക്കുന്ന ദാമോദരൻ മാഷിനോട് 'ബാരതം'എന്ന് തിരിച്ചു പറഞ്ഞ് കൈവെള്ള പൊട്ടുന്നത് വരെ അടി വാങ്ങണം..കണക്ക് 'പാൽപ്പായസം' പോലെയാണെന്നും ചൂടുള്ള പായസം പതുക്കെ സാവധാനം മാത്രമേ കുടിക്കാവു എന്നാൽ മാത്രമേ അതിന്റെ രുചി അറിയുകയുള്ളു..ഇല്ലെങ്കിൽ നാവു പൊള്ളി പണ്ടാരമടങ്ങുമെന്നും അതു പോലെയാണ് കണക്ക് പഠനമെന്നും പറഞ്ഞു തന്ന ചമ്മിനിയൻ മാഷിന്റെ ക്ലാസിലെ അനുസരണയുള്ള കുട്ടിയാവണം.
വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്കുള്ള ക്ലാസ് തുടങ്ങിയാലും അതൊന്നും അറിയാതെ ഗോലി കളിക്കണം..അത് കണ്ടു കൊണ്ടു വരുന്ന പത്മനാഭൻ മാഷിൻ്റെ കൈയിൽ നിന്നുള്ള നല്ല ചൂടുള്ള നുള്ള് ചെവിയിൽ ഏറ്റു വാങ്ങണം..ഓലഷെഡിലെ ക്ലാസ് റൂമുകളിൽ മാസത്തിൽ ഒരു ദിവസമുള്ള ചാണകം മെഴുകൽ കലോത്സവത്തിനാവശ്യമുള്ള ചാണകം പശുക്കളുള്ള ആരാൻ്റെ വീട്ടിലെ തൊഴുത്തിൽ കയറി വാരി കൊണ്ടു വന്ന് പെൺപിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യണം..
അതേ ക്ലാസ് മുറികളിൽ നല്ല മഴയത്ത് ഓലയുടെ ഇടയിലേക്ക് വലിയ വടി കൊണ്ട് കുത്തി ഓട്ടയുണ്ടാക്കണം.. അതിലൂടെ പെയ്യുന്ന മഴ നനഞ്ഞ് ക്ലാസിന് ലീവ് വാങ്ങി കൊടുക്കണം..തട്ടി കൊണ്ട് മറച്ച ക്ലാസ് റൂമിൽ നിന്ന് അടുത്ത ക്ലാസിലേക്ക് നുഴഞ്ഞു കയറി അവിടെയുള്ള പിള്ളേരുമായി അടി കൂടണം..സ്ക്കൂൾ തുറക്കുമ്പോൾ പെയ്യുന്ന മഴയത്ത് കുടയെടുക്കാതെ വരണം..ആരുടെയെങ്കിലും കുടയിൽ കയറി പാതി നനഞ്ഞ് കൊണ്ട് ക്ലാസിലേക്ക് കയറി വരണം...അപ്പോൾ അവിടെ ഉയരുന്ന പുതുമണ്ണിൻ്റെയും പുത്തൻ യൂനിഫോമുകളുടെയും പുതിയ പുസ്തകങ്ങളുടെയും മണം മതി വരുവോളം ആസ്വദിക്കണം
ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസ് വച്ച ലില്ലി ടീച്ചറെ പറ്റിച്ച് ഒഴിഞ്ഞ ഏതെങ്കിലും ക്ലാസിൽ പോയിരുന്ന് ഉറങ്ങണം..പിറ്റേന്ന് ആരുടെയെങ്കിലും നോട്ട് പുസ്തകം വാങ്ങി എല്ലാം എഴുതിയെടുത്ത് ഞാൻ ക്ലാസിന് വന്നിരുന്നു എന്ന് സമർത്ഥിക്കണം..
പരീക്ഷയ്ക്ക് കോപ്പിയടിക്കാനുള്ള തുണ്ട് പേപ്പർ ആരും കാണാതെ മുണ്ടിൻ്റെ ഇടയിൽ ഒളിപ്പിക്കണം..അതൊന്നും അരയിൽ നിന്നും എടുക്കാതെ വീട്ടിൽ പോയി മുണ്ട് കുടഞ്ഞുടുക്കുമ്പോൾ പുഷ്പവൃഷ്ടി കണക്കെ അവയൊക്കെ താഴേ വീഴണം..കോപ്പിയടിക്കാതെ,കൂട്ടുകാരനെ കോപ്പിയടിക്കാൻ സഹായിച്ചു എന്ന പേരിൽ,ഇംഗ്ലീഷ് സെക്കൻ്റ് പേപ്പറിൽ ആബ്സെൻ്റ് എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് വാങ്ങണം...
ഇതിനിടയിൽ ഒരുപാട് കുരുത്തക്കേടുകൾ ആരുമറിയാതെ ഒപ്പിക്കണം..സാധിക്കുമോ എനിക്കൊരു തിരിച്ചു പോക്ക്...തിരിച്ചു കിട്ടുമോ എൻ്റെ ആ നല്ല കാലം...വരില്ലെന്നറിയാം..എന്നാലും മോഹിച്ചു പോകുകയാണ്...ആ മോഹത്തിന് വല്ലാത്തൊരു സുഗന്ധമാണ്....ആ ഓർമ്മകൾക്കെന്തു സുഗന്ധം!!!.
ബിജു പെരുംചെല്ലൂർ

സൈഗാൾ വീണ്ടും പാടുകയായി - കഥോദയം-1

Image may contain: 1 person, beard and plant


ജബ് ദിൽ ഹെ ജൂട്ട് ഗയാ...
ജബ് ദിൽ ഹെ ജൂട്ട് ഗയാ..
ഹം ജീക്കേ ക്യാ കരേങ്കേ
ഹം ജീക്കേ ക്യാ കരേങ്കേ
ജബ് ദിൽ ഹെ ജൂട്ട് ഗയാ
ജബ് ദിൽ ഹെ ജൂട്ട് ഗയാ'
അയാൾ മതിമറന്ന് പാടുകയാണ്..ചുറ്റും കാണികളായി വളരെ കുറച്ചു പേർ..മറ്റ് തെരുവ് ഗായകരെ പോലെ കൈയിൽ മൈക്കോ ടേപ്പ് റിക്കോർഡറോ ഇല്ല...തൻ്റെ വലതു കൈയിൽ പിടിച്ചിരിക്കുന്ന പഴയൊരു വയലിൻ്റെ കമ്പിയിൽ ഇടതു കൈയിലേ ബോ കൊണ്ട് അയാൾ മാന്ത്രികത സൃഷ്ടിക്കുന്നു..മെലിഞ്ഞുണങ്ങിയ രൂപം ,ഒട്ടിയ കവിളിൽ നരച്ച താടി രോമങ്ങൾ,കീറി അഴുക്കു പിടിച്ച പാൻ്റസും ഷർട്ടും..നഗ്നമായ പാദങ്ങൾ...രൂപം കണ്ടാൽ തന്നെയറിയാം കുളിച്ചിട്ട് തന്നെ എത്രയോ ദിവസമായെന്ന്..ഒരു ചെറു കാറ്റു വന്നാൽ പോലും മറിഞ്ഞു വീഴാവുന്ന ആ ശരീരത്തിൽ നിന്നാണോ ഇത്ര മധുരമായ ഒരു ഇടർച്ചയും ഇല്ലാത്ത ശ്രുതി മധുരമായ പാട്ട് ഉയരുന്നത്...
മുന്നിൽ വിരിച്ചിരിക്കുന്ന പഴകിയ തുണികഷ്ണത്തിൽ ആരൊക്കെയോ ചില്ലറകൾ ഇടുന്നുണ്ട്...അതൊന്നും അയാളെ ബാധിക്കുന്നതേയില്ല..അയാളുടെ കൈയിലുള്ളത് വയലിൻ തന്നെയാണോ അതോ മാന്ത്രികദണ്ഡോ?
ആ ആൾക്കൂട്ടത്തിൻ്റെ അരികിലേക്ക് ഒരു കാർ പതുക്കെ വന്നു..
"മനു വണ്ടിയൊന്ന് നിർത്തു"
"ശരി സാർ"
കാറിൽ നിന്ന് സുമുഖനായ ഒരു യുവാവ് പുറത്തിറങ്ങി..കൂടി നിന്നവർ ആ യുവാവിനെ കണ്ട് ആശ്ചര്യപ്പെട്ടു..അവരുടെ ഇടയിൽ ഒരു മർമ്മരം രൂപപ്പെട്ടു..
'സിദ്ധാർത്ഥ്'
സിനിമാ പിന്നണി ഗാനരംഗത്തെ പുതു നക്ഷത്രം.. പാടിയ പാട്ടുകൾ എല്ലാം ഹിറ്റുകളാക്കിയ മാന്ത്രിക ശബ്ദത്തിനുടമ....പി.ജയചന്ദ്രന് ശേഷം മലയാളക്കര കണ്ട ഭാവ ഗായകൻ..
സിദ്ധാർത്ഥ് ആ തെരുവ് ഗായകൻ്റെ അടുത്തേക്ക് നടന്നു..ഈ ശബ്ദം ഇതിന് മുമ്പ് താൻ എവിടെയോ കേട്ടിട്ടുണ്ട്....തൻ്റെ കാതുകളിൽ അതിൻ്റെ അലയൊലികൾ ഇപ്പോഴും മുഴുങ്ങുന്നുണ്ട്...ആ ഗായകൻ്റെ പാട്ടിൽ എന്തോ മാസ്മരികതയുണ്ട്...പ്രകൃതി പോലും നിശ്ചലമായത് പോലെ...ആ പാട്ടിലലിഞ്ഞ് താൻ ഇല്ലാതാവുന്നതായി സിദ്ധാർത്ഥിന് തോന്നി.
അവൻ അയാളെ സൂക്ഷിച്ചു നോക്കി..പെട്ടെന്ന് അവൻ ഞെട്ടി തരിച്ചു പോയി..
'ഈശ്വരാ...സൈഗാൾ മാഷ്'..താൻ തേടി നടക്കുന്ന,തനിക്ക് നഷ്ടപ്പെട്ടു പോയ നിധി..... മാഷെങ്ങനെ ഈ കോലത്തിൽ?
"മാഷേ...സൈഗാൾ മാഷേ"
അവൻ്റെ വിളികളെ അയാൾ തിരിച്ചറിഞ്ഞില്ല..അവനയാളെ ചേർത്ത് പിടിച്ചു.. തൻ്റെ പാട്ട് മുറിഞ്ഞു പോയ ദേഷ്യം അയാളുടെ മുഖത്ത് കാണാമായിരുന്നു.. അയാൾ എന്തൊക്കെയോ പിറുപിറുത്തു...അവനയാളെ താങ്ങി പിടിച്ച് കാറിലേക്ക് കയറ്റി..ഒന്നും മനസ്സിലാവാതെ കാണികൾ പരസ്പരം നോക്കി..
കാറിൽ കയറി ഇരുന്നപ്പോളും അയാൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു..സിദ്ധാർത്ഥ് അയാളുടെ മുഖത്തേക്ക് നോക്കി..അയാളുടെ അവസ്ഥ കണ്ട് അവൻ്റെ ഉള്ളം നൊന്തു..അയാളുടെ കൈകൾ അവൻ കൂട്ടി പിടിച്ചു..അവൻ്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അയാളുടെ കൈകളിലേക്ക് ഇറ്റു വീണു.
***** ***** *****
പീറ്റർ ദേവസ്യ വയലിൻ കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന കലാകാരൻ..വിരൽ തുമ്പിൽ രാഗങ്ങൾ ഒളിപ്പിച്ചു വച്ച് വിസ്മയം തീർക്കുന്നവൻ....വയലിൻ വാദനം മാത്രമല്ല ഒന്നാന്തരം ഗായകൻ കൂടിയാണ് പീറ്റർ ദേവസ്യ...അനശ്വര ഗായകൻ സൈഗാളിൻ്റെ പാട്ടുകളാണ് ഏറെയും പാട്ടിയിട്ടുള്ളത്..അതേ ഭാവത്തോടെ അതേ താളത്തോടെ..അതുകൊണ്ട് തന്നെ 'സൈഗാൾ ദേവസ്യ' എന്നാണ് കൂട്ടുകാരുടെ ഇടയിലെ വിളി പേര്...ആ പേര് ഒരു അഹങ്കാരമായി അയാൾ കൊണ്ടു നടന്നു...ഗാനഗന്ധർവ്വൻ്റെ ശബ്ദത്തിനെ തന്റെ വയലിൻ കൊണ്ട് മനോഹരമാക്കിയ വ്യക്തിത്വം....പല അറിയപ്പെടുന്ന സംഗീത സംവിധായകരുടെ കൂടെയും ഓർക്കസ്ട്രേഷൻ ചെയ്ത് കഴിവ് തെളിയിച്ചിട്ടുള്ളയാൾ.
ഒരു തമിഴ് സിനിമയുടെ സംഗീതവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് പോകുമ്പോഴാണ്,പാലക്കാട് സ്റ്റേഷനിൽ വച്ച് ആ പത്തു വയസ്സുകാരൻ പയ്യൻ ട്രെയിനിൽ കയറുന്നത്... റിസർവേഷൻ കംപാർട്ട്‌മെന്റിൽ അവനെ പോലെയുള്ള കുട്ടി ഒറ്റയ്ക്ക് കയറിയപ്പോൾ തന്നെ അയാൾ അവനെ ശ്രദ്ധിച്ചിരുന്നു...അവൻ്റെ മുഖത്തേ പരിഭ്രമവും വെപ്രാളവും കണ്ടപ്പോൾ അവൻ നാട്ടുവിട്ടു പോകുന്നതാണെന്ന് അയാൾ ഊഹിച്ചു.. ആ ഊഹം ശരിയായിരുന്നു..അയാളവനെ അടുത്ത് വിളിച്ചു.. അവൻ്റെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അച്ഛനാരെന്നറിയാതെ തെരുവിൽ പിറന്നു വീണവൻ...ആറേഴ് വയസ്സുവരെ അമ്മയോടൊപ്പം തെരുവിൽ തന്നെ അവൻ അന്തി ഉറങ്ങി..പിന്നീട് അമ്മയുടെ തൊഴിലിന് അവനൊരു ബാധ്യതയാണെന്ന് തോന്നിയത് കൊണ്ടോ മറ്റോ ഒരു അനാഥാലയത്തിൻ്റെ പടിക്കൽ അവനെ ഉപേക്ഷിച്ച് ആ അമ്മ കടന്നു കളഞ്ഞു.. രാവിലെ ഉറക്കമുണർന്നപ്പോൾ അവൻ കാണുന്നത് തന്നെ പോലെ അനാഥരായ,ആരാലോ ഉപേക്ഷിക്കപ്പെട്ട,കുറച്ചു കൂട്ടുക്കാരെയായിരുന്നു..
പിന്നീടുള്ള മൂന്ന് വർഷം അവൻ്റെ ജീവിതം ആ അനാഥാലയത്തിൻ്റെ ചുമരിനുള്ളിൽ വീർപ്പുമുട്ടി...അനാഥാലയത്തിലെ കുട്ടികളെ ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് കൊണ്ടു പോയപ്പോൾ ആ കൂട്ടത്തിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ അവൻ ഓടി..ആ ഓട്ടം ചെന്നവസാനിച്ചത് ആ തീവണ്ടിയിലും.
അയാളവനെ ഒപ്പം കൂട്ടി..പഠിപ്പിച്ചു...അവൻ്റെ മതമോ ജാതിയോ അയാൾക്കറിയില്ലായിരുന്നു..അതിനിടയിലാണ് അവൻ്റെ പാടാനുള്ള കഴിവ് അയാൾ തിരിച്ചറിയുന്നത്..അയാളവനെ പാട്ടു പഠിപ്പിച്ചു...അയാളവന് പുതിയൊരു പേര് ചാർത്തി കൊടുത്തു..'സിദ്ധാർത്ഥ്'..
സിദ്ധാർത്ഥിൻ്റെ വരവോടെ അയാളുടെ ജീവിതത്തിൽ താളപ്പിഴകളുടെ ഘോഷയാത്രയായിരുന്നു..ഭാര്യയും രണ്ടു പെൺമക്കളും അയാളെ സംശയിച്ചു...അയാൾക്ക് മറ്റേതോ സ്ത്രീയിലുണ്ടായ മകനാണ് സിദ്ധാർത്ഥൻ എന്നു പോലും അവർ വിശ്വസിച്ചു..അതോടെ വല്ലപ്പോഴും അല്പം മദ്യപിച്ചിരുന്ന അയാൾ ഒരു മുഴുകുടിയനായി...സിനിമയിൽ അവസരങ്ങൾ കുറഞ്ഞു..പിന്നീടത് പൂർണമായും ഇല്ലാതായി...അയാളിൽ നിന്നുള്ള വരുമാനം നിലച്ചതോടെ അവർക്ക് അയാളൊരു ബാധ്യതയായി...ഇതിനിടയിൽ സിദ്ധാർത്ഥിന് ഒന്നു രണ്ടു സിനിമകളിൽ പാടാനുള്ള അവസരം ലഭിച്ചു..
ജീവിക്കാൻ വേറെ വരുമാനമില്ലാത്തതിനാൽ അയാളും കടൽ കടന്നു..തൻ്റെ സംഗീതം കൊണ്ട് അവിടെ ഒരു കാര്യവുമില്ലെന്ന് അയാൾക്ക് മനസ്സിലായി.. കമ്പനിയിലെ ജോലി ഭാരവും കഠിനാധ്വാനവും അയാളെ അഞ്ചാറു വർഷം കൊണ്ട് ഒരു രോഗിയാക്കി മാറ്റി...അതിനിടയിൽ തൻ്റെ പെൺമക്കളുടെ കല്ല്യാണം നടന്നതൊക്കെ ഒരു അന്യനെ പോലെ അയാൾ അറിഞ്ഞിരുന്നു..സിദ്ധാർത്ഥ് ഒരുപാട് തവണ അയാളെ മടക്കി വിളിച്ചെങ്കിലും അയാൾ നാട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല...
ഒടുവിൽ പ്രവാസം മതിയാക്കി അയാൾ തിരിച്ചു വന്നപ്പോഴേക്കും അയാൾക്ക് അയാളുടെ കുടുംബം എന്നേന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.. മൂത്ത മകൾ അമേരിക്കയിലും ഇളയവൾ സ്വിസ്റ്റർലാണ്ടിലും സ്ഥിര താമസമാക്കി...ഭാര്യ ഇളയ മകളോടൊപ്പം...ജീവിക്കാൻ വേണ്ടി അയാൾ തെരുവിലേക്ക് ഇറങ്ങി..പതിയെ പതിയെ അയാൾ എല്ലാം മറന്നു എല്ലാവരെയും മറന്നു...തൻ്റെ സംഗീതമൊഴിച്ച്....
അപ്പോഴും സിദ്ധാർത്ഥ് അയാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
**** **** ****
"ഹലോ...കിരൺ...താൻ ഹോസ്പിറ്റലിൽ ഉണ്ടോ?"
"ആ സിദ്ധാർത്ഥ്.. ഞാനിപ്പോൾ അവിടെയെത്തും..ഓൺ ദ വേയിലാണ്..എന്താടോ പാട്ടുകാരനും ഭ്രാന്തായോ?എൻ്റെ ചികിത്സ വേണ്ടി വരുമോ?"
ഡോക്ടർ കിരണൻ്റെ തമാശ കലർന്ന ചോദ്യത്തിന് സിദ്ധാർത്ഥ് മറുപടി കൊടുത്തു.
"ചികിത്സ വേണം..എനിക്കല്ല...മറ്റൊരാൾക്ക്"
"അതാരാടോ ഞാൻ അറിയാത്ത മറ്റൊരാൾ?"
"അതൊക്കെയുണ്ട്..ഞാൻ ഒരു അരമണിക്കൂറിനുള്ളിൽ അവിടെയെത്തും..മറ്റ് അപോയ്മെൻ്റ് കമ്മിറ്റ് ചെയ്യണ്ട"
"താൻ എൻ്റെ കഞ്ഞി കുടി മുട്ടിക്കോ? ഏതായാലും താൻ വാ"
അരമണിക്കൂറിനുള്ളിൽ സിദ്ധാർത്ഥിൻ്റെ കാർ ഡോക്ടർ കിരൺ സാമുവലിൻ്റെ ക്ലിനിക്കിൻ്റെ മുന്നിലെത്തി.. നേരത്തെ പറഞ്ഞു വച്ചതിനാൽ വീൽചെയറുമായി ഒരു ജീവനക്കാരൻ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു...കാറിൽ നിന്നും അയാളെ പിടിച്ചിറക്കി വീൽചെയറിൽ ഇരുത്തുമ്പോഴും അയാൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..അയാൾ ഒരു പഴയ ഹിന്ദി പാട്ടിൻ്റെ വരികൾ അവ്യക്തമായി പാടി കൊണ്ടിരുന്നു..
ഡോക്ടർ കിരൺ സാമുവലിൻ്റെ മുന്നിൽ അയാളെ കൊണ്ടിരുത്തിയപ്പോൾ ഒന്നും മനസ്സിലാവാതെ കിരൺ സിദ്ധാർത്ഥിനെ നോക്കി.
"കിരൺ...തനിക്കറിയുമോ ഇയാളാരാണെന്ന്?"
"ഇല്ല..എനിക്ക് ഒന്നും മനസ്സിലാവുന്നില്ല"
"എനിക്ക് എന്നോ നഷ്ടപ്പെട്ടു പോയ നിധിയാണെടോ ഇത്...ഈ നിധി തേടി ഞാൻ നടക്കാൻ തുടങ്ങിയിട്ട് മൂന്നു നാലു വർഷമായി..പേരും ഊരുമില്ലാത്ത ഒരുവന് മേൽവിലാസം ഉണ്ടാക്കി തന്നയാൾ...ഞാൻ ദൈവത്തേക്കാൾ ആരാധിക്കുന്ന എൻ്റെ സൈഗാൾ മാഷ്"
അതു പറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"റിയലി?" ആശ്ചര്യത്തോടെ ഒപ്പം അത്ഭുതത്തോടെയും മുന്നിലിരിക്കുന്ന മനുഷ്യനെ കിരൺ നോക്കി നിന്നു.
"കണ്ടോ...ഡാ...എൻ്റെ മാഷിൻ്റെ കോലം...ഞാൻ ഇത്ര അടുത്തുണ്ടായിട്ടും തെരുവിൽ പാട്ടു പാടി ജീവിക്കേണ്ടി വന്നില്ലേ എൻ്റെ മാഷിന്...ഞാൻ ആരാണെന്ന് പോലും മാഷിന് ഓർമ്മയില്ല... പക്ഷെ മാഷിന്റെ പാട്ടുകൾ മാഷ് മറന്നിട്ടില്ല... ആ വിരലുകൾ കൊണ്ട് തീർക്കുന്ന വയലിൻ വിസ്മയം മാഷ് മറന്നിട്ടില്ല"
"അത് അത്ഭുതമായിരിക്കുന്നു..ഇത് തൻ്റെ സൈഗാൾ മാഷാണോ?....മാഷിൻ്റെ ഓർമ്മകൾ മുഴുവനായും നശിച്ചിട്ടില്ല എന്നത് തന്നെ ആശയ്ക്ക് വകയുള്ളതാണ്...ഇതിനെ മനോരോഗത്തിൻ്റെ ഗണത്തിൽ പെടുത്താൻ പറ്റില്ല...ഏതോ ഡിപ്രഷൻ കൊണ്ട് ഈ അവസ്ഥയിൽ ആയതാണ്...ചിലർക്ക് ഇതിൽ നിന്നും റിക്കവറിയാവാൻ പറ്റാറില്ല..പക്ഷെ ഇത്തരക്കാർക്ക് ഏതെങ്കിലും ഒരു കാര്യം അബോധ മനസ്സിൽ നശിക്കാതെ നിലനില്ക്കും..അത് ഒരുപക്ഷെ മാഷിനെ പോലെ സംഗീതമായിരിക്കാം..അല്ലെങ്കിൽ ഏതെങ്കിലും വ്യക്തി അതുമല്ലെങ്കിൽ എന്തെങ്കിലും വസ്തു..അങ്ങനെ എന്തെങ്കിലും...നല്ല ചികിത്സയും പരിചരണവും പിന്നെ നിൻ്റെ സാമീപ്യവും കൊണ്ട് നമുക്ക് മാഷേ പഴയ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ശ്രമിക്കാം."
സിദ്ധാർത്ഥ് കിരണിന്റെ കൈകൾ കൂട്ടി പിടിച്ചു... അതിലൊരു യാചനയുണ്ടായിരുന്നു..ഒരു പ്രതീക്ഷയുണ്ടായിരുന്നു.
°°°°°°°°° °°°°°°°°°° °°°°°°°°°
ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ വലിയൊരു സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് നാട്ടുക്കാർ...
'ദേശീയ പുരസ്ക്കാര ജേതാവിന് ജന്മനാടിൻ്റെ സ്നേഹ നിർഭരമായ സ്വീകരണം' എന്ന വലിയൊരു ബോർഡ് ആ ഓഡിറ്റോറിയത്തിൻ്റെ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്...വിശിഷ്ടാതിഥിയെ സ്വീകരിക്കാനായി മാലയും ബൊക്കയുമായി ഒരു പറ്റം യുവതി യുവാക്കൾ നിരന്നു നിന്നു..അല്പം കഴിഞ്ഞപ്പോൾ ഒരു കാർ ഓഡിറ്റോറിയത്തിൻ്റെ മുന്നിലേക്ക് വന്നു നിന്നു..അതിൽ നിന്നും സിദ്ധാർത്ഥ് ഇറങ്ങി വന്നു.ശിങ്കാരിമേളം ഉയർന്നു താണു..
"ദേശീയ അവാർഡ് ജേതാവിന് ഹാർദ്ദമായ സ്വാഗതം" എന്നും പറഞ്ഞുകൊണ്ടവൻ കാറിന്റെ പുറകിലെ ഡോർ തുറന്നു..അതിൽ നിന്നും ഒരു മനുഷ്യൻ ഇറങ്ങി വന്നു..വെളുത്ത ജുബ്ബയും മുണ്ടും ധരിച്ച ആ മനുഷ്യൻ മറ്റാരുമായിരുന്നില്ല...പീറ്റർ ദേവസ്യ എന്ന സൈഗാൾ ദേവസ്യയായിരുന്നു അത്...ഇത്തവണത്തെ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാര ജേതാവായ പീറ്റർ ദേവസ്യയെ അവർ വേദിയിലേക്ക് ആനയിച്ചു...
എല്ലാവരുടെയും സ്വീകരണത്തിനും പ്രസംഗത്തിനും ശേഷം അയാൾ മൈക്കെടുത്തു..വളരെ പതിഞ്ഞ താളത്തിൽ ഉറച്ച ശബ്ദത്തിൽ മനോഹരമായി അയാൾ പാടി
"സോജാ..........സോജാ.........
സോജാ രാജകുമാരി.....സോജാ
സോജാ രാജകുമാരി.......സോജാ
സോജാ മേ ബലഹാരി സോജ
സോജാ രാജകുമാരി....സോജാ"
അപ്പോൾ ആ സദസ്സിൻ്റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്ന ആറു കണ്ണുകൾ ഒരു പോലെ നിറഞ്ഞ് ഒഴുകുകയായിരുന്നു.
ബിജു പെരുംചെല്ലൂർ

ഒറ്റച്ചിറകുള്ള വാനമ്പാടി(ഭാഗം ആറ്)- Last Part

Image may contain: 1 person, text

ഐജി.ദിവാക്കറിൻ്റെ ഓഫീസ്.. എസ്പി ഫിറോസ് അലിയുമായി കേസിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു..സിഐ ചന്ദ്രമോഹൻ കടന്നു വന്ന് ഇരുവരെയും സല്ല്യൂട്ട് ചെയ്തു.
"സാർ അവര് വന്നിട്ടുണ്ട്"
"വരാൻ പറയു"
എസ്പി ചന്ദ്രമോഹന് നിർദ്ദേശം നല്കി.
രണ്ടു പേർ റൂമിലേക്ക് വന്നു.എസ്പി അവരോടായി.
"നിങ്ങളല്ലേ അന്ന് ആ സമയത്ത് ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്?"
"അതേ സാർ"
"എന്താ നിങ്ങളുടെ പേര്?"
"സാർ ഞാൻ മൈക്കിൾ.. ഹോസ്പിറ്റലിൽ സെക്യൂരിറ്റിയാണ്...പട്ടാളത്തിലായിരുന്നു...ഇത് മിഥുൻ നേഴ്‌സിങ് അസിസ്റ്റന്റ്"
"പറ..മൈക്കിളേ..അന്ന് രാത്രിയിലെ കാര്യങ്ങൾ"
"സാർ..രാത്രി ഒരു പന്ത്രണ്ട് മണിയായി കാണും..അന്നേരമാണ് ആ സ്ത്രീ വണ്ടിയുമായി വന്നത്..സാധാരണ ആക്സിഡന്റ് കേസാണെന്നാണ് ഞങ്ങൾ കരുതിയത്..അതുകൊണ്ട് തന്നെ അവർ ഹോസ്പിറ്റലുമായി ബന്ധപ്പെടാതെ പോയത് വലിയ കാര്യമാക്കിയില്ല"
"അവർ വന്ന വാഹനം നോട്ടു ചെയ്തിരുന്നോ?"
"ഉവ്വ്..അതൊരു ചുവന്ന പ്രാഡോയായിരുന്നു"
"നമ്പർ ഓർക്കുന്നുണ്ടോ?"
"ഇല്ല സാർ...പക്ഷെ അതൊരു പോണ്ടിച്ചേരി രജിസ്‌ട്രേഷൻ വണ്ടിയാണ്"
"പോണ്ടിച്ചേരിയോ...അതെങ്ങനെയാ അത് മാത്രം താൻ കണ്ടത്?"
"സാർ..അവർ ഒരു കൂളിംഗ് ഗ്ലാസ് ധരിച്ചാണ് വണ്ടി ഓടിച്ചിരുന്നത്.. രാത്രിയിൽ കൂളിംഗ് ഗ്ലാസും ധരിച്ച് വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ...ഞാൻ കരുതി ഏതോ പൊങ്ങച്ചക്കാരിയായ കൊച്ചമ്മയായിരിക്കും എന്ന്..ഏത് നാട്ടുകാരിയാണെന്ന് അറിയാൻ വേണ്ടിയാണ് നമ്പർ പ്ലേറ്റ് നോക്കിയത്...പക്ഷെ നമ്പർ അത്ര ഓർമ്മ വന്നില്ല..ഏതോ ഫാൻസി നമ്പർ പോലെ തോന്നിച്ചു"
"നിങ്ങൾക്ക് അവരുടെ മുഖം കൃത്യമായി ഓർമ്മയുണ്ടോ?"
"ഉണ്ട് സാർ"
"ഗുഡ്....ചന്ദ്രമോഹൻ"
"സാർ"
"നമ്മുടെ സ്കെച്ച് സപെഷ്യലിസ്റ്റുകളുടെ അടുത്ത് കൊണ്ടു പോയി ഇവർ പറയുന്ന ഫെയ്സ് ഒന്ന് വരച്ചെടുക്കു"
"യെസ് സാർ"
"ഉം..നിങ്ങൾ പോയി അവർക്ക് നിങ്ങൾ കണ്ട രൂപം പറഞ്ഞ് കൊടുക്ക്"
അവർ പുറത്തേക്ക് നടന്നു..
"ആ...പിന്നെ...ഇനിയും ഞങ്ങൾ വിളിപ്പിക്കും..ബുദ്ധിമുട്ടൊന്നുമില്ലല്ലോ?"
"ഇല്ല..സാർ ഞങ്ങൾ വന്നോളാം"
"എന്ത് തോന്നുന്നു ഫിറോസ്?"
"സാർ ഇതൊരു കുഴപ്പം പിടിച്ച കേസാണ്...എന്തായാലും വണ്ടിയേ കുറിച്ചുള്ള ഡിറ്റൈൽസ് ഇപ്പോൾ തന്നെ പോണ്ടിച്ചേരി പോലീസിന് പാസ്സ് ചെയ്തേക്കാം"
ഐജി ദിവാക്കറിൻ്റെ ഫോൺ ശബ്ദിച്ചു.
"ഹലോ..ഐജി.ദിവാകർ ഹിയർ"
"യെസ് സാർ........വേണ്ട സാർ........വാഹനത്തെ കുറിച്ച് കൂടുതൽ ഡിറ്റൈൽസ് കിട്ടി കഴിഞ്ഞു.........ഇല്ല സാർ.....അറിയാം സാർ......ഇവിടെയുണ്ട് സാർ.....ഓക്കെ സാർ"
"ആരാ സാർ..ഡിജിപിയാ?"
"അതേ...പുള്ളിക്കാരൻ നല്ല ചൂടിലാ..സിഎം എടുത്ത് കുടഞ്ഞ് കാണും...നമുക്ക് ഒരാഴ്ച കൂടി സമയം തന്നിട്ടുണ്ട്..ഒരാഴ്ച കഴിഞ്ഞ് കേസ് ഫയലുമായി സിഎംനെ പോയി കാണണമെന്ന്...ഇല്ലെങ്കിൽ വല്ല അണ്ടി കമ്പനിയിലും പോയി ഇരുന്നോളാൻ"
ഫാറോസ് അലി അത് കേട്ടൊന്ന് ചിരിച്ചു.
**** **** *****
എസ്പി ഫിറോസ് അലിയുടെ ഓഫീസ്...ഡിവൈഎസ്പി ബെന്നി പോളും സിഐ ചന്ദ്രമോഹനും റൂമിലേക്ക് കടന്നു വന്നു..ഇരുവരും എസ്പിയേ സല്ല്യൂട്ടടിച്ചു..അവരൊരു ഫയൽ എസ്പിയേ ഏൽപ്പിച്ചു.. അയാളത് മറിച്ചു നോക്കി..അയാളുടെ മുഖത്ത് അത്ഭുതവും സന്തോഷവും ഒന്നിച്ചു മിന്നി മറഞ്ഞു..
"ഓ...മൈ ഗോഡ്...വിശ്വസിക്കാൻ ആവുന്നില്ലടോ...ഇന്നലെ പോണ്ടിച്ചേരി പോലീസിൻ്റെ മെസേജ് വരുന്നത് വരെ ടെൻഷനായിരുന്നു...പിന്നെ ആ ഹോസ്പിറ്റൽ ജീവനക്കാരുടെ സഹകരണവും...എൻ്റെ ജീവിതത്തിൽ ഇത്രയധികം ടെൻഷൻ നിറഞ്ഞ മറ്റൊരു കേസുണ്ടായിട്ടില്ല"
"സാർ..ഐജി സാർ അറിഞ്ഞില്ലേ"
"അറിഞ്ഞു..അദ്ദേഹം ഓൺ ദ വേയിലാണ്..ഡിജിപിക്ക് ഇൻഫർമേഷൻ പാസ്സ് ചെയ്തിട്ടുണ്ട്"
"പക്ഷെ സാർ...അവരെ അറസ്റ്റ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല"
"അതെനിക്കറിയാം..സിഎംനോട് ഡിജിപി പറഞ്ഞോളും..പിന്നെ ഇത് നമ്മൾ ഈ ടീംസ് മാത്രം അറിഞ്ഞാൽ മതി..ചാനലുകാർക്ക് ഒരു സൂചന പോലും കൊടുക്കരുത്."
"യെസ് സാർ"
"അപ്പോൾ നമ്മൾ ഇന്നു തന്നെ പുറപ്പെടുന്നു"
ഇത്രയും ദിവസം തങ്ങളെ കബളിപ്പിച്ച് നടന്ന ആ കൊലയാളി ആരെന്ന് കേരള പോലീസ് കണ്ടുപിടിച്ചിരിക്കുന്നു...അവർക്ക് ഇതൊരു അഭിമാന പ്രശ്നമായിരുന്നു... സന്തോഷത്തെക്കാൾ അവർക്ക് ആ കൊലയാളി ഒരു അത്ഭുതമായി തീരുകയായിരുന്നു.
***** **** ****
തിരുവനന്തപുരം ടാഗോർ തീയേറ്റർ..
ഇന്നാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടിയ യുവ സാഹിത്യകാരിക്ക് മലയാള നാടിൻ്റെ ആദരവ് നല്കുന്നത്..സ്റ്റേജിൽ സംസ്കാരിക മന്ത്രി,എംപി,എംഎൽഎമാർ,ജില്ലാ കല്കടർ,പോലീസ് മേധാവി തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ സന്നിഹിതരായിരുന്നു.. പ്രൗഢ ഗംഭീരമായ സദസ്സ് കൊണ്ട് ടാഗോർ തീയേറ്റർ നിറഞ്ഞിരുന്നു.. സ്വാഗത പ്രാസംഗികനും അദ്ധ്യക്ഷ പ്രാസംഗികനും കഥാകാരിയേയും 'ഒറ്റച്ചിറകുള്ള വാനമ്പാടി' എന്ന നോവലിനെ കുറിച്ചും വാതോരാതെ സംസാരിച്ചു.. ഇനി അടുത്ത ഊഴം അവാർഡ് ജേതാവിനുള്ള ആദരവാണ്....അതിനായി സംസ്കാരിക വകുപ്പ് മന്ത്രി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.. ഒപ്പം ആനകൊമ്പിൽ തീർത്ത ശില്പവും പ്രശസ്തി ഫലകവും അവർക്ക് സമ്മാനമായി നല്കി..മന്ത്രിയുടെ വളരെ ചെറിയ വാക്കുകളിലൂടെയുള്ള അനുമോദനവും കഴിഞ്ഞു..
അദ്ധ്യക്ഷൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
"ഇനി നമ്മുടെ അതിഥി..കുമാരി നിള സൂര്യപുത്രി നിങ്ങളോട് സംസാരിക്കുന്നതായിരിക്കും"
ഹാളിൽ നിറഞ്ഞ കൈയ്യടി..നിള പതുക്കെ മൈക്ക് സ്ൻ്റാറ്റിനടുത്തേക്ക് നടന്നു..എല്ലാവരെയും നോക്കി തൊഴുതു.. പതിഞ്ഞ താളത്തിൽ നിളയുടെ ശബ്ദം പുറത്തേക്ക് വന്നു.
"വേദിയിൽ ഇരിക്കുന്ന മഹത് വ്യക്തികളെ,ഓരോരുത്തരെയും പേരെടുത്തു പറയുന്നില്ല...സദസ്സിലിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ...നിങ്ങൾക്കെൻ്റെ നമസ്കാരം... ഞാനൊരു പ്രാസംഗികയൊന്നുമല്ല...അതുകൊണ്ട് തന്നെ എനിക്ക് പ്രസംഗിക്കാനും അറിയില്ല...എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്താണ് ഇങ്ങനെയൊരു പേര്... നിള സൂര്യപുത്രി.. അതെൻ്റെ തൂലിക നാമമാണ്..എൻ്റെ യഥാർത്ഥ പേര് മറ്റൊന്നാണ്...ആ പേര് പിന്നെ പറയാം..ഇവിടെ അദ്ധ്യക്ഷൻ പറയുകയുണ്ടായി വെറും മുപ്പത് വയസ്സിനുള്ളിൽ തന്നെ ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടുക എന്നു വച്ചാൽ അതൊരു മഹാഭാഗ്യമാണെന്ന്...അതേ മഹാഭാഗ്യം വച്ച് കൊണ്ടു തന്നെ പറയട്ടേ...ഇനിയൊരു കഥയെഴുതാൻ എൻ്റെ തൂലിക ചലിക്കില്ല"
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്...
"കുട്ടികാലത്ത് പലതും മറക്കാൻ വേണ്ടിയാണ് വായന തുടങ്ങിയത്..പിന്നീട് ചെറുതായി എഴുതി തുടങ്ങി... ആദ്യമായി ഒരു നോവൽ പ്രസിദ്ധീകരിച്ചു..അതിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കിട്ടി..സത്യത്തിൽ ഈ അവാർഡിന് ഞാൻ അർഹയാണോ?അല്ലെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം...എല്ലാം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ വിലാപമാണ് എൻ്റെ കഥ...ചിറകുകൾ നഷ്ടപ്പെട്ട ഒരു പെണ്ണ്...ചിറകുകളിൽ ഒരെണ്ണം എങ്ങനെയോ അവൾക്ക് തിരിച്ചു കിട്ടി...ആ ഒറ്റച്ചിറക് വച്ചവൾ പറന്നു...പക്ഷെ ആ സങ്കടങ്ങൾ അവൾക്ക് കൂടുതൽ കരുത്ത് നേടി കൊടുക്കുകയായിരുന്നു ചെയ്തത്.. അവസാനം അവൾ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ വരെ എത്തുന്നു...അതവളുടെ സ്വപ്നമായിരുന്നു... ആ സ്വപ്നം അവൾ നേടിയെടുക്കുമ്പോഴേക്കും അവൾ വീണ്ടും തനിച്ചായി പോകുന്നു"
നിള സംസാരം ഒന്ന് നിർത്തി...ഹാളിൽ നിശ്ബദത...
"നിങ്ങളോട് ഞാനൊരു കഥ പറയാം..ഒരു പഴയകഥ...ഒരു പെണ്ണിൻ്റെ കഥ..അവളെ സ്നേഹിച്ച രാജകുമാരൻ്റെ കഥ..ഈ കഥ നടക്കുന്നത് വളരെ വർഷങ്ങൾക്ക് മുമ്പാണ്...ഒരു യാഥാസ്ഥിതിക മുസ്ലീം തറവാട്ടിലാണ് അവൾ ജനിച്ചത്...വീട്ടുകാർ കടുത്ത മത വിശ്വാസികൾ...എന്നിരുന്നാലും പഠിക്കാൻ മിടുക്കിയായിരുന്ന അവളെ അവർ പഠിപ്പിച്ചു... പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായെങ്കിലും കോളേജിൽ ചേർന്ന് പഠിക്കാൻ അവരവളെ അനുവദിച്ചില്ല...പക്ഷെ ഒടുവിൽ അവളുടെ പിടിവാശിക്ക് മുമ്പിൽ അവർക്ക് വഴങ്ങേണ്ടി വന്നു...കോളേജിൽ ഒരു വർണ തുമ്പിയായി പാറി നടന്നിരുന്ന അവളെ എപ്പോഴും രണ്ടു കണ്ണുകൾ പിൻതുടരുന്നുണ്ടായിരുന്നു...ഒരു ദിവസം ആ നാലു കണ്ണുകൾ പരസ്പരം കണ്ടുമുട്ടി...അതൊരു തുടക്കമായിരുന്നു...ഒരു പുതുയുഗത്തിൻ്റെ തുടക്കം"
അപ്പോൾ സ്റ്റേജിലേക്ക് ഐജി ദിവാക്കർ കടന്നു വന്നു...മന്ത്രിയേയും ഡിജിപിയേയും സല്ല്യൂട്ടടിച്ചു കൊണ്ടയാൾ ഒരു ഫയൽ ഡിജിപിയേ ഏല്പിച്ചു... അതു വായിച്ച ഡിജിപിയും മന്ത്രിയും അമ്പരപ്പോടെ പരസ്പരം മുഖത്തേക്ക് നോക്കി.
(തുടരും)
N.B:ഈ ഭാഗത്തോടു കൂടി ഈ കഥ അവസാനിപ്പിക്കണമെന്ന് കരുതിയതാണ്...എഴുതി തുടങ്ങിയപ്പോൾ നീണ്ടു പോയതാണ്..അടുത്ത ഒരു ഭാഗത്തോടു കൂടി കഥ അവസാനിക്കും...ഇതുവരെ നിങ്ങൾ തന്ന പ്രോത്സാഹനത്തിനും പിൻതുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി...
ബിജു പെരുംചെല്ലൂർ
ആദ്യ ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം
നാലാം ഭാഗം
അഞ്ചാം ഭാഗം

ഒറ്റച്ചിറകുള്ള വാനമ്പാടി(ഭാഗം അഞ്ച്).............


ഇനി ആറാമൻ..അവനുള്ള ശിക്ഷ വിധിക്കാനുള്ള സമയമായി..വിചാരണ തുടങ്ങി കഴിഞ്ഞു.
"മനോജ്... രാഷ്ട്രീയ ഗുണ്ട..വിശ്വംഭരന് വേണ്ടി അവൻ്റെ രാഷ്ട്രീയ വളർച്ചയ്ക്ക് വേണ്ടി ആരെയും തല്ലാനും കൊല്ലാനും മടിയില്ലാത്തവൻ..എത്ര നിരപരാധികളുടെ ചോര പുരണ്ടിട്ടുണ്ടടോ നിൻ്റെ കൈകളിൽ"
അവൻ്റെ കണ്ണുകളിൽ ആദ്യമായി ഭയത്തിൻ്റെ ലാഞ്ചന.അതു കണ്ട് അവളൊന്ന് ചിരിച്ചു.
"നിനക്ക് ഞാനൊരു ഓഫർ തന്നിരുന്നു..നിന്നെ ഞാൻ കൊല്ലില്ലെന്ന്..അതുകൊണ്ട് നിനക്ക് എൻ്റെ കൈകൊണ്ട് മരണമില്ല"
മനോജിൻ്റെ മുഖത്ത് ആശ്വാസത്തിൻ്റെ വെളിച്ചം.
"നിനക്ക് മരണമെന്നത് ഏറ്റവും ചെറിയ ശിക്ഷയാണ്.. നീ അങ്ങനെ എളുപ്പത്തിൽ മരിക്കേണ്ടവനല്ല"
എന്താണ് അവളുടെ മനസ്സിലെന്ന് അവന് മനസ്സിലായില്ല.
അവൾ ഒരു ഇരുമ്പ് ദണ്ഡ് കൈയിലെടുത്തു.കൂട്ടി കെട്ടിയിരുന്ന കൈകളിൽ അവൾ പതുക്കെ സ്പർശിച്ചു.
"മനോജേ..നീ ഈ കൈകൾ കൊണ്ടല്ലേ ഒരു പാവം പെൺകുട്ടിയുടെ തലയിലേക്ക് കരിങ്കൽ കൊണ്ട് അടിച്ചത്..അവളുടെ തലപൊട്ടി തലച്ചോർ വരുമ്പോൾ നീ ആർത്ത് ചിരിച്ചു കാണും അല്ലേടാ"
അവളൊന്ന് നിർത്തി
"അപ്പോൾ പിന്നെ നിനക്ക് ഇനിയീ കൈ വേണ്ട...ഈ കൈ ഒരു പെണ്ണിൻ്റെ നേർക്കും ഉയരാൻ പാടില്ല..ഒരു നിരപരാധികളുടെ ജീവനും ഈ കൈകൾ കൊണ്ട് ഇല്ലാതാവരുത്"
അവൾ അത് പറഞ്ഞതും അവൻ്റെ കൈകളിലേക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് ആഞ്ഞടിച്ചതും ഒന്നിച്ചായിരുന്നു..രണ്ടു മൂന്നു തവണ അവളുടെ കൈകൾ അവൻ്റെ കൈകൾക്ക് നേരെ ഉയർന്നു താഴ്ന്നു.. ഇരുമ്പ് തൂണിനും ഇരുമ്പ് ദണ്ഡിനും ഇടയിൽ പെട്ട് അവൻ്റെ കൈകൾ ചതഞ്ഞരഞ്ഞു.വേദന കൊണ്ട് അവൻ അലറി വിളിച്ചെങ്കിലും വായിലെ പ്ലാസ്റ്റർ കാരണം ആ ശബ്ദം വെറും തേങ്ങലായി മാറി.
"നിനക്കീ കാലിൻ്റെ ആവശ്യമുണ്ടോ മനോജേ? ഈ കാലു കൊണ്ട് നടന്ന് നീ ഇനിയും ഒരുപാട് പേരെ ദ്രോഹിക്കും..നീയൊരു വിഷ സർപ്പമാണ്..അപ്പോൾ അതിന്റെ വിഷ പല്ല് പൊഴിച്ച് കളഞ്ഞില്ലെങ്കിൽ നാടിനാപത്താണ്"
അവളവൻ്റെ കാൽമുട്ടുകൾ നോക്കി ദണ്ഡ് ആഞ്ഞു വീശി..മുട്ട് പൊട്ടിയടരുന്ന ശബ്ദമുയർന്നു..വേദന കൊണ്ടവൻ തല ഇരുവശത്തേക്കും ചരിച്ചു...മരണമായിരുന്നു ഇതിലും ഭേദമെന്നവൻ കരുതി...അവളുടെ കൈകൾ അവൻ്റെ ദേഹത്തേ ഓരോ മർമ്മ സ്ഥാനത്തും പതിച്ച് കൊണ്ടേയിരുന്നു..അവളവൻ്റെ ലിംഗം നോക്കി ആഞ്ഞു വീശി..അവൻ്റെ അടിവയറിനും പെനീസിനും ഇടയിലേക്ക് ആ ഇരുമ്പ് ദണ്ഡ് ശക്തിയോടെ പതിച്ചു...അവൻ വേദന കൊണ്ട് അല്പം കുനിഞ്ഞിരുന്നു..അടിവയറ്റിലൂടെ എന്തോ ഒന്ന് മുകളിലേക്ക് കയറി..വായിൽ നിന്നും ചോര പുറത്തേക്ക് തെറിച്ചു..അടിവയറ്റിൽ ഒരു മരവിപ്പ് മാത്രം.
അവൾ അവനെ വിട്ട് പുറത്തേക്ക് പോയി..താൻ ചെയ്തു പോയ തെറ്റുകൾ ഓർത്തവൻ പൊട്ടി കരഞ്ഞു...അവൻ്റെ കണ്ണിൽ നിന്നും വന്ന കണ്ണീരിന് ചൂട് കൂടുതലായിരുന്നു..അവൻ ശരിക്കും പശ്ചാത്തപിച്ചു..താനൊന്ന് വേഗം മരിച്ചെങ്കില്ലെന്ന് അവൻ ആഗ്രഹിച്ചു..അവൾ തിരിച്ചു വന്നപ്പോൾ കൈയ്യിൽ ചുട്ടുപഴുത്ത ഒരു ഇരുമ്പ് കമ്പിയുണ്ടായിരുന്നു.അവളവൻ്റെ കണ്ണുകളിലേക്ക് നോക്കി..ഉള്ളിൽ പേടിയുണ്ടെങ്കിലും അവൻ്റെ കണ്ണിൽ പക കത്തുന്നത് അവൾ കണ്ടു.
"നീ നിൻ്റെ ഈ ദുഷിച്ച കണ്ണ് കൊണ്ടല്ലേ എല്ലാവരെയും കണ്ടത്..നിൻ്റെ കണ്ണിൽ ഇപ്പോഴും ഞാൻ കാണുന്നു എന്നോടുള്ള പക..നീ നിരങ്ങി വന്നിട്ടായാലും എന്നോട് പകരം വീട്ടും എന്നെനിക്കറിയാം...അതുകൊണ്ട് നിനക്കീ കണ്ണുകൾ വേണ്ട..ഈ കണ്ണുകൾ കൊണ്ട് ഒരു പെണ്ണിനെയും ഇനി നീ നോക്കരുത്.. ഇനിയുള്ള നിൻ്റെ ലോകം ഇരുണ്ടതാണ്"
ചുട്ടുപഴുത്ത ഇരുമ്പ് കമ്പി അവൻ്റെ കണ്ണിലേക്ക് അവൾ കുത്തികയറ്റി..അവളത് തിരിച്ചെടുത്തപ്പോൾ രക്തത്തോടൊപ്പം ചില മാംസ കഷ്ണങ്ങളും ആ ഇരുമ്പ് കമ്പിയോടൊപ്പം പുറത്തേക്ക് ചാടി.
**** ***
സമയം രാത്രി പന്ത്രണ്ടിനോട് അടുത്ത്
ആലക്കോട് ഹോളി മേരി ഹോസ്പിറ്റലിൻ്റെ കാഷ്യുലിറ്റിയുടെ മുന്നിലേക്ക് ഹോൺ മുഴക്കി..പാർക്ക് ലൈറ്റ് തെളിച്ചു കൊണ്ട് ഒരു ചുവന്ന പ്രാഡോ അതി വേഗതയിൽ വന്നു നിന്നു..ഡ്രൈവിങ് സീറ്റിൽ കൂളിംഗ് ഗ്ലാസ് ധരിച്ച ഒരു യുവതിയായിരുന്നു..സെക്യൂരിറ്റിയുടെ വിസിൽ കേട്ട് സ്ട്രക്ച്ചറുമായി ഹോസ്പിറ്റൽ ജീവനക്കാർ ഓടി വന്നു.
"എന്താണ് മേഡം?എന്തു പറ്റിയതാ"
"ആക്സിഡന്റ് ആണെന്ന് തോന്നുന്നു..റോഡിൽ കിടക്കുന്നതാണ് കണ്ടത്..രാത്രിയിലെ ഒരു പരിപാടി കഴിഞ്ഞു പോകുമ്പോൾ കണ്ടതാ"
"മേഡം ഒറ്റയ്ക്കേയുള്ളു?"
"അതേ....ഞാനൊന്ന് വണ്ടി പാർക്ക് ചെയ്തു വരാം"
അവർ ആ ശരീരവുമായി കാഷ്യാലിറ്റിയിലേക്ക് ഓടി.
കാറിന്റെ ആക്സിലേറ്ററിലേക്ക് അവളുടെ കാലുകൾ കൂടുതൽ ശക്തിയായി പതിഞ്ഞു..കാർ പാർക്ക് ചെയ്യുന്നിടത്ത് നിന്ന് ആ വാഹനം വലത്തോട്ട് തിരിഞ്ഞു..ഹോസ്പിറ്റലിൻ്റെ ഗെയിറ്റ് കടക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു..മുഖത്തുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് അവൾ എടുത്തു മാറ്റി.
**** **** ****
എസ്.പി. ഫിറോസ് അലിയുടെ ഓഫീസ്..ഒരു സിവിൽ പോലീസ്ക്കാരൻ വന്ന് സല്ല്യൂട്ടടിച്ചു.
"സാർ..പ്ലാൻ്റർ വർക്കിച്ചൻ കാണാൻ വന്നിട്ടുണ്ട്.. സാറിനെന്തോ ഇൻഫർമേഷൻ തരാനാണെന്ന് പറഞ്ഞു"
"വർക്കിച്ചനോ...വരാൻ പറയു"
വർക്കിച്ചൻ എസ്പിയുടെ മുന്നിലേക്ക് വന്നു.അയാളുടെ ചുറുചുറുക്കും കരുത്തുമൊക്കെ ചോർന്ന് പോയതു പോലെ..കുറച്ചു ദിവസങ്ങൾ കൊണ്ട് വയസ്സ് ഒരുപാട് കൂടിയത് പോലെ.
"എന്താ വർക്കിച്ചാ...തനിക്കെന്താ പറയാനുള്ളത്?"
"സാർ..ഞാൻ പറയാൻ പോകുന്നത് കേസിന് എത്രമാത്രം സഹായകമാകുമെന്ന് അറിയില്ല..അന്ന് സാറന്മാര് എൻ്റെ വീട്ടിൽ വന്ന് പോയതിൻ്റെ തൊട്ടു പുറകെ ഒരു സ്ത്രീ വീട്ടിലേക്ക് വന്നു..അവരുടെ പേര് ശ്രീപ്രഭ എന്നോ മറ്റോ ആണ് പറഞ്ഞത്..ഹൈക്കോടതി വക്കീലായ കൃഷ്ണമൂർത്തിയുടെ ജൂനിയർ ആയി പ്രാക്ടീസ് ചെയ്യുകയാണെന്നും എൻ്റെ മകനെയും കൂട്ടുക്കാരെയും രക്ഷിക്കാമെന്നും പറഞ്ഞു.അന്ന് ഞാനത് കാര്യമാക്കിയില്ല..നിങ്ങൾ പോലീസുകാരുടെ ഏതോ കളിയാണെന്നാണ് ഞാൻ കരുതിയത്"
അയാളൊന്ന് നിർത്തി..ഫിറോസ് അലി അയാളുടെ മുഖത്തേക്ക് നോക്കി.
"ഞാൻ മിനിഞ്ഞാന്ന് ഒരു കേസിൻ്റെ ആവശ്യത്തിനായി ഹൈക്കോടതിയിൽ പോയപ്പോൾ അവിടെ വച്ച് കൃഷ്ണമൂർത്തി വക്കീലിനെ കണ്ടു..ഒരു സുഹൃത്താണ് പരിചയപ്പെടുത്തി തന്നത്..എന്നാൽ അയാൾക്ക് അങ്ങനെയൊരു ജൂനിയർ ഇല്ലെന്നാണ് അറിഞ്ഞത്...സാർ മറ്റൊരു കാര്യം അന്ന് ആ സ്ത്രീ വന്നത് ഒരു ചുവന്ന പ്രാഡോയിലായിരുന്നു"
ചുവന്ന പ്രാഡോ..ഫിറോസ് അലി ചാടിയെഴുന്നേറ്റു...
"അതിന്റെ നമ്പർ നോട്ട് ചെയ്തിരുന്നോ?"
"ഇല്ല...പക്ഷെ എനിക്ക് പിന്നീടാണ് ചതി മനസ്സിലായത്..എൻ്റെ ഭാര്യ അന്നമ്മയുടെ പക്കൽ നിന്നും എനിക്ക് അങ്ങനെയൊരു ഫാം ഹൗസും സ്ഥലവുമുള്ള കാര്യം അവൾ മനസ്സിലാക്കിയിരുന്നു..ആ കാര്യവും ഞാൻ ഇന്നലെയാണ് അറിഞ്ഞത്....സാർ എൻ്റെ മകനെ കൊന്നത് അവളായിരിക്കുമോ?എങ്കിൽ അവളെ എൻ്റെ കൈയിൽ കിട്ടിയാൽ?"
"മിസ്റ്റർ വർക്കിച്ചൻ നിങ്ങളുടെ ദേഷ്യവും സങ്കടവും എനിക്ക് മനസ്സിലാവും..അന്ന് ഞങ്ങളോട് സത്യം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ല..നിങ്ങൾ ഇപ്പോൾ പോയിക്കോ..ഞാനൊന്ന് ഐജി സാറുമായി സംസാരിക്കട്ടെ"
"ദീപക്"
"സാർ"
"ഇയാളുടെ സ്റ്റേറ്റ്മെൻ്റ് എടുത്തേക്ക്"
പെട്ടെന്ന് ഫിറോസ് അലിയുടെ ഫോൺ ശബ്ദിച്ചു..
"ഹലോ....അതേ...എസ്പി ഫിറോസ് അലിയാണ്"
മറുതലയ്ക്കിൽ നിന്നുള്ള വാർത്ത കേട്ട് ഫിറോസ് അലി ഞെട്ടി..
"എപ്പോൾ?....ഇപ്പോൾ ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത്?"
**** **** ***
ഐജി ദിവാക്കറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരം മെഡിക്കൽ കോളേജിൽ എത്തി..കോളേജ് എംഡി ഡോക്ടർ സുദർശനനുമായി സംസാരിച്ചു.
"എപ്പോഴായിരുന്നു സംഭവിച്ചത്? ഇപ്പോൾ കണ്ടീഷൻ എങ്ങനെ?"
"ഒരു മണിക്കൂർ മുൻപാണ് അയാളെ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്..അവസ്ഥ ഇപ്പോഴും ഗുരുതരം തന്നെ മെഡിസിനോട് യാതൊരു റെസ്പോൺസും കാണിക്കുന്നില്ല..ഇരുപത്തിനാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല"
"ആരാണ് ഇങ്ങോട്ട് കൊണ്ടു വന്നത്?"
"അവിടെ നിന്നും ഒരു ഡോക്ടറും നേഴ്സും പിന്നെയൊരു അവിടുത്തെ ഓഫീസ് സ്റ്റാഫുമുണ്ട്"
"അവരെ ഇങ്ങോട്ട് വിളിക്കു"
"സാർ...ഡോക്ടർ നിർമ്മൽ ചാക്കോ..ന്യൂറോളജിസ്റ്റാണ്"
"ആ പറയു നിർമ്മൽ എന്തായിരുന്നു?എങ്ങനെയായിരുന്നു സംഭവം?"
"സാർ...ഇന്നലെ രാത്രിയിലാണ്...ഒരു സ്ത്രീയാണ് അയാളെ കൊണ്ടു വന്നത് എന്നാണ് അന്നേരം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫും സെക്യൂരിറ്റിയും പറഞ്ഞത്..വണ്ടി തട്ടിയതോ മറ്റോ ആണെന്നാണ് പറഞ്ഞത്..വണ്ടി പാർക്ക് ചെയ്തിട്ട് വരാമെന്ന് പറഞ്ഞിട്ട് അവർ വന്നില്ല..വല്ല പോലീസ് കേസ് വന്നാലോ എന്നു പേടിച്ചിട്ടായിരിക്കും എന്ന് അവരും കരുതി...പക്ഷെ അയാൾക്ക് വാഹനം തട്ടിയല്ല പരുക്കേറ്റത്...ആരോ അതി ശക്തമായി, ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്..ശരീരത്തിൽ ഒരു സ്ഥലം പോലും മർദ്ദനത്തിൽ പരികേല്ക്കാതെയില്ല..അതുമാത്രമല്ല സാർ"
ഡോക്ടർ നിർമ്മൽ ചാക്കോ ഐജി ദിവാക്കറിനെ നോക്കി
"അയാളുടെ ഇരുകണ്ണുകളും ഏതോ വസ്തു ഉപയോഗിച്ച് ചൂഴ്ന്നെടുത്തിട്ടുണ്ട്...പിന്നെ പെനീസ് പൂർണമായും തകർന്നിട്ടുണ്ട്... ഇനി ജീവിച്ചിരുന്നാലും അയാൾക്ക് ഒരിക്കലും എഴുന്നേറ്റ് നടക്കാൻ സാധിക്കില്ല.. എല്ലുകൾ...പ്രത്യേകിച്ച് നട്ടെല്ല് തകർന്നു പോയി"
ആ ഭീകര രംഗം ഐജി ദിവാകറിൻ്റെയും എസ്പി ഫിറോസ് അലിയുടെയും മനസ്സിലേക്ക് ഓടിയെത്തി..
ആരായിരിക്കും ഈ ക്രൂരകൃത്യം നടത്തിയത്?...അവരുടെ മുന്നിലുള്ളത് വെറും രണ്ടു തെളിവുകൾ... ഒന്ന് ചുവന്ന പ്രാഡോ..രണ്ടാമത്തേത് ഒരു സ്ത്രീ...വർക്കിച്ചൻ്റെ അടുത്ത വന്ന സ്ത്രീയും ഹോസ്പിറ്റലിൽ വന്ന സ്ത്രീയും ഒന്നു തന്നെയാണോ?ആ സ്ത്രീ അവൾ ആരാണ്?
കേരള പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പി കൊണ്ടിരിക്കുകയാണ്... പോലീസ് അവളെ കണ്ടെത്തുക തന്നെ ചെയ്യും....പക്ഷെ അവൾ തങ്ങളുടെ കൈ അകലത്തിൽ തന്നെയുണ്ടെന്ന് മാത്രം അവർ അറിഞ്ഞില്ല.
(തുടരും)
ബിജു പെരുംചെല്ലൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo