നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രാവുപുലരും മുമ്പേ

Image may contain: 1 person
വരുന്ന വഴികളിലെല്ലാം
ഞാൻ തിരഞ്ഞത് നിന്നെയാണ്.
നിന്റെ കാല്പാടുകൾ
മായാതെയപ്പോഴും
എന്റെ നേത്രങ്ങൾക്ക്
ഗോചരമായിരുന്നു.
പുതുമണം വിതറിയ
പുന്നെൽപ്പാടവരമ്പിലൂടെ
പാൽമണമൂറും കതിർക്കുലേയന്തി
"ഉണ്ണ്യേട്ടാ " എന്നുവിളിച്ച് വെളുത്ത ഷെമ്മീസുമിട്ട് നീ നഗ്നമായ കാൽപ്പാദങ്ങളോടെ ഓടിവരുന്നത് ഇപ്പോഴും എനിക്ക് കാണാം.
പാടവരമ്പിലെ വീതികുറഞ്ഞ കൈത്തോടിലൂടെ ചാടിക്കളിക്കുന്ന പരൽമീൻ കുഞ്ഞുങ്ങളെ നോക്കി നീ പറയുമായിരുന്നു;
"ഉണ്ണ്യേട്ടാ ഒരെണ്ണം എനിക്ക് പിടിച്ചുതര്വോ... കുപ്പീലിട്ട് വളർത്താനാ."
"വേണ്ട പാറു, പാവല്ലേ അത്... അതിന്റെ അമ്മയ്ക്ക് വെഷമമാവില്ലേ".
"ഈ കുഞ്ഞുമീനുകൾക്കൊക്കെ അമ്മയുണ്ടോ ഏട്ടാ..?"
കുഞ്ഞുമനസ്സിലെ കുഞ്ഞു സംശയങ്ങൾ കേട്ട് ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു;
"എല്ലാ മീങ്ങൾക്കും അമ്മയുണ്ട്. പാറൂന് അമ്മയുള്ളതുപോലെ. പാറു ആ വെള്ളത്തിലേക്ക് സൂക്ഷിച്ച് നോക്കിയേ, ഒരു വെല്ല്യേ പരൽമീനെ കണ്ടില്ലേ.. അതാ അമ്മ."
അവൾ തോടിന്റെ വക്കിലിരുന്ന് ഒരു വയലിൽനിന്ന് തൊട്ടടുത്ത വയലിലേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് കൗതുകപൂർവ്വം നോക്കിയിരിക്കും.
"ഉണ്ണ്യേട്ടാ, ഇന്നാള് തേക്കേലെ വേണു ഒരു തോർത്തുമുണ്ട് കൊണ്ടുവന്ന് കൃഷ്ണനും കൂടി പാവം കുഞ്ഞിമീനെ പിടിച്ചു. പാവം അതിന്റെ അമ്മ കരഞ്ഞിട്ടുണ്ടാവും ല്ലേ..?"
"ഉം..."
"പാറൂ. .വാ നമുക്ക് പോവാം. പാറൂനെ അമ്മ അന്വേഷിക്കും."
"അമ്മ ഷാരത്ത് അടിച്ചുവാരാൻ പോയിരിക്ക്യാ. അവടെ തോഴുത്ത് പൊളിച്ചു കെട്ടുണുണ്ട്. ആ ഓലയൊക്കെ അടക്കിവെക്കാനോക്കെ പോയതാ. "
"ഉണ്ണ്യേട്ടൻ ഒരു കാര്യം ചോദിക്കട്ടെ. സത്യം പറയണം.."
"ഉം സമ്മതിച്ചു. "
പാടവരമ്പിലൂടെ നടന്നുകൊണ്ട് ഇടയ്ക്ക് നെൽക്കതിരിൽ എത്തിപ്പിടിച്ചും കുണുങ്ങിയും ഒരു കാലിൽ ഞൊണ്ടിക്കളിച്ചും അവൾ മുന്നേ നടക്കവേ ഞാൻ ചോദിച്ചു;
"പാറൂന് അമ്മേയാണോ അച്ഛനെയാണോ കൂടുതൽ ഇഷ്ടം? "
അവൾ തന്നെ തിരിഞ്ഞു നോക്കാതെതന്നെ പറഞ്ഞു;
"അച്ഛനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. എന്നാലും അമ്മേയാണെന്നേ ഞാൻ പറയൂ."
"അതെന്താ..?"
"ഇല്ലെങ്കിൽ അമ്മയ്ക്ക് വെഷമാവില്ലേ. .. അമ്മയല്ലേ എപ്പഴും നമ്മുടെ കൂടെ ഒള്ളത്... ആ മീനെപ്പോലെ... അല്ലേ ഉണ്ണ്യേട്ടാ. .?"
"ഉം.. അതെ. അമ്മയെ ഉണ്ടാവുള്ളൂ എപ്പഴും."
"പാറൂന് ഉണ്ണ്യേട്ടനെ ഇഷ്ടല്ലേ?"
"അതേല്ലോ.. കൊറേക്കൊറേ ഇഷ്ടാ. "
അതുപറഞ്ഞ് ഒരു പൂത്തുമ്പിയേപ്പോലെ അവൾ മുന്നേ ഓടിപ്പോകും.
നാടിനെക്കുറിച്ച് എല്ലാവരും പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക പാറുവായിരുന്നു.. കൂടെ ഈ പാടവരമ്പും. എന്തുകൊണ്ടോ ഈ ഒരു പാതമാത്രം ഇപ്പോഴും മാറ്റമില്ലാതെ കിടക്കുന്നു. റോഡാക്കുവാൻ പലരും ശ്രമിച്ചതാണത്രേ. പക്ഷേ അങ്ങേയറ്റത്ത് വലിയ കുളമാണ്. വെള്ളത്തിന് ക്ഷാമമുണ്ടാകുന്ന സ്ഥലങ്ങളായതിനാൽ ആ കുളം നികത്താൻ നാട്ടുകാർ സമ്മതിച്ചില്ല.
പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്ന സമയത്ത് സ്ക്കൂൾ വിട്ടുവന്നാൽ പുസ്തകം വീടിന്റെ ഒരുവശത്തേക്കെറിഞ്ഞ് ഒരു തോർത്തുമായി ഞാൻ ആ കുളത്തിലേക്ക് കുളിക്കുവാൻ പോകും. ഞാൻ പോകുന്ന സമയംനോക്കി അപ്പുറത്തെ വീട്ടിൽ പാറു ഇരിപ്പുണ്ടാകും.
"പാറൂ നീ വരണുണ്ടോ?" ഞാൻ ദിപ്പോ പോകുവേ.."
പാറു ഉടനെ രാജി അമ്മായിയോട് പറയും.
"അമ്മേ, ഞാൻ ഉണ്ണ്യേട്ടന്റെ കൂടെ കുളിക്കണോടത്തിക്ക് പോവാട്ടോ"
"പാറൂ... നീ ഇവടിരുന്ന് ആ പുസ്തകം തുറന്നു നോക്കിയേ. ഇപ്പൊ ഒരിത്തിലും പോണ്ട. "
അമ്മായിയുടെ മറുപടി കേൾക്കുമ്പോൾ പാറു കരയുവാൻ തുടങ്ങും.
"അമ്മേ.. ഇനിക്ക് ഉണ്ണ്യേട്ടൻ നീന്തണത് കാണാൻ പോണം.. വേഗം വരും അമ്മേ.."
അവളുടെ കരച്ചിൽ തുടങ്ങുമ്പോൾ അമ്മായി പറയും.
"ഈ പെണ്ണിന്റെ ഒരു കാര്യം. നേരം വെളുത്താ ആ ചെറുക്കന്റെ പിന്നാലെയാ. ഈ നെലയ്ക്ക് പോയാ നീ വലുതാവുമ്പൊ എന്താ കണ്ടിരിക്കണത്... നിന്നെ ഉണ്ണിക്ക് കെട്ടിച്ചുകൊടുക്കേണ്ടി വരൂലോ.."
അമ്മായിയും അമ്മയും ചിരിച്ചുകൊണ്ട് പറയുന്നതുകേട്ട് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ പാറു തന്റെ അരികിലേക്ക് ഓടിയെത്തും.
കുളക്കടവിലേക്കുള്ള യാത്രയിൽ ഞാൻ അവളോട് ചോദിച്ചു;
"പാറൂന് കല്ല്യാണംന്ന് പറഞ്ഞാ എന്താന്നറിയോ?"
കുട്ടിത്തം മാറാത്ത പാറു പറഞ്ഞു;
"അറിയാല്ലോ. ഇന്നാള് അമ്മിണി ചെറ്യമ്മേടെ കല്ല്യാണത്തിന് ഞാനും പോയിരുന്നു അമ്മേടെ കൂടെ."
"എന്നിട്ടോ?"
"ചെറ്യമ്മ പുത്യേ സാരിയൊക്കെ ഉടുത്ത് തലയിൽ വെല്ല്യ മുടിവാറൊക്കെ വെച്ചുകെട്ടി നറച്ച് മുല്ലപ്പൂ ചൂടി, കഴുത്തിലും കൈയ്യിലും സ്വർണ്ണമാലേം വളേമിട്ട് സുന്ദരിയായിരുന്നു. കൊറെ കഴിഞ്ഞപ്പൊ ഒരു വെല്ല്യ മീശയൊള്ള മാമന്റെ കഴുത്തില് പൂമാലയിട്ടു. പിന്നെ ആ മാമനും മാലിട്ടൂ...."
പാറു ചിരിച്ചുകൊണ്ട് തനിക്ക് മുന്നേ ഓടി. പാടത്തിനരികത്തുള്ള കൈതയുടെ അടുത്തെത്തിയപ്പോൾ അവൾ നിന്നു. ആ കൈതയിലേക്ക് നോക്കി അവൾ പറഞ്ഞു.
"ദേ ഉണ്ണ്യേട്ടാ കൈതപ്പൂ നിക്കുണൂ. അതൊന്ന് പൊട്ടിച്ച് തര്വോ?"
അവളുടെ മുഖത്തെ ദയനീയഭാവംകണ്ട് ഞാൻ അത് പൊട്ടിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞാൻ ചോദിച്ചു;
"ഇത്രേ അറിയൂ പാറൂന് കല്ല്യാണംന്ന് പറഞ്ഞാല്? "
താൻ കൈതപ്പൂ പറിക്കുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു;
"പിന്നെ ചെറ്യമ്മ ആ മാമന്റെ കൂടെ പാടത്തുക്കൂടെ നടന്നു അപ്പറത്തിക്ക് പോയി. ചെറ്യമ്മേം കരഞ്ഞു, പിന്നെ ചെറ്യമ്മേടെ അമ്മേം കരഞ്ഞു. "
പൂ പറിച്ചെടുത്ത് മണത്തുകൊണ്ട് ഞാൻ അത് പാറുവിന് കൊടുത്തു. പൂ കിട്ടിയ സന്തോഷത്തിലായിരുന്ന പാറുവിനോട് എന്റെ മനസ്സിൽ ഉയർന്ന കൗതുകത്തോടെ ഞാൻ ചോദിച്ചു;
"പാറൂനെ കല്ല്യാണംകഴിച്ച് ഇതുപോലെ പോവുമ്പോ പാറു കരയോ? "
പൂവിന്റെ ഒരു ദളം പൊട്ടിച്ചെടുത്ത് തനിക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു;
"ഞാൻ എന്തിനാ കരയണത്. ഞാൻ ഉണ്ണ്യേട്ടന്റെ വീട്ടിലേക്കല്ലെ പോവണത്. എന്റെ വീടിന്റെ അപ്പറത്തല്ലേ ഉണ്ണ്യേട്ടന്റെ വീട്. പിന്നെ എന്റെ അമ്മയെ എനിക്ക് എന്നും കാണാലോ.. ചെറ്യമ്മ ദൂരേക്ക് പോണോണ്ടല്ലേ കരഞ്ഞത്.."
മനസ്സിൽ തളിരിട്ട മോഹം ഒരു പുഞ്ചിരിയിലൊതുക്കി ഞാൻ വീണ്ടും ചോദിച്ചു;
"അപ്പൊ പാറൂന് ഉണ്ണ്യേട്ടനെ അത്രയ്ക്ക് ഇഷ്ടാല്ലേ...?"
ചിരിച്ചുകൊണ്ട് മുന്നോട്ട് ഓടിയതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല.
"ആ ഉണ്ണിയല്ലേ... എന്നാ വന്നത്?"
എതിരെ വന്നിരുന്നയാളിനെ കാണാതിരിക്കാൻമാത്രം ഞാൻ പിറകിലോട്ട് പോയിരുന്നു. ഞാൻ അയാളെ നോക്കി. പപ്പടം ഉണ്ടാക്കുന്ന രാമുവേട്ടനാണ്. കുറച്ചു വർഷങ്ങൾക്ക് ശേഷം കാണുന്നതാണ്.
"ഞാൻ വന്നിട്ട് ഒരാഴ്ചയായി. രാമുവേട്ടൻ എങ്ങോട്ടാ?"
"ഞാൻ ആ കവലവരെ പോവാ. കൊറച്ചു കഷായത്തിനൊള്ള മരുന്ന് വാങ്ങണം. വയസ്സായില്ലേ... വയ്യാണ്ടായി ഇരുന്നിരുന്ന്."
ക്ഷീണിതനായ രാമുവേട്ടനെ കണ്ടപ്പോൾ പ്രയാസംതോന്നി. പാവം, പണ്ട് വീടിന്റെ അടുത്തുകൂടി പോകുമ്പോൾ കടയിൽനിന്ന് തിരികെ കൊണ്ടുവരുന്ന പപ്പടത്തിൽനിന്ന് കുറച്ച് തന്നെ വിളിച്ച് തരുമായിരുന്നു. ഞാൻ പോക്കറ്റിൽനിന്നും നൂറുരൂപയെടുത്ത് രാമുവേട്ടന്റെ കൈയ്യിൽ വെച്ചു.
"ഇത് രാമുവേട്ടന് മരുന്ന് വാങ്ങണതിലേക്ക് വെച്ചോളൂ. "
സന്തോഷത്തോടെ തന്നെനോക്കി രാമുവേട്ടൻ പറഞ്ഞു;
"നീ നല്ലവനാ.. നിനക്ക് നല്ലതേ വരൂ.. "
രാമുവേട്ടൻ പോകുന്നത് നോക്കി അല്പസമയം ഞാൻ അവിടെനിന്നു.
വീണ്ടും ചിന്തകൾ പുറകിലേക്ക് ആനയിക്കപ്പെട്ടു.
സ്ക്കൂൾ പഠനം കഴിഞ്ഞതോടെ ഞാൻ തോറ്റുപോയി. ഇനി പഠിക്കേണ്ട ഏതെങ്കിലും വർക്ക്ഷോപ്പിൽ പണിപഠിക്കാൻ പോകുവാൻ അമ്മ നിർബന്ധിച്ചു. അന്ന് പത്തിൽ തോറ്റാൽ ആൺകുട്ടികൾ വർക്ക്ഷോപ്പിലും പെൺകുട്ടികൾ തയ്യൽ പരിശീലനത്തിനും പോവുക പതിവായിരുന്നു. ഞാനും എന്റെ വഴി തെരഞ്ഞെടുത്തു.
പാറു അപ്പോൾ എട്ടാം ക്ലാസ്സിൽ ആയിരുന്നു. അതും കോൺവെന്റിൽ. പഠിക്കുവാനും മിടുക്കിയായിരുന്നു. പച്ചയും വെള്ളയും യൂണിഫോമിട്ട് തലയിൽ രണ്ടുവശത്തായി മെടഞ്ഞിട്ട മുടിയിൽ വെളുത്ത റിബൺകൊണ്ട് കെട്ടിയിരിക്കും. കുതിരവാലെന്നുപറഞ്ഞ് ഞാൻ മിക്കപ്പോഴും അവളെ കളിയാക്കുമായിരുന്നു. ഞാൻ രാവിലെ വർക്ക്ഷോപ്പിൽ പോകുന്നതോടൊപ്പം എന്റെ സൈക്കിളിൽ പാറുവും ഉണ്ടാകും.
പക്ഷേ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ പാറു പാസ്സായി ടൗണിലെ കോളേജിൽ പഠനം തുടങ്ങിയതോടെ ആ പതിവ് നിർത്തി.
"ഉണ്ണ്യേ. .മോന് ഒന്നും തോന്നരുത്. അവളിപ്പൊ വെല്ല്യ പെണ്ണായില്ലേ. ഇനി നിന്റെ പുറകെ ഇങ്ങനെ പോയാൽ ആളുകൾ വല്ലതും പറയും. നിന്നെ അമ്മായിക്ക് അറിയാം. പക്ഷേ, ആൾക്കാരടെ നാവടയ്ക്കാൻ കഴിയില്ലല്ലോ."
അമ്മായി പറഞ്ഞത് ശരിയാണെന്ന് അമ്മയും പറഞ്ഞതോടെ ആ പതിവ് നിർത്തി. പക്ഷേ വീട്ടിൽ വന്നാൽ പാറു പഴയ പാറുവായിരുന്നു.
ഒരു ദിവസം ഞാൻ അവളോട് പറഞ്ഞു;
"പാറു ഇപ്പോൾ വല്ല്യ പെണ്ണായി ട്ടോ. കാണാനും നല്ല ചേലുണ്ട്. കോളേജിൽ ആൺകുട്ടികൾ പിന്നാലെ വരണുണ്ടാവും ല്ലേ..?"
വെളുത്തു തുടുത്ത കവിളുകൾ പെട്ടെന്ന് ചുവന്നു. കണ്ണുകളിൽ ദേഷ്യഭാവത്തോടെ അവൾ എഴുന്നേറ്റു പോയി. അങ്ങനെ പറയരുതായിരുന്നു എന്ന് തോന്നി. എങ്കിലും താൻ അത് ചോദിച്ചപ്പോൾ അവൾ എന്തേ ഒന്നും പറയാതിരുന്നത് എന്ന് നേരിയ ഒരു ശങ്കയും മനസ്സിൽ ഉയർന്നു. ഏയ് ഒന്നും ഉണ്ടാവില്ല. മനസ്സിനെ സ്വയം ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ ഭാവികാലത്തിലേക്ക് പറന്നു. പക്ഷേ, പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഒരു ദിവസം അമ്മായി വീട്ടിൽ വന്ന് അമ്മയോട് പറഞ്ഞു;
"ഞാൻ ഇപ്പൊ എന്താ ചെയ്യ. ഒള്ളത് പറയാല്ലോ , കച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് എറക്കനാനും വയ്യാത്ത അവസ്ഥയായി."
കാര്യമെന്തെന്നറിയാതെ അമ്മ ചോദിച്ചു;
"എന്തേ ചേച്ചി? എന്താപ്പൊ ഇണ്ടായേ?"
"അതല്ലെടീ..പാറൂന്റെ കാര്യാ. "
"പാറൂന് എന്താ പറ്റ്യേ..?"
"അവക്ക് ഒന്നും പറ്റീല്ല്യ. ഒള്ളത് പറയാല്ലോ. അവളുടെ കോളേജിൽ പഠിപ്പിക്കണ സാറിന് അവളോട് ഒരിഷ്ടം. മൂന്നാനെ പറഞ്ഞുവിട്ടിരുന്നു. പെണ്ണ് ചോദിക്കാൻ. സ്വത്തും മൊതലുമൊന്നും വേണ്ട പെണ്ണിനെ മതീന്ന്."
അമ്മ അകത്തേക്ക് നോക്കി. ഞാനും അത് കേട്ടുവോ എന്നാണ് ആ നോട്ടത്തിന്റ അർത്ഥം.
"എന്നിട്ട് ചേച്ചി എന്ത് പറഞ്ഞു? "
"ഞാൻ ഒറപ്പൊന്നും പറഞ്ഞില്ല. കേട്ടപ്പൊ നല്ല കാര്യാന്ന് തോന്നി. അതുതന്നെയല്ല, പാറൂന്റെ ജാതകത്തിൽ മംഗല്യയോഗം 18 വയസ്സിന് മുമ്പാ. ഇല്ലെങ്കിൽ പിന്നെ 30 കഴിഞ്ഞ്. "
ഒന്നും നിർത്തി തന്നെനോക്കി അമ്മായി പറഞ്ഞു;
"മോന്റെ കാര്യം അമ്മായി മറന്നിട്ടില്ല. പക്ഷേ നിനക്ക് ഇതുവരെ ശമ്പളൊന്നും ശരിക്ക് ആയിട്ടില്ലല്ലോ.. അപ്പോപ്പിന്നെ..."
അമ്മ എന്റെ മുഖത്തേക്ക് നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല. അല്പസമയത്തെ മൗനത്തെ ഭേദിച്ചുകൊണ്ട് അമ്മായി പറഞ്ഞു;
"മോൻ മറുപടി പറയണം. അവളുടെ ഭാവിയല്ലേ.. നല്ലൊരു നെലേല് മക്കള് ജീവിക്കണ കാണാൻ എല്ലാ അമ്മമാരും ആശിക്കൂലെ.. അങ്ങനെ കരുതിയാമതി.. മോന് വെഷമം തോന്നരുത്. "
"പാറു.."
"അവളോട് ഞാൻ പറയാം. മാഷായതോണ്ട് അവൾക്ക് വെല്യ ഇഷ്ടക്കൊറവൊന്നും ഉണ്ടാവില്ല. "
പക്ഷേ, പിറ്റേന്ന് അമ്പലത്തിൽ പോകുംവഴി പാറുവിനെ കണ്ടപ്പോൾ അവൾ പറഞ്ഞു;
"ഞാൻ ഉണ്ണ്യേട്ടന്റെ വീട്ടിലേക്ക് ഇറങ്ങിവരട്ടെ? ഉണ്ണ്യേട്ടന് ധൈര്യമുണ്ടെങ്കിൽ ഇറങ്ങിവരാൻ ഞാൻ തയ്യാറാണ്."
അവളുടെ ആ വാക്കുകളിൽതന്നെ ഉണ്ടായിരുന്നു തന്നോടുള്ള സ്നേഹം. അതുകൊണ്ടുതന്നെ ഞാൻ പറഞ്ഞു;
"വേണ്ട പാറു. അങ്ങനെ വന്നാൽ നമ്മുടെ ജീവിതം ഒരു സിനിമാക്കഥപോലെയാവും. നിന്റെ അമ്മ പറഞ്ഞത് ശരിയാണ്. എനിക്കാണെങ്കിൽ ഇതുവരെ നല്ല വരുമാനമുള്ള ജോലിയില്ല. പിന്നെ എനിക്കായി മുപ്പതുവയസ്സുവരെ നീ നിന്റെ ജീവിതം പാഴാക്കേണ്ടെ? അതുവേണ്ട. ചിലപ്പോൾ നിനക്ക് വിധിച്ചത് ഞാനായിരിക്കില്ല."
സങ്കടത്തോടെ അവൾ ചോദിച്ചു;
"അപ്പോ ഉണ്ണ്യേട്ടന് ഒരു വിഷമവുമില്ലേ. ഇതുവരെ പറഞ്ഞതൊക്കെ?"
"ഇല്ലാതല്ല പാറൂ.. ജീവിതം പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ കരുതുന്നതുപോലെ ആയിരിക്കില്ല."
ശരിയാണ്, വർഷം പതിമൂന്ന് കഴിഞ്ഞു. ഒന്നും ആരും കരുതിയതുപോലെ ആയിരുന്നില്ല. കൊതിച്ചതായിരുന്നില്ല വിധിച്ചത്.
കഴിഞ്ഞ വർഷക്കാലത്തായിരുന്നു. അമ്പലത്തിൽനിന്ന് സന്ധ്യക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നവഴിയിൽ പാറുവെന്റെ ഭർത്താവ് ഭുവനൻമാഷിന് ഏതോ പാമ്പുകടിയേറ്റു. ആരൊക്കെയോ ചേർന്ന് വിഷവൈദ്യന്റെ അടുത്ത് എത്തിച്ചുവെങ്കിലും അതിനുമുൻപേ മരണം സംഭവിച്ചിരുന്നു.
പത്തു വയസ്സുള്ള ഒരു പെൺകുട്ടിയെ പാറുവിന് സമ്മാനിച്ച് മാഷ് യാത്രപറഞ്ഞു. വിവരം അറിഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നി. പക്ഷേ വിസ പുതുക്കേണ്ട സമയമായതിനാൽ ഖത്തറിൽനിന്നും നാട്ടിലേക്ക് വരാനായില്ല. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.
അഞ്ചുവർഷം മുമ്പാണ് ഞങ്ങൾ വീടുമാറിപ്പോയത്. ടൗണിലാവുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ. അമ്മ വീട്ടിൽ തനിച്ചാണെന്നതായിരുന്നു ഏറ്റവും വലിയ വിഷമം. ഈ വരവും അമ്മയുടെ നിർബന്ധമാണ്.
ഈ യാത്ര പാറുവിനെ കാണാനാണ്. പാറുവിനെ കാണുമ്പോൾ എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. പക്ഷേ, മനസ്സ് എന്തൊക്കെയോ ഓർമ്മപ്പെടുത്തുന്നു. മുപ്പതുവയസ്സിൽ വിധവയുടെ വേഷം.... എന്റെ പാറുവിനെ അങ്ങനെ കാണാൻ എനിക്ക് വയ്യ. നാട്ടിൽ വന്ന അന്നുതന്നെ അമ്മ പറഞ്ഞതാണ്;
"നീ നാളെത്തന്നെ ആ പെണ്ണിനെ ഒന്നുപോയി കാണണം. എന്നെ കാണുമ്പോഴൊക്കെ നിന്നെ തിരക്കാറുണ്ട്. ഇത്രയും നല്ല ഒരു പെങ്കൊച്ചിന് ഈ ഗതി വന്നല്ലോന്ന് ഓർക്കുമ്പോഴാ... ഒരു തുള്ളി ചോരയില്ല അതിന്റെ മുഖത്ത്. അമ്മെടെ മോൻ ഒരു കാര്യം ചെയ്യ്. മോന്റെ മനസ്സ് അമ്മയ്ക്കറിയാം. ആൾക്കാര് എന്തെങ്കിലും പറയട്ടെ... മോൻ പോയി അതിനെ ഇങ്ങ്ട് കൂട്ടിക്കൊണ്ടുവാ... എന്റെ മോന് പുണ്യം കിട്ടും."
അമ്മയാണ് ശരി. ഈ ലോകത്ത് അമ്മ മാത്രമാണ് ശരി.
ഞാൻ പാറുവിന്റെ വീട്ടിലേക്കുള്ള പടികടന്ന് നേരെ നടന്നു. വീടിന്റെ ഉമ്മറത്തുതന്നെ പാറുവും അവളുടെ മകളും ഇരിപ്പുണ്ടായിരുന്നു. ആരോ പടി കടന്നെത്തുന്ന പദനിസ്വനം കേട്ട് പാറുവിന്റെ മകൾ അമ്മയോട് പറഞ്ഞു;
"അമ്മേ ദേ ഉണ്ണിമാമ... "
അവൾ ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ചു. ഇരുകൈകൾകൊണ്ട് അവളെ കോരിയെടുത്ത് ആ കവിളിൽ ഉമ്മനൽകിയപ്പോൾ പതിവില്ലാത്തവിധം പറഞ്ഞറിയിക്കാനാവാത്ത ഏതോ ഒരു ആത്മബന്ധം ആ കുരുന്നിനോട് തോന്നി.
***മണികണ്ഠൻ അണക്കത്തിൽ***

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot