നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനസ്സിനകത്തൊരു ഓർമ്മച്ചെപ്പ്

Image may contain: Giri B Warrier, smiling, closeup
ഞാൻ വളർന്ന കാലത്തുകണ്ട-
ലോകമെന്തെന്നെഴുതണം.
ഇനിവരാക്കാലത്തെ നന്മകൾ
പുതുതലമുറക്ക് പകരണം.
നഗരങ്ങൾക്കുമപ്പുറമെന്റെ
കൊച്ചു ഗ്രാമത്തെക്കുറിച്ചെഴുതണം.
ഞാൻ എഴുതിയ വരികളീലൂടെ
എന്റെ ഗ്രാമത്തെയറിയണം
വേലിയെപ്പുണർന്നു നിൽക്കും
കമ്യുണിസ്റ്റ് പച്ചയൊന്നൊടിക്കണം
കുറുമ്പുകാട്ടുമെന്മകനെയതിന്റെ
കമ്പുകൊണ്ട് മെല്ലെ തല്ലണം
ഓടിക്കളിച്ചു വീണുപൊട്ടിയ
കാൽമുട്ടുകളിൽ അതിന്റെ
ഇലയരച്ചു പച്ചനീര് പുരട്ടണം
മഠപ്പറമ്പിലെ മൂവ്വാണ്ടൻ മാവിലെ
മാങ്ങാക്കുലയിലുന്നം നോക്കണം
മദറ് കാണാതെ മതില് ചാടി
മാങ്ങ പെറുക്കി ഓടണം.
മാങ്ങ ചതച്ച് കല്ലുപ്പ് പൊടിച്ച്
മുളകുപൊടിയിൽ തൊട്ടുത്തിന്നണം.
മൂക്കിൽ നിന്നുമിറ്റുവീഴും വെള്ളം കള്ളി-
മുണ്ടിന്റെ തലപ്പുകൊണ്ട് തുടയ്ക്കണം.
നാട്ടിൻപുറത്തെ മൺവഴികളി-
ലൂടോടിയോടി നടക്കണം
കൂടെയെത്താനാവാത്തമ്മയുടെ
പിൻവിളിക്കായ് കാതോർക്കണം.
അമ്പലക്കുളത്തിലെ കൂപ്പിൽ കയറി
കൂട്ടുകാരൊത്ത് മെയ്യഭ്യാസം കാട്ടണം.
മുങ്ങിക്കുളിച്ചു നിൽക്കും നമ്പൂരിയെ
തൊട്ടൊന്നശുദ്ധമാക്കണം
ഇരുട്ടിൽ കരയും ചിവിടുകളുടെ
ഈണത്തിനൊത്ത്‌ മൂളണം
തേന്മാവിൻ കൊമ്പിലിരുന്ന്
പാട്ടുപാടും കുരുവിയെ
കൂഹു കൂഹു എന്ന് കൂടെ പാടി
വെറുതെ ചൊടിപ്പിക്കണം
നാട്ടിലെ നാലുകെട്ടിലേക്ക്
ഒരു ദിവസം പോകണം.
ഇരുണ്ട ചെറിയ മുറിയിലമ്മയുടെ
കട്ടിലിൽ നിവർന്നൊന്ന് കിടക്കണം.
പണ്ടമ്മ രാത്രി പാടിത്തന്ന
താരാട്ടുശീലുകളോർത്ത്
ഒന്ന് ശാന്തമായുറങ്ങേണം.
എന്നെയോർത്തമ്മ വീഴ്ത്തിയ
കണ്ണുനീരിൻ രുചിയാ തലയിണയിൽ
വറ്റാതെ ഇന്നുമുണ്ടോയെന്നു നോക്കണം
അമ്മതന്നമ്മിഞ്ഞപ്പാലിൻ രുചിയു-
മായതൊന്നൊത്ത്‌ നോക്കണം
മനസ്സിനുള്ളിലെ ഓർമ്മച്ചെപ്പി-
ലടച്ചുവെച്ച കുറേയോർമ്മകളെ
ചികഞ്ഞുപുറത്തെടുത്ത്
പൊടിതട്ടി വീണ്ടുമടച്ചുവെക്കണം.
നടന്നുവന്ന വഴികളിലൂടെ
വരികൾ തേടിപ്പോകണം
കാലങ്ങൾക്ക് മുൻപേ പതിഞ്ഞ
കാൽപാദങ്ങളിലെൻ കാലുവെച്ച്
മെല്ലേനടന്നുനോക്കണം.
****
ഗിരി ബി. വാരിയർ
14 മാർച്ച് 2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot