
പതിയെ നടക്കണം. പിച്ചവച്ചു നടക്കണം. പിന്തള്ളുന്ന വഴികളെ ഓർത്തുവയ്ക്കണം. അമ്മിഞ്ഞപ്പാൽ കിനിയുന്ന മുഖങ്ങൾ മുതൽ ചുളിവുകൾ വീണ മുഖങ്ങൾ വരെ നോക്കി കാണണം. ചില കണ്ണുകളിൽ കാണുന്ന തിളക്കം മറ്റു ചിലതിൽ നിറം മങ്ങിയിരിക്കുന്നു...
കാലുകൾക്ക് ദൃഢതയും, വേഗതയും വന്നിരിക്കുന്നു. പരുക്കൻ പാതകളിൽ നടന്ന് കാൾപാദങ്ങളിൽ തഴമ്പ് പിടിച്ചിരിക്കുന്നു. തണുത്ത ഈറൻ കാറ്റിൽ മുഖത്തേയ്ക്കു വീണ മുടിയിഴകളെ ഒതുക്കിവച്ചു നടക്കുമ്പോൾ കേൾക്കാം വറ്റിവരണ്ട പുഴയുടെ രോദനം...
നാട്ടിൻപുറത്തെ നന്മകളുടെ കണികകളിന്ന് വിതയില്ലാത്ത പാടം കണക്കെ വികൃതമായിരിക്കുന്നു. കിളികൾ ചേക്കേറാൻ മടിക്കുന്ന ഗ്രാമങ്ങളിൽ നഗരത്തിന്റെ അധിനിവേശം കാണാൻ കഴിയുന്നു. തുമ്പികളും, പൂമ്പാറ്റകളും യഥേഷ്ടം വിഹരിച്ചിരുന്ന പൂന്തോട്ടങ്ങളിൽ ഇഷ്ടികകൾ പാകി വൃത്തിയാക്കിയിരിക്കുന്നതും കാണാം...
കേരം തിങ്ങിനിന്നിരുന്ന പറമ്പുകളിലിന്ന് തോരണംകെട്ടാൻപോലും കേരം കാണാനില്ല. കുട്ടികൾ കളിക്കാത്ത പാടങ്ങളും പറമ്പുകളും കാടുപിടിച്ചു കിടക്കുന്നു. വിഷാദത്തോടെ മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന മാമ്പഴങ്ങൾ കുട്ടികളുടെ പാദസ്പർശനത്തിനായ് കാതോർത്തിരിക്കുന്നു...
ജാതിക്കും, മതത്തിനും, വീടുകൾക്കുമിടയിൽ മനുഷ്യർക്ക് കാണാനാക്കാത്ത രീതിയിൽ മതിലുകൾ പണിതിരിക്കുന്നു. ശുദ്ധവായു ലഭിച്ചിരുന്ന ആലിന്റെ ചില്ലകളിൽ ഇലകൾ തളിർക്കാതായിരിക്കുന്നു...
മലിനമായ ജലാശയങ്ങൾ കൊതുകുകളുടെ കോളനികളായി മാറിയിരിക്കുന്നു. ചെളിവെള്ളത്തിൽ കാല് നനച്ചവർക്കിന്ന് നല്ല വെള്ളം കിട്ടാതായിരിക്കുന്നു. എന്നും, ആകാശത്ത് വന്ന് ഭൂമിയിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്ന നക്ഷത്രങ്ങൾ ഇപ്പോൾ വല്ലപ്പോഴും വരുന്ന വിരുന്നുക്കാരായിരിക്കുന്നു...
കുഞ്ഞുകരയാത്ത വീടുകൾ പെരുകുന്നു. ഇടുങ്ങിയ മുറികളിൽ നിന്നും വിയർപ്പിന്റെയും വിലകൂടിയ മരുന്നുകളുടെയും ഗന്ധം വമിക്കുന്നു...
നാടിന്റെ നഷ്ടപ്പെട്ടു പോകുന്ന ഭംഗി ആസ്വദിക്കാനായ് പ്രവാസികൾ ഉത്സാഹത്തോടെയെത്തുന്നു...
കടലിൽ അസ്തമനത്തിനൊരുങ്ങുന്ന സൂര്യൻ നാളെ എത്തണോ വേണ്ടയോ എന്ന് ശങ്കിക്കുന്നു. ചന്ദ്രന്റെ വിഷാദമുഖം കാണുമ്പോൾ വീണ്ടുമൊരു ഉഷസ്സിനായ് സൂര്യനുദിക്കുന്നു...
തവളകളുടെയും ചീവീടുകളുടെയും കരച്ചിലുകൾ കേൾക്കാനാകാതെ കർഷകർ നെടുവീർപ്പിടുന്നു. കാലംമാറ്റിമറിക്കുന്ന കാലാവസ്ഥകൾ. പ്രകൃതിയോടുചെയ്ത ക്രൂരതകൾക്ക് പ്രകൃതി നൽകിയ ചില വികൃതികൾ മനുഷ്യനെ പിടിച്ചുലച്ചത് മറക്കാനാകില്ലൊരിക്കലും...
നാടിന് നേട്ടമുണ്ടാകണമെങ്കിൽ നമ്മളോരോരുത്തരുടെയും നോട്ടങ്ങൾ എത്തേണ്ടിടത്തെത്തിയാൽമാത്രം മതി...
നോട്ടുക്കെട്ടുകളുടെ കനംകൊണ്ട് കെട്ടിടം പണിതാൽ ഒരു മഴയത്തത് നനഞ്ഞ് കുതിരാനുള്ളതേയുള്ളു...
പറവകൾ ആകാശത്ത് ചിറകുകൾ വിരിച്ചു തന്നെ പറക്കട്ടെ. അവിടെ ട്രാഫിക്ക് സിഗ്നലുകൾ സ്ഥാപിക്കാൻ മനുഷ്യർക്കെന്തവകാശം...
നടന്ന് നടന്ന് കാൽപ്പാദങ്ങളിൽ നീരുവച്ചിരിക്കുന്നു. ചെറുവിരൽ മാളത്തിൽ ഒളിച്ചിരിക്കുന്നു. ഞരമ്പുകൾ നീലിച്ചിരിക്കുന്നു. യാത്രത്തുടരാനാവാത്തവിധം മനസ്സും ശരീരവും ക്ഷീണിച്ചിരിക്കുന്നു. ഇനിയും മുന്നോട്ട് ഏറെ നടക്കണമെന്ന് ഉപബോധമനസ്സിനെ ശട്ടം കൂട്ടിയിട്ട് ഞാനിനി ഇച്ചിരി വിശ്രമിക്കട്ടെ....
...............................✍മനു ..............................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക