നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹാഷ് #ടാഗ് വീഴും മുന്നേ




**************************
ചോരയൊഴുകുന്ന വാക്കത്തിയുമായി നിൽക്കുന്ന എന്റെ ചുറ്റിലും ആളുകൾ തിങ്ങികൂടുന്നതും വല്ലാത്ത ഭീതിയോടെ അവരെന്നെ നോക്കുന്നതും ഒന്നും ഞാനറിയുന്നുണ്ടായിരുന്നില്ല. പ്രജ്ഞയറ്റു നിന്നുപോയ എന്നെ ഉണർത്തിയത് വനിതാ പോലീസ് ഓഫീസറുടെ ശബ്ദമായിരുന്നു. കുറച്ചപ്പുറത്തു എന്റെ വെട്ടേറ്റു പിടഞ്ഞു മരിച്ച സുധിയുടെ വിറങ്ങലിച്ച ദേഹത്തിനടുത്തേക്കു അവരെന്നെ കൈപിടിച്ച് നടത്തി. എന്റെ കൈകളിലിരിക്കുന്ന ചോരപുരണ്ട വാക്കത്തി ഒരു തുണിയിലേക്കു അവർ പിടിച്ചു വാങ്ങി.
"ഭൈമി.... നീ എന്തിനാണിത് ചെയ്തത്? ഇവനും നീയും തമ്മിൽ എന്താണ് പ്രശ്നം??നിങ്ങൾ തമ്മിൽ മുൻവൈരാഗ്യം എന്തെങ്കിലും ഉണ്ടായിരുന്നോ? ഓഫീസർ എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. ഒന്നും മിണ്ടാതിരുന്ന എന്നെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ട് വന്നു. സ്ത്രീയെന്ന പരിഗണന മൂലം ഓഫിസിനോട് ചേർന്ന മുറിയിൽ എന്നെ കൊണ്ടിരുത്തി.
അല്പം കഴിഞ്ഞപ്പോൾ സി ഐയും വനിതാപോലീസുമടങ്ങുന്ന നാലംഗസംഘം എന്റെയടുത്തേക്കു വന്നു. അപ്പോഴേക്കും ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തിരുന്നു. മനുഷ്യരക്തത്തിന്റെ പച്ചമണം വമിക്കുന്ന എന്റെ കൈകളിലേക്ക് ഞാൻ അറപ്പോടെ നോക്കി. എന്റെ മുന്നിലെ കസേരയിലിരുന്ന സി ഐ സർ എന്നോട് ചോദിച്ചു,
പറയൂ ഭൈമി... എന്താണുണ്ടായത്? നീ എന്തിനിതു ചെയ്തു? സ്വന്തം മക്കളെയും ഭർത്താവിനെയും മറന്നുകൊണ്ട് ഇതുപോലൊരു കൃത്യം ചെയ്യാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്??
സാറിന്റെ ചോദ്യം കേട്ട ഞാൻ ചിന്തയിൽ നിന്നുണർന്നു. ഞെട്ടലോടെ ഞാനോർത്തു, ഈശ്വരാ.... വിറകുപുരയിൽ അടച്ചിട്ടിരിക്കുന്ന ആ കുഞ്ഞ്... അതിനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ? വിറകുകൾക്കിടയിലെ പാറ്റയെയോ പഴുതാരയെയോ കണ്ട് അത് പേടിച്ചിരിക്കയാകുമോ? പെട്ടെന്ന് ഞാൻ പറഞ്ഞു, സർ.. എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി തരാം. പക്ഷെ അതിനുമുന്നെ താങ്കൾ എനിക്കൊരു സഹായം ചെയ്യണം. മരിച്ച സുധിയുടെ വീടിനു പുറകിലെ വിറകുപുരയിൽ ഒരു നാലര വയസുകാരിയുണ്ട്. ആളുകൾ അവളെ തിരഞ്ഞിറങ്ങും മുന്നേ താങ്കളവളെ സ്വാതന്ത്രയാക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം.എന്റെ ശബ്ദത്തിലെ പരിഭ്രമവും തിടുക്കവും മനസിലാക്കി സി ഐ ഉടനെ ഒരു പോലീസുകാരനെ വിളിച്ചു വേണ്ടത് ചെയ്തു.
ങ്ഹാ... ഇനി ഭൈമി പറയൂ, എന്താണുണ്ടായത്?? സി ഐ വീണ്ടും എന്നിലേക്ക്‌ വന്നു. സർ... എനിക്കൊരു അപേക്ഷയുണ്ട്. ഞാൻ ഈ കൃത്യം ചെയ്യാനുള്ള കാരണം വ്യക്തിവൈരാഗ്യം എന്നേ പുറത്തറിയാവൂ... ഇനിയും ഒരു ഇരയായി സമൂഹത്തിനു മുന്നിലേക്ക്‌ ഒരു പെൺകുഞ്ഞിനെ ഇട്ടുകൊടുക്കരുത്. ഞാനെല്ലാം പറയാം സർ...
എന്റെ അയല്പക്കത്തെ വീട്ടിലെ താമസക്കാരാണ് സുധിയും അമ്മയും. ഞാനും അവരും തമ്മിൽ വ്യക്തിവൈരാഗ്യം ഒന്നും തന്നെയില്ല. വളരെ നല്ല നിലയിലുള്ള അയൽപക്ക സൗഹൃദം സൂക്ഷിക്കുന്നവരുമാണ് ഞങ്ങൾ. അവന്റെ അമ്മ വീട്ടുവേലക്കു പോയാണ് ആ കുടുംബം കഴിയുന്നത്. അറുപതു കഴിഞ്ഞ ആസ്ത്രീ വെളുപ്പിന് ആറുമണിക്കെ ദൂരെയുള്ള പണിയിടത്തേക്കു പോകും. അതിനു ശേഷം സുധി മാത്രമാണ് ആ വീട്ടിൽ ഉണ്ടാകാറുള്ളത്.
സുധി മദ്യപാനിയാണ്. ആ അമ്മ പോയിക്കഴിഞ്ഞാൽ മദ്യകുപ്പികളാണ് അവന്റെ ചങ്ങാതിമാർ. രണ്ടു ദിവസം മുന്നെയാണ് പിണക്കത്തിലായിരുന്ന അവന്റെ ചേട്ടനും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം അമ്മയെ കാണാനായി അവരുടെ വീട്ടിൽ എത്തുന്നത്. പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ ഞാനവരെ കണ്ടിട്ടുണ്ടായിരുന്നില്ല.
ഇന്ന് ഉച്ചയൂണ് കഴിഞ്ഞു അവരെ കാണാൻ വേണ്ടി ആ വീട്ടിലേക്കു പോയതായിരുന്നു ഞാൻ. മുൻവശത്തെ വാതിൽ അടഞ്ഞു കിടന്നിരുന്നു. ആരെയും കാണാത്തതുകൊണ്ട് പുറകുവശത്തേക്കു പോകുമ്പോഴാണ് വിറകുപുരയിൽ നിന്നും ഒരു പെൺകുഞ്ഞിന്റെ ചിണുങ്ങൽ കേട്ടത്. എന്താണിവിടെ ഇങ്ങനൊരു കരച്ചിൽ കേൾക്കാൻ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ വിറകുപുരയുടെ കതകുപാളി മെല്ലെത്തുറന്നു അകത്തേക്ക് നോക്കി. ഒന്നേ ഞാൻ നോക്കിയുള്ളൂ, ഒരിക്കലും ഒരമ്മയും കാണരുതാത്ത ഒരു കാഴ്ചയാണ് ഞാൻ അവിടെ കണ്ടത്. മദ്യപിച്ചു ലക്കില്ലാത്ത സുധി ഇത്തിരിയില്ലാത്ത ആ കുഞ്ഞിനെ വിവസ്ത്രയാക്കി..........
ഒരു നിമിഷം സ്തംഭിച്ചു നിന്ന ഞാൻ അവിടെയുണ്ടായിരുന്ന വാക്കത്തിയെടുത്തു അവന്റെ കഴുത്തിനെ ലക്ഷ്യമാക്കി ആഞ്ഞുവീശി. പെട്ടെന്നുണ്ടായ ആഘാതത്തിൽ വേച്ചുപോയ അവനെ ഞാൻ അവിടെനിന്നും വലിച്ചു പുറത്തേക്കിട്ട് വിറകുപുരയുടെ വാതിൽ പുറത്തേക്കു വലിച്ചടച്ചു. വീണിടത്തു നിന്നും എഴുന്നേറ്റ അവനെ ഞാൻ വീണ്ടും വീണ്ടും ആഞ്ഞാഞ്ഞു വെട്ടി. മരണം ഉറപ്പാക്കും വരെ വെട്ടാനായിരുന്നു എന്റെ ശ്രമം. പക്ഷേ അതിനു മുന്നേ അവന്റെ അലർച്ച കേട്ട് ആളുകൾ ഓടികൂടാൻ തുടങ്ങിയിരുന്നു.
നിങ്ങൾ അവിടെ കണ്ട കാഴ്ചക്ക് പിന്നിൽ ഇതാണ് സംഭവിച്ചത്. ഒരമ്മയെന്ന നിലയിൽ അവന് നൽകുവാൻ മരണത്തിൽ കുറഞ്ഞൊരു ശിക്ഷയും ഇല്ലെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട കൈകൾ കൊണ്ട് പിഞ്ചുകുഞ്ഞുങ്ങൾ പിച്ചിച്ചീന്തപ്പെടുമ്പോൾ എന്റെ കണ്മുന്നിൽ കണ്ട ഈ നീചകൃത്യം കണ്ടില്ലെന്നു നടിക്കാനോ മറച്ചുവെക്കാനോ അവനെ നിയമത്തിനു വിട്ടുകൊടുക്കാനോ എനിക്ക് തോന്നിയില്ല.
ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷെ ഇനിയൊരു ഹാഷ്ടാഗിന് പിന്നിൽ ഈ കുഞ്ഞിന്റെ പേരുകൂടി വരുന്നത് കാണാൻ മാത്രം കരുത്തുള്ളൊരു മനസെനിക്കില്ലാത്തതു കൊണ്ട് ഞാനവനെ കൊന്നു. പക്ഷെ ആ കുഞ്ഞിന്റെ പേര് ഈ സംഭവവുമായി ബന്ധപെട്ടു പുറത്തുവരരുത്. കാരണം ഞാനും ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്.
ഗൗരി കല്യാണി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot