
ഐജി.ദിവാക്കറിൻ്റെ ഓഫീസ്.. എസ്പി ഫിറോസ് അലിയുമായി കേസിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു..സിഐ ചന്ദ്രമോഹൻ കടന്നു വന്ന് ഇരുവരെയും സല്ല്യൂട്ട് ചെയ്തു.
"സാർ അവര് വന്നിട്ടുണ്ട്"
"വരാൻ പറയു"
എസ്പി ചന്ദ്രമോഹന് നിർദ്ദേശം നല്കി.
രണ്ടു പേർ റൂമിലേക്ക് വന്നു.എസ്പി അവരോടായി.
"നിങ്ങളല്ലേ അന്ന് ആ സമയത്ത് ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്?"
"അതേ സാർ"
"എന്താ നിങ്ങളുടെ പേര്?"
"സാർ ഞാൻ മൈക്കിൾ.. ഹോസ്പിറ്റലിൽ സെക്യൂരിറ്റിയാണ്...പട്ടാളത്തിലായിരുന്നു...ഇത് മിഥുൻ നേഴ്‌സിങ് അസിസ്റ്റന്റ്"
"പറ..മൈക്കിളേ..അന്ന് രാത്രിയിലെ കാര്യങ്ങൾ"
"സാർ..രാത്രി ഒരു പന്ത്രണ്ട് മണിയായി കാണും..അന്നേരമാണ് ആ സ്ത്രീ വണ്ടിയുമായി വന്നത്..സാധാരണ ആക്സിഡന്റ് കേസാണെന്നാണ് ഞങ്ങൾ കരുതിയത്..അതുകൊണ്ട് തന്നെ അവർ ഹോസ്പിറ്റലുമായി ബന്ധപ്പെടാതെ പോയത് വലിയ കാര്യമാക്കിയില്ല"
"അവർ വന്ന വാഹനം നോട്ടു ചെയ്തിരുന്നോ?"
"ഉവ്വ്..അതൊരു ചുവന്ന പ്രാഡോയായിരുന്നു"
"നമ്പർ ഓർക്കുന്നുണ്ടോ?"
"ഇല്ല സാർ...പക്ഷെ അതൊരു പോണ്ടിച്ചേരി രജിസ്‌ട്രേഷൻ വണ്ടിയാണ്"
"പോണ്ടിച്ചേരിയോ...അതെങ്ങനെയാ അത് മാത്രം താൻ കണ്ടത്?"
"സാർ..അവർ ഒരു കൂളിംഗ് ഗ്ലാസ് ധരിച്ചാണ് വണ്ടി ഓടിച്ചിരുന്നത്.. രാത്രിയിൽ കൂളിംഗ് ഗ്ലാസും ധരിച്ച് വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ...ഞാൻ കരുതി ഏതോ പൊങ്ങച്ചക്കാരിയായ കൊച്ചമ്മയായിരിക്കും എന്ന്..ഏത് നാട്ടുകാരിയാണെന്ന് അറിയാൻ വേണ്ടിയാണ് നമ്പർ പ്ലേറ്റ് നോക്കിയത്...പക്ഷെ നമ്പർ അത്ര ഓർമ്മ വന്നില്ല..ഏതോ ഫാൻസി നമ്പർ പോലെ തോന്നിച്ചു"
"നിങ്ങൾക്ക് അവരുടെ മുഖം കൃത്യമായി ഓർമ്മയുണ്ടോ?"
"ഉണ്ട് സാർ"
"ഗുഡ്....ചന്ദ്രമോഹൻ"
"സാർ"
"നമ്മുടെ സ്കെച്ച് സപെഷ്യലിസ്റ്റുകളുടെ അടുത്ത് കൊണ്ടു പോയി ഇവർ പറയുന്ന ഫെയ്സ് ഒന്ന് വരച്ചെടുക്കു"
"യെസ് സാർ"
"ഉം..നിങ്ങൾ പോയി അവർക്ക് നിങ്ങൾ കണ്ട രൂപം പറഞ്ഞ് കൊടുക്ക്"
അവർ പുറത്തേക്ക് നടന്നു..
"ആ...പിന്നെ...ഇനിയും ഞങ്ങൾ വിളിപ്പിക്കും..ബുദ്ധിമുട്ടൊന്നുമില്ലല്ലോ?"
"ഇല്ല..സാർ ഞങ്ങൾ വന്നോളാം"
"എന്ത് തോന്നുന്നു ഫിറോസ്?"
"സാർ ഇതൊരു കുഴപ്പം പിടിച്ച കേസാണ്...എന്തായാലും വണ്ടിയേ കുറിച്ചുള്ള ഡിറ്റൈൽസ് ഇപ്പോൾ തന്നെ പോണ്ടിച്ചേരി പോലീസിന് പാസ്സ് ചെയ്തേക്കാം"
ഐജി ദിവാക്കറിൻ്റെ ഫോൺ ശബ്ദിച്ചു.
"ഹലോ..ഐജി.ദിവാകർ ഹിയർ"
"യെസ് സാർ........വേണ്ട സാർ........വാഹനത്തെ കുറിച്ച് കൂടുതൽ ഡിറ്റൈൽസ് കിട്ടി കഴിഞ്ഞു.........ഇല്ല സാർ.....അറിയാം സാർ......ഇവിടെയുണ്ട് സാർ.....ഓക്കെ സാർ"
"ആരാ സാർ..ഡിജിപിയാ?"
"അതേ...പുള്ളിക്കാരൻ നല്ല ചൂടിലാ..സിഎം എടുത്ത് കുടഞ്ഞ് കാണും...നമുക്ക് ഒരാഴ്ച കൂടി സമയം തന്നിട്ടുണ്ട്..ഒരാഴ്ച കഴിഞ്ഞ് കേസ് ഫയലുമായി സിഎംനെ പോയി കാണണമെന്ന്...ഇല്ലെങ്കിൽ വല്ല അണ്ടി കമ്പനിയിലും പോയി ഇരുന്നോളാൻ"
ഫാറോസ് അലി അത് കേട്ടൊന്ന് ചിരിച്ചു.
**** **** *****
എസ്പി ഫിറോസ് അലിയുടെ ഓഫീസ്...ഡിവൈഎസ്പി ബെന്നി പോളും സിഐ ചന്ദ്രമോഹനും റൂമിലേക്ക് കടന്നു വന്നു..ഇരുവരും എസ്പിയേ സല്ല്യൂട്ടടിച്ചു..അവരൊരു ഫയൽ എസ്പിയേ ഏൽപ്പിച്ചു.. അയാളത് മറിച്ചു നോക്കി..അയാളുടെ മുഖത്ത് അത്ഭുതവും സന്തോഷവും ഒന്നിച്ചു മിന്നി മറഞ്ഞു..
എസ്പി ഫിറോസ് അലിയുടെ ഓഫീസ്...ഡിവൈഎസ്പി ബെന്നി പോളും സിഐ ചന്ദ്രമോഹനും റൂമിലേക്ക് കടന്നു വന്നു..ഇരുവരും എസ്പിയേ സല്ല്യൂട്ടടിച്ചു..അവരൊരു ഫയൽ എസ്പിയേ ഏൽപ്പിച്ചു.. അയാളത് മറിച്ചു നോക്കി..അയാളുടെ മുഖത്ത് അത്ഭുതവും സന്തോഷവും ഒന്നിച്ചു മിന്നി മറഞ്ഞു..
"ഓ...മൈ ഗോഡ്...വിശ്വസിക്കാൻ ആവുന്നില്ലടോ...ഇന്നലെ പോണ്ടിച്ചേരി പോലീസിൻ്റെ മെസേജ് വരുന്നത് വരെ ടെൻഷനായിരുന്നു...പിന്നെ ആ ഹോസ്പിറ്റൽ ജീവനക്കാരുടെ സഹകരണവും...എൻ്റെ ജീവിതത്തിൽ ഇത്രയധികം ടെൻഷൻ നിറഞ്ഞ മറ്റൊരു കേസുണ്ടായിട്ടില്ല"
"സാർ..ഐജി സാർ അറിഞ്ഞില്ലേ"
"അറിഞ്ഞു..അദ്ദേഹം ഓൺ ദ വേയിലാണ്..ഡിജിപിക്ക് ഇൻഫർമേഷൻ പാസ്സ് ചെയ്തിട്ടുണ്ട്"
"പക്ഷെ സാർ...അവരെ അറസ്റ്റ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല"
"അതെനിക്കറിയാം..സിഎംനോട് ഡിജിപി പറഞ്ഞോളും..പിന്നെ ഇത് നമ്മൾ ഈ ടീംസ് മാത്രം അറിഞ്ഞാൽ മതി..ചാനലുകാർക്ക് ഒരു സൂചന പോലും കൊടുക്കരുത്."
"യെസ് സാർ"
"അപ്പോൾ നമ്മൾ ഇന്നു തന്നെ പുറപ്പെടുന്നു"
ഇത്രയും ദിവസം തങ്ങളെ കബളിപ്പിച്ച് നടന്ന ആ കൊലയാളി ആരെന്ന് കേരള പോലീസ് കണ്ടുപിടിച്ചിരിക്കുന്നു...അവർക്ക് ഇതൊരു അഭിമാന പ്രശ്നമായിരുന്നു... സന്തോഷത്തെക്കാൾ അവർക്ക് ആ കൊലയാളി ഒരു അത്ഭുതമായി തീരുകയായിരുന്നു.
***** **** ****
തിരുവനന്തപുരം ടാഗോർ തീയേറ്റർ..
ഇന്നാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് കിട്ടിയ യുവ സാഹിത്യകാരിക്ക് മലയാള നാടിൻ്റെ ആദരവ് നല്കുന്നത്..സ്റ്റേജിൽ സംസ്കാരിക മന്ത്രി,എംപി,എംഎൽഎമാർ,ജില്ലാ കല്കടർ,പോലീസ് മേധാവി തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ സന്നിഹിതരായിരുന്നു.. പ്രൗഢ ഗംഭീരമായ സദസ്സ് കൊണ്ട് ടാഗോർ തീയേറ്റർ നിറഞ്ഞിരുന്നു.. സ്വാഗത പ്രാസംഗികനും അദ്ധ്യക്ഷ പ്രാസംഗികനും കഥാകാരിയേയും 'ഒറ്റച്ചിറകുള്ള വാനമ്പാടി' എന്ന നോവലിനെ കുറിച്ചും വാതോരാതെ സംസാരിച്ചു.. ഇനി അടുത്ത ഊഴം അവാർഡ് ജേതാവിനുള്ള ആദരവാണ്....അതിനായി സംസ്കാരിക വകുപ്പ് മന്ത്രി ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ച് ആദരിച്ചു.. ഒപ്പം ആനകൊമ്പിൽ തീർത്ത ശില്പവും പ്രശസ്തി ഫലകവും അവർക്ക് സമ്മാനമായി നല്കി..മന്ത്രിയുടെ വളരെ ചെറിയ വാക്കുകളിലൂടെയുള്ള അനുമോദനവും കഴിഞ്ഞു..
അദ്ധ്യക്ഷൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
"ഇനി നമ്മുടെ അതിഥി..കുമാരി നിള സൂര്യപുത്രി നിങ്ങളോട് സംസാരിക്കുന്നതായിരിക്കും"
ഹാളിൽ നിറഞ്ഞ കൈയ്യടി..നിള പതുക്കെ മൈക്ക് സ്ൻ്റാറ്റിനടുത്തേക്ക് നടന്നു..എല്ലാവരെയും നോക്കി തൊഴുതു.. പതിഞ്ഞ താളത്തിൽ നിളയുടെ ശബ്ദം പുറത്തേക്ക് വന്നു.
"വേദിയിൽ ഇരിക്കുന്ന മഹത് വ്യക്തികളെ,ഓരോരുത്തരെയും പേരെടുത്തു പറയുന്നില്ല...സദസ്സിലിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ...നിങ്ങൾക്കെൻ്റെ നമസ്കാരം... ഞാനൊരു പ്രാസംഗികയൊന്നുമല്ല...അതുകൊണ്ട് തന്നെ എനിക്ക് പ്രസംഗിക്കാനും അറിയില്ല...എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്താണ് ഇങ്ങനെയൊരു പേര്... നിള സൂര്യപുത്രി.. അതെൻ്റെ തൂലിക നാമമാണ്..എൻ്റെ യഥാർത്ഥ പേര് മറ്റൊന്നാണ്...ആ പേര് പിന്നെ പറയാം..ഇവിടെ അദ്ധ്യക്ഷൻ പറയുകയുണ്ടായി വെറും മുപ്പത് വയസ്സിനുള്ളിൽ തന്നെ ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടുക എന്നു വച്ചാൽ അതൊരു മഹാഭാഗ്യമാണെന്ന്...അതേ മഹാഭാഗ്യം വച്ച് കൊണ്ടു തന്നെ പറയട്ടേ...ഇനിയൊരു കഥയെഴുതാൻ എൻ്റെ തൂലിക ചലിക്കില്ല"
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്...
"കുട്ടികാലത്ത് പലതും മറക്കാൻ വേണ്ടിയാണ് വായന തുടങ്ങിയത്..പിന്നീട് ചെറുതായി എഴുതി തുടങ്ങി... ആദ്യമായി ഒരു നോവൽ പ്രസിദ്ധീകരിച്ചു..അതിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കിട്ടി..സത്യത്തിൽ ഈ അവാർഡിന് ഞാൻ അർഹയാണോ?അല്ലെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം...എല്ലാം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ വിലാപമാണ് എൻ്റെ കഥ...ചിറകുകൾ നഷ്ടപ്പെട്ട ഒരു പെണ്ണ്...ചിറകുകളിൽ ഒരെണ്ണം എങ്ങനെയോ അവൾക്ക് തിരിച്ചു കിട്ടി...ആ ഒറ്റച്ചിറക് വച്ചവൾ പറന്നു...പക്ഷെ ആ സങ്കടങ്ങൾ അവൾക്ക് കൂടുതൽ കരുത്ത് നേടി കൊടുക്കുകയായിരുന്നു ചെയ്തത്.. അവസാനം അവൾ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിൽ വരെ എത്തുന്നു...അതവളുടെ സ്വപ്നമായിരുന്നു... ആ സ്വപ്നം അവൾ നേടിയെടുക്കുമ്പോഴേക്കും അവൾ വീണ്ടും തനിച്ചായി പോകുന്നു"
നിള സംസാരം ഒന്ന് നിർത്തി...ഹാളിൽ നിശ്ബദത...
"നിങ്ങളോട് ഞാനൊരു കഥ പറയാം..ഒരു പഴയകഥ...ഒരു പെണ്ണിൻ്റെ കഥ..അവളെ സ്നേഹിച്ച രാജകുമാരൻ്റെ കഥ..ഈ കഥ നടക്കുന്നത് വളരെ വർഷങ്ങൾക്ക് മുമ്പാണ്...ഒരു യാഥാസ്ഥിതിക മുസ്ലീം തറവാട്ടിലാണ് അവൾ ജനിച്ചത്...വീട്ടുകാർ കടുത്ത മത വിശ്വാസികൾ...എന്നിരുന്നാലും പഠിക്കാൻ മിടുക്കിയായിരുന്ന അവളെ അവർ പഠിപ്പിച്ചു... പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായെങ്കിലും കോളേജിൽ ചേർന്ന് പഠിക്കാൻ അവരവളെ അനുവദിച്ചില്ല...പക്ഷെ ഒടുവിൽ അവളുടെ പിടിവാശിക്ക് മുമ്പിൽ അവർക്ക് വഴങ്ങേണ്ടി വന്നു...കോളേജിൽ ഒരു വർണ തുമ്പിയായി പാറി നടന്നിരുന്ന അവളെ എപ്പോഴും രണ്ടു കണ്ണുകൾ പിൻതുടരുന്നുണ്ടായിരുന്നു...ഒരു ദിവസം ആ നാലു കണ്ണുകൾ പരസ്പരം കണ്ടുമുട്ടി...അതൊരു തുടക്കമായിരുന്നു...ഒരു പുതുയുഗത്തിൻ്റെ തുടക്കം"
അപ്പോൾ സ്റ്റേജിലേക്ക് ഐജി ദിവാക്കർ കടന്നു വന്നു...മന്ത്രിയേയും ഡിജിപിയേയും സല്ല്യൂട്ടടിച്ചു കൊണ്ടയാൾ ഒരു ഫയൽ ഡിജിപിയേ ഏല്പിച്ചു... അതു വായിച്ച ഡിജിപിയും മന്ത്രിയും അമ്പരപ്പോടെ പരസ്പരം മുഖത്തേക്ക് നോക്കി.
(തുടരും)
N.B:ഈ ഭാഗത്തോടു കൂടി ഈ കഥ അവസാനിപ്പിക്കണമെന്ന് കരുതിയതാണ്...എഴുതി തുടങ്ങിയപ്പോൾ നീണ്ടു പോയതാണ്..അടുത്ത ഒരു ഭാഗത്തോടു കൂടി കഥ അവസാനിക്കും...ഇതുവരെ നിങ്ങൾ തന്ന പ്രോത്സാഹനത്തിനും പിൻതുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി...
ബിജു പെരുംചെല്ലൂർ
ആദ്യ ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം
നാലാം ഭാഗം
അഞ്ചാം ഭാഗം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക