നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 7



രചന:അഞ്ജന ബിജോയ്
ഫ്ലൈറ്റിലെ   യാത്രയും ഭക്ഷണവും ഒന്നും വർഷയ്ക്ക് തീരെ പിടിച്ചില്ല .യാത്രയ്ക്കിടയിൽ ശർദിക്കുകയും  ചെയ്തു..ഫ്ലൈറ്റിലുടനീളം അവൾ സതിയുടെ മടിയിൽ വാടിത്തളർന്ന്  കിടക്കുകയായിരുന്നു..
ആദിത്തും പ്രിയയും സതിയും വർഷയും  സന്ധ്യകഴിഞ്ഞാണ് തറവാട്ടിൽ എത്തിയത്.
തേക്കിലും  ഈട്ടിയിലും  തീർത്ത കൊട്ടാര സദൃശ്യമായ മനോഹരമായ ഒരു നാലുകെട്ടായിരുന്നു അത് ! തറവാടിന്റെ പിറകിൽ ഒരു ചായ്പ്പും കുറച്ച്  മാറി ഒരു കുളപ്പുരയുമുണ്ടായിരുന്നു. ഗേറ്റിൽ നിന്നും ടാക്സി വരുന്ന ശബ്ദം കേട്ടപ്പോഴേ അകത്തുനിന്നും  പ്രിയയുടെയും ആദിത്തിന്റെയും  മുത്തശ്ശി ഒരു വടിയും കുത്തി വേച്ച് വേച്ച്  ഇറങ്ങി വന്നു.
"പറഞ്ഞതൊക്കെ ഓർമ്മ  ഉണ്ടല്ലോ..ഇവിടെ ആരോട് സംസാരിക്കുമ്പഴും പ്രിയമോളും മോനും അമേരിക്കയിൽ  നിന്നും പുതിയ പ്രോജക്ടിന്റെ ആവശ്യത്തിനായി മുംബൈയിൽ കുറച്ചുനാൾ വന്ന് നിൽക്കുകകയാണ്  എന്നെ പറയാവു..." ഡ്രൈവർ കേൾക്കാതെ സതി ശബ്‍ദം താഴ്ത്തി വർഷയോട്  പറഞ്ഞു.
"എനിക്കോർമ്മയുണ്ട്  അമ്മെ.പിന്നെ മുത്തശ്ശി എന്തെങ്കിലും ചോദിച്ചാൽ അമ്മ തന്നെ ഉത്തരം പറഞ്ഞാൽ മതി.ഞാൻ അധികം മിണ്ടുന്നില്ല.വായിൽ നിന്ന് അബദ്ധം എന്തെങ്കിലും വീണുപോയാലോ..."വർഷ പറഞ്ഞു.എല്ലാവരും കാറിൽ നിന്നിറങ്ങി.തറവാട്ടിൽ  എത്തിയതും  ആദിത്തിന്റെ  നെഞ്ച് ചുട്ടുപൊള്ളി! അവന്റെ മനസ്സിൽ ഒരായിരം ഓർമ്മകൾ   കടന്നുപോയി..അവന്റെ ഭാവമാറ്റം ശ്രദ്ധിച്ചുനിൽക്കുകയായിരുന്നു വർഷ.
പ്രിയയെയും ആദിത്തിനെയും കണ്ടതും മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവർ പ്രിയയുടെ അടുത്തേക്ക് വന്ന് അവളെ കെട്ടിപ്പിടിച്ചു..
"എന്റെ മക്കളെ..എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട്..എന്താ മോളെ ഇത്രനാളായിട്ടും മുത്തശ്ശിയെ ഒന്ന് വിളിക്കുകപോലും ചെയ്യാതിരുന്നത്? അമേരിക്കയിലോട്ടൊക്കെ വിളിക്കാൻ മുത്തശ്ശിക്ക് അറിയത്തില്ല മോളെ.നിങ്ങൾ ഇങ്ങോട്ട് വിളിക്കുമ്പോഴല്ലേ  മുത്തശ്ശിക്ക്  സംസാരിക്കാൻ  പറ്റു.ഇവിടെ മുബൈയിൽ വന്നിട്ടും മോള്  മുത്തശ്ശിയെ വിളിച്ചില്ല..നിങ്ങളുടെ അമ്മ ഉണ്ടായിരുന്നപ്പോ അവൾ എന്നും വിളിച്ച് എന്റെ കാര്യങ്ങൾ തിരക്കുമായിരുന്നു..മരുമോളായിട്ടല്ല,എന്റെ സ്വന്തം മോൾ ആയിരുന്നു ശാരദ  എനിക്ക്.. വല്ലപ്പോഴും അപ്പുമോൻ വിളിക്കും.നിന്റടുത്ത് ഫോൺ കൊടുക്കാൻ പറഞ്ഞാൽ എന്തെങ്കിലും ഒഴിവുകഴിവു പറയും..മോൾക്ക് മുത്തശ്ശിയോട് പിണക്കമാണോ..?" മുത്തശ്ശി പ്രിയയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു.സതിയും കണ്ണുതുടച്ചു. മുത്തശ്ശി ആരെയാണ് അപ്പുമോൻ എന്ന് വിളിച്ചതെന്ന് വർഷയ്ക്ക് മനസ്സിലായില്ല.

"കാലിനെങ്ങനെ ഉണ്ട് അമ്മെ?ഒരുപാട് മുറിഞ്ഞൊ?ഓടിനടക്കാതെ എവിടെയെങ്കിലും അടങ്ങി ഇരുന്നുകൂടെ?ഓമന വരാറില്ലേ?"സതി വിഷമത്തോടെ മുത്തശ്ശിയുടെ നീര് വന്ന കാല് നോക്കി ചോദിച്ചു.സതി പോയതിൽ പിന്നെ അവിടെ ജോലിക്ക് വരുന്ന സ്ത്രീയാണ് ഓമന.
"ഒരു ഓമന!പേരില് മാത്രേ ഓമനത്തമുള്ളു.മഹാ അഹങ്കാരിയാ...നീ തിരികെ വരുന്നെന്ന് അറിഞ്ഞപ്പോ തന്നെ ഇന്ന് മുതൽ പണിക്ക് വരേണ്ട എന്ന് പറഞ്ഞ്  ഞാൻ അവളെ പറഞ്ഞുവിട്ടു.നിന്നെപ്പോലെ ഒരാളും പറ്റില്ല സതിയെ"മുത്തശ്ശി പറഞ്ഞതുകേട്ട് വർഷ ചിരിച്ചു..
"അപ്പു.." മുത്തശ്ശി ആദിത്തിന്റെ അടുത്തെത്തി അവന്റെ മുഖം കൈകളിലെടുത്ത് അവന്റെ നെറ്റിയിൽ ഉമ്മവെച്ചു.
"ഇങ്ങനൊരു വൃദ്ധ  ഇവിടെ ജീവനോടെ ഇരിപ്പുണ്ടെന്ന് നിനക്കിപ്പഴെങ്കിലും ഓർമ്മ  വന്നല്ലോ.. ഈ കിളവി മരിക്കുന്നതിന് മുൻപ് നിന്നെ ഒന്ന് കാണാൻ  കഴിയുമെന്ന് ഞാൻ കരുതിയില്ല  അപ്പുവേ..അവധിക്ക് നിന്റെ അച്ഛനും  അമ്മേം പ്രിയമോളും ഇവിടെ വരുമ്പോൾ നീ മാത്രം പരീക്ഷ പഠിത്തം എന്നൊക്കെ പറഞ്ഞ് അവിടെ കൂടും.ജോലി ആയപ്പോ പിന്നെ അതിന്റെ തിരക്കെന്ന് പറഞ്ഞ് വരാതെ ആയി .. എത്ര വർഷം  കൂടിയാ  നീ ഇവിടെ വരുന്നതെന്ന് അറിയാമോ അപ്പു..?" മുത്തശ്ശി നിറകണ്ണുകളോടെ ആദിത്തിനെ  കെട്ടിപ്പിടിച്ചു.ആദിത്തിന്റെ  മനസ്സ് പക്ഷെ വേറൊരുലോകത്തായിരുന്നു.
"വന്ന കാലിൽ നിൽക്കാതെ അവർ അകത്ത് കയറട്ടെ അമ്മെ.എന്നിട്ടാകാം പിണക്കവും പരാതിപറച്ചിലും.സതി മുത്തശ്ശിയോട് പറഞ്ഞു.അപ്പോഴാണ് സതിയുടെ പിറകിൽ നിൽക്കുന്ന പെൺകുട്ടിയെ മുത്തശ്ശി ശ്രദ്ധിച്ചത്.
"ഇത്..ഇത്.." അവളുടെ മുഖം കണ്ടതും മുത്തശ്ശി എന്തോ പറയാൻ തുടങ്ങി..വർഷ സതിയെ നോക്കി.
"ഇത് വർഷ.അവിടെ മുബൈയിൽ ഇവരുടെ വീടൊക്കെ ഇടയ്ക്ക് വന്ന് വൃത്തിയാക്കികൊണ്ടിരുന്നത് ഈ കുട്ടിയാ.." സതി വർഷയെ  പരിചയപ്പെടുത്തി. മുത്തശ്ശി ഏതോ ഓർമ്മയിൽ അവളെ തന്നെ നോക്കിനിന്നു.
"അകത്തേക്ക് കേറിവാ മക്കളെ  ..വിശ്രമിച്ചിട്ടാവാം സംസാരം."മുത്തശ്ശി എല്ലാവരോടും  പറഞ്ഞു.
"ഞാൻ പെട്ടി എടുത്തിട്ട് വരം." ആദിത് പറഞ്ഞു.ഡ്രൈവർ പെട്ടികൾ എടുത്ത് കാറിന് വെളിയിൽ വെച്ചിരുന്നു.
മുത്തശ്ശിയും പ്രിയയും സതിയും അകത്തേക്ക് പോയി.വർഷ പെട്ടികൾ വെച്ചിരിക്കുന്നതിന്റെ അടുത്ത് ചെന്ന് നിന്നു.
"എന്താ?" ആദിത് ചോദിച്ചു.
"പെട്ടി എടുക്കാൻ .." വർഷ പെട്ടിയിലേക്ക് കൈ ചൂണ്ടി.
"നീ അകത്തേക്ക് ചെന്നോ.ഞാൻ എടുത്ത് വെച്ചോളാം ."ഡ്രൈവർക്ക് കാശു കൊടുത്ത് പറഞ്ഞുവിട്ടുകൊണ്ട്  ആദിത് പറഞ്ഞു.
വർഷ അവൻ പറഞ്ഞത് കേൾക്കാതെ കൂട്ടത്തിൽ ഭാരം ഉള്ള പെട്ടി തന്നെ ഒന്നെടുത്ത് പൊക്കാൻ നോക്കി..'ടക്ക്' എന്നൊരു ശബ്ദം കേട്ടു .അയ്യോ എന്ന് പറഞ്ഞ് വർഷ കുനിഞ്ഞ് നടുവിന് കൈയും കൊടുത്ത് നിന്നു..
"എന്താ എന്ത് പറ്റി ?"ആദിത് അവളുടെ അടുത്തേക്ക് വേഗം ചെന്നു.
"പെട്ടി എടുക്കാൻ നോക്കിയതാ..എന്റെ നടു  വെട്ടി.." അവൾ വേദന കൊണ്ട്  അനങ്ങാൻ വയ്യാതെ നിന്നു.
"അവനവനെ കൊണ്ട് ആവുന്ന പണി ചെയ്‌താൽ പോരെ..ഞാൻ പറഞ്ഞതല്ലേ ഞാൻ എടുത്തോളാമെന്ന്..നിന്നോടാരാ പറഞ്ഞത് ഇതെടുത്ത് പൊക്കാൻ?ഇത് ഫോർ വീൽ സ്പിന്നർ ആണ്.വലിച്ചാൽ മതി കൂടെ പോന്നോളും "ആദിത് അവളെ ശാസിച്ചു.
"ഒരാള് വേദന എടുത്ത് അനങ്ങാൻ വയ്യാതെ നിൽക്കുമ്പോ പെട്ടീടെ മഹത്വം പറഞ്ഞോണ്ട് നിൽക്കാതെ ഒന്ന് സഹായിക്ക് മനുഷ്യാ.." വർഷ അവനോട് പറഞ്ഞു.
വളഞ്ഞുകുത്തിയുള്ള  അവളുടെ നിൽപ്പ് കണ്ടപ്പോൾ ആദിത്തിന്  ചിരിവന്നു.അവൻ അവളുടെ അടുത്ത് ചെന്ന് അവളുടെ  പിറകിൽ നിന്നു.അവളെ അവനോട് ചേർത്ത് നിർത്തിക്കൊണ്ട് കൈകൾ അവളുടെ വയറിൽ കൂടി ഇട്ട് അവളോട് പതിയെ നിവരാൻ  പറഞ്ഞു.. ഒന്നമ്പരന്നെങ്കിലും അവൾ പതിയെ പതിയെ അവളുടെ നടുവ്  നിവർത്തി. ഇടയ്ക്ക് വേദന കൊണ്ട് അയ്യോ അമ്മെ എന്നൊക്കെ വിളിച്ചുകൊണ്ടിരുന്നു .കുറച്ച് സമയമെടുത്ത് അവൾ നടു  നിവർത്തി.
"ഹോ എന്റമ്മേ..ഞാൻ ഓർത്തു ഇനി ഒരിക്കലും നിവരാൻ  പറ്റൂലാന്ന്..എന്നാലും ഇപ്പോഴും   ഇച്ചിരി വേദന ഉണ്ട് കേട്ടോ.." വർഷ ആശ്വാസത്തോടെ പറഞ്ഞു .അപ്പോഴാണ് ആദിത്തിന്റെ കൈകൾ ഇപ്പോഴും അവളുടെ വയറിൽ തന്നെ ആണെന്നും അവൾ പുറംതിരിഞ്ഞ്  ആദിത്തിന്റെ നെഞ്ചോട്  ചേർന്നുനില്ക്കുകയാണെന്നും അവൾ മനസ്സിലാക്കിയത്..അവളുടെ ദേഹത്തെ ചൂടും അവളുടെ മുടിയിലെ കാച്ചെണ്ണയുടെ മണവും ആസ്വദിച്ച് നിൽക്കുകയായിരുന്നു ആദിത്.വർഷ പെട്ടെന്ന് അവനിൽ നിന്നും അടർന്ന് മാറി..
അവൾ അവനെ നോക്കാതെ വേഗം അകത്തേക്ക് നടന്നു..
അവൻ പെട്ടിയുമെടുത്ത്  വീടിനകത്തേക്ക് കയറാൻ തുടങ്ങി..
"അപ്പേട്ടാ..!" ആദിത് ഞെട്ടി ചുറ്റും നോക്കി.ആരോ വിളിച്ചതുപോലെ തോന്നി....
"അപ്പേട്ടാ കുറച്ച് മാങ്ങ ഇട്ടുതരുവോ ?" ഒരു പെൺകുട്ടി ചോദിക്കുന്നു.
"ഇപ്പൊ സമയമില്ല ഞാനും അപ്പൂം  സിനിമയ്ക്ക് പോവാ."ജയദേവൻ  പറയുന്നു.
"ഓഹ് എന്താ ഒരു ജാട..ഞാൻ അപ്പേട്ടനോടാ ചോദിച്ചത്.മുത്തശ്ശി പറഞ്ഞിട്ടാ അപ്പേട്ടാ.ഊണിന് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാൻ. "അവൾ ആദിത്തിനെ നോക്കുന്നു.
"ഇപ്പൊ തന്നെ ലേറ്റ് ആയി..മുത്തശ്ശിയോട് പറയ് വേറെ എന്തെങ്കിലും കറി മതിയെന്ന്."ആദിത് പറഞ്ഞതുകേട്ട് അവൾ മുഖം വീർപ്പിക്കുന്നു.
"പിന്നെ അത്ര നിർബന്ധം ആണെങ്കിൽ നീ തന്നെ കേറി ഇട്ടോ.."ജയദേവൻ കളിയാക്കുന്നു.
"ഒന്ന് പറിച്ചുകൊടുക്കെടാ..നിങ്ങള് രണ്ട് തടിമാടന്മാരുണ്ടായിട്ടാണോ ആ കൊച്ചിനോട് മരം കേറാൻ പറയുന്നത്.."പ്രിയ പറയുന്നു.
"എന്റെ പ്രിയേച്ചി, ഇവള് ഈ മരം കേറാനോ..ബെസ്റ്റ് ! അന്ന് കാക്ക മലന്ന് പറക്കും! " ജയദേവ് പറഞ്ഞതുകേട്ട് ആദിത് ചിരിക്കുന്നു. 
"ചിരിച്ചോ ചിരിച്ചോ ..ഇന്നലെ ചായ്പ്പിനകത്ത് ഒളിച്ചിരുന്ന്  രണ്ടും കൂടി സിഗരറ്റ് വലിച്ച കാര്യം ഞാൻ എല്ലാവരോടും പറഞ്ഞുകൊടുക്കും.." അവൾ അവരെ ഭീഷണിപ്പെടുത്തുന്നു.
അവൾ പറഞ്ഞതുകേട്ട് പ്രിയ കണ്ണുമിഴിച്ച് നിൽക്കുന്നു.
"നേരാണോടാ?നിങ്ങൾ സിഗരറ്റ് വലി തുടങ്ങിയോ?ഇന്ന് ഞാൻ അച്ഛനോടും അമ്മയോടും മായാന്റിയോടും ഒക്കെ പറഞ്ഞുകൊടുക്കും.കോളേജിൽ ആയെന്ന് വെച്ച് എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ?"പ്രിയ ആദിത്തിന്റെയും ജയദേവന്റെയും ചെവിക്ക് പിടിക്കുന്നു.
"വിട് പ്രിയേച്ചി..പ്ളീസ്..അച്ഛനോടും അമ്മയോടും പറയല്ലേ.ഇനി ചെയ്യില്ല പ്ളീസ്.." ആദിത്തും ജയദേവനും  കെഞ്ചുന്നു.
അത് കണ്ട് അവൾ പൊട്ടിച്ചിരിക്കുന്നു....*
ആദിത്തിന്റെ  മനസ്സ് ഭൂതകാലത്തിന്റെ ഓർമ്മകളിൽ  പിന്നെയും കലങ്ങിമറിയാൻ തുടങ്ങി..
എല്ലാവരും അവരവരുടെ മുറികളിൽ പോയി കുളിച്ച് കുറച്ചുനേരം വിശ്രമിച്ചു.സതിയുടെ വീട്  തൊട്ടടുത്ത് തന്നെ ആയിരുന്നു.പിന്നെ വരാമെന്ന് പറഞ്ഞ് സതി അവരുടെ വീട്ടിലേക്ക് പോയി. അടുക്കളയോട് ചേർന്ന് വൃത്തിയുള്ള ഒരു കൊച്ചു മുറി മുത്തശ്ശി വർഷയ്ക്ക് കാണിച്ചുകൊടുത്തു. വർഷ കുളിയെല്ലാം കഴിഞ്ഞ് മുത്തശ്ശിയോട്  ചോദിച്ചിട്ട് അടുക്കളയിൽ കയറി കാപ്പി ഇട്ടു..
"നിന്റെ പേരെന്താന്നാ പറഞ്ഞെ കൊച്ചെ?"മുത്തശ്ശി ചോദിച്ചു.
"വർഷ.." അവൾ പറഞ്ഞു.
"നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്.? "മുത്തശ്ശി തിരക്കി.
"ആരുമില്ല മുത്തശ്ശി..ഞാൻ വളർന്നതൊക്കെ ഒരു ഓർഫനേജിലാ.."
വർഷ പറഞ്ഞു.മുത്തശ്ശി വിഷമത്തോടെ അവളെ നോക്കി..
"ഇടയ്ക്ക് സാറിന്റെ വീട് തൂത്തുതുടച്ചിടാൻ പോകുമാരുന്നു.പിന്നെ സതിയമ്മയ്ക്ക് മനസ്സലിവ് തോന്നി എന്നെയും കൂടെക്കൂട്ടി." വർഷ മുത്തശ്ശിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"ശരിയാ സതിക്ക് നിന്നെ വിട്ടുകളായാൻ പറ്റില്ല..നിനക്ക് ഞങ്ങടെ സവിതയുടെ നല്ല ഛായ ഉണ്ട്..കണ്ണുകളോ മൂക്കോ ചുണ്ടോ  ഏതാണെന്നറിയില്ല ..നിന്നെ കാണുമ്പോ എനിക്ക് അവളെയാ  ഓർമ്മ  വരണേ. " മുത്തശ്ശി വിഷമത്തോടെ പറഞ്ഞു.
"സവിത..?"വർഷ അതാരാണെന്ന അർത്ഥത്തിൽ മുത്തശ്ശിയെ നോക്കി..
"സതി പറഞ്ഞിട്ടില്ലേ നിന്നോട്?"മുത്തശ്ശി തിരക്കി.ഇല്ലെന്ന് വർഷ തലയാട്ടി.
"സതിയുടെ മോളാ സവിത.സതിയുടെ കാര്യം പറഞ്ഞാ വലിയ കഷ്ടമാ കൊച്ചെ.ഒരുപാട് നേർച്ചയും വഴിപാടും കഴിച്ച് ഉണ്ടായ കുഞ്ഞാ സവിത .  സതി ഗർഭിണിയായിരുന്ന സമയത്താ ഭർത്താവ് അവളെ  ഉപേക്ഷിച്ച് എങ്ങോട്ടോ പോയത്..പിന്നെ സതി എല്ലുമുറിയെ പണിയെടുത്താ ആ കൊച്ചിനെ വളർത്തിയത്.സവിത കൊച്ചിലെ തൊട്ടേ ഇവിടെ കളിച്ചുവളർന്നതാ..അപ്പുമോന്റേം പ്രിയമോൾടേം അപ്പുറത്തെ ജയദേവന്റെയും ഒക്കെ വലിയ കൂട്ടായിരുന്നു.ജയദേവൻ എന്റെ മോന്റെ  കൂട്ടുകാരൻ ജയശങ്കറിന്റെ മോനാ.അവരുടെ വീട് തൊട്ടപ്പുറത്താ. ഈ പിള്ളേരെക്കാളൊക്കെ  ഇളയതായിരുന്നു സവിത ...കാണാനൊരു സുന്ദരിക്കൊച്ച് . പാട്ടിലും നൃത്തത്തിലും പഠിത്തത്തിലുമൊക്കെ മിടുക്കിയായിരുന്നു..എല്ലാവർക്കും  എന്തിഷ്ടമായിരുന്നു..പറഞ്ഞിട്ടെന്താ അങ്ങനെയുള്ളവർക്ക്  ദൈവം അധികം ആയുസ്സ് കൊടുക്കില്ലല്ലോ.." മുത്തശ്ശി കണ്ണുകൾ തുടച്ച്കൊണ്ട്  പറഞ്ഞു..വർഷയ്ക്ക് അതൊരു പുതിയയ അറിവായിരുന്നു.. ഓരോ പ്രാവശ്യവും വർഷ വരുമ്പോൾ വേണ്ട എന്നുണ്ടെങ്കിലും സതി അവളുടെ കൈയിൽ  നിന്ന് സാധങ്ങൾ വാങ്ങിയിരുന്നതും  വിശന്ന് വലഞ്ഞ അവൾക്ക് ആഹാരം കൊടുത്തിരുന്നതും കെഞ്ചിയപ്പോൾ അവിടെ ജോലി ശരിയാക്കിത്തന്നതും  ആദിത്  വഴക്ക് പറയുമ്പോൾ രക്ഷയ്ക്കായി വന്നതും എല്ലാം എന്തിനായിരുന്നുവെന്ന് അവൾക്കിപ്പോൾ മനസ്സിലായി. തന്നെ കാണുമ്പോൾ സതിയമ്മയ്ക്ക് സവിതയെ ഓർമ്മവരുന്നു..
"എന്ത് പറ്റിയതാ മുത്തശ്ശി സവിതയ്ക്ക്?"  വർഷ വിഷമത്തോടെയും അതിലുപരി ആകാംഷയോടെയും ചോദിച്ചു..
 ( നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ )

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot