Slider

പ്രേതമുറിയിലെ കഥനങ്ങൾ

0
Image may contain: 1 person

ജനിപ്പിച്ചത് ആരെന്നും, ജന്മം തന്നത് ആരെന്നും അറിയാതെ അനാഥനായി ജനിച്ചത് ഭാഗ്യമായി 'അയാൾക്ക് 'തോന്നി.

ജീവിച്ചിരിക്കുമ്പോഴാണ് ഓരോ അനാഥനും ആ വിളിയിൽ ചൂളിപ്പോകുന്നത്. മരിച്ചു കഴിഞ്ഞാൽ കുഴിയിലേക്ക് എടുക്കും വരെ എല്ലാവരും 'ബോഡി' ആണ്.. വഴിയിൽ കിടന്നു മരിച്ചവനായതുകൊണ്ട് ബന്ധുക്കളാരെങ്കിലും വരുമെന്ന ചിന്തയാൽ, ചടങ്ങിനുവേണ്ടിയുള്ള കാത്തിരിപ്പാണ് ഉദ്യോഗസ്ഥർ
പക്ഷെ ' അയാൾ'ക്കല്ലേ സത്യം അറിയൂ. അനാഥനാണെന്ന സത്യം. ഏതായാലും 'ഫോർമാലിറ്റീസ്' കഴിയുംവരെയുള്ള ഈ കാത്തിരിപ്പ് മഹാബോറാണ്.
ജീവിച്ചിരിക്കുമ്പോൾതന്നെ ചോദിക്കാനും പറയാനും ഇല്ലാത്തവൻ സ്വതന്ത്രൻ....! മരിച്ചു കഴിഞ്ഞവനാകട്ടെ അതിനെക്കാൾ സ്വാതന്ത്ര്യമുള്ളവൻ.എവിടെയും,എപ്പോഴും പോകാനും, എന്തും കാണാനും സ്വതന്ത്ര്യമുള്ളപ്പോൾ കാഴ്ചകൾകണ്ട് ഇറങ്ങിനടക്കാം.
ആ നടത്തത്തിനിടയിലാണ് 'അയാൾ' ആ സംസാരം കേട്ടത്.
എന്റെ ഡോക്ടറെ..., ഒരു കുഞ്ഞികാലു കാണാൻ ഭാഗ്യമില്ലെങ്കിൽ പിന്നെന്തിനാ ഞങ്ങളുടെ ജീവിതത്തിനൊരർത്ഥം.. ?തൊട്ടടുത്തുള്ള ഗൈനക്കോളജിസ്റ്റിന്റെ മുറിയിൽ നിന്നും ഉള്ള സംസാരമാണ്.
ഏയ്.. നിങ്ങൾ വിഷമിക്കാതിരിക്കു. ഇന്ന് ആധുനിക ചികിത്സകൾ എന്തെല്ലാം ഉണ്ട്. തീർച്ചയായും നിങ്ങൾക്ക് അതിനു ഒരു യോഗം ഉണ്ടാകും. ഗൈനക്കോളജിസ്റ്റിന്റെ മറുപടി കേട്ടപ്പോൾ പുറത്തു നിന്നും 'അയാൾ' ഒന്നു അമർത്തി മൂളി.
തൊട്ടടുത്തു കുട്ടികളുടെ സ്പെഷ്യലിസ്റ്റിന്റെ മുറിയാണ്. അവിടെ സുന്ദരിയായ ഒരു ഭാര്യയും ഭർത്താവും. അവർ ഒരു കൊച്ചു കുഞ്ഞിനെ മേശപ്പുറത്തു ഡോക്ടറുടെ മുന്നിൽ ഇരുത്തി പറയുന്നു; സാറേ ഇവനാണ് ഇനി ഞങ്ങളുടെ എല്ലാം. അതുകൊണ്ട് ഒരു ചെറിയ ജലദോഷം പോലും ഇവന് പിടിപെട്ടാൽ ഞങ്ങൾ ആകെ അപ്സെറ്റാകും. അതുകൊണ്ടാണ് ഉടനെ ഇങ്ങോട്ടേക്കു ഓടി വന്നത്.
" എല്ലാം..."
ആ സ്ത്രീയുടെ വാക്ക് ഒന്നുകൂടി ആവർത്തിച്ചുകൊണ്ട് 'അയാൾ 'പിന്നെയും മുന്നോട്ടു നീങ്ങിയപ്പോൾ വാർഡിൽ നിന്നും അലറി കരച്ചിൽ..
എന്റെ... അച്ഛാ.. ഞാൻ കാരണമല്ലേ.. അച്ഛൻ ഞങ്ങളെ വിട്ടുപോയത്... മകൾക്കു വേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനാകാതെ ജപ്തി നോട്ടീസ് വന്നപ്പോൾ വിഷം കഴിച്ചു ആത്മഹത്യക്കു ശ്രമിച്ച മനുഷ്യനാണ്. അല്പം മുൻപ് അയാൾ മരണപ്പെട്ടു.
ആർത്തലച്ചു കരയുന്ന അയാളുടെ മകളെ മറ്റുള്ളവർ ദയനീയമായി നോക്കി. കാഴ്ചകൾ കണ്ടു നടന്നു 'അയാൾ ' വീണ്ടും താൻ കിടന്നിടത്തു തന്നെ തിരിച്ചെത്തി.
അവിടെ തന്നെ കാത്തു നിന്ന 'ബോഡി 'യോട് പറഞ്ഞു.
സമയമായിട്ടില്ല, ഫോർമാലിറ്റീസുണ്ട്.
പിന്നെയാൾ തന്റെയടുത്തു കിടക്കുന്ന ബോഡിയോട് ചോദിച്ചു;
മൂന്നു ദിവസമായിട്ടും നീയെന്താ ഇങ്ങനെ ഇതിനുള്ളിൽ മരവിച്ചിരിക്കുന്നതു.. ? മണ്ണോടു ചേരാൻ നിനക്കിനിയും എത്ര നാൾ വേണം. ?
'അയാളു'ടെ ആ ചോദ്യം കേട്ടപ്പോൾ അടുത്തുകിടന്ന രണ്ടാമന്റെയാത്മാവ്, അവന്റെ പെട്ടിയിലെ 'ബോഡി'യിലേക്ക് ഒന്നുകൂടി ചുരുങ്ങി.
കാറും, ബംഗ്ളാവും, കോടികളുടെ സ്വത്തും. ലോകം മുഴുവൻ ഇടയ്ക്കിടെ ടൂർ. അവസാനം വാർധക്യത്തിൽ മക്കൾക്കൊപ്പം യാത്ര ചെയ്യാൻ വയ്യാണ്ടായപ്പോൾ മക്കൾ തന്നെ അവരെ നാട്ടിലെ വൃദ്ധ മന്ദിരത്തിലാക്കി...
ആ മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇപ്പോൾ. മരിച്ചിട്ടും മണ്ണാകാനാവാതെ... തണുത്തുറഞ്ഞ പെട്ടിയിൽ.
കൂട്ടത്തിൽ പുറത്തു നിന്നവരിൽ നിന്നും ആരോ പറയുന്നത് കേട്ടു. 'അനാഥനാണെന്നു വച്ചാൽ നാട്ടുകാർ ആരെങ്കിലും കുഴിച്ചിട്ടോളുമായിരുന്നു ,
ഇതിപ്പോൾ മക്കൾ ഉണ്ടല്ലോ... വിദേശത്ത്. അവർ നാട്ടിലെത്താതെ എങ്ങനെയാ അടക്കം ചെയ്യുക '
"മക്കളുണ്ടല്ലോ... " ആ സംസാരം കേട്ട് 'അയാൾ' ഒന്നു കുലുങ്ങിച്ചിരിച്ചു. അനാഥനായതിൽ അഭിമാനം തോന്നിയ നിമിഷം...!
പിന്നെ 'അയാളു'ടെ ചോദ്യം തന്റെ യിടതുവശത്തായി കിടന്ന 'ബോഡി'യോടായിരുന്നു. 'താൻ ആരെക്കാത്തിരിക്കുകയാ?'
മക്കളെയായിരിക്കും.
'അല്ല '
പിന്നെങ്ങനാ താനിവിടെയെത്തിയത്?
ബോഡി കണ്ടാൽ അകാലത്തിലുള്ളതാണെന്ന് മനസ്സിലായി.
മൂന്നാമൻ പറഞ്ഞുതുടങ്ങി. ഗൾഫുകാരനായിരുന്നു. സ്റ്റാറ്റസ് നിലനിർത്താൻ കടംവാങ്ങിയൊരു വീടുവച്ചു. സാമാന്യം വലുത് . പണിയെടുത്ത് കടം വീട്ടാമായിരുന്നു. ഓർത്തിരിക്കാതെ സ്വദേശിവത്ക്കരണം വന്നപ്പോൾ പിടിച്ചുനില്കാനായില്ല. കടമെങ്ങനെ വീട്ടുമെന്ന ആദിയാൽ ഒരു നെഞ്ചുവേദന. അവിടെതീർന്നു.
നാളെ മകളുടെ വിവാഹം. പോകുന്നതിനുമുമ്പ് എല്ലാവരേയും ഒരു നോക്കു കാണാൻകൊതിച്ചിരുന്നു .ബോഡിയായ ഈ അവസ്ഥയിൽ എന്നെയവിടെ കൊണ്ടു പോകാനും പറ്റില്ലത്രെ...!
ഈ പ്രാവശ്യം ' അയാൾ ' ചിരിച്ചില്ല. പകരം ആ ആത്മാവ് ഒരു പാട്ട് പാടി... "
"മക്കളെന്തിനു മന്നിൽ...
അനാഥ ജന്മമല്ലോ സുഖം...!
സമ്പാദ്യമെന്തിനു വേറെ,
മണ്ണിലേക്കു മടങ്ങുന്നിതെല്ലാരും
ഒഴിഞ്ഞ കൈകളാലല്ലേ..."
പിന്നെ അയാൾ, ആ ആത്മാവ് അനാഥന്റെ ശവമടക്ക് കാത്തു കിടക്കുന്ന സ്വന്തം ബോഡിയിലേക്കു മടങ്ങി...
- ബിന്ദു സുന്ദർ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo