Showing posts with label ManojKavutharayil. Show all posts
Showing posts with label ManojKavutharayil. Show all posts

അൾത്താര ബാലൻ | Manoj Kavutharayil

 

കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളികളിലെ കുർബ്ബാനകളിൽ ലേഖനം വായിക്കുന്ന ഒരു രീതിയുണ്ട്. ഒന്നുകിൽ കപ്യാർ അല്ലെങ്കിൽ അൾത്താരബാലൻമാരാണ് സാധാരണ ലേഖനം വായിക്കുന്നത്. അതിപ്രകാരമാണ്..
വിശുദ്ധ (പത്രോസ്, ലൂക്കോസ്, പൗലോസ്, കോറിന്തോസ് etc) എഴുതിയ ലേഖനം അദ്ധ്യായം 1, അഞ്ചു മുതൽ പത്തുവരെയുള്ള വാക്യങ്ങൾ.
അൾത്താര ബാലൻ: "ഗുരോ ആശീർവ്വദിച്ചാലും"
വൈദികൻ: "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ"
ഇതിനു ശേഷമാണ് ലേഖനം വായിക്കുന്നത്. ഓരോ ദിവസവും ഓരോ ലേഖനങ്ങളാണ് വായിക്കുക. ചിലപ്പോൾ ചില പ്രത്യേക ദിവസങ്ങളിൽ രണ്ടും, മൂന്നും വായനകൾ കാണും. ഈ സമയം കുർബ്ബാനയിൽ പങ്കെടുക്കുന്നവർ ഇരുന്നുകൊണ്ടു ലേഖനം ശ്രവിക്കും..
ഉദാഹരണം: വിശുദ്ധ പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനം ഇത്രാം അദ്ധ്യായം, ഇത്രമുതൽ, ഇത്രവരെയുള്ള തിരുവചനങ്ങൾ എന്നുപറഞ്ഞു ലേഖനം വായിക്കും.
ഇതുപോലെ ഒരു കുർബ്ബാന ദിവസം, ആദ്യമായിട്ട് അൾത്താരബാലനായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് നമ്മുടെ ജോസഫ്. വികാരിയച്ചൻ ആണെങ്കിൽ ലേശം മുൻശുണ്ഠിക്കാരനും..
ജോസഫിൻ്റെ ലക്കാണോ എന്നറിയില്ല അന്ന് മറ്റുചില പരിപാടികൾ ഉള്ളതിനാൽ വേറെ അൾത്താര ബാലൻമാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ജോസഫ് ഓർത്തു ഇന്നു തകർക്കണം മറ്റാരുമില്ല ചൊല്ലാൻ..
കുർബ്ബാന അർപ്പിക്കുന്നതിനിടയിൽ അച്ചൻ കണ്ണടയ്ക്കിടയിൽ കൂടി ജോസഫിനെ ശ്രദ്ധിക്കുന്നുമുണ്ട്. പയ്യൻ വല്യ കുഴപ്പമില്ല അക്ഷരസ്ഫുടതയോടെയാണ് വായിക്കുന്നത് അച്ചൻ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ അച്ചൻ മനസ്സിൽ വിചാരിച്ചു, എന്നാൽ പിന്നെ ഇവൻ തന്നെ ലേഖനവായന നടത്തട്ടെ..
അച്ചൻ അവനെ കണ്ണുക്കൊണ്ടു ആംഗ്യം കാട്ടി അടുത്തു വിളിച്ചു തോളിൽ തട്ടി സ്വകാര്യമായി പറഞ്ഞു നീ തന്നെ ലേഖനം വായിച്ചോളു കേട്ടോ..
അവൻ ആദ്യമൊന്നു ഞെട്ടി, പിന്നെ കപ്യാരെ ഒന്നു ഒളികണ്ണിട്ടു നോക്കി. കപ്യാരാണെങ്കിൽ ഭക്തിയുടെ നിറവിൽ കുന്തളിച്ചു നിൽക്കുന്നതാണവൻ കണ്ടത്. മനസ്സില്ലാ മനസ്സോടെ അവൻ സമ്മതംമൂളി.
പാവം ആ കിളുന്തു ബാലൻ്റെ കുഞ്ഞുതലമണ്ടയിൽ നിന്നും കുറെയേറെ കിളികൾ പറന്നു പോകാൻ തുടങ്ങി. എൻ്റെ ദൈവമേ ഞാനിതൊക്കെ എങ്ങനെ പറയും..
ആരുടെ ലേഖനം, ആർക്കെഴുതിയത്, എത്രാം അദ്ധ്യായം, എത്ര മുതൽ എത്ര വരെ, പിന്നെ ഗുരോ ആശീർവ്വദിച്ചാലും. ഇതെല്ലാം കൂടി ഞാനെങ്ങനെ പറഞ്ഞൊപ്പിക്കും. മുൻപരിചയമൊട്ടുമില്ലതാനും. പണ്ടാരമടങ്ങാൻ ഇന്നു പള്ളിയിൽ നിറച്ചാളുമുണ്ട്..
എവിടെ നിന്നോ ഫഹദ് ഫാസിലിൻ്റെ ട്രാൻസിലെ മാസ്സ് ഡയലോഗ് മുഴങ്ങി കേൾക്കുന്നുമുണ്ട്.
"പണി വരുന്നുണ്ട് അവറാച്ചാ"
അങ്ങനെ ആകെ മൊത്തം ടോട്ടൽ ജോസഫ് ടെൻഷനടിച്ചു നിക്കറിൽ മുള്ളാനോ അതോ അതുക്കും മേലയോ എന്ന പരുവത്തിൽ നിൽക്കുന്ന വേളയിലാണ് സുവിശേഷ വായനയുടെ സമയമായത്..
അവസാനത്തെ കച്ചിത്തുരുമ്പിനു വേണ്ടിയിട്ട് കപ്യാരെ ദയനീയമായി നോക്കിയ ജോസഫ് കണ്ടത്, ടിവി പ്രോഗ്രാം അവതരിപ്പിക്കുന്ന ചേച്ചി ഇനിയൊരു ഷോർട്ട് ബ്രേയ്ക്ക് എന്നു പറയുന്നതുപോലെ ചെറിയൊരു ബ്രേയ്ക്ക് എടുക്കാൻ പോകുന്ന കപ്യാരെ ആയിരുന്നു സൂർത്തുക്കളെ..
ജാംഗോ ഞാൻ പെട്ടു എന്നു മനസ്സിൽ പറഞ്ഞ് വിറയ്ക്കുന്ന കൈകൾ കൊണ്ടു ബൈബിൾ എടുത്തു അടയാളംവച്ച ഭാഗം നിവർത്തി. നോക്കിയപ്പോൾ മത്തായി എഴുതിയ സുവിശേഷമാണ്. എല്ലാം കൊണ്ടും ചാനലുപോയി നിൽക്കുന്ന ജോസഫ് ഒന്നും നോക്കിയില്ല മൈക്കിനോടു അടുത്ത് നിന്ന് ഇങ്ങനെ പറഞ്ഞു
"വിശുദ്ധ പൗലോസ് മർക്കോസിന് എഴുതിയ സുവിശേഷം"
അപ്പോൾ അച്ചൻ ഒന്നു മുരടനക്കി കണ്ണാടിക്കിടയിലൂടെ ജോസഫിനെ കണ്ണുരുട്ടി കാണിച്ചു. അപ്പോൾ ജോസഫ്
"അല്ല പൗലോസ് യോഹന്നാന് എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായം പത്തുമുതൽ പതിനെട്ടരവരെയുള്ള വാക്യങ്ങൾ "
ഇതുകേട്ട് കൂടുതൽ ശുണ്ഠി കേറിയ അച്ചൻ അവനെ നോക്കി കലാഭവൻ ഷാജോൺ പറയുന്നതുപോലെ മനസ്സിൽ പറഞ്ഞു
"എടാ നീ എന്ത് തേങ്ങായാടാ ഈ പറയുന്നത്"
അച്ചൻ്റെ മുഖഭാവത്തിൽ നിന്നും ഈ ഡയലോഗു മനസ്സിലാക്കി എല്ലാം കൈവിട്ടു പോയി എന്നു തിരിച്ചറിഞ്ഞ ജോസഫ് വെപ്രാളത്തിൽ അച്ചനോടു പറഞ്ഞു
"ഗുരോ അഡ്ജസ്റ്റ് ചെയ്താലും, അല്ല ഗുരോ ആശീർവ്വദിച്ചാലും "
ഇതു കേട്ടതും മുൻ ശുണ്ഠിക്കാരനായ അച്ചനും കുർബ്ബാനയിൽ പങ്കെടുക്കാൻ വന്നവരും പൊട്ടിച്ചിരിച്ചുപോയി..
ചിരി എങ്ങനെക്കെയോ നിയന്ത്രിച്ച് അച്ചൻ ആശീർവ്വാദം കൊടുക്കുകയും, ശ്വാസം എടുത്തോ എടുക്കാതെയോ ജോസഫ് സുവിശേഷം വായിച്ചു ദീർഘനിശ്വാസം വിടുകയും ചെയ്തു.(കർത്താവ് പോലും അവനോടു ക്ഷമിച്ചു)😂
ഈ സംഭവം കുർബാനയ്ക്കിടയിലെ പ്രസംഗ സമയത്ത് ഫ്രില്ലും ഇലാസ്റ്റിക്കുമൊക്കെ ചേർത്തു പറഞ്ഞത് മറ്റാരുമല്ലായിരുന്നു. അൾത്താരബാലന് ദൈവവിളിയുണ്ടായി സെമിനാരിയിൽ പഠിക്കാൻ ചേർന്നു പുത്തൻ കുർബ്ബാനച്ചൊല്ലി പകലോമറ്റം പള്ളിയിൽ വികാരിയായി സ്ഥാനമേറ്റെടുത്ത നമ്മുടെ ഫാദർ ജോസഫ് പുത്തൻപുരയിൽ അച്ചൻ തന്നെയായിരുന്നു...
............................✍️മനു ..............................

ബലദിയ മെഡിക്കൽ

Image may contain: 1 person, beard
വളരെയേറെ ആശയോടും ആശങ്കയോടും വിഷമത്തോടും കൂടിയാണ് ഞാനും എന്റെ സുഹൃത്ത് മനീഷും കൂടി കുവൈറ്റിലെത്തിയത്. ആകാശയാത്ര ചെയ്യണമെന്ന മോഹം സഫലീകരിച്ചതിന്റെ സന്തോഷം എന്റെ മുഖത്ത് കാണാമായിരുന്നു...
ചെന്നതിന്റെ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് തന്നെ ജോലിക്കു കേറി. അറബിക് റസ്റ്റോറൻറിലെ കിച്ചണിൽ അസിസ്റ്റന്റ് കുക്കായിട്ടായിരുന്നു ഞങ്ങൾ എത്തിയത്. കൂടെ ജോലി ചെയ്യുന്നവരാകട്ടെ ബംഗളാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്കൻ, ആന്ധ്രാപ്രദേശ്, യെമൻ എന്നിവിടങ്ങളിലുള്ളവരും. സംസാരിക്കണമെങ്കിൽ ഹിന്ദി അറിഞ്ഞിരിക്കണം...
സ്കൂളിൽ പഠിച്ച ഹിന്ദിയും, പിന്നെ ഹിന്ദിസിനിമ കണ്ട പരിചയവും കൊണ്ട് കാക്കനാട്ട് സൈറ്റ് സൂപ്പർവൈസറായിട്ടുജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് പണിക്കാരായ ബംഗാൾകാരോട് അന്നന്നത്തെ പണികൾ മെയിൻ സൂപ്പർവൈസർ ഷാജിചേട്ടൻ എന്നോട് പറഞ്ഞു തന്നിട്ട് ഞാനത് അവരോട് ഹിന്ദിയിൽ മുക്കിയും മൂളിയും പറഞ്ഞു കൊടുത്ത പരിചയത്താൽ എനിക്കിവരോട് സംസാരിക്കാൻ ഭാഷ ഒരു പ്രയാസമായിരുന്നില്ല. പക്ഷേ മനീഷ് കുറെ കഷ്ടപ്പെട്ടു. കിലുക്കത്തിലെ ജഗതിയുടെ അവസ്ഥ ആയിരുന്നു അവന്...
അക്കാമ അടിക്കാൻ വേണ്ടി ആദ്യത്തെ മെഡിക്കലിന് പോയി. അതിനു ശേഷമാണ് അറിയുന്നത് ബലദിയ മെഡിക്കൽ എന്നതിനും പോകണമെന്ന്. (ബലദിയ കാർഡ് എന്നു പറഞ്ഞാൽ മുനിസിപ്പാലിറ്റിയുടെ ഹെൽത്ത് കാർഡ്. ഫുഡ്ഡുമായി ബന്ധപ്പെട്ട മേഖലകളിൽ ജോലി ചെയ്യുന്നവർക്കിത് നിർബ്ബന്ധമാണ്).കാരണം ബലദിയ മെഡിക്കലിന്റെ കാർഡ് കൈയ്യിലില്ലെങ്കിൽ ബലദിയ ഓഫീസർ ചെക്കിംഗിന് വന്നാൽ ഫൈൻ ഇടും. അതും നമ്മളുടെ സിവിൽ ഐഡി മേടിച്ചിട്ട് അതിലെ ഡീറ്റെയിൽസ് വച്ചിട്ടാണ് ഫൈൻ എഴുതുന്നത്. പിന്നീടാണ് കമ്പനിയുടെ പേരിൽ വേറെ ഫൈൻ ഇടുന്നത്. നമ്മുടെ ഫൈൻ കമ്പനി അടച്ചില്ലെങ്കിൽ അതു നമ്മൾ തന്നെ അടയ്ക്കണം അല്ലെങ്കിൽ നാട്ടിൽ പോക്ക് നടക്കത്തില്ല. ശാരീരികപരമായിട്ട് നമ്മൾ ഫിറ്റ് അല്ലെങ്കിൽ പിന്നെങ്ങനെ കസ്റ്റമർക്ക് ഫുഡ്ഡുണ്ടാക്കി കൊടുക്കും...
അങ്ങനെ ബലദിയ മെഡിക്കലിനു പോകേണ്ട ദിവസമെത്തി. ഞാനും മനീഷും, വന്നതിനുശേഷം പരിചയപ്പെട്ട മലയാളിയായ പ്രദീപും കാർ ഡ്രൈവർ ജോസഫും കൂടിയാണ് പോകുന്നത്. ഉള്ളതിൽ നല്ല ഡ്രസ്സൊക്കെയിട്ട് ഫേയറാം ലൗലിയൊക്കെ തേച്ച് സുന്ദര കുട്ടപ്പനായിട്ടാണ് പോയത്. കാരണം നല്ല നല്ല പീലി (ഫിലിപ്പീൻസ് ) കൊച്ചുങ്ങളൊക്കെ വരുന്നതാണ് ബലദിയ മെഡിക്കലിന്...
ജോസഫ് പഴയ ആളായതു കൊണ്ടു എല്ലാകാര്യങ്ങളും അറിയാമായിരുന്നു. അങ്ങനെ ആദ്യം ചെന്നെത്തിയത് MOH (Ministry of Health) ന്റെ ഹോസ്പിറ്റലിൽ. നാട്ടിൽ വെള്ളിയാഴ്ച ലാലേട്ടന്റെ സിനിമ റിലീസാകുന്നതിന്റെ അന്ന് നൂൺഷോയ്ക്ക് ടിക്കറ്റെടുക്കാൻ ആളുകൾ ക്യൂ നിൽക്കുന്നതുപോലത്തെ ഒരു നീണ്ട ക്യൂവിന്റെ പുറകിൽപോയി ഞങ്ങളും നിന്നു...
ക്ഷമ എന്താണെന്ന് പഠിച്ചത് വെയിലുകൊണ്ടു ആ ക്യൂവിൽ ഒരു മണിക്കൂറിൽ കൂടുതൽ നിന്നപ്പോളാണ്. അങ്ങനെ അവിടെ നിന്നും ഇൻജക്ഷനും എടുത്ത് ബ്ലഡ്ഡും പരിശോധിക്കാൻ കൊടുത്തിട്ട് വണ്ടിയിൽ കയറി ചെന്നെത്തിയത് വേറൊരു സ്ഥാപനത്തിൽ...
അവിടെ ചെന്നപ്പോൾ അവിടെയും ക്യൂ. ഞങ്ങളും ക്യൂ നിൽക്കാൻ തുടങ്ങി. പിന്നീടാണറിയുന്നത് ഈ ക്യൂ ടൊയ്ലറ്റിൽ പോകാൻ വേണ്ടിയുള്ളതാണെന്ന്. ഇവൻമാരെന്നെ മുന്നിൽ നിർത്തിയിട്ട് എന്റെ പിന്നിലാണ് ലവൻമാര് നിന്നത്.കാരണം അതിൽ ഇച്ചിരി ധൈര്യമുള്ളത് എനിക്കാണ്. അപ്പോൾ എനിക്കാദ്യം എന്തു സംഭവിക്കുന്നോ അതു മനസ്സിലാക്കിയിട്ട് വേണം ഇവൻമാർക്ക് അതിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ...
എന്റെ മുന്നിൽ നീണ്ട ക്യൂ. പുറകിൽ നിന്ന ജോസഫ് ചേട്ടൻ എന്റെ മുന്നിൽ നിന്നിട്ട് പറഞ്ഞു എനിക്ക് ഡ്യൂട്ടിക്ക് കേറാൻ സമയമായി വരുന്നു അതുകൊണ്ട് ഞാൻ ആദ്യം പോക്കോട്ടെയെന്ന്. ഞാൻ ഓക്കെ പറഞ്ഞു...
പുള്ളിയോടു ഓരോന്നു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പുള്ളിക്കാരൻ പാൻസിന്റെ പോക്കറ്റിൽ നിന്നും ആദ്യം ഒരു ഗ്ലൗസ് എടുത്തു. പിന്നീട് ഒരു പ്ലാസ്റ്റിക്ക് സ്പൂൺ എടുത്ത് കൈയ്യിൽ പിടിച്ചിരിക്കുന്നു. ഇതു കണ്ട ഞാൻ ഓർത്തു ഓ! ഇങ്ങേരു ഭയങ്കര വൃത്തിയുള്ള ആളാണല്ലോ കൈയ്യിൽ മൂത്രം പറ്റാത്തിരിക്കാൻ ആണല്ലോ ഗ്ലൗസ് ഒക്കെ കൊണ്ടു വന്നിരിക്കുന്നത്. കാരണം ക്യൂവിൽ നിൽക്കുന്ന എല്ലാവരുടെയും കൈയ്യിൽ ഒരു ചെറിയ പ്ലാസ്റ്റിക്ക് ഡബ്ബ ഉണ്ടായിരുന്നു. അതിൽ വേണം മൂത്രം കൊടുക്കാൻ...
ജോസഫ് ചേട്ടനോടു ഞാൻ ചോദിച്ചു സ്പൂണിന്റെ ആവശ്യകതയെന്താണെന്ന്. അതിനുള്ള മറുപടി കേട്ടപ്പോളാണ് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ദൈവമേ ഈ ക്യൂവിൽ നിൽക്കുന്നത് മൂത്രം കൊടുക്കാനല്ല മറിച്ച് മലം പരിശോധനയ്ക്ക് കൊടുക്കാനാണെന്ന്. ആ ചൂടത്ത് ഒന്നും കൂടി ഞാൻ വിയർത്തു. അപ്പോൾ ഈ പത്തു ഇരുന്നൂറ് ആളുകൾ ക്യൂ നിൽക്കുന്നത് ഇതിനു വേണ്ടിയാണോ. ഞാൻ മനീഷിനോടും പ്രദീപിനോടും കാര്യം പറഞ്ഞു. അവൻമാരുടെ മുഖത്ത് രക്തമയമില്ലാത്തതുപോലെ തോന്നിച്ചു...
ഇങ്ങോട്ടു പോരുവാണെന്ന് അറിയാവുന്നതുകൊണ്ട് വെളുപ്പിനെ രണ്ടു പ്രാവശ്യം 'ലണ്ടനിൽ' പോയ നിമിഷത്തെ ഞാൻ ശപിച്ചു. ഒരുമാതിരി തീട്ടക്കേസായിപോയി എന്നൊക്കെ പറയുന്നത് ഇതിനെയാണെന്ന് ഞാൻ ഓർത്തു...
ജീവിതത്തിൽ ആദ്യമായിട്ടാണ് ക്യൂ നിന്ന് അപ്പിയിടേണ്ട അവസ്ഥ വരുന്നത്. ഇത് സ്വിച്ച് ഇട്ടാൽ വരുന്ന സംഭവം വല്ലതുമാണോ. ഇത് കൊടുത്തില്ലെങ്കിൽ ബാക്കിയൊന്നും നടക്കത്തുമില്ല. ഇൻ ചെയ്ത ഷർട്ടൊക്കെ ഞാൻ പുറത്തെടുത്തിട്ടു.
"ചത്തക്കിളിക്കെന്തിനാണിനി കൂട് "...
ഒരു കരച്ചിലുപോലത്തെ ശബ്ദം കേട്ടാണ് ഞാൻ മുന്നോട്ട് നോക്കിയത്. ഒരു ബംഗാളി പയ്യൻ അവന്റെ മന്തൂപ്പിനോട്(മെഡിക്കൽ, ഇക്കാമ്മ, ഇതിന്റെയൊക്കെ പേപ്പറുകൾ ശരിയാക്കി തരുന്ന കമ്പനിയുടെ ആളിന്റെ പേരാണ് മന്തൂപ്പ്)
പറയുകയാണ്
'മേരെ കോ നയി ആത്താ ഹെ ഭായ്... നയി ആത്താ ഹെ....'
എന്നു പറഞ്ഞാൽ അവൻ ടൊയ്ലറ്റിൽ പോയിട്ട് അവന് നെറ്റിയിൽ തൊടാൻപോലും ഒരു തരി മലം കിട്ടിയില്ലെന്ന് ചുരുക്കം. അപ്പോൾ മന്ദൂപ്പ് സുരാജ് വെഞ്ഞാറമൂട് പറയുന്നതുപോലെ
'അതൊന്നും പണഞ്ഞിട്ട് കാര്യമില്ല നീ പോയി ഒരു തരിയെങ്കിലും ഡബ്ബയിലാക്കിയിട്ടു തിരിച്ചു വന്നാൽ മതി'
എന്നും പറഞ്ഞ് അവനെ വീണ്ടും നിർബ്ബന്ധിച്ച് ടൊയ്ലറ്റിലേയ്ക്ക് പറഞ്ഞു വിട്ടു. അമരത്തിൽ മമ്മൂക്ക അശോകനോട് നീ കടലിൽപോയി കൊമ്പൻ സ്രാവിനെയും കൊണ്ടു തിരികെ വന്നാൽ മതി എന്ന ഡയലോഗ് ഞാനപ്പോൾ ഓർത്തുപോയി...
ആകെ കൂടി മൂന്ന് ടൊയ്ലറ്റ്. അതാണെങ്കിൽ ആളുകൾ പോയി പോയി വൃത്തിക്കേടായി കിടക്കുന്നു. വല്ലാത്ത ദുർഗന്ധം. ഞാൻ മെല്ലെ ക്യൂവിൽ നിന്നും മാറി മുന്നോട്ടു പോയി സ്ഥിതിഗതികൾ മനസ്സിലാക്കി. എവിടെയും മുക്കലും മൂളലും മാത്രം കേൾക്കാം...
ടൊയ്ലറ്റിന്റെ വരാന്തയിൽ പാഞ്ചാലിയുടെ സാരിപോലെ നീളത്തിൽ കിടക്കുന്ന പ്ളാസ്റ്റിക്ക് കൂടിന്റെ റോൾ എന്റെ കണ്ണിലുടക്കി. ഒന്നു വിചാരിച്ചില്ല നേരെ പോയി അതിൽ നിന്നും മൂന്നു പീസുകൾ കീറിയെടുത്തുകൊണ്ടു തിരികെ വന്നു ക്യൂവിൽ നിന്നിട്ട് രണ്ടു പീസുകൾ അവൻമാർക്കും കൊടുത്തിട്ടു പറഞ്ഞു ഇതുകൊണ്ടു അഡ്ജസ്റ്റ് ചെയ്ത് കാര്യം സാധിക്കുക ഞാൻ നോക്കിയിട്ട് വേറെ മാർഗ്ഗമൊന്നും കാണുന്നില്ല...
ഞാൻ മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ സെബസ്ത്യാനോസ്പുണ്യാള, ഗീവർഗ്ഗീസ്പൂണ്യാളാ, യൂദാശ്ലീഹായെ, ഈശോ മറിയം യൗസേപ്പേ, അൽഫോസാമ്മേ, സകല പുണ്യാളൻമാരോടും കൂടി ചോദിക്കുവാണ് ഒരിച്ചിരി നിങ്ങളെല്ലാവരും കൂടി മനസ്സുവച്ചു ഡബ്ബയിൽ കൊള്ളിക്കാനും മാത്രം തന്നീടണേയെന്ന്. അവൻമാർക്കും കൂടി മുക്കിയിട്ടും മൂളിയിട്ടുമാണെങ്കിൽ കൂടി കൊടുത്തേക്കണെയെന്ന്...
അങ്ങനെ വിഷമിച്ചു നിൽക്കുമ്പോളാണ് നമ്മുടെ തരുണീമണികളായ പീലികൊച്ചുങ്ങൾ നിരനിരയായി പെണ്ണുങ്ങളുടെ ക്യൂവിൽ നിൽക്കുന്നത് കാണുന്നത്.ആ ക്യൂവിലാണെങ്കിൽ അധികം ആളുകളുമില്ല. എല്ലാം നല്ല ടൈറ്റ് ജീൻസൊക്കെ കുത്തിക്കേറ്റി ഇട്ടു കൊണ്ടാണ് വന്നിരിക്കുന്നത്. എനിക്ക് മനസ്സിൽ ചിരിവരാൻ തുടങ്ങി. ഇവളുമാരിതൊക്കെ ഊരിയിട്ട് എങ്ങനെ കൊടുക്കും. നടന്നതു തന്നെ. ഇപ്പോൾ കാണാം രസം ഒറ്റയെണ്ണം കൊടുക്കില്ല...
എന്നൊക്കെ മനസ്സിൽ ചിന്തിച്ചു നിൽക്കുമ്പോൾ അതാ ടൊയ്ലറ്റിൽ പോയവളുമാരൊക്കെ അതേ സ്പീഡിൽ ഡബ്ബയിൽ സാധനവും നിറച്ച് കൗണ്ടറിൽ കൊടുത്തേച്ച് പോകുന്നു. ഇതു കണ്ട് ഞാൻ അന്തംവിട്ട് കുന്തിച്ചിരുന്നു പോയി സൂർത്തുക്കളെ.അവളുമാരുടെ മുഖത്ത്
"ഇതൊക്കെയെന്ത് "
എന്നു എഴുതിവച്ചിരുന്നോ എന്നുപോലും എനിക്ക് തോന്നിപോയി. ഇത്ര പെട്ടെന്ന് കിട്ടണമെങ്കിൽ ഇവളുമാർക്കു വല്ല ലൂസ്മോഷനുമാണോ. ഇവിടെ ഓരോരുത്തൻമാരുടെ ആർത്തനാദം കാരണം ഉണ്ടായിരുന്ന 'മൂഡും' കൂടി പോയിരിക്കുവാണ്...
ജോസഫ് ചേട്ടനോട് ചോദിച്ചപ്പോളല്ലേ സംഗതിയുടെ ഗുട്ടൻസ് മനസ്സിലായത്. ലവളുമാര് നൈസായിട്ട് റൂമിൽ നിന്നും സെറ്റ് ചെയ്തു ബാഗിലാക്കി കൊണ്ടു വന്നിട്ടത് ഡബ്ബയിലേയ്ക്ക് പകർത്തിയല്ലേ കൂളായി കൗണ്ടറിൽ കൊടുത്തിട്ട് പോയത്. ഞാൻ തിരിഞ്ഞു ലവൻമാരെ നോക്കിയിട്ട് പറഞ്ഞു
'എന്താടാ ദാസാ നമുക്കീ ബുദ്ധി തോന്നാതിരുന്നത് '
അതിന് കൂടെ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു തെണ്ടി പറഞ്ഞു തരണ്ടേ ഈ കാര്യം...
ജോസഫേട്ടൻ കത്തിയും മുള്ളും കൊണ്ട് ഫുഡ്ഡ് കഴിച്ചിട്ട് കൈയ്യും കഴുകി പോയതുപോലെ ഗ്ലൗസ്സും സ്പൂണും പിന്നെ ആരും കാണാതെ ഒളിപ്പിച്ചു പിടിച്ചിരുന്ന നിവേദ്യം ഡബ്ബയിൽ പകർത്തി കൗണ്ടറിൽ കൊടുത്തേച്ച് സ്കൂട്ടായി പോയി...
അടുത്തത് എന്റെ അവസരമാണ്. മൂക്കുപൊത്തി ഞാനകത്ത് കേറി. എങ്ങനെയോ അപ്പോൾ തോന്നിയതോ ദൈവം തോന്നിച്ചതോ ആയ ഒരു ഐഡിയയിൽ ഞാൻ ഡബ്ബയിൽ മരുന്നിനും മാത്രം സംഗതി എടുത്ത് പുറത്ത് കടന്നു. കീറിയെടുത്ത പ്ലാസ്റ്റിക്കിന്റെ പീസ്പോലും എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല.(ഐഡിയ എന്തായിരുന്നെന്നു ഇന്നുവരെ ഞാനാർക്കും പറഞ്ഞു കൊടുത്തിട്ടില്ല😂)
പ്രാർത്ഥനയുടെ ശക്തി അന്നാണ് ഞാൻ ശരിക്കും മനസ്സിലാക്കിയത്. എന്റെ പ്രാർത്ഥന അവൻമാർക്കും ഫലിച്ചു. ലവൻമാരും എങ്ങനെക്കെയോ സംഗതി സംഘടിപ്പിച്ചു...
ഇതെല്ലാം മേടിച്ചു വക്കുന്ന കൗണ്ടറിൽ നിൽക്കുന്ന ഈജിപ്യനെ ഞാനോന്നു ഒളികണ്ണിനാൽ നോക്കി. എന്റെ അണ്ണാ ഒരുമാതിരി തീട്ടപ്പണിയാണല്ലോ നിങ്ങടെ. ഓരോന്നൊക്കെ നിറച്ച് തുളുമ്പിച്ചാണ് കൊണ്ടുപോയി കൊടുക്കുന്നത്. അന്നേരം അങ്ങേര് പറഞ്ഞ അറബി പിന്നീടാണ് എനിക്ക് മനസ്സിലായത് മുട്ടൻ തെറിയായിരുന്നെന്ന്...
ഇവിടെ നിന്നും വീണ്ടും സഫാ ഹോസ്പിറ്റലിൽ പോയിട്ട് വേണം എക്സ്റേ എടുക്കാൻ അവിടെയും ഇതേ ആൾക്കാരുടെ ക്യൂ. പിന്നീട് പത്തു ദിവസം കഴിഞ്ഞു MOH ൽ വന്ന് ഡോക്ടറെ കണ്ട് കൈപ്പത്തി മൊത്തത്തിൽ ചെക്ക് ചെയ്യിപ്പിക്കും. നഖം വളർത്തിയിരിക്കുന്നത് കണ്ടാലും മുറിവോ പൊള്ളലോ കണ്ടാലും ഓടിക്കും ഡോക്ടർ. അതൊക്കെ ഉണങ്ങിയതിന് ശേഷം മാത്രമേ വരാവു എന്നു പറയും...
ഇങ്ങനെ പല ക്യൂവിൽ മണിക്കുറുകളോളം നിന്ന് അവസാനമാണ് ബലദിയകാർഡ് കിട്ടുന്നത്. അതു കിട്ടി കഴിഞ്ഞാൽ പിന്നെ സമാധാനത്തോടെ ജോലി ചെയ്യാം. ആരു പരിശോധനയ്ക്ക് വന്നാലും ഈ കാർഡു കാണിച്ചാൽ മതി. ഇതില്ലാത്ത പക്ഷം ഇരുനൂറ് ദിനാർ മുതൽ എണ്ണൂറ് ദിനാർ വരെയാണ് അവർ ഫൈൻ ഇടുന്നത്...
ഒരു കുവൈത്ത് ദിനാർ ഇന്ത്യൻ രൂപ 230 ന് അടുത്തൊക്കെ വരും. അപ്പോൾ ഒന്നു കണക്കു കൂട്ടിക്കേ എത്ര രൂപാ ആയെന്ന്. അതോർക്കുമ്പോൾ ക്യൂവിൽ നിൽക്കാത്തിരിക്കാൻ തോന്നുമോ...
ഇപ്പോൾ എല്ലാ പരിശോധനയ്ക്കും MOH ഹോസ്പിറ്റലിൽ തന്നെ സൗകര്യമുള്ളതിനാൽ ഓടി നടക്കണ്ട കാര്യമില്ല. എല്ലാവർഷവും കാലാവധി തീരുന്നതിന് മുന്നേ കാർഡ് പുതുക്കണം. അതായത് എല്ലാ വർഷവും ഈ തീട്ടക്കേസുണ്ടെന്ന്...
ആദ്യത്തെ അനുഭവത്തിന് ശേഷം ഞങ്ങളും പീലിക്കുഞ്ഞുങ്ങളുടെ മാർഗ്ഗം സ്വീകരിക്കാൻ തുടങ്ങി. പക്ഷെ ചിലതെണ്ടികൾ അതിൽ നിന്നും വീതം മേടിക്കാൻ വരും അതാണ് ഏറ്റവും ദേഷ്യം തോന്നുന്നതും. പിന്നെ അവരും ഇന്ത്യൻ പൗരനല്ലേ എന്നോർത്ത് കൊടുക്കുന്നവരുമുണ്ട്. പിന്നെ ആകെ കൂടിയുള്ള ഒരാശ്വാസം ഇൻജക്ഷൻ തരാനും ബ്ലഡ് എടുക്കാനും ഇരിക്കുന്നത് മലയാളി നഴ്സുമാരെന്നതാണ്. കാരണം മലയാളികളെ ഒഴിച്ച് ബാക്കിയുള്ളവൻമാരെക്കുറിച്ചുള്ള കമന്റുകൾ ഉറക്കെതന്നെ പരസ്പരം പറയുന്നതു കേൾക്കുമ്പോൾ നമുക്ക് ചിരി വരും.
'എടി സിനി നിന്നെയവന് അത്രയ്ക്കും പിടിച്ചു പോയെന്നാണ് തോന്നുന്നത് കേട്ടോ, അവന്റെ നോട്ടം കണ്ടില്ലേ'
'ആണോടി, എന്നാൽ അവനിട്ട് നല്ല കുത്തുതന്നെ ഞാൻ കൊടുത്തോളാം അവന്റെ ആഗ്രഹം അതോടെ തീർന്നോളും'
ഇങ്ങനൊക്കെ പോകുന്നു അവരുടെ ഡയലോഗുകൾ. നമ്മളെ കാണുമ്പോൾ ചിരിക്കുകയും നൈസായിട്ട് കുത്തുകയും ചെയ്യും. എന്താല്ലേ....
രാവിലെ ഏഴുമണി മുതൽ ക്യൂവിൽ നിന്നു വെയിലു കൊണ്ട് എല്ലാം കഴിയുമ്പോൾ ഉച്ചയ്ക്ക് ഒരു മണിയാകും. ഇപ്പോൾ നല്ല പുരോഗതിയുണ്ട് ഷീറ്റോക്കെയിട്ട് അടച്ചുകെട്ടി ഏസിയൊക്കെ ഫിറ്റു ചെയ്തതു കൊണ്ട് മുൻപത്തേപ്പോലെ വെയിലു കൊള്ളണ്ട. ബലദിയ മെഡിക്കൽ എടുക്കുന്നത് ആകെ ഒരു സ്ഥലത്ത് മാത്രമേയുള്ളു എന്നതാണ് ശരിക്കുള്ള പ്രശ്നം.ബീവറേജിന്റെ ക്യൂവിൽപോലും നിൽക്കാത്തവർ ഇവിടെ ഈ ക്യൂവിൽ നിന്നേ പറ്റത്തുള്ളു....
............................മനു ..............................

എന്നിലേയ്ക്കൊരു നോട്ടം.

Image may contain: 1 person, beard
കണ്ണുകൾ തമ്മിൽ പരസ്പരം കാണുന്നില്ല പക്ഷേ ദുഃഖങ്ങൾ അവർ ഒരുമിച്ചു പങ്കുവയ്ക്കുന്നു...
കൺപീലികൾ തമ്മിൽ എപ്പോഴും നല്ല സ്നേഹത്തിലാണ്. അവർക്കധികനേരം ഇണപിരിഞ്ഞിരിക്കാനാവില്ല. ഉറങ്ങുമ്പോൾപോലും അവരൊരുമിച്ചാണ്...
ചുണ്ടുകൾ പരസ്പരം ചുംബിച്ചിരിക്കാനാഗ്രഹിക്കുന്നവരാണ്. ഇവരുടെ സ്നേഹം കണ്ട് അസൂയമൂത്ത നാക്ക്, കള്ളച്ചിരിയോടെ ഇടയ്ക്കിടയ്ക്ക് വെള്ളവുമായിട്ടെത്താറുണ്ട്. ചുംബിച്ചിരിക്കുമ്പോൾ അവർ നല്ല സമാധാനപ്രിയരുമാണ്...
ഏതിനെയും മണത്തറിയാനുള്ള കഴിവ് കിട്ടിയിരിക്കുന്നത് നാസ്വാദ്വാരങ്ങൾക്കാണ്. രോമം കരിച്ചു കളയത്തക്കവിധത്തിലുള്ള ചില ഗന്ധങ്ങൾ ഗത്യന്തരമില്ലാതെയാണ് നാസ്വാദ്വാരങ്ങൾ അകത്തേയ്ക്ക് സ്വീകരിക്കുന്നത്. എന്നിരുന്നാലും, ശ്വാനനുപോലും അംഗീകാരം നേടികൊടുത്തത് അതിന്റെ നാസ്വാദ്വാരങ്ങളാണെ കാര്യം ഓർമ്മിക്കേണ്ടതാണ്...
നല്ലത് മാത്രം കേൾക്കണമെന്നാഗ്രഹിക്കുന്നവരാണ് ചെവികൾ. നല്ലതും ചീത്തയും അക്ഷമയോടെ കേൾക്കാൾ വിധിക്കപ്പെട്ടവരുമാണ് ചെവികൾ. എന്നാലും, കേൾക്കാൻ പാടില്ലാത്തത് കേൾക്കുന്ന ആദ്യ ചെവി നിവൃത്തിയില്ലാതെ തന്നിലൂടതിനെ കടത്തിവിട്ട് മറ്റേ ചെവിക്കത് കൈമാറി ഉത്തരവാദിത്വത്തിൽ നിന്നും പതിയെ പിൻമാറുന്നു. അൽപംപോലും സമയം കളയാതെ കേട്ടതിനെ വായുവിലേയ്ക്ക് പറത്തിവിട്ട് മറ്റേ ചെവിയും ആശ്വാസം കൊള്ളുന്നു...
യുദ്ധത്തിന് അണിനിരന്നിരിക്കുന്ന പോരാളികളെപോലെയാണ് ദന്തനിരകൾ. സഹോദരങ്ങളെപ്പോലെ ഒരുമിച്ചല്ലാതെ യുദ്ധം ചെയ്യാറില്ല. ഇടയ്ക്ക് ചില പടയാളികൾ വേദനയോടെ പിടഞ്ഞു വീഴാറുണ്ടെങ്കിലും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു ബാക്കി വരുന്നവർ. യുദ്ധ പോരാളികളായ ഈ മുപ്പത്തിരണ്ടു പേരുടെയും സംരക്ഷണയിലാണ് നാക്കിന്റെ വാസവും...
താളം പിടിക്കുന്ന ഒരേ ഒരാളെയുള്ളു, അത് ഹൃദയമാണ്. മൂപ്പർ ചില സമയം പഞ്ചാരിമേളക്കാരെപ്പോലെയാണ്. മേളം അങ്ങ് മുറുക്കികളയും. പിന്നൊരു ശാന്തമായ വിശ്രമമാണ്...
കൈവിരലുകൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. പക്ഷെ, അവർ ഒത്തൊരുമയോടുകൂടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. വലിപ്പവ്യത്യാസങ്ങളിൽ കാര്യമില്ല. ഐക്യത്തിലാണ് കാര്യം. ലുക്കിലല്ല വർക്കിലാണ് കാര്യമെന്നു പറയുന്നത് ഇതൊക്കെ കണ്ടിട്ടാകാം...
കാലുകൾ തമ്മിലൊരു മത്സരമുണ്ട്. ആരു ജയിക്കും എന്ന് പലപ്പോഴും അവർ ഓർക്കാറുണ്ട്. പക്ഷെ, അത് തുടങ്ങുന്നത് ഒരേയിടത്തിൽ നിന്നായിരിക്കും. അവസാനിക്കുന്നതും ഏകദേശം ഒരുപോലായിരിക്കും...
വർഗ്ഗത്തിന്റെ തുടക്കംതന്നെ ആണിലും പെണ്ണിലും നിന്നാണ്. ആൺവർഗ്ഗമെന്നും പെൺവർഗ്ഗമെന്നും വേർതിരിക്കുന്നതുപോലും വ്യത്യസ്തതയുള്ള ജനനേന്ദ്രിയങ്ങൾ വഴിയാണ്. യുദ്ധങ്ങളും കലാപങ്ങളും വഴക്കുകളും കൊലപാതകങ്ങൾപോലും ഇതിന്റെ അടിസ്ഥാനത്തിൽ അരങ്ങേറിയിട്ടുണ്ട്. ഓരോ മനുഷ്യ ജന്മത്തിനും കാരണക്കാരും, വരാൻ വഴിയൊരുക്കിയതും, വന്നതും ഇവരുടെ കർമ്മഫലത്തിലാണ്...
നിറുകംതല മുതൽ കാൽപാദംവരെ ദൈവകൃപയാൽ ആകൃതിക്കൊത്ത മനുഷ്യൻ ഭൂമിയിലെ ഭാഗ്യവാനാണ്...
............................ മനു.................................

മായാത്ത നർമ്മനിമിഷങ്ങൾ..........

Image may contain: Manoj Kavutharayil, beard
എറണാകുളം കലൂർ ജവഹർലാൽ നെഹ്രുസ്റ്റേഡിയത്തിൽ പണ്ട് ഇന്ത്യയും വേറെ ഏതൊ വിദേശരാജ്യവുമായി (മറ്റേ ചേച്ചി പറഞ്ഞതുപോലെ മുംമ്പൈ, ചെന്നൈ അതൊന്നുമല്ല കേട്ടോ) മത്സരം നടക്കുന്നത് കാണാൻ എന്റെ സുഹൃത്തിലൊരാൾ ചൂട്ടുകറ്റയും കത്തിച്ചുപിടിച്ചു പോയിരുന്നു...
നൂറുരൂപയാണ് ഗ്യാലറിക്ക്. വെളുപ്പിനെ തന്നെ ഗ്യാലറിയിൽ കുത്തിപ്പിടിച്ചിരുന്ന് കളി തുടങ്ങിയപ്പോൾ പതിനൊന്നു മണിയോളമായി. അങ്ങനെ ആവേശകരമായ കളി നേരിൽകണ്ട് രോമാഞ്ചകഞ്ചുകനായി നമ്മുടെ ഗഡ്ഡി ഇരിക്കവേ അതാ, ഇന്ത്യയുടെ ഓരോ കളിക്കാരും കിട്ടിയ താറാവിന്റെ(ഡക്കായി) കഴുത്തിൽ പിടിച്ച് ബാറ്റും കശത്തിൽ വച്ചു ഏതാണ്ട് പോയ അണ്ണാനെപ്പോലെ പോകുന്ന കാഴ്ച ക്ലിപ്പിംഗ് ഇടാത്ത ഷക്കീലപടം കണ്ട ഞരമ്പനെപോലെ ഇരിപ്പായി...
ഇനി നൂറടിച്ച് സ്റ്റെപ്പ് തെറ്റാതെ എന്നും സ്വന്തം വീട്ടിൽ തന്നെ കേറിചെന്ന് ഭാര്യയിൽ നിന്നും കുമ്മനിടി മേടിച്ച് ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്നും പറഞ്ഞു മലർന്നുകിടന്നു കൂർക്കം വലിച്ചുറങ്ങുന്ന കടയാടി ബേബിച്ചായൻ വന്നാൽ പോലും ഇന്ത്യയെ ജയിപ്പിക്കാനാകില്ല എന്ന തുണിയില്ലാത്ത സത്യം(നഗ്ന സത്യം) മനസ്സിലാക്കിയ ടിയാൻ നാട്ടിലേയ്ക്കുള്ള ബസ്സ് പിടിക്കാനായി കലൂർ സ്റ്റാൻഡിലേയ്ക്ക് മെതിയടിയില്ലാത്ത കാലുകളുമായി വച്ചുപിടിപ്പിച്ചു...
ബൈദ ബൈ ഞാൻ പറഞ്ഞു വന്നത് ഈ സംഭവം നടന്നത് കുറെ വർഷങ്ങൾക്ക് മുന്നേ ആയിരുന്നു. അന്ന് ഇന്ത്യ യാതൊരു ജാഡയും വാടയുമില്ലാതെ നൈസായിട്ട് തോറ്റിരുന്നു. കളി നേരിൽ കണ്ടതിന്റെ തെല്ലഹംങ്കാരം ഈ തെണ്ടിക്കിപ്പളുമില്ലാതില്ല...
സായാഹ്നങ്ങളിലെ വെടിപ്പറച്ചിലുകളിൽ ഞങ്ങൾ സുഹൃത്തുക്കൾക്കിടയിൽ ഈ കളിയുടെ വിശേഷം വർഷങ്ങൾക്കുശേഷം ഇവൻ തന്നെ എടുത്തിട്ടു. അവൻ നിന്നു കീറുകയാണ് അന്നത്തെ കളിയുടെ വിശേഷങ്ങൾ. ഞങ്ങൾ പറഞ്ഞു
"എടാ നീ നേരിൽ കാണാൻ പോയതുകൊണ്ടാണ് ഇന്ത്യ തോറ്റുതുന്നം പാടിയതെന്ന്"
ഇവനുണ്ടോ അതു സമ്മതിച്ചുതരുന്നു. അതൊന്നുമല്ല ഇന്ത്യ നന്നായി കളിച്ചു പക്ഷെ പിച്ച് ശരിയല്ലാത്തതുകൊണ്ടു മാത്രമാണ് ഇന്ത്യ തോറ്റു പോയതെന്ന അവന്റെ വാതം പിടിച്ചതു പോലുള്ള വായക്കൊണ്ടു വാദിച്ചപ്പോൾ പിടിച്ചൊരു 'പിച്ചു' വച്ചു കൊടുക്കാൻ തോന്നി എന്നു ഞാൻ പറഞ്ഞാൽ അത് നിങ്ങൾപോലും നിഷേധിക്കില്ല...
കാരണം, അവൻ പറഞ്ഞതു കേട്ടപ്പോൾ അവനുള്ള കറക്ട് മറുപടി കൊടുത്ത് അവന്റെ വായടപ്പിച്ച ശക്തരിൽ ശക്തൻ, വില്ലാളിവീരൻ, ചേരാദിമൂർഖൻ, കില്ലാടിയോംക കില്ലാടി(സ്വന്തം എക്സ്റേ എടുക്കണമെങ്കിൽ ഷർട്ടൂരി ഭിത്തിസൈഡിലേയ്ക്ക് നീക്കി നിർത്തി ടോർച്ചടിച്ചാൽമാത്രം മതി എന്നു സ്വയം കണ്ടെത്തിയ ആകാരസമ്പുഷ്ടനായ മെലിഞ്ഞുണങ്ങിയ, ഇന്ന് ഞങ്ങളിൽ നിന്നും വേർപിരിഞ്ഞുപോയ എന്നെ പെയിന്റിംഗ് ബ്രഷ് പിടിക്കാൻ പഠിപ്പിച്ച എന്റെ ആശാനായ സുഹൃത്ത്) ആയ ജോബി അവനോടു ചോദിച്ചതിങ്ങനെയാണ്.
"നീ പറഞ്ഞത് ഇന്ത്യ തോൽക്കാൻ കാരണം പിച്ച് ശരിയല്ലാത്തതാണെന്നല്ലേ അങ്ങനാണെങ്കിൽ എതിർ ടീം എങ്ങനെ ജയിച്ചു"
നിങ്ങൾക്ക് ട്യൂബ് കത്തിയില്ല ല്ലേ.
അതായത് രമണാ പിച്ച് ശരിയല്ലായിരുന്നെങ്കിൽ രണ്ടു ടീമും തോൽക്കില്ലേ രണ്ടു ടീമിനും അത് ബാധകമല്ലേ. കാരണം രണ്ടു ടീമിനുമില്ലേ ബാറ്റിംഗും ബൗളിംഗും. ഇതിവൻ പറഞ്ഞതും ബാക്കിയുള്ള ഞങ്ങളെല്ലാവരും ജോബിയെ സപ്പോർട്ടു ചെയ്തപ്പോൾ മറ്റവനും സംശയമായി അതും ശരിയാണല്ലോ എന്നാൽ പിന്നെ അവരും തോൾക്കണ്ടേ. മറുപടി പറയാൻ കഴിയാതെ ബബ്ബ ബബ്ബ വച്ച അവനൊക്കെയിപ്പോൾ എവിടാണോ എന്തോ.....
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
ദന്തൽ ക്ലിനിക്കിൽ നഴ്സായി ജോലി കിട്ടിയ എന്റെ നാട്ടുകാരിയെ കണ്ട ഒരു സുഹൃത്ത് അവളോട് ഇങ്ങനെ ചോദിച്ചു
" എന്നാ ഉണ്ട് വിശേഷം ഇപ്പോൾ ഇവിടാണോ ജോലി "
അവൾ മറുപടി കൊടുത്തു
"അതെ ഇവിടെ ജോലിക്ക് കേറിയിട്ട് കുറച്ചായതേയുള്ളു"
"എങ്ങനുണ്ട് ജോലിയൊക്കെ, ആളുകളൊക്കെ വരാറുണ്ടോ"
" കുഴപ്പമില്ല നന്നായി പോകുന്നു അത്യാവശ്യം തിരക്കൊക്കെയുണ്ട് "
"ആട്ടെ ഇവിടെങ്ങനെയാണ് ടെംപററിയാണോ അതോ പ്രഗ്നന്റ് ആണോ(ലവൻ ഉദ്ദേശിച്ചത് പെർമനന്റാണോ എന്നാണ്, പക്ഷെ അത് കറക്ടായിട്ട് പറയാൻ നാക്കു വഴങ്ങാത്തതു കൊണ്ടു പറഞ്ഞപ്പോൾ ഇങ്ങനായിപോയി) "
ഇതു കേട്ടതും കല്യാണംപോലും കഴിക്കാത്ത ലവള് ചാടി അകത്ത് കേറി ഡോറടച്ചു. എട്ടാം ക്ലാസ്സും ഗുസ്തിയുമായ ലവൻ അതു കണ്ടു ഉള്ളിൽ ചിരിച്ചു. ഈ വിവരം ഞങ്ങളോടു വന്നു പറഞ്ഞത് ഇങ്ങനെ
" ഞാൻ ലവളോട് ടെംപററിയാണോ പ്രഗ്നന്റാണോ എന്ന് ചോദിച്ചപ്പോൾ എന്റെ അളിയാ അപ്പോൾ തന്നെ ലവള് ചാടി മുറിക്കകത്ത് കയറി കതകടച്ചു കുറ്റിയിട്ടു"
എന്നിട്ടൊരു ചിരി ചിരിച്ചിട്ട് ലവൻ പറയുവാണ്
"ലവളൊക്കെ വല്യ നഴ്സിങ്ങ് പടിച്ചതാണ് എന്നിട്ട് ഞാൻ ചോദിച്ച സിമ്പിൾ ഇംഗ്ലീഷുപോലും മനസ്സിലായില്ല പുവർ ഗേൾ"
ഇതുകേട്ട് ഞങ്ങളെല്ലാം തലകുത്തി മറിഞ്ഞ് ചിരിച്ചപ്പോൾ ലവനും ചിരിയിൽ പങ്കു ചേർന്നു. ലവന്റെ ഊളത്തരം മനസ്സിലാക്കിയിട്ടാണ് ഞങ്ങൾ ചിരിച്ചതെന്നു മനസ്സിലാകാത്ത ലവൻ വിചാരിച്ചത് ലവൻ പറഞ്ഞ തമാശ കേട്ടിട്ടാണ് ഞങ്ങൾ ചിരിച്ചതെന്നാണ്. ഞാൻ ചോദിച്ചു അളിയാ
" ടെംപററിയാണോ എന്നു ചോദിച്ചാൽ അതിന്റെ അർത്ഥമെന്താണ്"
"താൽക്കാലികമാണോ"
എന്നവൻ പറഞ്ഞതു കേട്ടപ്പോൾ ഞാൻ അവനോടു ചോദിച്ചു
" അപ്പോൾ പ്രഗ്നന്റാണോ എന്നു പറഞ്ഞാലോ"
ലവൻ പറഞ്ഞു
" സ്ഥിരമാണോയെന്ന് "
"എടാ മണൻകൊണാച്ചാ അതിനു പറയുന്നത് പെർമനന്റ് ആണോ എന്നാണ് "
"പ്രഗ്നന്റ് എന്ന വാക്കിന്റെ അർത്ഥം ഗർഭിണിയാണോ എന്നാണെടാ വധൂരി"
അപ്പോളാണ് കാര്യങ്ങളുടെ കിടപ്പുവശം അവന് ശരിക്കും മനസ്സിലായത്. അന്നേരമവൻ ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ചതുപോലെ ചിരിക്കാൻ തുടങ്ങി. ഞങ്ങളവനെ ഇതും പറഞ്ഞെന്നും കളിയാക്കുമായിരുന്നു. അവനിപ്പോൾ ഊളത്തരമായിട്ടെവിടാണോ എന്തോ...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
യൂറോപ്യൻ ക്ലോസറ്റ് ഇൻഡ്യൻ ക്ലോസറ്റ് ഫിറ്റു ചെയ്യുന്നതു പോലെ തറയിൽ ഇറക്കി വച്ചിട്ട് പരിക്കനിട്ടുറപ്പിച്ചിട്ട്
"ചേച്ചി ഫുട്ട്റെസ്റ്റ് ചേട്ടൻ മേടിച്ചില്ലേ "
എന്നു ചോദിച്ച കുശില്മേസ്തിരിക്കിപ്പോൾ പണിയൊക്കെയുണ്ടോ ആവോ...
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
മതിലിന്റെ സൈഡിൽ ചാരി വച്ചിരുന്ന മേച്ചിൽ ഓടിൽ വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾ മതിലിന്റെ സൈഡിലുള്ള ഓടയിൽ രണ്ടു ബക്കറ്റ് വെള്ളമൊഴിച്ചിട്ട് മിഴിക്കച്ചാന്ന് മുകളിലേയ്ക്ക് നോക്കി മച്ചിന്റെ മുകളിൽ ഓട് മേയാനിരുന്ന മേസ്തിരിയുടെ വായിൽ നിന്നും തലേന്നടിച്ച പുളിച്ച കള്ളിന്റെ അതേ രുചിയോടെ പുളിച്ചതെറി കേട്ട ദൊപ്പയ്യാ ഒക്കെ ഇപ്പോൾ എവിടാണോ എന്തോ...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
കട്ടിളയുടെ അകവണ്ണമെടുക്കാൻ പറഞ്ഞപ്പോൾ ടേപ്പു കിട്ടാതെ വന്നപ്പോൾ നിലത്ത് കിടന്ന റബ്ബർബാൻഡെടുത്ത് വലിച്ചു നീട്ടി അളവെടുത്തിട്ട് അതേപോലെ തന്നെ റബ്ബർ ബാൻഡ് അകത്തി പിടിച്ച് സൂപ്പർവൈസറുടെ അടുത്തേയ്ക്ക് പോയവഴിക്ക് സിമൻറ് ചുമന്നു വന്ന കല്യാണിചേച്ചിയുടെ ദേഹത്ത് മുട്ടാതിരിക്കാൻ വേണ്ടി വലത്തെകൈ ഇച്ചിരി അടുപ്പിച്ചപ്പോൾ അളവ് തെറ്റിപോയ അന്തോണി ചേട്ടന്റെയൊക്കെ മൂക്കിൽ പല്ലു കിളിത്തോ എന്തോ...
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
ബീഡിക്കറ പോകാൻ ആസിഡ് വാഷ് ചെയ്താൽ മതിയെന്നു പറഞ്ഞത് കേട്ട് പല്ല് ക്ലീൻ ചെയ്ത് മുൻനിരയിലെ പല്ലുകൾ മൊത്തംപോയി മോണകൾ കാട്ടി കുട്ടികൾ ചിരിക്കുന്നതുപോലെ ചിരിക്കുന്ന പൊട്ടൻകുട്ടനൊക്കെ രാവിലെ പല്ലു തേക്കാൻ ഉമിക്കിരി കിട്ടുന്നുണ്ടോ ആവോ...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
എന്തായാലും ഈ പ്രാവശ്യത്തെ ക്രിസ്മസ്സ് ഇരുപത്തഞ്ചാം തീയതി തന്നെയാണെന്നു പറഞ്ഞ ടിൻറുമോനോക്കെ ഇപ്പോളും സ്റ്റാറായി തന്നെയിരിക്കുന്നോ എന്നറിയില്ല. (ആ വർഷത്തെ ക്രിസ്തുമസ്സ് ഞായറാഴ്ചയായിരുന്നു അത് മനസ്സിലോർത്ത് പറഞ്ഞതാണ് കക്ഷി, പക്ഷെ പറഞ്ഞപ്പോൾ ഒരു പൊടിക്കങ്ങ് മാറി പോയെന്നു മാത്രം)...
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
കുരിശുപള്ളിയുടെ നടയിൽ വാചകമടിച്ചിരുന്ന സുഹൃത്തുക്കൾക്കിടയിൽ നിന്നും നേരെ മുന്നിലുള്ള പലചരക്ക് കടയിലേയ്ക്കുപോയ ഒരു സുഹൃത്തിനോട് മറ്റൊരുവൻ പ്ലസ്സ് വൺ എന്ന് നീട്ടിവിളിച്ചു പറഞ്ഞതിനു ശേഷം അയാള് തിരികെ വന്നു ബെറ്റിക്കോട്ട് കൂട് കൊടുത്തപ്പോൾ അത് കണ്ട് അന്തംവിട്ടവൻ ചോദിച്ചു
"ഇതെനിക്കെന്തിനാണ് "
"നീയല്ലേ ഞാൻ കടയിൽ പോയപ്പോൾ പ്ലസ് വൺ എന്നു പറഞ്ഞത് "
"അല്ല ! അപ്പോൾ നീ സിഗററ്റ് മേടിക്കാൻ പോയതല്ലായിരുന്നോ "
"അല്ല ! കപ്പ മേടിക്കാൻ വേണ്ടി ഒരു കൂടു മേടിക്കാൻ പോയതാണ് ഞാൻ "
അവൻ പ്ലിംങ്ങോടു പ്ലിങ്ങ്
ആരെങ്കിലും സിഗററ്റ് മേടിക്കാൻ കടയിൽ പോകുമ്പോൾ പ്ലസ് വൺ എന്ന് ഈ ചങ്ങാതി എപ്പോളും പറയുമായിരുന്നു. അതിന്റെ അർത്ഥം ഒരെണ്ണം കൂടി കൂട്ടി മേടിച്ചോളാനാണ്. കാശ് ഇവിടെ വരുമ്പോൾ തരാമെന്നു പറഞ്ഞാലും സിഗററ്റ് മേടിച്ചു വലിച്ചിട്ടു കാശ് കൊടുക്കാതിരുന്ന ലവനൊക്കെ കക്കൂസിൽ പോകുമ്പോൾ വലിക്കാൻ ആവശ്യത്തിനുള്ള സിഗററ്റ് കിട്ടുന്നുണ്ടോ ആവോ...
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ബസ്സിൽ മുകളിലത്തെ കമ്പിയിൽ പിടിച്ചു നിന്നു യാത്ര ചെയ്യുന്ന കല്ലുവാതുക്കൽ കത്രീന ചേച്ചിയോട് ഒഴിഞ്ഞ സീറ്റ് കാണിച്ചു കൊടുത്തപ്പോൾ ഇരിക്കാനൊന്നും സമയമില്ല ചെന്നിട്ട് നൂറു കൂട്ടം പണിയുള്ളതാണെന്നു പറഞ്ഞത് കേട്ട അന്ത്രോമാനൊക്കെ ബസ്സിൽ ഇരിക്കാൻ സീറ്റ് കിട്ടാറുണ്ടോ എന്റെ റബ്ബേ...
..............................മനു .

പിൻവിളി

Image may contain: 1 person, beard
പതിയെ നടക്കണം. പിച്ചവച്ചു നടക്കണം. പിന്തള്ളുന്ന വഴികളെ ഓർത്തുവയ്ക്കണം. അമ്മിഞ്ഞപ്പാൽ കിനിയുന്ന മുഖങ്ങൾ മുതൽ ചുളിവുകൾ വീണ മുഖങ്ങൾ വരെ നോക്കി കാണണം. ചില കണ്ണുകളിൽ കാണുന്ന തിളക്കം മറ്റു ചിലതിൽ നിറം മങ്ങിയിരിക്കുന്നു...
കാലുകൾക്ക് ദൃഢതയും, വേഗതയും വന്നിരിക്കുന്നു. പരുക്കൻ പാതകളിൽ നടന്ന് കാൾപാദങ്ങളിൽ തഴമ്പ് പിടിച്ചിരിക്കുന്നു. തണുത്ത ഈറൻ കാറ്റിൽ മുഖത്തേയ്ക്കു വീണ മുടിയിഴകളെ ഒതുക്കിവച്ചു നടക്കുമ്പോൾ കേൾക്കാം വറ്റിവരണ്ട പുഴയുടെ രോദനം...
നാട്ടിൻപുറത്തെ നന്മകളുടെ കണികകളിന്ന് വിതയില്ലാത്ത പാടം കണക്കെ വികൃതമായിരിക്കുന്നു. കിളികൾ ചേക്കേറാൻ മടിക്കുന്ന ഗ്രാമങ്ങളിൽ നഗരത്തിന്റെ അധിനിവേശം കാണാൻ കഴിയുന്നു. തുമ്പികളും, പൂമ്പാറ്റകളും യഥേഷ്ടം വിഹരിച്ചിരുന്ന പൂന്തോട്ടങ്ങളിൽ ഇഷ്ടികകൾ പാകി വൃത്തിയാക്കിയിരിക്കുന്നതും കാണാം...
കേരം തിങ്ങിനിന്നിരുന്ന പറമ്പുകളിലിന്ന് തോരണംകെട്ടാൻപോലും കേരം കാണാനില്ല. കുട്ടികൾ കളിക്കാത്ത പാടങ്ങളും പറമ്പുകളും കാടുപിടിച്ചു കിടക്കുന്നു. വിഷാദത്തോടെ മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാമ്പഴങ്ങൾ കുട്ടികളുടെ പാദസ്പർശനത്തിനായ് കാതോർത്തിരിക്കുന്നു...
ജാതിക്കും, മതത്തിനും, വീടുകൾക്കുമിടയിൽ മനുഷ്യർക്ക് കാണാനാക്കാത്ത രീതിയിൽ മതിലുകൾ പണിതിരിക്കുന്നു. ശുദ്ധവായു ലഭിച്ചിരുന്ന ആലിന്റെ ചില്ലകളിൽ ഇലകൾ തളിർക്കാതായിരിക്കുന്നു...
മലിനമായ ജലാശയങ്ങൾ കൊതുകുകളുടെ കോളനികളായി മാറിയിരിക്കുന്നു. ചെളിവെള്ളത്തിൽ കാല് നനച്ചവർക്കിന്ന് നല്ല വെള്ളം കിട്ടാതായിരിക്കുന്നു. എന്നും, ആകാശത്ത് വന്ന് ഭൂമിയിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്ന നക്ഷത്രങ്ങൾ ഇപ്പോൾ വല്ലപ്പോഴും വരുന്ന വിരുന്നുക്കാരായിരിക്കുന്നു...
കുഞ്ഞുകരയാത്ത വീടുകൾ പെരുകുന്നു. ഇടുങ്ങിയ മുറികളിൽ നിന്നും വിയർപ്പിന്റെയും വിലകൂടിയ മരുന്നുകളുടെയും ഗന്ധം വമിക്കുന്നു...
നാടിന്റെ നഷ്ടപ്പെട്ടു പോകുന്ന ഭംഗി ആസ്വദിക്കാനായ് പ്രവാസികൾ ഉത്സാഹത്തോടെയെത്തുന്നു...
കടലിൽ അസ്തമനത്തിനൊരുങ്ങുന്ന സൂര്യൻ നാളെ എത്തണോ വേണ്ടയോ എന്ന് ശങ്കിക്കുന്നു. ചന്ദ്രന്റെ വിഷാദമുഖം കാണുമ്പോൾ വീണ്ടുമൊരു ഉഷസ്സിനായ് സൂര്യനുദിക്കുന്നു...
തവളകളുടെയും ചീവീടുകളുടെയും കരച്ചിലുകൾ കേൾക്കാനാകാതെ കർഷകർ നെടുവീർപ്പിടുന്നു. കാലംമാറ്റിമറിക്കുന്ന കാലാവസ്ഥകൾ. പ്രകൃതിയോടുചെയ്ത ക്രൂരതകൾക്ക് പ്രകൃതി നൽകിയ ചില വികൃതികൾ മനുഷ്യനെ പിടിച്ചുലച്ചത് മറക്കാനാകില്ലൊരിക്കലും...
നാടിന് നേട്ടമുണ്ടാകണമെങ്കിൽ നമ്മളോരോരുത്തരുടെയും നോട്ടങ്ങൾ എത്തേണ്ടിടത്തെത്തിയാൽമാത്രം മതി...
നോട്ടുക്കെട്ടുകളുടെ കനംകൊണ്ട് കെട്ടിടം പണിതാൽ ഒരു മഴയത്തത് നനഞ്ഞ് കുതിരാനുള്ളതേയുള്ളു...
പറവകൾ ആകാശത്ത് ചിറകുകൾ വിരിച്ചു തന്നെ പറക്കട്ടെ. അവിടെ ട്രാഫിക്ക് സിഗ്നലുകൾ സ്ഥാപിക്കാൻ മനുഷ്യർക്കെന്തവകാശം...
നടന്ന് നടന്ന് കാൽപ്പാദങ്ങളിൽ നീരുവച്ചിരിക്കുന്നു. ചെറുവിരൽ മാളത്തിൽ ഒളിച്ചിരിക്കുന്നു. ഞരമ്പുകൾ നീലിച്ചിരിക്കുന്നു. യാത്രത്തുടരാനാവാത്തവിധം മനസ്സും ശരീരവും ക്ഷീണിച്ചിരിക്കുന്നു. ഇനിയും മുന്നോട്ട് ഏറെ നടക്കണമെന്ന് ഉപബോധമനസ്സിനെ ശട്ടം കൂട്ടിയിട്ട് ഞാനിനി ഇച്ചിരി വിശ്രമിക്കട്ടെ....
...............................മനു ..............................

അനാഥരായ സനാഥർ

image

ഞാൻ മെർലിൻ. അനാഥയല്ലെങ്കിലും അഞ്ചാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ പഠിച്ചത് ഏയ്ഞ്ചൽസ് ഓർഫനേജിലായിരുന്നു...

എന്റെ വീട്ടിൽ ചാച്ചനും, അമ്മച്ചിയും, ചാച്ചന്റെ അമ്മച്ചിയും, ഞാനും, മൈക്കിളെന്നു പേരുള്ള ബുദ്ധിമാന്ധ്യമുള്ള ഒരനിയനുമായിരുന്നു ഉണ്ടായിരുന്നത്...

ചാച്ചന് കൂലിപ്പണിയായിരുന്നു തൊഴിൽ. പക്ഷെ കിട്ടുന്നതിൽ മുക്കാലും കള്ളുഷാപ്പിൽ കൊടുക്കാനേ ചാച്ചന് തികഞ്ഞിരുന്നുള്ളു. അമ്മച്ചിക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലായിരുന്നു. വീട്ടിലെ പശുവിനെ നോക്കലും ആഹാരം ഉണ്ടാക്കലുമൊക്കെയായിരുന്നു അമ്മച്ചിയുടെ പ്രധാന ജോലികൾ. മൈക്കിളിനെ നോക്കുകയെന്നതും ഭാരിച്ച ഒരു ജോലി തന്നെയായിരുന്നു...

വല്യമ്മച്ചിയുടെ ഒരു നോട്ടത്തിലാണ് ആ കുടുംബം മുന്നോട്ട് പൊയ്ക്കോണ്ടിരുന്നത്. വല്യമ്മച്ചിയും ചാച്ചനും തമ്മിൽ സ്വഭാവംകൊണ്ടു ചേരില്ലായിരുന്നു. ചാച്ചന്റെ കുടിയായിരുന്നു വല്യമ്മച്ചിക്കു ചാച്ചനോടു ശത്രുത ഉണ്ടാക്കിയിരുന്നതും. തന്റേടിയായിരുന്ന ചാച്ചൻ ആരെയും കൂസത്തുമ്മില്ലായിരുന്നു...

എന്നെയും അനിയൻ മൈക്കിളിനേയും വല്യമ്മച്ചിക്ക് വലിയ കാര്യമായിരുന്നു. എന്തു കിട്ടിയാലും ഞങ്ങൾക്ക് പകുത്തുതരാതെ വല്യമ്മച്ചി കഴിക്കില്ലായിരുന്നു...

മൈക്കിളിനും ചാച്ചനും ഞാനെന്നുവച്ചാൽ ജീവനായിരുന്നു. എന്റെ ഏത് ആഗ്രഹവും ചാച്ചൻ സാധിച്ചു തരുമായിരുന്നു...

ഇടവക പള്ളിയിലെ പെരുന്നാളിന്റെ തലേദിവസം വൈകുന്നേരം പെരുന്നാൾ പ്രദക്ഷിണം കൂടാൻ ഞങ്ങളെല്ലാവരും പോയി. വല്യമ്മച്ചിക്ക് കാലുവേദന ആയതിനാൽ പ്രദക്ഷിണം കൂടാൻ വരാതെ വീട്ടിൽ തന്നെയിരുന്നു. അതുമല്ല വീട്ടിലെ തൊഴുത്തിൽ നിറഗർഭിണിയായ കത്രീനപശു നിൽക്കുന്നതും വല്യമ്മച്ചിക്കൊരു കാരണമായി...

പ്രദക്ഷിണം പള്ളിയുടെ തന്നെ കുരിശടിയിലേയ്ക്കു കേറാൻ തുടങ്ങിയ ഏകദേശ സമയത്താണ് വാറ്റുകുപ്പിയിൽ നിന്നും ഒരെണ്ണം വീശാനായിട്ട് വീട്ടിൽ വന്ന അച്ചാച്ചനും വല്യമ്മച്ചിയും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് വഴക്കും വാക്കുതർക്കമുണ്ടാകുകയും ദേഷ്യം കേറിയ അച്ചാച്ചൻ റബ്ബർഷീറ്റടിക്കാൻ വച്ചിരുന്ന ആസിഡ് എടുത്തു വായിലേയ്ക്ക് കമഴ്ത്തിയതും. ആകെ ഭയന്നമ്പരന്നുപോയ വല്യമ്മച്ചിയുടെ മുന്നിൽ കിടന്നു തന്നെയാണ് അച്ചാച്ചൻ മരിച്ചത് എന്നാണ് ഞങ്ങൾ പിന്നീട് അറിഞ്ഞത്...

വല്യമ്മച്ചിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടു അയൽപക്കത്തുവീട്ടിലെ നാണുവും ഭാര്യ വാസന്തിയുമാണ് ഞങ്ങളുടെ വീട്ടിൽ ആദ്യമെത്തിയത്. വിവരം പെരുന്നാൾ പ്രദക്ഷിണത്തിന്റെ തിരക്കിനിടയിൽ പെട്ടെന്നു തന്നെ എല്ലാരും അറിഞ്ഞപ്പോൾ നിലവിളിയോടെ അമ്മച്ചി ഞങ്ങളെയും വലിച്ചുകൊണ്ടു വീട്ടിലേയ്ക്ക് ഓടിയത് ഇന്നും കൺമുമ്പിൽ നിറഞ്ഞു നിൽക്കുന്നു...

അച്ചാച്ചന്റെ മരണം എന്നെ ഒരുപാട് തളർത്തിക്കളഞ്ഞു. വീട് അനാഥമായ അവസ്ഥയായിരുന്നു. വല്യമ്മച്ചിക്കതിൽ പിന്നെ അധികം മിണ്ടാട്ടമില്ലായിരുന്നു. എപ്പോളും ഒരുതരം നിർവികാരത. അമ്മച്ചി കട്ടിലിൽ കിടന്നു കരച്ചിലും നെടുവീർപ്പുകളുമായി കഴിച്ചുകൂട്ടി. ഒന്നും മനസ്സിലാകാതെ ചിരിച്ചു കളിച്ചു മൈക്കിൾ വീട്ടിനുള്ളിൽ കളിപ്പാട്ടവുമായി ഓടി നടന്നു...

പിന്നീട് വീട്ടിലെ കാര്യങ്ങൾ നോക്കിയത് അമ്മച്ചിയുടെ ആങ്ങളയായിരുന്നു. ഞാനന്ന് നാലാം ക്ലാസ്സിൽ പഠിക്കുന്നു. വല്യ പരീക്ഷ കഴിഞ്ഞ് രണ്ടു മാസക്കാലഅവധിയും കഴിഞ്ഞാണ് അഞ്ചാം ക്ലാസിലേയ്ക്ക് ജയിച്ച എന്നെ തുടർന്നു പഠിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതിനാൽ അമ്മച്ചി ഓർഫനേജിൽ കൊണ്ടാക്കിയത്. ഞാനന്നു ഒരുപാടു കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു അമ്മച്ചിയും. മൈക്കിളിനെ വിട്ടുപിരിയുന്നതാണ് എന്നെ ഏറെ വിഷമിപ്പിച്ചത്...

ഓർഫനേജിലെ കാര്യങ്ങൾ ഇന്നോർക്കുമ്പോൾ ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനാകുന്നു. ഞങ്ങൾ മൊത്തം അറുപത്തിയഞ്ച് കുട്ടികളുണ്ടായിരുന്നു. ആരും അനാഥരല്ലായിരുന്നു. ഗതിയില്ലാത്ത വീട്ടിലെ കുട്ടികളായിരുന്നു ഞങ്ങളെല്ലാവരും തന്നെ...

സിസ്റ്ററുമാരുടെ അധീനതയിലുള്ള സ്ഥാപനം. ഞങ്ങൾ ഓരോരുത്തർക്കും ഓരോ സ്പോൺസറുമാരുണ്ടായിരുന്നു. എന്റെ സ്പോൺസർ അമേരിക്കയിലുള്ള ഒരു സായിപ്പും മദാമ്മയുമായിരുന്നു. അവർക്കൊരു മകനുമുണ്ടായിരുന്നു അമേരിക്കയിൽ. ഇതല്ലാതെ അവരെക്കുറിച്ച് എനിക്ക് മറ്റു വിവരങ്ങൾ ഒന്നും തന്നെ അറിയില്ലായിരുന്നു. അതൊക്കെ രഹസ്യമായി സൂക്ഷിച്ചിരുന്നു...

എല്ലാമാസവും എഴുത്തും അവരുടെ ഫോട്ടോകളും പണവും മുടങ്ങാതെ എത്തിക്കൊണ്ടിരുന്നു. പണമൊഴിച്ചു ബാക്കി രണ്ടും എനിക്കു നൽകിയിരുന്നു. കത്തിൽ എന്താണ് എഴുതിയിരുന്നതെന്ന് ഇംഗ്ലീഷിലായിരുന്നതിനാൽ എനിക്കറിയത്തുമില്ലായിരുന്നു. എന്നിരുന്നാലും കത്തിനുള്ള മറുപടി ഞാൻ മുടങ്ങാതെ എഴുതിയിരുന്നു. സിസ്റ്റർ ഒരു പേപ്പറിൽ എഴുതി തന്നിരുന്ന ഇംഗ്ലീഷ് വാക്കുകൾ നോക്കി അതേപോലെ തന്നെ ഞാൻ മറ്റൊരു വെള്ളപേപ്പറിൽ എഴുതി സിസ്റ്റർക്ക് തിരികെ നൽകിയിരുന്നു. ഇതായിരുന്നു എനിക്കവരുമായിട്ടുള്ള ഏകബന്ധം. എങ്കിലും എനിക്കന്നവും വിദ്യാഭ്യാസ സൗകര്യവും ഒരുക്കി തന്ന അവരെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു. ഇങ്ങനെ സ്പോൺസറുമാർ അയച്ചുതരുന്ന പണം കൊണ്ടാണ് ഓർഫനേജു കഴിഞ്ഞു പോന്നിരുന്നത്...

പലപ്പോഴും അറുപത്തഞ്ചു പേർക്കും വയറു നിറയാനുള്ള ആഹാരം കിട്ടിയിരുന്നില്ല. ആഹാരം വിളമ്പി കൊടുക്കുന്നവരുടെ പാത്രത്തിൽ മാത്രം കാണും വയറുനിറച്ചു കഴിക്കാനുള്ള ചോറും കറിയും. വിശപ്പു സഹിക്കാൻ കഴിയാതെ പച്ചക്കപ്പ ആരും കാണാതെ പറമ്പിൽ നിന്നും പറിച്ചു പല്ലുക്കൊണ്ടു പൊളിച്ചും, തേങ്ങാ കല്ലുകൊണ്ടിടിച്ചു പൊതിച്ചു ചിരട്ടയിൽ നിന്നും വേർപ്പെടുത്തിയും കഴിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാഴൊക്കെ അച്ചാച്ചന്റെ മുഖം മനസ്സിലേയ്ക്ക് ഓടിയെത്തുകയും വിതുമ്പി കരയുകയും ചെയ്തിരുന്നു. പക്ഷെ ഈ കാര്യമൊന്നും ഞാൻ ഇതുവരെയും ആരെയും അറിയിച്ചിരുന്നില്ല. അമ്മച്ചി അറിഞ്ഞാൽ വിഷമം കൊണ്ടു ചങ്കുപ്പൊട്ടുമെന്ന് എനിക്കറിയാമായിരുന്നു. വിശപ്പിന്റെ വിലയെന്തെന്നു ആ പ്രായത്തിൽ മനസ്സിലാക്കാൻ എനിക്കു സാധിച്ചു....

പള്ളിയും പള്ളിയോടു ചേർന്നുമായിരുന്നു സ്കൂൾ കെട്ടിടവും കൊമ്പൗണ്ടും സ്ഥിതി ചെയ്തിരുന്നത്. ഏക്കറ് കണക്കിനു സ്ഥലമുണ്ടായിരുന്നതിൽ തെങ്ങും കപ്പയും വാഴയും പയറുമൊക്കെ കൃഷി ചെയ്തിരുന്നു...

എന്നും രാവിലെ ആറുമണിക്ക് എഴുന്നേൽക്കണം. ആറരയ്ക്ക് പ്രഭാത പ്രാർത്ഥനയുണ്ട്. അതിനുശേഷം ഏഴുമണിക്ക് കുർബാനയ്ക്കു പള്ളിയിൽ പോകണം. പള്ളിയിലെ കുർബ്ബാന കഴിഞ്ഞു വന്നിട്ട് സ്റ്റഡിറൂമിൽ പോയിരുന്നു പഠിക്കണം. പഠിത്തം കഴിഞ്ഞു കുളിച്ച് യൂണിഫോമുമിട്ട് ബ്രേക്ക്ഫാസ്റ്റും കഴിച്ച് എല്ലാവരും സ്കൂളിലേയ്ക്കു പോകും. പുറത്തു നിന്നുള്ള കുട്ടികളും ഞങ്ങളുടെ സ്കൂളിൽ പഠിച്ചിരുന്നു...

വൈകുന്നേരം നാലുമണിക്കു സ്കൂൾവിട്ടു വന്നാൽ ഡ്രസ്സുമാറി ചായക്കുടിച്ചിട്ട് എന്തു ഡ്യൂട്ടിയാണോ തരുന്നത് അത് ചെയ്യണം. ഡ്യൂട്ടി എന്നു പറഞ്ഞാൽ പശൂനെ തീറ്റാൻ പോകുക, പിന്നെ പശൂന് പുല്ലു പറിക്കുക. പള്ളിമുറ്റമടിക്കുക, റൂമൊക്കെ അടിച്ചു വാരുക, പറമ്പിൽപോയി തേങ്ങാ പെറുക്കിക്കൊണ്ടുവന്നിടുക, ബയോഗ്യാസിന് വേണ്ടി ചാണകംവാരി കമ്പോസ്റ്റുകുഴിയിൽ ഇട്ടു കലക്കുക, മുയലിനുകൊടുക്കാൻ പുല്ലുചെത്തുക, പിന്നതിന്റെ കൂടിന്റെ അടിയിൽ കുനിഞ്ഞുക്കേറി കിടന്നു വൃത്തിയാക്കുക. ശ്വാസംമുട്ടി പോയിട്ടുണ്ട് പലപ്പോഴും...

പിന്നെ പള്ളിമുറിയിൽപോയി അച്ചനു ഭക്ഷണം കൊണ്ടുകൊടുക്കണം. അതിനുശേഷം ആ പാത്രങ്ങൾ മേടിച്ചു തിരിച്ചു കൊണ്ടുപോയി കൊടുക്കുകയും വേണം. ഇതൊക്കെയാണ് പ്രധാന ഡ്യൂട്ടികൾ. ഇവയിൽ ഏതാണോ നമുക്കു കിട്ടുന്നതു അതു ചെയ്യുക. അതിനുശേഷം കുളിച്ചിട്ട് വന്നിട്ടു സ്റ്റഡിറൂമിൽ പോയിരുന്നു എല്ലാവരും ഹോംവർക്കു ചെയ്യണം. ഹോംവർക്കിനുശേഷം പ്രാർത്ഥനാമുറിയിൽ പോയിരുന്നു കുരിശുവരയ്ക്കണം. കുരിശു വരച്ചു കഴിഞ്ഞ് അൽപസമയം വർത്തമാനം പറയാൻ കിട്ടും. അപ്പോൾ ചോറു വിളമ്പുന്ന ഡ്യൂട്ടിയുള്ളവർ അതെടുക്കാൻ പോകും. എല്ലാവർക്കും ആഹാരം വിളമ്പിയതിനു ശേഷം ഒരുമിച്ചു പ്രാർത്ഥിക്കും. അതിനുശേഷം മാത്രമേ ആഹാരം കഴിക്കാവു...

ഭക്ഷണത്തിനു ശേഷം വീണ്ടും സ്റ്റഡിറൂമിൽ പോയിരുന്നു പഠിക്കണം പത്തരവരെ. ഉറങ്ങാൻ പാടില്ല. ഉറങ്ങിയാൽ നല്ലതല്ലും കിട്ടും ചൂരലിന്. പിന്നെ ഓരോ മാസവും ഓരോരുത്തരെ ലീഡറായി തിരഞ്ഞെടുക്കും. അവരാണ് പഠിക്കാത്തവരുടെയും, വർത്തമാനം പറയുന്നവരുടെയും, ഉറങ്ങുന്നവരുടെയുമൊക്കെ പേരെഴുതി കൊടുക്കുന്നത്...

ഞാൻ എനിക്കു തോന്നിയെങ്കിൽ മാത്രമേ പഠിക്കത്തുള്ളു. നിർബന്ധിച്ചു പഠിപ്പിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ടു സ്കൂൾ ലൈബ്രറിയിൽ നിന്നും നോവൽ എടുത്തുകൊണ്ടു പുസ്തകത്തിനുള്ളിൽവച്ചു വായിക്കുമായിരുന്നു. അതല്ലെങ്കിൽ സ്കൂളിൽ പുറത്തു നിന്നും വരുന്ന കൂട്ടുകാരുടെ കൈയ്യിൽ നിന്നും ബാലരമയും, ബാലമംഗളവും, പൂമ്പാറ്റയുമൊക്കെ മേടിച്ചുക്കൊണ്ടുവന്നു പുസ്തകത്തിനുള്ളിൽവച്ചു വായിക്കുമായിരുന്നു...

പിന്നെ ഉറങ്ങാൻ പോകുന്നതിന്നുമുന്നെ ഒരു പ്രാർത്ഥനയും കൂടിയുണ്ട്. അതുംകഴിഞ്ഞ് നേരെ കിടക്കാൻ പോകും. അപ്പോൾ പരസ്പരം അടിയാണ്. ഡോർമെറ്ററിയാണ് നിരത്തിപിടിച്ചു കട്ടിലു കിടക്കും അതിൽ മത്തി അടുക്കിവച്ചിരിക്കുന്നപോലെ കിടന്നുറങ്ങണം. ചിലരുടെ കൂർക്കംവലി കാരണം മറ്റുള്ളവർക്കു ഉറങ്ങാൻ കഴിയാത്ത അവസ്ഥയും. പിന്നെ ഇഷ്ടംപോലെ പലരുടെയും തലയിൽ പേനും. ഒരു സൈഡിൽ നിന്നും പേൻ കയറാൻ സൗകര്യത്തിനുവേണ്ടി തലകൾ അടുക്കിവച്ചിരിക്കുകയല്ലേ. പിന്നെയുള്ളത് മോഷണമാണ്. വീട്ടിൽ നിന്നും കാണാൻ വരുമ്പോൾ മിഠായി മേടിക്കാൻ തരുന്ന രൂപയാണ് നമ്മൾപോലുമറിയാതെ ചിലർ മോഷ്ടിച്ചെടുക്കുന്നത്. പരാതികളില്ലാതിരുന്നതിനാൽ ആ മോഷണങ്ങളൊക്കെ മുങ്ങിപോയിരുന്നു...

ഞായറാഴ്ചയാകാൻ ഞങ്ങൾ കാത്തിരിക്കും. എല്ലാ ഞായറാഴ്ചയും വൈകുന്നേരം നാലുമണിക്ക് ദൂരദർശനിൽ മലയാളം സിനിമയുണ്ട്. അതു ഞങ്ങളെയെല്ലാവരെയും കാണിക്കുമായിരുന്നു. ജഗതിശ്രീകുമാർ എല്ലാ സിനിമയിലും വേണമെന്നു ഞാനാഗ്രഹിക്കുമായിരുന്നു. കാരണം എല്ലാവരുമുണ്ടായിട്ടും അനാഥരെപ്പോലെ കഴിയേണ്ടിവന്നതും, ആരിൽ നിന്നും ഒരു സ്നേഹംപോലും ലഭിക്കാതിരുന്നതും എന്നെയേറെ ദുഃഖിപ്പിച്ചിരുന്നു. അതൊക്കെ മറന്നൊന്നു ചിരിക്കാൻ ജഗതിയുടെ തമാശകൾക്കു കഴിഞ്ഞിരുന്നു. എന്റെ ആഗ്രഹംപോലെ ജഗതിയാകാലത്ത് ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേയ്ക്കു പറന്നു നടന്നു അഭിനയിച്ചിരുന്നതിനാൽ എല്ലാ സിനിമയിലും ആ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിഞ്ഞു. ഇന്നിപ്പോൾ അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ അറിയാതെ വിതുമ്പി പോകുന്നു. കാലമോ, മനുഷ്യനോ, വിധിയൊ സിനിമാലോകത്തിനു പുറത്തിരിക്കാൻ അദ്ദേഹത്തോടു കൽപിച്ചിരിക്കുന്നു...

ഇന്നീ മണലാരണ്യത്തിന്റെ ചൂടിൽ ഈന്തപ്പനകൾ പഴുത്തുക്കിടക്കുന്നതു സ്വന്തം ബെഡ്ഡിൽ കിടന്നു കണ്ടുകൊണ്ടു പഴയ ഓർമകൾ അയവിറക്കിയപ്പോൾ എവിടൊക്കെയോ ഞാനറിയാതെ കുഞ്ഞു തേങ്ങലുകൾ കേൾക്കുന്നതുപോലെ. അപ്പോഴേക്കിനും അച്ചാച്ചന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിലേയ്ക്ക് ഓടിയെത്തുന്നു. അതു കാണുമ്പോൾ വീണ്ടും മനസ്സു വിങ്ങുകയും തലയിണ നനയുകയും ചെയ്യുന്നു...

അമ്മച്ചിയും ആങ്ങളയുമുണ്ടായിട്ടും ആരിൽ നിന്നുമൊരു സ്നേഹവും സാന്ത്വനവും കിട്ടാതിരുന്നതിനാലാകാം ഞാനിന്ന് നാട്ടിൽ കഴിയുന്ന എന്റെ ജീവന്റെ ജീവനായ മാത്യുച്ചായനെയും ഞങ്ങളുടെ കൺമണിയായ മെഹ്റിൻ മോളെയും സ്നേഹിച്ചു കൊല്ലുന്നത്. ഞാനിന്ന് ഏറെ സന്തോഷവതിയാണ് കാരണം എനിക്കിന്ന് എന്റെ ഇച്ചായന്റെയും, മോളുടെയും, അമ്മച്ചിയുടെയും, മൈക്കിളിന്റെയും സ്നേഹം നന്നായി അനുഭവിക്കാൻ കഴിയുന്നു. വല്യമ്മച്ചിയുടെ അകാലമരണം കാരണം ആ സ്നേഹത്തിന്റെ ഒരു കുറവുമാത്രം അവശേഷിക്കുന്നു...

പാക്കിംഗ് എല്ലാം കഴിഞ്ഞിരിക്കുന്നു. കമ്പനിയിൽ നിന്നും നാട്ടിലേയ്ക്കു പോകാനുള്ള ടിക്കറ്റും കിട്ടിയിരിക്കുന്നു. ദൈവം ചിറകുകൾ തന്നിരുന്നെങ്കിൽ ഞാനിപ്പോൾ തന്നെ പറന്നെന്റെ മോളുടെ അടുത്തെത്തിയേനെ...

എയർപോർട്ടിലേയ്ക്കു പോകാൻ കമ്പനിയുടെ കാറിൽ യാത്ര ചെയ്യുമ്പോൾ ഞാൻ കണ്ടു ഈന്തപ്പനകളിലേയ്ക്ക് ആഞ്ഞടിക്കുന്ന ചൂടും പൊടിയും കൂടികലർന്ന പ്രവാസത്തിന്റെ കാറ്റ്...

ജീവിതത്തിലെ വലിയ ദുഃഖങ്ങളിലൊന്നാണ് എല്ലാവരുമുണ്ടായിട്ടും അനാഥരായി കഴിയേണ്ടിവരുന്ന അവസ്ഥ. അങ്ങനത്തെ അവസ്ഥ എന്നെപ്പോലെ ആർക്കും ജീവിതത്തിൽ ഉണ്ടാകാതിരിക്കട്ടെയെന്ന് ഓർമ്മകൾക്കു പിന്നിലേയ്ക്കു കണ്ണുകൾ പായിച്ചുകൊണ്ടു ഞാൻ പ്രാർത്ഥിക്കുന്നു...

...........................✒മനു ....................

വിനോദയാത്ര .

Image may contain: Manoj Kavutharayil, closeup.

...................
വല്യപരീക്ഷ കഴിഞ്ഞ് സ്കൂളുകളൊക്കെ പൂട്ടിയിരിക്കുന്നു. കുട്ടികൾക്കിനി രണ്ടുമാസത്തേക്കിന് അവധിയാണ്. ഇവറ്റകൾ വീടുകൾ കീഴ്മേൽ മറിച്ചിടുമോയെന്ന് മാതാപിതാക്കൾക്ക് പേടിയില്ലാതില്ല...
പാടവും പറമ്പുകളുമൊക്കെ രാവിലെ തന്നെ ക്രിക്കറ്റിന്റേയും ഫുട്ബോളിന്റേയും ഗ്രൗൻഡുകളായി മാറിയിരിക്കുന്നു. കുട്ടികൾ ആഹ്ളാദതിമിർപ്പിലാണ്. പഠനഭാരമില്ലാത്ത നാളുകളാണിതവർക്ക്...
ചെമ്പോലവീട്ടിലെ എബിച്ചനും, എലിസബത്തും, എൽദോച്ചനും വളരെയധികം സന്തോഷത്തിലാണ്. കാരണം നാളെ കാലത്തേയാണ് പപ്പായ്ക്കും മമ്മിക്കുമൊപ്പം അവർ മൈസൂർക്ക് ടൂർ പോകുന്നത്. എല്ലാ വേനലവധിക്കും എവിടെയെങ്കിലും മക്കളെയുമായി ടൂർ പോകുന്നത് അലക്സിന്റെയും ബീനായുടെയും പതിവാണ്. കഴിഞ്ഞ പ്രാവശ്യം മൂന്നാറിലാണ് പോയത്...
എൽദോച്ചൻ തന്റെ വെള്ളം ചീറ്റിക്കുന്ന തോക്കും റീമോർട്ടുപയോഗിച്ച് പറപ്പിക്കുന്ന ഹെലികോപ്റ്ററും മറ്റു കളിപ്പാട്ടങ്ങളുമെല്ലാം തന്റെ സ്കൂൾ ബാഗിനകത്ത് തള്ളിക്കേറ്റി വച്ചിട്ട് ബാഗിന്റെ സിബ്ബ് ഒരു വിധത്തിൽ അടച്ചു. അതു കണ്ട് ബീനാ
"സ്ക്കൂൾബാഗ് കീറി പോകുമല്ലോടാ നിന്റെയീ ഏടാകൂടങ്ങൾ എല്ലാം തള്ളിക്കേറ്റിവച്ചാല് "
എന്നും പറഞ്ഞ് അവനെ വഴക്കു പറഞ്ഞെങ്കിലും ആ അഞ്ചു വയസ്സുകാരനുണ്ടോ അതുവല്ലതും ഗൗനിക്കുന്നു. വല്യപ്പച്ചന്റെ വാശിയും, ദേഷ്യവും അതേപോലെ കിട്ടിയിരിക്കുന്ന എൽദോച്ചന്റെ മുമ്പിൽ മാത്രമാണ് ബീനാമ്മ മുട്ടുമടക്കിയിട്ടുള്ളത്. എൽദോ ഒരു തടവ തീരുമാനിച്ചാൽ അതു നൂറു തടവ തീരുമാനിച്ച മാതിരിയാണ്...
ജയിച്ചാൽ പത്തിലേയ്ക്ക് പ്രവേശിക്കുന്ന എബിച്ചനും അതുപോലെ ഏഴിൽ നിന്നും എട്ടിലേയ്ക്ക് ജംപ് ചെയ്യാനിരിക്കുന്ന എലിസബത്തും സ്വതവേ പാവങ്ങളായിരുന്നു. എന്നാൽ എൽദോച്ചനെ അവർക്ക് ജീവനായിരുന്നു. അവന്റെ ചെറിയ വായിലുള്ള വലിയ വർത്തമാനം പറച്ചിലുകളാണ് അവർക്ക് ഏറെ പ്രിയങ്കരവും. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ എൽദോയാണ് ആ വീട്ടിലെ താരം...
അലക്സ് നാട്ടിലെ അറിയപ്പെടുന്ന കോൺട്രാക്ടറാണ്. ഏറ്റെടുക്കുന്ന പണികളാണെങ്കിൽ വമ്പൻ പണച്ചാക്കുകളുടെയുമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരുമായി നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു താനും...
ബീന തരക്കേടില്ലാത്തതും തിരക്കുള്ളതുമായ സ്വന്തം ബ്യൂട്ടിപാർലറിന്റെ കാര്യങ്ങളുമായി സമയം ചിലവഴിക്കുന്നു. കസ്റ്റമർ കൂടുതലുള്ള അവസരങ്ങളിൽ മാത്രമേ ബീനായും ഏപ്രൻകെട്ടി ബ്യൂട്ടീഷൻ ചെയ്യാറുള്ളു. ബീനായുടെയും മറ്റു ജോലിക്കാരുടെയും നല്ല പെരുമാറ്റംകൊണ്ടു കസ്റ്റമേഴ്സിന് ഒരു പഞ്ഞവുമില്ലായിരുന്നു...
പാചകമൊക്കെ പഠിച്ചിരുന്നതിനാൽ ബീന നന്നായി പാചകവും പിന്നെ നന്നായി വാചകവും അടിക്കുമായിരുന്നു. പാചകം പഠിക്കാൻ കാരണമായത് അലക്സിന്റെ പാചകത്തിലുള്ള കൈപ്പുണ്യം പ്രേമിച്ച കാലഘട്ടങ്ങളിൽ അനുഭവിച്ചറിഞ്ഞതിനാലാണ്...
രുചിയില്ലാത്ത ഭക്ഷണത്തിന്റെ മുമ്പിൽമാത്രം അലക്സ് യാതൊരുവിധ കൊപ്രൈമൈസിനും തയ്യാറാക്കില്ലായിരുന്നു. ചുരുക്കി പറഞ്ഞാൽ കല്യാണത്തിനുശേഷം ഇവർ തമ്മിൽ പറയാതെ അറിയിക്കാതെ തന്നെ ഒരു അന്തർമത്സരം നടന്നിരുന്നു പാചകത്തിന്റെ കാര്യത്തിൽ...
എല്ലാ ഞായറാഴ്ചകളിലും അലക്സിന്റെയായിരുന്നു പാചകം. അന്നൊരു ഉത്സവം തന്നെയാണ് അടുക്കളയിൽ അലക്സും മക്കളു മൂന്നുപേരും കൂടി ചേർന്ന്. മൂവരെ കൊണ്ടും അലക്സ് ഓരോ പണികൾ ചെയ്യിക്കുമായിരുന്നു. അവർക്കതൊക്കെ വലിയ ഇഷ്ടമുള്ള കാര്യങ്ങളാണുതാനും...
രാത്രിയിൽ തന്നെ ലഗേജുകളൊക്കെ പാക്കിംഗ് ചെയ്തു. അധികമൊന്നുമില്ല എല്ലാവർക്കുമുള്ള ഈരണ്ടു ജോടി ഡ്രസ്റ്റുകളും ബാക്കി അത്യാവശ്യ സാധനങ്ങളും മാത്രം. ഇനി രാവിലെ ബ്രേക്ക്ഫാസ്റ്റിനുള്ളത് ഉണ്ടാക്കി പാഴ്സൽ ചെയ്താൽ മാത്രംമതി. വെളുപ്പാൻകാലത്തു തന്നെയാണ് ഓരോ ടൂറിനും യാത്രയായിരുന്നത്. അതു കൊണ്ടു രാവിലെ കഴിക്കാനുള്ള ഭക്ഷണംമാത്രം വീട്ടിൽ നിന്നും ഉണ്ടാക്കി ടൂർ പോകുമ്പോൾ കൊണ്ടു പോയിരുന്നു...
രാവിലെ അഞ്ചര ആയപ്പോഴേക്കിനും തന്നെ എല്ലാവരും റെഡിയായി പ്രാർത്ഥിച്ചിട്ട് കാറിനുള്ളിൽ കയറി യാത്ര ആരംഭിച്ചു. ചിരിച്ചും കളിച്ചും വർത്തമാനം പറഞ്ഞും അവർ എല്ലാവരും നല്ല സന്തോഷത്തിൽ യാത്ര തുടരുകയാണ്. എൽദോച്ചന് വിശക്കാൻ തുടങ്ങിയപ്പോൾ അവർ ഒരു തണൽമരത്തിന്റെ ചുവട്ടിൽ കാർ നിർത്തി. വെളിയിൽ ഇറങ്ങി ഇഡിയപ്പവും മുട്ടക്കറിയും വിളമ്പിക്കഴിച്ചു പാത്രങ്ങളൊക്കെ പ്ലാസ്റ്റിക്ക് ക്യാനിലെ വെള്ളത്തിൽ കഴുകി വീണ്ടും യാത്ര തുടർന്നു...
കാറിപ്പോൾ ആൾത്താമസം അധികമില്ലാത്ത ഒരിടത്തു കൂടിയാണ് പൊക്കോണ്ടിരിക്കുന്നത്. കടകൾപോലും കാണാനില്ല. കുറച്ചു മുന്നോട്ടുപോയ കാറൊന്നു മെല്ലെ അങ്ങോട്ടുമിങ്ങോട്ടും പാളി. എല്ലാവരും ഭയപ്പെട്ടുപോയി. അലക്സ് പെട്ടെന്നു തന്നെ കാറ് ഒരു സൈഡാക്കി ഒതുക്കി നിർത്തി. എല്ലാവരും വെപ്രാളപ്പെട്ടു പുറത്തിറങ്ങി. വലതുവശത്തെ ഡ്രൈവിംഗ് സീറ്റിനടുത്തുള്ള ടയർ പഞ്ചറായിരിക്കുന്നു. അതാണ് കാരണം. ഇനിയിപ്പോൾ എന്തു ചെയ്യും. പഞ്ചറൊട്ടിക്കണമെങ്കിൽ അടുത്തൊന്നും ഒരു കടയോ ചോദിക്കാനോ ആരുമില്ല. കാറിൽ സ്റ്റൈപ്പിനിയുണ്ട് അതിനി മാറിയിടുകയേ നിവൃത്തിയുള്ളു...
കാറ് നിർത്തിയിരിക്കുന്നത് ഒരു ഓടയുടെ സൈഡിലാണ്. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം അതിൽ നിന്നും കേൾക്കാം. കുട്ടികൾ കൗതുകത്തോടെ വെള്ളത്തിലേയ്ക്ക് കരിയിലയും കല്ലും വിറകുകഷണങ്ങളുമെല്ലാം പെറുക്കിയെറിഞ്ഞ് കളിക്കാൻ തുടങ്ങി. നല്ല ഒഴുക്കുള്ളതിനാൽ മെറ്റിൽ കഷണങ്ങൾപോലും ഒഴുകി പോകുന്നത് കാണാമായിരുന്നു...
അലക്സ് ജാക്കിവച്ചുയർത്തി വല്ലവിധേയനേയും പഞ്ചറായ ടയർ ഊരിയെടുത്തു. ബീനായും സഹായിച്ചു. സ്റ്റെപ്പിനി ടയർ കയറ്റിവച്ചു നട്ട് ഇടാൻ നോക്കിയപ്പോൾ ഒരു നട്ട് ഒഴികെ മറ്റു നട്ടുകൾ കാണുന്നില്ല. അവിടെ തപ്പിയെങ്കിലും കിട്ടിയില്ല. പിള്ളേരോടു ചോദിച്ചപ്പോൾ അവരും എടുത്തില്ല എന്നു പറഞ്ഞു. പക്ഷെ നട്ട് എന്താണെന്നു പോലും അറിയാൻ പാടില്ലാത്ത എൽദോ തന്റെ കൈയ്യിൽ നിന്നും മൂന്നാമത്തെ നട്ടും ഒഴുക്കുള്ള വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇനിയെന്തു ചെയ്യുമെന്ന് വിഷണ്ണനായിരിക്കുന്ന അക്സിന്റെ കൈയ്യിലെ നട്ട് കണ്ട് എൽദോ അതെടുക്കാൻ ശ്രമിച്ചപ്പോൾ അലക്സവനെ തടഞ്ഞു.
"പപ്പാ താ ഞാനത് വെള്ളത്തിൽ എറിയട്ടെ"
എന്നവൻ പറഞ്ഞപ്പോൾ അലക്സ് മറ്റു മൂന്നെണ്ണം എന്തിയേന്ന് അവനോടു ചോദിച്ചു. അവൻ പറഞ്ഞു അതൊക്കെ ഞാൻ വെള്ളത്തിൽ എറിഞ്ഞു. നല്ല സ്പീഡിൽ അതൊക്കെ ഒഴുകിപോയി ഇനി ഇതും കൂടിയെ ബാക്കിയുള്ളു. എന്റെ ദൈവമേ എന്നും പറഞ്ഞ് അലക്സ് താടിക്കു കൈയ്യും കൊടുത്തു കുന്തംകാലിരുന്നു. ഇതുകേട്ട് ബീനായ്ക്കും നല്ല ദേഷ്യം വന്നു. ഇനിയെന്തു ചെയ്യും പെട്ടുപോയല്ലോ...
ഇടയ്ക്കിടയ്ക്ക് ഓരോ വണ്ടികൾ കൈകാണിച്ചിട്ടും നിർത്താതെ പോകുന്നതല്ലാതെ ഒരു മനുഷ്യനെപ്പോലും കാണാനില്ല. നേരം ഉച്ചയാകാറായി വരുന്നു. അപ്പോഴാണ് അകലെ നിന്നും ഒരു പയ്യൻ നടന്നു വരുന്നത് അവർ കണ്ടത്. അവനൊരു പത്ത് വയസ്സ് പ്രായം തോന്നിച്ചു. കൈയ്യിൽ തൂക്കിപ്പിടിച്ച സഞ്ചിയുമായി അവനടുത്തു വന്നപ്പോൾ അലക്സ് അവനോടു ചോദിച്ചു
"മോനെ ഇവിടെ അടുത്തെവിടെങ്കിലും വർക്ക്ഷോപ്പുണ്ടോ"
" ഇല്ലല്ലോ അങ്കിളേ... ഒരുപാടു ദൂരം പോയാലെ വർക്ക്ഷോപ്പുള്ളു"
" എന്തുപറ്റി അങ്കിളേ"
"ഓ! ഒന്നുമില്ല നിന്നോടു പറഞ്ഞിട്ടെന്തു കാര്യം"
" എന്നാലും പറ അങ്കിളേ ഞാനുമൊന്നറിയട്ടേ"
അലക്സ് കാര്യം അവനോടു പറഞ്ഞു. അവൻ മാറിയിട്ട ടയറിന്റെ അടുത്തുവന്നു പരിശോധിച്ചു. ബീന അവനെ കൗതുകത്തോടെ നോക്കി നിന്നു. അപ്പോളാണ് അവനൊരു ഐഡിയ തോന്നിയത്.
" അങ്കിളേ നമുക്ക് ബാക്കിയുള്ള ടയറുകളിൽ നിന്നും ഓരോ നട്ട് ഊരിയെടുത്ത് ഇതിലിട്ടാൽ ഓക്കെ ആയില്ലേ, പിന്നെ വർക്ക്ഷോപ്പിൽ ചെല്ലുമ്പോൾ പകരത്തിന് നട്ടുകൾ മേടിച്ചിട്ടാൽ പോരെ"
അതു കേട്ട അവർ ശരിക്കും അത്ഭുതപ്പെട്ടുപോയി. അതു കൊള്ളാമല്ലോ. അലക്സ് ബീനായെ നോക്കി പറഞ്ഞു
"എന്താ ദാസാ നമുക്കീ ഐഡിയ നേരത്തേ തോന്നാഞ്ഞേ"
എല്ലാവരും അതുകേട്ടു ചിരിച്ചു. നട്ടുകൾ നാലും മുറുക്കി കൈയ്യും കഴുകി വന്നപ്പോളേക്കിനും ആ പയ്യൻ നടക്കാനായി തുടങ്ങി. അതു കണ്ട അലക്സ് അവനെ വിളിച്ചു
"മോനെ നിന്നെ ഈ സമയത്ത് ഇവിടേയ്ക്ക് അയച്ചത് ദൈവമാണ്.. നിനക്കെവിടെയാണ് പോകേണ്ടത് ഞാനവിടെ നിന്നെ ഇറക്കാം വന്നു വണ്ടിയിൽ കയറ്"
അവനത് നിരസിച്ചു. പക്ഷെ അവർ അവനെ നിർബ്ബന്ധിച്ച് വണ്ടിയിൽ കയറ്റി അവൻ പറഞ്ഞു കൊടുത്ത വഴിയിൽ കൂടി യാത്ര തുടർന്നു...
യാത്രയ്ക്കിടയിൽ അവനെക്കുറിച്ച് അവർ ചോദിച്ചു. പേര് അൻവർ എന്നാണെന്നും വീട്ടിൽ ഉമ്മാ സീനത്തും അനിയത്തി റസീനായും വല്യുമ്മായുമാണുള്ളതെന്നും, ബാപ്പായ്ക്ക് തമിഴ്നാട്ടിലാണ് ജോലിയെന്നും രണ്ടുമാസം കൂടുമ്പോളെ വരത്തുള്ളെന്നും അവൻ പറഞ്ഞു. സീനത്ത് അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്കും പോയുമാണ് ആ കുടുംബം കഴിയുന്നതെന്ന് അവനിൽ നിന്നും അവർക്കറിയാൻ കഴിഞ്ഞു. നമ്മുടെ എൽദോച്ചൻ അവനുമായി പെട്ടെന്നു കൂട്ടായി. എല്ലാവർക്കും അവന്റെ പെരുമാറ്റവും നിഷ്ങ്കളതയും ഏറെ ഇഷ്ടപ്പെട്ടു...
അവൻ പറഞ്ഞ സ്ഥലത്ത് കാറ് സൈഡ് ഒതുക്കി നിർത്തി. കാറിൽ നിന്നും ഇറങ്ങിയിട്ട് അവൻ പറഞ്ഞു
" ആ മുകളിൽ കാണുന്ന വീടാണ് അങ്കിളേ എന്റെ വീട്.. നിങ്ങൾ വരുന്നോ എന്റെ വീട്ടിലേയ്ക്ക്"
നിഷ്കളങ്കത നിറഞ്ഞ ചോദ്യം കേട്ടപ്പോൾ അവർക്കത് നിരസിക്കാൻ തോന്നിയില്ല. കാറൊന്നുകൂടി സൈഡാക്കിയിട്ട് അവരെല്ലാവരും അവന്റെ പിന്നാലെ നടന്ന് ആ കൊച്ചു വീടിന്റെ മുറ്റത്തെത്തി...
വീട്ടിനുള്ളിൽ ചെന്ന് അവൻ സീനത്തിനോട് കാര്യം പറഞ്ഞു. അതു കേട്ട വല്യൂമ്മായും സീനത്തും റസീനായുംകൂടി ഇളം തിണ്ണയിലേയ്ക്കു വന്നുനോക്കി. അവരെ അഞ്ചു പേരെയും കണ്ടപ്പോൾ സീനത്ത് നെഞ്ചത്ത് കൈവച്ചു കൊണ്ട് എന്റെ റബ്ബേ എന്നു അറിയാതെ പതിയെ വിളിച്ചുപോയി. വല്യുമ്മായും ഒന്നമ്പരന്നുകൊണ്ടു സീനത്തിന്റെ മുഖത്തോട്ടു നോക്കി. കാരണം മറ്റൊന്നുമല്ലായിരുന്നു അവരെ കണ്ടാലേ അറിയാം ഏതൊ നല്ല കാശുള്ള കുടുംബത്തിലെ ആൾക്കാർ ആണെന്ന്. ഇരിക്കാനൊരു നല്ല കസേര പോലുമില്ലാത്ത ഇവിടെ അവരെ എവിടിരുത്തും. സീനത്ത് ഇച്ചിരി കടുപ്പത്തിൽ അൻവറിനെ നോക്കിയിട്ട് തലയിലെ തുണി ഒന്നൂടെ നേരെയാക്കി ഇട്ടിട്ട് ഓടി അകത്തേയ്ക്ക് ചെന്ന് ബഞ്ചെടുത്തു കൊണ്ടുവന്നു തിണ്ണയിൽ ഇട്ടു. അപ്പോൾ അൻവർ പറഞ്ഞു
"അങ്കിളേ, ആന്റി കേറിയിരിക്ക് ഇതാണെന്റെ ഉമ്മായും വല്യുമ്മച്ചിയും റസീനായും"
അവർ ചെരുപ്പുകൾ വെളിയിൽ ഊരിയിട്ടേച്ച് മെല്ലെ തിണ്ണയിലേയ്ക്ക് കയറി ബഞ്ചിലും അരപ്ലേസിലുമായിട്ടിരുന്നു. അവനെ പരിചയപ്പെട്ടതു മുതലുള്ള കാര്യങ്ങളും അവർ മൈസൂർക്ക് ടൂർ പോകാനിറങ്ങിയതും വീട്ടുകാര്യങ്ങളുമെല്ലാം പറഞ്ഞു പെട്ടെന്നു തന്നെ അവരോടടുത്തു...
രണ്ടു ചെറിയ മുറികളും അടുക്കളയും തിണ്ണയും മാത്രമുള്ള ചെറിയൊരു ഓടിട്ട വീടായിരുന്നിട്ടു കൂടി എന്തോ ഒരു ഐശ്വര്യം തോന്നി ബീനായ്ക്കും അലക്സിനും. വെളിയിൽ നിന്നുമുള്ള കുളിർകാറ്റ് ചൂടു തോന്നിച്ചുമില്ല. അടുത്തടുത്തായിട്ട് വീടുകളും ഒരു പഞ്ചായത്ത് കിണറും ഉള്ളത് വരാന്തയിലിരുന്ന് അലക്സ് കണ്ടു മനസ്സിലാക്കി...
അടുക്കളയിൽ എന്തോ കുശുകുശുപ്പ് കേൾക്കാം. കട്ടൻ ചായയിട്ടു കൊടുക്കാൻ മതിയായ പഞ്ചസാരയില്ലാത്തതാണ് കാരണം. സീനത്ത് അൻവറിനോട് അടുത്ത വീട്ടിലെ റംലത്തിന്റെ വീട്ടിൽ പോയി കുറച്ചു പഞ്ചസാര മേടിച്ചു കൊണ്ടുവരാൻ പറഞ്ഞു. അവൻ തിണ്ണയിൽ വന്നു പറഞ്ഞു
"അങ്കിളേ ഇരിയ്ക്ക് ഞാനിപ്പോൾ വരാം കേട്ടോ"
അതുകേട്ട അലക്സ് അവന്റെ കൈക്കുപിടിച്ച് പറഞ്ഞു
"നീയെങ്ങും പോകണ്ടിപ്പോൾ നമുക്കൊരിടംവരെ പോകാം"
അലക്സും ബീനായും കേട്ടിരുന്നു അടുക്കളയിൽ നടന്ന കുശുകുശുപ്പ്. അവനു ഏകദേശം ആ വീട്ടിലെ അവസ്ഥ മനസ്സിലാക്കാൻ കഴിഞ്ഞു. അലക്സ് അവരോടു ഞങ്ങൾ ഇപ്പോൾ വരാമെന്നും പറഞ്ഞ് എബിച്ചനേയും അൻവറിനേയും കൂട്ടി വണ്ടിക്കരിലേയ്ക്ക് നടന്ന് അവനോടു ചോദിച്ചിട്ട് ഏറ്റവും അടുത്തുള്ള ജംഗ്ഷനിലേയ്ക്ക് വണ്ടിയോടിച്ചു...
ഈ സമയത്ത് എലിസബത്തും, റസീനായും, എൽദോച്ചനും പറമ്പിൽക്കൂടി ഓടിച്ചാടി നടക്കുന്ന ആട്ടിൻക്കുട്ടിയെ പിടിക്കാനായി പിന്നാലെ കൂട്ടുകൂടി ഓടി നടന്നു...
റംലത്തിന്റെ വീട്ടിൽ പോയി പഞ്ചസാര മേടിച്ചു കൊണ്ടുവന്ന സീനത്ത് ബീനായ്ക്കു കട്ടൻ ചായ ഇട്ടു കൊടുത്തു. അവർ തമ്മിൽ പിന്നെ പരസ്പരം വിശേഷങ്ങൾ പറഞ്ഞും, വല്യുമ്മായുടെ നാലുംകൂട്ടിയുള്ള മുറുക്കിനിടയിൽ പണ്ടത്തെ തമാശകൾ പറഞ്ഞതും കേട്ട് ആസ്വദിച്ചിരുന്നു...
ഏകദേശം നാല്പത്തഞ്ചു മിനിട്ടിനുള്ളിൽ തിരിച്ചുവന്ന അവരുടെ കൈകളിൽ ഈരണ്ടു പ്ലാസ്റ്റിക്കിന്റെകൂടുകൾ വച്ചുണ്ടായിരുന്നു. ഒരു വീട്ടിലേയ്ക്ക് വേണ്ട അത്യാവശ്യ ആഹാരസാധനങ്ങളും അതു കൂടാതെ ചിക്കൻ ബിരിയാണിക്കു വേണ്ട സാധനങ്ങളും അലക്സ് മേടിച്ചിരുന്നു. ബീനായോടു അലക്സ് പറഞ്ഞു
"ഇന്നു നമുക്കു രണ്ടു പേർക്കുംകൂടി അടിപൊളി ബിരിയാണി വയ്ക്കാം എന്തേ "
അതു കേട്ട് ബീന പറഞ്ഞു
" ഡബിൾ ഓക്കെ ഇച്ചായാ "
പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്നായിരുന്നു. അടുക്കള മുറ്റത്ത് കല്ലുകൂട്ടി അടുപ്പുണ്ടാക്കി അരിക്കുള്ള വെള്ളംവച്ചു അലക്സ്. ബീനായും എബിച്ചനും സീനത്തും വല്യുമ്മായും അൻവറും ചേർന്നു സവാളയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും തക്കാളിയുമൊക്കെ റെഡിയാക്കി കൊണ്ടിരുന്നു. അലക്സ് ചിക്കൻ കഴുകി വെള്ളം പോകാൻ അരിപ്പയിലിട്ടു...
ഏകദേശം അരമണിക്കൂറുകൊണ്ടു എല്ലാവരുടെയും സഹകരണംകൊണ്ട് ബിരിയാണി റെഡിയായി. അന്തരീക്ഷത്തിൽ നല്ല നെയ്യുടെ മണം തങ്ങിനിന്നു. അയൽപക്കത്തുനിന്നും ആളുകൾ ഇടയ്ക്കിടയ്ക്ക് ഇവിടെ നടക്കുന്ന കാര്യങ്ങൾ കാണാൻ എത്തി നോക്കുന്നുണ്ടായിരുന്നു...
എന്തോ സീനത്തിനും വല്യൂമ്മായ്ക്കും അൻവറിനും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമാണപ്പോൾ തോന്നിയത്. കാരണം അവരുടെ വീട്ടിൽ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത്...
ദം പൊട്ടിച്ച് അലക്സ് ആ ചെറിയ ബിരിയാണി ചെമ്പ് തുറന്നു. ഹോ! എന്തൊരു മണമാണ്. നല്ല കോഴിക്കോടൻ ബിരിയാണിയുടെ അതേ മണം. അലക്സ് കുറച്ചു തവികൊണ്ടു ഒരു പ്ലേറ്റിലേക്ക് ഇട്ടിട്ട് ബീനായ്ക്ക് രുചി നോക്കാൻ കൊടുത്തു. എന്തോ രണ്ടു പേരും കൂടി ഒരുമയോടെ ഉണ്ടാക്കിയതുകൊണ്ടാകാം ബിരിയാണി പൊളിച്ചു...
പിള്ളേരോട് കൈ കഴുകിയിട്ടു വരാൻ പറഞ്ഞിട്ട് തിണ്ണയിൽ പായ വിരിച്ചിരുത്തി ബിരിയാണി വിളമ്പി കൊടുത്തു. അവർ അഞ്ചു പേരും സഹോദരങ്ങളെപ്പോലെ ഒരുമിച്ചിരുന്നു ബിരിയാണി ആസ്വദിച്ചു കഴിക്കുന്നതു കണ്ടപ്പോൾ മൂന്നമ്മമാർക്കും ഒരുപാട് സന്തോഷം തോന്നി. വല്യുമ്മ നിറഞ്ഞു വന്ന കണ്ണീര് തോളിലെ തോർത്തു കൊണ്ടു തുടച്ചു...
പിള്ളേരു കഴിച്ചു കഴിഞ്ഞപ്പോൾ അലക്സ് തലയിൽ കെട്ടിയ തോർത്തയച്ച് പിടലിയിൽ ചുറ്റി മുതിർന്നവരോടു കൈകഴുകി വരാൻ ആവശ്യപ്പെട്ടു. ഓരോരുത്തർക്കും ബിരിയാണിയും, കച്ചമ്പറും, നാരാങ്ങാ അച്ചാറും, പപ്പടവും നൽകിയതിനു ശേഷം അലക്സും ബീനായും ബഞ്ചിലിരുന്ന് ബിരിയാണി ആസ്വദിച്ച് കഴിക്കാനാരംഭിച്ചു. സീനത്ത് പ്ലാസ്റ്റിക്ക് ജഗ്ഗിൽ പതുമുഖമിട്ടു തിളപ്പിച്ചാറിയ വെള്ളവും ഗ്ലാസ്സുകളും അരപ്ലേസ്സിൽ വച്ചിട്ട് വല്യുമ്മായ്ക്കൊപ്പം പായയിലിരുന്ന് കഴിച്ചു തുടങ്ങി. ഉമ്മാ പറഞ്ഞു
" മക്കളെ നല്ല അസ്സല് ബിരിയാണി.. നമ്മളീ അടുത്ത കാലത്തൊന്നും ഇത്ര രുചിയായിട്ട് ബിരിയാണി കഴിച്ചിട്ടില്ല.. എന്തോ നിങ്ങള് മസാലയുടെകൂടെ സ്നേഹവും അളവിനനുസരിച്ച് ചേർത്തെന്നു തോന്നുന്നു.. എന്തായാലും ഉമ്മായ്ക്ക് പെരുത്തിഷ്ടമായിരിക്കുന്നു"
"പടച്ചതമ്പുരാൻ നിങ്ങൾക്കും കുടുംബത്തിനും എന്നും നല്ലതു മാത്രമേ വരുത്തത്തുള്ളു നിങ്ങൾക്ക് വേണ്ടി ഞമ്മളെന്നും ദുവാ ചെയ്യും"
അതു കേട്ടപ്പോൾ അലക്സിനും ബീനായ്ക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി. മനസ്സിലേയ്ക്ക് കുളിർക്കാറ്റു വീശിയതുപോലെ...
കുട്ടികൾ അഞ്ചുപേരും റംലത്തിന്റെ പറമ്പിലെ കശുമാവിൽ കെട്ടിയ ഊഞ്ഞാലിൽ മാറി മാറി ആടിക്കൊണ്ടിരിക്കുകയായിരുന്നു. അവരെ ഊഞ്ഞാലിൽ ആട്ടിവിടാൻ റംലത്തിന്റെ മക്കളുമുണ്ടായിരുന്നു. അപ്പോൾ സമയം ഏകദേശം നാലു മണി കഴിഞ്ഞിരുന്നു. സീനത്തിട്ടു കൊടുത്ത കട്ടൻ ചായ ഊതിക്കുടിച്ചുകൊണ്ട് ഉമ്മായോടു അലക്സ് പറഞ്ഞു
"ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും നല്ലൊരു ടൂർ ഞങ്ങൾ ആസ്വദിക്കുന്നത്.. ഇതൊരിക്കലും ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത ഒരനുഭവമാണ്.. ദൈവം തോന്നിപ്പിച്ചു ചെയ്യിപ്പിച്ചതുപോലെ"
"ഇനി മൈസൂർക്ക് പോകുന്നില്ല ടൂർ ഇവിടംകൊണ്ടവസാനിച്ചു മനസ്സുനിറഞ്ഞ് ഇനി തിരിച്ച് വീട്ടിലേയ്ക്ക് "
ഇതേ അഭിപ്രായം തന്നെയായിരുന്നു ബീനായ്ക്കും. സീനത്തിനും ഉമ്മയ്ക്കും സന്തോഷം കൊണ്ട് എന്താണ് പറയേണ്ടതെന്നുപോലുമറിയില്ലായിരുന്നു...
മക്കളെ വിളിച്ച് കാലും കൈയ്യും മുഖവുമൊക്കെ കഴുകിച്ച് തോർത്തിൽ തുടച്ചിട്ട് മാറ്റാൻ വേറെ ഡ്രസ്സ് കൊടുത്തു. അലക്സും ഡ്രസ്സ്മാറ്റി. അതിനു ശേഷം എല്ലാവരെയും ചേർത്തു നിർത്തി അലക്സ് സെൽഫിസ്റ്റിക്കുപയോഗിച്ച് കുറെയേറെ ഫോട്ടോസെടുത്തു. മിച്ചമുള്ള ബിരിയാണി കളയാതെ അടുത്തുള്ള വീട്ടിലും കൊടുക്കണമെന്നു പറഞ്ഞുകൊണ്ടു അവരു തിരിച്ചു പോകാനൊരുങ്ങി...
അലക്സ് അൻവറിനെ ചേർത്തുനിർത്തി പേഴ്സിൽ നിന്നും ടൂറിനു വേണ്ടി ചിലവാക്കാൻ വച്ചിരുന്ന കാശെടുത്ത് അവന്റെ കുഞ്ഞു കൈകൾക്കുള്ളിൽ വച്ചുകൊടുത്തുകൊണ്ടു പറഞ്ഞു
"ഒരിക്കലും മറക്കാൻ കഴിയാത്ത നല്ലൊരനുഭവം തന്നതിന് നിന്നോടു ഞങ്ങളെന്നും കടപ്പെട്ടിരിക്കുന്നു... അതിന്റെ സന്തോഷത്തിൽ ഇത് നിന്റെ കൈകളിൽ ഇരിക്കട്ടെ.. നിന്നെപോലെ നല്ലൊരു മകനുള്ളപ്പോൾ ഒരിക്കലും ഇവർക്ക് ഒരു സങ്കടങ്ങളും ഉണ്ടാകത്തില്ല"
ഇതും പറഞ്ഞ് അലക്സവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. കാശ് തിരിച്ചുകൊടുക്കാൻ അൻവർ ഒരു ശ്രമം നടത്തിയെങ്കിലും ബീന എതിർത്തതിനാൽ ആ ശ്രമവും പരാജയപ്പെട്ടു...
കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച് ഉമ്മകൾ കൈമാറി. ഉമ്മായോടും സീനത്തിനോടും യാത്ര പറയാൻ നേരം രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. ബീനായെ ചേർത്തു പിടിച്ച് നീ ഭാഗ്യമുള്ളവളാണെന്ന് പറഞ്ഞ് ഉമ്മാ കവിളിൽ മുത്തം കൊടുത്തു...
സീനത്ത് ഇരു കൈകൾകൊണ്ടും ബീനായെ വട്ടം പിടിച്ചു തോളിൽ മുഖം ചേർത്തു. അലക്സിന്റെ തലയിൽ കൈവച്ചുകൊണ്ട് നന്നായി വരുമെന്ന് ഉമ്മാ അനുഗ്രഹിച്ചു...
അവരെ യാത്രയാക്കാൻ ഉമ്മായും സീനത്തും അൻവറും റസീനായും വണ്ടിക്കരികിലെത്തി. ഡാഷ്ബോർഡിൽ നിന്നും അലക്സിന്റെ വിസിറ്റിംഗ് കാർഡെടുത്ത് അൻവറിനു കൊടുത്തിട്ട് അലക്സ് പറഞ്ഞു
"എന്താവശ്യം വന്നാലും ഈ നമ്പറിൽ വിളിച്ചാൽ മതി ഞങ്ങളെത്തിക്കോളാം കേട്ടോ"
സാധനങ്ങൾ മേടിക്കാൻ പോയപ്പോൾ വർക്ക്ഷോപ്പിൽ കയറി നട്ടുകൾ ഇട്ടതിനാൽ ആ ടെൻഷൻ മാറിക്കിട്ടിയിരുന്നു. അവരോടു യാത്ര പറഞ്ഞ് വണ്ടി തിരിച്ചിട്ട് അലക്സ് മക്കളോടു ചോദിച്ചു
" ഇനി നമുക്ക് മൈസൂർക്ക് പോകണോ അതോ തിരിച്ച് നമ്മുടെ വീട്ടിലേയ്ക്ക് പോകണോ എന്താണ് ചെയ്യേണ്ടത് "
അതിന് മറുപടി പറഞ്ഞത് മറ്റാരുമല്ലായിരുന്നു നമ്മുടെ എൽദോച്ചനായിരുന്നു
"മോനെ ദിനേശാ വണ്ടി നേരെ നമ്മുടെ വീട്ടിലേയ്ക്ക് കത്തിച്ചുവിട്ടോ "
ഇതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു....
.......................മനു ..........

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo